Saturday, October 12, 2013

അവിചാരിതസന്തോഷങ്ങള്‍



പ്രിയപ്പെട്ട ഇസ് ഹാക്കിന്റെ പ്രിയപുത്രി ജുമാന സ്നേഹപൂര്‍വം വരച്ച് അയച്ചുതന്ന ചിത്രം. കാണാപ്പുറങ്ങളിലിരുന്ന് സ്നേഹിക്കുന്ന പ്രിയകുടുംബത്തിന് ഹൃദയം നിറയെ ആശംസകളല്ലാതെ തിരിച്ചൊന്നും നല്‍കുവാനില്ല.
ഈ ചിത്രം എന്റെ എല്ലാ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഞാന്‍ വളരെ അഭിമാനപൂര്‍വമാണ് കാണിച്ചത്.
എല്ലാവരും ആ കുഞ്ഞിന്റെ ചിത്രകലാവൈദഗ്ദ്ധ്യമോര്‍ത്ത് വിസ്മയിച്ചു
ഞാനോ ആ കുഞ്ഞിന്റെ മനസ്സില്‍ ഞങ്ങളോടുള്ള സ്നേഹത്തെയോര്‍ത്ത് വിസ്മയിച്ചു. അവളുടെ ബ്ലോഗില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പോയി ഒന്നോ രണ്ടോ വാക്കുകള്‍ അഭിപ്രായമെഴുതുന്നതല്ലാതെ ഒരു മെയിലോ ഫോണ്‍വിളിയോ അങ്ങനെ ഒരുകമ്യൂണിക്കേഷനും ഇല്ല. പെരുന്നാളിനും മറ്റുള്ള വിശേഷദിവസങ്ങളിലും വല്ലപ്പോഴും ഇസ് ഹാകിന് ഒരു ആശംസ നേര്‍ന്നാലായി.
അതുകൊണ്ട് തന്നെ ഈ സ്നേഹസമ്മാനം ഞങ്ങള്‍ക്ക് അളവില്ലാത്ത സന്തോഷമാണുണ്ടാക്കിയത്. അനു അപ്പോള്‍ത്തന്നെ ഈ ചിത്രം അവളുടെ മൊബൈലില്‍ സ്ക്രീന്‍ സേവര്‍ ആക്കി. വലിയ സന്തോഷങ്ങളുടെ സാദ്ധ്യതകളൊന്നുമില്ലാത്ത ജീവിതത്തില്‍ ഇതുപോലെ അപ്രതീക്ഷിതസംഭവങ്ങള്‍ ഞങ്ങളെ ഉത്സാഹിപ്പിക്കാറുണ്ട്.
ഈ അവസരത്തില്‍ ഞങ്ങളെപ്പറ്റി അല്പം മനസ്സ് തുറക്കുന്നത് നന്നായിരിയ്ക്കുമെന്ന് തോന്നുന്നു. വളരെ ദരിദ്രമായ ചുറ്റുപാടിലായിരുന്നു എന്റെ ബാല്യവും കൌമാരവും. എനിയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ എന്റെ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. പിന്നെ മാതൃഗൃഹത്തില്‍ നിന്നും അയല്പക്കങ്ങളില്‍ നിന്നുമുള്ള സഹായത്തോടെ ആണ് ഞങ്ങള്‍ ആറുമക്കളും അമ്മയും ജീവിച്ചത്. എന്റെ മൂത്ത സഹോദരന് സൌദി അറേബ്യയില്‍ ഒരു ജോലി ലഭിച്ചതോടെയാണ് ആ ദാരിദ്യ്രത്തിന് മാറ്റമുണ്ടായിത്തുടങ്ങിയത്. അനുവിന്റെ വീട് ഇടുക്കി ജില്ലയില്‍ ഏലപ്പാറയ്ക്കടുത്താണ്. അവിടത്തെ ഭൂരിഭാഗം പെരും തേയില എസ്റ്റേറ്റുകളിലെ ജോലിക്കാരായിരുന്നു. ഇലയ്ക്കാട്ടിലെ എന്റെ വീടിനടുത്ത് അനുവിന്റെ ഒരു ബന്ധുവീട് ഉണ്ടായിരുന്നു. കുറവിലങ്ങാട്  ഒരു മെഡിക്കല്‍ കോഴ്സ് പഠിയ്ക്കുന്നതിനിടെ അനു അവിടെ എല്ലാ ആഴ്ച്ചയും വരാറുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടില്‍ മാത്രം റ്റിവി ഉണ്ടായിരുന്നതിനാല്‍ “രാമായണം” കാണാന്‍ അവിടെ അയല്പക്കക്കാരെല്ലാം വരിക പതിവുണ്ട്. ഒരു അവധിക്കാലത്ത് അങ്ങനെ ഞങ്ങള്‍ കണ്ടുമുട്ടി. പ്രഥമദര്‍ശനാനുരാഗം. പക്ഷെ അത് കഠിനമായ എതിര്‍പ്പാണുണ്ടാക്കിയത്. പ്രേമവിവാഹം 30-35 വര്‍ഷം മുമ്പെ ഞങ്ങളുടെ വീട്ടില്‍ പതിവായിരുന്നെങ്കിലും മിശ്രവിവാഹത്തിന് അവര്‍ ഒരുക്കമല്ലായിരുന്നു.പല സമരമുറകള്‍ക്ക് ശേഷം 7 വര്‍ഷങ്ങള്‍ക്കൊടുവില്‍ ഞങ്ങളുടെ വിവാഹം നടന്നു. തികച്ചും വിപ്ലവകരമായിരുന്നു ആ വിവാഹം. ഏറ്റം അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളുമൊക്കെയായി മുപ്പതുപേര്‍ മാത്രം. ഏലപ്പാറയില്‍ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ മുണ്ടക്കയത്ത് ഒരു ഹോട്ടലില്‍ ഊണും ഏര്‍പ്പാടാക്കിയിരുന്നു. ഒരു മാസം കഴിഞ്ഞ് ഞങ്ങള്‍ എന്റെ ജോലിസ്ഥലമായ സിംഗപ്പൂരിലേയ്ക്ക് യാത്രയായി. അവിടെ പേയിംഗ് ഗസ്റ്റ് ആയി ഒരു തമിഴ് കുടുംബത്തിനൊപ്പമാണ് താമസിച്ചത്. വളരെ സ്നേഹമുള്ള ജഗന്നാഥന്‍ താത്തയും അദ്ദേഹത്തിന്റെ ഭാര്യയും മാത്രം. ഭാര്യയാകട്ടെ വീല്‍ ചെയര്‍ ബൌണ്ടഡ് ആണ്. എത്ര ക്ഷമാപൂര്‍വമാണ് ജഗന്നാഥന്‍ താത്ത അവരെ ശുശ്രൂഷിക്കുന്നതെന്നോ! മകള്‍ മഹേശ്വരിയെ വിവാഹം കഴിച്ചിരിയ്ക്കുന്നത് മലേഷ്യയിലുള്ള രാജു ആണ്. (സിംഗപ്പൂര്‍-മലേഷ്യ ഒരു പാലത്തിനിക്കരെയക്കരെയാണ്. ദിവസേന അവിടെ നിന്ന് ഇവിടെ വന്ന് ജോലി ചെയ്ത് തിരിച്ചുപോകുന്നവരൊക്കെയുണ്ട്) അവര്‍ എല്ലാ ആഴ്ച്ചയും വരും.
അന്നൊക്കെ ലോകം പിടിച്ചടക്കിയ അനുഭൂതിയായിരുന്നു ഞങ്ങള്‍ക്ക്. അനു ഛര്‍ദിച്ചപ്പോള്‍ ജഗന്നാഥന്‍ താത്ത പതിന്നാലാം നിലയില്‍ നിന്ന് താഴെയിറങ്ങി കടയില്‍ ചെന്ന് ഹോര്‍ലിക്സ്, മൈലോ, പഴങ്ങള്‍ എല്ലാം വാങ്ങിക്കൊണ്ട് വന്നു.
“ഇനി മുമ്പത്തെപ്പോലെയൊന്നും പോര, നന്നായി ഭക്ഷണം കഴിയ്ക്കണം, ആരോഗ്യം നോക്കണം” എന്നൊക്കെ പറഞ്ഞു.
പിന്നെ അനു നാട്ടിലേയ്ക്ക് പോന്നു.
ദാമ്പത്യവല്ലരി പുഷ്പിക്കാന്‍ പോകുന്നതില്‍ അതിയായ ആഹ്ലാദത്തോടെ ഞങ്ങള്‍ കഴിഞ്ഞു.
എന്നാല്‍ ആ ആഹ്ലാദം അധികകാലം നീണ്ടുനിന്നില്ല.
“കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെടോ. നിങ്ങള്‍ വിഷമിക്കേണ്ട” എന്ന് ഡോക്ടര്‍ പറഞ്ഞ്  ഞങ്ങളെ ആശ്വസിപ്പിച്ചു. പക്ഷെ പിന്നീട് ഒരിയ്ക്കലും കടുക്കനിട്ടവന്‍ വരികയുണ്ടായില്ല.

പിന്നെ പല ആശുപത്രികള്‍, പലതരം ചികിത്സകള്‍, പ്രാര്‍ത്ഥനകള്‍, നേര്‍ച്ചകള്‍, കാഴ്ച്കകള്‍.
കൊടുങ്ങല്ലൂര്‍ കെ.ജെ ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് അഷറഫ് ആയിരുന്നു ഞങ്ങളുടെ ഡോക്ടര്‍.
എല്ലാ ടെസ്റ്റുകളും നടത്തി. മൂന്ന് വര്‍ഷം ചികിത്സ.
“ഒരു കുഴപ്പവും കാണുന്നില്ലെടോ. സുകുമാരഘൃതം എന്നൊരു നെയ്യുണ്ട്. നിങ്ങള്‍ അതു വാങ്ങിക്കഴിച്ചുനോക്കൂ” എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ കൈവിടുകയാണെന്ന് മനസ്സിലായി. അനു കരഞ്ഞു. ആ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് ബസ് സ്റ്റാന്‍ഡിലേയ്ക്ക് നടക്കുമ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവന്നു.
പിന്നെ ഉദയമ്പേരൂര്‍ ചുള്ളിക്കാട് രാമന്‍ വൈദ്യരുടെ ചികിത്സ ആയിരുന്നു.
അതിന് ശേഷം എറണാകുളം വിജയ ഹോസ്പിറ്റലിലെ ഡോ. വിജയലക്ഷ്മി
സിംഗപ്പൂരില്‍ നിന്ന് സമ്പാദിച്ചതൊക്കെ ഈ ചികിത്സ കൊണ്ട് തന്നെ തീര്‍ന്നിരുന്നു. വന്ധ്യതാചികിത്സ ഏറ്റവും ചെലവേറിയതാണ്. എത്ര മുടക്കിയാലും ഒരു കുഞ്ഞിക്കാല് കാണണമെന്നാഗ്രഹിച്ചുപോവുകയില്ലേ മനുഷ്യര്‍!
സിംഗപ്പൂരില്‍ നിന്ന് ജോലി നിര്‍ത്തിവന്ന് ഒരു പിക്-അപ്  ട്രക്ക്  വാങ്ങിയിരുന്നു. ചികിത്സയും ജീവിയ്ക്കാനുള്ള ചെലവും കൂടെ നടക്കുകയില്ലെന്ന് മനസ്സിലായപ്പോള്‍ വീണ്ടും ഒരു ജോലി തേടിയിറങ്ങി. അങ്ങനെയാണ് ബഹറിനില്‍ എത്തുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് അനുവും ബഹറിനിലെത്തി. ഇവിടെയും ചികിത്സ തുടര്‍ന്നുപോന്നു. എല്ലായിടത്തും എല്ലാ ടെസ്റ്റുകള്‍ക്ക് ശേഷവും “ഒരു പ്രശ്നവുമില്ല” എന്ന റിപ്പോര്‍ട്ട് ആണ് കിട്ടുക.
ഏറ്റവും അവസാനം കൊച്ചി ബോണ്‍ഹാള്‍ ക്ലിനിക്കിലെ ചികിത്സയും കൂടി കഴിഞ്ഞ് ചികിത്സാപര്‍വത്തിന് അവസാനമിട്ടിരിക്കുകയാണ് ഞങ്ങള്‍.
ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുവാന്‍ വേണ്ടി പല അന്വേഷണവും നടത്തിയെങ്കിലും നിയമപ്രകാരമുള്ള പട്ടികയിലെ നാലഞ്ചു പ്രധാനകണ്ടീഷനുകള്‍ സാധിയ്ക്കാന്‍ ആവാത്തതിനാല്‍ ആ വഴിയും അടഞ്ഞു.
സങ്കടങ്ങളുണ്ടെങ്കിലും നിരാശരല്ല ഞങ്ങള്‍
ആവുന്നവിധം മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
ഇവിടത്തെ ജോലി മതിയാക്കിയെത്തുമ്പോള്‍ അശരണര്‍ക്ക് ഒരു ആശ്വാസമായിരിയ്ക്കണം, അതിനെന്തെങ്കിലും സംരംഭം തുടങ്ങണമെന്നാണ് ഞങ്ങളുടെ പദ്ധതി. വഴിയരികില്‍ ഉപേക്ഷിയ്ക്കപ്പെടുന്നവര്‍ക്കും അനാഥര്‍ക്കും ഒക്കെ ഒരു കൈത്താങ്ങായി കഴിയുന്നേടത്തോളം മുന്‍പോട്ടു പോകണം എന്ന് ചിന്തിക്കുന്നു.
ഇതിനിടയിലും ഞങ്ങള്‍ക്ക് സന്തോഷം തരുന്ന ഒരു കാര്യമുണ്ട്.

ഇവള്‍ സോണി. ഹൈദരാബാദില്‍ എവിടെയോ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. നന്നായി പഠിയ്ക്കുന്ന ഇവള്‍ക്ക് ഡോക്ടര്‍ ആകണമെന്നാണാഗ്രഹം. ഞങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ അവള്‍ പഠിയ്ക്കുകയാണ്.
വല്ലപ്പോഴും സന്തോഷം തളിര്‍ക്കുന്നത് ഇവളുടെ കത്ത് കിട്ടുമ്പോഴും പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടുമ്പോഴൊക്കെയാണ്.
അടുത്ത അവധിയ്ക്ക് പോകുമ്പോള്‍ കാണണമെന്ന് പറഞ്ഞിരിക്കുകയാണവള്‍. എന്നാലും എനിയ്ക്ക് ഒരു സസ്പെന്‍സ് അങ്കിള്‍ ആയിത്തുടര്‍ന്നിട്ട് നല്ലൊരു സന്ദര്‍ഭം വരുമ്പോള്‍ അവളെ കാണണമെന്നാണാഗ്രഹം
അങ്ങനെയാണ് ഞങ്ങളുടെ ലൈഫ് മുമ്പോട്ട് പോകുന്നത്.
ഇത്രയൊക്കെ ഷെയര്‍ ചെയ്യാനിടയായത് ഞങ്ങള്‍ ആരെന്നോ എന്തെന്നോ അറിയാതെ ഞങ്ങളെ സ്നേഹിക്കയും ദിവസങ്ങള്‍ ചെലവിട്ട് ഞങ്ങളുടെ ചിത്രം വരച്ച് അയയ്ക്കുകയും ചെയ്ത ആ കുഞ്ഞിനോടുള്ള വാത്സല്യം കൊണ്ടാണ്. ഒപ്പം എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് പരിമിതമായെങ്കിലും ഞങ്ങള്‍ ആരാണെന്ന്  ഒരു ധാരണ ഉണ്ടാകണമെന്ന് ആഗ്രഹം കൊണ്ടും.
സങ്കടം ഒതുക്കുകയും സന്തോഷം പങ്കിടുകയും ചെയ്യണം എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. അതുകൊണ്ട് വിശേഷങ്ങളിവിടെ നിര്‍ത്തട്ടെ.

സോണിയെക്കുറിച്ച് മുമ്പ് എഴുതിയ ഒരു പോസ്റ്റ്: സോണി
ജുമാനമോളുടെ ബ്ലോഗ്: http://jumanasam.blogspot.com/
ആരിഫമോളുടെ ബ്ലോഗ്: http://risamaarifa.blogspot.com/
ഇസ് ഹാക്കിന്റെ ബ്ലോഗ്: http://ishaqh.blogspot.com/

 

Saturday, August 3, 2013

ബാഗ് ദാദിലേയ്ക്ക് വീണ്ടും.

ഓ ബാഗ് ദാദ്, ബാഗ് ദാദ്
നിന്റെ തെരുവുകള്‍ കത്തുമ്പോള്‍ വീണ വായിച്ചു രസിച്ചവര്‍
അവര്‍ സുരക്ഷിതരായും സ്വപ്നങ്ങള്‍ കാണുകയും
മണിമേടകളില്‍ നിദ്രയെ പൂകുകയും ചെയ്തുവല്ലോ

ഓ ബാഗ് ദാദ്,
ഞങ്ങളുടെ കുട്ടിക്കാലത്ത്
നിന്റെ കഥകള്‍ പറഞ്ഞുതരാന്‍ ഞങ്ങള്‍ക്ക്
അമ്മയും ചേച്ചിമാരും ഉണ്ടായിരുന്നു

ഞങ്ങളുടെ കുഞ്ഞുസ്വപ്നങ്ങളില്‍
നിന്റെ പേര്‍ ഞങ്ങള്‍ക്ക് കൌതുകമായ് തിളങ്ങി
നൂറായിരം കാതങ്ങള്‍ക്കകലെ
നിന്റെ തെരുവുകളില്‍ ഞങ്ങള്‍ ഒരു
മാന്ത്രികപ്പരവതാനിയില്‍ പറന്നിറങ്ങി
കഥയിലെ രാജകുമാരനും കുമാരിയുമായി
മുത്തുകളും രത്നങ്ങളും ശേഖരിച്ചപ്പോള്‍
ഞങ്ങളുടെ ആണുങ്ങള്‍ അവിടെ
സ്വര്‍ഗങ്ങള്‍ പണിതു
അവര്‍ തിരിയെ വന്നപ്പോള്‍
ഞങ്ങളുടെ വായില്‍ പാട്ടും മുഖങ്ങളില്‍ സന്തോഷവും പിറന്നു
അന്ന് ഞങ്ങളുടെ കൊച്ചുമേല്‍ക്കൂരയ്ക്കുള്ളില്‍ നിന്ന്
ആര്‍പ്പിന്റെ സ്വരങ്ങളാണുയര്‍ന്നത്

ഓ ബാഗ് ദാദ്
നിന്റെ തെരുവുകളില്‍ ഇന്ന് മുത്തുകള്‍ വില്‍ക്കപ്പെടുമൊ
അവിടെ കുഞ്ഞുങ്ങള്‍ക്കായി പാവക്കുട്ടികള്‍ തൂക്കിയിട്ട കടകളുണ്ടൊ
അവിടെ ചന്തപ്പുരകളിലെ വെളിയിടത്തില്‍
ഹുക്കയോട് ബന്ധിയ്ക്കപ്പെട്ട അമ്മാവന്മാരുമപ്പൂപ്പന്മാരും
സുലൈമാനി നുണഞ്ഞുകൊണ്ട് കഥ പറയുന്നുണ്ടാവുമോ
അസ്തമയസൂര്യനെ നോക്കി
ഹോ ഈ വര്‍ഷം എന്തൊരു ചൂടാണെന്ന് പറയുന്നുണ്ടാവുമോ
ചിരിയ്ക്കുന്ന കുരുന്നുകള്‍ സ്കൂളില്‍ പോകുന്നുണ്ടാവുമോ
കറുത്തകുപ്പായങ്ങള്‍ക്കുള്ളില്‍ നിന്ന്  മിഴിവുള്ള മിഴികള്‍
മൊഴികളുതിര്‍ക്കുന്നുണ്ടാവുമൊ
ഓ ബാഗ് ദാദ് ബാഗ് ദാദ്, പ്രിയനഗരമേ
ജനപൂര്‍ണ്ണയായ നഗരം വിലാപഭൂമിയായിത്തീര്‍ന്നതെങ്ങനെ

നിന്റെ മാളത്തില്‍ നിന്ന് ആ താടിക്കാരനെ ഒരെലിയെന്ന പോല്‍
തൂക്കിയെടുത്ത് വായിലെ പല്ലുകളെണ്ണിയപ്പോള്‍
ഞങ്ങള്‍ വേദനിച്ചു.
ഇഷ്ടമില്ലായിരുന്നവനെ
പിന്നെയും ഞങ്ങള്‍ വേദനിച്ചു
ഞങ്ങള്‍ക്കുള്ളില്‍ മനസ്സെന്നൊരു ദൌര്‍ബല്യമുണ്ടായിരുന്നല്ലോ

അവന്‍ പോയാല്‍ നീ സ്വര്‍ഗമാകുമെന്നവര്‍ പറഞ്ഞപ്പോള്‍
ഞങ്ങള്‍ വിശ്വസിച്ചു
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ആ പ്രതിമ വീഴ്ത്തിയിട്ട് നിങ്ങളാടിയ
വേതാളനൃത്തം ഇന്നും ഞങ്ങടെ കണ്ണിലുണ്ടല്ലോ
നിങ്ങടെ ജയോല്ലാസവും അട്ടഹാസങ്ങളും
ഞങ്ങളാവോളം കണ്ടപ്പോള്‍
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ചോദിച്ചു
“അബ്ബാ, അവരെന്തിനാണ് സന്തോഷിയ്ക്കുന്നത്?”
“തിന്മയുടെ മേല്‍ നന്മ വിജയിച്ചു മകനേ!”
ഞങ്ങള്‍ പറഞ്ഞത്  പരമാര്‍ത്ഥമായിട്ടല്ലേ
ഞങ്ങള്‍ക്ക് കളങ്കമേതുമില്ലായിരുന്നല്ലോ
നിങ്ങള്‍ വെളുപ്പുള്ളവര്‍, അറിവുള്ളവര്‍
ശക്തിയും സമ്പത്തും നിങ്ങള്‍ക്കല്ലോ
നിങ്ങള്‍ ചൊല്ലിത്തന്നു
ഞങ്ങളതേറ്റുപാടി

ഞങ്ങളോട് നിങ്ങള്‍  പറയണം
ഏതായിരുന്നു തിന്മ
ആരായിരുന്നു ദുഷ്ടന്‍
എവിടെയായിരുന്നു
നിങ്ങള്‍ അരുളിച്ചെയ്ത വാഗ്ദത്തഭൂമി

ഞങ്ങള്‍ ദൈവമായിരുന്നെങ്കില്‍
നിങ്ങളുടെ തലയില്‍ ഇടിത്തീ വീഴിയ്ക്കുമായിരുന്നു
ഞങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ നിങ്ങളെ
കല്ലിന്മേല്‍ കല്ല് ശേഷിയ്ക്കാതവണ്ണം
നിശ്ശേഷരാക്കുമായിരുന്നു
നിങ്ങടെ കോട്ടകൊത്തളങ്ങള്‍
നിലം പരിചാക്കിയേനെ

ഞങ്ങള്‍ മാന്ത്രികരായിരുന്നെങ്കില്‍
ശക്തരായിരുന്നെങ്കില്‍
ഹൃദയവും മനഃസ്സാക്ഷിയുമില്ലായിരുന്നെങ്കില്‍
നിങ്ങളെപ്പോലെയായിരുന്നെങ്കില്‍
നിങ്ങളിങ്ങനെ നിങ്ങളായിട്ടിരിയ്ക്കയില്ലായിരുന്നു

ഓ ബാഗ് ദാദ് ബാഗ് ദാദ്
യൂഫ്രട്ടീസിലും ടൈഗ്രിസിലും
പ്രവാചകന്മാരുടെ കാലടിപ്പാടുകള്‍ പതിഞ്ഞ
മണല്‍നഗരങ്ങളിലും
മരുഭൂമിയിലും മരുപ്പച്ചകളിലും
ചരിതങ്ങളേറെ പിറന്ന നിന്റെ പുണ്യസ്ഥലികളിലും
നിന്നെ മുടിച്ചവര്‍ കാട്ടില്‍ മൃഗങ്ങളെപ്പോലെ കഴിഞ്ഞപ്പോഴും
സംസ്കൃചിത്തരെ വാര്‍ത്തെടുത്ത നിന്റെ
പാഠഭേദങ്ങളിലും നിന്റെ ആത്മാവിനെ തളച്ചുകൊള്ളുക
നിന്റെ അന്തരംഗത്തെ സൂക്ഷിച്ചുകൊള്ളുക
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!
ഒരിയ്ക്കല്‍ നീ ഉയിര്‍ക്കുമല്ലോ!





Thursday, March 14, 2013

ജ്യോതിര്‍ഗമയ


നിമിഷ കവിത


പരക്കെ വെട്ടം പകരാനായിട്ടെ-
നിക്കു പോരുകയില്ലെന്നാല്‍
കരിപ്പടം പോല്‍ ചൂഴും രാവിതില്‍
ഒരിറ്റ് വെട്ടം പകരട്ടെ

മരുത്ത് വീണ്ടും പലകോണില്‍നി-
ന്നുറക്കെ വീശിയടിക്കുമ്പോള്‍
മരിച്ചുപോകാന്‍നേരമടുത്താല്‍
ഇരിപ്പതെന്തിന്നുലകത്തില്‍

ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ഒരുതരി വെട്ടം തേടുന്നൂ
ഇരന്ന് നേടിയൊരായുഷ്കാലം
വരിക്കയില്ലാ മരണത്തേ

എനിയ്ക്ക് വീണ്ടും തീര്‍പ്പാനായി
നിനയ്ക്കില്‍വേലകളുണ്ടല്ലോ
കനത്ത കൂരിരുള്‍ചുറ്റും കാണ്മൂ
നനുത്ത വെട്ടം തെളിയട്ടേ

ഓരോ ചെറുതിരി നാളം ചേര്‍ന്നി-
ട്ടൊരു ചെന്തീക്കടലാകട്ടെ
പരമാനന്ദപ്പാല്‍ക്കടലലപോല്‍
പരവും പൊരുളും നിറയട്ടെ

ഒരു ചെറുകൈത്തിരി നാളം മതിയാം
ഒരു വന്‍വിപ്ലവമുരുവാകാന്‍
ഇരുമനമൊന്നായ് ചേര്‍ന്നാല്‍പാരില്‍
പരിചില്‍തീരും ആന്ധ്യങ്ങള്‍


ഫേസ് ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഒരിയ്ക്കല്‍ ചിത്രത്തിന് യോജിച്ച കവിത എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. കാറ്റില്‍ ആടിയുലയുന്ന ഒരു തിരിനാളമായിരുന്നു ആ ചിത്രം. അതുകണ്ടപ്പോള്‍ പെട്ടെന്ന് കുറിച്ചിട്ട വരികളാണിവ. കൈത്തിരിനാളത്തിന്റെ ആത്മഗതമായിട്ടാണ് ഈ വരികള്‍ സങ്കല്പിച്ചിരിയ്ക്കുന്നത്.