Friday, January 14, 2011

നാടകമേ ജീവിതം...

കലാസ്നേഹികളേ,
ബ്ലോഗോദയം നാടകവേദിയുടെ ആയിരത്തിയെഴുന്നൂറ്റിപന്ത്രണ്ടാം  നാടകമായ “പറക്കും ലാപ് ടോപ്പ്” എന്ന അപൂര്‍വ കലാശില്പം സഹൃദയരായ നിങ്ങളുടെ മുമ്പില്‍ ഇതാ കാഴ്ച്ച വയ്ക്കുന്നു. 


കഥാപാത്രങ്ങള്‍:- 
നായകന്‍: ബ്ലോഗര്‍കുമാര്‍ 
നായിക:- മിസ്സിസ് ബ്ലോഗര്‍കുമാര്‍.

രംഗം 1
ഒരു സായംസന്ധ്യ.

:ചേട്ടാ, നമ്മുടെ പതിനാറാം വിവാഹവാര്‍ഷികത്തിന് ചേട്ടനു ഞാനൊരു ലാപ് ടോപ്   വാങ്ങിത്തരുന്നുണ്ട്.

: അയ്യോ മോളേ ഇപ്പോള്‍ ഇതൊക്കെ വാങ്ങാന്‍ പൈസയെവിടെ? നമുക്കീ ഡസ്ക് ടോപ് തന്നെ മതി. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് നീ കേട്ടിട്ടില്ലേ?

: എന്റെ ചേട്ടാ, ലാപ് ടോപ്പിനൊക്കെ ഇപ്പോള്‍ വളരെ വില കുറവല്ലേ

: അതെയതെ, ലാപും ടോപുമൊക്കെ വില കുറഞ്ഞു. അരി വാങ്ങണമെങ്കില്‍ അര മാസത്തെ ശമ്പളം വേണം. അതൊന്നുമാര്‍ക്കും അറിയണ്ടല്ലോ.

: (ചിണുങ്ങിക്കൊണ്ട്)
 എന്തായാലും ശരി ഞാന്‍ ചേട്ടനൊരു ലാപ് ടോപ് വാങ്ങും.

 രംഗം 2

(ബ്ലോഗര്‍ കുമാര്‍ ജോലി കഴിഞ്ഞ് ക്ഷീണിതനായി വരുന്നു. കുമാരി ഈവനിംഗ് ഡ്യൂട്ടിയിലാണ്. ഇതാ മേശപ്പുറത്തൊരു പെട്ടി)

(ട് ര്‍ ണ്‍ ണ്‍ ടെലിഫോണ്‍ ബെല്ലടിക്കുന്നു.)

: ഹലോ ചേട്ടാ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ് ഡേ. ചേട്ടന്‍ ആ പാക്കറ്റ് ഒന്നഴിച്ചു നോക്കിയെ.

: ഓകേ മോളെ, ഞാന്‍ കണ്ടു. സന്തോഷായി. ഇതിന്റെ ഇന്‍സ്റ്റാള്‍മെന്റ് മോള്‍ തന്നെയങ്ങു കൊടുത്തേക്കണേ!! പിന്നെ മെനി മെനി റിട്ടേണ്‍സ് ഓഫ്  ദ ഡേ. ബൈ, 9 മണിക്ക് കാണാം.

(ബ്ലോഗര്‍കുമാര്‍ മെല്ലെ പാക്കറ്റ് തുറന്നു നോക്കുന്നു. വെള്ളിക്കളറില്‍ സുന്ദരമായ ഒരു ലാപ് ടോപ്. കുമാറിന്റെ മൂളിപ്പാട്ട് വാതിലും കടന്ന് റോഡിലേക്ക് പോയി.)

രംഗം 3

: മോളെ എന്തായാലും ഒരു ലാപ് ടോപ് വാങ്ങി, ഞാന്‍ ഒരു നെറ്റ് കണക്ഷന്‍ കൂടിയെടുത്താലോ? നമുക്ക് വല്ല മെയിലൊക്കെ അയക്കാം, നാട്ടിലേയ്ക്ക് വിളിക്കാനും നല്ലതല്ലേ?

:വേണ്ട ചേട്ടാ, നമ്മള്‍ കുടുംബത്ത് കയറ്റാന്‍ കൊള്ളാത്ത ഈ നെറ്റും ഡിഷുമൊന്നും വേണ്ടാന്ന് മുമ്പേ തീരുമാനിച്ചതല്ലെ? നമ്മള്‍ ഇതെല്ലാം കണ്ട് വഴിതെറ്റിപ്പോയാല്‍ പിന്നെ .....?

( കുമാര്‍ ചിണുങ്ങിക്കൊണ്ട്:)
: ഇല്ലെന്നെ, ഞാനെന്നെ സൂക്ഷിച്ചോളാം.

: എന്നാപ്പിന്നെ ചേട്ടന്റെ ഇഷ്ടം പോലെയാട്ടെ.

രംഗം 4

(ട് ര്‍ ണ്‍ ണ്‍ ടെലിഫോണ്‍ ബെല്ലടിക്കുന്നു.)

: ഹലോ ചേട്ടാ, ഞാന്‍ വരാറാവുമ്പോഴേയ്ക്കും രണ്ട് ചെറിയ ജോലി തീര്‍ത്ത് വയ്ക്കുമോ?

: പിന്നെയെന്താ  പറഞ്ഞോളൂ

: വാഷിങ് മെഷിനില്‍ തുണി ഇട്ടിട്ടുണ്ട്, കഴുകി ഉണങ്ങാനിടണം, ദോശയ്ക്ക് അരി കുതിര്‍ത്ത് വച്ചിട്ടുണ്ട് ഒന്ന് അരച്ചു വച്ചേക്കണേ, പിന്നെ വീട് അലങ്കോലമായി കിടക്കുന്നു ഒന്ന് തൂത്തിട്ടാല്‍ നല്ലതാ, സമയം കിട്ടുവാണെങ്കില്‍ ലോണ്‍ ട്രിയില്‍ നിന്ന് ചേട്ടന്റെ ഷര്‍ട്ട് വാങ്ങണം. എല്ലാം കഴിഞ്ഞിട്ട് കടയിലൊന്ന് പോയി ഒരു മൂന്നു കൂട്ടം സാധനം കൂടെ...

: എടി ഒന്ന് നിര്‍ത്തി നിര്‍ത്തി പറ, ഇതാണോ നിന്റെ രണ്ട് ചെറിയ ജോലി?

: ഓ അല്ലെങ്കിലും ഈ ചേട്ടന് ഞാനെന്തെങ്കിലും ചെറിയ ജോലി പറയുമ്പോഴേയ്ക്കും പരാതിയാ..

: ഇല്ല കുഴപ്പമില്ല. ഞാന്‍ ചെയ്തേക്കാം.

(ബ്ലോഗര്‍കുമാര്‍ ലാപ് ടോപ് എടുത്ത് മടിയില്‍ വയ്ക്കുന്നു.)

രംഗം 5

(കുമാരി ക്ഷീണിതയായി കടന്നുവരുന്നു.)

: ചേട്ടാ, ദുഷ്ടച്ചേട്ടാ, ഞാന്‍ പറഞ്ഞ ഒരു പണി പോലും ചെയ്തില്ല അല്ലേ?

: അത് മോളെ, ഞാന്‍ ഒരു ബ്ലോഗിന്റെ പരിപാടിയിലായിരുന്നു. അതിന്റെ പണിയുമായിരുന്ന് സമയം പോയതറിഞ്ഞില്ല.

: ചേട്ടന്‍ മൊളക് വാങ്ങിയെന്നോ?  കഴിഞ്ഞയാഴ്ച്ച വാങ്ങിയതേയുള്ളല്ലോ, ഇത്രേം പെട്ടെന്ന് തീര്‍ന്നോ?

: മൊളകല്ലെടി, ബ്ലോഗ്..ബ്ലോഗ്. വാ നിന്നെ കാണിക്കാം.

(കുമാരി കുമാരന്റെ ആദ്യത്തെ കൊലാസൃഷ്ടി വായിച്ച് കണ്ണും തള്ളിയിരിക്കുന്നു.)

: എന്റെ ചേട്ടാ, ചേട്ടന്‍ ഫയങ്കരന്‍ തന്നെ, ചേട്ടനിത്രയൊക്കെ എഴുതുവോ? എനിക്ക് അഭിമാനം കൊണ്ട് വിജൃംഭിക്കുന്നു.

: അയ്യൊ മോളെ ഇപ്പോള്‍ വിജൃംഭിക്കാതെ നീ പോയി കുളിച്ചൊന്ന് ഫ്രഷ് ആയിട്ട് വാ എന്നിട്ട് നമുക്ക് നന്നായിട്ടൊന്ന് വിജൃംഭിക്കാം.

: കെഴങ്ങന്‍ ചേട്ടാ, വിജൃംഭിക്കുക എന്ന് പറഞ്ഞാല്‍ ചേട്ടനുദ്ദേശിക്കുന്നതൊന്നുമല്ല. എന്തായാലും ഞാന്‍ പറയുന്ന പണിയൊക്കെ തീര്‍ത്തിട്ട് മതി യേത് മൊളകും. ഇനീം ഇങ്ങനെ ബ്ലോഗുമായിരുന്ന് സമയം കളഞ്ഞാല്‍ എന്റെ തനിസ്വഭാവമെടുക്കും ഞാന്‍. അതു പോട്ടെ, ഇതുപോലെ ബ്ലോഗിലെഴുതുന്ന വേറേ ആള്‍ക്കാരൊക്കെയില്ലെ? അവരുടെ ബ്ലോഗൊക്കെയൊന്ന് കാണിക്കുവോ?

: ഹേയ് എന്നെപ്പോലെ ഇത്തിരി എഴുതാന്‍ പറ്റുന്നവരാരാ ഒള്ളത്. ഞാനെല്ലായിടത്തും പോയിനോക്കി ഒറ്റയെണ്ണത്തിനൊരു കലാബോധമില്ലെടി. നീയെങ്ങും വായിക്കണ്ടാ.

:അല്ലേലും എന്റെ ചേട്ടനെപ്പോലെ ആരുണ്ട്??

(കുമാരി അഭിമാനവിജൃംഭിതയായി കുളിമുറിയിലേക്ക് നടന്നു.)

 രംഗം 6

രാത്രി 9 മണി.

(കുമാരി കടന്നു വരുന്നു. കുമാരന്‍ മടിയില്‍ ലാപ് ടോപ് വച്ചുകൊണ്ട് അഗാധചിന്തയില്‍)

: ചേട്ടാ, ചേട്ടാ ഇതെന്നാ പണിയാ ഇത്? നാലുമണിക്ക് വന്നപ്പോ മുതല്‍ ഈ കുന്തവുമായി ഇരുപ്പാണൊ? എന്തെല്ലാം കാര്യം ഞാന്‍ പറഞ്ഞിരുന്നതാ?

: അയ്യോ മോളെ ഞാന്‍ ഒരു സര്‍ഗസൃഷ്ടിയുടെ പണിപ്പുരയിലല്ലായിരുന്നോ? നീ പറഞ്ഞ പണിയെല്ലാം ഞാന്‍ മറന്നു പോയി.

(കുമാരി കോപാക്രാന്തയായി അകത്തേയ്ക്ക്.)

കുമാരന്‍ മെല്ലെ എഴുന്നേറ്റു. ആത്മഗതം. "ഇനീം ഇരുന്നാല്‍ ശെരിയാവുകേലാ..."

(അകത്തു നിന്ന് കുമാരി നാട്ടിലേയ്ക്ക് വിളിച്ച് പരാതി പറയുന്നതിന്റെയും ഇടയ്ക്ക് കരയുന്നതിന്റെയും മൂക്ക് പിഴിയുന്നതിന്റെയും സ്വരം കേള്‍ക്കാം.)
                                                    *                             *                               *
(കുമാരി അടുത്ത ഫോണ്‍ വിളിയിലാണ്...)

: അല്ല ഡോക്ടര്‍, അടിയും പ്രശ്നവുമൊന്നുമില്ല....... ഹേയ് മദ്യപിക്കുകയേയില്ല...... അതായിരുന്നുവെങ്കില്‍ എനിക്കിത്രേം സങ്കടമില്ലായിരുന്നു ഡോക്ടറെ...... അല്ലല്ല, ഈ ലാപ് ടോപ് വാങ്ങിയതില്പിന്നെയാ... ശരി ഡോക്ടര്‍...ശരി ഡോക്ടര്‍... ഓക്കെ ഡോക്ടര്‍.....

(രാത്രി: കുമാരനും കുമാരിയും പതിനൊന്ന് പോലെ തന്നെ കിടന്നുറങ്ങി.)

രംഗം 7
രാത്രി രണ്ടുമണി.

ചേട്ടാ, ചേട്ടാ... ചേട്ടോ... ഇതെന്തൊക്കെയാ ഈ പറയുന്നത്?

ഉറക്കപ്പിച്ചോടെ..ഞ്..ഞനെന്തു പറഞ്ഞെന്നാ?

കമന്റ് ഫോളോവേഴ്സ് എന്നൊക്കെ പറഞ്ഞ് ചേട്ടന്‍ കരഞ്ഞല്ലോ... അവനെ തട്ടും, ഇവളെ തട്ടുമെന്നൊക്കെ പറഞ്ഞെന്തുവാ വെറുതെ മനുഷ്യന്റെ ഉറക്കം കളയാന്‍ വേണ്ടീട്ട്. ഇനിയെന്തായാലും നോക്കീട്ട് കാര്യമില്ല. ഒന്നുകില്‍ ചേട്ടന്‍ ബ്ലോഗ് നിര്‍ത്തണം അല്ലെങ്കില്‍ ഞാനെന്റെ വീട്ടീ‍ പോവ്വാ. നാളെത്തന്നെ ഞാനീ ലാപ് ടോപ് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
**********************************************************************************
ജനുവരി 24 കുമാരന്റെയും കുമാരിയുടെയും പതിനേഴാം വാര്‍ഷികമാണ്. അതിനു മുമ്പ് ഈ ലാപ് ടോപ് പറക്കും തളികയാകുമോ എന്തോ. ഒരു മുന്നറിയിപ്പുമില്ലാതെ ഒരു പ്രസിദ്ധ ബ്ലോഗര്‍ അപ്രത്യക്ഷമാകുന്നുവെങ്കില്‍ “കൊന്നത് ഭീമന്‍ തന്നെ”....


ഇതാണ് നായകനും നായികയും....

37 comments:

  1. ഇത്തിരി സത്യവും ഒത്തിരി അസത്യവുമായി... വെറും...ചുമ്മാ...ഒരു പോസ്റ്റ്.

    ReplyDelete
  2. നായിക(മോള്‍)ക്ക് ഇത്തിരി കുശുംബ് കാണും..മഷിയിട്ട് നോക്കിയപ്പോ പോംവഴി ഒന്നേയൊള്ള്..! അവരെക്കൊണ്ടും ഒരു ബ്ളോഗ് തുടങ്ങിക്കുകയേ നിവൃത്തിയൊള്ള്.

    പതിനേഴാം വാര്‍ഷികത്തില്‍ കുമാരനും കുമാരിക്കും ഹൃദ്യമായ ആശംസകള്‍ നേരുന്നു.

    ReplyDelete
  3. സ്വയം‌കൃതാനർത്ഥം എന്ന വാക്കിന്റെ അർത്ഥം ഭാര്യയ്ക്കറിയീല്ലെങ്കിൽ ഒന്നു പറഞ്ഞുകൊടുക്ക് ചേട്ടാ...

    മോങ്ങാനിരുന്ന നായുടെ തലേൽ തേങ്ങാ വീണെന്ന് പറഞ്ഞപോലെ ബ്ലോഗാനിരുന്ന ചേട്ടന്റെ ലാപ്പിൽ ആരെങ്കിലും ടോപ്പ് കൊണ്ട് വച്ചുകൊടുക്കുമോ?

    വിവാഹവാർഷികം പൊടിപൊടിക്കട്ടെ. അതിനിടയിൽ ലാപ്ടോപ്പ് തവിടുപൊടിയാക്കരുത്

    ReplyDelete
  4. അജിത്തെട്ടാ കലക്കന്‍ പോസ്റ്റ്‌
    എന്തായാലും ചേച്ചിക്ക് കൂടി ഒരു ബ്ലോഗ്‌ തുടങ്ങിയാല്‍ സംഗതി കേമമാവും

    ReplyDelete
  5. അതെ. നായികക്കും ഒരു ബ്ലോഗ്‌ തുടങ്ങിക്കൊടുക്ക്. അപ്പോള്‍ എല്ലാം ശരിയാവും. പിന്നെ കടയില്‍ പോകാനും ഭക്ഷണം ഉണ്ടാക്കാനും ഓരോ ആളെ വെച്ചാല്‍ മതി. സംഗതി ഉഷാര്‍.
    എന്തായാലും രസിപ്പിച്ച ആക്ഷേപഹാസ്യം അവതരിപ്പിച്ച രീതിയും നന്നായി.
    വിവാഹവാര്ഷികത്ത്തിനു ആശംസകള്‍.

    ReplyDelete
  6. നല്ലപോലെ വിജൃംഭിച്ച ഒരു പോസ്റ്റ്. എന്തായാലും എന്നെ തട്ടാൻ നീക്കം വേണ്ട . ഞാൻ കമന്റി. ഹാജർ.

    ReplyDelete
  7. കുമാരനും കുമാരിക്കും ഹൃദ്യമായ ആശംസകള്‍ നേരുന്നു.

    ReplyDelete
  8. പ്രിയപ്പെട്ട കുമാരിച്ചേച്ചിക്ക്,

    കുമാരേട്ടന്റെ ഇപ്പോഴത്തെ പരാക്രമം കണ്ട് ചേച്ചി വിഷമിക്കണ്ട. "ബ്ലോഗാമിനിയ" എന്നാണ്‌ ഈ അസുഖത്തിന്റെ പേര്. അയ്യോ! ചേച്ചീ കരയല്ലേ, പേടിക്കാനൊന്നുമില്ലന്നേ. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ എല്ലാം നോര്‍മലായിക്കോളും. "ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോളം" എന്ന് കേട്ടിട്ടില്ലേ?

    ‌പിന്നെ ബൂലോകത്ത് വേറെ നല്ല ബ്ലോഗുകളൊന്നും ഇല്ല എന്നു പറഞ്ഞത് ചേച്ചി വിശ്വസിക്കരുത്‌. അതു ചുമ്മാ കുമാരേട്ടന്‍ പുളുവടിച്ചതാണ്‌. ഇതിനേക്കാള്‍ എത്ര നല്ല ബ്ലോഗുകള്‍ ഉണ്ടന്നോ? ചേച്ചിക്ക് വിശ്വാസം ആകുന്നില്ല അല്ലേ? സംശയമുണ്ടേങ്കില്‍ ദേ, ബ്ലോഗ് ഒന്നു വായിച്ചു നോക്കൂ. ഹി..ഹി..

    കുമാരേട്ടനും, ചേച്ചിക്കും എന്റെ സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍.

    സസ്നേഹം
    വായാടി

    ReplyDelete
  9. പോസ്റ്റ് ഇഷ്ടമായി. അടിപൊളി!

    ReplyDelete
  10. ആഹാ..ഇഷ്ടപ്പെട്ടു.സംഭവം.എന്‍റെ ശ്രീമതിക്കും ഒരു ബ്ലോഗ് തുടങ്ങി കൊടുക്കണം
    ഇല്ലെങ്കില്‍ എന്‍റെ ലോകവും അകാല ചാരം പ്രാപിക്കുമോ എന്നൊരു പേടി എന്നെയും
    പിടി കൂടിയിട്ടുണ്ട് അജിത്‌ ചേട്ടാ...നല്ല രസം ആയി നാടകം..നാടകാന്ത്യം കവിത്വം...അത്
    കൊണ്ടു കാവ്യല്‍മകമായി 11 പോലെ അല്ല 8 പോലെ വിവാഹ ആശംസകള്‍..

    ReplyDelete
  11. അജിത്‌ ഭായിക്കും, ഭാഭിക്കും ദിവാരേട്ടന്റെ സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍ .

    പിന്നെ നമ്മുടെ പല കൂട്ടുകാരും പറഞ്ഞ പോലെ, ഭാഭിയേയും കൂടി ബ്ലോഗ്‌ തുടങ്ങാന്‍ പ്രേരിപ്പിച്ച്‌ ഉള്ള കഞ്ഞിയില്‍ ഫ്യൂരഡാന്‍ കലക്കണോ..?? ആലോചിച്ചു തീരുമാനിക്കുക.

    പിന്നെ ഈ സാധനത്തിനെ [എന്നെയല്ല, ലാപ്‌ ടോപ്പിനെ] വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല [ഇത് "ദിവാരേച്ചി"യുടെ അഭിപ്രായം]. അതുകൊണ്ട് ഞാന്‍ അത് ഓഫീസില്‍ തന്നെ കെട്ടിത്തൂക്കി ഇടും. പിറ്റെന്നാള്‍ വന്നു എലിയൊന്നും കരണ്ടിട്ടില്ലെങ്കില്‍ എടുത്ത് ഉപയോഗിക്കും.

    ReplyDelete
  12. ചേട്ടാ വിവാഹ വാര്‍ഷികം അടിച്ചുപൊളിക്ക്
    പക്ഷെ ഒരുകാര്യം... ലാപ്‌ടോപ്പും ബ്ളോഗെഴുത്തുമൊന്നും ഒഴിവാക്കല്ലെ ചേട്ടാ....

    ആശംസകള്‍!

    ReplyDelete
  13. സുദിനാശംസകള്‍ :)

    ReplyDelete
  14. രംഗം 8

    കാലത്ത് ആറുമണി.
    ബ്രഷില്‍ ഏറ്റവും വിലകുറഞ്ഞ ടൂത്പെസ്റ്റ്‌ കടുകുമണിയോളം തേച്ചു ബ്രഷിംഗ് ചെയ്തുകൊണ്ട് വരാന്തയിലേക്ക് വരുന്ന കുമാരന്‍.
    പൊടുന്നനെ പേസ്റ്റ്‌ വിഴുങ്ങി പിന്നിലേക്ക്‌ ബോധം കെട്ട് വീഴുന്നു.
    കണ്ട കാഴ്ച:
    ഒരു കയ്യില്‍ ചൂലും മറുകയ്യില്‍ മുറത്തിന് പകരം തുറന്നു വച്ച ലാപ്ടോപുമായി വരാന്ത വൃത്തിയാക്കുന്ന കുമാരി.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. കുടുംബത്ത് കോലാഹലം ഉണ്ടാക്കുന്ന എന്തു സാധനമായാലും എടുത്ത് ദൂരെകളയണം. ചേച്ചിയുടെ സമാധാനമാണു പ്രധാനം.(ബ്ലൊഗ് ഉപേക്ഷിക്കാതെ നോക്കണെ ചേച്ചീ).
    തണലിന്റെ കമന്റിനു എന്റെ വക ഒരുചിരി കൂടി.:)
    വിവാഹ വാർഷികാശംസകൾ

    ReplyDelete
  17. ഒന്നു ചുമ്മാ പോ അവിടന്ന്‌... നാടകം കലക്കി.

    ReplyDelete
  18. ആപ്പോ 11 പോലെ ഇനിയും ഒരു ജന്മം കിടക്കട്ടെ. അതി രസകരമായി അവതരിപ്പിച്ചു കേട്ടോ. പുതുമ എന്ന് പറഞ്ഞാല്‍, അനനുകരണിയമായ വേറിട്ട ശൈലിയിലൂടെ. ഇത് മറക്കില്ല കേട്ടോ. ഒരു പാട് ചിരിച്ചു. ഹൃദയത്തെ നിര്‍മലമാക്കുന്ന എഴുത്ത്. ഇനിയും എഴുതുക ഒരുപാട്.

    ReplyDelete
  19. ഹ ഹ... അത് ശരി അപ്പോ ബ്ലോഗ് ഒരു കുടുംബകലഹത്തിന്‍റെ വക്കത്താണ് അല്ലെ......

    വിവാഹ വാർഷികാശംസകൾ :)

    ReplyDelete
  20. ചേട്ടാ. എന്തു വന്നാലും ചേച്ചിക്കു ‘ലാപ് ടോപ്പ്’ വാങ്ങിക്കൊടുക്കല്ലെ...! എങ്കിൽ തീർന്നു...! കുടുംബം കലങ്ങീതു തന്നെ.....!! ‘വിവാഹവാർഷികാശംസകൾ...’

    ReplyDelete
  21. നാടകത്തിനു ദ്രിശ്യവിഷ്കാരം ഒരുക്കാന്‍ പ്ലാന്‍ ഉണ്ടോ, ക്ലൈമാക്സ്‌ വരണം അല്ലേ,

    wedng aniversary wishes

    ReplyDelete
  22. ഹ ഹ ... ആശംസകളോടെ,

    ReplyDelete
  23. ശ്ശോ!
    എന്നെ പറ്റിച്ചു!
    കുമാരൻ കുമാരൻ എന്നൊക്കെ പറഞ്ഞ് പറ്റിച്ച് അവസാനം കുമാരനും ഭാര്യയ്ക്കും പകരം വേറേ ആളുകളുടെ പടം!
    കുമാരസംഭവക്കാരൻ ഇതൊന്നും അറിയണ്ട!

    കൊള്ളാം. രസകരം!

    (പിന്നെ, തലക്കെട്ടിലെ ‘ഭൃയാത്’ എന്നത് ബ്രൂയാത് എന്നാക്കി തിരുത്തണേ...)

    ReplyDelete
  24. ചേട്ടാ 11 പോലെ ഉറങ്ങാതെ എന്റെ ലോകം പറഞ്ഞത് പോലെ 8 ഓ 69ഓ
    പോലെയാകാനുള്ള വല്ല വഴിയും ഉണ്ടോ എന്ന് നോക്ക് ..വിവാഹ വാര്ഷികമല്ലേ പൊടി പൊടിക്ക് !!
    ആശംസകള്‍ ...:)

    ReplyDelete
  25. എല്ലാ ആശംസകളും...
    എന്റെ ബ്ലൊഗ് പര്യടനമൊക്കെ കഴിഞ്ഞാ...കാര്യായിട്ടൊന്നുമില്ല അതിലൊന്നും.ചുമ്മാ ഇങ്ങനെ ഓരോന്നു എഴുതി വിടുന്നു.അതന്നെ,നിങ്ങളൊക്കെതന്നെയല്ലെ കാണുള്ളൂ എന്ന ധൈര്യത്തില്‍ എഴുതിപ്പോകുന്നതാണു,ക്ഷമീര്..

    ReplyDelete
  26. പോസ്റ്റ് രസായി..നായകനും,നായികക്കും വിവാഹ വാര്‍ഷികാശംസകള്‍.ആചന്ദ്രതാരം സന്തോഷമായി വാഴ്ക..:)

    ReplyDelete
  27. വന്ന് ആശംസകളറിയിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ആദ്യമായി വന്ന അപൂര്‍വറോസിന് സ്വാഗതം.

    ReplyDelete
  28. നാടകാന്തം ഫലിത്വം. വളരെ ഭംഗിയായി. അവസാനം ഫോട്ടോ കൂടി കണ്ടപ്പോള്‍ തൃപ്തിയായി.

    ReplyDelete
  29. വാർഷികത്തിനപ്പോൾ മധുരപ്പതിനേഴ് കഴിഞ്ഞിട്ടല്ലോ അല്ലെ
    അല്ലാ ഈ സ്കിറ്റ് നാടകം ബൂലോഗത്തിൽ ഞാനദ്യമായി കാണുകയാണ് കേട്ടൊ.
    അസ്സലായിട്ടുണ്ട്.
    എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ

    ReplyDelete
  30. മധുരപ്പതിനേഴിലെത്തിയ കുമാരനും,കുമാരിയ്ക്കും അരങ്ങത്തും,അണിയറയിലും
    സർവ്വ ഐശ്വര്യങ്ങളും നേർന്ന്കൊള്ളുന്നു

    ReplyDelete
  31. കലക്കി ഭായീ കലക്കി. ഇപ്പോഴെങ്കിലും ഈ പോസ്റ്റ്‌ കണ്ടല്ലോ.
    ഇരിക്കട്ടെ രണ്ടാള്‍ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ ആശംസകള്‍.!

    ReplyDelete
  32. അതിനു ശേഷം ഒരു ഒന്നര വാര്‍ഷികം കൂടി കടന്നു പോയല്ലോ, അതിന്റെയും കൂടെ ആശംസകള്‍.
    പിന്നെ, ആ ലാപ്ടോപ് ഇതുവരെ പറന്നിട്ടില്ലെങ്കില്‍. ഞാന്‍ എന്റെ അഡ്രസ്‌ തരാം. ഇങ്ങോട്ട്‌ കൊറിയര്‍ വഴി പറന്നോട്ടെ. എനിക്ക് വിരോധമൊന്നും ഇല്ല!! ഇല്ലെങ്കില്‍, എന്റെ ബ്ലോഗ്ഗിന്റെ അഡ്രസ്‌ ഞാന്‍ നായികക്ക് പറഞ്ഞു കൊടുക്കും(ഗ്ര്ര്ര്‍)

    ReplyDelete
    Replies
    1. ഹഹഹ...വാര്‍ഷികങ്ങളൊക്കെ കടന്നുപോയി. ലിമിറ്റഡ് സമയം മാത്രമേ നെറ്റില്‍ അനുവദിക്കുകയുള്ളു കുമാരി.

      വന്നതിന് താങ്ക്സ്

      Delete
  33. ഇതിപ്പോ പത്തൊമ്പത് ആയി ...
    കുമാരനും കുമാരിയും സുഖമായിരിക്കുന്നല്ലോ ല്ലേ
    എല്ലാ ആശംസകളും ..ആയുരാരോഗ്യ സൌഖ്യങ്ങളും

    ReplyDelete