പൂമുഖത്ത് ഒരു ചാരുകസേരയും അതില്‍ നീണ്ടുനിവര്‍ന്ന് കിടന്ന് “ശേഖരാ” എന്നോ അകത്തേയ്ക്ക് തല തിരിച്ച് “ശാരദേ” എന്നോ നീട്ടി വിളിക്കുന്ന ഒരു തല മൂത്ത കാരണവര്‍ എല്ലാ തറവാടിന്റെയും ഒരു ലക്ഷണമായിരുന്നു.
അല്ലെങ്കില്‍ വീട്ടിലെ എല്ലാ കാര്യങ്ങളുടെയും എല്ലാ അംഗങ്ങളുടെയും സര്‍വ വിഷയങ്ങളിലും ഇടപെട്ട് തീര്‍പ്പ് കല്പിക്കുന്ന ഒരു കാരണവര്‍. അതുമല്ലെങ്കില്‍ കൊച്ചുമക്കളോടൊപ്പം കളിക്കയും നാട്ടിലെ പൊതുവിഷയങ്ങളില്‍ താല്പര്യത്തോടെ ഭാഗഭാക്കാകുന്ന വയോധികര്‍.
ഇളം മുറക്കാര്‍ ഒക്കെയും അല്പം ഭയം കലര്‍ന്ന ബഹുമാനത്തോടെ സംസാരിക്കയും പ്രവൃത്തിക്കയും ചെയ്യുന്ന വലിയപ്പച്ചന്മാര്‍, അപ്പൂപ്പന്മാര്‍, മുത്തച്ഛന്മാര്‍. അവരുടെ കൂടെ നാല്പതും അമ്പതും അറുപതും വര്‍ഷം ജീവിതം പങ്കിട്ട, പല്ലുകൊഴിഞ്ഞ, അമ്മിഞ്ഞകള്‍ മടിവരെയെത്തുന്ന അമ്മൂമ്മമാര്‍. അവരുടെ വിറയാര്‍ന്ന സ്നേഹാന്വേഷണങ്ങള്‍. കൊച്ചുമക്കള്‍ക്ക് മധുരമൂറുന്ന കഥകളും, ബാല്യക്കാര്‍ക്ക് നേര്‍വഴികളും, യുവാക്കള്‍ക്ക് സ്വയനിയന്ത്രണത്തിന്റെ പാഠങ്ങളും ഒക്കെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന പുണ്യജന്മങ്ങള്‍.
അതിനിടയ്ക്ക് തന്നെ ഇത്തിരി കുശുമ്പും കുന്നായ്മയുമൊക്കെ പ്രക്ഷേപണം ചെയ്യുന്ന ചില കൊസ്രാക്കൊള്ളി കാരണവന്മാരും കാര്‍ന്നോത്തികളും. എന്നാലും പൊതുവേ നോക്കിയാല്‍ അവരാരും വലിയ ശത്രുതയ്ക്ക് വിത്ത് പാകുന്നവരായിരുന്നില്ല.
ശൈശവവും ബാല്യവും കൌമാരവും യൌവനവും ചെലവിട്ട എന്റെ ഗ്രാമത്തിലെ ഓരോ ഭവനത്തിലും ഇങ്ങിനെ ഒന്നോ രണ്ടോ വയസ്സന്മാരും വയസ്സികളും ഇല്ലാത്ത വീടുകള്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം. (ഓരോരുത്തര്‍ക്കും ഞങ്ങള്‍ ഓരോ ഇരട്ടപ്പേരുകള്‍ കനിഞ്ഞ് നല്‍കിയിട്ടുമുണ്ടായിരുന്നു) ഇന്ന് തിരിഞ്ഞു ചിന്തിക്കുമ്പോള്‍ അവരെയെല്ലാവരെയും നന്ദിയോടെയല്ലാതെ ഓര്‍ക്കുക സാദ്ധ്യമല്ല. തീര്‍ച്ചയായും ഒരു നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കതയും നന്മയും നിറഞ്ഞിരുന്ന പ്രിയമനുഷ്യര്‍.
അവര്‍ നല്ല തികവോടെ ജീവിച്ച്, ആയുസ്സിന്റെ അങ്ങേയറ്റത്തെത്തി ഈ ലോകത്തില്‍നിന്നും മാറ്റപ്പെട്ടു. ഭൂരിപക്ഷം പേരുടെയും അന്ത്യം ഇങ്ങിനെയായിരുന്നു. അസുഖം കൂടിയെന്ന ഒരു വാര്‍ത്ത കേള്‍ക്കും, ദൂരെ മലബാറിലേയ്ക്കൊക്കെ വാര്‍ത്തയുമായി ബന്ധുക്കളാരെങ്കിലും പോകും, പിറ്റെദിവസം തന്നെ ദൂരെയുള്ള ബന്ധുക്കളും അകലെ കെട്ടിച്ചുവിട്ട പെണ്മക്കളുമൊക്കെയെത്തും. രണ്ടോ മൂന്നോ ദിവസം, അതിനുള്ളില്‍ അദ്ദേഹം ഇഹലോകവാസം വെടിയും. പിന്നെ അതിന്റെ അടിയന്തിരം തങ്ങളാല്‍ കഴിയുന്നതുപോലെ വീട്ടുകാര്‍ നടത്തും.
ദീര്‍ഘകാലം രോഗിയായി കിടന്നും ദുരിതമനുഭവിച്ചും എല്ലാവരുടെയും ശാപവും കുത്തുവാക്കുകളുമൊക്കെ കേട്ട മനം നൊന്ത് മരിക്കുന്നവരും ഇല്ലയെന്നല്ല, പക്ഷെ അത് വളരെ അപൂര്‍വമായിരുന്നു.
എന്നാല്‍ ഭൂരിപക്ഷം വലിയപ്പച്ചന്മാരും മുത്തശ്ശിമാരും എല്ലാവരുടെയും സ്നേഹവും ശുശ്രൂഷയുമൊക്കെ അനുഭവിച്ച് മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയുമൊക്കെ കണ്ട് നാട്ടുകാരുടെ പോലും സ്വാന്തനങ്ങള്‍ കേട്ടാണ് ജീവകാലത്തിന്റെ അവസാന അങ്കം തീര്‍ത്ത് രംഗം ഒഴിഞ്ഞിരുന്നത്.
അത് ഒരു തലമുറയുടെ ഭാഗ്യമായിരുന്നു. ഒരു ദേശത്തിന്റെ സാഫല്യമായിരുന്നു. ഇന്നും അത്തരം വയോവൃദ്ധരുടെ മുഖങ്ങളും അവരുടെ ജീവിതഗാഥകളുമൊക്കെ ഓര്‍മ്മയിലുള്ള ഒരു മനുഷ്യനാണ് ഞാനും.
ഈ കാലത്ത് കേള്‍ക്കുന്ന വാര്‍ത്തകളൊന്നും മുമ്പ് കേട്ടിട്ടില്ല. ദൃശ്യങ്ങള്‍ കണ്ടിട്ടുമില്ല. വയോജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നു. എഴുപതും എണ്‍പതും അതിലേറെയും വര്‍ഷങ്ങള്‍ ഈ ലോകത്തോടും ഇതിന്റെ എല്ലാവിധ പോരാട്ടങ്ങളോടും ജയത്തോടെ എതിര്‍ത്തുനിന്ന, അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള ചിലര്‍ പോലും ആത്മഹത്യയില്‍ അഭയം തേടുന്നു. അതില്‍ ദരിദ്രരുണ്ട്, സമ്പന്നരുണ്ട്, വിദ്യാഹീനരുണ്ട്, പണ്ഡിതരുണ്ട്.
പല ദിവസങ്ങളിലെ പത്രചരമക്കോളങ്ങള്‍ ശ്രദ്ധിച്ചാലറിയാം അനേക വൃദ്ധര്‍ ഒരു മുഴം കയറിലോ ഒരു തുടം വിഷത്തിലോ ജീവിതം അവസാനിപ്പിക്കുന്നു. ഇത്രയൊക്കെ തുഴഞ്ഞ് ഈ ജീവിതസാഗരം കടന്ന് ഇവിടെവരെയെത്തിയവര്‍ ഇനി വയ്യ എന്ന് സമ്മതിച്ച് കീഴടങ്ങുന്നതെന്തുകൊണ്ട്?
ഒരു തുള്ളി സ്നേഹം തക്കസമയത്ത് പകര്‍ന്നുകൊടുക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ മനുഷ്യര്‍ മരണത്തെ സ്വയം വരിക്കുമായിരുന്നുവോ?
അനിവാര്യസാഹചര്യങ്ങളില്‍ ഭക്ഷണത്തിന്റെയും മരുന്നിന്റെയും ട്യൂബ് ഊരിമാറ്റി ദയയോടെ കൊന്നുകൊള്ളാന്‍ സുപ്രീം കോര്‍ട്ട് അനുവദിച്ചിട്ടുണ്ടല്ലോ. നമ്മള്‍ ഈ പാവങ്ങള്‍ക്ക് സ്നേഹം പകര്‍ന്ന് കൊടുക്കുന്ന ട്യൂബുകള്‍ ഊരി മാറ്റുകയാണ്. അതുകൊണ്ടാണ് ഇവര്‍ സര്‍വായുധങ്ങളും വച്ച് കീഴടങ്ങുന്നത്.
കമ്പോഡിയയില്‍ പോള്‍പോട്ട് എന്നയാള്‍ അധികാരത്തിലിരുന്ന സമയത്ത് കലാകാരന്മാരും സര്‍ഗശേഷിയുള്ളവരുമൊന്നും നാടിനാവശ്യമില്ലയെന്ന് പറഞ്ഞ് കൂട്ടക്കുരുതി നടത്തിയിരുന്നു, അതോടൊപ്പം തന്നെ വയസ്സായവരെക്കൊണ്ട് ഒരു പ്രയോജനവുമില്ല, പ്രൊഡക്റ്റീവ അല്ല, ചെലവു മാത്രമേ വരൂ എന്ന് പറഞ്ഞ വൃദ്ധരെയെല്ലാം വകവരുത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ഇന്നത്തെ മലയാളി സമൂഹവും തങ്ങളുടെ ധൃതിയേറിയ ഓട്ടത്തിനിടയില്‍ മുന്‍ നാളുകളില്‍ തങ്ങള്‍ക്ക് ആശയും ആശ്രയവും പ്രകാശവും പകര്‍ന്ന് തന്നിരുന്ന ഒരു തലമുറയെ അപ്രയോജനജന്മങ്ങള്‍ എന്ന് മുദ്രകുത്തി ദയാവധം വിധിക്കുകയാണ്. നിങ്ങള്‍ ഇതിന് പകരം അനുഭവിച്ചേ മതിയാവൂ. നിങ്ങള്‍ വിതച്ചത് നിങ്ങള്‍ കൊയ്യുക തന്നെ ചെയ്യും.
“വാഴയ്ക്ക് നനയ്ക്കുമ്പോള്‍ ചേനയ്ക്കും ചെല്ലും” എന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്. എന്റെ പ്രിയ വായനക്കാരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ആര്‍ദ്രമാണ്. നിങ്ങളില്‍ നന്മയുണ്ട്. നിങ്ങളുടെ ഓരോ പോസ്റ്റുകളും വായിക്കുമ്പോള്‍ മാനുഷികതയുടെയും ചിലപ്പോള്‍ ദൈവികതയുടെയും മാനങ്ങള്‍ ഞാന്‍ കാണുന്നു. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കള്‍ ഭാഗ്യമുള്ളവര്‍. അവര്‍ക്ക് നിങ്ങളുടെ സ്നേഹവും കരുതലും ലഭിക്കുന്നു. എന്നാല്‍ അത്രത്തോളം ഭാഗ്യമില്ലാത്ത ചില ജന്മങ്ങള്‍, സ്നേഹദാരിദ്യമനുഭവിക്കുന്നവര്‍ നിങ്ങളുറ്റെ ചുറ്റിലും കണ്ടേക്കാം. ഒരല്പം സ്നേഹം, ഒരിറ്റ് കരുണ അതു മതിയാവും ആ മനസ്സുകളില്‍ ഒരു പുതിയ ബലം തളിര്‍ക്കുവാന്‍. ഒരു പുഞ്ചിരി പോലും ചാരിറ്റി ആയിത്തീരുന്ന സമയങ്ങളുണ്ട്. അതുകൊണ്ട് നിര്‍ലോപം സ്നേഹം പകരുക. ചിലപ്പോള്‍ ഒരുമുഴം കയര്‍ ഒരുക്കി വച്ചിരിക്കുന്ന ഒരു മുത്തച്ഛനെയാവും നാം വാക്കും ശബ്ദവുമില്ലാതെ പിടിച്ചിറക്കുന്നത്.
ഇനിയും ഏറെ പറയുവാനുണ്ടെങ്കിലും
ഒരു ചിന്തയ്ക്ക് വിത്തിട്ട് ഞാന്‍
വിട ചോദിക്കുന്നു
അടുത്ത പോസ്റ്റില്‍ കാണുംവരെ
സ്വന്തം അജിത്ത്.
ഒരിക്കല്‍ അണ്ടര്‍വെയര്‍ വാങ്ങുവാന്‍ മകന്‍ പണം കൊടുത്തില്ല എന്ന് സങ്കടം പറഞ്ഞ് ചില അയല്‍ വീടുകളില്‍ ചെന്നിരുന്ന് പതം പറഞ്ഞ് കരഞ്ഞ ഒരച്ഛന്‍ അന്ന് വൈകുന്നേരം റബര്‍ ഷീറ്റ് അടിക്കാന്‍ വച്ചിരുന്ന ആസിഡ് കുടിച്ച് മരിച്ച സംഭവം ഞാന്‍ അറിഞ്ഞു വെക്കേഷനില്‍ നാട്ടിലായിരുന്ന സമയത്ത്.
ReplyDeleteനമുക്ക് പലതും ചെയ്യാന്‍ കഴിയും; ഒരല്പം സഹാനുഭൂതിയുണ്ടെങ്കില്‍.
അറിയില്ല അജിത് ഭായ് എന്ത് പറയണം എന്ന്....
ReplyDeleteജീവിത പ്രാരാബ്ദങ്ങള്‍ ഒട്ടും അറിയിക്കാതെ
ചോദിക്കുന്നതെന്തും നല്‍കി മക്കളെ വളര്‍ത്തുന്ന
മാതാപിതാക്കള്‍, തങ്ങളെ പോലും ഉള്‍കൊള്ളാന്‍
അവാത്തവിധം മക്കളുടെ സ്വാര്‍ത്ഥത കൂടി
അവര്‍ക്കൊപ്പം വളരുന്നതു അറിയാതെ പോകുന്നു...
അതേ കാലികമായി ചര്‍ച്ച ചെയ്യേണ്ട
ReplyDeleteഗൌരവതരമായ വിഷയം.ജപ്പാനില്‍
വൃദ്ധര്‍ ഏകാന്തമായ മല മുകളില്‍ കറി
പോകുമത്രെ, അതവരുടെ അന്ത്യയാത്ര
പോലും. നമ്മുടെ വൃദ്ധ സമൂഹമിന്നു
ഇതിനു സമാനമായ അവസ്ഥയിലാണു്.
കേരളത്തിലെ ശരാശരി ആയൂര്‍ദൈര്‍ഘ്യം
ലോകത്തില്‍ തന്നെ അപൂര്‍വ്വമായ 75 വയ
സ്സാണു്.അടുത്ത വര്‍ഷമാകുമ്പോഴേയ്ക്കും ജീവനക്കാ
രുടെ (4,75685)എണ്ണത്തെക്കാള്‍ കൂടും
പെന്‍ഷനായവരുടെ എണ്ണം.വൃദ്ധ സമൂഹത്തി
ന്റെ പരിപാലനത്തിനു സാമൂഹ്യ വിപ്ലവത്തിനു
സമയമായി എന്നു് ഈ കരുത്തുറ്റ ലേഖനം
നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.മക്കളവരെ നോക്കുന്ന
കാലമല്ല ഇതു്.
നല്ല കരുത്തുറ്റ ലേഖനം.ഒരു വലിയ സാമൂഹിക പ്രശ്നമാണിത്.കറവ വറ്റിയ മാടുകളെ പോലെയായി പല വയോ വൃദ്ധര്‍ക്കും ജീവിതം.ഇതിനേക്കാള്‍ ഭയാനകമായ വയസ്സ് കാലമാണ് നമ്മെയും കാത്തിരിക്കുന്നത് എന്ന് ഒരു നിമിഷം ഈ തലമുറ ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു.
ReplyDeleteനല്ലപോസ്റ്റ് .
ReplyDeleteഎന്‍റെ കുട്ടിക്കാലത്ത് എന്‍റെ ഗ്രാമത്തിലും ഉണ്ടായിരുന്നു ഇത്തരം പ്രായം കുഉടിയ അമ്മൂമമാര്
അവരുടെ നിഷ്കളങ്കമായ സംസാരങ്ങളും മോണ കാട്ടിയുള്ള ചിരിയും ഇന്നും മനസ്സില്‍ തെളിയും നല്ല മനസ്സുള്ള പാവങ്ങള്‍ ഇന്ന് നമുക്ക് അതൊന്നും കാണാന്‍ ഒക്കില്ല വയസ്സാകും മുമ്പേ വൃദ്ധ സദനത്തിലേക്ക് യാത്രയാക്കുകയല്ലേ... ഇതൊക്കേ കലികാലത്തിന്റെ വികൃതികള്‍ .
വൃദ്ധന്മാരെ നിന്ദിക്കുന്ന യുവത്വങ്ങളുടെ കാലമാണിത്..
ReplyDeleteനാട്ടില്‍ പോയ സമയത്ത് ഒരു ‘ആക്സിഡന്റ്’ തര്‍ക്കം
കാണാന്‍ ഇടയായി..ഒരു ചെത്ത് പയ്യനും അല്പം വയസ്സായ
ഒരു മനുഷ്യനും..തര്‍ക്കം മൂര്‍ച്ചിച്ച് അവസാനം ഈ പയ്യന്‍
വെല്ലുവിളിച്ചു. ‘ കാര്‍ന്നോരെ..ഞാന്‍ വയസ്സ് നോക്കി സംസാരിക്കൂന്ന
ആളല്ല...കൂടുതല്‍ വര്‍ത്താനം പറയാന്‍ വരണ്ട.’ തര്‍ക്കം നിന്നു...അയാള്‍ നിസ്സഹായതയോടെ ഒന്നും മിണ്ടാതെ മാറി നിന്നു.’ മുതിര്‍ന്നവരെ ബഹുമാനിക്കുന്ന കാലമൊക്കെ പോയി...താങ്കള്‍ പറഞ്ഞപോലെ ഇവിടെയുള്ള ‘വായനക്കാരെങ്കിലും’
നന്മയുടെ ആ പഴയ കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കട്ടെ..
മുതിര്‍ന്നവരെ ബഹുമാനിക്കുക, കുട്ടികളോട് കരുണ കാണിക്കുക എന്നാണ് മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്. ഇന്നത്തെ സാഹചര്യത്തില്‍ അത് നേരെ തിരിച്ചായാലും കുഴപ്പമില്ല. കുട്ടികളെ ബഹുമാനിച്ചാലും കുഴപ്പമില്ല, മുതിര്‍ന്നവരോട് ബഹുമാനവും കരുണയും കാണിക്കാതിരിക്കരുത്. അവര്‍ അത് അര്‍ഹിക്കുന്നു.
ReplyDeleteസമയമില്ലെന്ന ഒരു കാരണമാണ് ഇന്ന് എല്ലാത്തിനും ന്യായം. ഒപ്പം ജീവിതത്തിന്റെ തിരക്കുള്ള അണുകുടുംബങ്ങളുടെ പെരുപ്പവും. സ്വാഭാവികമായി സംഭവിക്കുന്ന ചില മാറ്റങ്ങള്‍ തെറ്റോ ശരിയോ എന്നറിയാതെ കുഴങ്ങുന്നുണ്ട് പലരും. എന്നാലും സ്നേഹത്തിന്റെ ഉറവ നഷ്ടപ്പെടാത്ത പലതും നമ്മള്‍ കാണുന്നുണ്ട്. അതാണ് ആശ്വാസം.
ReplyDeleteആര്‍ഷ ഭാരത സംസ്കാരത്തില്‍ ബ്രഹ്മചര്യം ,ഗൃഹസ്ഥാശ്രമം,വാനപ്രസ്ഥം,സന്യാസം എന്നിങ്ങനെ ചില ആശ്രമങ്ങള്‍ ഉള്ളതായി കാണാം.ഇന്ന് കാണുന്ന മനുഷ്യാവസ്ഥകള്‍ ദീഘ വീക്ഷണം ചെയ്തു മനീഷികള്‍ ആയ മഹര്‍ഷിമാര്‍ ഉപദേശിച്ച മാര്‍ഗങ്ങളായിരുന്നു അതെല്ലാം...ഒരു കാലം കഴിഞ്ഞാല്‍ ഇങ്ങനെയൊക്കെ സംഭവിക്കാം ..മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്നു ഒരു ചൊല്ലുണ്ടല്ലോ ..ആദ്യം മുതല്‍ ഒന്നും പ്രതീക്ഷിക്കാതിരുന്നാല്‍ പകുതി പ്രശ്നം തീരും ...
ReplyDeleteഭയപ്പെടാതെ സര്‍, വരുമൊരു കാലം വീണ്ടും.
ReplyDeleteഇവിടെ സ്നേഹം വറ്റുകയല്ല ചെയ്യുന്നത്.
ReplyDeleteഅത് വീതിക്കപ്പെടുന്നു,
മാതാപിതാക്കല്‍ക്കായി അല്‍പ്പം പോലും ബാക്കി വെക്കാതെ മക്കളുടെ സ്നേഹം വീതിക്കപ്പെടുന്നു.
നമുക്ക് നോക്കാം നമ്മുടെ മാതാപിതാക്കളെ..
ഉള്ളഴിഞ്ഞ സ്നേഹത്തോടെ തന്നെ.
ജീവിതത്തിന്റെ താളം മുറുകുമ്പോള്‍ മ്രുദുലവും ആര്ദ്രവുമായ പലതും മറന്നുപോകുമെന്നതു നേര്. എന്നാല്‍ ആ മറവിക്കുള്ളിലും മറന്നുകൂടാത്ത ചിലതുണ്ടെന്നു നമ്മള്‍ മറക്കാതിരിക്കട്ടെ.
ReplyDeleteപൊറുക്കപ്പെടാത്ത പാപം.
ReplyDeleteഖുര്‍ആനില്‍ പറയുന്നു:നിങ്ങളുടെ മാതാപിതാക്കള്‍ പ്രായമായാല്‍ ഛെ എന്ന വാക്ക് പോലും അവരോട് പറയരുത്,അവര്‍ക്ക് നിങ്ങള്‍ കനിവിന്റെ ചിറകുകള്‍ താഴ്ത്തികൊടുക്കുക.
lipi ranju വിന്റെ അഭിപ്രായം ഞാനിവിടെ പങ്കുവെയ്ക്കുന്നു അജിത്തേട്ടാ..
ReplyDeleteഇന്നു നീ.. നാളെ ഞാൻ…
ReplyDeleteഈ കഴിഞ്ഞ മാസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു റിപോർട്ട്, പ്രായമായവർ സ്വന്തം മക്കളെ പേടിച്ചു നടക്കുന്നു എന്നതാണ്. വൃദ്ധസദനത്തെ കുറിച്ചല്ല, കൊന്നുകളയുമെന്ന് പേടിച്ച്!!
പ്രസക്തമായ ലേഖനം.
nalla lekhanam, valare ishtam aayi
ReplyDeleteThank you very much for your birthday wishes :-)
ReplyDeleteI cannot read this post
maybe next time a few lines in english !!!
Greetings Anya :-)
മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.അന്നത്തെ കാലത്തിന്റെ,ആ മനസ്സിന്റെ നന്മയായിരിക്കും.പരിഹാസത്തോടെ അവരെക്കുറിച്ചെന്തെങ്കിലും പറഞ്ഞാൽ അപരാധമായി കണ്ടു.ഇപ്പോൾ കൊച്ചു കുട്ടികൾക്കു വരെ (പിന്നേം സ്നേഹം അവർക്കേയുള്ളുവെങ്കിലും)പരിഹസിക്കാനും , എല്ലാവർക്കും ഭാരമാകാനും അവർ. “പഴുത്തപ്ലാവില വീഴുമ്പോൾ ...“ എന്നൊരു ചൊല്ലുണ്ട്. ഈ പോസ്റ്റ് ഒരുപാട് ഇഷ്ടമായി.
ReplyDeleteവാഴയും ചേനയും കൂട്ടിലായപ്പോള്‍
ReplyDeleteപഴമയും ദയാക്രൂരതകള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു!
കഥകള്‍കേള്‍ക്കാനും കളികളറിയാനുമൊക്കെ പണ്ട് കുട്ടികള്‍ക്ക്
മുത്തച്ഛന്റെയൊ മുത്തശ്ശിയുടേയോ മനസ്സ് തുറക്കാന്‍ സ്നേഹപൂട്ടുകള്‍വേണ്ടിയിരുന്നു ക്രമേണ ഒരുബന്ധത്തിന്റെ സ്വാഭാവികമായ മുറുക്കവും ഉടലെടുക്കുന്നു. സ്വകാര്യതക്ക് പാസ്സ്‌വേര്‍ഡുകളായി ഒക്കെ വിരല്‍തുമ്പ്‌കൊണ്ടൊന്ന് ക്ലിക്കിയാല്‍ കിട്ടുന്ന പരുവത്തില്‍ കിടക്കപ്പായയില്‍ തളര്‍ന്ന് പന്തലിച്ചങ്ങനെ വിലസുകയല്ലെ..പിന്നെന്തിന് നട്ട്നനപ്പും നാട്ട്നടപ്പുമൊക്കെ..!
വിതച്ചതേ കൊയ്യൂ..
നല്ലപോസ്റ്റ്.
ശരിയാണു മാഷേ,ഒരു വയസ്സായ ആള്‍ വീട്ടിലുള്ളത് ഒരു ഐശ്വര്യം
ReplyDeleteതന്നെയാണേ. ഇപ്പഴത്തെ അണു കുടുംബത്തില്‍ എവിടെ മുത്തശ്ശനും
മുത്തശ്ശിക്കും സ്ഥാനം
ഞാന്‍ അച്ഛനാകുമെന്ന് മകനും ഞാന്‍ മകനായിരുന്നുവെന്ന് അച്ഛനും ഓര്‍ക്കണം!
ReplyDeleteഅതെ പ്രായമായവരെ കാണുന്നത് തന്നെ ഐശ്വര്യമാണ്... ഒരു കാലത്ത് കൂട്ടുകൊടുംബങ്ങളെ ധന്യമാക്കിയിരുന്നവർ.... ഇന്ന് പ്രായമായവരെല്ലാം ഒറ്റപ്പെടൽ അനുഭവിക്കുന്നു....
ReplyDeleteനമ്മുടെ ആവാസ വ്യവസ്ഥിയിലെ മാറ്റങ്ങൾ...
നന്നായി എഴുതി..
എല്ലാ ആശംസകളും
ഇന്ന് നാം കാണുന്ന എല്ലാതരം ജീര്ന്നതകള്‍ക്കും, അതിന്റെതായ കാരണ ങ്ങളുണ്ടാവും.അതിനു നേരെ കണ്ണ് തുറക്കെണ്ടിരിക്കുന്നു.നന്നായി എഴുതി
ReplyDeleteസ്നേഹത്തിന്റെ അക്ഷരങ്ങള്‍ കൊണ്ട് നന്മകള്‍ പങ്കു വെയ്ക്കുന്ന പ്രിയ അജിത്തേട്ടന്റെ ഗൌരവതരമായ് മറ്റൊരു പോസ്റ്റ്. വായിച്ചു തീര്‍ന്നപ്പോള്‍ അറിയാതെയെങ്കിലും പ്രായമുള്ളവരെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടോ എന്ന് എന്റെ മനം എന്നോട് ചോദിക്കുന്നു. മേലില്‍ കൂടുതല്‍ കെയര്‍ ഉണ്ടാവാന്‍ ഓര്‍മിപ്പിക്കുന്നു. അങ്ങയുടെ ഈ എഴുത്ത് സാര്‍ഥകം എന്ന് പറയാന്‍ വേറെ ഉദാഹരണം വേണോ?
ReplyDeleteലിപി,
ReplyDeleteജെയിംസ് സണ്ണി പാറ്റൂര്‍,
ഷാനവാസ്,
സാബിബാവ,
മുനീര്‍ എം.പി,
ഷബീര്‍ തിരിച്ചിലാന്‍,
പട്ടേപ്പാടം റാംജി,
രമേഷ് അരൂര്‍,
ഖാദര്‍ പട്ടേപ്പാടം,
എക്സ് പ്രവാസിനി,
ഷമീര്‍ തളിക്കുളം,
മെയ് ഫ്ലവേഴ്സ്,
മൊയ്തീന്‍ അങ്ങാടിമുകര്‍,
ബെഞ്ചാലി,
കോമിക്കോള,
Anya,
ശ്രീ,
ഇസഹാഖ്,
കുസുമം ആര്‍.പുന്നപ്ര,
ശങ്കരനാരായണന്‍ മലപ്പുറം,
മുഹമ്മദ് കുഞ്ഞി വണ്ടൂര്‍,
പി.എം.കോയ,
സലാം
എല്ലാ പ്രിയകൂട്ടുകാര്‍ക്കും നന്ദി.
മനവും ചിന്തയും ഒരു പോലെ.
അതുകൊണ്ട് അഭിപ്രായങ്ങള്‍ക്ക് നന്ദി പറയുകയല്ലാതെ ഒന്നും തിരിച്ച് എഴുതുവാനില്ല
എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു അവസ്ഥ ആണ് വാര്‍ധക്യം എന്ന് നാം മനസ്സിലാക്കുന്നില്ല..സ്നേഹത്തോടെ ഉള്ള ഒരു തലോടലോ അല്ലെങ്കില്‍ ഒരു നോട്ടമോ മാത്രം പ്രതീക്ഷിക്കുന്നവര്‍ ഒരുപാട് കാണും എന്ന് തോന്നുന്നു..
ReplyDeleteവളരെ നല്ല പോസ്റ്റ് അജിത് ഭായ്...ഭാവുകങ്ങള്‍..
പ്രിയപ്പെട്ട അജിത്,
ReplyDeleteസ്നേഹവും കരുണയും മനസ്സില്‍ ഉണര്‍ത്തുന്ന വരികള്‍...വായനക്കാരനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്റ്!
എന്റെ അച്ഛനും പൂമുഖത്തെ ചാരുകസേരയില്‍ കിടന്നാണ് പത്രം വായിച്ചിരിക്കുന്നത്!സുഹൃത്തേ,താങ്കളുടെ വരികള്‍ സ്നേഹ സ്മരണകള്‍ ഉണര്‍ത്തി..
ഒരു പുഞ്ചിരി,അല്പം സമയം,മൃദുവായ ഒരു വാക്ക്,ഞാനുണ്ടല്ലോ കൂടെ എന്ന സ്വാന്തനം..ഇതൊക്കെ നമുക്ക് സമ്മാനിക്കാം...
ഞാന്‍ ഇതെഴുതുമ്പോള്‍,അജിതെന്റെ പഴയ പോസ്റ്സ് വായിച്ചു കൊണ്ടിരിക്കുകയാണല്ലോ..നന്ദി..:)
ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
കാമ്പുള്ള, കരുത്തുറ്റ ലേഖനം.
ReplyDeleteനമുക്ക് പ്രയോജനമുള്ളതിനു മാത്രമേ ഇന്ന് നമുക്ക് പ്രസക്തിയുള്ളൂ.
അല്ലാത്തവ വെറും പാഴ്വസ്തു.
പലതും നാം വെട്ടിപ്പിടിക്കുമ്പോള്‍ നമുക്ക് പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.പക്ഷെ അത് പലരും തിരിച്ചറിയുന്നില്ല
വളരെ നല്ല ലേഖനം...
ReplyDeleteഇത് വായിച്ചിട്ട് എന്റെ മനസ്സ് വല്ലാണ്ട് അസ്വസ്ഥമായി...
ഇപ്പോള്‍ ഞാന്‍ എന്നോട് ചോദിക്കുന്നു... താങ്കള്‍ ചോദിക്കുന്ന അതേ ചോദ്യം.. "ഇത്രയൊക്കെ തുഴഞ്ഞ് ഈ ജീവിതസാഗരം കടന്ന് ഇവിടെവരെയെത്തിയവര്‍ ഇനി വയ്യ എന്ന് സമ്മതിച്ച് കീഴടങ്ങുന്നതെന്തുകൊണ്ട്?"
എനിക്കെന്താണ് ഇതില്‍ ചെയ്യാന്‍ കഴിയുക? അല്പം കരുണ, അല്പം സ്നേഹം..അത് മാത്രമെങ്കിലും..
ഇഷ്ട്ടപ്പെട്ടു ...
ReplyDeleteനല്ല കാമ്പും കഴമ്പുമുള്ള ലേഖനമായിട്ടുണ്ട് ഈ എഴുത്ത് കേട്ടൊ ഭായ്
കുസുമേ കുസുമോല്‍പ്പതി ....................നേത്രം ഇന്ദീവരദ്വയം എന്ന് പഠിപ്പിച്ച അപ്പൂപ്പനെ ഓര്‍ത്തു പോയ്.....ഇപ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒത്തിരിആശിക്കാറുണ്ട്.
ReplyDeleteഅഞ്ജു, വൈകിയുള്ള ഈ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി. ആദ്യമായാണല്ലോ ഈ ബ്ലോഗില്‍. സ്വാഗതം
ReplyDeleteഅച്ഛനുമമ്മയും കുട്ടികാലത്ത് നമ്മുടെ കൈപിടിച്ചു നടത്തി. ഇനി അവര്‍ക്ക് വയസ്സായാല്‍ നമ്മള്‍ അല്ലേ അവരുടെ കൈപിടിക്കേണ്ടത്?
ReplyDeleteഈ ചോദ്യം സ്വയം ചോദിച്ചാല്‍ എല്ലാറ്റിനുമുള്ള ഉത്തരമായി.
ഒരേ സമയം മനസ്സിനെ തളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന പോസ്റ്റ്. ചിന്തനീയമായ വിഷയം.
തികച്ചും അജിത് സാര്‍ പറഞ്ഞ അതേ കഥാപാത്രങ്ങള്‍ നിറഞ്ഞ ഗ്രാമത്തില്‍ ജീവിച്ചത് കൊണ്ടാകാം , അല്ലെങ്കില്‍ തികച്ചും ഗ്രാമീണന്‍ (പി .സി ജോര്‍ജ് പറഞ്ഞ ഗ്രാമീണനല്ല) ആയതു കൊണ്ടാകാം ഈ ചിന്തകള്‍ എന്റേത് കൂടിയാണ് . നാട്ടില്‍ അയല്‍വാസികളായ പലരുടെയും മരണ വാര്‍ത്ത വല്ലാത്ത നഷ്ടബോധം സൃഷ്ടിക്കാറുണ്ട്. അതേ സമയം ജീവിതത്തിന്റെ സായം സന്ധ്യയില്‍ സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നവരുടെ അവസ്ഥയെ തിരിച്ചറിയാ റുമു ണ്ട്
ReplyDelete