Sunday, March 29, 2015

വ്യത്യസ്തനാമൊരു രാഷ്ട്രശില്പി

ലോകത്തില്‍ കേരളമുള്‍പ്പെടുന്ന ഈ ഭാഗത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മനുഷ്യന്‍ ഈ ലോകം വിട്ടുപോയി.ലീ ക്വാന്‍ യൂ!

ഏകാധിപതി
കര്‍ശനക്കാരന്‍
വിഷണറി
സോഷ്യലിസ്റ്റ്
എക്കണോമിസ്റ്റ്
പ്രധാനമന്ത്രി
രാഷ്ട്രശില്‍പ്പി

ഇതെല്ലാമായിരുന്നു സിംഗപ്പൂരെന്ന ചെറിയ രാഷ്ട്രത്തിലെ ചെറിയ ഭരണാധികാരിയായിരുന്ന മനുഷ്യന്‍. കേരളത്തിലെ ഒരു താലൂക്കിന്റെയത്ര വിസ്തീര്‍ണ്ണം മാത്രമുള്ള സിംഗപ്പൂര്‍ എന്ന ദ്വീപുരാഷ്ട്രത്തെ ലോകത്തിലെ എണ്ണപ്പെടുന്ന ഒരു ഫിനാന്‍ഷ്യല്‍ ഹബ് ആക്കിമാറ്റിയ ക്രാന്തദര്‍ശിയും കഠിനാദ്ധ്വാനിയുമായ ഭരണാധികാരി.

ചുറ്റും കടലും, അതിലെ മത്സ്യങ്ങളും മാത്രം ആലംബമായിരുന്ന ഒരു ജനത എങ്ങനെയാണ് ലോകത്തിലെ മൂന്നാമത്തെ ആളോഹരിവരുമാനരാജ്യമായി മാറിയത്! അതാണ് ലീ ക്വാന്‍ യൂ എന്ന ഒറ്റ മനുഷ്യന്‍ രചിച്ച ചരിത്രം. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒരു രാഷ്ട്രത്തിന് പുരോഗമിക്കാന്‍ നാച്ചുറല്‍ റിസോര്‍സസ് ഒന്നും വലിയ ഘടകമല്ല എന്ന് ലോകത്തെ പഠിപ്പിച്ച ചരിത്രം

ആ അശ്വമേധത്തിനിടയില്‍ ചിലര്‍ എതിര്‍വഴിയില്‍ നിന്നു. അവരെയൊക്കെ ഒതുക്കിക്കൊണ്ട്  യൂ സിംഗപ്പൂരിനെ ചിറകിലേറ്റി മുന്നോട്ട് കുതിച്ചു. എതിര്‍ത്തവരെ-അവര്‍ തീരെ ചുരുക്കമായിരുന്നു- വിചാരണപോലും ഇല്ലാതെ തുറുങ്കില്‍ അടച്ചു. പത്രങ്ങളുടെ സ്വാതന്ത്ര്യത്തിന് മൂക്കുകയറിട്ടു.പത്രങ്ങള്‍ ദ്വീപിലെ നന്മകളെപ്പറ്റി മാത്രം എഴുതി. ജനവും ഉദ്യോഗസ്ഥരും കുറ്റങ്ങള്‍ ചെയ്യാന്‍ മടിച്ചു. പിടിക്കപ്പെടുന്നതും ശിക്ഷ ലഭിക്കുന്നതും ഉറപ്പാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും.

വിയറ്റ് നാം, കമ്പോഡിയ, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങി ചുറ്റുമുള്ള തെക്കുകിഴ്ക്കേഷ്യന്‍ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച് യൂ ജനങ്ങളോട് ചോദിച്ചു. പൂര്‍ണ്ണജനാധിപത്യമെന്ന പേരില്‍ ഇവിടെയൊക്കെ നടക്കുന്ന ദുര്‍ഭരണവും അതിന്റെ ഫലമായുണ്ടാകുന്ന ദുരിതജീവിതവുമാണോ അതോ നിയന്ത്രിതജനാധിപത്യമെന്ന രീതിയിലൂടെ അഴിമതിയില്ലാത്ത, ദാര്‍ദ്ര്യമില്ലാത്ത, ലഹളയില്ലാത്ത ഒരു സമ്പദ്‌വ്യവസ്ഥയിലൂന്നിയ സമാധാനജീവിതം വേണമോ? ജനം 31 വര്‍ഷം ആ ചോദ്യത്തിന് ഉത്തരം കൊടുത്തു. ബാലറ്റിലൂടെ തന്നെ.

പീപ്പിള്‍സ് ആക്‍ഷന്‍ പാര്‍ട്ടിയുടെ അമരക്കാരനായി ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതില്‍പ്പിന്നെ 31 വര്‍ഷം തുടര്‍ച്ചയായി സിംഗപ്പൂരിന്റെ പ്രധാനമന്ത്രി.

മൂന്നാംകിടലോകക്രമത്തില്‍ കിടന്ന ഒരു രാജ്യത്തെ ഒരു തലമുറയുടെ ആയുഷ്കാലത്തിനുള്ളില്‍  ഒന്നാം ലോകക്രമത്തിലേക്കുയര്‍ത്തിയ വേറൊരു ഭരണത്തലവന്‍ ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.


അനാരോഗ്യം മൂലം സ്വയമായി ഭരണമൊഴിഞ്ഞ്  ഗോ ചോക് ടോംഗിന് ഭരണമേല്‍പ്പിച്ച് പടിയിറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആ വൃദ്ധനെ അങ്ങനെയങ്ങ് വിടാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. സീനിയര്‍ മിനിസ്റ്റര്‍ എന്ന പദവിയില്‍ അദ്ദേഹത്തിന്റെ വഴിനടത്തലിലൂടെ ആയിരുന്നു പിന്നെയും ദ്വീപിന്റെ ഭരണം നടന്നത്.

പ്രധാനമന്ത്രിപദത്തില്‍ നിന്നിറങ്ങി ഒരു മന്ത്രിയായി ജോലി ചെയ്ത ലോകത്തിലെ ആദ്യത്തെ നേതാവും യൂ മാത്രമാണ്.

ഇല്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും കാലതാമസത്തിന്റെയും അതിരാഷ്ട്രീയത്തിന്റെയും കേരളത്തില്‍ നിന്ന് മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ് ആദ്യമായി സിംഗപ്പൂ‍രില്‍ കാല്‍ കുത്തിയപ്പോള്‍ ഇങ്ങനെയും നാടുണ്ടോ എന്ന അത്ഭുതമായിരുന്നു.

ഒരു പലചരക്കുകടക്കാരന്റെ മകനായിരുന്നു ഈ ആധുനികനഗരരാഷ്ട്രത്തിന്റെ ശില്പി എന്നത് അതിനെക്കാളേറേ അത്ഭുതം. കര്‍ശനമായ പ്രവര്‍ത്തനം മൂലം രാഷ്ട്രത്തിനും സമൂഹത്തിനും പൌരന്മാര്‍ക്കും പൊതുവില്‍ നന്മയും ഉന്നമനവുമാണ് പ്രതിഫലമെങ്കില്‍ ജനാധിപത്യത്തില്‍ അല്പം കുറവ് വന്നാലും സാരമില്ല എന്ന് തോന്നിയത് സിംഗപ്പൂരിലെ ജീവിതകാലത്താണ്.

ഈ കാലഘട്ടത്തില്‍ ബഹുമാനവും ആദരവും തോന്നിയ രണ്ട് നേതാക്കളില്‍ ഒരാള്‍ ലീ ക്വാന്‍ യൂ ആണ്. മറ്റൊരാള്‍ നെല്‍സന്‍ മണ്ടേലയും. ഒരു ഫുട്ബോള്‍ മല്‍‌സരം പന്ത് തട്ടി ഉദ്ഘാടനം ചെയ്യുമ്പോള്‍  ശക്തിയായ തൊഴിയുടെ വേഗത്തില്‍ മണ്ടേലയുടെ കാലില്‍ നിന്ന് ഷൂ  പറന്നുപോകുന്നതും കീറിയ സോക്സിലൂടെ അദ്ദേഹത്തിന്റെ കാലിന്റെ പെരുവിരല്‍ പുറത്തു കണ്ടപ്പോള്‍ പ്രസിഡന്റ്  ആയിരിക്കുമ്പോഴും പാലിച്ചുവന്ന ജീവിതരീതിയില്‍ തരിമ്പും മാറ്റം വന്നിട്ടില്ല എന്ന് കണ്ടതാണ് ആ ബഹുമാനത്തിന്റെ മുഖ്യകാരണം.

ജീവിതം കൊണ്ട് സന്ദേശമെഴുതുന്ന ഇത്തരം നേതാക്കളുടെ കാലത്ത് ജീവിക്കാനായതും സന്തോഷകരമാണ്.

വിട, ലീ ക്വാന്‍ യൂ.


(നിങ്ങളെപ്പോലുള്ള ഭരണാധികാരികളെ ലഭിച്ചതിനാല്‍ നിങ്ങളുടെ രാജ്യം മുന്നേറുന്നു. ഞങ്ങളിപ്പോഴും മാണി-ജോര്‍ജ്, കടി-പിടി വിവാദങ്ങളുമായി മുട്ടിലിഴയുന്നു. ഞങ്ങള്‍ക്കും എന്നെങ്കിലും ഒരു നല്ലകാലം വരുമായിരിക്കും)

61 comments:

 1. ചിന്തിപ്പിക്കുന്ന ലേഖനം. പുതിയ അറിവുകൾക്കു നന്ദി.

  ReplyDelete
 2. ലീ ക്വാന്‍ യൂ- വിന് ആദരാഞ്ജലികള്‍... അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ജനാധിപത്യഭരണവ്യവസ്ഥയുടെ ഭാഗമായ നമുക്കു മുന്നില്‍ ഒരു വെല്ലുവിളിയായി നില്‍ക്കുകയാണ് സിംഗപ്പൂരിലെ നിയന്ത്രിത ജനാധിപത്യം. അത്തരത്തിലൊരു ക്ഷേമരാഷ്ട്രമായി ഭാരത്തിനെന്നാണ് വളരാനാവുക? ഈ ഓര്‍മപ്പെടുത്തലിന് നന്ദി അജിത്തേട്ടാ...

  ReplyDelete
 3. മാഷെ അൽപ്പകാലത്തെ ഇടവേളയ്ക്കു ശേഷം നല്ലൊരു കുറിപ്പുമായി എത്തി,നന്ദി
  തികച്ചും സാധാരണ ജീവിതം നയിച്ച അദ്ദേഹം ഇന്നത്തെ നമ്മുടെ നേതാക്കന്മാർ
  എന്ന് പേരും പറഞ്ഞു നടക്കുന്നവർക്ക് ഒരു മാതൃക ആക്കാൻ പറ്റിയ ജീവിതം.
  കഠിനാദ്ധ്വാനത്തിലൂടെ ആ ചെറിയ ദ്വീപ്‌ സമൂഹത്തെ പേരെടുത്ത ഒരു രാജ്യ മാക്കി മാറ്റിയെടുത്ത അദ്ദേഹം എന്നും ആ ജനതയുടെ മനസ്സിൽ മായാതെ നിൽക്കും
  നമ്മുടെ കടിപിടി നേതാക്കൾ ഇത്തരക്കാരെ കണ്ടു പടിചെങ്കിൽ എന്ന് മാഷ്‌ ഓർത്തതുപോലെ ഞാനും വെറുതെ ഓർത്തു പോയി്! No chance! We are like this only~ Kadipidi koodaan janichavar

  ReplyDelete
 4. ജനാധിപത്യത്തില്‍ നല്ല നേതാക്കളെ വളര്‍ത്തിയെടുത്ത് തിരഞ്ഞെടുക്കപ്പെടുവാന്‍ ജനങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തേണ്ടത് പാര്‍ട്ടികളാണ്. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍, നമ്മുടെ പാര്‍ട്ടികള്‍, സ്വാതന്ത്ര്യാനന്തരകാലം മുതല്‍ക്കേ, ചില കോക്കസ്സുകളുടെ കൈകളിലാണ്. അവിടെ നിന്ന് രക്ഷപ്പെടാന്‍ ഒരു സാധ്യതയും കാണുന്നില്ല. ജനാധിപത്യം പേരിനുമാത്രം. ഒരു നല്ല നേതാവിലൂടെ, ഒരു നല്ല ഭരണാധികാരിയിലൂടെ, എന്നെങ്കിലും ഒരു മാറ്റം വരുമെന്ന് നമുക്കും പ്രതീക്ഷിക്കാമെന്ന് മാത്രം. നന്നായി അജിത്തേട്ടാ... പോസ്റ്റ് കാലികപ്രസക്തമാണ്.

  ReplyDelete
 5. ഭാരതത്തിന്റെ പ്രശ്നം നമ്മുടെ ഭരണഘടന തന്നെയാണു..കാക്കത്തൊള്ളായിരം ഈർക്കിൽ പാർട്ടികൾ കൂണുപോലെ മുളച്ച്‌ വരുന്ന ഈ രാജ്യത്ത്‌ പകുതിയിലധികം ജനത കൊടും പട്ടിണിയിലാകാൻ കാരണവും 67 വർഷം മുൻപ്‌ എഴുതി വെച്ച,ഔട്ട്ഡേറ്റഡായ ഭരണഘടനയാണു.

  ReplyDelete
 6. പുത്തനറിവുകൾ പകർന്നു തന്നതിന് നന്ദി.നമുക്കും നല്ലകാലം വരുമെന്നു പ്രതീക്ഷിക്കാം.

  ReplyDelete
 7. നല്ല പരിചയപ്പെടുത്തൽ ....
  കേരളത്തിലെ ഒരു താലൂക്കിന്റെയത്ര വിസ്തീര്‍ണ്ണം
  മാത്രമുള്ള സിംഗപ്പൂര്‍ എന്ന ദ്വീപ് രാഷ്ട്രത്തെ ലോകത്തിലെ
  എണ്ണപ്പെടുന്ന ഒരു ഫിനാന്‍ഷ്യല്‍ ഹബ് ആക്കിമാറ്റിയ ക്രാന്തദര്‍ശിയും കഠിനാദ്ധ്വാനിയുമായ ഒരു പ്രഗൽഭനായ ഭരണാധികാരിയാണ് ലീ ക്വാന്‍ യൂ ..!

  മൂന്നാം കിട ലോക ക്രമത്തില്‍ കിടന്ന ഒരു രാജ്യത്തെ
  ഒരു തലമുറയുടെ ആയുഷ്കാലത്തിനുള്ളില്‍ ഒന്നാം ലോക
  ക്രമത്തിലേക്ക് ഉയര്‍ത്തിയ വേറൊരു ഭരണത്തലവന്‍ ലോകത്തില്‍
  ഈ ക്വാന്‍ യൂ!വിനെ പോലെ ഇതുവരെ ഉണ്ടായിട്ടില്ലപോലും. ഇദ്ദേഹത്തിന്
  പ്രണാമം...!

  ReplyDelete
 8. ഇദ്ദേഹത്തെ പോലുള്ളവർ നമ്മുടെ നാടും ഭരിക്കുമായിരിക്കും ......
  കാരണം ജനങ്ങള്ക്കും വിവരം വെച്ച് തുടങ്ങി
  ................

  ReplyDelete
 9. കാലികപ്രസക്തിയുള്ള പോസ്റ്റ്‌. ദേശീയത ആ രാജ്യത്തിനു ഗുണപരമായി മാറ്റാന്‍ കഴിയുന്നിടത്താണ് അതിനു പ്രസക്തി ഒള്ളൂ. ഭരണകര്‍ത്താക്കള്‍ എപ്പോയും ക്രാന്തദര്ശികള്‍ ആവണമെന്ന് പറയുന്നത് വെറുതെയല്ല

  ReplyDelete
 10. പലരില്‍ ചിലര്‍ ചില നെല്‍സന്‍ 'മണ്ടന്മാര്‍'......!(മാണി -കോണി -കോണകം -കറക്കിക്കൂട്ട്
  പരിപ്രേക്ഷ്യത്തില്‍ നിന്നും വീക്ഷിച്ചതാണ് ...നെല്‍സന്‍ മണ്ടേല എന്ന മഹാതിശയനെ ഒരിക്കലും ഹസിച്ചിട്ടില്ല,ഒരിക്കലും അനാദരവോ പരിഹാസമോ അത്തരം വ്യക്തികലോടല്ല വേണ്ടു താനും ..) നല്ലൊരു ലേഖനത്തിന് നന്ദി ....

  ReplyDelete
 11. കുറെ കാലത്തിനു ശേഷമാണ് ഇവിടെ നിന്നൊരു ബ്ലോഗ്,
  ഉഗ്രൻ ലേഖനം അജിത്തേട്ടാ..

  ഒരു ജനതക്കനുസരിച്ചാവും അവിടത്തെ ഭരണാധികാരിയെന്നാണ്,
  നമ്മൾ ചാച്ചരക്കാർ കള്ളനെ കണ്ടാലും, മണ്മുന്നിൽ പീഡിപ്പിക്കുന്നത് കണ്ടാലും മ്മടെ ആൾക്കാർ, മ്മടെ പാർട്ടിക്കാരൻ ആണേൽ എന്തെങ്കിലും വിടുവായ് പറഞ്ഞ് ന്യായീകരിക്കും ,
  അതുകൊണ്ട് തന്നെ നമുക്കൊന്നും ഇങ്ങനൊരാളെ കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല,.
  “നിങ്ങളെപ്പോലുള്ള ഭരണാധികാരികളെ ലഭിച്ചതിനാല്‍ നിങ്ങളുടെ രാജ്യം മുന്നേറുന്നു. ഞങ്ങളിപ്പോഴും മാണി-ജോര്‍ജ്, കടി-പിടി വിവാദങ്ങളുമായി മുട്ടിലിഴയുന്നു“

  ഇത്രേള്ളൂ കാര്യം (Y) അപ്പുറത്ത് നോക്കി നമുക്ക് വെള്ളം ഇറക്കാം, എന്നും..

  ReplyDelete
 12. നല്ലതു പ്രതീക്ഷിക്കാം....

  ReplyDelete
 13. കര്‍ശനമായ പ്രവര്‍ത്തനം മൂലം രാഷ്ട്രത്തിനും സമൂഹത്തിനും പൌരന്മാര്‍ക്കും പൊതുവില്‍ നന്മയും ഉന്നമനവുമാണ് പ്രതിഫലമെങ്കില്‍ ജനാധിപത്യത്തില്‍ അല്പം കുറവ് വന്നാലും സാരമില്ല.

  ഒരു ഫുട്ബോള്‍ മല്‍‌സരം പന്ത് തട്ടി ഉദ്ഘാടനം ചെയ്യുമ്പോള്‍ ശക്തിയായ തൊഴിയുടെ വേഗത്തില്‍ മണ്ടേലയുടെ കാലില്‍ നിന്ന് ഷൂ പറന്നുപോകുന്നതും കീറിയ സോക്സിലൂടെ അദ്ദേഹത്തിന്റെ കാലിന്റെ പെരുവിരല്‍ പുറത്തു കണ്ടപ്പോള്‍ പ്രസിഡന്റ് ആയിരിക്കുമ്പോഴും പാലിച്ചുവന്ന ജീവിതരീതിയില്‍ തരിമ്പും മാറ്റം വന്നിട്ടില്ല എന്ന് ലോകമറിഞ്ഞു.

  അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ജനാധിപത്യഭരണവ്യവസ്ഥയുടെ ഭാഗമായ നമുക്കു മുന്നില്‍ ഒരു വെല്ലുവിളിയായി നില്‍ക്കുകയാണ് സിംഗപ്പൂരിലെ നിയന്ത്രിത ജനാധിപത്യം.
  ജീവിതം കൊണ്ട് സന്ദേശമെഴുതുന്ന ഇത്തരം നേതാക്കളുടെ കാലത്ത് ജീവിക്കാനായതും സന്തോഷകരമാണ്.

  ReplyDelete
 14. വളരെ നല്ല ലേഖനം .

  ReplyDelete
 15. ലീ ക്വാന്‍ യൂ വിന് ആദരാഞ്ജലികള്‍
  നമ്മുടെ ജനാധിപത്യരാഷ്ട്രം!
  ഹാ!കഷ്ടം!!
  ലീ ക്വാന്‍ യൂ വിനെപ്പോലുള്ള നേതാക്കള്‍ നമുക്കുണ്ടായിരുന്നുവെങ്കില്‍.......
  കൊതി തോന്നുന്നു..............
  ആശംസകള്‍

  ReplyDelete
 16. ലീ ക്വാന്‍ യൂ നല്ലൊരു ഭരണാധികാരിയായിരുന്നു.സ്വന്തം രാജ്യത്തിന്‍റെ പുരോഗതിയല്ലാതെ മറ്റൊന്നും ആ മനുഷ്യന്‍ ആഗ്രഹിച്ചില്ല.നമ്മള്‍ കൊണ്ടാടുന്ന ജനാധിപത്യത്തെ അദ്ദേഹം മാനിച്ചില്ല.രാഷ്ട്ര ശില്‍പ്പിയായ ദേവന്‍ നായരെപ്പോലും അഴിമതി ചെയ്തതിന് പിടിച്ച് അകത്തിട്ടു.ഒന്നു പറഞ്ഞോട്ടെ ലീ ക്വാന്‍ യൂവിനെപ്പോലെ മറ്റ് നേതാക്കള്‍ ആരുമില്ല.നമ്മുടെ നേതാക്കളിലാരെങ്കിലും ആ കുപ്പായമെടുത്ത് ധരിച്ചാല്‍ ഭീകരമാവും അവസ്ഥ.

  ReplyDelete
 17. നല്ല അറിവുകൾ പകർന്നു നല്കിയ ലേഖനം.

  ReplyDelete
 18. ഹരി മാധവ്
  ബെന്‍‌ജി നെല്ലിക്കാലാ
  ഏരിയല്‍ ഫിലിപ്പ്
  സുധീര്‍ ദാസ്
  സുധി അറയ്ക്കല്‍
  ഡോ. ജ്യൂവല്‍
  മുരളി മുകുന്ദന്‍
  ഷംസുദ്ദീന്‍
  മിനി മോഹനന്‍
  ഷരിഫ് ചുങ്കത്തറ
  മുഹമ്മദ് കുട്ടി. എന്‍
  റെയിനി ഡ്രീംസ്
  അശ്വതി
  വി.കെ
  മിനി ആന്‍ഡ്രൂസ്
  സി.വി. തങ്കപ്പന്‍
  വെട്ടത്താന്‍ ജി
  ഗീത ഓമനക്കുട്ടന്‍

  എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി, നിങ്ങളുടെ സന്ദര്‍ശനത്തിലും അഭിപ്രായം പങ്കുവച്ചതിലും സന്റോഷം അറിയിക്കുന്നു

  ReplyDelete
 19. നല്ലൊരു പരിചയപ്പെടുത്തല്‍.

  ReplyDelete
 20. ലീ ക്വാന്‍ യൂവിനെ നന്നായി പരിചയപ്പെടുത്തി അജിത്തേട്ടന്റെ ലേഖനം. ബസ്സ്‌ കാത്ത് നില്‍ക്കുമ്പോള്‍ പരിചയപ്പെട്ട ഒരു സുഹൃത്ത്‌ പറഞ്ഞതാണ്‌ ഓര്‍മ്മ വന്നത്, If there is any place I want to live before I die, its Singapore...because there is Lee Kuan Yew!!

  ReplyDelete
 21. നല്ല കുറിപ്പ് അജിത്ത്
  ഞാൻ സിംഗപ്പൂരിൽ ഒരു കൊല്ലം ഉണ്ടായിരുന്നു (അംഗ് മോക്യോയിൽ ). 2006 -2007 കാലയളവിൽ .
  സിംഗപ്പൂരിലെ സുതാര്യതയും കാര്യങ്ങൾ നടത്തിയെടുക്കാൻ ഉള്ള വേഗതയും അതിശയപ്പെടുതിയിടുണ്ട് . ജോലി ചെയ്ത് മര്യാദക്ക് ജീവിക്കാൻ താലപര്യമുള്ള ഒരാള്ക്ക് സുഖമായി കഴിയാം . അയാളുടെ ജീവിതത്തിൽ ആരും ഇടപെടുന്നില്ല . എവിടെയും സൗഹാർദ്ദ പരമായി മാറുന്ന തുറന്ന സമൂഹം . അതെ സമയം കുറ്റകൃത്യങ്ങളുടെ ഭയവും വേണ്ട . ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് (കൊണ്കൊഴ്സ്, കല്ലാംഗ് ), പാതിരാത്രി ജോലി കഴിഞ്ഞു , നിർഭയമായി പുറത്തിറങ്ങി നടന്നും ടാക്സി പിടിച്ചും പോകുന്ന സ്ത്രീകളെ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ അവസ്ഥ ആലോചിച്ചു സങ്കടം തോന്നിയിട്ടുണ്ട് .
  കേരളത്തിലെ കാലാവസ്ഥയും , വളരെ ഉയർന്ന ജീവിത നിലവാരവും , സാമൂഹ്യ സുരക്ഷയും സിംഗപ്പൂരിനെ ഇന്നും മനസ്സിൽ മധുരമായ ഒരോർമ്മയായി നിരത്തുന്നു . അതിനു കാരണക്കാരനായ മനുഷ്യനെ ഓർമ്മിപ്പിച്ചതിനു നന്ദി.

  ReplyDelete
 22. Good and informative article Ajithettaa .

  Thank you .

  (sorry . Malayalam not working)

  ReplyDelete
 23. Read this news
  http://news.keralakaumudi.com/news.php?nid=a600a5a2780b549b0dc7b99bc62c14a2

  ReplyDelete
 24. അറിയാന്‍ ആഗ്രഹിച്ചതെല്ലാം ഈ ഒരൊറ്റ കുറിപ്പില്‍ നിന് കിട്ടി. നന്ദി അജിത്തേട്ടാ..
  കജ്രിവാളില്‍ ഇങ്ങനെ ഒരു നേതാവിനെ ആണ് ഞാന്‍ കാണുന്നത് എന്ന് പറഞ്ഞാന്‍ എല്ലാരും കൂടെ എന്നെ പഞ്ഞിക്കിടുമോ?

  ReplyDelete
 25. വിഷനറിയായ ഒരു ഏകാധിപതിയുടെ ഭരണം എല്ലാ കാലത്തും ജനം ഉള്ളാലെ ആഗ്രഹിക്കുന്നുണ്ട്. അത്തരം നേതാവിന്‍റെ മറ്റു കുറവുകള്‍ ജനം പൊറുത്തു കൊടുക്കും. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ലീ ക്വാന്‍ യൂ.

  ReplyDelete
 26. ഒത്തിരി അറിവ് പകര്‍ന്ന ഒരു ലേഖനം....ഇതുപോലുള്ള ഒരു ഭരണാധികാരി നമ്മുടെ നാട്ടില്‍ എന്നെങ്കിലും ഉണ്ടാവുമോ .........

  ReplyDelete
 27. നമ്മുടെ രാജ്യത്തിന് ഇങ്ങിനെയൊരു നേതാവിനെ കിട്ടിയിരുന്നെങ്കിൽ....... ഇല്ല - നമ്മുടെ ഭരണഘടനയും, ജനാധിപത്യ രീതികളും, രാഷ്ട്രീയ - സാമ്പത്തിക സംവിധാനവും, ബ്യൂറോക്രസിയുമൊന്നും അതിന് അനുകൂലമല്ല.....

  സന്ദർഭോജിതമായ നല്ല അനുസ്മരണക്കുറിപ്പ്......

  ReplyDelete
 28. ഇച്ഛാശക്തിയുള്ള ജനനായകരും നിയമങ്ങൾ പാലിക്കപ്പെടണമെന്ന് ആഗ്രഹമുള്ള ജനതയും ഒത്ത് ചേർന്നതിന്റെ വിജയം...

  അഴിമതിയിൽ മുങ്ങി നീരാടുന്നതിൽ ആനന്ദം കണ്ടെത്തുന്ന നമ്മുടെ ഭരണാധികൾക്ക് ഇതിനൊക്കെ എവിടെ സമയം...

  ReplyDelete
 29. ഒരു കാലഘട്ടത്തിന്‍റെ ജീവചരിത്രമാണ്.... .LEE....അല്ലെങ്കില്‍....ഇച്ഛാശക്തി എങ്ങനെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിക്കും
  എന്നതിലോട്ടുള്ള തെളിവും,..നന്ദിയുണ്ട് അജിത്തേട്ടാ....

  ReplyDelete
 30. ലീ ക്വാൻ യൂവിന് ആദരാജ്ഞലികൾ ....!

  അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഭർതൃപിതാവ് .

  ReplyDelete
 31. നല്ല ലേഖനം...
  അറിവുകൾ പകർന്നു തന്നതിനു നന്ദി...

  ReplyDelete
 32. അറിയാതെ പോകുന്ന പ്രതിഭകളില്‍ ഇങ്ങനെ പലരുമുണ്ട്

  ReplyDelete
 33. അജിത് വീണ്ടും ബ്ലോഗിൽ സജീവനായത് അറിഞ്ഞില്ല, കുടിശിഖ ഇന്നു തന്നെ തീർത്തേക്കാം.ഈ കുറിപ്പു വായിച്ചപ്പോൾ തോന്നി, ഒരു മിതഏകാധിപതി (!!) തന്നെ ശരിയായ ഉത്തരം. തുടർന്നും സ്നേഹം പ്രതീക്ഷിക്കുന്നു.

  ReplyDelete
 34. പുതിയ അറിവുകൾ...നന്ദി

  ReplyDelete
 35. നല്ല ലേഖനം...
  അറിവുകൾ

  ReplyDelete
 36. ഒരു ജനതയ്ക്ക് ലഭിക്കുന്ന ഭരണാധികാരി അവര്‍ക്ക് അര്‍ഹതപെട്ടത്‌ തന്നെയായിരിക്കും എന്നാരോ പറഞ്ഞത് ഓര്‍മവരുന്നു.

  ReplyDelete
 37. പ്രിയ ലീ ക്വാന്‍ യൂ....
  (നിങ്ങളെപ്പോലുള്ള ഭരണാധികാരികളെ ലഭിച്ചതിനാല്‍ നിങ്ങളുടെ രാജ്യം മുന്നേറുന്നു. ഞങ്ങളിപ്പോഴും മാണി-ജോര്‍ജ്, കടി-പിടി വിവാദങ്ങളുമായി മുട്ടിലിഴയുന്നു. ഞങ്ങള്‍ക്കും എന്നെങ്കിലും ഒരു നല്ലകാലം വരുമായിരിക്കും).

  അതെ വരുമായിരിക്കും.......!!!

  അജിത് സര്‍....
  വളരെ വിജ്ഞാനപ്രദമായ ലേഖനം.

  ReplyDelete
 38. ലീ ക്വാൻ യൂവിന് ആദരാജ്ഞലികൾ ....!
  "നിങ്ങളെപ്പോലുള്ള ഭരണാധികാരികളെ ലഭിച്ചതിനാല്‍ നിങ്ങളുടെ രാജ്യം മുന്നേറുന്നു... ഞങ്ങള്‍ക്കും എന്നെങ്കിലും ഒരു നല്ലകാലം വരുമായിരിക്കും"

  പ്രിയപ്പെട്ട അജിത്ത് സര്‍.. താങ്കള്‍ അത് പറഞ്ഞു

  ReplyDelete
  Replies
  1. താങ്ക്സ്! അതിശയിപ്പിക്കുന്ന ചില മനുഷ്യരുണ്ട്. ഇദ്ദേഹത്തെപ്പോലെ

   Delete
 39. അറിവുപകരുന്ന എഴുത്ത്

  ReplyDelete
 40. ഒരു പതിറ്റാണ്ട് ആയി ഞാൻ ഈ ദ്വീപിലേക്ക് കൂട് മാറിയിട്ട്. എന്റെ വീട് പോലെതന്നെ ആണ് .അജിത്തേട്ടൻ എ ഴുതിയത് അത്രയും ശരി ആണ്.ഒരർത്ഥത്തിൽ സ്വേച്ചധിപതി ആയിരുന്നു . പക്ഷെ ഇന്ന് ഈ രാജ്യം ഇങ്ങനെ എത്തിച്ചത് ആ ഒരു ഒറ്റ വ്യക്തി ആണ് .ഇന്നിവിടെ കാണുന്ന സമാധാനം ഹാർമണി എല്ലാം ജസ്റ്റ്‌ ബികോസ് ഓഫ് ഹിം. സമ്മതിക്കാതെ വയ്യ.

  ReplyDelete
 41. സിംഹപുരിയുടെ രാജാവിന്‍റെ കഥ അറിയില്ലായിരുന്നു.പങ്കു വെച്ചതിനു നന്ദി അജിത്തേട്ടാ :) ലക്‌ഷ്യം നല്ലതാണെങ്കില്‍ മാര്‍ഗ്ഗം ഇത്തിരി കര്‍ക്കശമായാലും തരക്കേടില്ല എന്ന മനോഭാവം തന്നെ മുഖ്യം :) നമുക്കൊക്കെ ഇങ്ങനെയൊരു ഭരണാധികാരിയെ സ്വപ്നം കാണാം

  ReplyDelete
 42. ലീക്വാൻയൂ നെ ഭംഗിയായി പരിചയപ്പെടുത്തി...പൊതുവിജ്ഞാനം കുറവായത് കൊൻട് ആളെ കുറിച്ച് ആദ്യമായ് കേൾക്കുകയാണു താനും....രസകരമായ പോസ്റ്റ്...

  ReplyDelete
 43. ഒരു നല്ല വിവരണത്തിനു നന്ദി അജിത്തേട്ടാ..

  ReplyDelete
 44. നല്ല ഒരു അറിവ്, വിവരണവും...നന്ദി...

  ReplyDelete
 45. പുതിയ അറിവുകൾ നല്‍കിയ ലേഖനം ..!

  ReplyDelete
 46. പത്താം ക്ലാസ്സു കഴിഞ്ഞ ശേഷം ഞാൻ ഇത് വായിച്ചപ്പോഴാണ് ഒരു നല്ല ചരിത്ര പാഠം മനസ്സിൽ പതിച്ചത്. നന്ദി അജിത്‌ ചേട്ടാ...

  ReplyDelete
 47. നല്ല കുറിപ്പ്; ആര്‍ജ്ജവമുള്ള ഭരണാധികാരികള്‍ ഉണ്ടെങ്കിലേ രാജ്യത്തിനും ജനങ്ങള്‍ക്കും നന്മയുണ്ടാകൂ.

  ReplyDelete
 48. വളരെ നല്ലൊരു ലേഘനം ,സമസ്ത മേഘലകളില്‍ കൂടി കടന്നു പോയി ,ആശംസകള്‍ ...

  ReplyDelete
 49. പരിചയപ്പെടുത്തല്‍ നന്നായി . അറിയാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തോടെ സ്നേഹപൂര്‍വ്വം ബി ജി എന്‍

  ReplyDelete
 50. പുതിയ അറിവുകൾ

  നമുക്കും ഒരുനല്ലകാലം വരുമായിരിക്കും

  ReplyDelete
 51. വരാന്‍ വൈകി അജിത്തേട്ടാ .. അറിയാലോ കാരണങ്ങള്‍ ..
  വായിച്ചപ്പൊള്‍ വൈകിയത് തെറ്റായെന്നും തൊന്നുന്നു ..
  നമ്മള്‍ പലരും കണ്ട് പഠിക്കേണ്ട ചിലതുണ്ട് ..
  അല്പ്പം കുറവൊക്കെ ജനാതിപത്യത്തിലുണ്ടായാലും
  രാജ്യം പുരൊഗതി കൈവരിക്കുന്നുണ്ടൊ എന്നതാണ്
  സമൂഹം നോക്കേണ്ടത് .. അതെങ്ങനെ നമ്മള്‍ കുറെയാളുകള്‍
  അനങ്ങിയാല്‍ ജനാധിപത്യത്തേ പൊക്കി കൊണ്ട് നടക്കുകയാണല്ലൊ
  തൊട്ടത്തിനും പിടിച്ചതിനും ഒക്കെ മനുഷ്യാവകാശ ലംഘനങ്ങള്‍
  പറഞ്ഞ് പറഞ്ഞ് ഗോവിന്ദ ചാമി വരെ തടിച്ച് കൊഴുത്തൂ ..
  പത്രത്തിലെപ്പൊഴോ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത കണ്ടിരുന്നു ..
  അന്ന് ഇത്തിരി അറിവുകള്‍ വായിച്ചിരുന്നു , വിട പറഞ്ഞപ്പൊളാണ്
  ഇദ്ദേഹത്തേ അറിയാന്‍ കഴിഞ്ഞതുമെന്ന ദുഖം മാത്രം ..
  ഒന്നുണ്ട് പറയാന്‍ പ്രധാനമായ് അജിത്തേട്ടന്‍ പറഞ്ഞ പൊലെ തന്നെ
  ""ജീവിതം കൊണ്ട് സന്ദേശമെഴുതുന്ന ഇത്തരം നേതാക്കളുടെ
  കാലത്ത് ജീവിക്കാനായതും സന്തോഷകരമാണ്. ""

  ReplyDelete
  Replies
  1. അല്പ്പം കുറവൊക്കെ ജനാതിപത്യത്തിലുണ്ടായാലും
   രാജ്യം പുരൊഗതി കൈവരിക്കുന്നുണ്ടൊ എന്നതാണ്
   സമൂഹം നോക്കേണ്ടത് .

   That is it!!

   Delete
 52. ------------------തൊട്ടത്തിനും പിടിച്ചതിനും ഒക്കെ മനുഷ്യാവകാശ ലംഘനങ്ങള്‍
  പറഞ്ഞ് പറഞ്ഞ് ഗോവിന്ദ ചാമി വരെ തടിച്ച് കൊഴുത്തൂ ---------------

  Yes There lies the point. Waiting for such a yuuu here

  ReplyDelete
 53. നിങ്ങളെപ്പോലുള്ള ഭരണാധികാരികളെ ലഭിച്ചതിനാല്‍ നിങ്ങളുടെ രാജ്യം മുന്നേറുന്നു. ഞങ്ങളിപ്പോഴും മാണി-ജോര്‍ജ്, കടി-പിടി വിവാദങ്ങളുമായി മുട്ടിലിഴയുന്നു. ഞങ്ങള്‍ക്കും എന്നെങ്കിലും ഒരു നല്ലകാലം വരുമായിരിക്കും----എനിക്ക് ഒരു പ്രതീക്ഷയും ഇല്ല :) ...... ഉപകാര പ്രദമായ ഒരു നല്ല പോസ്റ്റ്‌ .

  ReplyDelete
 54. അജിത് വീണ്ടും ആക്റ്റീവ് ആയത് അറിഞ്ഞില്ല.
  നല്ല ലേഖനം. പുതിയ അറിവുകള്‍

  ReplyDelete