Friday, December 26, 2014

ശബ്ദതാരാവലി

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള തന്റെ ജീവിതത്തിലെ വിലയേറിയ 20 വര്‍ഷങ്ങള്‍ ത്യാഗപൂര്‍വം ബലികഴിച്ച്  കൈരളിയ്ക്ക് സമ്മാനിച്ച ശബ്ദതാരാവലി എന്ന നിഘണ്ടു, മലയാളഭാഷാനിഘണ്ടുക്കളില്‍ ഏറ്റവും കറതീര്‍ന്നത് എന്നു സര്‍വ്വരാലും സമ്മതിക്കപ്പെട്ട്  ഉത്തുംഗനിലയില്‍ വിരാജിക്കുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണ്.

സുമാര്‍ ഒരു നൂറ്റാണ്ടിനു മുന്‍പ്  മഹാക്ലേശത്തിനൊടുവില്‍ അങ്ങനെയൊരു പുസ്തകം പൂര്‍ത്തിയാക്കുമ്പോള്‍ അത് വരാനിരിക്കുന്ന തലമുറകള്‍ക്കൊക്കെയും വഴികാട്ടിയായിത്തീരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കും, തീര്‍ച്ച.ആ പ്രതീക്ഷകള്‍ ഒട്ടും അസ്ഥാനത്തായില്ല, ഇന്നും ഭാഷാസ്നേഹികളും ഭാഷാവിദ്യാര്‍ത്ഥികളും വാഗ് സംബന്ധിയോ ശൈലീസംബന്ധിയോ ആയ ഏതൊരു സംശയദൂരീകരണത്തിനും ആശ്രയിക്കുന്നത് ശബ്ദതാരാവലിയെത്തന്നെ.

എന്നാല്‍ ഇത്രയും ബൃഹത്തായ ഒരു ഗ്രന്ഥം സര്‍വ്വസാധാരണമായി എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല. മാത്രമല്ല, കൊണ്ടുനടക്കുന്നതിനും സൂക്ഷിക്കുന്നതിനുമൊക്കെ വലിയ ശ്രമവും ആവശ്യമുണ്ട്.

ഈ ആധുനികകാലത്തിനു യോജിച്ചവിധം ശബ്ദതാരാവലി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള ഒരു ബൃഹദ്പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 1700-ല്‍ പരം പേജുകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന പദവിശദീകരണങ്ങള്‍ തരിമ്പും വ്യത്യാസമില്ലാതെ, ചിഹ്നങ്ങള്‍ പോലും അതേപടി ടൈപ്പ് ചെയ്ത് ഒരു ഡിജിറ്റല്‍ പതിപ്പ് പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് അന്‍പതില്‍ പരം മലയാളഭാഷാസ്നേഹികള്‍ ഈ പദ്ധതിയില്‍ തങ്ങളുടെ സമയവും ഊര്‍ജ്ജവും സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഫേസ് ബുക്കിലെ “നല്ല മലയാളം” ഗ്രൂപ്പിന്റെ ബാനറില്‍ വിശ്വപ്രഭ എന്ന ജീനിയസിന്റെ നേതൃത്വത്തിലാണ് ഈ പ്രോജക്റ്റ്  പുരോഗമിക്കുന്നത്.

ഈ വന്‍ പദ്ധതിയുടെ ഭാഗമായി എന്നെയും സമര്‍പ്പിച്ചിരിക്കയാല്‍ ഏതാനും ദിവസത്തേയ്ക്ക് ബ്ലോഗുകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും എന്റെ സാന്നിദ്ധ്യം വളരെ ചുരുക്കമായിരിക്കും. എങ്കിലും പിന്നീട് നിങ്ങളെ സന്ദര്‍ശിക്കുന്നതായിരിക്കും എന്ന്  ഉറപ്പ് തരുന്നു.

ശ്രീകണ്ഠേശ്വരം 20 വര്‍ഷങ്ങള്‍ ശബ്ദതാരാവലിയ്ക്കായി ത്യാഗപൂര്‍വ്വം സമര്‍പ്പിച്ചെങ്കില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ അതിന്റെയൊരു രൂപമാറ്റത്തിനായി സമര്‍പ്പിക്കുന്നതില്‍ ഒരു നഷ്ടബോധവും തോന്നേണ്ടതില്ല, നേരേമറിച്ച് നാം മലയാളഭാഷയ്ക്ക് നല്‍കാവുന്ന, എന്നാല്‍ കഴിയുന്ന എളിയ സംഭാവനയും വഴിപാടുമായി ഈ ദിവസങ്ങളെ കൈരളിക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.

https://www.facebook.com/groups/nallamalayalam/

Monday, September 15, 2014

മഞ്ഞമന്ദാരമേ.......!




“അങ്കിളേ.. എങ്ങോട്ടാ ഇത്ര സ്പീഡില്‍?“

ഓഫീസിലെ പ്രഭാതത്തിരക്കില്‍ നിന്ന് വര്‍ക് ഷോപ്പിലേയ്ക്ക് ഒന്നിറങ്ങിയപ്പോള്‍ ഒരു പിന്‍വിളി!

ഓ... തിരക്കില്‍ അവളെ ഒന്ന് നോക്കാന്‍ മറന്നു.
ഞാന്‍ തിരിഞ്ഞുനോക്കി
സുന്ദരിയായൊരു മഞ്ഞപ്പൂവ്.
പ്രഭാതപ്പൊന്‍ വെയിലില്‍ മെല്ലെ തലയാട്ടിക്കൊണ്ട് ചിരിക്കുന്നു

ങ്ഹൂം... നീ ചിരിക്കും. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞോട്ടെ. ഗള്‍ഫിലെ ജൂലൈമാസച്ചൂട് നീ അറിയാനിരിക്കുന്നതേയുള്ളു.

ചൈനയില്‍ നിന്ന് വാല്‍വ് കയറ്റി വന്ന പെട്ടിയില്‍ സ്റ്റഫിംഗ് മെറ്റീരിയല്‍ ആയി വച്ചിരുന്നത് വൈക്കോല്‍ ആയിരുന്നു. വാല്‍വുകളൊക്കെ എടുത്തിട്ട് വൈക്കോല്‍ ഒരു സൈഡിലേയ്ക്ക് മാറ്റിയിട്ടു.

വെള്ളിയും ശനിയും കഴിഞ്ഞ് ഓഫീസിലെത്തി വൈക്കോല്‍ വാരി മാറ്റാന്‍ ചെന്നപ്പോള്‍ അതില്‍ നിന്ന് കുഞ്ഞിത്തല ഉയര്‍ത്തി ഒരു ചെടിക്കുഞ്ഞ്.

രണ്ട് തളിരിലകളും ഒരു നാമ്പും.

ചൈനയിലെ ഏതോ അജ്ഞാതവയലില്‍ നിന്ന് വൈക്കോലിന്റെയൊപ്പം ഇല്ലീഗല്‍ ഇമിഗ്രന്റ് ആയി ബഹറിനില്‍ എത്തിയ ഏകാകിയായ വിത്ത്.

ഇളംചെടിയെ ഞാന്‍ ശ്രദ്ധയോടെ എയര്‍ കണ്ടീഷണര്‍ ഡ്രെയിന്‍ പൈപ്പില്‍ നിന്ന് വെള്ളം വീഴുന്ന സ്ഥലത്തേയ്ക്ക് മാറ്റി വച്ചു.

ഏത് കൊടും ദാരിദ്രാവസ്ഥയിലായാലും പെണ്‍കുട്ടികള്‍ക്ക് താരുണ്യം വന്ന് നിറയുന്ന ഒരു കാലമുണ്ട് അവരുടെ വളര്‍ച്ചയില്‍. അതുപോലെ തന്നെ ആ കൊടും ചൂടിലും കുഞ്ഞിച്ചെടിയില്‍ പ്രകൃതി താരുണ്യചിത്രങ്ങള്‍ വരച്ചു. അവള്‍ മെല്ലെ വളര്‍ന്നു

നാല്പത് വര്‍ഷങ്ങളിലെ റിക്കാര്‍ഡ് ചൂട് ആണ് എന്ന് റേഡിയോവില്‍ വാര്‍ത്ത കെട്ട ദിവസമാണ് കുഞ്ഞിച്ചെടിയില്‍ ഒരു മൊട്ട് വളരുന്നതായി കണ്ടത്. അറിയാതെ എന്റെ മനസ്സിലും ഒരു സന്തോഷമൊട്ടിട്ടു.

ഇന്നലെയാണ് അവള്‍ വിരിഞ്ഞത്! സുന്ദരിയായൊരു മഞ്ഞപ്പൂവ്. ഒറ്റയ്ക്ക്, കത്തുന്ന വേനലില്‍, അറിയാത്ത ദേശത്ത്, ഒരു സുന്ദരിപ്പൂവ്

“കുഞ്ഞിച്ചെടിയേ... നിനക്ക് ദുഃഖമില്ലേ?”

“എന്തിന്”

“നിന്റെ ജന്മദേശത്ത് കൂട്ടുകാരുടെ ഇടയില്‍ സന്തോഷത്തോടെ ജീവിക്കേണ്ടവള്‍ നീ, ഇവിടെ വന്ന് ഈ മരുഭൂമിയില്‍ ഒറ്റയ്ക്ക്. വിഷമമില്ലേ നിനക്ക്?“

“ഇല്ല“ കുഞ്ഞിച്ചെടി പറഞ്ഞു. “അനേകായിരം കാതങ്ങള്‍ ഏകയായി താണ്ടി നിന്റെ മുന്നില്‍ ഒരു വിത്തായി എത്തുവാനും മുളയ്ക്കാനും പൂവിടാനുമായിരുന്നു എന്റെ നിയോഗം. അതില്‍ എന്റെ ഇഷ്ടത്തിനെന്ത് പ്രസക്തി”

“എന്നാലും...........” ഞാന്‍ ഒന്ന് മടിച്ചിട്ട് തുടര്‍ന്നു. “ഈ ചൂട് നിനക്ക് സഹിക്കാവതുണ്ടോ? ഈ വരണ്ട കാറ്റില്‍ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ നിനക്ക് അതിജീവനം കാണുമോ”

എന്റെ മുഖം ശോകമയമാകുന്നത് കുഞ്ഞിച്ചെടി കണ്ടു.

‘എന്റെ മണ്ടനങ്കിളേ...!” കുഞ്ഞിച്ചെടി ഒന്ന് ചിരിച്ചു.

“രണ്ടുനാളെങ്കില്‍ രണ്ടുനാള്‍. ആ രണ്ടുനാള്‍ സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”

“ദേ മേലെ നിന്ന് ആ റ്റ്യൂബ് വഴി വല്ലപ്പോഴും ഒഴുകിയെത്തുന്ന വെള്ളത്തുള്ളികള്‍ കണ്ടോ?”

ഞാന്‍ മേലോട്ട് നോക്കി.

‘അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“

മഞ്ഞപ്പൂവിന്റെ മുഖം ഒന്ന് തുടുത്തു. അതില്‍ നിന്ന് സൌരഭ്യം പ്രസരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ സന്തോഷത്തോടെ കൊടുംവെയിലിലേക്കിറങ്ങി. 




Friday, August 8, 2014

ജീവിതം എന്ന മോഹിനി








വിജയന്റെ ശിഷ്യത്വത്തിലാണ് ബീഡി വലിക്കാനും കഞ്ചാവ് വലിക്കാനും കള്ള് കുടിക്കാനും പഠിച്ചത്. പിന്നെ ഗള്‍ഫിലേയ്ക്ക് പോന്നപ്പോള്‍ ആ ബന്ധം വളരെ ദുര്‍ബലമായിത്തീര്‍ന്നു. അവധിക്കാലത്ത് മാത്രം കാണുന്ന സൌഹൃദം. ഓരോ അവധിക്ക് നാട്ടിലെത്തുമ്പോഴും വിജയന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങള്‍ കുറഞ്ഞു വരുന്നുണ്ടായിരുന്നു. ആദ്യത്തെ അവധിക്കാലത്താണ് വലതുകാല്‍പ്പാദം മുറിച്ച് മാറ്റിയത്.
“അത് ബീഡി വലിച്ചിട്ട് ഉണ്ടായ സൂക്കേടാന്നാ ഡോക്ടറ് പറഞ്ഞത്“

പറയുമ്പോളുള്ള മുഖഭാവം കണ്ടപ്പോള്‍ വിജയന് ഇതൊന്നും പ്രശ്നമല്ല എന്ന് തോന്നി.
അടുത്ത അവധിക്കാലത്തിന് തൊട്ടുമുന്‍പ് നാട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍വിജയന്റെ വലതുകാല്  മുട്ടിന് മേല്‍ വച്ച് മുറിച്ചുമാറ്റി എന്നറിഞ്ഞു.


നാട്ടിലെത്തിയ ദിവസം തന്നെ വിജയനെ കണ്ടു. മുമ്പുണ്ടായിരുന്ന നെഞ്ചുറപ്പ് കാണാനില്ല ഇപ്പോള്‍. മീന കൂലിപ്പണിക്ക് പോയിട്ടാണ് ചെലവ് കഴിയുന്നത്. ചില സഹായങ്ങള്‍ കൊണ്ട് ചികിത്സയും.


ഗള്‍ഫിലാണെങ്കിലും ദുരിതപര്‍വം താണ്ടുന്ന ഞാന്‍ കഴിവതിനപ്പുറം ഒരു തുക കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ മീന ഒന്ന് മടിച്ചു.


അടുത്ത അവധിക്കാലത്ത് ഇടതുകാലും മുട്ടിന് താഴെ വച്ച് മുറിച്ചു. മെഡിക്കല്‍ കോളേജില് കൊണ്ടുപോകാനും വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാനും സാധിച്ചു. എല്ലാത്തിനും മീന നന്ദി പറഞ്ഞത്  സങ്കടത്തോടെയാണ്.


പിന്നത്തെ അവധിക്കാലത്ത് അരയ്ക്ക് താഴെ ശരീരമില്ലാത്ത വിജയനെ കണ്ടു.

അടുത്ത അവധിക്കാലമായപ്പോഴേയ്ക്കും ഇടംകൈ തോള് ചേര്ത്ത്  മുറിച്ചിരുന്നു. ഇങ്ങനെ നരകിപ്പിക്കാതെ മനുഷ്യരെ വേഗം ജീവിതത്തില്‍ നിന്ന് തിരിച്ച് വിളിക്കുന്നതെത്ര നന്നായിരിക്കും എന്നാണ് തോന്നിയത്.

ഉപഗുപ്തന്റെ മുന്‍പില്‍ കിടന്ന വാസവദത്തയുടെ ശരീരമെന്ന മാംസപിണ്ഡം പോലെ ഒരു മനുഷ്യ രൂപം.

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞുപോയി. അടുത്ത അവധിക്കാലവുമെത്തി. വേറെ ആര്‍ക്കും ഒന്നും വാങ്ങിയില്ലെങ്കിലും വിജയന് വേണ്ടി ചില സാധനങ്ങള്‍ വാങ്ങാന്‍ മറന്നില്ല.

അവശേഷിച്ച വലതുകയ്യിലും പഴുപ്പ് ബാധിച്ച് വല്ലാത്ത വേദന കടിച്ച് പിടിച്ചിരിക്കുമ്പോഴും എന്നെ കണ്ട സന്തോഷം ആ മുഖത്ത് തെളിഞ്ഞു.

“ഇതും കൂടെ മുറിച്ച് കളഞ്ഞാല്‍ പിന്നെ കുഴപ്പമില്ലെന്നാ ഡോക്ടറ് പറഞ്ഞത്” വിജയന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ പൊന്‍തിരിവെട്ടം!

ജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!

അതിന്റെ മുന്നില്‍ ഞാന്‍ നിശ്ശബ്ദനായി നിന്നു.

Sunday, April 20, 2014

അങ്ങനെ ഒരു അവധിക്കാലത്ത്

പ്രിയ സുഹൃത്തുക്കളെ,
ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ അവധിക്കാലം ചെലവിടാന്‍ ഗ്രാമത്തിലേയ്ക്ക് പോകുന്നു. ഇനി 42 ദിവസം തനി ഗ്രാമീണന്‍ ആയിട്ട് ഒരു വേഷം. ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത്.
നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളില്‍ വന്ന് വായിക്കാന്‍ എന്നെ കണ്ടില്ലെങ്കില്‍ “അജിത്ത് ചേട്ടന് എന്തുപറ്റിക്കാണും?” എന്നൊരു സന്ദേഹം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നോട്ടീസ്.
അവധി കഴിഞ്ഞെത്തുന്നതുവരെ സ്നേഹപൂര്‍വം വിട!