Wednesday, September 26, 2012

ഒരു “നിശാഗന്ധി“യെപ്പറ്റി




 ബ്ലോഗര്‍ നിശാഗന്ധിയുടെ ആദ്യകവിതാസമാഹാരം “ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി” ഇന്ന് തപാല്‍ക്കാരന്റെ കയ്യില്‍ നിന്ന് വാങ്ങുമ്പോള്‍ ആദ്യമായി ഒരു പേരക്കുട്ടിയെ കൈ നീട്ടി വാങ്ങുന്ന സന്തോഷമായിരുന്നു.
പലപ്പോഴായി ബ്ലോഗില്‍ വായിച്ചിരുന്ന 50 കവിതകള്‍ കോര്‍ത്തിണക്കി, കവി പവിത്രന്‍ തീക്കുനിയുടെ അവതാരികയും റഫീക് കെഎംഎസ് ഒരുക്കിയ മനോഹരമായ കവറും ഒക്കെക്കൂടി ഈ പുസ്തകം വളരെ ആകര്‍ഷകമായി പബ്ലിഷ് ചെയ്തിട്ടുള്ളത് നമുക്കേവര്‍ക്കും സുപരിചിതരായ സി എല്‍ എസ് ബുക് സ് ആണ്.

പരമ്പരാഗതകവിതകളുടെ ആരാധകനും അവയ്ക്കായി ശക്തിയോടെ വാദിക്കുന്നവനുമായ എനിയ്ക്ക് ഗദ്യകവിതകളോട്, പ്രത്യേകിച്ചും അവയില്‍ രചയിതാവ് ബോധപൂര്‍വം വരുത്തുന്ന ദുരൂഹമായ വാഗ് പ്രയോഗങ്ങളോടുമൊക്കെ എന്നും ഒരു തരം വിപ്രതിപത്തി തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ ബ്ലോഗുലകപര്യടനത്തിനിടയില്‍ കണ്ടെത്തിയ ഈ കവിതാവനിയില്‍ പലപ്പോഴും ഞാന്‍ പരിഹസിക്കുന്ന ഒറ്റവാക്ക് കമന്റുകള്‍ എഴുതിപ്പോന്നു. എന്നാല്‍ അതിനെല്ലാം മൌനം കൊണ്ട് മനോഹരമായ മറുപടിയെഴുതി ജിലു ആഞ്ജെല എന്നെ അദ്ഭുതപ്പെടുത്തി. മുന്നൂറിലധികം ഫോളോവേര്‍സ് ഉണ്ടായിരുന്നെങ്കിലും നാലോ അതില്‍ താഴെയോ അഭിപ്രായങ്ങളാണ് ജിലുവിന്റെ പല പോസ്റ്റുകള്‍ക്ക് താഴെയും കാണാനാവുക. പല പോസ്റ്റുകളിലും ഒരു അഭിപ്രായം പോലും കാണാതിരിയ്ക്കാറുമുണ്ട്.  എന്നാല്‍ അതൊന്നും ഈ കുട്ടിയുടെ കവിതാതൃഷ്ണയെ ലേശവും കെടുത്തിയിട്ടില്ല. തന്നെ ഏല്പിച്ച ഒരു നിയോഗം പോലെ ഭംഗമില്ലാതെ അവള്‍ തന്റെ കവിതാസപര്യ തുടര്‍ന്നുപോന്നു.

ഈ കവിതകള്‍ എഴുതുന്നത്  സ്ത്രീനാമത്തിലുള്ള ഏതോ പുരുഷനാണെന്നും പ്രായവും അനുഭവസമ്പത്തുമൊക്കെ ഏറെയുള്ള ഒരാളാണെന്നും ഞാന്‍ തെറ്റിദ്ധരിച്ചിട്ടുണ്ട് ആദ്യമൊക്കെ. എന്നാല്‍ ഫേസ് ബുക്കില്‍ ഈ കുട്ടിയുടെ പ്രൊഫൈല്‍ കാണുമ്പോഴാണ് യൌവനത്തിന്റെ  പടികടന്നിട്ടില്ലാത്ത സര്‍ഗധനയായൊരു എഴുത്തുകാരിയാണിവള്‍ എന്ന് തെല്ലൊരദ്ഭുതത്തോടെ ഞാന്‍ അറിയുന്നത്.

ഈ ആഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ജിലുവിന്റെ ബ്ലോഗില്‍ സന്ദര്‍ശനം നടത്തിയവരെയൊക്കെ അദ്ഭുതപ്പെടുത്തുന്ന തരത്തില്‍ ഒരു കവിതപ്പെയ്ത്ത് തന്നെ ആയിരുന്നു.
ഒരു കവിത വായിച്ച് തീരുന്നതിനുമുന്‍പ് തന്നെ അടുത്ത രണ്ടെണ്ണം പോസ്റ്റ് ചെയ്ത് അഭിപ്രായമെഴുതാന്‍ പോലും സമയമനുവദിക്കാത്ത തരത്തില്‍ ഒരു പെയ്ത്ത്. എന്നാല്‍ വായനക്കാരെ അതിശയിപ്പിക്കുന്നത്, ഇത്രയധികം കവിതകളെഴുതുമ്പോഴും അവയെല്ലാം തന്നെ അര്‍ത്ഥസമ്പുഷ്ടവും ആശയഗാംഭീര്യതയുള്ളവയുമായിരുന്നു എന്നതാണ്.

വേറൊന്ന് എടുത്ത് പറയേണ്ടുന്നത് വിഷയങ്ങളിലെ വൈവിധ്യവും വൈദഗ്ദ്ധ്യവുമാണ്. ആകാശത്തിന്റെ അപ്പുറത്തുനിന്ന് വര്‍ണ്ണവൈശിഷ്ട്യമേറിയ മേഘരാജിയെപ്പറ്റി എഴുതിയാലും ആഴിയുടെ ആഴങ്ങളിലെ മുത്തിനെപ്പറ്റി എഴുതിയാലും, പ്രണയത്തെപ്പറ്റി എഴുതിയാലും അമ്മയെപ്പറ്റി എഴുതിയാലും ചാവേറിനെപ്പറ്റി എഴുതിയാലും രാഷ്ട്രീയത്തെപ്പറ്റി എഴുതിയാലും ഭക്തിയെപ്പറ്റി എഴുതിയാലും ഈ അനുഗൃഹീതതൂലികയ്ക്ക് ഒരു വാക്കും പിഴയ്ക്കുന്നില്ല. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ തന്റെ മനസ്സിലുള്ള ആശയത്തെ കാവ്യാത്മകമായി അനുവാചകരോട് സംവേദനം ചെയ്യുന്നതില്‍ ജിലുവിന് ജന്മസിദ്ധമായൊരു കഴിവ് ഉണ്ടെന്ന്  ഈ കൊച്ചുകവിതകള്‍ നമ്മോട്  പറയുന്നു. മനസ്സ് നുറുക്കി മത്സ്യങ്ങളെയൂട്ടിയ നന്ദിതയുടെ കവിതകളോട് സാദൃശ്യം ഈ കവിതകളിലും നമുക്ക് കാണാന്‍ കഴിയും. അത് ജിലു തന്നെ പുസ്തകത്തിന്റെ ആമുഖമായി എഴുതിയിട്ടുമുണ്ട്

ഇനിയും അനേകകവിതാകുസുമങ്ങള്‍ ആ അനുഗൃഹീതതൂലികയില്‍ നിന്ന് വിരിഞ്ഞ് പരിമളം പടര്‍ത്തട്ടെ എന്ന് ആശംസിക്കുന്നു.

ബ്ലോഗേര്‍സിന്റെ രചനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാമുഖ്യം കൊടുത്ത്  പ്രസിദ്ധീകരിക്കുന്ന സീ എല്‍ എസ് ബുക്സിന്റെ  ശ്രീ ചന്ദ്രനേയും ലീല ചന്ദ്രനേയും കൂടെ അനുമോദിക്കുന്നില്ലെങ്കില്‍ ഈ കുറിപ്പ് പൂര്‍ണ്ണമാവുകയില്ല. തങ്ങളുടെ അക്ഷരങ്ങളില്‍ അച്ചടിമഷി പുരളുന്നത് സ്വപ്നം കണ്ട് നടക്കുന്ന പല എഴുത്തുകാര്‍ക്കും ഇനിയും ഇവരുടെ തുല്യതയില്ലാത്ത സേവനം അനര്‍ഗളം തുടരേണ്ടതിന്  നമുക്ക് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം പുസ്തകങ്ങള്‍ വാങ്ങി പ്രോത്സാഹിപ്പിക്കയുമാവാം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗര്‍ സുമേഷ് വാസു ജിലുവിന്റെ ബ്ലോഗിനെപ്പറ്റി ഫേസ് ബുക്കില്‍ എഴുതിയ ഒരു ചെറുകുറിപ്പുമായി  ഞാന്‍ അവസാനിപ്പിക്കട്ടെ:

“ഇതൾ കൊഴിഞ്ഞൊരു നിശാഗന്ധി” നിശാഗന്ധിയുടെ ഈ ബ്ലോഗ് കണ്ട് ഞെട്ടാറുണ്ട്. കാരണം നിങ്ങൾ ഈ ബ്ലോഗ്ഗിൽ ഒരു കവിത വായിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു നാലു പുതിയ കവിത പോസ്റ്റികഴിഞ്ഞിട്ടുണ്ടാവും ഈ ബ്ലോഗ്ഗർ. പക്ഷേ എല്ലാ കവിതകളിലും വ്യത്യസ്തയും തെറ്റില്ലാത്ത കൊള്ളാവുന്ന വരികൾ ഗ്യാരണ്ടി തന്നെ. ആളുകളുടെ വിലയിരുത്തലുകൾ പ്രതീക്ഷിക്കാതെ ആത്മനിർവ്യതിക്ക് കവിതയെഴുതുന്നുവെങ്കിൽ ഇത്ര അധികം പോസ്റ്റുകൾ ഒരു വിഷയമേയല്ല. ആതുരാലയം (http://angelasthoughtss.blogspot.com/2012/09/blog-post_8621.html0 എന്ന കവിതയിൽ ഒരു ഹോസ്പിറ്റലിലെ വിവിധ വാർഡുകളിലെ വേദനകളും, ജീവിതങ്ങളേയും, ചില വ്യർത്ഥതകളേയും ചുരുങ്ങിയ വരികളിൽ പകർത്തി വെയ്ക്കുന്നു കവിയത്രി…