Thursday, January 27, 2011

വാര്‍ത്തയുടെ ഇംപാക്റ്റ്.

ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ലൊരു വാര്‍ത്തയേതെന്ന് ചോദിച്ചാല്‍ നിസ്സംശയം എനിക്ക് പറയാനൊന്നുണ്ട്. കണ്ടവര്‍ക്ക് പിന്നെയുമൊന്ന് ഓര്‍ക്കാനും കാണാത്തവര്‍ക്കു ഒരുണര്‍ത്തലിനുമായി ഞാന്‍ ഇതൊന്ന് പോസ്റ്റ് ചെയ്യട്ടെ!
എട്ടാം തീയതി ഈ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ മനസ്സില്‍ കയറി. അന്ന് തന്നെ സ്കാന്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ ചില തിരക്കുകള്‍ കാരണം പോസ്റ്റിംഗ്  നീണ്ടു പോയി. എന്നാല്‍ ആ കല്പകഞ്ചേരിക്കാരന്റെ കവിത വായിച്ചപ്പോള്‍ ഈ പോസ്റ്റ് താമസിപ്പിക്കരുതെന്ന് തോന്നി. നമ്മുടെ ഈ ലോകത്തില്‍ ചില സാധാരണ മനുഷ്യര്‍ സൃഷ്ടിക്കുന്ന മാറ്റം ദൂരവ്യാപകമാണ്. ചില സന്മനസ്സുകളിലെ അലിവ്, അവരുടെ സഹിഷ്ണുത, ശത്രുക്കളോടുമുള്ള സ്നേഹം, താന്‍ എരിഞ്ഞുതീരുമ്പോഴും ചുറ്റുമുള്ളവര്‍ക്ക് വെളിച്ചം പകരുന്ന ആ ത്യാഗം, ദൈവമെ, നന്മയുടെ തുരുത്തുകള്‍ ഇനിയും അവശേഷിക്കുന്നുവെന്നത് എത്ര ആശ്വാസം. ഇല്ലയില്ല എല്ലാം കൈവിട്ടുപോയിട്ടില്ല. കാരിരുള്‍ മൂടുന്ന ദുര്‍ഘടവഴികളിലും വെളിച്ചത്തിന്റെ കൈത്തിരിപ്പൊട്ടുമായി ചില ചെറിയ മനുഷ്യര്‍; അവരുടെ വലിയ പ്രവൃത്തികള്‍.....

ഇനി കലീമിനെയും സ്വാമിയെയുമൊന്ന് കാണുക!


ഈ വാര്‍ത്ത ഒത്തിരി കാര്യങ്ങള്‍ പറയാതെ പറയുന്നുവല്ലേ? നമ്മുടെയൊക്കെ സങ്കല്പത്തിലെ ഒരു സാധാരണ യുവാവ്, ചെയ്യാത്ത കുറ്റത്തിന് ജയിലിലടയ്ക്കപ്പെടുക, കുറ്റസമ്മതത്തിനായി വര്‍ണനാതീതമായി മര്‍ദ്ദനമേല്‍ക്കുക, പഠനം നിന്നുപോവുക, ഭാവിയെപ്പറ്റിയുള്ള എല്ലാ പ്രത്യാശയും നീക്കപ്പെടുക, കുടുംബം സംശയനിഴലിലാവുക, ഇതിനെല്ലാം ഉപരിയായി തീവ്രവാദിയെന്ന ലേബലും. സ്വാതന്ത്യത്തിന്റെ മധുചഷകം മോന്തിക്കുടിക്കുന്ന നമ്മള്‍ തടവറയുടെ കാഠിന്യത്തെപ്പറ്റി ആരെങ്കിലും പറഞ്ഞുകേട്ട അറിവോ അല്ലെങ്കില്‍ ഭാവനയില്‍ കാണുന്ന സങ്കല്പങ്ങളോ മാത്രം.
ഒരു ശിലാഹൃദയന്റെ ചോരരുചിക്കുന്ന കഠോരമനസ്സിനെ ഇളക്കുവാന്‍ തക്കസ്നേഹം കലീമിന്റെ ഹൃദയത്തില്‍ ഈ സകല പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് ഉറവെടുത്തുവെങ്കില്‍ കലീം നമ്മുടെ സങ്കല്പങ്ങളിലെ സാധാരണ മനുഷ്യനാണോ?
ഇതിന്റെ തുടര്‍വാര്‍ത്തയില്‍ വായിച്ചത് അസിമാനന്ദയും കലീമും തമ്മിലൊരു ആത്മബന്ധം വളര്‍ന്നുവെന്നാണ്. ഒരു പുത്രന്‍ തന്റെ പിതാവിനു ശുശ്രൂഷ ചെയ്യുന്നതുപോലെ ഈ യുവാവ് തന്നെയും അതേപോലെ അനേകര്‍ക്ക് തടവറ സമ്മാനമായി കൊടുത്ത, ഒളിച്ചിരുന്ന് സ്ഫോടനങ്ങള്‍ നടത്തിയ, അതിന്റെ ഉത്തരവാദിത്വം  മറ്റുള്ളവരുടെ മേല്‍ സമര്‍ഥമായി കെട്ടിവച്ച, ഒരു മനുഷ്യന്  സ്നേഹത്തോടെ സേവനം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഇവനെ വളര്‍ത്തിയ മാതാപിതാക്കള്‍ തീര്‍ച്ചയായും എത്ര അഭിനന്ദനം അര്‍ഹിക്കുന്നു?
നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് ഇതുപോലുള്ള സദ് വാര്‍ത്തകള്‍ വളരെ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഇവ ഘോഷിക്കപ്പെടേണ്ടതുമാണ്. ദോഷത്തിനു പകരം ദോഷവും ശകാരത്തിനു പകരം ശകാരവും കൊടുക്കാതെ നന്മയാല്‍ തിന്മയെ ജയിക്ക എന്ന് യേശു പറഞ്ഞു. എന്നാല്‍ ആ ഉപദേശം പ്രയോഗത്തില്‍ വരുന്നത് നമ്മുടെ കണ്ണില്‍ കാഴ്ച്കയായി ഭവിച്ചപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ആഴം നാം അറിയുന്നു.
എന്റെ ബാല്യത്തില്‍ പറമ്പിലൊക്കെ പണിയാന്‍ വരുന്ന ഒരു കുഞ്ഞൂഞ്ഞ്  ഉണ്ടായിരുന്നു. അദ്ദേഹം വലിയ പാറക്കല്ലുകളൊക്കെ കമ്പിപ്പാര കൊണ്ട് മറിച്ചിടുമ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ നോക്കിനിന്നു. പിന്നെ സ്കൂളില്‍ പഠിച്ചപ്പോഴാണ് ഈ കമ്പിപ്പാര ഉത്തോലകമാണെന്നും ഇതിനു വലിയ ഭാരങ്ങളെ ഉയര്‍ത്താനും കഴിയുമെന്നുമൊക്കെ ശാസ്ത്രം പഠിച്ചത്. എന്നാല്‍ അന്നെല്ലാം ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. കുഞ്ഞൂഞ്ഞ്  ആ കല്ലുകളെ ഉയര്‍ത്തുമ്പോള്‍ അതുവരെ അവിടെ സ്വൈര്യമായി അവിടെ ഒളിച്ചിരുന്ന പഴുതാരയും തേളും മറ്റ് ക്ഷുദ്രജീവികളുമെല്ലാം പ്രാണനും കൊണ്ട് പരക്കം പായുന്നത് കാ‍ണാം. കല്ലു മറിയുന്നതു വരെ അതിന്റെ ഇരുട്ടില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്ന വിഷപ്രാണികള്‍ക്ക് വെളിച്ചം വന്നപിറക് അവിടെ ഇരിക്കവയ്യ.
സ്നേഹം ഒരു ഉത്തോലകമാണ്. വലിയ കല്ലുകളെ ഇളക്കിമറിക്കുന്ന ഉത്തോലകം. കല്ലുകള്‍ മറിയുമ്പോള്‍ മനസ്സില്‍ വെളിച്ചം വരും. അതുവരെ അവിടെ സുഖവാസം ചെയ്തിരുന്ന ശത്രുതയും ദുഷ്ടതയുമൊക്കെ താനേ ഓടിപ്പോകും.
അതേ, കല്ലുകള്‍ ഇളകട്ടെ, വെളിച്ചം പരക്കട്ടെ, ഒളിച്ചിരുന്ന വിഷജന്തുക്കള്‍ ഒഴിഞ്ഞുപോകട്ടെ.

പിന്‍ കുറിപ്പ്.
ഏതാണ്ട് ഇതേ സമയത്താണ് വേറൊരു വാര്‍ത്ത വന്നത്. ഡോ. ഹനീഫ് എന്നയാളെ നമുക്കെല്ലാമറിയാം. ആസ്ത്രേലിയയില്‍ തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ട് ജയിലിലായ നമ്മുടെ യുവ ഡോക്ടര്‍. ആസ്ത്രേലിയ എന്ന രാജ്യം ആ യുവാവിനോട് മാപ്പു ചോദിച്ചപ്പോഴും, നഷ്ടപരിഹാരം കൊടുത്തപ്പോഴും ആ രാജ്യത്തിന്റെ യശസ്സ് ഉയരുകയല്ലേ ചെയ്തത്? തെറ്റുകള്‍ പറ്റാം. മനുഷ്യര്‍ക്കായാലും രാജ്യങ്ങള്‍ക്കായാലും. എന്നാല്‍ തിരിച്ചറിയുമ്പോള്‍ തിരുത്തുന്നത്  ആണ് മഹത്വം. സിമ്പിള്‍ ആയിട്ടുള്ള ഈ കാര്യം നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ക്ക്  അറിയുകയില്ലയോ. ഇങ്ങിനെ ഒരു ക്ഷമാപണം ഭാരതത്തില്‍ നിന്ന് പ്രതീക്ഷിക്കാമോ? ഈ പുണ്യമായ ഭാരതഖണ്ഡത്തില്‍ ഒരു പുല്ലായെങ്കിലും ജനിക്കേണമെന്ന് പൂന്താനം പാടി. മഹാസംസ്കാരമുള്ള ഒരു രാജ്യം ഭരിക്കുന്നവര്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോ? നമുക്ക് ചിന്തിക്കാം.

65 comments:

  1. സ്നേഹം ഒരു നല്ല ഉത്തോലകമല്ലേ?

    ReplyDelete
  2. അജിത്‌ ഭായ്, സത്യത്തില്‍ അങ്ങയുടെ ഈ പോസ്റ്റ്‌ വായിച്ചു എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. N.S മാധവന്റെ "തിരുത്ത്" എന്ന കഥ വായിച്ച ആ ദിവസമാണ് ഇതിനു സമാനമായി എന്റെ കണ്ണുകള്‍ നനഞ്ഞിട്ടുള്ളത്. ഇത് വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നതും ആ കഥയാണ്. അത് കഥയായിരുന്നില്ലല്ലോ. അങ്ങയെപ്പോലുള്ള സുമനസ്സുകള്‍ എല്ലാവര്‍ക്കിടയിലും ഉണ്ടാവട്ടെ. ഈ ഒരെഴുത്തിനാല്‍ മാത്രം താങ്കള്‍ എന്നേക്കുമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. സ്നേഹമാണഘിലസാരമൂഴിയില്‍ എന്നതിന്റെ നേര്‍രൂപമാണ് താങ്കളുടെ എഴുത്ത്. എത്ര മനോഹരവും അര്‍ത്ഥവത്തുമായ ബിംബങ്ങള്‍ ഉപയോഗിച്ച് നന്മ നിറഞ്ഞ ഈ സന്ദേശം താങ്കള്‍ വായനക്കാരനിലേക്ക് പകര്‍ന്നിരിക്കുന്നു. എന്‍റെ ഒരു എളിയ പോസ്റ്റ്‌ താങ്കള്‍ മുന്‍പേ കരുതി വെച്ച ഈ പോസ്റ്റിനു പെട്ടെന്ന് പ്രചോദനമേകി എന്നതില്‍ എനിക്കു വേറെയും സന്തോഷമുണ്ട്. എന്റേതു ഒരു ആമുഖം മാത്രമായിരുന്നു. അതു ഇവിടെ പൂര്‍ണമാവുന്നു. ഞാന്‍ ഈ link അവിടെ നല്‍കുകയാണ്.

    ReplyDelete
  3. സലാമിന്റെ കവിത വായിച്ചതിനു ശേഷം ഇവിടെ എത്തിയപ്പോള്‍ അതിന്റെ തുടര്‍ച്ച പോലെ ഇതിനെ വായിക്കാനും അപഗ്രഥിക്കാനും ആയി.

    കൊച്ചു സംഭവങ്ങളും അനുഭവങ്ങളും വാര്‍ത്തകളും kalarthi അതിന്റെ നേരായ വഴിയിലൂടെ വിചിന്തനം നടത്തി വായനക്കാര്‍ക് ഓരോ പുതിയ ചിന്തകള്‍ക്ക് വഴി തുറന്നു ഇടുന്ന അജിത്‌ ചേട്ടന്റെ ചിന്താ ഗതികളും എഴുത്തും വളരെ ലളിതവും അഭിനന്ദനാര്‍ഹാവും ആണ് ..

    ReplyDelete
  4. സ്നേഹം തീര്‍ച്ചയായും ഒരു ഉത്തോലകമാണ്.. പക്ഷെ അതിനര്‍ഹിക്കുന്ന പരിഗനനയെ ആശ്രയിച്ചായിരിക്കും ബാക്കി എല്ലാം..ഉത്തോലകങ്ങള്‍ നോക്ക് കുത്തികളാവുന്ന കാലത്ത്‌ സന്മനസ്സുള്ളവര്‍ക്ക്‌ വേദനിക്കാം...
    നല്ല രചന...
    ചിന്തയില്‍ സന്ദേശം..
    രചനയില്‍ ലാളിത്യം...
    ഒരുപാട് ഇഷ്ടപ്പെട്ടു...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  5. മൂടി വയ്ക്കപ്പെട്ട എത്രയോ സത്യങ്ങള്‍ പില്‍ക്കാലത്ത് പുറത്തുവന്നിരിക്കുന്നു

    ReplyDelete
  6. അജിത്‌ സാര്‍,

    അസ്സീമാനന്ധയുടെ മനസ്സിളക്കി കലീം എന്ന യുവാവ് മൂടപ്പെട്ട ഒരു സത്യം വെളിച്ചം കാണാന്‍ കാരണമായി. സ്വാര്‍ത്ഥതകപ്പുറം മാനുഷിക മൂല്യം വിജയം കണ്ടു. കലീം, ഡോക്ടര്‍ ഹനീഫ്, തുടങ്ങി ഒരു പാട് നിരപരാധികള്‍ ഇത് പോലെ പീഡിപ്പിക്കപ്പെടുന്നു. മാപ്പ് പറഞ്ഞില്ലെങ്കിലും അവര്‍ക്കും ജീവിക്കാനുള്ള അവകാശമെങ്കിലും നമുക്ക് അനുവദിച്ചു കൊടുക്കാനായെങ്കില്‍.

    ReplyDelete
  7. ചിലർക്കങ്ങനെയാണ്‌ വെളിച്ചം മനസ്സിലാക്കുവാൻ ഇരുട്ടെന്തെന്നറിയണം!

    ReplyDelete
  8. ഇവിടത്തേക്കുള്ള, വഴികാട്ടി സലാം ആണ്‌. എന്റെ ഹൃദയമിടിപ്പ്‌ അറിഞ്ഞ ചിലരില്‍ ഒരാളാണ്‌ സലാം. അതുകൊണ്ടു തന്നെ ആവണം അദ്ദേഹം എന്നെ ഇങ്ങോട്ടു നയിച്ചതും.
    എഴുത്ത്‌ വായിച്ചു സന്തോഷവും, മനസ്സ്‌ വായിച്ചു ധന്യതയും നേടി.
    ആസ്ത്രേല്യന്‍ പൗരനായ എനിക്ക്‌ ഈ നാട്ടിനെക്കുറിച്ചുള്ള അജിത്‌ഭായ്‌ യുടെ പരാമര്‍ശം ഒരു രോമാഞ്ചമാണ്‌. ദത്തുപുത്രനായിട്ട്‌ ഏതാണ്ട്‌ 30 വര്‍ഷക്കാലമായി ഇവിടെ സന്തുഷ്ടിയോടെ ജീവിതം നയിച്ചുപോരുന്ന ഞാന്‍, പഠിച്ചുകഴിഞ്ഞ പാഠങ്ങള്‍ ഏറെയാണ്‌. ഭാരത സംസ്കാരത്തിന്റെ വേദപുസ്തകങ്ങളില്‍ മാനവരാശിയെ ചൂണ്ടി പൂര്‍വ്വികരാല്‍ എഴുതപ്പെട്ട തത്ത്വസംഹിതകള്‍ ദര്‍ഭത്തില്‍ കരിഞ്ഞൊടുങ്ങി, എന്ന്‌ ഞാന്‍ ഇവിടത്തെ ഒരു പിടി മണ്ണ്‌ കൈയില്‍ വാരിയെടുത്തപ്പോള്‍ അറിഞ്ഞു. ഞാന്‍ പേറി വന്ന ദുരഭിമാനവും അഹന്തയും, ഈ അല്‍പ്പന്റെ മേനിയില്‍ താങ്ങാനാവാത്ത ഭാരമായി അനുദിനം അങ്ങിനെ തൂങ്ങിനിന്നു. നന്മയുടെ ഉരുക്ക്ഫലകങ്ങള്‍ വഹിക്കുന്ന വെള്ളത്തൊലികളില്‍ തട്ടി, ഞാന്‍ വഹിച്ച ഭാരം സ്ഫടികച്ചില്ലുകളായി, നാള്‍ക്കുനാള്‍, തകര്‍ന്നു നിലം പതിച്ചു....
    അല്ല! ഞാന്‍ തിരുത്തുന്നു. ദര്‍ഭത്തില്‍ കരിഞ്ഞൊടുങ്ങി, എന്ന്‌ ഞാന്‍ കരുതിയത്‌ എന്റെ സങ്കല്‍പ്പം മാത്രമാവും. ഇത്തരം ലേഖനങ്ങള്‍ വായിക്കുമ്പോള്‍ എന്റെ മനസ്‌ ഇങ്ങിനെ പറയുന്നു.
    വീണ്ടും വരാം. വരും.
    അഭിനന്ദനങ്ങള്‍!

    ReplyDelete
  9. ഖലീം എന്ന ചെറുപ്പക്കാരന്റെ മനസ്സില്‍നിന്നു ഉറന്നൊഴുകിയ സ്നേഹം എന്ന ഉത്തോലകം അസിമാനന്ദജിയുടെ മനസ്സിലെ അജ്ഞതയുടെകല്ലിളക്കിയപ്പോള്‍ അതിനടിയില്‍ സ്വസ്ഥം വാണ സര്‍പ്പങ്ങളും പഴുതാരകളും കൂടൊഴിഞ്ഞു.

    അജ്ഞതയൊന്നുകൊണ്ടുമാത്രം മനസ്സില്‍ ആശങ്കയുടെയും സംശയത്തിന്റേയും ഭീതിയുടെയും അക്രമവാഞ്ഛയുടേയും സര്‍പ്പങ്ങളേ കാത്തുവെച്ച അനേകരുടെ അകതാരിലേയ്ക്ക് വെളിച്ചം പ്രസരിപ്പിക്കാന്‍ അസീമാനന്ദജിയുടെ മാനസാന്തരം നിമിത്തമായെങ്കില്‍....

    ചോരകൊതിക്കുന്ന ചെന്നായ്ക്കള്‍ "നീയല്ലെങ്കില്‍ നിന്റെ പിതാമഹന്‍ വെള്ളം കലക്കിയിട്ടുണ്ട്" എന്ന സൃഗാല ന്യായം പറഞ്ഞു നടത്തിക്കൊണ്ടിരിക്കുന്ന ബ്രഹ്മാണ്ഡ പ്രചാരണങ്ങളില്‍ കുടുങ്ങി മനസ്സ് വിഷലിപ്തമാക്കപ്പെട്ട പലരിലും വീണ്ടുവിചാരം ഉണ്ടാക്കാന്‍ ഈ സംഭവം നിമിത്തമാകും എന്നാണ്‌ മനുഷ്യപക്ഷത്തു നില്‍ക്കുന്നവരുടെ പ്രത്യാശ. അതിനാല്‍, സംഭവഗതികളുടേ ഈ പരിണാമത്തെ 'ഭാരത്തിന്റെ സുകൃതം' എന്നു വിശേഷിപ്പിക്കാന്‍ തോന്നുന്നു.

    മനുഷ്യസ്നേഹപ്രചോദിതമായ ഈ പോസ്റ്റിനു അജിത് സാറിനു അഭിവാദ്യങ്ങള്‍

    ReplyDelete
  10. “പ്രവാചകാ,നന്മയും തിന്മയും തുല്യമാവുകയില്ല.നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടയുക.അപ്പോള്‍ നിന്നോട് കടുത്ത വൈരത്തില്‍ വര്‍ത്തിക്കുന്നവന് ഒരു ആത്മമിത്രങ്ങളായിത്തീരുന്നത് നിനക്ക് കാണാം..” (വിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം: 41,സൂക്തം: 37 )

    പ്രിയ അജിത് ഭായീ,താങ്കളുടെ ചിന്തകള്‍ക്ക് ഇരട്ട അടിവരയിടുന്നു. ഈ വിദ്വേഷവും,പകയും കാലൂഷ്യവുമൊക്കെ സ്നേഹത്തിന്‍റെ തൂവല്‍ സ്പര്‍ശമേറ്റ് കരിഞ്ഞ് പോട്ടെ.യഥാര്‍ഥത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഈ കടുത്ത കുടിപ്പകയുടെ വിത്ത്പാകുന്നതാരാണെന്ന് നമുക്കറിയാം.ന്യൂനാല്‍ന്യൂനപക്ഷം വരുന്ന ഒരു വിഭാഗം മാത്രമാണ്‍ ഈ നിഷ്ടൂരകൃത്യങ്ങള്‍ക്ക് പിന്നില്‍ കളിക്കുന്നത്.ഈ അര്‍ബുദത്തെ സ്നേഹം കൊണ്ടേ പിഴുത് മാറ്റാനാവൂ..! കലീമിന്‍ അസിമാനന്ദയുടെ മനം മാറ്റാനായതും ഈ സ്നേഹമൊന്ന് കൊണ്ട്മാത്രം.ഹൈസ്കൂള്‍ കളാസില്‍ പാടിയ കവിതാ ശകലം ഓര്‍ത്തുപോവുന്നു..“ഒരൊറ്റ മതമുണ്ടുലകിന്നുയിരാം സ്നേഹമതൊന്നല്ലൊ..”
    കഴിഞ്ഞ വാരത്തില്‍ വായിച്ച രണ്ട് ലേഖനങ്ങള്‍ ഇവിടെ ലിങ്ക്നല്കുന്നു.

    ആശംസകളോടെ,ഹാറൂണ്‍ക്ക.

    ReplyDelete
  11. സദ് വാർത്ത...
    സ്നേഹത്തിന്റെ ബലം പ്രപഞ്ചത്തിൽ വേറൊന്നിനുമില്ല.
    ഈ പോസ്റ്റിന് വെറും അഭിനന്ദനം എന്നെഴുതിയാൽ പോരാ....

    വളരെ നന്നായി.

    ReplyDelete
  12. സ്നേഹം ഒരു ഉത്തോലകം തന്നെ. ഒരു സംശയവുമില്ല. പക്ഷേ ഈ ലോകത്ത് കലീമിനെപ്പോലുള്ളവര്‍ അപൂര്‍വ്വം.

    വളരെ നല്ല പോസ്റ്റ്.

    ReplyDelete
  13. അസിമാനന്ദയെപ്പോലെ..ജയിലിലെ കുറ്റവാളികളെല്ലാം ആയിരുന്നെങ്കില്‍..അതെപോലെ
    കലീമിനെപ്പോലെയുളള നല്ല നല്ല കുഞ്ഞുങ്ങളെ കൊണ്ട് നമ്മുടെ രാജ്യം നിറഞ്ഞെങ്കില്‍...

    ReplyDelete
  14. വളരെ നല്ല പോസ്റ്റ്.

    ReplyDelete
  15. സത്സംഗം ഇതു മൃഗത്തെയും ശാന്തരാക്കും .

    മനസ്സ് നിറച്ച പോസ്റ്റ്‌.... നന്നായി.

    ReplyDelete
  16. ഇത്തരം വാര്‍ത്തകളോടും വരികളോടും കണ്ണൂരാന് പുച്ഛമാണ്. എന്തെന്നാല്‍ ഇന്ത്യയില്‍ ഇതിനൊന്നും യാതൊരു 'പുതുമ'യും ഇല്ല സാറേ.
    ഡോക്ടര്‍ക്ക് പരിഹാരമായി കിട്ടിയത് ഡോളറാണ്. എന്നാല്‍ നല്ലവര്‍ക്കും നമ്മുടെ നാട്ടില്‍ മരണം വരെ അപരാധിയായി കഴിയാനായിരിക്കും വിധി!

    (കമന്റിടാന്‍ താല്പര്യം ഉണ്ടായിരുന്നില്ല. അജിത്ബായിയോടുള്ള ആദരം കമന്റിടാന്‍ കാരണമായി)

    ReplyDelete
  17. നിങ്ങളുടെ വാക്കുകളിൽ സുഗന്ധമുണ്ടെങ്കിൽ പൂക്കളിൽ ശലഭങ്ങളെന്ന പോലെ ആളുകൾ നിങ്ങളെ തേടിയെത്തും എന്ന വാക്യത്തിൽ വിശ്വസിക്കാനാണ് എനിക്കിഷ്ടം. സ്നേഹത്തിന്റെ, നന്മയുടെ, വിശുദ്ധിയുടെ, കലഹമില്ലായ്മയുടെ, ഒരു ജീവിതം വച്ചാൽ ലോകം നന്നാവില്ലേ. ഓരോ ഹൃദയവും ഇങ്ങനെ മാറ്റപ്പെടണം. എല്ലാ ക്രൌര്യങ്ങളും അലിഞ്ഞുപോകണം, അതു സാധ്യമാക്കാൻ നാം ത്യാഗം ചെയ്യണം. നമ്മുടേത് മാത്രം എന്ന പിടിച്ചു വയ്ക്കലുകൾ എല്ലാം ഉപേക്ഷിക്കണം. ബുദ്ധത്വത്തിലേക്ക് ഒരു ഇറങ്ങിപ്പോകൽ അനിവാര്യമാണ്.

    ReplyDelete
  18. ഏതു കരിങ്കല്ലിനേയും ഉരുക്കാൻ കഴിയുന്ന ‘സ്നേഹം’ എത്ര മഹത്തരമാണ്....!! ആശംസകൾ....

    ReplyDelete
  19. ഇവിടെ തെറ്റ്‌ സംഭവിച്ച് എന്ന് തിരിച്ചറിഞ്ഞാലും അത് തിരുത്താതെ കൂടുതല്‍ തെറ്റുകള്‍ നിരത്തി അതിനെ തെറ്റ്ല്ലാതാക്കാന്‍ പാട്പെടുന്നവരുടെ നാടാണ്.
    എങ്കിലും നശിക്കാത്ത നന്മകള്‍ അവശേഷിക്കുന്ന മനസ്സുകല്‍ക്കൊപ്പം നമുക്ക്‌ ചേരാം.

    ReplyDelete
  20. വളരെ നല്ല പോസ്റ്റ്‌.... സ്നേഹം കൊണ്ട് കീഴ്പ്പെടുത്താന്‍ പറ്റാത്തതായി ഒന്നും ഇല്ല..

    ReplyDelete
  21. തടഞ്ഞിട്ടു കാര്യമില്ല. എന്നായാലും പുറത്തു വരും.

    ReplyDelete
  22. സലാം ആണ് ഇവിടെ കൊണ്ട് വന്നത്.

    "സ്നേഹമാണ് അഖിലസാരം."

    ReplyDelete
  23. നല്ല പോസ്റ്റ്‌.

    ReplyDelete
  24. നിരപരാധി ആയ ഒരാളെ തെറ്റ്കാരനക്കുക എന്നത് പലപ്പോഴും സംഭവിക്കുന്നു കാരണം സാഹചര്യം അനുകൂലമെല്ലാത്തത് കൊണ്ട്, പക്ഷെ അവരുടെ അവസ്ഥ ആര് മനസ്സിലാക്കാന്‍, ആര് വിശ്വസിക്കാന്‍, അങ്ങനെ ഒരു അവസ്ഥ ആര്‍ക്കും ഇനി വരതിരിക്കട്ടെ , എത്ര നഷ്ട്ടപരിഹാരം കൊടുത്താലും നഷ്ട്ടപെട്ടതിനു പകരം ആവുമോ,
    സലാംക്കന്റെ കവിതയുടെ അനുഭവ സാക്ഷ്യം ഈ വാര്‍ത്ത, അല്ബുധപ്പെടുതി
    --

    ReplyDelete
  25. ശരിയാണു അജിത്ത്ജീ...സ്നേഹം ഒരു ഉത്തോലകം തന്നെയാണു.അതിനെ കൊണ്ട് ഉയര്‍ത്തിമാറ്റാന്‍ പറ്റാത്തതായ് ഈ ലോകത്തില്‍ ഒന്നും തന്നെയില്ല.അങ്ങനെ വിശ്വസിക്കാനാണു എനിക്കിഷ്ട്ടം,മറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി.

    ReplyDelete
  26. ഈ വാര്‍ത്ത അറിഞ്ഞിരുന്നില്ല.പങ്കു വയ്ക്കല്‍ നന്നായി.

    ഒരുപാട് കമന്റുകളില്‍ കണ്ടിരുന്നെങ്കിലും ഇന്നാണ് വരാന്‍ പറ്റിയത്. കാണാം...

    ReplyDelete
  27. ഈ വാര്‍ത്തയും മറ്റും വേറൊരു ബ്ലോഗിലുഊടെ വായിച്ചിരുന്നു, ബ്ലോഗ് മറന്നു,

    ഇവിടെയും കണ്ടതില്‍ നന്ദി,

    ആ, ഓര്‍ത്തെടുത്തു, സലാമിന്റെ ബ്ലോഗില്‍ ആയിരുന്നത് :)

    ReplyDelete
  28. വാര്‍ത്തക്കും എഴുത്തിനും നന്ദി രേഖപ്പെടുത്തുന്നു..
    തെറ്റു ചെയ്തയാള്‍ ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ കാര്യം
    തെറ്റേറ്റുപറഞ്ഞു നന്മയുടെയും സ്നേഹത്തിന്റേയും
    സന്ദേശം മറ്റുള്ളവര്‍ക്ക് പകരാന്‍ കഴിയുന്നതിലാണ്.
    കലീമിന്റെ നല്ല മനസ്സ് ഒരു സ്നേഹപ്രവാഹമായ്
    സേവനത്തിന്റെയും ശുശ്രൂഷയുടെയും പാതയിലൂടെ
    ക്രൂരമായ ചിന്തകളെ തച്ചുടച്ചെങ്കില്‍ അതു വലിയൊരു
    സന്ദേശം തന്നെയാണ് നല്‍കുന്നത്. എല്ലാ ഭീകര
    സ്ഫോടന പരമ്പരകളും ആസൂത്രണം ചെയ്യുന്നവര്‍
    ഇത്തരം സത്യങ്ങള്‍ കണ്ടു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍
    എന്നാശിച്ചു പോകുന്നു.

    ReplyDelete
  29. അതേ, കല്ലുകള്‍ ഇളകട്ടെ, വെളിച്ചം പരക്കട്ടെ, ഒളിച്ചിരുന്ന വിഷജന്തുക്കള്‍ ഒഴിഞ്ഞുപോകട്ടെ.

    ReplyDelete
  30. മതമൈത്രിക്ക് പേരുകേട്ട ഭാരതത്തിൽ ഇന്ന് നട്ക്കുന്ന അരാജകവാദികളുടെ മുഖാവരണം അഴിക്കുന്ന ഇത്തരം അനേകം വെളിപ്പെടുത്തലുക്കളീലൂടെയെങ്കിലും നമ്മുടെ നാടിന്റെ ആ പഴയ നന്മകൾ തിരിച്ച് വന്നിരുന്നുവെങ്കിൽ...അല്ലേ

    ഈ പോസ്റ്റിട്ടതിനൊരഭിനന്ദനം കേട്ടൊ ഭായ്

    ReplyDelete
  31. ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം!
    പ്രത്യാശയുടെ ഇത്തിരിവെട്ടം.
    നല്ലപോസ്റ്റിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  32. സ്നേഹത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു നിര്‍വചനമായി കാണുന്നു ഈ വാക്കുകളെ...ഒരുപാടിഷ്ടമായി...

    " സ്നേഹം ഒരു ഉത്തോലകമാണ്. വലിയ കല്ലുകളെ ഇളക്കിമറിക്കുന്ന ഉത്തോലകം. കല്ലുകള്‍ മറിയുമ്പോള്‍ മനസ്സില്‍ വെളിച്ചം വരും. അതുവരെ അവിടെ സുഖവാസം ചെയ്തിരുന്ന ശത്രുതയും ദുഷ്ടതയുമൊക്കെ താനേ ഓടിപ്പോകും..."

    ReplyDelete
  33. വാര്‍ത്തകളും ചിന്തകളും നിറയട്ടെ . നല്ല നാ‍ളെവരുമെന്നാശിക്കാതെ കെട്ട ഇന്നലെകളെ ഓര്‍മ്മിക്കാതെ ഇന്നില്‍ നന്മപകര്‍ന്ന് ജീവിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു .പക്ഷേ ..........

    ReplyDelete
  34. വളരെ നല്ല പോസ്റ്റ്.

    ReplyDelete
  35. സ്നേഹം എന്ന ഉത്തോലകം കൊണ്ട് കല്ലുകളെ മറിച്ചിടുന്നത് എത്ര പഴുതാരകള്‍ക്ക് ദഹിക്കുന്നുണ്ട്? കല്ലുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് വിഷം ചീറ്റാനാണ് ഈ ക്ഷുദ്രജീവികളില്‍ പലതിനും താല്പര്യം..ആ മനംമാറ്റം സ്വാഗതാര്‍ഹം തന്നെ..അഭിനന്ദനം അര്‍ഹിക്കുന്നതും..പക്ഷെ ആദ്യം മാറ്റേണ്ടത് ഇങ്ങനെയുള്ള മനസുകളെയല്ല..പത്ത് വോട്ടിനും സ്ഥാനലബ്ധിക്കും വേണ്ടി ആ മനസുകളെ ദുഷിപ്പിക്കുന്ന വ്യവസ്ഥിതിയാണ്....
    കാലിക പ്രസക്തമായ പോസ്റ്റ്..സലാമാണ് ഇവിടെ എത്തിച്ചത്..

    ReplyDelete
  36. നന്മകൾ വിരിയട്ടെ നന്മകൾ പുലരട്ടെ……
    ഇത്തരം കലീമുമാർ ഉണ്ടാകട്ടെ …….
    നാട് ഉണരട്ടെ……………………….
    സത്യത്തിൽ സഞ്ചരിക്കട്ടെ…………
    നന്മകൾ നിറഞ്ഞ ഇത്തരം പോസ്റ്റുകൾ കൂടുതൽ കൂടുതൽ ഉണ്ടാകട്ടെ……..

    ReplyDelete
  37. നല്ല പോസ്റ്റ്‌. നല്ല വായന .
    അജിത്തേട്ടാ... നന്ദി.

    ReplyDelete
  38. ഉള്ളിലെ നന്മ പുറത്തേക്കു പ്രസരിപ്പിക്കേണ്ടത് എഴുത്തുകാരന്റെ കടമയാണ്. താങ്കളത് നന്നായി ചെയ്തു.
    ഭാവുകങ്ങള്‍.
    ഒപ്പം;
    തീ തിന്നു ജയിലറകളില്‍ കഴിയുന്ന നിരപരാധികളായ ആയിരങ്ങള്‍ക്ക് പ്രാര്‍ഥനകളും .

    ReplyDelete
  39. നല്ല പോസ്റ്റ്‌.

    ReplyDelete
  40. കക്കോളം കരളില്‍
    കടലോളം സ്നേഹം
    പകര്‍ന്നീടുംതോറും
    പെരുകീടും സ്നേഹം

    ReplyDelete
  41. ഇത്തരം സമീപനങ്ങളുടെ ഫലമായൈ പട്ടികളെപ്പോലെ ജീവിക്കേണ്ടിവരുന്ന ഒരുപാട് ആട്ടിങ്കുട്ടികളുണ്ടാവും. തെറ്റു ചൈതവര്‍ മുഖം നോക്കാതെ ശിക്ഷിക്കപ്പെടട്ടെ. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കട്ടെ.

    എല്ലാ ആശംസകളും!

    ReplyDelete
  42. മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ നമുക്ക് ചെയ്യാനുള്ളത് നമ്മളും ചെയ്യുക ലോകനന്മക്കായി..അജിത്ത് ഭായ് ..നന്നായി .

    ReplyDelete
  43. ഞാന്‍ പറയാന്‍ വിചാരിച്ചത്, നമ്മുടെ നുറുങ്ങ്, ഭംഗിയായിട്ടു പറഞ്ഞു കഴിഞ്ഞു. അഭിനന്ദനങ്ങള്‍!

    ReplyDelete
  44. പ്രിയ സുഹൃത്തുക്കളെ, വന്ന് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി. അഭിപ്രായം പറയാതിരുന്ന സുഹൃത്തുക്കള്‍ക്കും വളരെ നന്ദി.
    പുതുതായി വന്ന എല്ല പ്രിയപ്പെട്ടവരെയും സസന്തോഷം സ്വാഗതം ചെയ്യുന്നു. സമയം പോലെ ഞാന്‍ എല്ലായിടത്തും എത്തുമെന്ന് ഉറപ്പ്. ബ്ലോഗില്‍ കാണുന്നപോലെ പേര്‍ വിളിച്ച് അഭിസംബോധന ചെയ്യുന്നുവെങ്കിലും അത് തികഞ്ഞ ബഹുമാനത്തോടെയും സ്നേഹത്തോടെയും തന്നെയാണ്.

    @ ഇസ്മയില്‍, നന്ദി, വരവിനും വായനയ്ക്കും

    @ സലാം, നന്മ നിറയട്ടെ

    @ വിന്‍സെന്റ്, അഭിപ്രായത്തിനു നന്ദി

    @ മുസ്തഫ, വളരെ നന്ദി, വരവിനും വായനയ്ക്കും

    @ രമേഷ് അരൂര്‍, അതെ വെളിപ്പെടും, മറച്ചുവച്ചാലും

    @ എളയോടന്‍, സ്വാഗതം, തുടര്‍ന്നും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു

    @ സാബു, ഇരുട്ട് വെളിച്ചത്തെ എല്ലാക്കാലവും പിടിച്ചടക്കയില്ല

    @ വി.പി. ഗംഗാധരന്‍, ആദ്യവരവിനു സ്വാഗതം, കമന്റില്‍ പറഞ്ഞതെല്ലാം ശരിയാണ്.

    @ പള്ളിക്കരയില്‍, വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു, വിശദമായ അഭിപ്രായത്തിനും നന്ദി

    @ നുറുങ്ങ്, രണ്ട് ലേഖനങ്ങളും വായിച്ചു. നന്ദി

    @ എച്മു, നന്ദി നല്ല അഭിപ്രായത്തിന്

    @ സ്വപ്നസഖി, ആദ്യവരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    @ കുസുമം, സന്തോഷത്തോടെ സ്വാഗതം. കമന്റിലെ “നല്ല നല്ല കുഞ്ഞുങ്ങള്‍” എന്ന വാക്കു കണ്ട് ഒത്തിരി സന്തോഷം

    @ ഉമേഷ് പിലിക്കോട്, നന്ദി, നല്ല അഭിപ്രായത്തിന്

    @ സിയെല്ലെസ് ബുക്സ്, സത്സംഗം രൂപാന്തരങ്ങള്‍ വരുത്തട്ടെ

    @ കണ്ണൂരാന്‍, ക്ഷോഭം വാക്കുകളില്‍ പ്രകടമാണല്ലൊ തിന്മകളുടെ ആധിക്യം കാണുമ്പോഴുള്ള ധര്‍മരോഷം തിളയ്ക്കുന്നത് കാണുന്നു ഈ വാക്കുകളില്‍, പക്ഷെ പ്രത്യാശ കൈവിടുന്നില്ല നമ്മള്‍

    @ എന്‍.ബി സുരേഷ്, ഗുരുതുല്യമായ ഈ അഭിപ്രായത്തിനു വളരെ നന്ദി

    @ വി.കെ, നന്ദി നല്ല അഭിപ്രായത്തിന്.

    @ പട്ടേപ്പാടം റാംജി, വളരെ ശരിയായി പറഞ്ഞു

    ReplyDelete
  45. അതെ കല്ലുകള്‍ ഇളകട്ടെ, വെളിച്ചം പരക്കട്ടെ, ഒളിച്ചിരുന്ന വിഷജന്തുക്കള്‍ ഒഴിഞ്ഞുപോകട്ടെ.

    നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  46. ഒരുപാട് ഇഷ്ടപ്പെട്ടു...

    അഭിനന്ദനങ്ങള്‍...

    ReplyDelete
  47. ഒത്തിരി ഇഷ്ട്ടായി...,
    വളരെ നല്ലൊരു പോസ്റ്റ്‌.

    ReplyDelete
  48. സാറിനോട് നൂറു ശതമാനം യോജിക്കുന്നു.
    അടുത്ത് വായിച്ചതില്‍ ഏറ്റവുമധികം മനസ്സില്‍ത്തട്ടിയ വാര്‍ത്ത തന്നെയാണത്.
    നന്‍മ വിതച്ചാല്‍ നന്‍മ കൊയ്യാം എന്നതിന്റെ സാക്ഷ്യപത്രമായി കലീം എന്നും നില കൊളളും.

    ReplyDelete
  49. ആദ്യം തന്നെ വായിച്ചിരുന്നു...

    ReplyDelete
  50. അദ്ദേഹത്തിന്‍റെ കവിതയും തനകളുടെ എഴുത്തിനെയും വായിച്ചു.
    രണ്ടിന്റെയും താത്പര്യം ഒന്ന് തന്നെ. രണ്ടു പേരും അഭിനന്ദനം അര്‍ഹിക്കുന്നു.

    ഇന്ന് കാണുന്ന സ്വാമിയും കലീമിനുമെന്നപോലെ... നമുക്കും ജീവിക്കാം.
    ഇന്നലകളിലെ സ്വാമിയും കലീമും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നമുക്ക് ജാഗ്രതയോടെ വര്‍ത്തിക്കാം. ആവശ്യമായ മുന്‍കരുതലുകളോടെ
    എല്ലാത്തിനെയും കരുതലോടെ സ്നേഹിക്കാം. കൂടെ, നിയമം നടപ്പിലാക്കപ്പെടുകയും നീതി ഉറപ്പാക്കുകയും ആവാം.
    നടപ്പിലാക്കുക മാത്രമല്ല. അതിനെ ബോദ്ധ്യപ്പെടുത്താനും കൂടെ ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്ക് ബാദ്ധ്യതയുന്ടെന്നും നമുക്ക് ഉച്ചത്തില്‍ പറയാം... അത്തരം ഉറക്കെപ്പറച്ചിലുകള്‍ തന്നെയാണ് ഇനിയുമീ നാടിന് ആവശ്യം..!!

    ReplyDelete
  51. ഹാഫിസ്, ഷുക്കൂര്‍, താന്തോന്നി, ജുവൈരിയ, നിങ്ങളുടെ ഈ നല്ല സ്നേഹത്തിനും സാന്നിദ്ധ്യത്തിനും നന്ദി.

    @ അനീസ, നഷ്ടം ഒരിക്കലും നികത്തപ്പെടുന്നില്ല ശരിതന്നെ.

    @ മുല്ലയുടെ അഭിപ്രായം ഉറച്ചിരിക്കട്ടെ.

    @ ആളവന്താന്‍, ഞാന്‍ മുമ്പ് വന്ന് ആ ഡിക്ടറ്റീവ് നോവല്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ വരവിനു നന്ദി. വീണ്ടും കാണുമല്ലോ

    @ നിശാസുരഭി, ഒന്നായ നിന്നെയിഹ...

    @ സലാമിന്റെ പോസ്റ്റിലെ മുനീറിന്റെ കമന്റാണ് ഈ പോസ്റ്റ് ഇപ്പോള്‍ വരാന്‍ കാരണം. നന്ദി വരവിനും വായനയ്ക്കും.

    @ റിയാസ്, അതെ, വെളിച്ചം പരക്കട്ടെ

    @ ശങ്കരനാരായണന്‍, സ്വാഗതം

    @ മുരളിമുകുന്ദന്‍ ബിലാത്തിപട്ടണം, പഴയ നന്മകള്‍ തിരിച്ചുവരും

    @ ഇസഹാഖ്, അഭിനന്ദനങ്ങള്‍ക്കു നന്ദി

    @ മഞ്ഞുതുള്ളി, ജീവി, ലച്ചു, സന്തോഷത്തോടെ സ്വാഗതം

    @ ഹാഷിക്ക്, ഒത്തിരി നന്ദി വരവിനും അഭിപ്രായത്തിനും

    @ സാദിഖ്, ഒത്തിരി നന്ദി, നിങ്ങളുടെ സാന്നിദ്ധ്യം എനിക്ക് നിറവാണ്

    @ ചെറുവാടി, അക് ബര്‍, നല്ല വാക്കുകള്‍ക്ക് നന്ദി,

    @ തണലിന്റെ കുളിര്‍മയുള്ള വാക്കുകള്‍ക്ക് നന്ദി, പ്രാര്‍ഥനകളും

    @ ഖാദര്‍ പട്ടെപ്പാടം, മുഹമ്മദ് കുഞ്ഞി, സിദ്ധീക്ക, നന്ദി, (സിദ്ധീക്കയുടെ ബ്ലോഗ് ഫോളോ ചെയ്യാനാവുന്നില്ലല്ലോ)

    @ അപ്പച്ചന്‍ ഒഴാക്കല്‍, ഒത്തിരി സന്തോഷമായി.

    ReplyDelete
  52. @ അയ്യോ പാവം, സ്നേഹം സ്നേഹം തന്നെ സ്നേഹമാണഖിലസാരമൂഴിയില്‍

    @ തെച്ചിക്കോടന്‍, നല്ല വാക്കുകള്‍ക്ക് നന്ദി

    @ റാണിപ്രിയ, ഷമീര്‍, ഈ പോസ്റ്റും അതിലെ ആശയവും ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം

    @ മെയ് ഫ്ലവേര്‍സ്, ഹൈനക്കുട്ടി, സന്തോഷം നിങ്ങളുടെ സാന്നിദ്ധ്യത്തിനാല്‍.

    @ ഉറക്കെപ്പറച്ചിലുകള്‍ അത്യാവശ്യം തന്നെ, കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരെപ്പോലെ

    ReplyDelete
  53. നല്ല പോസ്റ്റ്.

    ReplyDelete
  54. അവിചാരിതമായി ചീരാ മുളക് വഴി ഇവിടെ എത്തി. എന്തൊരു നല്ല മനസ്സാണ്, അജീത്‌ നിങ്ങളുടേത്. ഈ നെറ്റ് ലോകത്തോട് എനിക്കൊരുപാട് നന്ദിയുണ്ട്. ഇവിടെ വെചാനല്ലോ നാം കണ്ടത്.

    ReplyDelete
  55. ഒരുപാട് ചിന്തിപ്പിച്ചു മാഷേ... നന്ദി

    ReplyDelete
    Replies
    1. പഴയ താളുകളിലൂടെയുള്ള ഈ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും വളരെ നന്ദി കണ്ണന്‍ നായര്‍

      Delete
  56. അജിതെട്ടന്റെ പോസ്റ്റിനു കമന്റിടാന്‍ മാത്രം വളര്‍ന്നില്ല എന്നാലും ഒത്തിരി ചിന്തിപ്പിച്ചു,,,....

    ReplyDelete
  57. തെറ്റുകള്‍ പറ്റാം. മനുഷ്യര്‍ക്കായാലും രാജ്യങ്ങള്‍ക്കായാലും. എന്നാല്‍ തിരിച്ചറിയുമ്പോള്‍ തിരുത്തുന്നത് ആണ് മഹത്വം.

    ഹ..ഹാ. അജിത്‌ .. You said it

    കൂടെ ഒന്ന് കൂടി ഓര്‍മ്മപ്പെടുത്താം.. ഈ ബ്ലോഗ്ഗിന്റെ തല വാചകം

    മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ.... :)

    ReplyDelete
  58. അതെ ശുദ്ധമായ വെള്ളം കൊണ്ട് കഴുകിയാല്‍ ഏതു അഴുക്കും പോകും ...

    ReplyDelete
  59. സ്നേഹം ഒരു ഉത്തോലകമാണ്. വലിയ കല്ലുകളെ ഇളക്കിമറിക്കുന്ന ഉത്തോലകം. കല്ലുകള്‍ മറിയുമ്പോള്‍ മനസ്സില്‍ വെളിച്ചം വരും. അതുവരെ അവിടെ സുഖവാസം ചെയ്തിരുന്ന ശത്രുതയും ദുഷ്ടതയുമൊക്കെ താനേ ഓടിപ്പോകും. :)

    ReplyDelete