Thursday, March 10, 2011

ന ശ്രുയതേ ന ദൃശ്യതേ...


ഓഫീസിന്റെ പുറകില്‍ സ്കാഫോള്‍ഡിങ് മെറ്റീരിയല്‍ സൂക്ഷിക്കാന്‍ ഒരു ചുറ്റുമതില്‍ പണിയുന്നത് അല്പനേരം നോക്കിനിന്നു. പലപ്രാവശ്യം ഈവക പണികള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മേസ്തിരിജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരന്‍ ഓരോ ഇഷ്ടികയെടുത്ത് വയ്ക്കുമ്പോഴും തന്റെ തൂക്കുകട്ട വച്ച് അതിന്റെ ലെവല്‍ നോക്കിയാണ് ഉറപ്പിക്കുന്നത്. ഒരു ഇഷ്ടിക എടുത്ത് വയ്ക്കും, തൂക്കുകട്ട പിടിക്കും, ഒരു തട്ട്, ഒരു മുട്ട്, തൃപ്തി ആയാല്‍ മാത്രം അടുത്ത ഇഷ്ടിക.
         തനിയാവര്‍ത്തനം പോലെ ഈ പ്രക്രിയ തുടരുന്നു. മനുഷ്യരുടെ സാധാരണ കുറുക്കുവഴിപോലെ രണ്ടുമൂന്ന് കട്ട വച്ചിട്ട് ലെവല്‍ നോക്കിയാല്‍ പോരേ എന്ന് ഞാന്‍ ആലോചിച്ചു.  വലിയൊരു പാഠം ഇവിടെ പഠിക്കുവാനുണ്ട്. നമ്മുടെ ജീവിതവും ഒരു നിര്‍മ്മാണപ്രക്രിയ ആണ്. ഓരോ ദിവസവും നാം പണിയുകയാണ്. തൂക്കുകട്ടകൊണ്ട് ശോധനചെയ്ത് വക്രതയും കോട്ടവും തീര്‍ത്ത് പണിയുന്നെങ്കില്‍ നമ്മുടെ നിര്‍മ്മാണം നേരെ നില്‍ക്കും. ചരിഞ്ഞിരിക്കുന്ന ഒരു ഭിത്തിയുടെ ചുവട്ടില്‍ ആരും നില്‍ക്കുമാറില്ല. അതിന്റെ മേല്‍ ആരും ഒരു മേല്‍ക്കൂര ഉറപ്പിക്കയുമില്ല. കേവലം ഒരു ചുവരിന്റെ കാര്യത്തില്‍ ഇത്ര ശ്രദ്ധയുള്ള മനുഷ്യര്‍ സ്വജീവിതത്തിന്റെ കാര്യത്തില്‍ എത്രമേല്‍ ശ്രദ്ധയുള്ളവരായിരിക്കണം? പക്ഷെ നേര്‍വിപരീതമാണ്  കണ്ടുവരുന്നത്. ഇത്തിരി വളഞ്ഞാലും കുഴപ്പമില്ല എന്നൊരു ചിന്ത സമൂഹത്തില്‍ വേരോടിയിട്ടുണ്ട്. അതില്‍ അല്പം മനസ്സാക്ഷിക്കുത്തുള്ളവര്‍ പോലും “പിന്നെ ശരിയാക്കാം” എന്ന് ഒഴിവുകഴിവ് പറയുകയും ചെയ്യും. എന്നാല്‍ പിന്നെ ശരിയാക്കല്‍ നടക്കുന്ന കാര്യമല്ല. നാളെ ചെയ്യാനുള്ളത് ഇന്നേ ചെയ്യുക, ഇന്ന് ചെയ്യാനുള്ളത് ഇപ്പോഴേ ചെയ്യുക എന്നത് സ്വജീവിതത്തിന്റെ സംശുദ്ധി വര്‍ദ്ധിപ്പിക്കുന്ന വിഷയത്തില്‍ ഒരു നടമുറക്രമമാക്കുകയാണെങ്കില്‍ അവനവന്റെയും അവനോട് സംസര്‍ഗം ചെയ്യുന്നവന്റെയും ജീവിതം ഉത്കൃഷ്ടമാകുമല്ലോ.
           മനുഷ്യര്‍ സ്വസ്നേഹികളായിത്തീരുന്നതാണ് ഒരു സമൂഹത്തെ ബാധിക്കവുന്ന ഏറ്റവും വലിയ ജീര്‍ണ്ണത എന്ന് തോന്നുന്നു. മറ്റ് ദുഃസ്വഭാവങ്ങളൊക്കെ സ്വാര്‍ത്ഥതയെന്ന ചീഞ്ഞ തായ് വേരില്‍ നിന്ന് ഭൂമിയുടെ പുറത്തേയ്ക്ക് കാണപ്പെടുന്ന ഫലങ്ങളാണ്. പല സമയങ്ങളിലും നാം ദുഷ്ഫലത്തെയാണ് കാണുന്നതും വിമര്‍ശിക്കുന്നതുമെല്ലാം. എന്നാല്‍ തായ്‌വേരിനല്ലേ കോടാലി വയ്കേണ്ടത്?
          മുപ്പത് വര്‍ഷമായി ഞാന്‍ കേരളത്തിലെ സ്ഥിരതാമസം വിട്ടിട്ട്. ഇപ്പോള്‍ ആകെയുള്ള ബന്ധം ദൈനംദിനമുള്ള പത്രവായനയും മറ്റു വാര്‍ത്തകളും വര്‍ഷത്തിലെ ഒരു മാസ അവധിയില്‍ കാണുന്ന കാഴ്ച്ചകളുമാണ്. എന്നാല്‍ ഇന്ന് കേള്‍ക്കുന്ന പല സംഭവങ്ങളും മുമ്പ് കേട്ടിട്ടില്ല, ഇന്ന് കാണുന്ന പല കാഴ്ച്ചകളും മുമ്പ് കണ്ടിട്ടില്ല.
          ഒരു പരിഷ്കൃതസമൂഹത്തില്‍ ഒരിക്കലും കാണരുതാത്ത, കേള്‍ക്കരുതാത്ത ദുഷ് ചെയ്തികളാണ് ദൈനംദിനം പത്രങ്ങളില്‍ അടിച്ച് വരുന്നത്. വായിച്ചാല്‍ ഹൃദയം നുറുങ്ങുന്ന ദുഃഖവാര്‍ത്തകള്‍. രക്തം തിളയ്ക്കുന്ന അധര്‍മ്മവാര്‍ത്തകള്‍, രോഷം തോന്നുന്ന  കുറ്റകൃത്യങ്ങള്‍, നൂറ് രൂപ മുതല്‍ അനേകകോടി വരെയെത്തുന്ന അഴിമതിക്കഥകള്‍.
           ഈയിടെ പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത കണ്ട് കുറെ സമയത്തേയ്ക്ക് തരിച്ചിരുന്നുപോയി. അല്പമെങ്കിലും കരളലിവുള്ളവര്‍ ഈ വാര്‍ത്ത വായിച്ചാല്‍ അവരുടെ എല്ലാവരുടെയും അനുഭവം ഇതുതന്നെയായിരിക്കും എന്നത് നിശ്ചയം. പലവിധതിരക്കുകള്‍ക്കിടയില്‍ വാര്‍ത്ത ശ്രദ്ധിക്കാതെ പോയവര്‍ ഇതൊന്ന് വായിച്ചു നോക്കുക.
         പ്രാണവേദനയോടെ ഒരിറ്റ് വെള്ളം ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ആരുമില്ലാതെ പോയത്രെ. ഒരു നാടകം കാണുന്ന ലാഘവത്തോടെ എല്ലാവരും നോക്കിനിന്നു. ഇത് കേരളത്തിലാണോ നടക്കുന്നത്? എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഒരു കാക്കയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ മറ്റ് കാക്കകളൊക്കെ കരഞ്ഞുകൊണ്ട് കൂട്ടം കൂടുന്നത് നാം കാണുന്നുണ്ട്. ഒരു വിശേഷബുദ്ധിയുമില്ലാത്ത ഉറുമ്പുകള്‍ പോലും ഒന്നിന് അപകടം പറ്റിയാല്‍ മറ്റുറുമ്പുകളൊക്കെ ഒരു നിമിഷം മൌനത്തോടെ പ്രാര്‍ത്ഥിക്കുന്നത് കാണാം. ആ അല്‍പ്പപ്രാണികള്‍ക്കുള്ള മനസ്സലിവ് പോലും മനുഷ്യര്‍ക്കില്ലാതെ പോകുന്നത് കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ തൂക്കുകട്ട നോക്കി കോട്ടവും വളവും വക്രതയും തീര്‍ക്കാത്തതുകൊണ്ടല്ലേ?  ഇപ്പോള്‍ ഇങ്ങനെ ഈ ദയാരാഹിത്യം കാണിക്കുന്നവരൊക്കെ ഒരു കാലത്ത് ശിശുവായും ബാലനായും യുവാവായും മദ്ധ്യവയസ്കനായും ആണിവിടെ വരെയെത്തിയത്. കതിരിന്മേല്‍ ഇനി വളം വച്ചിട്ട് കാര്യമില്ല. ഇനിയും വളര്‍ന്ന് വരുന്നുണ്ടല്ലോ നമ്മുടെ കുട്ടികള്‍. അവരെ നമുക്ക് കാരുണ്യത്തിന്റെയും ദയയുടെയും പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് വളര്‍ത്താം. അല്ലെങ്കില്‍ ഇനി വരുന്ന കാലങ്ങള്‍ ഇത്ര പോലും നന്മയുള്ളതായിരിക്കില്ല. ഓരോ നിലവിളിയും നമ്മോട് പറയുന്നത്  ഇതു തന്നെയാണ്.

28 comments:

  1. രഘുനന്ദനന്‍ കേവലം ഒരു കഥാപാത്രമല്ല

    ReplyDelete
  2. അജിത്‌ജീ, താങ്കളുടെ ഓരോ പോസ്റ്റിലും നിറയുന്ന മനുഷ്യസ്നേഹം ഏറെ ഉദാത്തം തന്നെ. കേള്‍ക്കുമ്പോള്‍ മാത്രം അയ്യോ പാവം എന്ന് പറയുന്ന എന്നെപോലുള്ളവര്‍ക്ക് താങ്കളില്‍ നിന്ന് ഒരുപാട് പഠിക്കാനുട്. നന്മ ലക്ഷ്യമാക്കി മാത്രമുള്ള താങ്കളുടെ പോസ്റ്റുകള്‍ ജീവിതത്തിനു മഹത്തായ ഒരു ലക്ഷ്യബോധം വേണം എന്ന് പിന്നെയും ഓര്‍മിപ്പിക്കുന്നു. തുടരുക

    ReplyDelete
  3. നഃ ശ്രുയതേ നഃ ദൃശ്യതേ...
    എന്തൊക്കെ കേള്‍ക്കണം കാണാനുമിനിയെത്ര!!
    താങ്കളുടെ ശ്രമങ്ങളോരോന്നും ശ്ലാഘനീയം തന്നെ അജിത്ഭായീ..
    ഭാവുകങ്ങള്‍.

    ReplyDelete
  4. 'ഓരോ നിലവിളിയും നമ്മോട് പറയുന്നത് '
    വായിച്ച ആരും അവിടെ ഇല്ലാതെ പോയല്ലോ
    അജിത്‌ ഭായി.... ഉണ്ടായിരുന്നെങ്കില്‍ ശശികുമാര്‍
    മരിക്കില്ലായിരുന്നു. കാരണം ആ കഥ വായനക്കാരില്‍
    അത്ര impact ഉണ്ടാക്കിയിരുന്നു.
    രഘുനന്ദനന്‍ കേവലം ഒരു കഥാപാത്രമല്ല എന്ന
    സത്യം വേദനയോടെ ഉള്‍ക്കൊള്ളുന്നു.

    ReplyDelete
  5. വളരെ നല്ലൊരു നിരീക്ഷണം.
    എന്ത് ചെയ്യും സര്‍?
    വക്രത ജീവിതലക്ഷ്യമായിത്തീര്‍ന്ന ഒരു സമൂഹമധ്യത്തിലാണ് നാമിന്ന്.അതിനിടയില്‍ ഇത്തരം മിന്നാട്ടങ്ങള്‍ വല്ലപ്പോഴും കണ്ടെങ്കിലായി..
    ആശംസകള്‍.

    ReplyDelete
  6. നന്നായി പറഞ്ഞു.
    അതെ, കതിരിന്മേല്‍ വളം വെച്ചിട്ടെന്തു കാര്യം?!!!

    ReplyDelete
  7. പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ കാണുമ്പോള്‍ മുഖം തിരിക്കുന്നതിലെക്ക് ഓരോര്മ്മപ്പെടുത്തല്‍ പോലെ...

    ReplyDelete
  8. ഞാന്‍ ആലോചിക്കുമ്പോള്‍ നമ്മള്‍ പ്രവാസികല്‍ക്കാണ് അല്പം ഭൂതദയ കൂടുതല്‍ എന്ന് തോന്നുന്നു.നമ്മള്‍ക്ക് ഇവിടെയുള്ള ജോലി സമയം കഴിഞ്ഞാലും പിന്നെയും കിടക്കുകയല്ലേ സമയം നീണ്ടു നിവര്ന്നങ്ങനെ ! നാട്ടിലാണേല്‍ ആര്‍ക്കും ഒന്നിനും സമയം ഇല്ല .എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് ചെയ്തു തീര്‍ക്കനുള്ളത് !! അതിനിടയില്‍ ഭൂതദയ പ്രകടിപ്പിക്കനോന്നും പാവങ്ങള്‍ക്ക് സമയം കിട്ടില്ലാന്നെ !!നാട്ടില്‍ നന്മകളൊക്കെ ചെയ്യാന്‍ മറ്റു പലരെയുമാണ് നാം ചുമതലപ്പെടുത്തിയിട്ടുള്ളത് ..

    ReplyDelete
  9. നന്മയുടെ പാഠങ്ങള്‍ പറഞ്ഞു തരുന്ന പോസ്റ്റ്..ഒരു ചിന്താവിഷയമാക്കി
    മാറ്റിയിട്ടുണ്ട്. കാക്കയുടെയും ഉറുമ്പിന്റെയുമൊക്കെ ഉദാഹരണങ്ങള്‍
    മനുഷ്യര്‍ ജീവിതത്തില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.
    നാടിന്റെ കാര്യമെടുത്താല്‍ ഇപ്പോള്‍ ദയയും സഹജീവി സ്നേഹവുമൊക്കെ
    കുറഞ്ഞു കൊണ്ടിരിക്കുകയാണ്.അടുത്തിടെയായി ഇതു പോലെ കുറേ
    സംഭവങ്ങളില്‍ സംസ്കാര സമ്പന്നരെന്നു നാം തന്നെ വിശേഷിപ്പിക്കുന്ന
    നമ്മുടെ സമൂഹത്തിന്റെ പൊയ്കാഴ്ചകള്‍ പുറം ലോകം കണ്ടു.

    ReplyDelete
  10. ഒരു പരിഷ്കൃതസമൂഹത്തില്‍ ഒരിക്കലും കാണരുതാത്ത, കേള്‍ക്കരുതാത്ത ദുഷ് ചെയ്തികളാണ് ദൈനംദിനം പത്രങ്ങളില്‍ അടിച്ച് വരുന്നത്. വായിച്ചാല്‍ ഹൃദയം നുറുങ്ങുന്ന ദുഃഖവാര്‍ത്തകള്‍. രക്തം തിളയ്ക്കുന്ന അധര്‍മ്മവാര്‍ത്തകള്‍, രോഷം തോന്നുന്ന കുറ്റകൃത്യങ്ങള്‍, നൂറ് രൂപ മുതല്‍ അനേകകോടി വരെയെത്തുന്ന അഴിമതിക്കഥകള്‍.

    ശരിയാണു സാർ,കേൾക്കുമ്പോൾ വേദന തോന്നാറുണ്ട്.

    ReplyDelete
  11. നമ്മളെല്ലാം കൂടുതല്‍ പറയുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന ആളുകളാണ്.
    എല്ലാം കാണാം... പക്ഷെ കണ്ണടച്ചു കളയും....സ്വപ്നമല്ല.ഇത് സത്യമാണ്.

    ReplyDelete
  12. ശരിയാണ് അജിത്‌ ഭായ്.
    മനുഷ്യന്റെ നഷ്ടപ്പെടുന്ന ധാര്‍മ്മിക മൂല്യങ്ങളിലേക്കു എത്തി നോക്കുന്ന പോസ്റ്റ്‌.

    ReplyDelete
  13. ജീവിതത്തിൽ എന്തെങ്കിലും ദുഖങ്ങളും വേദനയുമൊക്കെ അനുഭവിച്ചാൽ മാത്രമേ മനസ്സു പാകപ്പെടൂ.അങ്ങനുള്ള , അല്ലെങ്കിൽ ജന്മം കൊണ്ടേ അങ്ങനെയായ (ചുരുക്കം) കുറച്ചു നല്ല മനുഷ്യർ എല്ലായിടത്തും കാണും.ഇതിപ്പോൾ ആരും ഇല്ലതായിപ്പോയല്ലോ.

    ReplyDelete
  14. ഇന്നലെ വാര്‍ത്തയില്‍ കേട്ടു.അപകടം പറ്റിയ രണ്ടു
    മനുഷ്യരില്‍ ഒരാളെ വഴിക്ക് വന്ന ഒരു കാറിലും
    മറ്റൊരാളെ ഒരു ആമ്ബുലന്സിലും ആശുപത്രിയിലേക്ക് അയച്ചു .കാറില്‍ കയറ്റി വിട്ട മനുഷ്യനെ കാറുകാരന്‍ രണ്ടു കിലോമീടര്‍ മാറി വഴിയില്‍ ഉപേക്ഷിച്ചു. ആ മനുഷ്യന്‍
    മരിച്ചു പോയി. മരിച്ചതിനു ശേഷം പേടിച്ചിട്ടു പൊല്ലാപ് വേണ്ട എന്ന് കരുതി ഉപേക്ഷിച്ചതോ അതോ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു
    വഴങ്ങി കാറില്‍ കയറ്റിയതിന്റെ ബാകി പത്രമോ എന്ന് അറിയില്ല.
    അത് കേട്ടു തരിച്ചു ഇരുന്നു പോയി.ഇങ്ങനെയും മനുഷ്യര്‍ ഉണ്ടോ?
    അജിത്‌ ചേട്ടന്റെ ഓരോ പോസ്റ്റും മനസ്സില്‍ നിന്നു മായാതെ നില്‍ക്കുന്നു..

    ReplyDelete
  15. രഘുനന്ദനന്‍ കേവലമൊരു കഥാപാത്രമല്ല, ഒരോ ഓര്‍മ്മപ്പെടുത്തലാണ്.
    ഇന്നും കേട്ടു, ഇതുപോലൊരു സംഭവം..!

    ചേട്ടന്റെ പോസ്റ്റുകളില്‍ കാണുന്ന ഈ വിത്യസ്തത വളരെ ഇഷ്ട്ടപ്പെടുന്നു.

    ReplyDelete
  16. പ്രിയ സുഹൃത്തേ, സമൂഹം മൊത്തത്തില്‍ ദുഷിച്ചപ്പോള്‍ സംഭവിച്ചതാണ് ഇതെല്ലാം.
    ഈ പറയുന്ന നമ്മളും ഇതിന്റെ ഭാഗം തന്നെയാണ്.അപകടത്തില്‍ പരിക്കേറ്റ ആളെ
    കയറ്റി വിട്ട കാറുകാരന്‍ പരിക്കേറ്റ ആളെ വഴിയില്‍ തള്ളിയിട്ടു കടന്നു കളഞ്ഞത്
    ഇക്കഴിഞ്ഞ ദിവസമാണ്.ഇതാണ് നമ്മുടെ ധാര്‍മികത.ഇവിടെ ഡോക്ടറും എന്ജിനീരും
    ആയാല്‍ മതി ,മനുഷ്യനവണ്ട.ഇനിയും പ്രതികരിക്കുക.ആശംസകള്‍.

    ReplyDelete
  17. മനുഷ്യത്വം മരവിച്ചു എന്നല്ല മരിച്ചു എന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. തീര്‍ച്ചയായും നമ്മുടെ നിയമങ്ങള്‍ മാറേണ്ടിയിരിക്കുന്നു. നിയമങ്ങളുടെ നൂലാമാലകളാണ് പലരേയും ഒരു ജീവിതം രക്ഷിക്കുന്നതില്‍നിന്ന് വരെ പിന്‍തിരിപ്പിക്കുന്നത്.

    ReplyDelete
  18. നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യനെ ചുറ്റുപാടുകളിലേക്ക് തിരിഞ്ഞു നോക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന പോസ്റ്റ്‌. നാം വല്ലാതെ മാറിയിരിക്കുന്നു!

    ReplyDelete
  19. ithrayum maravichch pOyo nammaL?
    nalla chinthakaL!

    ReplyDelete
  20. mattullavarute karachil kanaan neramillaathakumbol...........

    nalla post.

    ReplyDelete
  21. എനിക്കും നിനക്കുമിടയിലെ അകലം കുറഞ്ഞിരിക്കുന്നു. എങ്കിലും ഞാന്‍ നിന്റെ അടുത്തേക്ക്‌ ഒരിക്കലും വരില്ല. എന്തെന്നാല്‍ നിനക്കും എനിക്കുമെന്തു? നീ എനിക്കാരു?

    ReplyDelete
  22. സങ്കടങ്ങളും ആശങ്കകളും ആണധികവും ലോകത്തില്‍. നന്മയുടെ തിരിവെട്ടം വളരെ വിരളം. വന്ന് പങ്കുചേരുന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  23. നമ്മളില്‍ കാരുണ്യത്തിന്റെ ഉറവ വറ്റുകയാണോ?
    സമൂഹത്തോട് നമുക്കുള്ള കടപ്പാട് ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ്. ഇതുപോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതു കൊണ്ടുതന്നെ ഈ ബ്ലോഗ് മറ്റു ബ്ലോഗുകളില്‍ നിന്നും വ്യത്യസ്തത പുലര്‍‌ത്തുന്നു.

    ReplyDelete
  24. സോറി ഞങ്ങള്‍ ഞങ്ങളുടെ ലോകത്തായിരുന്നു
    സമയം വൈകി വിടിലെത്തിയാല്‍ പ്രിയതമ..
    ഓഫിസില്‍ നേരത്തെ എത്തിയില്ലങ്കില്‍ ബോസ്സ് ...
    ബസ്റ്റോപ്പില്‍ കാത്തിരിക്കുന്ന കാമുകി ...
    ഇതിനിടക്ക്‌ എവിടെയാണ്....................................................................................................................................................................

    ReplyDelete
  25. കഷ്ടം ...........!!!!!!!!
    അല്ലാതെന്തു പറയാന്‍ ..!!!

    മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയിലെഴുതി..!

    ReplyDelete
  26. കാരുണ്യമില്ലാത്ത ഈ സംഗതി ഞാനിന്നാണ് വായിച്ചത്...
    നമ്മുടെയൊക്കെ ധാര്‍മ്മിക മൂല്യങ്ങളെല്ലാം നഷ്ട്ടപ്പെട്ടുവോ...?

    ReplyDelete
  27. ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഈയിടെ കിട്ടിയ ഒരു മെയില്‍ ആണ്. പരിക്ക് പറ്റിയ ഒരു മൂര്‍ഖന്‍ പാമ്പിനെ ഡോക്ടര്‍മാര്‍ ചികില്‍സിച്ചു ഭേദമാക്കിയ ചിത്രവും വാര്‍ത്തയും!
    ഒരുവേള ഒരു പാമ്പ് ആയി ജനിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കാന്‍ തക്ക വേദന അതുളവാക്കി.
    ഈ കാലത്ത് ഏറ്റവും വിലക്കുറവുള്ളത് മനുഷ്യന് മാത്രം!
    ലേഖനം ചിന്തനീയം, പ്രസക്തം

    ReplyDelete