Saturday, August 20, 2011

സ്ത്രീജന്മവും ഒരു പാതിരാപ്പൂവും

 “എടീ...”
അവന്‍ വിളിച്ചു.
അവള്‍ മെല്ലെ മുഖമുയര്‍ത്തി.
അവന്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു.
അവന്റെ നോട്ടം നേരിടാനാവാതെ അവള്‍ വീണ്ടും മുഖം കുനിച്ചു.
"നെന്നെ ഞാന്‍ കല്ലിയാണം കഴിക്കട്ടെ..?  അവന്റെ ശബ്ദം വളരെ നേര്‍ത്തിരുന്നു.
“ഓ പിന്നെ എന്നിട്ട് സ്രീജെമ്മത്തിലെപ്പോലെ എന്നും വഴക്കുകൂടാന്‍.....“
അവള്‍ മുഖം കോട്ടി ഒരു ഗോഷ്ടി കാണിച്ചു.
അവന്‍ തോറ്റുകൊടുക്കാനുള്ള ഭാവമില്ല.
“അല്ലേ വേണ്ട നമ്മക്ക് എറങ്ങിപ്പാം എങ്ങോട്ടേലും. പാതിരാപ്പൂവിലെ നന്തന്‍ അശ്ശുതിയേംകൊണ്ട് പോത്തില്ലേ...? അദ് പോലെ....”

*      *      *      *      *      *      *       *
"രണ്ട് ബീയിലെ കുട്ടികളെല്ലാം വരിവരിയായി ചെന്ന് വണ്ടിയില്‍ കേറണം." മൈക്കിലൂടെ ഫിലോമിന ടീച്ചറുടെ ശബ്ദം മുഴങ്ങി

“എടീ നമ്മടെ ക്ലാസ്സുകാരെയെല്ലാം വിളിച്ചു. വെക്കം വാ അല്ലേല്‍ ഫിലോ മിസ്  അടിയ്ക്കും.”

അവനും അവളും ബാഗ് എടുത്തുകൊണ്ട് ബസ്സിന്റെ നേര്‍ക്ക് ഓടി

Saturday, August 6, 2011

കറമ്പായനം

ഈ പോസ്റ്റ് ഒരു പട്ടിയെപ്പറ്റിയാണ്. അല്‍സേഷനോ ഡോബര്‍മാനോ ഡാഷ്ഹണ്ടോ പോമറേനിയനോ ഒന്നുമല്ല. വെറുമൊരു നാടന്‍പട്ടി.  അവനെപ്പറ്റിയാണ് ഇത്. വായിച്ചുകഴിഞ്ഞ്  “ഒരു കില്ലപ്പട്ടിയെപ്പറ്റി എഴുതി ഞങ്ങളുടെ സമയം കളഞ്ഞു” എന്ന് പറയാന്‍ തോന്നിയാല്‍...മുന്‍കൂര്‍ ജാമ്യം
-------------------------------------------------------------------------------------------------------------



തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്.  കുഞ്ഞു മുഖത്തിനു ചേരാത്ത വിധത്തില്‍ വലിപ്പമുള്ള കണ്ണുകള്‍. അവ കൌതുകത്തോടെ എന്നെ നോക്കി. ഒരു ഇഞ്ച് പോലും നീളമില്ലാത്ത വാല്‍ തെരുതെരെ ആട്ടിക്കൊണ്ട് അവന്‍ എന്നെ നോക്കിക്കൊണ്ടേയിരുന്നു. എന്തൊരോമനത്തം! ഞാനവനെ എന്റെ കൈകളിലെടുത്തു. ചിരിക്കുന്ന മുഖത്തോടെ അവന്‍ എന്റെ കൈകളിലിരുന്ന് വാലാട്ടിക്കൊണ്ടിരുന്നു. ഞാന്‍ അവനെ എന്റെ മുഖത്തോടടുപ്പിച്ചു. നായ്ക്കുട്ടിയുടെ പാല്‍മണം ഞാന്‍ ആസ്വദിച്ചു.
                       തിളക്കമുള്ള കറുപ്പുവര്‍ണ്ണം മാത്രം ചാലിച്ച ആ കുറുമ്പനു ഒരു പേരിടാന്‍ എനിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. കറമ്പന്‍, ഞാനവനെ വിളിച്ചു. അങ്ങിനെ അവന്റെ പേര്‍ കറമ്പന്‍ എന്നായി. അതിനും മുന്‍പുണ്ടായിരുന്നത് ജിമ്മിയെന്ന ഗൌരവക്കാരന്‍ നായ് ആയിരുന്നു. അവന്‍ വയസ്സായി മരിച്ചതില്‍ പിന്നെ കുറെ നാള്‍ വീട് ബൌ ബൌ ഇല്ലാതെ നിശ്ശബ്ദമായിപ്പോയി. വീടായാല്‍ ഒരു പട്ടി വേണം എന്ന് പറഞ്ഞ്  കുഞ്ഞൂഞ്ഞ് കൊണ്ടുത്തന്നതാണവനെ. പൊതുവെ നായ്ക്കളോട് ഒരു പ്രത്യേകമമതയുള്ള ഞാന്‍ ഈ കുഞ്ഞിക്കണ്ണനുമായിട്ട് പ്രഥമദര്‍ശനത്തില്‍ തന്നെ പപ്പി ലവ് ആയി. ചെറിയ ഒരു ബാസ്കറ്റില്‍ തുണിമെത്തയൊക്കെ ഉണ്ടാക്കി അവനെ അതില്‍ വച്ച് ഞാന്‍ ഉറങ്ങാന്‍ പോയി.
                      പാതിരാത്രിയോടടുത്തപ്പോള്‍ ഒരു ചെറിയ കരച്ചില്‍ കേട്ട്  ഞാന്‍ ഞെട്ടിയുണര്‍ന്നു. കുഞ്ഞുകുട്ടികള്‍ “അമ്മേ” എന്ന് വിളിച്ച് കരയുന്നപോലെ ഒരു കരച്ചില്‍. ഞാന്‍ എഴുന്നേറ്റ്  വരാന്തയിലെ ലൈറ്റിട്ടു. കറമ്പന്റെ ബാസ്കറ്റ് മെല്ലെയിളകുന്നു. കരച്ചില്‍ അതിനുള്ളില്‍ നിന്നാണ് കേള്‍ക്കുന്നത്. എന്റെ കാലൊച്ച കേട്ട് ഒരു കുഞ്ഞിത്തല ബാസ്കറ്റില്‍ നിന്ന് പൊങ്ങിവന്നു. പേടിച്ചരണ്ട കുഞ്ഞിക്കണ്ണുകള്‍ “എന്റെയമ്മയെവിടേ” യെന്നെന്നോട് ചോദിച്ചു. പാവം കണ്ണുതുറന്നിട്ട് ഒരാഴ്ച്ച പോലുമായിക്കാണുകയില്ല. അമ്മമാറില്‍ നിന്ന് പിടിച്ചുപറിച്ചുകൊണ്ടുവന്ന ഒരു കുഞ്ഞ്. അതിന്റെ ദൈന്യതയൊക്കെ ആ കണ്ണുകളില്‍ എഴുതിവച്ചിരിക്കുന്നു. എനിക്ക് വല്ലാതെ അലിവ് തോന്നി.
                       പാതിരാവിന്റെ ഏകാന്തനിശ്ശബ്ദതയില്‍ ഞാന്‍ കറമ്പനെയും മടിയില്‍ വച്ച് തലോടിക്കൊണ്ടിരുന്നു. അവന്റെ തേ(മോ)ങ്ങല്‍ മെല്ലെയടങ്ങി. തിരിയെ ബാസ്കറ്റില്‍ കിടത്തിയിട്ടെഴുന്നേറ്റ ഉടനെ ഉച്ചസ്ഥായിയിലായ കരച്ചില്‍ എന്നെ വീണ്ടും ആ തണുത്ത രാത്രിയില്‍ ഒരു പപ്പിസിറ്റര്‍ ആക്കി മാറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. നേരം പുലരുന്നത് വരെ ഞങ്ങള്‍ ആ ഇരുപ്പ് തുടര്‍ന്നു. അത് ഒരു സ്നേഹബന്ധത്തിന്റെയും തുടക്കമായിരുന്നു.
                       വീട്ടിലെല്ലാവരുടെയും പ്രിയപ്പെട്ടവനായി കറമ്പന്‍ വളര്‍ന്നു. ഒരു കൂട്ടുകുടുംബം പോലെയായിരുന്നു ആ വീട്. ആറേഴ് കുട്ടികളും അതിനുവേണ്ടുന്ന മാതാപിതാക്കളുമൊക്കെയുള്ള ഒരു സന്തോഷകുടുംബം. ധനശേഷിയില്ലായിരുന്നെങ്കിലും സ്നേഹത്താല്‍ സമ്പന്നമായിരുന്നു അത്.  അങ്ങിനെയിരിക്കെ ദീപാവലി വന്നു. ആദ്യത്തെ പടക്കം വീണ് പൊട്ടുന്നത് വരാന്തയില്‍ കിടന്ന് മയങ്ങുന്ന കറമ്പന്റെ മുമ്പിലായിരുന്നു. പടക്കം പൊട്ടുന്ന ഒച്ചയില്‍ കറമ്പന്‍ ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരക്കം പായുമ്പോള്‍ കുട്ടികളെല്ലാവരും പടക്കങ്ങളും കമ്പിത്തിരികളും മത്താപ്പുമൊക്കെയായി ആഘോഷിച്ച് തിമിര്‍ക്കുകയാണ്. കറമ്പന്റെ ഭയവും വെപ്രാളവും കാണുവാനായി കുട്ടികള്‍ മനഃപൂര്‍വം പടക്കം കത്തിച്ച് അവന്റെ മുമ്പിലേയ്ക്കിടും. എന്നാല്‍ അത്  അവന്റെ സ്വഭാവത്തെ ആകെ മാറ്റി. പിന്നെയെന്തെങ്കിലും ഒച്ച കേട്ടാല്‍ അവന്‍ ഞെട്ടിവിറച്ച് ചൂളി എവിടെയെങ്കിലും പതുങ്ങിക്കിടക്കും. ഉറക്കെയൊന്ന് കയ്യടിച്ചാല്‍ പോലും അവന്‍ ഭയന്ന് പോകും. മഴക്കാലത്ത് ഇടിയൊക്കെ വെട്ടുമ്പോള്‍ അവന്‍ ഓടി ഏതെങ്കിലും അയല്പക്കത്ത് പോയി ഒളിക്കും. ഈ സ്വഭാവം അറിയാവുന്നതുകൊണ്ട് അയല്‍ക്കാരൊന്നും അതില്‍ ഒരു വിഷമവും പറഞ്ഞതുമില്ല. അല്ലെങ്കിലും നാട്ടിന്‍പുറത്ത് അങ്ങിനെയുള്ള നന്മകളൊക്കെ ഇപ്പോഴുമുണ്ട്.
                    എപ്പോള്‍ വെളിയില്‍ പോയിട്ട് വന്നാലും എന്റെ കയ്യില്‍ അവനുള്ള മിഠായിയോ പലഹാരമോ കാണാതിരിക്കയില്ല. അതുകൊണ്ടുതന്നെ ഞാന്‍ എവിടെയെങ്കിലും പോയാല്‍ കുട്ടികള്‍ കാത്തിരിക്കുന്നതുപോലെ കാത്തിരിക്കാനും എന്റെ കാലൊച്ച കേള്‍ക്കയില്‍ ഓടിയെത്തി സ്വീകരിക്കാനും ഒക്കെ അവന്‍ ശീലിച്ചു. (നായ്ക്കള്‍ക്ക് സന്തോഷം വരുമ്പോള്‍ അവ ഓടുന്നത് പ്രത്യേക രീതിയിലാണ്. മുന്‍ കാലുകള്‍ രണ്ടും ഒരേ താളത്തിലാണ് അപ്പോള്‍ ചലിക്കുക. അല്ലെങ്കില്‍ ഒന്ന് ഉയരുമ്പോള്‍ അടുത്ത കാല്‍ തറയിലായിരിക്കും.)  ഈ സ്നേഹം കണ്ടിട്ട് അസൂയപ്പെട്ടവര്‍ പോലുമുണ്ട്. ഒരിക്കല്‍ ഞാന്‍ വീടിന്റെ താഴെ റബര്‍ തോട്ടത്തില്‍ കൂടെ നടക്കുമ്പോള്‍ എന്റെ ജ്യേഷ്ഠന്റെ മകള്‍ ചിന്നു അരികില്‍ കിടന്ന കറമ്പനോട് പറഞ്ഞു “ദാണ്ട്ടാ കര്‍മ്പാ നിന്റെ അച്ഛന്‍ വരണു” അവള്‍ക്കന്ന് മൂന്ന് വയസ് ആണ്. അവളുടെ അച്ഛന്‍ വരുമ്പോളൊക്കെ അവള്‍ക്ക് മിഠായി കിട്ടും. അതുകൊണ്ട് മിഠായി കൊടുക്കുന്നയാള്‍ അച്ഛനെന്ന് അവള്‍ കുഞ്ഞുമനസ്സില്‍ ചിന്തിച്ചുകാണും. ഈ കാര്യം ഇന്നും പറഞ്ഞ് ചിരിക്കാറുണ്ട് ഞങ്ങള്‍.
                     ആ കാലത്താണ് ഞാന്‍ സിംഗപ്പൂരില്‍ ജോലിയായി പോകുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ് അവധിക്ക് വരുമ്പോള്‍ കറമ്പന്‍ ഒരു യുവാവായിക്കഴിഞ്ഞിരുന്നു. ദൂരെനിന്ന് കണ്ടപ്പോള്‍ ഒന്ന് കുരച്ചു. ആ കിളുന്തുശബ്ദമൊക്കെ മാറി, നല്ല ലക്ഷണമൊത്ത കുര. അടുത്ത നിമിഷം അവന് എന്നെ മനസ്സിലായി, പിന്നെയൊരു പാച്ചിലായിരുന്നു. കാലുകള്‍ നിലത്ത് തല്ലിത്തല്ലിപ്പാഞ്ഞുവന്ന് എന്റെ ദേഹത്തേയ്ക്ക് ചാടിക്കയറി...എന്തൊക്കെയോ അവന്റെ ഭാഷയില്‍ പറഞ്ഞും ചിരിച്ചും പരിഭവിച്ചും ഒരു ബഹളം തന്നെ. രണ്ടുമാസം പെട്ടെന്ന് കടന്നുപോയി. ഇതിനിടയില്‍ കറമ്പനെ വാസക്ടമി ചെയ്തു കുഞ്ഞൂഞ്ഞ്. കാരണം പുരയിടത്തിന്റെ കോണുകളില്‍ നിന്നൊക്കെ ശ്വാനസുന്ദരികള്‍ മെല്ലെ ചൂളമടിച്ചും കണ്ണുകാട്ടിയും അവനെ മയക്കാന്‍ ശ്രമിച്ചുതുടങ്ങിയിരുന്നു. ഞങ്ങളുടെ ഇലയ്ക്കാട് ഗ്രാമവും അയല്‍ഗ്രാമങ്ങളുമൊക്കെ കറമ്പന്റെ ശ്രുതിയെത്തിക്കാണും. എവിടെനിന്നെല്ലാമാണ് ശ്വാനയുവതികളുടെ വരവ്!! എത്രയെത്ര സുന്ദരിമാര്‍!!! പല വര്‍ണ്ണത്തിലും ചന്തത്തിലും!!!! (എന്റെ അവധി ഒരോണക്കാലത്തായിരുന്നു. ചിങ്ങം, കന്നി, തുലാം....) അവന്റെ ചാരിത്രം സംരക്ഷിക്കാന്‍ വേണ്ടി ആ കടുംകൈ ചെയ്യേണ്ടിവന്നു. അതുവരെ സന്തോഷ് മാധവനായും നിത്യാനന്ദനായുമൊക്കെ ഭാവം കാണിച്ചിരുന്ന അവന്‍ പിന്നെ കടുക്കാകഷായം കുടിച്ച സാധു ആയിമാറി.

(എനിക്കൊരു നിര്‍ദ്ദേശം സര്‍ക്കാരിലേയ്ക്ക് വയ്ക്കുവാനുണ്ട്. ഈ വലിയ പീഡനവീരന്മാരെയൊക്കെ പിടിച്ച് കുഞ്ഞൂഞ്ഞിന്റെ കയ്യിലേല്പിക്കുക. ഓരോരുത്തരെയും അരമണിക്കൂര്‍ കൊണ്ട് നിരായുധരാക്കിത്തരും. ആയുധം കയ്യിലില്ലാത്തോന്‍ അടരാടുന്നതെങ്ങിനെ എന്ന് കവിതയും ചൊല്ലി അവര്‍ ആനന്ദന്മാരായിക്കോളും)
                      അടുത്ത വെക്കേഷനില്‍ ആയിരുന്നു എന്റെ വിവാഹം. അതിനുമുമ്പ് തന്നെ അവന്‍ അനുവിനെ കണ്ടിട്ടുണ്ട്. മാത്രമല്ല ഞങ്ങള്‍ മുടിഞ്ഞ പ്രേമത്തിലാണ് ഞാന്‍ അവളെയേ കെട്ടൂ എന്നൊക്കെ അവനോട് മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതുമാണല്ലോ. അതുകൊണ്ട് അവന്‍ സസന്തോഷം അനുവിനെ സ്വാഗതം ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഗ്രാമത്തിലെ അമ്പലത്തില്‍ ഉത്സവം. സിംഗപ്പൂരില്‍ നിന്ന് കൊണ്ടുവന്ന നല്ല വിലയുള്ള മനോഹരമായ സാരിയുടുത്ത് ഉത്സവത്തിനു പോകാം എന്ന് ഞാന്‍ പറഞ്ഞു. എന്തോ അവള്‍ അന്ന് വേറൊരു സാരിയാണുടുത്തത്. ഞാന്‍ പിന്നെയൊന്നും പറഞ്ഞതുമില്ല. ഉത്സവം കൂടി പുലര്‍ച്ചെ തിരിയെ വന്നപ്പോള്‍ കണ്ട കാഴ്ച്ച!! ആ മനോഹരമായ സാരി പിഞ്ചിക്കീറി വലപ്പരുവമായി മുറ്റത്ത് കിടക്കുന്നു. കറമ്പന്റെ പ്രതികാരം. ആ സാരിയുടുക്കാന്‍ ഞാന്‍ അനുവിനെ നിര്‍ബന്ധിക്കുമ്പോള്‍ അവന്‍ അരികില്‍ ഇതെല്ലാം കേട്ടുകൊണ്ട് കിടക്കുന്നുണ്ടായിരുന്നു. അന്നുവരെയോ അതുകഴിഞ്ഞോ അവന്‍ ഒരു കീറത്തുണി പോലും അങ്ങിനെ നശിപ്പിച്ചിട്ടേയില്ല. അങ്ങിനെ കറമ്പനും അനുവും ശത്രുക്കളായിമാറി.
                     എന്നാല്‍ ശത്രുത അധികദിവസം നീണ്ടില്ല. അതുകൂടി വിവരിച്ച് ഞാന്‍ ഈ കുറിപ്പ് നിര്‍ത്താം. ഗ്രാമ അതിരിലൂടെ ഒരു തോട്  ഒഴുകുന്നുണ്ട്. മഴക്കാലത്ത് സുലഭമായും വേനല്‍ക്കാലത്ത് അത്യാവശ്യത്തിനും വെള്ളമുള്ള ആ തോട്ടിലാണ് ഭൂരിഭാഗം ഗ്രാമവാസികളുടെയും നീരാട്ടും തുണിയലക്കലുമൊക്കെ. ഓരോ കടവിലും അര്‍ധനഗ്നകളും മുക്കാല്‍ നഗ്നകളുമൊക്കെയായി കുളിക്കുന്ന ഗ്രാമീണപ്പെണ്‍കൊടികളും അതൊക്കെ പതിവുകാഴ്ച്ചയായതിനാല്‍ ശ്രദ്ധിക്കാതെ ഓരത്തുകൂടെ സഞ്ചരിച്ചിരുന്ന ചെറുപ്പക്കാരും ഒക്കെ നാട്ടിന്‍പുറനന്മകളായിരുന്നു. എന്റെ വീട്ടില്‍ നിന്ന് ഒരു ഫര്‍ലോംഗ് നടന്നാലെ ഈ തോട്ടിലെത്തൂ. ചെറിയ കുറ്റിക്കാടുകളൊക്കെയുള്ള ഒരു തെങ്ങിന്‍ തോപ്പിലൂടെ വേണം അവിടെയെത്താന്‍. വീട്ടില്‍ നിന്നാര് കുളിക്കാന്‍ പോയാലും കറമ്പന്‍ ഒരു പൈലറ്റ് ജീപ്പോടിച്ചുകൊണ്ട് പോകും. അവര്‍ കുളിച്ചുതീരുന്നതുവരെ തോട്ടുവക്കത്ത് കിടപ്പ്. അവര്‍ മടങ്ങുമ്പോള്‍ പൈലറ്റ് തിരിയെ വീട്ടിലേയ്ക്ക്.
                     അന്ന്  അനു തോട്ടിലേയ്ക്ക് ഒരു ബക്കറ്റില്‍ തുണിയുമൊക്കെയായി പോവുകയാണ്. കറമ്പന്‍ പൈലറ്റ് മുമ്പില്‍. പെട്ടെന്ന് ബ്രേക്കിട്ടതുപോലെ കറമ്പന്‍ നിന്നു. മുമ്പോട്ട് നടക്കുന്ന അനുവിന്റെ മുമ്പില്‍ അവന്‍ മാറാതെ നിന്നു. അവനെ തള്ളിമാറ്റി വീണ്ടും മുമ്പോട്ട് പോയ അവളുടെ നൈറ്റിയില്‍ അവന്‍ കടിച്ച് വലിക്കുകയാണ്. അത് കീറിയിട്ടും അവന്‍ ആ കടി വിട്ടില്ല. അപ്പോള്‍ ആണ് അനു ആ കാഴ്ച്ച കണ്ടത്. തൊട്ടുമുമ്പിലുള്ള ചെറിയ കുറ്റിക്കാട്ടില്‍ ഫണം വിടര്‍ത്തിനില്‍ക്കുന്ന ഒരു മൂര്‍ഖന്‍. അതിന്റെ മുമ്പിലേയ്ക്ക ആയിരുന്നു അവള്‍ നടന്നുകൊണ്ടിരുന്നത്. അപകടം മുന്‍ കൂട്ടിയറിഞ്ഞ കറമ്പന്‍ അവളെ തടയുകയായിരുന്നു. സ്തംഭിച്ച് തറഞ്ഞുനിന്നുപോയ അനു ബക്കറ്റും തുണിയുമൊക്കെ അവിടെയെറിഞ്ഞ് ജീവനുംകൊണ്ട് തിരിഞ്ഞോടി.
                     അതോടെ കറമ്പന്‍ വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ കണ്ണിലുണ്ണിയായ ഹീറോ ആയിമാറി. നല്ല ആയുസ്സെത്തി സന്തോഷത്തോടെ ജീവിച്ച്  ഒരു ഇടവപ്പാതിയില്‍ ഇടിയും മഴയുമൊക്കെയുള്ള ഒരു രാത്രിയില്‍ അവന്‍ ഇറങ്ങിപ്പോയി. അത് പതിവുള്ളതാകയാലും അടുത്ത ദിവസം അവന്‍ വീട്ടില്‍ ഹാജര്‍ വയ്ക്കുമെന്നതിനാലും ആരും വലിയ കാര്യമാക്കിയില്ല. എന്നാല്‍ പിറ്റേദിവസവും അതിനടുത്തദിവസവും പിന്നെയും ദിവസങ്ങള്‍ കടന്നുപോയി. കറമ്പന്‍ തിരിയെ വന്നില്ല.
                      ഈ പോസ്റ്റ് ഞാന്‍ ആ നല്ല ജീവിയുടെ ഓര്‍മ്മയ്ക്കായി എഴുതിയതാണ്. നാം ഇങ്ങിനെ സന്തോഷമായി ജീവിക്കുന്നത് എത്രപേരുടെ, എത്രയെത്ര ജീവികളുടെ സഹായത്താലാണ് അല്ലേ. ചിലപ്പോള്‍ വെറുമൊരു പട്ടിയുടെ രൂപത്തിലും ദൈവികകരുണ നമ്മളെ തേടിയെത്തുമായിരിക്കും. ഈ കറമ്പനെപ്പോലെ.
                      (കറമ്പനും ജ്യേഷ്ഠന്റെ മകന്‍ ഉണ്ണിയും...രണ്ടുപേരും വിടപറഞ്ഞു പോയി)

Friday, July 8, 2011

പണ്ടോറായുടെ പെട്ടി

ചില പെട്ടികള്‍ അങ്ങിനെയാണ്. തുറക്കാതെയിരിക്കുകയാണ് നല്ലത്. 
ചില പെട്ടികള്‍ അവിടെയുണ്ടെന്ന് അറിയാതെയിരിക്കുന്നത് ഏറ്റവും നല്ലതാണ്. പത്മനാഭക്ഷേത്രത്തിലെ പെട്ടികള്‍ കൊണ്ട് നാടിന് ഗുണം വരുമോ ദോഷം വരുമോ?  ലോകശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലുള്ള ഒരു നിധിശേഖരമാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തത്. 
അതോടൊപ്പം തന്നെ അവസാനമില്ലാത്ത, അല്ലെങ്കില്‍ പരിഹാരം എളുപ്പമല്ലാത്ത പ്രശ്നങ്ങളുടെയും പെട്ടിയാണ് തുറക്കപ്പെട്ടതെന്നാണെന്റെ അനുമാനം. 
ഈ വന്‍സ്വത്ത് ഇനി സുരക്ഷിതമായി പരിപാലിക്കണമെങ്കില്‍  ചെറിയ സേനയൊന്നും പോര, അതിന് ആധുനികനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ ചെലവ് വേറെ വേണം. 
ബഡ്ജറ്റില്‍ പ്രത്യേകതുക വകകൊള്ളിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ നിധിയില്‍ നിന്നൊരു ഭാഗം ചെലവിലേയ്ക്കായി വില്‍ക്കാന്‍ സാധിക്കുമോ?  
അതിനെപ്പറ്റി ആലോചിക്കുക പോലും വേണ്ട ഇപ്പോള്‍. 
ഇനി ഇതിന്റെ ഉടമസ്ഥാവകാശം. 
അതിനെച്ചൊല്ലി നടക്കാന്‍ പോകുന്ന ദീര്‍ഘമായ തര്‍ക്കങ്ങള്‍. 
അതുവരെ പോലീസിനും ക്ഷേത്രട്രസ്റ്റിനും ഉറക്കമില്ലാത്ത നാളുകള്‍, 
അതില്‍ നിന്ന് അല്‍പ്പം അടിച്ച് മാറ്റാന്‍ വഴി ആലോചിച്ച് തല പുകയ്ക്കുന്ന കയ്യിട്ട് വാരികള്‍, “ഞങ്ങടെയാ, മറ്റാരും തൊട്ടുപോകരുത്” എന്ന് ഗര്‍ജ്ജിക്കുന്ന ജാതിക്കോമരങ്ങള്‍, 
രാജഭക്തികൊണ്ട് വേണമെങ്കില്‍ മുട്ടിലിഴയാന്‍ തയ്യാര്‍ എന്ന് ഭാവിക്കുന്ന എട്ടുവീട്ടില്‍ പിള്ളമാര്‍, ക്ഷേത്രത്തിന്റെ നിധി ഹൈന്ദവര്‍ക്ക് മാത്രം എന്ന് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എറിയുന്നവര്‍, പത്മനാഭന്റെ സ്വത്ത് പത്മനാഭന് മാത്രം എന്ന് ഓര്‍ഡറിടുന്നവര്‍ (പത്മനാഭനെന്തിനാണ് സ്വത്ത്?) യഥാര്‍ത്ഥത്തില്‍ ഇത് ആര്‍ക്കവകാശപ്പെട്ടതാണ്? രാജകുടുംബത്തിനോ?  ക്ഷേത്രത്തിനോ? സര്‍ക്കാരിനോ? ജനങ്ങള്‍ക്കോ? രാജ്യത്തിനോ?
തീരുമാനമെടുക്കാന്‍ കഴിയാതെ കുഴയുന്ന നീതിപീഠങ്ങള്‍, അന്തമില്ലാത്ത തര്‍ക്കങ്ങള്‍. 
വളരെ സെന്‍സിറ്റീവ് ആയ ഒരു പ്രശ്നം ആണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. 
ഒരു കണക്കിന് ചിന്തിച്ചാല്‍ ഇത് അവിടെയുണ്ടെന്ന് അറിയാതിരിക്കയായിരുന്ന് നല്ലത്.  ഇതുവരെയുള്ള പോക്ക് വച്ച് നോക്കിയാല്‍ പെട്ടി പൊട്ടിയത് കൊണ്ട് ഗുണമൊന്നും കാണുന്നില്ല. 

ഗുണമുണ്ടായേനെ, ഉഡായ്പ്പുവിശ്വാസത്തിന്റെ നടപ്പുദീനമില്ലാത്ത സമൂഹവും നട്ടെല്ലുള്ള ഭരണവും ജനക്ഷേമം ആഗ്രഹിക്കുന്ന നീതിപതികളും രാഷ്ട്രീയമുതലെടുപ്പുകളുടെ പൊറാട്ടുനാടകം കളിക്കാത്ത നേതാക്കളും  ഒക്കെയുണ്ടെങ്കില്‍...കാത്തിരുന്ന് കാണുക തന്നെ

Friday, June 24, 2011

വിത്തില്ലാത്ത പഴങ്ങള്‍

ഇന്ന് സഹദേവനെക്കുറിച്ചോര്‍ക്കാന്‍ പ്രത്യേകകാരണമൊന്നുമില്ല. എന്നാല്‍ കാരണം ഇല്ലെന്നും പറഞ്ഞുകൂടാ. ജോലി കഴിഞ്ഞ് വരുമ്പോള്‍ വാങ്ങിക്കൊണ്ട് വന്ന ഓറഞ്ച് മുറിച്ച് തിന്നുമ്പോളാണ് പെട്ടെന്ന് സഹദേവനെക്കുറിച്ചോര്‍മ്മ വന്നത്.
             നല്ല മധുരമുള്ള വലിയ ഓറഞ്ച്. കുട്ടിക്കാലത്ത് പള്ളിപ്പെരുന്നാളിനും ഉത്സവത്തിനുമൊക്കെ വച്ചുവാണിഭക്കാര്‍ അവരുടെ തട്ടുവണ്ടിയില്‍ കൊണ്ടുവന്ന് വില്ക്കുന്ന ഓറഞ്ചിനൊക്കെ ഇത്ര ഭംഗിയുണ്ടായിരുന്നുവോ? ഇല്ല. ഇത്രയും വലിപ്പവും ആകൃതിഭംഗിയും ഇല്ലായിരുന്നു. ഉള്ളിലൊക്കെ നിറയെ കുരുവും. ഇതിനാണെങ്കില്‍ ഒറ്റ കുരു പോലുമില്ല. തിന്നാനെന്തെളുപ്പം?    
             ബാംഗളൂരിലെ ജീവിതത്തിനിടയില്‍ മൂന്ന് മാസത്തേയ്ക്ക് മാത്രം റൂം മേറ്റ് ആയി വന്ന സഹദേവന്‍ എന്റെ ഓഫീസിന്റെ അടുത്തുതന്നെയുള്ള സ്റ്റീല്‍ കമ്പനിയില്‍ ടൈപ്പിസ്റ്റ് ആയി വന്നതാണ് . കുറുപ്പുചേട്ടന്റെ നാട്ടുകാരന്‍. ആദ്യമായി വരുന്നവര്‍ക്കൊക്കെ എന്റെ വീട് ഒരു താമസസ്ഥലമായി പ്രയോജനപ്പെടാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കാരണം മൂന്ന് വര്‍ഷം മുമ്പ് കമ്പനി ഒരു വീട് അനുവദിച്ചു തന്നു. മീനയും മോളും മിക്കവാറും കേരളത്തില്‍ തന്നെ വാസമായതിനാല്‍ ബാംഗളൂരിലെ എന്റെ വീട് എപ്പോഴും ഒരു മുറി ഒഴിവ് ആയിരുന്നു.
            സഹദേവനെ കണ്ടാല്‍ ആദ്യകാഴ്ച്ചയില്‍ ആകര്‍ഷകമായിട്ടൊന്നും തന്നെയില്ല. വളരെ പതുങ്ങിയ ഒരു വ്യക്തിത്വം എന്ന് പറയാം. സംസാരവും അങ്ങിനെ തന്നെ. അതു പോലും അധികമില്ല. പെട്ടെന്ന് തോന്നുന്ന ഒരു വിശേഷണം അന്തര്‍മുഖന്‍ എന്നാണ്. ആറ്റിങ്ങല്‍ ആണ് വീടെന്നും കല്യാണം കഴിച്ചിട്ടില്ലെന്നും ബോംബെയില്‍ ആയിരുന്നു മുമ്പ് ജോലി ചെയ്തിരുന്നതെന്നും പറഞ്ഞു. പിന്നെ വ്യക്തിപരമായ വിഷയങ്ങളിലേയ്ക്ക് കടന്ന് സംസാരിക്കുക പണ്ടുമുതലേ എന്റെ ശീലമല്ലാത്തതിനാല്‍ കൂടുതലൊന്നും അറിഞ്ഞുമില്ല. അല്ലെങ്കില്‍ ഈ വിവരമൊക്കെ അറിഞ്ഞിട്ടെന്തിന്? ഈ ജീവിതയാത്രയില്‍ എത്രപേരെ കണ്ടുമുട്ടുന്നു എത്രപേര്‍ പിരിയുന്നു!
          വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ആണ് സഹദേവന്റെ ഒരു പ്രത്യേക സ്വഭാവം ശ്രദ്ധയില്‍ പെട്ടത്. ഒരു ദിവസം ഇതുപോലെ വരാന്തയില്‍ ഇരുന്ന് ഓറഞ്ച് തിന്നുകയായിരുന്നു. അതിന്റെ കുരുക്കളെല്ലാം മുറ്റത്തേയ്ക്ക് എറിഞ്ഞിട്ട് മുറിയിലേയ്ക്ക് പോയിതിരിയെ വരുമ്പോള്‍ സഹദേവന്‍ അതെല്ലാം ഒരു പേപ്പറില്‍ പൊതിഞ്ഞെടുക്കുകയായിരുന്നു. എന്തിനെന്നറിയാന്‍ ഒരു ജിജ്ഞാസ തോന്നിയെങ്കിലും ചോദിച്ചില്ല. എപ്പോള്‍ ഏതു പഴത്തിന്റെ വിത്ത് ഇങ്ങിനെ കണ്ടാലും അയാള്‍ അത് ശേഖരിക്കാറുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു.
          ഒരിക്കല്‍ കൃഷ്ണരാജപുരത്ത് പോയിട്ട് തിരിയെ വരുമ്പോള്‍ ആണ് അതിന്റെ രഹസ്യം കണ്ടു പിടിച്ചത്. ബസിറങ്ങി വീട്ടിലേയ്ക്ക് നടന്ന് വരുമ്പോള്‍ നിരനിരയായി വച്ചുപിടിപ്പിച്ചിട്ടുള്ള പൈന്‍ മരങ്ങള്‍ക്ക് ഇടയില്‍ ഒരാള്‍ കുത്തിയിരുന്ന് കുഴിയെടുക്കുകയാണ്. ഏതോ ഗ്രാമീണന്‍ എന്ന് വിചാരിച്ച് മുമ്പോട്ട് ചുവട് വച്ചെങ്കിലും പെട്ടെന്ന് തോന്നി, സഹദേവനല്ലേ അത്? അടുത്തുചെന്ന് നോക്കിയപ്പോള്‍ അയാള്‍ തന്നെയായിരുന്നു. കാല്പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയിട്ട് കുഴിച്ച കുഴിയില്‍ രണ്ടുമൂന്ന് ചക്കക്കുരുവും ഇട്ട് മണ്ണ് മൂടി സഹദേവന്‍ എഴുന്നേറ്റ് എന്റെയൊപ്പം നടന്നു. അഞ്ചു മിനിട്ട് നടപ്പില്‍ ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല.
         രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് വരാന്തയില്‍ അരമണിക്കൂര്‍ ഇരിക്കുകയെന്നത് എന്റെ ഒരു പതിവ് ശീലമാണ്. സഹദേവന്‍ മെല്ലെ അടുത്തു വന്നു.
        "സാറേ, മുളയ്ക്കുമെന്ന് കരുതീട്ടൊന്നുമല്ല എന്നാലും വെറുതെയങ്ങ് കുഴിച്ചിടുകയാണ്. നൂറെണ്ണം നട്ട് ഒരെണ്ണമെങ്കിലും പിടിച്ചാല്‍ നല്ലതല്ലേ? നമ്മളൊക്കെ  ചത്തുപോയാലും വേറെ ആര്‍ക്കെങ്കിലും പ്രയോജനമാകട്ടെ"
        "ശരിയാ സഹദേവാ, നിങ്ങള്‍ ഈ വിത്തൊക്കെ പെറുക്കുമ്പോള്‍ എന്തിനായിരിക്കുമെന്ന് ഞാനോര്‍ത്തിരുന്നു"
        " ഒരു മരമെങ്കിലും നടാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളൊക്കെ എന്തിനാ സാറെ മനുഷേന്മാരാണെന്നും പറഞ്ഞ് നടക്കുന്നത്? സാറെത്ര മരം നട്ടിട്ടുണ്ട്?"
         ഞാന്‍ ആ ചോദ്യത്തിന് മുമ്പില്‍ ചൂളിപ്പോയി. ഈ മനുഷ്യന്റെ മുമ്പില്‍ ആകെ ചെറുതായതുപോലെ.
         "സാറിനറിയോ, ഇനി വന്ന് വന്ന് പഴങ്ങള്‍ക്കൊന്നും വിത്ത് കാണൂല്ലാത്രെ. വിത്തില്ലാത്ത നല്ല സിംപ്ലന്‍ പഴങ്ങളായിരിക്കും കടേലെല്ലാം കിട്ടുക. അപ്പോള്‍  എങ്ങിനെയാണ് മനുഷ്യര് മരങ്ങള് നടുക?"
          മറുപടി പറയാനില്ലാതെ ഞാന്‍ പുറത്തെ ഇരുളിലേയ്ക്കും വഴിയില്‍ കൂടി പോകുന്ന വാഹനങ്ങളുടെ വെളിച്ചം വരയ്ക്കുന്ന നിമിഷചിത്രങ്ങളിലേയ്ക്കും നോക്കിയിരുന്നു. സഹദേവന്‍ എഴുന്നേറ്റ് പോയി, അയാളുടെ ശബ്ദം കുറെനേരം കൂടി വരാന്തയില്‍ തങ്ങിനിന്നു. പിന്നെ ഓരോ യാത്രയിലും ഞാന്‍ വഴിയരികില്‍ ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു, ഒരു ചെടിയെങ്കിലും മുളച്ചു വരുന്നുണ്ടോ? ചെറുമുകുളങ്ങളുമായി ഒരു തൈ പൊടിച്ചുവരുന്നതുകാണുമ്പോള്‍ അത് സഹദേവന്‍ നട്ടതായിരിക്കുമോ എന്ന് ചിന്തിക്കാന്‍ തുടങ്ങി ഞാന്‍. സഹദേവനുമായുള്ള സഹവാസം എനിക്കും മാറ്റങ്ങള്‍ വരുത്തിയെന്ന് ഞാന്‍ കണ്ടെത്തി. പ്രകൃതിയോട് അറിയാതെ ഒരു സ്നേഹം മുളപൊട്ടുന്നതും  ചിന്തകളില്‍ മരങ്ങള്‍ക്കും  മനുഷ്യര്‍ക്കുമൊക്കെ സ്ഥാനം വരുന്നതും ഞാന്‍ കണ്ടെത്തി.
         ഒരിക്കല്‍ സഹദേവന്‍ വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയത്  സങ്കടത്തോടെയായിരുന്നു. എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നിനും ആദ്യം മറുപടി തന്നില്ലെങ്കിലും പിന്നെ പറഞ്ഞു. മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയെങ്കിലും വെട്ടിത്തുടങ്ങിയപ്പോള്‍ അയാള്‍ പൂര്‍ത്തിയാക്കാതെ ഇറക്കിവിട്ടുവത്രെ. അപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്. അയാളുടെ മുടി വല്ലാതെ നീണ്ടിട്ടുണ്ടായിരുന്നു. ഒരു വശം വെട്ടി നീളം കുറച്ചത് പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യാം. പിന്നെ മടിച്ച് മടിച്ച് അയാള്‍ പറഞ്ഞു.
        "എന്റെ തലയില്‍ ഒരു അസുഖമുണ്ട് സാറേ. ഒരു തരം ചൊറി പോലെ. ഞാനൊത്തിരി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ഭേദമായിട്ടില്ല."
         ഞാന്‍ അയാളുടെ മുടിയിഴകള്‍ വിടര്‍ത്തി നോക്കി. ശരിയാണ്. ചോരയൊലിക്കുന്നതും ഉണങ്ങി പൊറ്റയടരാറായിരിക്കുന്നതും പഴുത്തെന്ന പോലെയിരിക്കുന്നതുമായ അനേക വ്രണങ്ങള്‍. ചെറുതായി ദുര്‍ഗന്ധവും ഉണ്ടായിരുന്നു. പെട്ടെന്ന് എന്റെയുള്ളിലേയ്ക്ക് സഹതാപത്തിന്റെയൊരല വന്നടിക്കുന്നത് ഇങ്ങിനെ വാക്കുകളായി പുറത്തുവന്നു.
        "ഇയാ‍ള്‍ പോയി ഒരു കത്രിക വാങ്ങി വരൂ. ഞാനൊന്ന് നോക്കട്ടെ."
         പിറ്റേന്ന് സഹദേവനെത്തിയത് ഒരു കത്രികയുമായാണ്. കഴിഞ്ഞ രാത്രിയില്‍ അങ്ങിനെ പറഞ്ഞെങ്കിലും ആ മുടി വെട്ടുവാന്‍ ഒരു മടി തോന്നി. പക്ഷെ പറഞ്ഞുപോയില്ലേ. ടെറസ്സില്‍ വച്ച് മുടി വെട്ടാന്‍ തീരുമാനിച്ചു. ആരെങ്കിലും കാണേണ്ട.
         അറിയില്ലെങ്കിലും ഞാന്‍ സഹദേവന്റെ മുടി ശ്രദ്ധയോടെ വെട്ടാന്‍ തുടങ്ങി. അപ്പോഴാണയാള്‍ ബോംബെയിലെ ജീവിതത്തിന്റെ കഥ പറഞ്ഞത്. നാലു വര്‍ഷം ഒരു തുകല്‍ കമ്പനിയിലെ ഓഫീസ് ബോയ്  ആയിരുന്നു അയാള്‍. വളരെ മൂര്‍ഖസ്വഭാവമുള്ള ഒരു മാനേജരും. എന്നും അവഹേളിക്കയും കേട്ടാല്‍ ചെവി പൊട്ടുന്നതരത്തിലുള്ള ചീത്തയും പറയുന്ന ആ മനുഷ്യന്റെ കീഴില്‍ ആരും സന്തോഷത്തോടെയല്ല ജോലി ചെയ്യുന്നത്. അതില്‍ ഏറ്റമധികം തെറി കേള്‍ക്കുന്നത് സഹദേവന്‍ ആയിരുന്നു.
        "എനിക്കെന്ത് ചെയ്യാന്‍ പറ്റും സാറേ? തേച്ചാലും കുളിച്ചാലും പോകാത്ത ചീത്ത പറയുന്ന അയാള്‍ക്കെതിരെ ഞാനെന്തു ചെയ്യാന്‍? എന്റെ പൊട്ടബുദ്ധിയില്‍ ഒരു വഴിയേ ഞാന്‍ കണ്ടുള്ളു സാറേ. എന്നും ഒമ്പത് മണിക്ക് അയാള്‍ ചായ കുടിക്കുന്നത് ഞാനിട്ട് കൊടുത്തിട്ടാണ്. നന്നായിട്ട് ചായയുണ്ടാക്കിയിട്ട് ഞാന്‍ അതില്‍ തുപ്പിയൊഴിക്കും. പിന്നെ കൊണ്ട് മാനേജര്‍ക്ക് കൊടുക്കും. ഒന്നുമറിയാതെ അയാള്‍ മൂന്ന് വര്‍ഷം എന്റെ തുപ്പല്‍ കുടിച്ചു സാറെ. എനിക്ക് അന്നൊക്കെ രാത്രി കിടന്നുറങ്ങുമ്പോള്‍ അറിയാന്‍ മേലാത്ത ഒരു സന്തോഷമാരുന്നു സാറെ. അത്രയെങ്കിലും അയാള്‍ക്കിട്ട് തിരിച്ച് കൊടുക്കാന്‍ പറ്റിയല്ലോ."
          ഗള്‍ഫിലേയ്ക്ക് കടക്കാനുള്ള ശ്രമത്തില്‍ തുകല്‍ കമ്പനിയിലെ ജോലി ഉപേക്ഷിക്കുന്നത് വരെ ഇത് തുടര്‍ന്നു.  പക്ഷെ ഗള്‍ഫ് സ്വപ്നമെല്ലാം തകര്‍ന്ന് ഇപ്പോള്‍ വന്നെത്തിയത് ഇവിടെയും.
          "അന്ന് അയാളെ തുപ്പല്‍ കുടിപ്പിച്ചതിനുള്ള ശിക്ഷയായിരിക്കുമോ സാറെ ഈ തലയിലെ  പ്രശ്നത്തിനു കാരണം?"
           ആയിരിക്കുമെന്ന് പറയാന്‍ എന്റെ യുക്തിബോധം അനുവദിച്ചില്ല. അല്ലെന്ന് പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ അയാള്‍ക്ക് കഴിയില്ലെന്നും എനിക്ക് തോന്നി. ഞാന്‍ മൌനമായി മുടി വെട്ടിയിറക്കിക്കൊണ്ടിരുന്നു.

Wednesday, June 1, 2011

അര നാഴികനേരം

പാതിതുറന്നൊരെന്‍ ജാലകപ്പാളിയില്‍
ഭീതിയകന്നൊരാപ്പൊന്‍ പതംഗം
സാധകം ചെയ്‌വതുപോലെമനോഹര
ഗീതികള്‍ കൊണ്ടൊരു മാല കോര്‍ത്തു
           
              ശ്രീതരും വാസന്തപഞ്ചമം പാടുമാ
              പീതവര്‍ണ്ണക്കിളിത്തേന്മൊഴികള്‍
              ഏതോ മധുഗാന മാധുര്യവീചി തന്‍
              ശീതാനിലസ്പര്‍ശമെന്നപോലെ

കാതുമുള്‍ക്കാതും കടന്നുവന്നിന്നെന്റെ
ആതങ്കമെല്ലാം അലിഞ്ഞു പോയീ
ഭൂതമാം കാലത്തിലെന്നോ നിഴല്‍ വീണ
പാതയില്‍ ഏകനായ്  യാനം ചെയ്കേ

             ഭീതിദം വ്യാധിതന്‍ ക്രൂര നഖങ്ങളാല്‍
             പാതിവഴിയില്‍ ഞാന്‍ വീണുവെന്നാല്‍
             സ്ഫീതമീക്കാര്‍മുകില്‍ പാളികള്‍ ചൂഴ്കിലും
             നീതരും സ്വാന്തനമെന്തഗാധം

ശീതളം നിന്‍ കരപേലവവല്ലരി
“ഭേദമുണ്ടോ” എന്ന ചോദ്യമോടെ
കാതരം ശോണിമം നിന്നംഗുലീമലര്‍
വേദനയെല്ലാം തുടച്ചെടുത്തൂ

             ശ്വേതാംബരധാരി നീ വന്നു ചാരെ നി-
             ന്നോതുന്ന ദൂതുകളെത്ര മോദം
             വീതിയും നീളവുമാഴമുയരവും
             തോതില്ല നോക്കുവാനപ്രമേയം

വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
പാഥേയമൊന്നുമില്ലാതെ നൂനം
ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
വാദമില്ലാതെപോമെന്നതോര്‍ക്കെ

           ഭൂതലേ നാം തേടും ധാടിയും മോടിയും
           ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
           നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
           നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ.

Thursday, April 28, 2011

നഃ ശ്രൂയതേ നഃ ദൃശ്യതേ # 3

....ആല്‍ മുളയ്ക്കുന്നതും തണലെന്ന് ചിലര്‍

എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കേട്ടിട്ടില്ല.
ലോകത്തെവിടെയും നടന്നതായി ചരിത്രത്തില്‍ ഒരിടത്തും കാണുന്നില്ല.
നിങ്ങളുടെ കേട്ടറിവുകളില്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ പറയൂ.
ഏതു മനുഷ്യന്റെയും ആഗ്രഹം അവന്റെ രാജ്യത്തിന്റെ കൊടി ഏറ്റവും ഉയരത്തില്‍ പാറണമെന്നാണ്. അന്യരാജ്യത്ത് ജീവിക്കുമ്പോഴും അവന്റെ നാടിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ഒരു ഉള്‍പുളകം തോന്നാതിരിക്കയില്ല ആര്‍ക്കും.
സ്വന്തം നാടിന്റെ ശബ്ദം എല്ലാവരും അംഗീകരിക്കണമെന്നാണവന്റെ അന്തരംഗം കൊതിക്കുന്നത്. ഏത് മേഖലയിലും അവന്റെ രാജ്യം ജയിച്ച് യശസ്സുയര്‍ത്തണം.
 കായികമത്സരമായാല്‍ തന്റെ രാജ്യം ലോക ചാമ്പ്യന്‍ ആകണം.
അന്താരാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പായാല്‍ അവന്റെ രാജ്യം ജയിക്കണം
ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സ്വരക്തം കൊടുത്താണെങ്കിലും അവന്റെ രാജ്യം ജയിക്കണം. ഏതൊരു സാധാരണ മനുഷ്യന്റെയും മനഃസ്ഥിതി അങ്ങിനെയാണ്.
ഈയിടെ ക്രിക്കറ്റില്‍ ഇന്‍ഡ്യ ജയിച്ചപ്പോള്‍ ക്രിക്കറ്റിനോട് ഒരു താല്പര്യവുമില്ലെങ്കിലും എന്റെ മനസ് സന്തോഷവും അഭിമാനവും കൊണ്ട് പൂരിതമായി.
കാരണം എന്റെ നാടിന്റെ നാമമാണ് ഉയര്‍ത്തപ്പെടുന്നത്.
അങ്ങിനെയിരിക്കെ, ഈ നാളുകളില്‍ മനുഷ്യത്വമുള്ള ഏതൊരു ഭാരതീയനും മനസ്സുകൊണ്ടും വാക്കുകള്‍ കൊണ്ടും ആഗ്രഹിച്ചു അവന്റെ രാജ്യം ജയിക്കരുതേ എന്ന്.
തോറ്റ് നാണം കെട്ട് തന്നംതനിയെ നില്‍ക്കുമ്പോള്‍ സാധാരണ ജനം സന്തോഷിച്ചു.
കാരണം നമ്മുടെ സര്‍ക്കാര്‍ അനീതിയും അശുദ്ധിയും നിറഞ്ഞ ഒരു നിലപാടെടുത്തു.
ലോകം മുഴുവനും എതിര്‍ നില്‍ക്കുന്ന ഒരു കാര്യത്തിന് ആരുടെയോ താല്പര്യത്തിനു വഴങ്ങി നമ്മുടെ നാട് അതിന്റെ യശസ്സു കളഞ്ഞുകുളിച്ചു.
സ്വന്തം ജനതയുടെ മനസ്സ് അറിയാന്‍ കഴിയാത്ത ഒരു ഭരണാധികാരി പലായനം ചെയ്യുകയാണ് വേണ്ടത്.
ഇവിടെ നല്ല തണല്‍ തരുന്ന ആല്‍ എന്ന് പറഞ്ഞുകൊണ്ട് നില്‍ക്കുന്നു അവര്‍.
കഷ്ടം തന്നെ.
ഇനി പറയൂ, നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഒരു ജനത അവരുടെ രാജ്യം പരാജയപ്പെടണമെന്ന് മനം കൊണ്ട് ആഗ്രഹിച്ച ഒരു സന്ദര്‍ഭം?
ഇപ്പോള്‍ എങ്ങിനെയെങ്കിലും മുഖം രക്ഷിക്കാന്‍ പല അടവും എടുക്കുകയാണത്രെ. "നിരോധിച്ചോട്ടേ?" എന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതുന്നു.
ജനീവയില്‍ നിലപാട് മയപ്പെടുത്തുന്നു.
(ഒരു ദിവസം നാലു തവണയാണത്രെ “എന്‍ഡോസല്‍ഫാന്‍” കമ്പനിയായ എക്സലുമായി കണവന്‍ഷന്റെ ഇടയ്ക്ക് ഇന്‍ഡ്യന്‍ സംഘം ചര്‍ച്ച നടത്തിയത് (പത്രവാര്‍ത്ത)
ഇനി തിരിച്ചുവന്ന് ഇളിച്ച ചിരിയുമായി പുലമ്പിത്തുടങ്ങിക്കോളും
“ഞങ്ങളും കൂടി ശ്രമിച്ച് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആ വിഷം നിരോധിച്ചു" എന്ന്.

ആഹാ എന്തൊരു തണല്‍.


(മാനുഷീകതയ്ക്കെതിരില്‍ നിലപാടെടുത്തതിന് ഇവരെയൊക്കെ വിചാരണ ചെയ്യുകയാണ് വേണ്ടത്)

Friday, April 1, 2011

ഉറുമ്പിന് അരി ഭാരം...

മോഹം 1:
         കറങ്ങുന്ന കസേരയില്‍, ശീതീകരിച്ച ഓഫീസില്‍ നെറ്റിയില്‍ കയ്യമര്‍ത്തിയിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍, ഹെഡ് ഓഫീസില്‍ നിന്ന്. ടാര്‍ഗറ്റ് തികയ്ക്കണം ഇല്ലെങ്കില്‍ പരിണിതഫലം  എന്തെന്ന് പറയാനാവില്ലയെന്ന്.. ഓ വയ്യ ഈ ടെന്‍ഷന്‍ പിടിച്ച് ജീവിതം. അയാളുടെ വയറ്റില്‍ നിന്ന് ഒരു എരിച്ചില്‍ നെഞ്ചിലേയ്ക്ക് കയറി.
       വര്‍ക്ക് ഷോപ് ഫ്ലോറിലേയ്ക്ക് കാഴ്ച്ചയുള്ള ചില്ലുജാലകത്തിലെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ മെക്കാനിക് ജോണി ഒരു സ്പാനറുമായി ചൂളം വിളിച്ചുകൊണ്ട്  തന്റെ മെഷീനിന്റെയടുത്തേയ്ക്ക് നടക്കുന്നു. ജോണിയെ എപ്പോഴും പ്രസരിപ്പോടെയേ കണ്ടിട്ടുള്ളു എന്ന് കൌതുകത്തോടെ ഓര്‍ത്തു. ഈ ജോലി വിട്ടിട്ട് ജോണിയെപ്പോലെ ഒരു മെക്കാനിക്ക് ആയി റിലാക്സ് ആയി ജീവിക്കാനായിരുന്നെങ്കില്‍...

മോഹം 2:
      വീട്ടിലെ പ്രശ്നങ്ങളോര്‍ത്താല്‍ മനം നീറും. എല്ലാം മറക്കാന്‍ മനഃപൂര്‍വം ഒരു പാട്ടും ചുണ്ടില്‍ തിരുകി നടക്കാന്‍ ശ്രമിക്കുകയാണ്.  കയ്യിലെ സ്പാനര്‍ എന്തിനാണെടുത്തതെന്ന് പോലും ഓര്‍മ്മയില്ല. എന്ന് ഈ ദുരിതക്കയത്തില്‍ നിന്നൊരു മോചനം?  ഓഫീസിലേയ്ക്ക്  നോക്കിയപ്പോള്‍ ജി.എം കണ്ണാടിച്ചില്ലിലൂടെ ഷോപ്പിലേയ്ക്ക് നോക്കി നില്‍ക്കുന്നു. ഓ എന്നെങ്കിലും ആ കസേരയിലൊന്ന് ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.

മോഹം 3:
       പാഷന്‍ റെഡ് വര്‍ണ്ണത്തിലുള്ള ആ മെഴ്സിഡസ് ബെന്‍സ് കാര്‍ ഒഴുകിവരുന്നതുപോലെ ബീച്ച് റോഡിലേയ്ക്കിറങ്ങി. ഒഴിഞ്ഞ ഒരു കോണ്‍ നോക്കി ജാഫര്‍ കാര്‍ പാര്‍ക്ക് ചെയ്തു. കുറച്ച് നേരം സീറ്റില്‍ തന്നെയിരുന്നു. പിന്നെ ഇറങ്ങി ഒരു ചാരുബഞ്ചില്‍ വന്നിരുന്നു. മനസ്സിലെ പിരിമുറുക്കം മുഖത്ത് വായിച്ചെടുക്കാന്‍ പറ്റും.
      ഡോക്ടര്‍ സൈമണെ ഒന്നുകൂടി ഡയല്‍ ചെയ്തു. “ലോകത്തില്‍ ഏത് ഹോസ്പിറ്റലില്‍ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാം ഡോക്ടര്‍, എങ്ങിനെയെങ്കിലും എന്റെ മോളുടെ ജീവന്‍....”
       ജാഫറിന് വീട്ടിലേയ്ക്ക് പോകുവാന്‍ മനസ്സ് വന്നില്ല. സുലുവിന്റെ കരഞ്ഞുതളര്‍ന്ന മുഖം എത്രയെന്ന് വച്ചാണ് കാണുന്നത്? എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ നേര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടായ പൊന്നുമോള്‍, ജാസ്മി..
      അകലെ വല നന്നാക്കുന്ന ആ മനുഷ്യന്‍ എന്തൊരു സന്തോഷത്തിലാണ്? കറുമ്പനെങ്കിലും കുറുമ്പനും സുന്ദരനുമായ മകന്റെ  കുസൃതികള്‍ക്കൊപ്പം ചിരിച്ച് തലയാട്ടിക്കൊണ്ട്, കീറിയ വലയും തുന്നി... ഈ സ്വത്തും പദവിയുമൊന്നും വേണ്ടായിരുന്നു. ഇയാളെപ്പോളെ അന്നന്നത്തെ അന്നം തേടി മക്കളും ഭാര്യയുമൊക്കെയായിട്ട് ഒരു സാധാരണ ജീവിതമായിരുന്നെങ്കില്‍?

മോഹം 4:
      നശിച്ച ഈ വല, നൂറാമത്തെ പ്രാവശ്യമാന്ന് തോന്നുന്നു നന്നാക്കുന്നത്. പുതിയതൊന്ന് വാങ്ങണമെങ്കില്‍ നടക്കുന്ന കാര്യമാണോ? ബെര്‍ണാര്‍ഡിന് ദേഷ്യവും സങ്കടവും പതഞ്ഞ് വന്നു. എഡ്വിന്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ ഒരു ഫുട് ബോളിന് കരയുന്നു. അവന്റെ പന്തടക്കവും വേഗവുമൊക്കെ കണ്ടാല്‍ അറിയാം നല്ലൊരു പന്തുകളിക്കാരനാകുമെന്ന്. പക്ഷെ യോഗമില്ലാ‍തെ പോയി. ബെര്‍ണാര്‍ഡിന്റെ മകനായി പിറന്നുപോയില്ലേ?
      ആ ചാരുബഞ്ചില്‍ ഇരിക്കുന്ന മനുഷ്യനെ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു, കടലിന്റെ ഭംഗിയും നുകര്‍ന്ന് പരിസരം മറന്ന് എന്‍ജോയ് ചെയ്യുകയല്ലേ, എന്തൊരു ഭംഗിയാ ആ കാറ് കാണാന്‍ തന്നെ! പണക്കാരനായാല്‍ പിന്നെയെന്താ? താനും അയാളെപ്പോലെയായിരുന്നെങ്കില്‍ എഡ്വിന്‍ പന്തിനു വേണ്ടി ഇത്ര കരയേണ്ടി വരുമായിരുന്നോ?

മോഹം 5:
      കട്ടിലില്‍ ഉറക്കം വരാ‍തെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആണ് ഉണ്ണിക്കുട്ടന്‍ വന്ന് നെഞ്ചില്‍ പടര്‍ന്ന് കയറുന്നത്. “മോനെ മാറിക്കേടാ, അച്ഛന് ഭയങ്കര തലവേദന..”
      സോമന്‍ ഉണ്ണിക്കുട്ടനെ തലോടിക്കൊണ്ട് ചിന്തിച്ചു. ഇവനെപ്പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍? ഒരു കാപട്യവുമില്ലാതെ, നിഷ്കളങ്കതയോടെ, ഭയമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!  ജീവിതഭാരങ്ങളൊന്നുമില്ലാതെ... എത്രനാളെന്ന് വച്ചാണ് ഈ അഭിനയജീവിതം തുടരുന്നത്?
       രമയെയും അമ്മയെയും ഉപേക്ഷിക്കാന്‍ കഴിയില്ല. രണ്ടുപേരും ഒരുമയോടെ ആകുമെന്നും പ്രതീക്ഷിക്കാനാവില്ല. സോമന്‍  ഉണ്ണിയെ മെല്ലെ ഇറക്കിക്കിടത്തി.

മോഹം 6:
      ഉണ്ണി അച്ഛനെ നോക്കി. എന്റെയച്ഛന്‍ എത്ര വല്യ ആളാ? എന്തൊരു ശക്തിയാ അച്ഛന്? എന്ത് നല്ല്ല കട്ടി മീശയാ അച്ഛന്? എനിക്കും അച്ഛനെ പോലെയായാല്‍ മതിയാരുന്നു

മോഹം 7:
      മനസ്സില്‍ തോന്നുന്നത് എഴുതാനേ പറ്റില്ല. പൊടിപ്പും തൊങ്ങലും ഇല്ലാതെ സിമ്പിളായി എഴുതിയാല്‍ കമന്റുകളുടെ പ്രവാഹമായി.
"മുമ്പത്തെ പോലെ ആയില്ല...."
"നിങ്ങളില്‍ നിന്ന് ഇത്രയുമല്ല പ്രതീക്ഷിച്ചത്....."

       യഥാര്‍ത്ഥത്തില്‍ ബ്ലോഗിംഗിന്റെ ആ സംതൃപ്തി ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത്ര പോപ്പുലര്‍ ആകുന്നതിനു മുമ്പെ മനോധര്‍മ്മമനുസരിച്ച് ഉള്ളില്‍ ഉറവയെടുക്കുന്ന വാക്കുകള്‍ എഴുതാമായിരുന്നു. ഇതിപ്പോള്‍ വേറെ  ആരെയോ തൃപ്തിപ്പെടുത്താന്‍ കൃത്രിമമായി വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുന്നതുപോലെ. ഇന്നലെ യാദൃശ്ഛികമായി കണ്ട ആ തുടക്കക്കാരന്റെ ബ്ലോഗിലെ കുഞ്ഞിക്കവിത പോലെ എന്തെങ്കിലും കുറിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍? അക്ഷരത്തെറ്റുകളുണ്ടെങ്കിലും എന്തൊരു ലാളിത്യവും ഭംഗിയുമാണാ വരികള്‍ക്ക്?

മോഹം 8:
    മിനിയാന്ന്  കവിത പോസ്റ്റ് ചെയ്തതില്‍ പിന്നെ ഇപ്പോള്‍ ആണ് ബ്ലോഗ് തുറന്ന് നോക്കാന്‍ അല്പം സമയം കിട്ടിയത്. വലിയ അഭിപ്രായമൊന്നും പ്രതീക്ഷിച്ചിട്ടല്ല. ഓഹോ ആദ്യത്തെ അഭിപ്രായം ആരുടെയാണ്? സുപ്രസിദ്ധ ബ്ലോഗര്‍ “നല്ലത്” എന്നെഴുതിയിരിക്കുന്നു. 2214 ഫോളോവേഴ്സ്  ഉള്ള  സ്റ്റാര്‍ ബ്ലോഗര്‍. ഹോ എന്നെങ്കിലും അതുപോലൊരു ഭാഗ്യം വരുമോ എനിക്ക്...?

Saturday, March 19, 2011

നഃ ശ്രുയതേ നഃ ദൃശ്യതേ...# 2

പൂമുഖത്ത് ഒരു ചാരുകസേരയും അതില്‍ നീണ്ടുനിവര്‍ന്ന് കിടന്ന് “ശേഖരാ” എന്നോ അകത്തേയ്ക്ക് തല തിരിച്ച് “ശാരദേ” എന്നോ നീട്ടി വിളിക്കുന്ന ഒരു തല മൂത്ത കാരണവര്‍ എല്ലാ തറവാടിന്റെയും ഒരു ലക്ഷണമായിരുന്നു. 
അല്ലെങ്കില്‍ വീട്ടിലെ എല്ലാ കാര്യങ്ങളുടെയും എല്ലാ അംഗങ്ങളുടെയും സര്‍വ വിഷയങ്ങളിലും ഇടപെട്ട് തീര്‍പ്പ് കല്പിക്കുന്ന ഒരു കാരണവര്‍. അതുമല്ലെങ്കില്‍ കൊച്ചുമക്കളോടൊപ്പം കളിക്കയും നാട്ടിലെ പൊതുവിഷയങ്ങളില്‍ താല്പര്യത്തോടെ ഭാഗഭാക്കാകുന്ന വയോധികര്‍.
ഇളം മുറക്കാര്‍ ഒക്കെയും അല്പം ഭയം കലര്‍ന്ന ബഹുമാനത്തോടെ സംസാരിക്കയും പ്രവൃത്തിക്കയും ചെയ്യുന്ന വലിയപ്പച്ചന്മാര്‍, അപ്പൂപ്പന്മാര്‍, മുത്തച്ഛന്മാര്‍. അവരുടെ കൂടെ നാല്പതും അമ്പതും അറുപതും വര്‍ഷം ജീവിതം പങ്കിട്ട, പല്ലുകൊഴിഞ്ഞ, അമ്മിഞ്ഞകള്‍ മടിവരെയെത്തുന്ന അമ്മൂമ്മമാര്‍. അവരുടെ വിറയാര്‍ന്ന സ്നേഹാന്വേഷണങ്ങള്‍. കൊച്ചുമക്കള്‍ക്ക് മധുരമൂറുന്ന കഥകളും, ബാല്യക്കാര്‍ക്ക് നേര്‍വഴികളും, യുവാക്കള്‍ക്ക് സ്വയനിയന്ത്രണത്തിന്റെ പാഠങ്ങളും ഒക്കെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന പുണ്യജന്മങ്ങള്‍.
അതിനിടയ്ക്ക് തന്നെ ഇത്തിരി കുശുമ്പും കുന്നായ്മയുമൊക്കെ പ്രക്ഷേപണം ചെയ്യുന്ന ചില കൊസ്രാക്കൊള്ളി കാരണവന്മാരും കാര്‍ന്നോത്തികളും. എന്നാലും പൊതുവേ നോക്കിയാല്‍ അവരാരും വലിയ ശത്രുതയ്ക്ക് വിത്ത് പാകുന്നവരായിരുന്നില്ല. 
ശൈശവവും ബാല്യവും കൌമാരവും യൌവനവും ചെലവിട്ട എന്റെ ഗ്രാമത്തിലെ ഓരോ ഭവനത്തിലും ഇങ്ങിനെ ഒന്നോ രണ്ടോ വയസ്സന്മാരും വയസ്സികളും ഇല്ലാത്ത വീടുകള്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം. (ഓരോരുത്തര്‍ക്കും ഞങ്ങള്‍ ഓരോ ഇരട്ടപ്പേരുകള്‍ കനിഞ്ഞ് നല്‍കിയിട്ടുമുണ്ടായിരുന്നു) ഇന്ന് തിരിഞ്ഞു ചിന്തിക്കുമ്പോള്‍ അവരെയെല്ലാവരെയും നന്ദിയോടെയല്ലാതെ ഓര്‍ക്കുക സാദ്ധ്യമല്ല. തീര്‍ച്ചയായും ഒരു നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കതയും നന്മയും നിറഞ്ഞിരുന്ന പ്രിയമനുഷ്യര്‍.
അവര്‍ നല്ല തികവോടെ ജീവിച്ച്, ആയുസ്സിന്റെ അങ്ങേയറ്റത്തെത്തി ഈ ലോകത്തില്‍നിന്നും മാറ്റപ്പെട്ടു. ഭൂരിപക്ഷം പേരുടെയും അന്ത്യം ഇങ്ങിനെയായിരുന്നു. അസുഖം കൂടിയെന്ന ഒരു വാര്‍ത്ത കേള്‍ക്കും, ദൂരെ മലബാറിലേയ്ക്കൊക്കെ വാര്‍ത്തയുമായി ബന്ധുക്കളാരെങ്കിലും പോകും, പിറ്റെദിവസം തന്നെ ദൂരെയുള്ള ബന്ധുക്കളും അകലെ കെട്ടിച്ചുവിട്ട പെണ്മക്കളുമൊക്കെയെത്തും. രണ്ടോ മൂന്നോ ദിവസം, അതിനുള്ളില്‍ അദ്ദേഹം ഇഹലോകവാസം വെടിയും. പിന്നെ അതിന്റെ അടിയന്തിരം തങ്ങളാല്‍ കഴിയുന്നതുപോലെ വീട്ടുകാര്‍ നടത്തും.
ദീര്‍ഘകാലം രോഗിയായി കിടന്നും ദുരിതമനുഭവിച്ചും എല്ലാവരുടെയും ശാപവും കുത്തുവാക്കുകളുമൊക്കെ കേട്ട മനം നൊന്ത് മരിക്കുന്നവരും ഇല്ലയെന്നല്ല, പക്ഷെ അത് വളരെ അപൂര്‍വമായിരുന്നു. 
എന്നാല്‍ ഭൂരിപക്ഷം വലിയപ്പച്ചന്മാരും മുത്തശ്ശിമാരും എല്ലാവരുടെയും സ്നേഹവും ശുശ്രൂഷയുമൊക്കെ അനുഭവിച്ച് മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയുമൊക്കെ കണ്ട്  നാട്ടുകാരുടെ പോലും സ്വാന്തനങ്ങള്‍ കേട്ടാണ് ജീവകാലത്തിന്റെ അവസാന അങ്കം തീര്‍ത്ത് രംഗം ഒഴിഞ്ഞിരുന്നത്.
അത് ഒരു തലമുറയുടെ ഭാഗ്യമായിരുന്നു. ഒരു ദേശത്തിന്റെ സാഫല്യമായിരുന്നു. ഇന്നും അത്തരം വയോവൃദ്ധരുടെ  മുഖങ്ങളും അവരുടെ ജീവിതഗാഥകളുമൊക്കെ ഓര്‍മ്മയിലുള്ള ഒരു മനുഷ്യനാണ് ഞാനും.
ഈ കാലത്ത് കേള്‍ക്കുന്ന വാര്‍ത്തകളൊന്നും മുമ്പ് കേട്ടിട്ടില്ല. ദൃശ്യങ്ങള്‍ കണ്ടിട്ടുമില്ല. വയോജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നു. എഴുപതും എണ്‍പതും അതിലേറെയും വര്‍ഷങ്ങള്‍ ഈ ലോകത്തോടും ഇതിന്റെ എല്ലാവിധ പോരാട്ടങ്ങളോടും ജയത്തോടെ എതിര്‍ത്തുനിന്ന, അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള ചിലര്‍ പോലും ആത്മഹത്യയില്‍ അഭയം തേടുന്നു. അതില്‍ ദരിദ്രരുണ്ട്, സമ്പന്നരുണ്ട്, വിദ്യാഹീനരുണ്ട്, പണ്ഡിതരുണ്ട്.
പല ദിവസങ്ങളിലെ പത്രചരമക്കോളങ്ങള്‍ ശ്രദ്ധിച്ചാലറിയാം അനേക വൃദ്ധര്‍ ഒരു മുഴം കയറിലോ ഒരു തുടം വിഷത്തിലോ ജീവിതം അവസാനിപ്പിക്കുന്നു. ഇത്രയൊക്കെ തുഴഞ്ഞ് ഈ ജീവിതസാഗരം കടന്ന് ഇവിടെവരെയെത്തിയവര്‍ ഇനി വയ്യ എന്ന് സമ്മതിച്ച് കീഴടങ്ങുന്നതെന്തുകൊണ്ട്? 
ഒരു തുള്ളി സ്നേഹം തക്കസമയത്ത് പകര്‍ന്നുകൊടുക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ മനുഷ്യര്‍ മരണത്തെ സ്വയം വരിക്കുമായിരുന്നുവോ?
അനിവാര്യസാഹചര്യങ്ങളില്‍ ഭക്ഷണത്തിന്റെയും മരുന്നിന്റെയും ട്യൂബ് ഊരിമാറ്റി ദയയോടെ കൊന്നുകൊള്ളാന്‍ സുപ്രീം കോര്‍ട്ട് അനുവദിച്ചിട്ടുണ്ടല്ലോ. നമ്മള്‍ ഈ പാവങ്ങള്‍ക്ക് സ്നേഹം പകര്‍ന്ന് കൊടുക്കുന്ന ട്യൂബുകള്‍ ഊരി മാറ്റുകയാണ്. അതുകൊണ്ടാണ് ഇവര്‍ സര്‍വായുധങ്ങളും വച്ച് കീഴടങ്ങുന്നത്. 
കമ്പോഡിയയില്‍ പോള്‍പോട്ട് എന്നയാള്‍ അധികാരത്തിലിരുന്ന സമയത്ത് കലാകാരന്മാരും സര്‍ഗശേഷിയുള്ളവരുമൊന്നും നാടിനാവശ്യമില്ലയെന്ന് പറഞ്ഞ് കൂട്ടക്കുരുതി നടത്തിയിരുന്നു, അതോടൊപ്പം തന്നെ വയസ്സായവരെക്കൊണ്ട് ഒരു പ്രയോജനവുമില്ല, പ്രൊഡക്റ്റീവ അല്ല, ചെലവു മാത്രമേ വരൂ എന്ന് പറഞ്ഞ വൃദ്ധരെയെല്ലാം വകവരുത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ഇന്നത്തെ മലയാളി സമൂഹവും തങ്ങളുടെ ധൃതിയേറിയ ഓട്ടത്തിനിടയില്‍ മുന്‍ നാളുകളില്‍ തങ്ങള്‍ക്ക് ആശയും ആശ്രയവും പ്രകാശവും പകര്‍ന്ന് തന്നിരുന്ന ഒരു തലമുറയെ അപ്രയോജനജന്മങ്ങള്‍ എന്ന് മുദ്രകുത്തി ദയാവധം വിധിക്കുകയാണ്. നിങ്ങള്‍ ഇതിന് പകരം അനുഭവിച്ചേ മതിയാവൂ. നിങ്ങള്‍ വിതച്ചത് നിങ്ങള്‍ കൊയ്യുക തന്നെ ചെയ്യും. 
“വാഴയ്ക്ക് നനയ്ക്കുമ്പോള്‍ ചേനയ്ക്കും ചെല്ലും” എന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്. എന്റെ പ്രിയ വായനക്കാരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ആര്‍ദ്രമാണ്. നിങ്ങളില്‍ നന്മയുണ്ട്. നിങ്ങളുടെ ഓരോ പോസ്റ്റുകളും വായിക്കുമ്പോള്‍ മാനുഷികതയുടെയും ചിലപ്പോള്‍ ദൈവികതയുടെയും മാനങ്ങള്‍ ഞാന്‍ കാണുന്നു. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കള്‍ ഭാഗ്യമുള്ളവര്‍. അവര്‍ക്ക് നിങ്ങളുടെ സ്നേഹവും കരുതലും ലഭിക്കുന്നു. എന്നാല്‍ അത്രത്തോളം ഭാഗ്യമില്ലാത്ത ചില ജന്മങ്ങള്‍, സ്നേഹദാരിദ്യമനുഭവിക്കുന്നവര്‍ നിങ്ങളുറ്റെ ചുറ്റിലും കണ്ടേക്കാം. ഒരല്പം സ്നേഹം, ഒരിറ്റ് കരുണ അതു മതിയാവും ആ മനസ്സുകളില്‍ ഒരു പുതിയ ബലം തളിര്‍ക്കുവാന്‍. ഒരു പുഞ്ചിരി പോലും ചാരിറ്റി ആയിത്തീരുന്ന സമയങ്ങളുണ്ട്. അതുകൊണ്ട് നിര്‍ലോപം സ്നേഹം പകരുക. ചിലപ്പോള്‍ ഒരുമുഴം കയര്‍ ഒരുക്കി വച്ചിരിക്കുന്ന ഒരു മുത്തച്ഛനെയാവും നാം വാക്കും ശബ്ദവുമില്ലാതെ പിടിച്ചിറക്കുന്നത്.



ഇനിയും ഏറെ പറയുവാനുണ്ടെങ്കിലും
ഒരു ചിന്തയ്ക്ക് വിത്തിട്ട്  ഞാന്‍
വിട ചോദിക്കുന്നു

അടുത്ത പോസ്റ്റില്‍ കാണുംവരെ
സ്വന്തം അജിത്ത്.

Thursday, March 17, 2011

പൂര്‍ണ്ണിമ- ഫോളോ അപ് പോസ്റ്റ് - 3



പൂര്‍ണ്ണിമ എന്ന കുട്ടിയുടെ  നിര്‍ഭാഗ്യാനുഭവത്തെപ്പറ്റി മുമ്പ് രണ്ട് പോസ്റ്റുകളിലൂടെ പ്രിയ കൂട്ടുകാര്‍ വായിച്ചറിഞ്ഞിരുന്നുവല്ലോ. ഇനി പ്രത്യക്ഷമായ എന്തെങ്കിലും ഒരു മാറ്റം വരുന്നുവെങ്കില്‍ മാത്രം ഫോളോ അപ് പോസ്റ്റ് ചെയ്യാമെന്ന് ഓര്‍ത്തിരിക്കയായിരുന്നു. അപ്പോഴാണ്  നിസാമോള്‍ക്ക് വേണ്ടി സാബു കൊട്ടോട്ടി ചെയ്യുന്ന എളിയ ശ്രമങ്ങളെപ്പറ്റി വായിക്കുന്നത്. നന്മയുടെ ഉറവ വറ്റാത്ത മനുഷ്യര്‍ ലോകത്തെമ്പാടുമുണ്ടെന്ന്  ഒരു ചെറു തെളിവുമായി ഈ പത്രക്കട്ടിംഗ്  പബ്ലിഷ്  ചെയ്യുന്നത് ഉചിതമെന്ന് തോന്നിയതിനാല്‍ എല്ലാവര്‍ക്കും ഒരു പ്രചോദനത്തിനായി....

സ്നേഹത്തോടെ

സ്വന്തം

അജിത്ത്.

Thursday, March 10, 2011

ന ശ്രുയതേ ന ദൃശ്യതേ...


ഓഫീസിന്റെ പുറകില്‍ സ്കാഫോള്‍ഡിങ് മെറ്റീരിയല്‍ സൂക്ഷിക്കാന്‍ ഒരു ചുറ്റുമതില്‍ പണിയുന്നത് അല്പനേരം നോക്കിനിന്നു. പലപ്രാവശ്യം ഈവക പണികള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മേസ്തിരിജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരന്‍ ഓരോ ഇഷ്ടികയെടുത്ത് വയ്ക്കുമ്പോഴും തന്റെ തൂക്കുകട്ട വച്ച് അതിന്റെ ലെവല്‍ നോക്കിയാണ് ഉറപ്പിക്കുന്നത്. ഒരു ഇഷ്ടിക എടുത്ത് വയ്ക്കും, തൂക്കുകട്ട പിടിക്കും, ഒരു തട്ട്, ഒരു മുട്ട്, തൃപ്തി ആയാല്‍ മാത്രം അടുത്ത ഇഷ്ടിക.
         തനിയാവര്‍ത്തനം പോലെ ഈ പ്രക്രിയ തുടരുന്നു. മനുഷ്യരുടെ സാധാരണ കുറുക്കുവഴിപോലെ രണ്ടുമൂന്ന് കട്ട വച്ചിട്ട് ലെവല്‍ നോക്കിയാല്‍ പോരേ എന്ന് ഞാന്‍ ആലോചിച്ചു.  വലിയൊരു പാഠം ഇവിടെ പഠിക്കുവാനുണ്ട്. നമ്മുടെ ജീവിതവും ഒരു നിര്‍മ്മാണപ്രക്രിയ ആണ്. ഓരോ ദിവസവും നാം പണിയുകയാണ്. തൂക്കുകട്ടകൊണ്ട് ശോധനചെയ്ത് വക്രതയും കോട്ടവും തീര്‍ത്ത് പണിയുന്നെങ്കില്‍ നമ്മുടെ നിര്‍മ്മാണം നേരെ നില്‍ക്കും. ചരിഞ്ഞിരിക്കുന്ന ഒരു ഭിത്തിയുടെ ചുവട്ടില്‍ ആരും നില്‍ക്കുമാറില്ല. അതിന്റെ മേല്‍ ആരും ഒരു മേല്‍ക്കൂര ഉറപ്പിക്കയുമില്ല. കേവലം ഒരു ചുവരിന്റെ കാര്യത്തില്‍ ഇത്ര ശ്രദ്ധയുള്ള മനുഷ്യര്‍ സ്വജീവിതത്തിന്റെ കാര്യത്തില്‍ എത്രമേല്‍ ശ്രദ്ധയുള്ളവരായിരിക്കണം? പക്ഷെ നേര്‍വിപരീതമാണ്  കണ്ടുവരുന്നത്. ഇത്തിരി വളഞ്ഞാലും കുഴപ്പമില്ല എന്നൊരു ചിന്ത സമൂഹത്തില്‍ വേരോടിയിട്ടുണ്ട്. അതില്‍ അല്പം മനസ്സാക്ഷിക്കുത്തുള്ളവര്‍ പോലും “പിന്നെ ശരിയാക്കാം” എന്ന് ഒഴിവുകഴിവ് പറയുകയും ചെയ്യും. എന്നാല്‍ പിന്നെ ശരിയാക്കല്‍ നടക്കുന്ന കാര്യമല്ല. നാളെ ചെയ്യാനുള്ളത് ഇന്നേ ചെയ്യുക, ഇന്ന് ചെയ്യാനുള്ളത് ഇപ്പോഴേ ചെയ്യുക എന്നത് സ്വജീവിതത്തിന്റെ സംശുദ്ധി വര്‍ദ്ധിപ്പിക്കുന്ന വിഷയത്തില്‍ ഒരു നടമുറക്രമമാക്കുകയാണെങ്കില്‍ അവനവന്റെയും അവനോട് സംസര്‍ഗം ചെയ്യുന്നവന്റെയും ജീവിതം ഉത്കൃഷ്ടമാകുമല്ലോ.
           മനുഷ്യര്‍ സ്വസ്നേഹികളായിത്തീരുന്നതാണ് ഒരു സമൂഹത്തെ ബാധിക്കവുന്ന ഏറ്റവും വലിയ ജീര്‍ണ്ണത എന്ന് തോന്നുന്നു. മറ്റ് ദുഃസ്വഭാവങ്ങളൊക്കെ സ്വാര്‍ത്ഥതയെന്ന ചീഞ്ഞ തായ് വേരില്‍ നിന്ന് ഭൂമിയുടെ പുറത്തേയ്ക്ക് കാണപ്പെടുന്ന ഫലങ്ങളാണ്. പല സമയങ്ങളിലും നാം ദുഷ്ഫലത്തെയാണ് കാണുന്നതും വിമര്‍ശിക്കുന്നതുമെല്ലാം. എന്നാല്‍ തായ്‌വേരിനല്ലേ കോടാലി വയ്കേണ്ടത്?
          മുപ്പത് വര്‍ഷമായി ഞാന്‍ കേരളത്തിലെ സ്ഥിരതാമസം വിട്ടിട്ട്. ഇപ്പോള്‍ ആകെയുള്ള ബന്ധം ദൈനംദിനമുള്ള പത്രവായനയും മറ്റു വാര്‍ത്തകളും വര്‍ഷത്തിലെ ഒരു മാസ അവധിയില്‍ കാണുന്ന കാഴ്ച്ചകളുമാണ്. എന്നാല്‍ ഇന്ന് കേള്‍ക്കുന്ന പല സംഭവങ്ങളും മുമ്പ് കേട്ടിട്ടില്ല, ഇന്ന് കാണുന്ന പല കാഴ്ച്ചകളും മുമ്പ് കണ്ടിട്ടില്ല.
          ഒരു പരിഷ്കൃതസമൂഹത്തില്‍ ഒരിക്കലും കാണരുതാത്ത, കേള്‍ക്കരുതാത്ത ദുഷ് ചെയ്തികളാണ് ദൈനംദിനം പത്രങ്ങളില്‍ അടിച്ച് വരുന്നത്. വായിച്ചാല്‍ ഹൃദയം നുറുങ്ങുന്ന ദുഃഖവാര്‍ത്തകള്‍. രക്തം തിളയ്ക്കുന്ന അധര്‍മ്മവാര്‍ത്തകള്‍, രോഷം തോന്നുന്ന  കുറ്റകൃത്യങ്ങള്‍, നൂറ് രൂപ മുതല്‍ അനേകകോടി വരെയെത്തുന്ന അഴിമതിക്കഥകള്‍.
           ഈയിടെ പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത കണ്ട് കുറെ സമയത്തേയ്ക്ക് തരിച്ചിരുന്നുപോയി. അല്പമെങ്കിലും കരളലിവുള്ളവര്‍ ഈ വാര്‍ത്ത വായിച്ചാല്‍ അവരുടെ എല്ലാവരുടെയും അനുഭവം ഇതുതന്നെയായിരിക്കും എന്നത് നിശ്ചയം. പലവിധതിരക്കുകള്‍ക്കിടയില്‍ വാര്‍ത്ത ശ്രദ്ധിക്കാതെ പോയവര്‍ ഇതൊന്ന് വായിച്ചു നോക്കുക.
         പ്രാണവേദനയോടെ ഒരിറ്റ് വെള്ളം ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ആരുമില്ലാതെ പോയത്രെ. ഒരു നാടകം കാണുന്ന ലാഘവത്തോടെ എല്ലാവരും നോക്കിനിന്നു. ഇത് കേരളത്തിലാണോ നടക്കുന്നത്? എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഒരു കാക്കയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ മറ്റ് കാക്കകളൊക്കെ കരഞ്ഞുകൊണ്ട് കൂട്ടം കൂടുന്നത് നാം കാണുന്നുണ്ട്. ഒരു വിശേഷബുദ്ധിയുമില്ലാത്ത ഉറുമ്പുകള്‍ പോലും ഒന്നിന് അപകടം പറ്റിയാല്‍ മറ്റുറുമ്പുകളൊക്കെ ഒരു നിമിഷം മൌനത്തോടെ പ്രാര്‍ത്ഥിക്കുന്നത് കാണാം. ആ അല്‍പ്പപ്രാണികള്‍ക്കുള്ള മനസ്സലിവ് പോലും മനുഷ്യര്‍ക്കില്ലാതെ പോകുന്നത് കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ തൂക്കുകട്ട നോക്കി കോട്ടവും വളവും വക്രതയും തീര്‍ക്കാത്തതുകൊണ്ടല്ലേ?  ഇപ്പോള്‍ ഇങ്ങനെ ഈ ദയാരാഹിത്യം കാണിക്കുന്നവരൊക്കെ ഒരു കാലത്ത് ശിശുവായും ബാലനായും യുവാവായും മദ്ധ്യവയസ്കനായും ആണിവിടെ വരെയെത്തിയത്. കതിരിന്മേല്‍ ഇനി വളം വച്ചിട്ട് കാര്യമില്ല. ഇനിയും വളര്‍ന്ന് വരുന്നുണ്ടല്ലോ നമ്മുടെ കുട്ടികള്‍. അവരെ നമുക്ക് കാരുണ്യത്തിന്റെയും ദയയുടെയും പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് വളര്‍ത്താം. അല്ലെങ്കില്‍ ഇനി വരുന്ന കാലങ്ങള്‍ ഇത്ര പോലും നന്മയുള്ളതായിരിക്കില്ല. ഓരോ നിലവിളിയും നമ്മോട് പറയുന്നത്  ഇതു തന്നെയാണ്.

Saturday, February 26, 2011

ദൂരെ നിന്ന് അനേകകരങ്ങള്‍

പൂര്‍ണിമ  എന്ന നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടിയുടെ  അനുഭവം വായിച്ച് പല പ്രിയപ്പെട്ടവരും മെയില്‍ അയക്കയും അനേകതരത്തിലുള്ള സഹായവാഗ്ദാനങ്ങള്‍ അറിയിക്കയും ചെയ്തു. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി. ഇന്നലെ ശ്രീ.ഷാഹുദീന്‍ മാസ്റ്ററുമായി ടെലിഫോണില്‍ ആ കുട്ടിയുടെ ഇപ്പോഴത്തെ നില എന്തെന്ന് അന്വേഷിച്ചു. കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ ആണ്. പേസ് മേക്കര്‍ വാങ്ങിയിട്ടില്ല ഇതുവരെ. കഴുത്തിനു താഴേയ്ക്ക് ഒരുവിധ ചലനങ്ങളുമില്ലാതെ ശേഷജീവിതകാലം - ഒരു മിറക്കിള്‍ സംഭവിച്ചില്ലെങ്കില്‍ - അങ്ങിനെയാണ്  മാസ്റ്റര്‍ പറഞ്ഞത്. സംസാരിച്ച് ഫോണ്‍ വച്ച ഉടനെ എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് “ഒരു നുറുങ്ങ്  ഹാരൂണ്‍ സാഹിബി”ന്റെ മുഖമാണ്.  പ്രത്യാശയും സമാധാനവും പകരുന്ന സംഭാഷണത്തിലൂടെ പലരെയും ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരുവാന്‍ തക്കവണ്ണം തന്റെ മനസ്സും സ്നേഹവും അര്‍പ്പിച്ച പ്രിയസുഹൃത്ത്.  പക്ഷെ അദ്ദേഹം ഹൃദയസംബന്ധമായ ഒരു ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണല്ലൊ. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി പിന്നെ പറയുന്നതാണ് ഉചിതമെന്ന് തോന്നുന്നു.
ഷാഹുദീന്‍ മാസ്റ്റര്‍ പറഞ്ഞ ഒരു കാര്യം എന്നെ വളരെ ചിന്തിപ്പിച്ചു. “നമുക്കൊക്കെ എന്തു ചെയ്യാനാവും? ഇങ്ങിനെ ചില സഹായങ്ങള്‍ ചെയ്കയെന്നതല്ലാതെ?” ഇനി ആ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ തന്റെ ഉപജീവനമാര്‍ഗം ഉപേക്ഷിച്ച് ആ കുട്ടിയുടെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ ഇരിക്കേണം. നമുക്ക് ചിന്തിക്കാവുന്നതേയുള്ളു കാര്യങ്ങളൊക്കെ. ഫണ്ട് വലിയ പ്രയാസമില്ലാതെ വരുന്നു എന്നും ആയിരത്തിലധികം ഫോണ്‍ കോളുകള്‍ സാറിനു വന്നുവെന്നും അറിയിച്ചു. അതില്‍ പ്രത്യേകം ഓര്‍ത്തിരിക്കുന്ന ഒരു പേര്‍ സാര്‍ പറയുകയുണ്ടായി. നമുക്ക് പലര്‍ക്കുമറിയാം അദ്ദേഹത്തെ. വി.പി. ഗംഗാധരന്‍, സിഡ് നി 
കാണാമറയത്തുനിന്ന് കരുണയുടെയും സഹാനുഭൂതിയുടെയും രണ്ടായിരം കരങ്ങള്‍. ആരു പറഞ്ഞു മനുഷ്യത്വം മരിച്ചുപോയെന്ന്? ആരു പറഞ്ഞു ലോകം സ്വാര്‍ത്ഥരുടേത് മാത്രമാണെന്ന്? ആരാണ് പറയുന്നത് ഈ ലോകത്ത് നല്ലവരില്ലയെന്ന്? 


എല്ലാവര്‍ക്കും നന്മ ആശംസിച്ചുകൊണ്ട്.....
ഷാഹുദീന്‍ മാസ്റ്റര്‍ പറഞ്ഞതുപോലെ മിറക്കിളുകള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്.....
ഒത്തിരിയൊത്തിരി സ്നേഹത്തോടെ.....

സ്വന്തം,
അജിത്ത്.

Thursday, February 17, 2011

ടൈം ഈസ് മണി

ടൈം ഈസ് മണി
എന്നും അയാളുടെ ആപ്തവാക്യം അതായിരുന്നു
നഗരത്തിലെ ഏറ്റവും വിജയിയായ ബിസിനസ് കാരനായത് വെറുതെയല്ലല്ലോ
വളരെ കൃത്യതയോടെയും കണിശത്തോടെയും ആയിരുന്നു അയാളുടെ ഓരോ നീക്കവും
അണുവിട തെറ്റാതെ എല്ലാം നടക്കണമെന്നത് ദുഃശ്ശാഠ്യം കലര്‍ന്ന ഒരു തരം വാശിയായിരുന്നു അയാള്‍ക്ക്  

കുടുംബത്തിന് പോലും അയാള്‍ ക്ലിപ്തമായ സമയം ഒതുക്കി 

ഭാര്യയുടെ പരിദേവനങ്ങളും പരിഭവങ്ങളുമൊന്നും അയാളെ തെല്ലും ഏശിയില്ല 

ഒരേയൊരു മകളുടെ കൊഞ്ചിച്ചിണുങ്ങലിനും അയാളുടെ സമയനിഷ്ഠയില്‍ മാറ്റമൊന്നും വരുത്താന്‍ കഴിഞ്ഞില്ല 

എങ്ങനെ സമയം ലാഭിക്കാമെന്നതായിരുന്നു അയാളുടെ ഏറ്റവും പ്രിയപ്പെട്ട ഗവേഷണവിഷയം മിനിട്ടുകളേയും സെക്കന്റുകളേയും മിച്ചം പിടിച്ച് പണമാക്കിമാറ്റുക 

അയാളുടെ ഓഫീസ് നാലാം നിലയിലായിരുന്നു 

ലിഫ്റ്റില്ലാത്ത ആ ഓഫീസില്‍ പടികള്‍ കയറിയും ഇറങ്ങിയും എത്ര സമയമാണ് നഷ്ടം 

വളരെ തിരഞ്ഞതിനു ശേഷം വീടിനടുത്തുതന്നെ ലിഫ്റ്റുള്ള ഒരു ഓഫീസ് അയാള്‍ക്ക് ലഭിച്ചു 

സെക്കന്റുകള്‍ക്കുള്ളില്‍ ഓഫീസില്‍ വരാനും പോകാനും കഴിയുന്നതോര്‍ത്ത് ഒരു വിജീഗിഷുവിനെപ്പോലെ അയാള്‍ ചിരിച്ചു 

എന്നാല്‍ അതിന്റെ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല 

ലിഫ്റ്റിനു പോലും ചിലപ്പോള്‍ നിമിഷങ്ങള്‍ താമസം അയാള്‍ തലപുകഞ്ഞാലോചിച്ചു 


അത്യാവശമായി ഒരു കക്ഷിയെ കാണാന്‍ അയാള്‍ ധൃതിയില്‍ എഴുന്നേറ്റ് ഓഫീസിനു പുറത്തിറങ്ങി 

“നാശം പിടിച്ച ലിഫ്റ്റ്” 

അയാള്‍ കോപത്തോടെ മുരണ്ടു 

“ഒരത്യാവശ്യം വന്നാല്‍ കാണുകയില്ല” 

അയാള്‍ അക്ഷമയോടെ ചുവടുകള്‍ വച്ചു ജനലഴികളില്‍ പിടിച്ചുകൊണ്ട് താഴേയ്ക്ക് നോക്കി 

പെട്ടെന്ന് അയാളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി 

താഴെ പാര്‍ക്കിംഗ് ലോട്ടില്‍ തന്റെ പ്രിയപ്പെട്ട കാര്‍ ഉച്ചവെയിലേറ്റ് ആലസ്യത്തോടെ മയങ്ങുന്നു 

വലയ്ക്കുന്ന ഒരു പ്രശ്നത്തിനു ശാശ്വതപരിഹാരം കണ്ടതുപോലെ പിന്നെയുള്ള അയാളുടെ ചലനങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു 

അയാള്‍ ബാല്‍ക്കണിയുടെ കൈവരിയിലേയ്ക്ക് കയറി 

നാലുനിലകള്‍ക്ക് താഴെ തന്റെ കാര്‍ എത്രയും വേഗം വേണ്ടിടത്ത് തന്നെയെത്തിക്കുന്ന തന്റെ പ്രിയവാഹനം കാത്തുകിടക്കുന്നു 

എത്രയും വേഗം
എത്രയും വേഗം 
അയാള്‍ കൈകള്‍ വിരിച്ച് താഴേയ്ക്ക് കുതിച്ചു

Wednesday, February 9, 2011

ഓരോ നിലവിളിയും നമ്മോട് പറയുന്നത്..

ഒരു സ്വപ്നത്തിന്റെ മദ്ധ്യത്തിലാണോ എന്ന് രഘുനന്ദനന് അപ്പോഴും തീര്‍ച്ചയില്ലായിരുന്നു. നിസ്സഹായതയുടെ നിലവിളി തൊണ്ടയില്‍ കുരുങ്ങുന്നത് യാഥാര്‍ത്ഥ്യമോ സ്വപ്നമോ? തീര്‍ച്ചയില്ല. ചതുപ്പിലേയ്ക്ക് താഴ്ന്ന് പോവുകയാണ്.

കൈകള്‍ മാത്രമാണ് ചലിപ്പിക്കാവുന്നത്. ഇഞ്ചിഞ്ചായി മരണത്തിലേയ്ക്ക് താഴുന്നത് സംഭ്രമത്തോടെ രഘു മനസ്സിലാക്കി. കയ്യുയര്‍ത്തി രഘു വിളിച്ചുകൂവി, ശബ്ദം പുറത്തേയ്ക്ക് വരുന്നില്ലല്ലോ. അധരങ്ങള്‍ മാത്രം ചലിക്കുന്നു. പക്ഷെ ശബ്ദമില്ല.

ചുറ്റും നിന്ന് കാണുന്നവര്‍ ഇതൊന്നും അറിയുന്നില്ലേ? എന്താണാരുമൊന്ന് കയ്യില്‍ പിടിച്ച് വലിക്കാത്തത്? രഘു ഉറക്കെ കരഞ്ഞു. പിന്നെ കണ്ണുകള്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ സ്വപ്നമായിരിക്കും.

മുമ്പ് എത്ര തവണ ചതുപ്പില്‍ താഴ്ന്നു പോകുന്നത് സ്വപ്നം കണ്ടിരിക്കുന്നു. കുറുകിയ ഒരു നിലവിളിയോടെ അവസാനിക്കുന്ന ദുഃസ്വപ്നങ്ങള്‍. രാധികയുടെ കൈ അപ്പോള്‍ ചെറുബലത്തോടെ ചുറ്റിവരിഞ്ഞ് ആശ്വസിപ്പിക്കുകയും ഒരു മിനിട്ടിനു ശേഷം ഗാഡനിദ്രയിലേയ്ക്ക് മടങ്ങുകയും ചെയ്യും. ആരുഷി ഇതൊന്നുമറിയാതെ ഉറക്കം തുടരും.

രഘുവിന് രാധികയെയും ആരുഷിയെയും ഇപ്പോള്‍ തന്നെ കാണണമെന്ന് തോന്നി. ഇന്നെന്താണ് രാധികയുടെ കരം തന്നെ ചുറ്റാനെത്താത്തത്?

രഘു കണ്‍ പോളകള്‍ വലിച്ചെന്ന പോലെ തുറന്നു. ഒന്നും വ്യക്തമാകുന്നില്ല. രാത്രിയല്ലല്ലോ ഇത്. ഇരുട്ടുമില്ല. രാധികയുമില്ല, ആരുഷിയുമില്ല.

രഘുവിനു ശരീരമാസകലം നീറ്റലെടുക്കുന്നതുപോലെ തോന്നി. കാല്‍ ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കയ്യെടുക്കാന്‍ മെല്ലെ സാധിച്ചു. തലയുടെ ഇടതുവശം ടാറിട്ട റോഡില്‍ ഒട്ടിപ്പിടിച്ചതുപോലെയിരിക്കുന്നു. അല്‍പ്പമൊന്നുയര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്താണിതെന്ന് നോക്കാമായിരുന്നു.

ഓരോ ചലനശ്രമവും വേദനയുടെ കൂര്‍ത്ത മുള്ളുകള്‍  ശരീരമാസകലം ആഴ്ത്തുന്നതുപോലെ. ഇത് തന്റെ ശരീരം തന്നെയാണോ? അതോ വേറാരെങ്കിലും അയാളുടെ വേദനയെപ്പറ്റി പറയുകയാണോ?  തന്റെ ശരീരമാണെങ്കില്‍ ഇതിനെന്താ ഒട്ടും ഭാരമില്ലാത്തത്? ഇടത് കാല്‍ അനക്കുവാന്‍ വയ്യ. അനക്കുവാന്‍ വിചാരിക്കുമ്പോള്‍ തന്നെ വേദനയുടെ പുതിയ മുഖങ്ങള്‍ കാണുന്നു. വലതുകാല്‍ മരച്ചുപോയോ? ഉണ്ടെന്ന് തന്നെ തോന്നുന്നില്ലല്ലോ.

പാതി തുറന്ന കാഴ്ച്ചയിലൂടെ രഘു നോക്കി. ചോരയില്‍ കുളിച്ചാണ് താന്‍ കിടക്കുന്നതെന്ന് ഒരു ഞെട്ടലോടെ രഘു അറിഞ്ഞു. വലതുകാല്‍ ആ കിടപ്പില്‍ കാണുക സാദ്ധ്യമല്ല. എന്താണു സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു.

മനസ്സില്‍ ഒരു  ഏകാഗ്രതയുമില്ലാത്തപോലെ രഘുവിനു തോന്നി. ചിന്തകള്‍ക്കൊന്നും ക്രമമില്ല. ഓഫീസിലേയ്ക്ക് പോവുകയാണോ? അല്ലല്ലോ. ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ തോമസിനോടും ബാബുവിനോടും യാത്രപറഞ്ഞത് ഓര്‍മ്മ വരുന്നു. ശരിയാണ്. അഞ്ചുമണി കഴിഞ്ഞു ഇറങ്ങുമ്പോള്‍. രാധിക ഫോണ്‍ ചെയ്തെന്താ‍ണു പറഞ്ഞത്? നിവിയ ഫേസ് ക്രീം വാങ്ങിയല്ലൊ. അത് ബൈക്കിന്റെ സൈഡ് ബോക്സില്‍ വച്ചതും ഓര്‍മ്മ വന്നു.

യെസ്, ഇപ്പോള്‍ എല്ലാം ഓര്‍മ്മ വരുന്നു. നാളെ ആരുഷിമോളുടെ നാലാം പിറന്നാള്‍. ടെഡി ബിയര്‍ വാങ്ങി ഗിഫ്റ്റ് പാക്ക് ചെയ്തു വാങ്ങി ഹൈവേയിലേക്ക് ഇറങ്ങുമ്പോഴാണ്...ഇറങ്ങുമ്പോഴാണ് ..

ഓ, ദൈവമേ ദൈവമേ, അപകടത്തില്‍ പെട്ട് പരിക്കേറ്റ് വഴിയില്‍ കിടക്കുകയാണ് ഞാന്‍.  മൊട്ടത്തലകാബിനുള്ള ടിപ്പര്‍, ഓറഞ്ച് വര്‍ണ്ണമുള്ള ടിപ്പര്‍. അത് ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്ത് പാഞ്ഞു വരുന്നത് കണ്ടിരുന്നുവല്ലോ.

പറ്റുന്നിടത്തോളം ഒതുക്കിക്കൊടുത്തിട്ടും തനിക്ക് നേരെ പാഞ്ഞുവരുന്ന ലോറി കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്ന അരനിമിഷത്തില്‍ കണ്ണിലുടക്കിയ ആ പേര് എന്തായിരുന്നു?  ഏതോ യുഗാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നെന്ന പോലെ ആ പേര് ഓര്‍മ്മയിലേയ്ക്ക് തിരിയെ കൊണ്ടുവരാന്‍ ശ്രമിക്കുംതോറും രഘുവിന് ആ പേര്  ഒരു വിചിത്രരഹസ്യം പോലെ തോന്നി. പിന്നെ മെല്ലെ തെളിഞ്ഞു വന്നു. അതെ, അതുതന്നെ “കോര്‍ണര്‍ സ്റ്റോണ്‍ കണ്‍സ്ട്രക്ഷന്‍” ആ പേര്‍ ഇനി മറക്കരുത്. പോലീസും കേസുമൊക്കെ വരുമ്പോള്‍ ആവശ്യമാകും. രഘു മനസ്സില്‍ തീരുമാനിച്ചു.

ഇനി സമയം കളയാനില്ല. എങ്ങിനെയും എഴുന്നേറ്റ് പോവുക തന്നെ. വീട്ടിലെത്തണം. ആരുഷിയുടെ പൊന്മുഖം കാണണം, രാധികയുടെ അടുത്തേയ്ക്ക് പറന്നെത്തുവാന്‍ രഘു വെമ്പല്‍ കൊണ്ടു. ഒരു സ്നേഹപ്രവാഹം പെട്ടെന്നുറവയെടുത്തപോലെ. അതിന്റെ ശക്തിയില്‍ രഘു തല ഉയര്‍ത്തി. തന്റെ ശരീരത്തിലേയ്ക്ക് നോക്കിയ രഘുവിനു കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി.

വലതുകാല്‍ മുട്ടിനു താഴേയ്ക്ക് ഒന്നും കാണുന്നില്ല. കുറെ ദൂരത്തോളം രക്തവും മാംസവും പാന്റ്സിന്റെ തുണിയും ചേര്‍ന്ന് റോഡില്‍ അരഞ്ഞു ചേര്‍ന്നത് തന്റെ ശരീരത്തിന്റെ ഒരു ഭാഗമാണെന്ന് രഘു അറിഞ്ഞു. ഇടത് കണങ്കാലിലെ മാംസം തുളച്ച് ഒരസ്ഥിക്കഷണം പുറത്തേയ്ക്ക് വന്നിരിക്കുന്നു. തല വച്ച് കിടന്ന ഭാഗത്ത് രക്തം തളം കെട്ടി ഒരു ചാലിട്ട് ഒഴുകിത്തുടങ്ങി.

സ്വയം ഒരു ചലനം സാദ്ധ്യമല്ല എന്ന് രഘുവിനു ബോദ്ധ്യമായി. ഇനിയാരെങ്കിലും സഹായിച്ചാലല്ലാതെ  രക്ഷപ്പെടുക വയ്യ. സഹായഹസ്തത്തിനായി രഘു ആശയോടെ കാത്തുകിടന്നു, വേദനയില്‍ പുളഞ്ഞുകൊണ്ട്.

ഒരു കാര്‍ വരുന്നുണ്ട്. എന്തായാലും കണ്ടിട്ടുണ്ടാകണം, സ്ലോ ചെയ്യുന്നുണ്ടല്ലൊ. ആ കാര്‍ അടുത്ത്  നിര്‍ത്തുമ്പോള്‍ മരണവേദനയിലും  രഘുവിന്റെ ഉള്ളൊന്ന് ആശ്വസിച്ചു. എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു രഘു.  പക്ഷെ  ഒരു വികൃതശബ്ദം മാത്രം വെളിയിലേക്ക് വന്നു.  ആ കാറില്‍ രണ്ട് യുവാക്കള്‍ ഉണ്ടായിരുന്നു. രഘു ദയനീയമായി അവരെ നോക്കി. എന്താണവര്‍ ഇറങ്ങിവരാത്തത്? എന്ത് കൊണ്ടാണവര്‍ മുഖാമുഖം നോട്ടങ്ങളെറിഞ്ഞ് സമയം പാഴാക്കുന്നത്? എത്രയും വേഗം ഹോസ്പിറ്റലിലെത്തിച്ചില്ലെങ്കില്‍ രക്തം വാര്‍ന്ന് ഇയാള്‍ മരിക്കുമെന്ന് അവര്‍ക്കറിയില്ലെ?

രഘുവിന് എല്ലാം പറയണമെന്നുണ്ട്. കീറിമുറിഞ്ഞ് നീരു വന്ന് വീര്‍ത്ത ചുണ്ടുകള്‍ തുറക്കാന്‍പോലും കഴിയാ‍തെ , രക്ഷിക്കണേ എന്നൊന്ന് പറയാന്‍ പോലും ആവാതെ രഘു കണ്ണിരൊഴുക്കി.

“എടാ, വേണ്ടാത്ത വയ്യാവേലിയൊന്നും എടുത്ത് തലേല് വയ്ക്കണ്ടാ. പിന്നെ പോലീസ് സ്റ്റേഷന്‍ കേറി നടക്കാനൊന്നും എന്നേക്കൊണ്ട് വയ്യ, നീ വണ്ടി വിട്...”

ഇറങ്ങാന്‍ ശ്രമിച്ച യുവാവിനോട് കൂട്ടുകാരന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ആ കാര്‍ ഒരു സീല്‍ക്കാരത്തോടെ പാഞ്ഞുപോയി. രഘുവിന് സങ്കടവും വേദനയും സഹിക്കവയ്യാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

കടന്നുപോകുന്ന ഓരോ നിമിഷത്തിനും വല്ലാത്ത നീളമെന്ന് രഘുവിനു തോന്നി. തന്റെ ജീവരക്തമാണ് ഈ ചാലിട്ടൊഴുകിപ്പോകുന്നതെന്നും ഇനി അധികനേരം ഇതു തടര്‍ന്നാല്‍ പിന്നെ ഒരിക്കലും രാധികയെയും ആരുഷിയെയും കാണുകയുണ്ടാവില്ലെന്നും വിഹ്വലതയോടെ രഘു ഓര്‍ത്തു.

ദൂരെ നിന്ന് രണ്ടുപേര്‍ നടന്നുവരുന്നത് രഘു പ്രത്യാശയോടെ നോക്കി. അവര്‍ അടുത്തുവന്നു. കൌമാരം കടന്ന് യുവത്വത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍. വിദ്യാര്‍ത്ഥികളാവാം.

എന്തൊക്കെയോ പറഞ്ഞും ചിരിച്ചും വന്ന അവര്‍ പെട്ടെന്ന് രഘുവിനെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഒട്ടുനേരം സ്തബ്ധരായ ചെറുപ്പക്കാര്‍ മാറിനിന്ന് തമ്മില്‍ കുശുകുശുക്കുന്നത് എന്തെന്ന് രഘുവിനു മനസ്സിലായില്ല. പക്ഷെ അവര്‍ നടന്ന് അടുത്തപ്പോള്‍ രഘു എഴുന്നേല്‍ക്കാനും അവരുടെ രക്ഷാശ്രമം കഴിയുന്നതും എളുപ്പമാക്കുവാനും മാനസ്സികമായി ഒരുങ്ങി.

ഒരു ലോജിക്കുമില്ലാതെ ആ നിമിഷം രഘുവിന്റെ മനസ്സിലേയ്ക്ക് അമ്മയുടെ രൂപം കടന്നുവന്നു. എട്ട് വര്‍ഷങ്ങളായി അമ്മ മരിച്ചിട്ട്. ഇപ്പോളെന്താണോര്‍ക്കാന്‍?

മെലിഞ്ഞ് ഉയരം കൂടിയ കുട്ടിയാണ് ആദ്യം സമീപത്തെത്തിയത്. പക്ഷെ രഘുവിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി അവന്‍ ആദ്യം തന്നെ തപ്പിയത് ഷര്‍ട്ടിന്റെ പോക്കറ്റ് ആണ്. മൊബൈലും കടയില്‍ നിന്നു ബാക്കി കിട്ടിയപ്പോള്‍ ധൃതിയില്‍ പോക്കറ്റില്‍ വച്ച രൂപയും അവന്‍ എടുത്തു. ഷര്‍ട്ടിനടിയില്‍ അവന്റെ കൈകള്‍ പരതുന്നത് മാലയുണ്ടോ എന്നാണെന്ന് രഘുവിന് മനസ്സിലായി.

മറ്റെ പയ്യന്‍ ബൈക്കിന്റെ ബോക്സ് തെരയുകയാണ്. മങ്ങിയ കാഴ്ച്ചയില്‍ അവന്‍ ടെഡി ബിയറിനെ എടുത്തെറിയുന്നത് വിങ്ങലോടെ രഘു കണ്ടു. എല്ലാം പൊയ്ക്കോട്ടെ, എന്നാലും ആശുപത്രിയിലൊന്നെത്തിക്കണേ എന്ന് രഘു നിശ്ശബ്ദം പ്രാര്‍ത്ഥിച്ചു. പറയണമെന്നുണ്ട്; കഴിയുന്നില്ല. ആംഗ്യമെങ്കിലും കാണിക്കണമെന്നുണ്ട്.

ഓ... രഘുവിനു കരച്ചില്‍ വന്നു.

ഈ വൈകിട്ട് വരെ തന്റെ ഇഷ്ടപ്രകാരം ചലിച്ചിരുന്ന തന്റേതെന്ന് അഭിമാനത്തോടെ ചിന്തിച്ച ഈ അവയവങ്ങളൊന്നും തന്റെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കുന്നില്ലെന്നത് അവന്  ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

തിരച്ചില്‍ കഴിഞ്ഞ് കിട്ടാവുന്നതെല്ലാം കൈക്കലാക്കി രണ്ട് കുട്ടികളും നടന്നകന്നപ്പോള്‍ രഘു നെഞ്ചുപിളര്‍ക്കെ കരഞ്ഞു.  വേദനയെക്കാള്‍ മനസ്സ് തകര്‍ന്നത് ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്നതിലുള്ള സങ്കടവും കണ്ടിട്ട് മുഖം തിരിച്ച് പോകുന്ന മനുഷ്യരുടെ ക്രൂരതയും ഓര്‍ത്തപ്പോഴാണ്.

അനിവാര്യമായ മരണത്തെ കാത്ത് രഘു കിടന്നു. വേദനകള്‍ക്ക് കുറവ് വരുന്നത് അവന് അനുഭവപ്പെട്ടു. അത് വേദനയുടെ കുറവല്ല മരണം മെല്ലെ കടന്നു വരുന്നതാണെന്നും അവനറിഞ്ഞു. പ്രതീക്ഷകള്‍ വറ്റുന്നതും ഈ ഭൂമിയില്‍ തന്റെ സമയരഥയാത്ര അവസാനിക്കാന്‍ പോകുന്നതും അവനറിഞ്ഞു.

സ്മൃതിയ്ക്കും വിസ്മൃതിയ്ക്കും ഇടയില്‍ സഞ്ചാരം തുടരുന്ന മനവും ചിന്തയും ഇനി തന്റേതല്ലെന്ന് രഘു തിരിച്ചറിഞ്ഞു.

മുഖത്ത് ഒരു നനുത്ത സ്പര്‍ശമേറ്റപ്പോള്‍ കൂമ്പിയടഞ്ഞ കണ്ണുകള്‍ ബദ്ധപ്പെട്ട് തുറന്ന് രഘു നോക്കി. മടങ്ങിക്കിടക്കുന്ന ചെവികളും കുഞ്ഞിക്കണ്ണുകളുമാ‍ണ് ആദ്യം കണ്ടത്. ഏറ്റവും വെറുപ്പും ഭയവുമുണ്ടായിരുന്ന ജന്തു; ഒരു തെരുവ് നായ് തന്റെ മുഖം നക്കിത്തുടയ്ക്കുന്നത് രഘു അതിരറ്റ ആശ്വാസത്തോടെ അനുഭവിച്ചു. ദൈവം അയച്ച ഒരാശ്വാസമാണോ ഇത്?

ഇനി യൊരു ചോദ്യത്തിനും ആരും ഉത്തരം പറയാന്‍ ഇല്ലെന്ന്  രഘുവിനറിയാം. അല്ലെങ്കിലും ഇനി ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. സ്മരണകള്‍ അവസാനിക്കാനുള്ള അവസാന നിമിഷങ്ങളില്‍ രാധികയേയും ആരുഷിയേയും ഓര്‍ത്തെടുക്കാന്‍ അല്‍പ്പം ബാക്കിയുള്ള ബോധത്തോടെ രഘു ശ്രമിച്ചു.

ഇല്ല ആ മുഖങ്ങള്‍ വരുന്നില്ല. എങ്ങിനെയാണ് അവരുടെ രൂപം? ആരുഷിയുടെ മുഖം എങ്ങിനെയാണ്? മഞ്ഞുപാളികള്‍ക്കിടയിലൂടെ കാണുന്ന അവ്യക്തരൂപം പോലെ അവര്‍.

പിന്നെ ഒരു മുഖം; മാറോട് ചേര്‍ത്തണയ്ക്കുന്ന അമ്മയുടെ മുഖം. കൂടുതല്‍ മിഴിവോടെ തെളിയുന്നു. സ്വപ്നമാണോ ഇത്?

രഘുനന്ദനന് ഇനിയൊന്നിന്റെ മേലും നിയന്ത്രണങ്ങളില്ല. തന്റെ ചിന്തയുടെ മേല്‍ പോലും.

അമ്മ വാരിയെടുക്കുന്നു, "മോനെ എന്റെ കുട്ടാ, നിന്നോട് ഓടരുതെന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ? മോനെ അമ്മച്ചീടെ ചക്കരവാവ വീണോടാ, ആ കല്ലിന് ഞാന്‍ നല്ല അടി കൊടുക്കുന്നുണ്ട് ട്ടോ"

നെറ്റിയില്‍ പതിയുന്ന ഒരു മുത്തം. കണ്ണീരും വേദനയുമെല്ലാം അലിഞ്ഞുപോകുന്ന ഒരു ചക്കരമുത്തം,

അമ്മ കല്ലിനെ അടിക്കുന്നു. "എന്റെ കുട്ടനെ വീഴിച്ചോടാ..."

ഓ... രഘുനന്ദനനു സമാധാനമായി. അമ്മ ടിപ്പര്‍ ലോറിയെ അടിക്കുന്നു. എന്താ അതിന്റെ പേര്? ഏതോ സ്റ്റോണ്‍ അല്ലെ?

അമ്മയോട് പറയാം അമ്മ ലോറിയെ ഒന്ന് വഴക്ക് പറയട്ടെ,

അപ്പോള്‍ വേദനയും കരച്ചിലുമൊക്കെ പോകുമല്ലോ.

ഓമനത്തിങ്കള്‍ക്കിടാവോ... ങൂഹും ങൂ ങൂ ഹു ഹും ങൂ..

അമ്മയുടെ മൂളിപ്പാട്ടല്ലെ കേള്‍ക്കുന്നത്?
ഇതാമ്മേ അമ്മേടെ കുട്ടന്‍ വരുന്നു...

പൂവില്‍ നിറഞ്ഞ മധുവോ..... രാരീരം രാരീരം രാരോ...

Sunday, February 6, 2011

Looking desperately for a helping hand

Dear friends,
Poornima is a  sixteen year old girl, native of "Kozhikode" district in Kerala State, India.
She was a student at J.D.T Islam higher secondary school, silver Hills, Kozhikkode
On her most unlucky day she was hit on the neck by a passing bus' cargo compartment door which flung opened accidentally. Her spinal cord was injured very seriously and currently she is in Intensive Care Unit at MIMS Hospital, Kozhikode.
Her present state is very critical and pathetic beyond our imagination.
Doctors say that the continual use of the ventilator will cause infection and pneumonia, that will be life threatening.
One possible way out of this problem is to use "diaphragmatic pace-maker", which is quite expensive and not available in India. Timely usage of this machine can save Poornima's life. Also doctors say that any delay in this regard will cost a life.
As per experts' assessment, the treatment and this equipment will cost almost 50,00000 Rs ( 109,000 USD)
This amount is so gigantic for the poor parents and well wishers, even in their wildest imagination they will never able to raise even a small part of it.
So her school principal Mr.A. Shahudeen and teacher Mr.C.Narayanan are initiated to form a charitable trust toward raising enough fund to meet this noble cause.
Account details are as follows:
Poornima treatment fund
Account No.    0839 1010 3980 9
Bank.               Canara Bank
Branch.            Vellimaadukunnu, Kozhikkode

Please forward your aid be it a cent or dime to the above account.
Also please forward this link to all your contacts.
Thank you very much
May God bless you all.

Wednesday, February 2, 2011

ഇന്റര്‍വ്യൂ

അയാള്‍ക്ക് അത് പുതുമയൊന്നുമായിരുന്നില്ല
ഒതുക്കലും, പുറംതള്ളലുമൊക്കെ എത്ര അനുഭവമായിക്കഴിഞ്ഞിരിക്കുന്നു?
നിര്‍ഭാഗ്യങ്ങളുടെ ഒരു പെരുമഴയാണ്  തന്റെ വഴികളിലെന്നാണ്  അയാളുടെ കണ്ടെത്തല്‍!
ബസ്സ് കാത്തു നിന്നാല്‍ എതിര്‍ ദിശയിലേയ്ക്ക് മാത്രം ബസ്സുകള്‍.
എങ്ങിനെയും ബസ്സിലിടം പിടിച്ചാല്‍ വഴിയില്‍ ട്രാഫിക് ഇഴഞ്ഞു നീങ്ങും.
എതിര്‍വശത്തേയ്ക്ക് സുഗമമായ ഒഴുക്ക്
തുണിക്കടയില്‍ ചെന്നാല്‍ ഇഷ്ടനിറമായ നീലയില്‍ ഒരു ഷര്‍ട്ട് സൈസിനു കിട്ടില്ല.
എല്ലാ സുഹൃത്തുക്കള്‍ക്കും ജോലിയായി, എന്നാല്‍ അയാള്‍ക്കുമാത്രം...

പല ഇന്റര്‍വ്യൂവിന് പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യം
മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍, ഗ്രൂപ്പ് ഇന്റര്‍വ്യൂ, ഒരേയൊരു ചോദ്യം, ഉത്തരം പറഞ്ഞാല്‍ ജോലി.

ഒന്നാമത്തെയാളിനോട്: പാണ്ഡവരുടെ പേരുകള്‍ പറയുക?
രണ്ടാമത്തെയാളിനോട്: യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പേരുകള്‍ പറയുക?
അയാളോട്: കൌരവരുടെ പേരുകള്‍ പറയുക?

Thursday, January 27, 2011

വാര്‍ത്തയുടെ ഇംപാക്റ്റ്.

ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ലൊരു വാര്‍ത്തയേതെന്ന് ചോദിച്ചാല്‍ നിസ്സംശയം എനിക്ക് പറയാനൊന്നുണ്ട്. കണ്ടവര്‍ക്ക് പിന്നെയുമൊന്ന് ഓര്‍ക്കാനും കാണാത്തവര്‍ക്കു ഒരുണര്‍ത്തലിനുമായി ഞാന്‍ ഇതൊന്ന് പോസ്റ്റ് ചെയ്യട്ടെ!
എട്ടാം തീയതി ഈ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ മനസ്സില്‍ കയറി. അന്ന് തന്നെ സ്കാന്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ ചില തിരക്കുകള്‍ കാരണം പോസ്റ്റിംഗ്  നീണ്ടു പോയി. എന്നാല്‍ ആ കല്പകഞ്ചേരിക്കാരന്റെ കവിത വായിച്ചപ്പോള്‍ ഈ പോസ്റ്റ് താമസിപ്പിക്കരുതെന്ന് തോന്നി. നമ്മുടെ ഈ ലോകത്തില്‍ ചില സാധാരണ മനുഷ്യര്‍ സൃഷ്ടിക്കുന്ന മാറ്റം ദൂരവ്യാപകമാണ്. ചില സന്മനസ്സുകളിലെ അലിവ്, അവരുടെ സഹിഷ്ണുത, ശത്രുക്കളോടുമുള്ള സ്നേഹം, താന്‍ എരിഞ്ഞുതീരുമ്പോഴും ചുറ്റുമുള്ളവര്‍ക്ക് വെളിച്ചം പകരുന്ന ആ ത്യാഗം, ദൈവമെ, നന്മയുടെ തുരുത്തുകള്‍ ഇനിയും അവശേഷിക്കുന്നുവെന്നത് എത്ര ആശ്വാസം. ഇല്ലയില്ല എല്ലാം കൈവിട്ടുപോയിട്ടില്ല. കാരിരുള്‍ മൂടുന്ന ദുര്‍ഘടവഴികളിലും വെളിച്ചത്തിന്റെ കൈത്തിരിപ്പൊട്ടുമായി ചില ചെറിയ മനുഷ്യര്‍; അവരുടെ വലിയ പ്രവൃത്തികള്‍.....

ഇനി കലീമിനെയും സ്വാമിയെയുമൊന്ന് കാണുക!


ഈ വാര്‍ത്ത ഒത്തിരി കാര്യങ്ങള്‍ പറയാതെ പറയുന്നുവല്ലേ? നമ്മുടെയൊക്കെ സങ്കല്പത്തിലെ ഒരു സാധാരണ യുവാവ്, ചെയ്യാത്ത കുറ്റത്തിന് ജയിലിലടയ്ക്കപ്പെടുക, കുറ്റസമ്മതത്തിനായി വര്‍ണനാതീതമായി മര്‍ദ്ദനമേല്‍ക്കുക, പഠനം നിന്നുപോവുക, ഭാവിയെപ്പറ്റിയുള്ള എല്ലാ പ്രത്യാശയും നീക്കപ്പെടുക, കുടുംബം സംശയനിഴലിലാവുക, ഇതിനെല്ലാം ഉപരിയായി തീവ്രവാദിയെന്ന ലേബലും. സ്വാതന്ത്യത്തിന്റെ മധുചഷകം മോന്തിക്കുടിക്കുന്ന നമ്മള്‍ തടവറയുടെ കാഠിന്യത്തെപ്പറ്റി ആരെങ്കിലും പറഞ്ഞുകേട്ട അറിവോ അല്ലെങ്കില്‍ ഭാവനയില്‍ കാണുന്ന സങ്കല്പങ്ങളോ മാത്രം.
ഒരു ശിലാഹൃദയന്റെ ചോരരുചിക്കുന്ന കഠോരമനസ്സിനെ ഇളക്കുവാന്‍ തക്കസ്നേഹം കലീമിന്റെ ഹൃദയത്തില്‍ ഈ സകല പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് ഉറവെടുത്തുവെങ്കില്‍ കലീം നമ്മുടെ സങ്കല്പങ്ങളിലെ സാധാരണ മനുഷ്യനാണോ?
ഇതിന്റെ തുടര്‍വാര്‍ത്തയില്‍ വായിച്ചത് അസിമാനന്ദയും കലീമും തമ്മിലൊരു ആത്മബന്ധം വളര്‍ന്നുവെന്നാണ്. ഒരു പുത്രന്‍ തന്റെ പിതാവിനു ശുശ്രൂഷ ചെയ്യുന്നതുപോലെ ഈ യുവാവ് തന്നെയും അതേപോലെ അനേകര്‍ക്ക് തടവറ സമ്മാനമായി കൊടുത്ത, ഒളിച്ചിരുന്ന് സ്ഫോടനങ്ങള്‍ നടത്തിയ, അതിന്റെ ഉത്തരവാദിത്വം  മറ്റുള്ളവരുടെ മേല്‍ സമര്‍ഥമായി കെട്ടിവച്ച, ഒരു മനുഷ്യന്  സ്നേഹത്തോടെ സേവനം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഇവനെ വളര്‍ത്തിയ മാതാപിതാക്കള്‍ തീര്‍ച്ചയായും എത്ര അഭിനന്ദനം അര്‍ഹിക്കുന്നു?
നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് ഇതുപോലുള്ള സദ് വാര്‍ത്തകള്‍ വളരെ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഇവ ഘോഷിക്കപ്പെടേണ്ടതുമാണ്. ദോഷത്തിനു പകരം ദോഷവും ശകാരത്തിനു പകരം ശകാരവും കൊടുക്കാതെ നന്മയാല്‍ തിന്മയെ ജയിക്ക എന്ന് യേശു പറഞ്ഞു. എന്നാല്‍ ആ ഉപദേശം പ്രയോഗത്തില്‍ വരുന്നത് നമ്മുടെ കണ്ണില്‍ കാഴ്ച്കയായി ഭവിച്ചപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ആഴം നാം അറിയുന്നു.
എന്റെ ബാല്യത്തില്‍ പറമ്പിലൊക്കെ പണിയാന്‍ വരുന്ന ഒരു കുഞ്ഞൂഞ്ഞ്  ഉണ്ടായിരുന്നു. അദ്ദേഹം വലിയ പാറക്കല്ലുകളൊക്കെ കമ്പിപ്പാര കൊണ്ട് മറിച്ചിടുമ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ നോക്കിനിന്നു. പിന്നെ സ്കൂളില്‍ പഠിച്ചപ്പോഴാണ് ഈ കമ്പിപ്പാര ഉത്തോലകമാണെന്നും ഇതിനു വലിയ ഭാരങ്ങളെ ഉയര്‍ത്താനും കഴിയുമെന്നുമൊക്കെ ശാസ്ത്രം പഠിച്ചത്. എന്നാല്‍ അന്നെല്ലാം ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. കുഞ്ഞൂഞ്ഞ്  ആ കല്ലുകളെ ഉയര്‍ത്തുമ്പോള്‍ അതുവരെ അവിടെ സ്വൈര്യമായി അവിടെ ഒളിച്ചിരുന്ന പഴുതാരയും തേളും മറ്റ് ക്ഷുദ്രജീവികളുമെല്ലാം പ്രാണനും കൊണ്ട് പരക്കം പായുന്നത് കാ‍ണാം. കല്ലു മറിയുന്നതു വരെ അതിന്റെ ഇരുട്ടില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്ന വിഷപ്രാണികള്‍ക്ക് വെളിച്ചം വന്നപിറക് അവിടെ ഇരിക്കവയ്യ.
സ്നേഹം ഒരു ഉത്തോലകമാണ്. വലിയ കല്ലുകളെ ഇളക്കിമറിക്കുന്ന ഉത്തോലകം. കല്ലുകള്‍ മറിയുമ്പോള്‍ മനസ്സില്‍ വെളിച്ചം വരും. അതുവരെ അവിടെ സുഖവാസം ചെയ്തിരുന്ന ശത്രുതയും ദുഷ്ടതയുമൊക്കെ താനേ ഓടിപ്പോകും.
അതേ, കല്ലുകള്‍ ഇളകട്ടെ, വെളിച്ചം പരക്കട്ടെ, ഒളിച്ചിരുന്ന വിഷജന്തുക്കള്‍ ഒഴിഞ്ഞുപോകട്ടെ.

പിന്‍ കുറിപ്പ്.
ഏതാണ്ട് ഇതേ സമയത്താണ് വേറൊരു വാര്‍ത്ത വന്നത്. ഡോ. ഹനീഫ് എന്നയാളെ നമുക്കെല്ലാമറിയാം. ആസ്ത്രേലിയയില്‍ തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ട് ജയിലിലായ നമ്മുടെ യുവ ഡോക്ടര്‍. ആസ്ത്രേലിയ എന്ന രാജ്യം ആ യുവാവിനോട് മാപ്പു ചോദിച്ചപ്പോഴും, നഷ്ടപരിഹാരം കൊടുത്തപ്പോഴും ആ രാജ്യത്തിന്റെ യശസ്സ് ഉയരുകയല്ലേ ചെയ്തത്? തെറ്റുകള്‍ പറ്റാം. മനുഷ്യര്‍ക്കായാലും രാജ്യങ്ങള്‍ക്കായാലും. എന്നാല്‍ തിരിച്ചറിയുമ്പോള്‍ തിരുത്തുന്നത്  ആണ് മഹത്വം. സിമ്പിള്‍ ആയിട്ടുള്ള ഈ കാര്യം നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ക്ക്  അറിയുകയില്ലയോ. ഇങ്ങിനെ ഒരു ക്ഷമാപണം ഭാരതത്തില്‍ നിന്ന് പ്രതീക്ഷിക്കാമോ? ഈ പുണ്യമായ ഭാരതഖണ്ഡത്തില്‍ ഒരു പുല്ലായെങ്കിലും ജനിക്കേണമെന്ന് പൂന്താനം പാടി. മഹാസംസ്കാരമുള്ള ഒരു രാജ്യം ഭരിക്കുന്നവര്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോ? നമുക്ക് ചിന്തിക്കാം.

Thursday, January 20, 2011

അകക്കണ്ണു തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം.

ഒത്തിരിയൊത്തിരി ഗുരുക്കന്മാര്‍, അവരുടെ ബാലശിക്ഷകള്‍, അവര്‍ മൂശയിലൊഴിച്ച് രൂപപ്പെടുത്തിയെടുത്ത മനുഷ്യര്‍.  ഒരു ദിനം “മാദ്ധ്യമം” പത്രത്തില്‍ കണ്ട ഒരു ഫോട്ടോ കണ്ടിട്ടെന്റെ കണ്ണും മനവും നിറഞ്ഞു. ഇപ്പോള്‍ ഏതൊരു കാഴ്ച്ച കണ്ടാലും ആദ്യം മനസ്സിലേയ്ക്ക് വരുന്ന ചിന്ത എന്തെന്നോ? ഹാ, ഇത് എന്റെ ബ്ലോഗര്‍ കൂട്ടുകാരുമായി പങ്കു വയ്ക്കണം. എത്ര പെട്ടെന്നാണ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ മനുഷ്യര്‍ എന്റെ പ്രിയകൂട്ടുകാരായത്? പ്രിയകൂട്ടുകാര്‍ക്ക് എന്റെ സ്നേഹാന്വേഷണങ്ങള്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമല്ലേ?

ഇനി ഈ റ്റീച്ചറിനെയും ശിഷ്യയേയും കാണുക.

ഒരു ചിത്രം ആയിരം വാക്കുകളെക്കാള്‍ കൂടുതല്‍ സംസാരിക്കുന്നുവെന്നൊരു ഇംഗ്ലിഷ് പറച്ചിലുണ്ട്. ഈ ഫോട്ടോ എന്നോട് അനേക വാക്കുകള്‍ സംസാരിച്ചു. 

ഇതു നിങ്ങളോടും സംസാരിക്കും. കൂട്ടരെ, ഇപ്പോള്‍ ഞാന്‍ ടി.വി. യ്ക്ക് അധികം സമയം കൊടുക്കാറില്ലെങ്കിലും, മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ കണ്ട കാര്യം മറക്കില്ല. കാഴ്ച്ചയില്ലാത്ത ഒരു പെണ്‍ കുട്ടിയോട്  ജഡ്ജ് പറഞ്ഞു, മോളുടെ ഡ്രസ്സൊക്കെ അടിപൊളിയായിട്ടുണ്ട്. അവളുടെ മുഖത്തിനൊരു ഭാവവ്യത്യാസവുമില്ല. എന്റെയുള്ളൊന്ന് തേങ്ങി. 

(S.M സാദിഖ് തന്റെയൊരു പോസ്റ്റില്‍  ശരീരം( കാഴ്ച്ചകള്‍ സമ്മാനിക്കുന്നത് )                                                                          മോടിയാക്കുന്നതിനെപ്പറ്റി എഴുതിയതു വായിച്ചപ്പോഴും) 

നീനു സന്തോഷിന്റെ മുഖം നമ്മോടൊത്തിരി പറയുന്നു അല്ലേ? അവള്‍ ലക്ഷ്യത്തിലേയ്ക്ക് ഓടുകയാണ്. പാത മാറിപ്പോകുന്നതൊന്നുമറിയാതെ. നല്ല ഗുരു പിന്നാലെയെത്തി നേര്‍വഴിക്കാക്കുന്ന ഈ കാഴ്ച്ച എത്ര മനോഹരം? 

നമ്മുടെ കുഞ്ഞുങ്ങളും ഓടുകയാണ്. ദൈവകാരുണ്യം കൊണ്ട് അവര്‍ക്ക് ഒരു കുറവുമില്ല. അവര്‍ക്ക് കാഴ്ച്ചയുണ്ട്. ഓടുവാന്‍ കാലുകളുണ്ട്. എന്നാല്‍ അവര്‍ പാതമാറിപ്പോകാനുള്ള എല്ലാ സാഹചര്യവും ഇന്നത്തെ സമൂഹത്തില്‍ അധികമല്ലേ? പിറകെ ഓടി തിരുത്തുവാനുള്ള ഗുരുക്കന്മാരുണ്ടോ? നമ്മുടെ കുഞ്ഞുങ്ങള്‍ ഏറ്റവും അധികം പഠിക്കുന്നത് സ്കൂളില്‍നിന്നല്ല നമ്മുടെ വീട്ടില്‍ നിന്ന് തന്നെയാണ്. അവരുടെ സാര്‍ നമ്മള്‍ തന്നെയാണ്. അവര്‍ നേര്‍വഴിക്ക് വളരുന്നില്ലെങ്കില്‍ സ്വയം ഒരു ശോധന വേണ്ടേ? നീതിയോടെ നടക്കുക, ദുര നീക്കുക, കരുണയോടെ ജീവിക്കുക, യാതൊരു വിധ ഹിഡന്‍ അജെന്‍ഡയുമില്ലാതെ തെളിവായി വീട്ടില്‍ ഇടപെടുക: നമ്മുടെ കുഞ്ഞുങ്ങള്‍ വഴിതെറ്റിപ്പോവില്ല, ഞാന്‍ ഗാരന്റി. 

എന്തുകൊണ്ടാണ് നമ്മുടെ യുവത്വം ക്വൊട്ടേഷന്‍ സംഘാംഗങ്ങള്‍ ആകുന്നതും അക്രമികളായിപ്പോകുന്നതും മദ്യത്തിനും മയക്കിനും അടിമകളായിത്തീരുന്നതും? എല്ലാം കതിരിന്മേലെത്തുമ്പോഴാണോ മാതാപിതാക്കള്‍ ഇതൊക്കെ തിരിച്ചറിയുക? റെയില്‍ പാളങ്ങള്‍ വിവിധദിശകളിലേയ്ക്ക് പിരിയുന്നത് കാണുന്നുവോ? ഒരു മില്ലിമീറ്റര്‍ ആണ് ആദ്യത്തെ വ്യതിയാനം, അത് മെല്ലെ മെല്ലെ അകന്നു വെവ്വേറെ ദിശകളിലേയ്ക്ക് ... അങ്ങിനെ തന്നെയാണ് കുഞ്ഞുങ്ങളും പാത മാറിപ്പോകുന്നത്.

അദ്ധ്യാപകരെനിക്ക് തന്നത് മറക്കുന്നതെങ്ങിനെ? ആദ്യം മണലില്‍ അക്ഷരമെഴുതിച്ച ആശാന്‍. ആര്‍ക്കും ആശാന്റെ പേരു പോലുമറിയില്ല.  പ്രീ ഡിഗ്രിയൊക്കെ കഴിഞ്ഞ സമയമായപ്പോഴേയ്ക്കും ആ കളരി അപ്രത്യക്ഷമായി. നഴ്സറിയും അംഗന്‍ വാടിയുമൊക്കെയുയര്‍ന്നു. പിന്നെയെന്നോ അവധിക്ക് ചെല്ലുമ്പോള്‍ അറിഞ്ഞു. ആശാന്‍ ഒരു ഗ്രാമത്തിന് വെളിച്ചം പകര്‍ന്ന് കാലയവനികയില്‍ മറഞ്ഞു. 

തറ പറ പഠിപ്പിച്ച പ്രൈമറി സാറന്മാര്‍. കളിമണ്ണിനെ രൂപപ്പെടുത്തിയെടുത്ത യു.പി, ഹൈസ്കൂള്‍ അദ്ധ്യാപകര്‍. പുതുലോകത്തിലേയ്ക്ക് ദര്‍ശനം തന്ന കോളേജ് പ്രൊഫസ്സര്‍മാര്‍. എല്ലാവരുടെയും സംഭാവനയുണ്ടല്ലോ ഈ മനുഷ്യനില്‍.

പോസ്റ്റ് ഒരുപാട് നീണ്ടുപോകും. എന്നാലും സ്കറിയാ സാറിനെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. 8-9-10 ക്ലാസ്സുകളില്‍ പഠിപ്പിച്ച സിംഹം. ആജാനുബാഹു, കരിവീട്ടിയില്‍ കടഞ്ഞെടുത്ത ശരീരം. എന്നാലും സുന്ദരന്‍. 

ഇലയ്ക്കാട് യു.പി സ്കൂള്‍ മാത്രമേയുള്ളു. പിന്നെ പഠിച്ചത് കുറിച്ചിത്താനം ഹൈ സ്കൂളില്‍ ആണ് (കെ ആര്‍ നാരായണന്‍ പഠിച്ച അതേ സ്കൂള്‍ തന്നെ) ആദ്യത്തെ ദിവസം ഹാജര്‍ വിളിക്കുന്ന സമയം. ഓരോരുത്തരെ പരിചയപ്പെട്ടു സ്കറിയാ സാര്‍ എന്റെയടുത്ത് വന്നു. 

ഒരു ചോദ്യം; “നീ എ.കെ വിജയന്റെ ആരാടാ..?”  

“അനിയനാ സാറെ” സാര്‍ എന്നെ രൂക്ഷമായി ഒരു നോട്ടം. 

“അവനെന്റെ മുഖത്ത് നോക്കി നിന്നെ പിന്നെ കണ്ടോളാം എന്ന് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, നിനക്കറിയാവോ” 

എന്റെ ചേട്ടന്‍ SFI യുടെ വീര്യമേറിയ പ്രവര്‍ത്തകനായിരുന്നല്ലോ. എന്തായാലും എനിക്ക് രാഷ്ട്രീയമൊന്നുമില്ലാതിരുന്നതിനാല്‍ അതിനൊന്നും ഇട വന്നിട്ടില്ല. സാറിന്റെ ശത്രു ആയതുമില്ല. പഠിക്കാന്‍ മടി കാണിക്കുമ്പോള്‍ സാര്‍ പറയും നിങ്ങള്‍ പഠിച്ചില്ലെങ്കിലും എനിക്കെന്റെ ശമ്പളം കിട്ടും, വേണേല്‍ പഠിച്ചാല്‍ മതി... പക്ഷെ അത് വെറും പറച്ചില്‍ മാത്രമാണെന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം. 

സാറിന്റെ മുഖത്ത് നോക്കി തമാശ പറയാനുള്ള ധൈര്യമൊന്നും ആര്‍ക്കുമില്ല. 

എന്നാലുമൊരിക്കല്‍ ഞാന്‍ പറഞ്ഞു, "സാറ് പുതിയ കുട വാങ്ങിയത് നന്നായില്ല സാറെ"

സാര്‍ മനസ്സിലാകാത്തതുപോലെ എന്നെ നോക്കി. 

ഞാന്‍ പറഞ്ഞു: "സാര്‍ ആ പഴയ നരച്ച കുടയായിരുന്നെങ്കില്‍ സാര്‍ വരുന്നത് ദൂരേന്ന് കണ്ട് ഞങ്ങള്‍ മര്യാദയ്ക്കിരുന്നേനെ. ഇത് സാറിനെ എങ്ങിനെ ഞങ്ങള്‍ തിരിച്ചറിയും?"

സാര്‍ ചിരിച്ചു പോയി. 

ഒരിക്കല്‍ സാറ് എന്നോട് ചോദ്യം ചോദിച്ചു. (മലനാട്, ഇടനാട്, തീരപ്രദേശം എന്ന പാഠഭാഗം.)

" ചരിവുകളില്‍ എന്തൊക്കെ കൃഷി ചെയ്യാം?"

ഞാന്‍ പറഞ്ഞു: "സാറെ റേഷന്‍ കട.."

ക്ലാസ് മൊത്തത്തില്‍ ചിരിമയം ( സാറിന്റെ വീട്ടുപേര്‍ “ചരുവില്‍” എന്നാണ്. സാറിന്റെ കുടുംബക്കാര്‍ക്കൊരു റേഷന്‍ കടയുമുണ്ട്. ) 

പിന്നെ സാറിന്റെയൊരു വിശേഷം- ക്ലാസില്‍ പലപ്പോഴും പറയുന്ന ഒരു കാര്യമാണ്: 

"നിങ്ങളൊക്കെ പഠിച്ച് വലിയ ആള്‍ക്കാരൊക്കെയായി ഗള്‍ഫിലൊക്കെ പോയി തിരിച്ച് വരുമ്പോള്‍ സ്കറിയാ സാറിനെ കാണാന്‍ വരണം. വെറുതെയൊന്നും വരരുത്. (കുപ്പിയുടെ ആംഗ്യം കാണിച്ചുകൊണ്ട്) ഇതുമായിട്ടെ വരാവു."

ഒരു അവധിക്കാലത്ത് ഞാന്‍ സാറിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ രോഗിയും ശയ്യാവലംബിയുമെന്നറിഞ്ഞ് കാണാന്‍ പോയി. 

മെലിഞ്ഞ്  എല്ലും തോലുമായ സാറിനെ കണ്ട് സങ്കടം വന്നു. 

വിശേഷങ്ങളൊക്കെ പറഞ്ഞ് തിരിയെ വരാനിറങ്ങിയപ്പോള്‍ സാറിന്റെ കുഴിഞ്ഞ കണ്ണുകളില്‍ നീര്‍ പൊടിച്ചു വരുന്നത് ഞാന്‍ കണ്ടു. 

ഞാന്‍ ആ കട്ടിലില്‍ ഇരുന്നു, അടുത്തു ചേര്‍ന്ന്. 

സാര്‍ മലര്‍ന്ന് നിവര്‍ന്ന് നേരെ കിടക്കുകയാണ്. ആ കണ്‍കുഴികള്‍ നിറഞ്ഞുവന്നു. 

ഞാന്‍ മെല്ലെ ആ ശിരസ്സ് പിടിച്ച് ഒരു വശത്തേയ്ക്ക് തിരിച്ചു. 

ആ കണ്ണുനീര്‍ ഒഴുകിപ്പോട്ടെ, എന്റെ സിംഹം കരയുന്നത് എനിക്കിഷ്ടമല്ലല്ലോ.

Friday, January 14, 2011

നാടകമേ ജീവിതം...

കലാസ്നേഹികളേ,
ബ്ലോഗോദയം നാടകവേദിയുടെ ആയിരത്തിയെഴുന്നൂറ്റിപന്ത്രണ്ടാം  നാടകമായ “പറക്കും ലാപ് ടോപ്പ്” എന്ന അപൂര്‍വ കലാശില്പം സഹൃദയരായ നിങ്ങളുടെ മുമ്പില്‍ ഇതാ കാഴ്ച്ച വയ്ക്കുന്നു. 


കഥാപാത്രങ്ങള്‍:- 
നായകന്‍: ബ്ലോഗര്‍കുമാര്‍ 
നായിക:- മിസ്സിസ് ബ്ലോഗര്‍കുമാര്‍.

രംഗം 1
ഒരു സായംസന്ധ്യ.

:ചേട്ടാ, നമ്മുടെ പതിനാറാം വിവാഹവാര്‍ഷികത്തിന് ചേട്ടനു ഞാനൊരു ലാപ് ടോപ്   വാങ്ങിത്തരുന്നുണ്ട്.

: അയ്യോ മോളേ ഇപ്പോള്‍ ഇതൊക്കെ വാങ്ങാന്‍ പൈസയെവിടെ? നമുക്കീ ഡസ്ക് ടോപ് തന്നെ മതി. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് നീ കേട്ടിട്ടില്ലേ?

: എന്റെ ചേട്ടാ, ലാപ് ടോപ്പിനൊക്കെ ഇപ്പോള്‍ വളരെ വില കുറവല്ലേ

: അതെയതെ, ലാപും ടോപുമൊക്കെ വില കുറഞ്ഞു. അരി വാങ്ങണമെങ്കില്‍ അര മാസത്തെ ശമ്പളം വേണം. അതൊന്നുമാര്‍ക്കും അറിയണ്ടല്ലോ.

: (ചിണുങ്ങിക്കൊണ്ട്)
 എന്തായാലും ശരി ഞാന്‍ ചേട്ടനൊരു ലാപ് ടോപ് വാങ്ങും.

 രംഗം 2

(ബ്ലോഗര്‍ കുമാര്‍ ജോലി കഴിഞ്ഞ് ക്ഷീണിതനായി വരുന്നു. കുമാരി ഈവനിംഗ് ഡ്യൂട്ടിയിലാണ്. ഇതാ മേശപ്പുറത്തൊരു പെട്ടി)

(ട് ര്‍ ണ്‍ ണ്‍ ടെലിഫോണ്‍ ബെല്ലടിക്കുന്നു.)

: ഹലോ ചേട്ടാ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ് ഡേ. ചേട്ടന്‍ ആ പാക്കറ്റ് ഒന്നഴിച്ചു നോക്കിയെ.

: ഓകേ മോളെ, ഞാന്‍ കണ്ടു. സന്തോഷായി. ഇതിന്റെ ഇന്‍സ്റ്റാള്‍മെന്റ് മോള്‍ തന്നെയങ്ങു കൊടുത്തേക്കണേ!! പിന്നെ മെനി മെനി റിട്ടേണ്‍സ് ഓഫ്  ദ ഡേ. ബൈ, 9 മണിക്ക് കാണാം.

(ബ്ലോഗര്‍കുമാര്‍ മെല്ലെ പാക്കറ്റ് തുറന്നു നോക്കുന്നു. വെള്ളിക്കളറില്‍ സുന്ദരമായ ഒരു ലാപ് ടോപ്. കുമാറിന്റെ മൂളിപ്പാട്ട് വാതിലും കടന്ന് റോഡിലേക്ക് പോയി.)

രംഗം 3

: മോളെ എന്തായാലും ഒരു ലാപ് ടോപ് വാങ്ങി, ഞാന്‍ ഒരു നെറ്റ് കണക്ഷന്‍ കൂടിയെടുത്താലോ? നമുക്ക് വല്ല മെയിലൊക്കെ അയക്കാം, നാട്ടിലേയ്ക്ക് വിളിക്കാനും നല്ലതല്ലേ?

:വേണ്ട ചേട്ടാ, നമ്മള്‍ കുടുംബത്ത് കയറ്റാന്‍ കൊള്ളാത്ത ഈ നെറ്റും ഡിഷുമൊന്നും വേണ്ടാന്ന് മുമ്പേ തീരുമാനിച്ചതല്ലെ? നമ്മള്‍ ഇതെല്ലാം കണ്ട് വഴിതെറ്റിപ്പോയാല്‍ പിന്നെ .....?

( കുമാര്‍ ചിണുങ്ങിക്കൊണ്ട്:)
: ഇല്ലെന്നെ, ഞാനെന്നെ സൂക്ഷിച്ചോളാം.

: എന്നാപ്പിന്നെ ചേട്ടന്റെ ഇഷ്ടം പോലെയാട്ടെ.

രംഗം 4

(ട് ര്‍ ണ്‍ ണ്‍ ടെലിഫോണ്‍ ബെല്ലടിക്കുന്നു.)

: ഹലോ ചേട്ടാ, ഞാന്‍ വരാറാവുമ്പോഴേയ്ക്കും രണ്ട് ചെറിയ ജോലി തീര്‍ത്ത് വയ്ക്കുമോ?

: പിന്നെയെന്താ  പറഞ്ഞോളൂ

: വാഷിങ് മെഷിനില്‍ തുണി ഇട്ടിട്ടുണ്ട്, കഴുകി ഉണങ്ങാനിടണം, ദോശയ്ക്ക് അരി കുതിര്‍ത്ത് വച്ചിട്ടുണ്ട് ഒന്ന് അരച്ചു വച്ചേക്കണേ, പിന്നെ വീട് അലങ്കോലമായി കിടക്കുന്നു ഒന്ന് തൂത്തിട്ടാല്‍ നല്ലതാ, സമയം കിട്ടുവാണെങ്കില്‍ ലോണ്‍ ട്രിയില്‍ നിന്ന് ചേട്ടന്റെ ഷര്‍ട്ട് വാങ്ങണം. എല്ലാം കഴിഞ്ഞിട്ട് കടയിലൊന്ന് പോയി ഒരു മൂന്നു കൂട്ടം സാധനം കൂടെ...

: എടി ഒന്ന് നിര്‍ത്തി നിര്‍ത്തി പറ, ഇതാണോ നിന്റെ രണ്ട് ചെറിയ ജോലി?

: ഓ അല്ലെങ്കിലും ഈ ചേട്ടന് ഞാനെന്തെങ്കിലും ചെറിയ ജോലി പറയുമ്പോഴേയ്ക്കും പരാതിയാ..

: ഇല്ല കുഴപ്പമില്ല. ഞാന്‍ ചെയ്തേക്കാം.

(ബ്ലോഗര്‍കുമാര്‍ ലാപ് ടോപ് എടുത്ത് മടിയില്‍ വയ്ക്കുന്നു.)

രംഗം 5

(കുമാരി ക്ഷീണിതയായി കടന്നുവരുന്നു.)

: ചേട്ടാ, ദുഷ്ടച്ചേട്ടാ, ഞാന്‍ പറഞ്ഞ ഒരു പണി പോലും ചെയ്തില്ല അല്ലേ?

: അത് മോളെ, ഞാന്‍ ഒരു ബ്ലോഗിന്റെ പരിപാടിയിലായിരുന്നു. അതിന്റെ പണിയുമായിരുന്ന് സമയം പോയതറിഞ്ഞില്ല.

: ചേട്ടന്‍ മൊളക് വാങ്ങിയെന്നോ?  കഴിഞ്ഞയാഴ്ച്ച വാങ്ങിയതേയുള്ളല്ലോ, ഇത്രേം പെട്ടെന്ന് തീര്‍ന്നോ?

: മൊളകല്ലെടി, ബ്ലോഗ്..ബ്ലോഗ്. വാ നിന്നെ കാണിക്കാം.

(കുമാരി കുമാരന്റെ ആദ്യത്തെ കൊലാസൃഷ്ടി വായിച്ച് കണ്ണും തള്ളിയിരിക്കുന്നു.)

: എന്റെ ചേട്ടാ, ചേട്ടന്‍ ഫയങ്കരന്‍ തന്നെ, ചേട്ടനിത്രയൊക്കെ എഴുതുവോ? എനിക്ക് അഭിമാനം കൊണ്ട് വിജൃംഭിക്കുന്നു.

: അയ്യൊ മോളെ ഇപ്പോള്‍ വിജൃംഭിക്കാതെ നീ പോയി കുളിച്ചൊന്ന് ഫ്രഷ് ആയിട്ട് വാ എന്നിട്ട് നമുക്ക് നന്നായിട്ടൊന്ന് വിജൃംഭിക്കാം.

: കെഴങ്ങന്‍ ചേട്ടാ, വിജൃംഭിക്കുക എന്ന് പറഞ്ഞാല്‍ ചേട്ടനുദ്ദേശിക്കുന്നതൊന്നുമല്ല. എന്തായാലും ഞാന്‍ പറയുന്ന പണിയൊക്കെ തീര്‍ത്തിട്ട് മതി യേത് മൊളകും. ഇനീം ഇങ്ങനെ ബ്ലോഗുമായിരുന്ന് സമയം കളഞ്ഞാല്‍ എന്റെ തനിസ്വഭാവമെടുക്കും ഞാന്‍. അതു പോട്ടെ, ഇതുപോലെ ബ്ലോഗിലെഴുതുന്ന വേറേ ആള്‍ക്കാരൊക്കെയില്ലെ? അവരുടെ ബ്ലോഗൊക്കെയൊന്ന് കാണിക്കുവോ?

: ഹേയ് എന്നെപ്പോലെ ഇത്തിരി എഴുതാന്‍ പറ്റുന്നവരാരാ ഒള്ളത്. ഞാനെല്ലായിടത്തും പോയിനോക്കി ഒറ്റയെണ്ണത്തിനൊരു കലാബോധമില്ലെടി. നീയെങ്ങും വായിക്കണ്ടാ.

:അല്ലേലും എന്റെ ചേട്ടനെപ്പോലെ ആരുണ്ട്??

(കുമാരി അഭിമാനവിജൃംഭിതയായി കുളിമുറിയിലേക്ക് നടന്നു.)

 രംഗം 6

രാത്രി 9 മണി.

(കുമാരി കടന്നു വരുന്നു. കുമാരന്‍ മടിയില്‍ ലാപ് ടോപ് വച്ചുകൊണ്ട് അഗാധചിന്തയില്‍)

: ചേട്ടാ, ചേട്ടാ ഇതെന്നാ പണിയാ ഇത്? നാലുമണിക്ക് വന്നപ്പോ മുതല്‍ ഈ കുന്തവുമായി ഇരുപ്പാണൊ? എന്തെല്ലാം കാര്യം ഞാന്‍ പറഞ്ഞിരുന്നതാ?

: അയ്യോ മോളെ ഞാന്‍ ഒരു സര്‍ഗസൃഷ്ടിയുടെ പണിപ്പുരയിലല്ലായിരുന്നോ? നീ പറഞ്ഞ പണിയെല്ലാം ഞാന്‍ മറന്നു പോയി.

(കുമാരി കോപാക്രാന്തയായി അകത്തേയ്ക്ക്.)

കുമാരന്‍ മെല്ലെ എഴുന്നേറ്റു. ആത്മഗതം. "ഇനീം ഇരുന്നാല്‍ ശെരിയാവുകേലാ..."

(അകത്തു നിന്ന് കുമാരി നാട്ടിലേയ്ക്ക് വിളിച്ച് പരാതി പറയുന്നതിന്റെയും ഇടയ്ക്ക് കരയുന്നതിന്റെയും മൂക്ക് പിഴിയുന്നതിന്റെയും സ്വരം കേള്‍ക്കാം.)
                                                    *                             *                               *
(കുമാരി അടുത്ത ഫോണ്‍ വിളിയിലാണ്...)

: അല്ല ഡോക്ടര്‍, അടിയും പ്രശ്നവുമൊന്നുമില്ല....... ഹേയ് മദ്യപിക്കുകയേയില്ല...... അതായിരുന്നുവെങ്കില്‍ എനിക്കിത്രേം സങ്കടമില്ലായിരുന്നു ഡോക്ടറെ...... അല്ലല്ല, ഈ ലാപ് ടോപ് വാങ്ങിയതില്പിന്നെയാ... ശരി ഡോക്ടര്‍...ശരി ഡോക്ടര്‍... ഓക്കെ ഡോക്ടര്‍.....

(രാത്രി: കുമാരനും കുമാരിയും പതിനൊന്ന് പോലെ തന്നെ കിടന്നുറങ്ങി.)

രംഗം 7
രാത്രി രണ്ടുമണി.

ചേട്ടാ, ചേട്ടാ... ചേട്ടോ... ഇതെന്തൊക്കെയാ ഈ പറയുന്നത്?

ഉറക്കപ്പിച്ചോടെ..ഞ്..ഞനെന്തു പറഞ്ഞെന്നാ?

കമന്റ് ഫോളോവേഴ്സ് എന്നൊക്കെ പറഞ്ഞ് ചേട്ടന്‍ കരഞ്ഞല്ലോ... അവനെ തട്ടും, ഇവളെ തട്ടുമെന്നൊക്കെ പറഞ്ഞെന്തുവാ വെറുതെ മനുഷ്യന്റെ ഉറക്കം കളയാന്‍ വേണ്ടീട്ട്. ഇനിയെന്തായാലും നോക്കീട്ട് കാര്യമില്ല. ഒന്നുകില്‍ ചേട്ടന്‍ ബ്ലോഗ് നിര്‍ത്തണം അല്ലെങ്കില്‍ ഞാനെന്റെ വീട്ടീ‍ പോവ്വാ. നാളെത്തന്നെ ഞാനീ ലാപ് ടോപ് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
**********************************************************************************
ജനുവരി 24 കുമാരന്റെയും കുമാരിയുടെയും പതിനേഴാം വാര്‍ഷികമാണ്. അതിനു മുമ്പ് ഈ ലാപ് ടോപ് പറക്കും തളികയാകുമോ എന്തോ. ഒരു മുന്നറിയിപ്പുമില്ലാതെ ഒരു പ്രസിദ്ധ ബ്ലോഗര്‍ അപ്രത്യക്ഷമാകുന്നുവെങ്കില്‍ “കൊന്നത് ഭീമന്‍ തന്നെ”....


ഇതാണ് നായകനും നായികയും....

Thursday, January 13, 2011

ഉദരനിമിത്തം....

റിയാസ് മിഴിനീര്‍ത്തുള്ളിയുടെ ബ്ലോഗില്‍ പോയപ്പോള്‍ പുതിയ പോസ്റ്റ് ഒരു കടല്‍ യാത്രയാണ്. ( അല്‍ സഫ് ലിയ )അപ്പോള്‍ മുതല്‍ എനിക്കും ഒരാഗ്രഹം, വല്ലപ്പോഴും കടലില്‍ പോകുന്ന റിയാസ് അതൊരു പോസ്റ്റാക്കി.  വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന എന്നെ എന്തിനു കൊള്ളാം? ഉടനെ വന്നല്ലോ ഒരു ഉള്‍വിളി. ഒരു കടല്‍ യാത്ര പോസ്റ്റ് ചെയ്തിട്ടു തന്നെ കാര്യം ഹല്ല പിന്നെ...ഇനി ഫോട്ടോ വേണമല്ലോ. കാമറയില്‍ ഒന്നുമില്ല, കമ്പ്യൂട്ടറിലുമൊന്നുമില്ല. പിന്നെ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ കിട്ടി ആറേഴെണ്ണം. വിവരണത്തിനൊന്നും സ്കോപ്പില്ല, ഓ, സാരമില്ലെന്നേ, ഒരു ഫോട്ടോ ആയിരം വാക്കുകള്‍ക്ക് സമമെന്നല്ലേ? ഇതാ 10000 വാക്കുകള്‍----





ഇതാ ആ ചുവന്ന പാവാടയും പച്ച ബ്ലൌസുമിട്ട സുന്ദരി ഇന്ന് ഞങ്ങളെ വിളിച്ചിരിക്കയാണ്, കൂട്ടരേ നിങ്ങള്‍ വരുന്നോ?



ഈ സുന്ദരിയുടെ പേരു കേട്ട് നിങ്ങള്‍ ഞെട്ടരുത്, അവളുടെ പേരാണ് ---“ഉട്ടാ” സ്വദേശം ഫ്രാന്‍സ്.
അവളുടെ അടുത്തു കൂടെ പോകുന്നത് “ലാ മാഡ്രിന”




ഞങ്ങളുടെ സ്വന്തം “രായ്യ” യാണ് ഇന്ന് ഞങ്ങളുടെ വാഹനം. മെല്ലെ മെല്ലെ രായ്യ ഉട്ടായുടെ അരികിലേയ്ക്ക്. ഉട്ടായുടെ ഡെക്കിലെ ക്രെയിന്‍ കണ്ടുവോ?




ഉട്ടാ ഒരു കിളിക്കൂട് ഇറക്കിത്തരും. ഞങ്ങള്‍ കുരങ്ങന്മാരെപ്പോലെ അതില്‍ അള്ളിപ്പിടിച്ചു നില്‍ക്കും. കൈ വിട്ടാല്‍ ....അമ്മോ








ഇതാ ഫ്രാന്‍സില്‍ നിന്ന് കടല്‍ ദൂരം ഓടിവന്ന ഉട്ടാ ഞങ്ങളെ സസ്നേഹം സ്വാഗതം ചെയ്യുന്നു. ഇനി അല്പനേരം കുശലപ്രശ്നം, പിന്നെ ഇന്‍സ്പെക്ഷന്‍, പിന്നെ രായ്യ പോലത്തെ ആറ് ടഗ്ഗുകള്‍ ( ഞങ്ങള്‍ അവയെ സ്നേഹത്തോടെ “ചെങ്കീരികള്‍“ എന്നാണ് പറയുക) അവളെ ഒരു മണവാട്ടിയെ സഖികള്‍ ആനയിച്ചു കതിര്‍മണ്ഠപത്തിലേയ്ക്കെന്നപോലെ യാര്‍ഡിലേക്ക് കൊണ്ടുവരും. അവളെപ്പോലുള്ളവര്‍ വന്നാലെ ഞങ്ങള്‍ 4000 വയറുകളും ഞങ്ങളെ ആശ്രയിച്ചു കഴിയുന്ന വേറെ കുറെ ആയിരങ്ങളുടെയും വയര്‍ നിറയൂ. അവര്‍ എല്ലാരും കൂടെ വലിയ ഷിപ്പുകളെ എഴുന്നള്ളിച്ചുകൊണ്ട് വരുന്നത് നല്ലൊരു കാഴ്ച്ച തന്നെ. പിന്നെ എപ്പോഴെങ്കിലും അത് പോസ്റ്റ് ചെയ്യാം.

ഇനിയല്പം കാര്യം. കിളിക്കൂട്ടില്‍ അള്ളിപ്പിടിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ധരിച്ചിരിക്കുന്ന ഓറഞ്ച്  നിറമുള്ള ജാക്കറ്റ് കണ്ടുവോ. അക്ഷരാര്‍ഥത്തില്‍ അതൊരു ലൈഫ് ജാക്കറ്റ് തന്നെയാണ്. തേക്കടിയില്‍ ബോട്ട് മുങ്ങി കുറെപ്പേര്‍ മരിച്ചപ്പോള്‍ അതൊരു ചര്‍ച്ചയായിരുന്നുവല്ലൊ. ബോട്ടില്‍ പുതിയ ജാക്കറ്റുകള്‍ പാ‍യ്ക്ക് പൊട്ടിക്കാതെയുണ്ടായിരുന്നുവത്രെ. അതുപോലെ തന്നെ ഇവിടെ ബഹറിനില്‍ “അല്‍ ഡാനാ“ ബോട്ടപകടത്തില്‍ 50 പേര്‍ മരിച്ചതും ഈയൊരു ജാക്കറ്റില്ലാത്തതിനാല്‍ തന്നെ. എല്ലാരും പറയും ബോട്ടുകാര് പറയാത്തതല്ലേ ഇതിനൊക്കെ കാരണം എന്ന്. എന്നാല്‍ കണ്ടു വരുന്നത് അതല്ല. ബോട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചാലും ആള്‍ക്കാര്‍ക്ക് മടിയാണ്. ജോലിയാവശ്യത്തിന് പോകുമ്പോള്‍ പോലും, നിയമം ഇത്ര കര്‍ശനമായി പാലിക്കുന്ന കമ്പനിയുടെ സ്റ്റാഫ് പോലും മടി പിടിക്കും. ഇടാതിരിക്കാനെന്തെങ്കിലും കാരണം കണ്ടെത്തും. അപ്പോള്‍ പിന്നെ ഉല്ലാസയാത്രയ്ക്ക് പോകുന്നവരും, സ്വന്തമായി ബോട്ട് ചാര്‍ട്ടര്‍ ചെയ്തു പോകുന്നവരും എന്തെങ്കിലും അനുസരിക്കുമോ? വളരെ വിഷമം തന്നെ. നാട്ടിലാണെങ്കില്‍ കൂടുതല്‍ നിര്‍ബന്ധിച്ചാല്‍ ബോട്ട് ജീവനക്കാര്‍ യാത്രക്കാരുടെ അടി കൊണ്ടെന്നു വരും. അത്രത്തോളം സൌമ്യതയാണല്ലോ ഇപ്പോള്‍ ജനങ്ങള്‍ക്ക്!!! സ്വാഭാവികമായി എല്ലാ മനുഷ്യരുടെയും ചിന്ത അപകടവും അനര്‍ഥവും നമുക്ക് ഭവിക്കുകയില്ലെന്നാണ്. വളവിന്റെ അപ്പുറം എന്താണ് പതിയിരിക്കുന്നതെന്ന് ആരറിയുന്നു? അതുകൊണ്ട് ഈ ബ്ലോഗ് വായിക്കുന്ന 120 പേരോട് എനിക്ക് പറയാനുള്ളത് , നിങ്ങള്‍ എപ്പോഴെങ്കിലും ജലയാത്ര നടത്തുന്നുവെങ്കില്‍ ജാക്കറ്റ് ഉണ്ടെങ്കില്‍ മടി കൂടാതെ അത് ധരിക്കുക. വീണ്ടും കാണും വരെ സ്നേഹവന്ദനം.