Wednesday, February 9, 2011

ഓരോ നിലവിളിയും നമ്മോട് പറയുന്നത്..

ഒരു സ്വപ്നത്തിന്റെ മദ്ധ്യത്തിലാണോ എന്ന് രഘുനന്ദനന് അപ്പോഴും തീര്‍ച്ചയില്ലായിരുന്നു. നിസ്സഹായതയുടെ നിലവിളി തൊണ്ടയില്‍ കുരുങ്ങുന്നത് യാഥാര്‍ത്ഥ്യമോ സ്വപ്നമോ? തീര്‍ച്ചയില്ല. ചതുപ്പിലേയ്ക്ക് താഴ്ന്ന് പോവുകയാണ്.

കൈകള്‍ മാത്രമാണ് ചലിപ്പിക്കാവുന്നത്. ഇഞ്ചിഞ്ചായി മരണത്തിലേയ്ക്ക് താഴുന്നത് സംഭ്രമത്തോടെ രഘു മനസ്സിലാക്കി. കയ്യുയര്‍ത്തി രഘു വിളിച്ചുകൂവി, ശബ്ദം പുറത്തേയ്ക്ക് വരുന്നില്ലല്ലോ. അധരങ്ങള്‍ മാത്രം ചലിക്കുന്നു. പക്ഷെ ശബ്ദമില്ല.

ചുറ്റും നിന്ന് കാണുന്നവര്‍ ഇതൊന്നും അറിയുന്നില്ലേ? എന്താണാരുമൊന്ന് കയ്യില്‍ പിടിച്ച് വലിക്കാത്തത്? രഘു ഉറക്കെ കരഞ്ഞു. പിന്നെ കണ്ണുകള്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ സ്വപ്നമായിരിക്കും.

മുമ്പ് എത്ര തവണ ചതുപ്പില്‍ താഴ്ന്നു പോകുന്നത് സ്വപ്നം കണ്ടിരിക്കുന്നു. കുറുകിയ ഒരു നിലവിളിയോടെ അവസാനിക്കുന്ന ദുഃസ്വപ്നങ്ങള്‍. രാധികയുടെ കൈ അപ്പോള്‍ ചെറുബലത്തോടെ ചുറ്റിവരിഞ്ഞ് ആശ്വസിപ്പിക്കുകയും ഒരു മിനിട്ടിനു ശേഷം ഗാഡനിദ്രയിലേയ്ക്ക് മടങ്ങുകയും ചെയ്യും. ആരുഷി ഇതൊന്നുമറിയാതെ ഉറക്കം തുടരും.

രഘുവിന് രാധികയെയും ആരുഷിയെയും ഇപ്പോള്‍ തന്നെ കാണണമെന്ന് തോന്നി. ഇന്നെന്താണ് രാധികയുടെ കരം തന്നെ ചുറ്റാനെത്താത്തത്?

രഘു കണ്‍ പോളകള്‍ വലിച്ചെന്ന പോലെ തുറന്നു. ഒന്നും വ്യക്തമാകുന്നില്ല. രാത്രിയല്ലല്ലോ ഇത്. ഇരുട്ടുമില്ല. രാധികയുമില്ല, ആരുഷിയുമില്ല.

രഘുവിനു ശരീരമാസകലം നീറ്റലെടുക്കുന്നതുപോലെ തോന്നി. കാല്‍ ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കയ്യെടുക്കാന്‍ മെല്ലെ സാധിച്ചു. തലയുടെ ഇടതുവശം ടാറിട്ട റോഡില്‍ ഒട്ടിപ്പിടിച്ചതുപോലെയിരിക്കുന്നു. അല്‍പ്പമൊന്നുയര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്താണിതെന്ന് നോക്കാമായിരുന്നു.

ഓരോ ചലനശ്രമവും വേദനയുടെ കൂര്‍ത്ത മുള്ളുകള്‍  ശരീരമാസകലം ആഴ്ത്തുന്നതുപോലെ. ഇത് തന്റെ ശരീരം തന്നെയാണോ? അതോ വേറാരെങ്കിലും അയാളുടെ വേദനയെപ്പറ്റി പറയുകയാണോ?  തന്റെ ശരീരമാണെങ്കില്‍ ഇതിനെന്താ ഒട്ടും ഭാരമില്ലാത്തത്? ഇടത് കാല്‍ അനക്കുവാന്‍ വയ്യ. അനക്കുവാന്‍ വിചാരിക്കുമ്പോള്‍ തന്നെ വേദനയുടെ പുതിയ മുഖങ്ങള്‍ കാണുന്നു. വലതുകാല്‍ മരച്ചുപോയോ? ഉണ്ടെന്ന് തന്നെ തോന്നുന്നില്ലല്ലോ.

പാതി തുറന്ന കാഴ്ച്ചയിലൂടെ രഘു നോക്കി. ചോരയില്‍ കുളിച്ചാണ് താന്‍ കിടക്കുന്നതെന്ന് ഒരു ഞെട്ടലോടെ രഘു അറിഞ്ഞു. വലതുകാല്‍ ആ കിടപ്പില്‍ കാണുക സാദ്ധ്യമല്ല. എന്താണു സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു.

മനസ്സില്‍ ഒരു  ഏകാഗ്രതയുമില്ലാത്തപോലെ രഘുവിനു തോന്നി. ചിന്തകള്‍ക്കൊന്നും ക്രമമില്ല. ഓഫീസിലേയ്ക്ക് പോവുകയാണോ? അല്ലല്ലോ. ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ തോമസിനോടും ബാബുവിനോടും യാത്രപറഞ്ഞത് ഓര്‍മ്മ വരുന്നു. ശരിയാണ്. അഞ്ചുമണി കഴിഞ്ഞു ഇറങ്ങുമ്പോള്‍. രാധിക ഫോണ്‍ ചെയ്തെന്താ‍ണു പറഞ്ഞത്? നിവിയ ഫേസ് ക്രീം വാങ്ങിയല്ലൊ. അത് ബൈക്കിന്റെ സൈഡ് ബോക്സില്‍ വച്ചതും ഓര്‍മ്മ വന്നു.

യെസ്, ഇപ്പോള്‍ എല്ലാം ഓര്‍മ്മ വരുന്നു. നാളെ ആരുഷിമോളുടെ നാലാം പിറന്നാള്‍. ടെഡി ബിയര്‍ വാങ്ങി ഗിഫ്റ്റ് പാക്ക് ചെയ്തു വാങ്ങി ഹൈവേയിലേക്ക് ഇറങ്ങുമ്പോഴാണ്...ഇറങ്ങുമ്പോഴാണ് ..

ഓ, ദൈവമേ ദൈവമേ, അപകടത്തില്‍ പെട്ട് പരിക്കേറ്റ് വഴിയില്‍ കിടക്കുകയാണ് ഞാന്‍.  മൊട്ടത്തലകാബിനുള്ള ടിപ്പര്‍, ഓറഞ്ച് വര്‍ണ്ണമുള്ള ടിപ്പര്‍. അത് ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്ത് പാഞ്ഞു വരുന്നത് കണ്ടിരുന്നുവല്ലോ.

പറ്റുന്നിടത്തോളം ഒതുക്കിക്കൊടുത്തിട്ടും തനിക്ക് നേരെ പാഞ്ഞുവരുന്ന ലോറി കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്ന അരനിമിഷത്തില്‍ കണ്ണിലുടക്കിയ ആ പേര് എന്തായിരുന്നു?  ഏതോ യുഗാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നെന്ന പോലെ ആ പേര് ഓര്‍മ്മയിലേയ്ക്ക് തിരിയെ കൊണ്ടുവരാന്‍ ശ്രമിക്കുംതോറും രഘുവിന് ആ പേര്  ഒരു വിചിത്രരഹസ്യം പോലെ തോന്നി. പിന്നെ മെല്ലെ തെളിഞ്ഞു വന്നു. അതെ, അതുതന്നെ “കോര്‍ണര്‍ സ്റ്റോണ്‍ കണ്‍സ്ട്രക്ഷന്‍” ആ പേര്‍ ഇനി മറക്കരുത്. പോലീസും കേസുമൊക്കെ വരുമ്പോള്‍ ആവശ്യമാകും. രഘു മനസ്സില്‍ തീരുമാനിച്ചു.

ഇനി സമയം കളയാനില്ല. എങ്ങിനെയും എഴുന്നേറ്റ് പോവുക തന്നെ. വീട്ടിലെത്തണം. ആരുഷിയുടെ പൊന്മുഖം കാണണം, രാധികയുടെ അടുത്തേയ്ക്ക് പറന്നെത്തുവാന്‍ രഘു വെമ്പല്‍ കൊണ്ടു. ഒരു സ്നേഹപ്രവാഹം പെട്ടെന്നുറവയെടുത്തപോലെ. അതിന്റെ ശക്തിയില്‍ രഘു തല ഉയര്‍ത്തി. തന്റെ ശരീരത്തിലേയ്ക്ക് നോക്കിയ രഘുവിനു കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി.

വലതുകാല്‍ മുട്ടിനു താഴേയ്ക്ക് ഒന്നും കാണുന്നില്ല. കുറെ ദൂരത്തോളം രക്തവും മാംസവും പാന്റ്സിന്റെ തുണിയും ചേര്‍ന്ന് റോഡില്‍ അരഞ്ഞു ചേര്‍ന്നത് തന്റെ ശരീരത്തിന്റെ ഒരു ഭാഗമാണെന്ന് രഘു അറിഞ്ഞു. ഇടത് കണങ്കാലിലെ മാംസം തുളച്ച് ഒരസ്ഥിക്കഷണം പുറത്തേയ്ക്ക് വന്നിരിക്കുന്നു. തല വച്ച് കിടന്ന ഭാഗത്ത് രക്തം തളം കെട്ടി ഒരു ചാലിട്ട് ഒഴുകിത്തുടങ്ങി.

സ്വയം ഒരു ചലനം സാദ്ധ്യമല്ല എന്ന് രഘുവിനു ബോദ്ധ്യമായി. ഇനിയാരെങ്കിലും സഹായിച്ചാലല്ലാതെ  രക്ഷപ്പെടുക വയ്യ. സഹായഹസ്തത്തിനായി രഘു ആശയോടെ കാത്തുകിടന്നു, വേദനയില്‍ പുളഞ്ഞുകൊണ്ട്.

ഒരു കാര്‍ വരുന്നുണ്ട്. എന്തായാലും കണ്ടിട്ടുണ്ടാകണം, സ്ലോ ചെയ്യുന്നുണ്ടല്ലൊ. ആ കാര്‍ അടുത്ത്  നിര്‍ത്തുമ്പോള്‍ മരണവേദനയിലും  രഘുവിന്റെ ഉള്ളൊന്ന് ആശ്വസിച്ചു. എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു രഘു.  പക്ഷെ  ഒരു വികൃതശബ്ദം മാത്രം വെളിയിലേക്ക് വന്നു.  ആ കാറില്‍ രണ്ട് യുവാക്കള്‍ ഉണ്ടായിരുന്നു. രഘു ദയനീയമായി അവരെ നോക്കി. എന്താണവര്‍ ഇറങ്ങിവരാത്തത്? എന്ത് കൊണ്ടാണവര്‍ മുഖാമുഖം നോട്ടങ്ങളെറിഞ്ഞ് സമയം പാഴാക്കുന്നത്? എത്രയും വേഗം ഹോസ്പിറ്റലിലെത്തിച്ചില്ലെങ്കില്‍ രക്തം വാര്‍ന്ന് ഇയാള്‍ മരിക്കുമെന്ന് അവര്‍ക്കറിയില്ലെ?

രഘുവിന് എല്ലാം പറയണമെന്നുണ്ട്. കീറിമുറിഞ്ഞ് നീരു വന്ന് വീര്‍ത്ത ചുണ്ടുകള്‍ തുറക്കാന്‍പോലും കഴിയാ‍തെ , രക്ഷിക്കണേ എന്നൊന്ന് പറയാന്‍ പോലും ആവാതെ രഘു കണ്ണിരൊഴുക്കി.

“എടാ, വേണ്ടാത്ത വയ്യാവേലിയൊന്നും എടുത്ത് തലേല് വയ്ക്കണ്ടാ. പിന്നെ പോലീസ് സ്റ്റേഷന്‍ കേറി നടക്കാനൊന്നും എന്നേക്കൊണ്ട് വയ്യ, നീ വണ്ടി വിട്...”

ഇറങ്ങാന്‍ ശ്രമിച്ച യുവാവിനോട് കൂട്ടുകാരന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ആ കാര്‍ ഒരു സീല്‍ക്കാരത്തോടെ പാഞ്ഞുപോയി. രഘുവിന് സങ്കടവും വേദനയും സഹിക്കവയ്യാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

കടന്നുപോകുന്ന ഓരോ നിമിഷത്തിനും വല്ലാത്ത നീളമെന്ന് രഘുവിനു തോന്നി. തന്റെ ജീവരക്തമാണ് ഈ ചാലിട്ടൊഴുകിപ്പോകുന്നതെന്നും ഇനി അധികനേരം ഇതു തടര്‍ന്നാല്‍ പിന്നെ ഒരിക്കലും രാധികയെയും ആരുഷിയെയും കാണുകയുണ്ടാവില്ലെന്നും വിഹ്വലതയോടെ രഘു ഓര്‍ത്തു.

ദൂരെ നിന്ന് രണ്ടുപേര്‍ നടന്നുവരുന്നത് രഘു പ്രത്യാശയോടെ നോക്കി. അവര്‍ അടുത്തുവന്നു. കൌമാരം കടന്ന് യുവത്വത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍. വിദ്യാര്‍ത്ഥികളാവാം.

എന്തൊക്കെയോ പറഞ്ഞും ചിരിച്ചും വന്ന അവര്‍ പെട്ടെന്ന് രഘുവിനെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഒട്ടുനേരം സ്തബ്ധരായ ചെറുപ്പക്കാര്‍ മാറിനിന്ന് തമ്മില്‍ കുശുകുശുക്കുന്നത് എന്തെന്ന് രഘുവിനു മനസ്സിലായില്ല. പക്ഷെ അവര്‍ നടന്ന് അടുത്തപ്പോള്‍ രഘു എഴുന്നേല്‍ക്കാനും അവരുടെ രക്ഷാശ്രമം കഴിയുന്നതും എളുപ്പമാക്കുവാനും മാനസ്സികമായി ഒരുങ്ങി.

ഒരു ലോജിക്കുമില്ലാതെ ആ നിമിഷം രഘുവിന്റെ മനസ്സിലേയ്ക്ക് അമ്മയുടെ രൂപം കടന്നുവന്നു. എട്ട് വര്‍ഷങ്ങളായി അമ്മ മരിച്ചിട്ട്. ഇപ്പോളെന്താണോര്‍ക്കാന്‍?

മെലിഞ്ഞ് ഉയരം കൂടിയ കുട്ടിയാണ് ആദ്യം സമീപത്തെത്തിയത്. പക്ഷെ രഘുവിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി അവന്‍ ആദ്യം തന്നെ തപ്പിയത് ഷര്‍ട്ടിന്റെ പോക്കറ്റ് ആണ്. മൊബൈലും കടയില്‍ നിന്നു ബാക്കി കിട്ടിയപ്പോള്‍ ധൃതിയില്‍ പോക്കറ്റില്‍ വച്ച രൂപയും അവന്‍ എടുത്തു. ഷര്‍ട്ടിനടിയില്‍ അവന്റെ കൈകള്‍ പരതുന്നത് മാലയുണ്ടോ എന്നാണെന്ന് രഘുവിന് മനസ്സിലായി.

മറ്റെ പയ്യന്‍ ബൈക്കിന്റെ ബോക്സ് തെരയുകയാണ്. മങ്ങിയ കാഴ്ച്ചയില്‍ അവന്‍ ടെഡി ബിയറിനെ എടുത്തെറിയുന്നത് വിങ്ങലോടെ രഘു കണ്ടു. എല്ലാം പൊയ്ക്കോട്ടെ, എന്നാലും ആശുപത്രിയിലൊന്നെത്തിക്കണേ എന്ന് രഘു നിശ്ശബ്ദം പ്രാര്‍ത്ഥിച്ചു. പറയണമെന്നുണ്ട്; കഴിയുന്നില്ല. ആംഗ്യമെങ്കിലും കാണിക്കണമെന്നുണ്ട്.

ഓ... രഘുവിനു കരച്ചില്‍ വന്നു.

ഈ വൈകിട്ട് വരെ തന്റെ ഇഷ്ടപ്രകാരം ചലിച്ചിരുന്ന തന്റേതെന്ന് അഭിമാനത്തോടെ ചിന്തിച്ച ഈ അവയവങ്ങളൊന്നും തന്റെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കുന്നില്ലെന്നത് അവന്  ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

തിരച്ചില്‍ കഴിഞ്ഞ് കിട്ടാവുന്നതെല്ലാം കൈക്കലാക്കി രണ്ട് കുട്ടികളും നടന്നകന്നപ്പോള്‍ രഘു നെഞ്ചുപിളര്‍ക്കെ കരഞ്ഞു.  വേദനയെക്കാള്‍ മനസ്സ് തകര്‍ന്നത് ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്നതിലുള്ള സങ്കടവും കണ്ടിട്ട് മുഖം തിരിച്ച് പോകുന്ന മനുഷ്യരുടെ ക്രൂരതയും ഓര്‍ത്തപ്പോഴാണ്.

അനിവാര്യമായ മരണത്തെ കാത്ത് രഘു കിടന്നു. വേദനകള്‍ക്ക് കുറവ് വരുന്നത് അവന് അനുഭവപ്പെട്ടു. അത് വേദനയുടെ കുറവല്ല മരണം മെല്ലെ കടന്നു വരുന്നതാണെന്നും അവനറിഞ്ഞു. പ്രതീക്ഷകള്‍ വറ്റുന്നതും ഈ ഭൂമിയില്‍ തന്റെ സമയരഥയാത്ര അവസാനിക്കാന്‍ പോകുന്നതും അവനറിഞ്ഞു.

സ്മൃതിയ്ക്കും വിസ്മൃതിയ്ക്കും ഇടയില്‍ സഞ്ചാരം തുടരുന്ന മനവും ചിന്തയും ഇനി തന്റേതല്ലെന്ന് രഘു തിരിച്ചറിഞ്ഞു.

മുഖത്ത് ഒരു നനുത്ത സ്പര്‍ശമേറ്റപ്പോള്‍ കൂമ്പിയടഞ്ഞ കണ്ണുകള്‍ ബദ്ധപ്പെട്ട് തുറന്ന് രഘു നോക്കി. മടങ്ങിക്കിടക്കുന്ന ചെവികളും കുഞ്ഞിക്കണ്ണുകളുമാ‍ണ് ആദ്യം കണ്ടത്. ഏറ്റവും വെറുപ്പും ഭയവുമുണ്ടായിരുന്ന ജന്തു; ഒരു തെരുവ് നായ് തന്റെ മുഖം നക്കിത്തുടയ്ക്കുന്നത് രഘു അതിരറ്റ ആശ്വാസത്തോടെ അനുഭവിച്ചു. ദൈവം അയച്ച ഒരാശ്വാസമാണോ ഇത്?

ഇനി യൊരു ചോദ്യത്തിനും ആരും ഉത്തരം പറയാന്‍ ഇല്ലെന്ന്  രഘുവിനറിയാം. അല്ലെങ്കിലും ഇനി ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. സ്മരണകള്‍ അവസാനിക്കാനുള്ള അവസാന നിമിഷങ്ങളില്‍ രാധികയേയും ആരുഷിയേയും ഓര്‍ത്തെടുക്കാന്‍ അല്‍പ്പം ബാക്കിയുള്ള ബോധത്തോടെ രഘു ശ്രമിച്ചു.

ഇല്ല ആ മുഖങ്ങള്‍ വരുന്നില്ല. എങ്ങിനെയാണ് അവരുടെ രൂപം? ആരുഷിയുടെ മുഖം എങ്ങിനെയാണ്? മഞ്ഞുപാളികള്‍ക്കിടയിലൂടെ കാണുന്ന അവ്യക്തരൂപം പോലെ അവര്‍.

പിന്നെ ഒരു മുഖം; മാറോട് ചേര്‍ത്തണയ്ക്കുന്ന അമ്മയുടെ മുഖം. കൂടുതല്‍ മിഴിവോടെ തെളിയുന്നു. സ്വപ്നമാണോ ഇത്?

രഘുനന്ദനന് ഇനിയൊന്നിന്റെ മേലും നിയന്ത്രണങ്ങളില്ല. തന്റെ ചിന്തയുടെ മേല്‍ പോലും.

അമ്മ വാരിയെടുക്കുന്നു, "മോനെ എന്റെ കുട്ടാ, നിന്നോട് ഓടരുതെന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ? മോനെ അമ്മച്ചീടെ ചക്കരവാവ വീണോടാ, ആ കല്ലിന് ഞാന്‍ നല്ല അടി കൊടുക്കുന്നുണ്ട് ട്ടോ"

നെറ്റിയില്‍ പതിയുന്ന ഒരു മുത്തം. കണ്ണീരും വേദനയുമെല്ലാം അലിഞ്ഞുപോകുന്ന ഒരു ചക്കരമുത്തം,

അമ്മ കല്ലിനെ അടിക്കുന്നു. "എന്റെ കുട്ടനെ വീഴിച്ചോടാ..."

ഓ... രഘുനന്ദനനു സമാധാനമായി. അമ്മ ടിപ്പര്‍ ലോറിയെ അടിക്കുന്നു. എന്താ അതിന്റെ പേര്? ഏതോ സ്റ്റോണ്‍ അല്ലെ?

അമ്മയോട് പറയാം അമ്മ ലോറിയെ ഒന്ന് വഴക്ക് പറയട്ടെ,

അപ്പോള്‍ വേദനയും കരച്ചിലുമൊക്കെ പോകുമല്ലോ.

ഓമനത്തിങ്കള്‍ക്കിടാവോ... ങൂഹും ങൂ ങൂ ഹു ഹും ങൂ..

അമ്മയുടെ മൂളിപ്പാട്ടല്ലെ കേള്‍ക്കുന്നത്?
ഇതാമ്മേ അമ്മേടെ കുട്ടന്‍ വരുന്നു...

പൂവില്‍ നിറഞ്ഞ മധുവോ..... രാരീരം രാരീരം രാരോ...

70 comments:

 1. കഴിഞ്ഞ മാസം ഒരു യാത്രാമദ്ധ്യേ, ഇവിടെ റോഡില്‍ ഒരു ഫാസ്റ്റ് ഫുഡ് ഡെലിവറിക്കാരന്‍ വഴിയില്‍ ബൈക്കില്‍ നിന്ന് വീണു മുറിവേറ്റു. ഒരു ട്രാഫിക് സിഗ്നലിലെ മൂന്ന് മിനിറ്റ് വെയിറ്റിംഗിനിടയില്‍ ഞാന്‍ കണ്ടത്. ഒരു പോലീസ് പട്രോള്‍ അയാള്‍ക്കരികില്‍ നിര്‍ത്തുന്നു. യുവാക്കളായ പോലീസുകാര്‍ പടപടാന്ന് ചാടിയിറങ്ങുന്നു. ഫസ്റ്റ് എയ് ഡ് കൊടുക്കുന്നു, ഒരു കോണ്‍സ്റ്റബിള്‍ വയര്‍ലസ്സില്‍ സഹായത്തിനു വിളിക്കുന്നു. ഒരു കോണ്‍സ്റ്റബിള്‍ അടുത്തിരുന്ന് അയാളുടെ തല ഉയര്‍ത്തി മടിയില്‍ വച്ച് എന്തൊക്കെയോ പറയുന്നു.( കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കിലും അത് തീര്‍ച്ചയായും ആശ്വാസത്തിന്റെയും ധൈര്യത്തിന്റെയും വാക്കുകളെന്ന് അറിയാം) ആംബുലന്‍സിന്റെ സൈറണ്‍ അകലെ നിന്ന് കേള്‍ക്കുന്നു, എനിക്ക് ഗ്രീന്‍ സിഗ്നല്‍ ആയി. പോലീസുകാര്‍ ബഹറീനി യുവാക്കള്‍. വീണുകിടക്കുന്നത് ബംഗ്ലാദേശിയോ ഇന്‍ഡ്യക്കാരനോ മറ്റോ. പ്രിയരേ, ഈ പതിനഞ്ച് വര്‍ഷത്തെ ബഹറിന്‍ ജീവിതത്തില്‍ ഹിറ്റ് ആന്‍ഡ് റണ്‍ കേട്ടിട്ടുള്ളത് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം. ഏതാണ് ദൈവത്തിന്റെ സ്വന്തം നാട്??? നമുക്കൊരു ട്രാഫിക് സംസ്കാരം വളരേണ്ടിയിരിക്കുന്നു. കഥയെന്ന രീതിയില്‍ വളരെ കുറവുണ്ട് ഇതില്‍. പക്ഷെ റോഡുകളില്‍ പൊലിഞ്ഞ് തീരുന്ന സങ്കടങ്ങളെപ്പറ്റി ഒന്ന് തിരിഞ്ഞ് ചിന്തിക്കാന്‍ പ്രേരകം ആകട്ടെ ഈ പോസ്റ്റ്.

  ReplyDelete
 2. നമ്മുടെ നാട്ടിലെ റോഡപകടങ്ങളിൽ പെട്ടവർക്കുണ്ടാകുന്ന അവസ്ഥാവിശേഷങ്ങൾ വളരെ നോവുന്ന വിധം രേഖപ്പെടുത്തിയിരിക്കുന്നൂ...


  ആറ് മാസം മുമ്പ്,ചാലക്കുടിക്കടുത്ത് എന്റൊരു മിത്രം രാത്രിയിൽ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കാറീടിച്ച് അബോധവസ്ഥയിലായിട്ട്,നാല് മണിക്കൂർ കഴിഞ്ഞ് സ്വന്തം വീട്ടുകാരുടെ ആളെ കാണാതെയുള്ള അന്വേഷണത്തിലാണ് ,കാലൊന്ന് മുറീച്ചു മാറ്റിയെങ്കിലും ഇഷ്ട്ടനെ മരണത്തിൽ നിന്നും രക്ഷപ്പേടുത്തുവൻ സധിച്ചത്...!

  യതൊന്നിലും പ്രതികരിക്കാത്ത സമൂഹമായി മാറിയിരിക്കുന്നു അല്ലേ നമ്മുടെ പ്രിയ നാട്...!

  ReplyDelete
 3. @ പ്രിയപ്പെട്ട മുരളിമുകുന്ദന്‍, ഓര്‍ത്താല്‍ സങ്കടം വരുന്നതരത്തില്‍ ആണ് സമൂഹത്തിന്റെ മൂല്യച്യുതി. കലികാലം.

  വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 4. ആരോട് പരിതപിക്കാന്‍.എല്ലാവരും സ്വന്തം
  തിരക്കുകളും ആയി ഓടി നടക്കുന്നു.ഒറ്റക്കയ്യന്‍
  അതിക്രം കാണിച്ചപ്പോള്‍ ചെയിന്‍ വലിക്കാന്‍
  ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച ആള്‍ക്കും തിരക്ക്
  ഉണ്ടായിരുന്നു.മുഴുത്ത മാന്യത പറയുന്ന മലയാളി..
  ലജ്ജിക്കണം നാം..മൃഗങ്ങള്‍ എന്ന് വിളിച്ചു കൂടാ
  കാരണം അവക്കും ഉണ്ട് സഹ ജീവികളോടു കരുണ..!!

  ReplyDelete
 5. ഓട്ടോ മറിഞ്ഞ് മരണം അസന്നമായ അവരെ എടുത്ത് ഹോപിറ്റലിലേക്ക് പോവും വഴിയാവാം അദ്ദേഹം മരണപെട്ടത്. കൂടെ അമ്മയും മരണ പെട്ടെന്ന് പിറ്റേ ദിവസം പത്രം വഴി അറിഞ്ഞു
  നിയമ നടപടിയെ പേടിയില്ലാത്തതിനാല്‍ ഹോസ്പിറ്റലില്‍ എന്റെ അഡ്രെസ്സും നമ്പറും കൊടുത്തിട്ടാണ് പോന്നത്. മൂന് മണിക്കൂര്‍ എനിക്കവിടെ ചില വഴിക്കേണ്ടി വന്നു.
  അവരുടെ വീട്ടുകാരേയും സുഹൃത്തുക്കളേയും അറിയിച്ച് അവര്‍ അവിടെ എത്തിയ ശേഷമാണ് മടങ്ങിയത്

  ആ മൂന് മണിക്കൂറിനുല്ല പ്രതിഫലം എനിക്ക് ഒന്നര മാസത്തിനുള്ളില്‍ എന്റെ ജീവിതമായി തന്നെ തിരികെ ലഭിക്കുകയുമുണ്ടായി

  ഇന്നും കാലിലെ പരിക്ക് മാത്രമായി അത്ര വലിയ ആക്സിഡന്റിന്റില്‍ നിന്ന് ഞാന്‍ ജീവിതത്തിലേക്ക് രണ്ടര വര്‍ഷത്തെ വിശ്രമത്തിന്‍ ശേഷം എത്തിപെട്ടത് അന്നെനിക്ക് നല്‍കാന്‍ കഴിഞ്ഞ മൂന് മണിക്കൂര്‍ കൊണ്ട് മാത്രമാണ്.
  ..............................................

  ReplyDelete
 6. കണ്ണ് നിറഞ്ഞു മാഷേ...ഒരു കഥയായി മാത്രം കാണുന്നു...ഹൃദയസ്പര്‍ശിയായി എഴുതി...

  ReplyDelete
 7. നമ്മുടെ നാട്ടില്‍ അപകടം കണ്ടാല്‍ ഇപ്പോള്‍ ആരും തിരുഞ്ഞു നോക്കില്ല. വല്ലവരും നോക്കിയാല്‍ തന്നെ ഇത് പോലെ മൊബൈല്‍ തുടങ്ങി വിലപിടിപ്പുളത് അടിച്ചു മാറ്റാന്‍ മാത്രം. മുമ്പൊരിക്കല്‍ അപകടത്തില്‍ പെട്ട സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ കൊണ്ടുപോയവര്‍ അവരുടെ മാനം കവരാന്‍ ശ്രമിച്ചതും ഓര്‍ക്കുന്നു.
  എവിടെയും മൂല്യങ്ങള്‍ നഷ്ട്ടപെട്ടുപോയ ഒരു സമൂഹമാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നത്.
  നന്നായി എഴുതി...

  ReplyDelete
 8. ഗംഭീരമായി പറഞ്ഞു. ശരിക്കും വിഷ്വലൈസ് ചെയ്യാന്‍ കഴിഞ്ഞു. വരച്ചിട്ട ചിത്രങ്ങള്‍ നെഞ്ചുരുക്കുന്നതും ഹൃദയ ഭേതകവും. കനിവിന്റെ എല്ലാ ഉറവകളും വറ്റി വരണ്ടു ഊഷരമായ ഈ ഭൂമിയില്‍ ഇനിയും പ്രതീക്ഷകള്‍ ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷങ്ങള്‍. പക്ഷെ ഏത് അന്ധകാരത്തിനും അവസാനം ഒരു തിരിവെട്ടമെന്കിലും ആശ്വാസമായി എത്താതിരിക്കില്ല.

  ReplyDelete
 9. അനുഭവവും കഥയും യാഥാര്‍ത്യവും
  ഒക്കെ കൂടിച്ചേര്‍ന്ന സത്യമാണ് ഈ കുറിപ്പില്‍ കാണുന്നത് ..എല്ലാ ആംഗിളിലും മികവുള്ള കൃതി ..മനുഷ്യര്‍ക്ക് സഹജീവികളോടുള്ള അനുകമ്പയും അനുഭാവവും അവിശ്വസനീയമാം വിധം കുറഞ്ഞു പോയിരിക്കുന്നു !! എനിക്ക് എന്റെ കാര്യം എന്ന
  ചിന്താഗതിക്ക് മുന്‍‌തൂക്കം ..പൊല്ലാപ്പുകളില്‍ ചെന്ന് ചാടാനുള്ള മടി ..ഒരു സംഭവം പത്രത്തില്‍ വായിച്ചതോര്‍മ വരുന്നു ..വഴിയിലെ ആക്സിഡ ണ്ടും ആള്‍ക്കൂട്ടവും അവഗണിച്ചു പോയ യുവാവ് മണിക്കൂറുകള്‍ക്കു ശേഷം അറിഞ്ഞു റോഡില്‍ മരിച്ചു കിടന്നത് തന്റെ പിതാവാണെന്ന്!!!
  നടുറോഡില്‍ മരണത്തിലേക്ക് ചോരവാര്ന്നോലിക്കുന്ന ഓരോ
  ആത്മാവും ഇങ്ങനെ വിലപിക്കുന്നുണ്ടാവാം ..".ഇന്ന് ഞാന്‍ നാളെ നീ ....."

  ReplyDelete
 10. നിരാലംബാവസ്ഥയുടെ ദയനീയചിത്രം മനസ്സിൽ കോറിയിടാൻ കഴിഞ്ഞിട്ടുണ്ട്.

  താൻപോരിമയുടേയും അഹന്തയുടേയും ചില്ലുകൾ മനസ്സിൽ വീണുടഞ്ഞ് മാത്ര്‌സ്നേഹത്തിന്റെ ആദിമസാന്ത്വനത്തിലേയ്ക്ക് മനസ്സിന്റെ മടക്കയാത്ര ചിത്രീകരിച്ചത് നിത്യസത്യത്തിലേയ്ക്കൊന്നു വിരൽചൂണ്ടലായി.

  ഒരു തിരിഞ്ഞുനോട്ടത്തിന്, മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രേരണനൽക്കുന്ന രചന. നന്ദി.

  ReplyDelete
 11. കലാത്മകത, രചനാകൗശലം, ആശയസംപുഷ്ടി, വശ്യത- ഇവയുടെ സമ്മോഹന സമ്മിശ്രമാണ്‌ ഒരു കഥയുടെ സമ്പത്ത്‌. ഈ കഥ ഒരു പരിധി വരെ സമ്പത്ത്‌ ആര്‍ജ്ജിച്ചിട്ടുണ്ട്‌ എന്ന്‌ നിസ്സംശയം പറയാം. പ്രാരംഭമാണെങ്കില്‍പോലും(!), എഴുതി പഴകിയ ഒരു കഥാകാരന്റെ കൈത്തഴക്കം അജിത്‌ ഭായ്‌ കാണിക്കുന്നു. ഈ സാഹിത്യ സൃഷടിയിലൂടെ മുഖ്യമായും ഒരു ആദര്‍ശ സംവാദം തന്നെ കഥാകാരന്‍ നടത്തിയിരിക്കുന്നുതാനും.
  സ്വന്തം ചോരക്കുളത്തില്‍ നോവിന്റെ ഭാരവും പേറി അനന്തതയിലേക്ക്‌ താഴ്‌ന്നു പോയ്ക്കൊണ്ടിരിക്കുന്ന ഒരു നിസ്സഹായന്റെ ചേതോവികാരങ്ങള്‍ സ്പഷ്ടതയോടെ കഥാകാരന്റെ തൂലിക കുറിച്ചു വെച്ചത്‌ മുന്‍പില്‍ നിരന്നു.
  അപ്പോള്‍, നിസ്സഹായതയെ, ഒരു ഭര്‍ത്താവില്‍ നിന്നും ഒരു അച്ഛനില്‍ നിന്നും ഒരു ഉണ്ണിക്കുട്ടനിലേക്ക്‌ വളര്‍ത്തിയെടുക്കപ്പെട്ടത്‌ ഗദ്ഗദത്തിന്റെ അകമ്പടിയോടെ ഞാന്‍ വായിച്ചെടുത്തു. എന്നോ മരിച്ചു കഴിഞ്ഞ സഹാനുഭൂതിയുടെ ശരശയ്യയില്‍ ചലനശേഷി അറ്റ്‌ കിടപ്പുള്ള നിസ്സഹായതയുടെ വരണ്ട ചുണ്ടുകളിലൂടെ അമ്മയുടെ മുലപ്പാല്‍ തികട്ടിവന്നതും കഥാകാരന്‍ പറയാതെ തന്നെ ഞാന്‍ കണ്ടു. ഒടുക്കം, ഞാന്‍ കേട്ട താരാട്ടു പാട്ടിന്റെ തന്മയത്വത്തിലും, അതില്‍ ചേര്‍ത്തുവെച്ച സര്‍ഗ്ഗവൈഭവത്തിന്റെ പൂച്ചെണ്ടിലും പതിപ്പിക്കപ്പെട്ട കഥാകാരന്റെ കൈഒപ്പുകളും ഞാന്‍ കണ്ടെടുത്തു.
  ഒരു നിരാധാരന്റെ അറ്റുകിടന്ന കാലില്‍ കെട്ടിപ്പിടിപ്പിച്ച, ഒരു രാഷ്ട്രത്തിന്റെ മനസ്സാക്ഷി എഴുതിയ ആധാരക്കടലാസില്‍ പതിഞ്ഞുകിടക്കുന്ന അവ്യക്തമായ കയ്യൊപ്പ്‌ ആരുടേതാണെന്ന ഒരു വലിയ ചോദ്യചിഹ്നവും കണ്ടു.

  അവതരണരീതി (മാനസികവികാരങ്ങളെയാണ്‌ ഔചിത്യബോധത്തോടെ തന്നെ ഇവിടെ പകര്‍ത്തപ്പെട്ടിട്ടുള്ളത്‌ എന്ന നിലയ്ക്ക്‌) കണ്ടപ്പോള്‍, കഥാപാത്രത്തെ കൊണ്ടുതന്നെ ഉടനീളം കഥ പറയിപ്പിക്കേണമായിരുന്നു എന്ന്‌ തോന്നി. എങ്കില്‍, തന്മയത്വം കൂടുമായിരുന്നു എന്നാണ്‌ എന്റെ പക്ഷം..

  ഹൃദയഹാരിയായ ഈ കഥയ്ക്ക്‌ എന്റെ ഹാരം!

  ReplyDelete
 12. റോഡപകടത്തില്‍ പെട്ടവന്റെ ദീനരോദനം, വളരെ ഹൃദയസ്പര്‍ശിയായിട്ടു അവതരിപ്പിച്ചു. ഒന്നിനൊന്നിനു ക്ഷയിച്ചുകൊണ്ടിരിക്കുന്ന, സാക്ഷര കേരളത്തിന്റെ കാരുണ്യം,നല്ല ഭംഗിയായിട്ടു അവതരിപ്പിക്കാന്‍ കഥാകൃത്തിനു കഴിഞ്ഞു. അഭിനന്ദനങ്ങള്‍!

  ReplyDelete
 13. വാസ്തവം.
  ഒരാളെ അപകടത്തില്‍ നിന്ന് രക്ഷിച്ചതിന്റെ പേരില്‍ പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങേണ്ടി വരുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്.നിയമത്തിന്റെ ഇത്തരം വേണ്ടാത്ത നൂലാമാലകള്‍ കാരണം റോഡില്‍ പോയ്പ്പോകുന്ന ജീവിതങ്ങളെത്ര..
  ശരിയായ ഒരു കുറ്റവാളിക്ക് വേണ്ടി ഇത്രയും ശുഷ്കാന്തി കാണിച്ചിരുന്നെങ്കില്‍..

  ReplyDelete
 14. നമ്മുടെ കേരളത്തില്‍ ഓടുന്ന വാഹനങ്ങളുടെ ശരാശരി വേഗത വെറും മുപ്പത്തിയഞ്ച് കിലോമീറ്ററിനും താഴെയാണ്.വാഹനങ്ങളുടെ പെരുപ്പവും റോഡുകളുടെ അപര്യാപ്തതയും ആ ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.ഇതിനിടക്കാണ് ജനസംഖ്യ കുറക്കാന്‍ കൊട്ടേഷന്‍ എടുത്തത്‌ പോലെയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍.
  രാത്രികാല യാത്രകളില്‍ അപകടങ്ങള്‍ കൂടുന്നതിനുള്ള പ്രധാന കാരണം ഹെഡ്‌ ലൈറ്റ് ഒന്ന് ഡിം ചെയ്ത് കൊടുക്കാനുള്ള ഡ്രൈവര്‍മാരുടെ മടിയാണെന്ന് പലവട്ടം കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിനെതിരെ ഒരു 'വാണിംഗ്' പോലും രാത്രിയില്‍ കറങ്ങി നടക്കുന്ന ഹൈവെ പോലീസ്‌ കൊടുക്കുന്നത് കണ്ടിട്ടില്ല.
  ഈ പോസ്റ്റിലെ വിഷയം അപകടങ്ങളില്‍പെടുന്ന സഹജീവിയോടുള്ള നമ്മുടെ മനോഭാവത്തെ പറ്റിയാണെങ്കിലും,അതിലേക്ക് നയിക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങളായത് കൊണ്ട് പറഞ്ഞതാണ്.
  പിന്നെ, അപകടത്തില്‍ പെടുന്നവരെയും കൊണ്ട് ചെല്ലുന്നവരോടുള്ള നമ്മുടെ പോലീസിന്റെ മനോഭാവം കുറെയൊക്കെ മാറിയിട്ടുണ്ട് എന്നാണ് തോന്നുന്നത്..രക്തം കണ്ടാല്‍ അഡ്മിറ്റ്‌ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്വകാര്യ ആശുപത്രികളുടെ മനോഭാവം ആണ് ആദ്യം മാറേണ്ടത്.

  മറ്റാരും ഇതുവരെ പറയാത്ത വിഷയമാണെന്ന് തോന്നുന്നു...ആശംസകള്‍......

  ReplyDelete
 15. കഥാപാത്രത്തിന്റെ ആ അവസ്ഥ കഥയുടെ ഗതി ഒരേ വഴിയില്‍,ഒരു പ്രത്യേക താളത്തില്‍ അവതരിപ്പിച്ചതു നന്നായി..അവസാനത്തെ വിവരണങ്ങള്‍ കഥാപാത്രത്തിന്‍റെ അവസാനത്തെ അന്വര്‍ത്ഥമാക്കുന്ന വിധം തന്നെ.. കഥ നന്നായെന്നു പറയുമ്പോള്‍ തന്നെ നമ്മുടെ നാടിന്‍റെ ഇന്നത്തെ അവസ്ഥയില്‍ ലജ്ജിക്കുകയും ചെയ്യേണ്ടിവരുന്നു..

  ReplyDelete
 16. കാലത്തെ സങ്കടപ്പെടുത്തിക്കളഞ്ഞല്ലോ അജിത് ഭായി.

  കഥയും ആശയവും തീവ്രമാണ്. തെളിയുന്ന ചിത്രങ്ങൾക്ക് ഒത്തിരി മിഴിവുണ്ട്. അവനവൻ കടമ്പ എന്നു മാത്രമാണ് പലപ്പോഴും മനുഷ്യരുടെ ചിന്ത. പിന്നെ എഴുതുവാൻ അജിത് ഭായിക്ക് നല്ല കൈത്തഴക്കവും ഗംഭീരമായ നിരീക്ഷണവും ഉണ്ടെന്ന് ഈ കഥയും തെളിയിയ്ക്കുന്നു.

  എന്നാലും കഥയിൽ ഇത്തിരീം കൂടി മിനുക്ക് പണി വേണമെന്ന് പറഞ്ഞാൽ പിണക്കമൊന്നും തോന്നുകയില്ലല്ലോ.

  ReplyDelete
 17. പുതുമയില്ലെങ്കിലും, വൃത്തിയായി എഴുതി.

  ചില വാക്കുകൾ മുഴച്ച്‌ നിൽക്കുന്നു.
  ഉദാ:"ഒരു ലോജിക്കുമില്ലാതെ"..

  പോക്കറ്റിൽ മൊബെയിൽ കിടന്നിട്ടും എന്താ ആരേയും വിളിക്കാത്തത്‌ എന്ന കാര്യം പിടികിട്ടുന്നില്ല.
  ആശംസകൾ.

  ReplyDelete
 18. ഇന്നലത്തെ പത്രത്തിലുണ്ടായിരുന്നു കൊടിയേരിയുടെ പ്രസ്താവന. ആക്സിഡന്റ് പറ്റിയവരെ ആശുപത്രിയില്‍ കൊണ്ട് വരുന്നവരെ സാക്ഷികളാക്കില്ല എന്ന്. എത്രത്തോളം അവരത് പ്രാവര്‍ത്തികമാക്കുമെന്ന് കണ്ടറിയണം.എന്നാലും എവിടെയോ ഒരു പ്രകാശധാര കാണുന്നു.ഒരു ആക്സിഡന്റ് പറ്റി ഇനിയൊരാളും റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിക്കരുത്. സാക്ഷി പറയണമെങ്കില്‍ നമുക്കതും ആവാം.ഒരു ജീവന്‍ രക്ഷ്പ്പെടുന്ന കാര്യമല്ലെ. ഈ ബൂലോകത്തുള്ളവരെങ്കിലും അങ്ങനൊരു പ്രതിജ്ഞ എടുക്കുക. പലതുള്ളി പെരുവെള്ളം എന്നല്ലേ.അതുപോലെ ഇന്ന് കുഴഞ്ഞ് വീണു മരിക്കല്‍ സാര്‍വത്രികമാണു. ആരേലും വഴിയില്‍ കിടക്കുന്നത് കണ്ടാല്‍ ഒരു നിമിഷം നിന്ന് കള്ള് കുടിച്ചിട്ടാണൊ അല്ലേ എന്ന് ഉറപ്പ് വരുത്തുക. ഒന്നു മണം പിടിച്ചാല്‍ കാര്യം പിടികിട്ടില്ലേ. അങ്ങനെയല്ല എന്നുണ്ടെല്‍ ഉടനെ ഫസ്റ്റ് എയിഡ് കൊടുക്കുക.ഹോസ്പിറ്റലില്‍ എത്തിക്കുക. ഫസ്റ്റ് എയിഡ് എങ്ങനെ കൊടുക്കാണമെന്നും അതിന്റെ പ്രാധാന്യത്തെ പറ്റിയുമൊക്കെ ആധികാരികതയോടെ പറയാന്‍ പറ്റുന്നവര്‍ നമുക്കിടയില്‍ ഉണ്ടല്ലൊ. അവര്‍ പറയട്ടെ. ബ്ലോഗും എഴുത്തുമൊക്കെ വെറും നേരമ്പോക്കിനപ്പുറം പരസ്പരം സഹായിക്കാനുള്ള ഒരു ഉപാധി കൂടി ആക്കാം നമുക്ക്.

  അജിത്ത്ജീ ഇങ്ങനൊരു വിഷയം എഴുത്തിനു വിഷയമാക്കിയതില്‍ നമോവാകം.

  ReplyDelete
 19. ഞാനൊരു ചീത്ത വാര്‍ത്ത കേട്ട ഷോക്ക് മാറും മുന്‍പാണിത് വായിച്ചത്.ഇന്നലെ വൈകുന്നേരം
  ദേശീയ പാതയില്‍ വച്ച് ഒരു അപകടം ഉണ്ടായി .ബൈക്കില്‍ മീന്‍ ലോറി തട്ടി.ലോറി നിര്‍ത്താതെപോയി. ബൈക്ക് യാത്രികരായ നവദമ്പതികള്‍ .ഞങ്ങളുടെ അയല്‍ക്കാരാണ്.
  ജനുവരി 28 ന്ആഘോഷപൂര്‍വ്വം നടന്ന വിവാഹത്തിന് ഞങ്ങളും സാക്ഷികള്‍....കൂടുതല്‍ എന്തുപറയാന്‍ വരന്‍ ആസ്പത്രിയിലെത്തിച്ചപ്പോഴെയ്ക്കും മരിച്ചു.
  വധു...ഗുരുതരാവസ്ഥയില്‍ തുടരുന്നു.കാലിനും തലയ്ക്കും പരിക്കുണ്ട്.... രക്ഷപ്പെടുമോ എന്ന് നിശ്ച യമില്ല....

  കഥയുടെ രചനാ രീതി....വളരെ നന്നായി....ഒരു നിസ്സഹായന്റെ അവസ്ഥ വളരെ ശക്തമായി അവതരിപ്പിച്ചു....ചില്ലറ പരിക്കുകള്‍ ....അത് പ്രഥമ ശുശ്രുഷ കൊണ്ട് മാറാ വുന്നതെ ഉള്ളു.
  തുടര്‍ന്നെഴുതുക...ആശംസകള്‍.

  ReplyDelete
 20. മാഷേ ക്രാഫ്റ്റ് നന്നായിട്ടുണ്ട്. വിഷയം സാദായാണെങ്കിലും ആ പറഞ്ഞ
  രീതി ഒരുപാടു ഹൃദയസ്പര്‍ശിയായി. ശരിയാണ്. നമ്മുടെ നാട്ടിലിപ്പോളിങ്ങനെയൊക്കെയാണ്. എന്തു ചെയ്യാന്‍ ഏതവനെങ്കിലും അല്‍പം ദയ കാണിച്ചാല്‍ വാദി പ്രതിയാകും

  ReplyDelete
 21. ഇത് വെറുമൊരു കഥ മാത്രമാണോ.... ആരോടും പറയാന്‍ കഴിയാതെ പോയ ആരുടെയൊക്കെയോ അനുഭവം
  തന്നെ അല്ലേ ഇത് ?
  ഈ കഥയിലെ അവസ്ഥ നാളെ നമ്മളിലാര്‍ക്കു വേണമെങ്കിലും വന്നേക്കാം....അങ്ങനെ ചിന്തിപ്പിക്കുന്ന തരത്തില്‍ വളരെ തന്മയത്വത്തോടെ ലേഖകന്‍ കഥ പറഞ്ഞിരിക്കുന്നു ..... അഭിനന്ദനങ്ങള്‍ ......
  നമ്മുടെ നാട്ടില്‍ ഏറ്റവും വിലയില്ലാത്തത് മനുഷ്യ ജീവനു തന്നെയാണെന്ന് അവിടെ നടക്കുന്ന ഓരോ സംഭവവും തെളിയിക്കുന്നു .
  നമ്മുടെ Tourism Departmentന്‍റെ New Zealander's ല്‍ നിന്ന് കടമെടുത്ത 'God's Own Country' എന്ന പരസ്യം വാചകം കാണുമ്പോള്‍ നമ്മുടെ നാടിനെക്കുറിച്ച് തന്നെയോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്‌. നമ്മുടെ നാട് ദൈവത്തിന്‍റെ സ്വന്തം നാടല്ല, മറിച്ച് ദൈവത്തിന്‍റെ കണ്ണെത്താത്ത നാടാണ്‌. അല്ലെങ്കില്‍ എന്തിനു ദൈവത്തെ കുറ്റം പറയണം ? മനുഷ്യത്വം തൊട്ടു തീണ്ടാത്ത നമ്മുടെ നാട്ടിലെ ഒരു വിഭാഗം ആളുകളെ പറയുന്നതാവും കൂടുതല്‍ ശരി.

  ReplyDelete
 22. വായിച്ചു തീരുവോളംരഘു വിനെ പോലെ തന്നേ എന്‍റെ മനസ്സും വേദനിച്ചു നമ്മുടെ ലോകത്തിന്റെ കാഴ്ചകള്‍. മരണം അനിവാര്യമാണെങ്കിലും ഇങ്ങനേ മരിക്കുന്നത് കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസിന്‌ നീറ്റല്‍ നന്നായി എഴുതി നല്ല കഥയും

  ReplyDelete
 23. ജനങ്ങളുടെ മനോഭാവമല്ല, മറിച്ച് ജനങ്ങളോടുള്ള ആധികാരികളുടേ മനോഭാവമാണ് മാറേണ്ടത്. അങ്ങനെ വന്നാൽ ഒരാളും റോഡിൽ അനാഥമായിക്കിടന്ന് ചോരവാർന്ന് മരിക്കാൻ ജനം സമ്മതിക്കില്ല.

  കഥ കൊള്ളാട്ടൊ അജിത്ജീ..

  ReplyDelete
 24. samayochitham...nannaayi avatharippichu...manassil thottu...

  ReplyDelete
 25. അയാളുടെ ആ നിസ്സഹായാവസ്ഥ നന്നായി വര്‍ക്കൌട്ട് ചെയ്തു. നന്നായി ചേട്ടാ..

  ReplyDelete
 26. എനിക്ക് എന്റെ കാര്യം നോക്കാന്‍ നേരമില്ല. പിന്നല്ലേ വെറുതെ ഈ പോല്ലാപ്പിലോക്കെ ചെന്ന് ചാടുന്നത്.
  മനുഷ്യന്റെ അവനവനിലെക്കുള്ള ചുരുങ്ങിപ്പോക്ക് വളരെ കൂടിക്കൊണ്ടിരിക്കുന്നു. അതെവിടെ കൊണ്ടെത്തിക്കുമെന്നു ഓരോ ദിവസവും ഓരോ സംഭവങ്ങളായി നമ്മുടെ മുന്നില്‍ വന്നു വീഴുന്നു.
  മനസ്സില്‍ തട്ടുന്ന വിധത്തില്‍ പറഞ്ഞത്‌ നന്നായിരിക്കുന്നു.

  ReplyDelete
 27. “മുഖത്ത് ഒരു നനുത്ത സ്പര്‍ശമേറ്റപ്പോള്‍ കൂമ്പിയടഞ്ഞ കണ്ണുകള്‍ ബദ്ധപ്പെട്ട് തുറന്ന് രഘു നോക്കി...” ഈ ഭാഗമെത്തിയപ്പോഴേക്കും ശരിക്കും വിഷമമായി.ഭംഗിവാക്കല്ല. നന്നായി എഴുതി.നമുക്കോ നമുക്കുള്ളവർ എന്നു വിശ്വസിക്കുന്നവർക്കോ എന്തെങ്കിലും പറ്റിയാലേ നമ്മുടെ കണ്ണ് തുറക്കൂ.അല്ലാത്തതെല്ലാം കണ്ണിൽ തിമിരവും മനസ്സിൽ പാറയും വച്ച് കാണാനല്ലെ ശ്രമിക്കാറുള്ളു. എഴുതപ്പെടേണ്ടിയിരുന്ന കഥ.

  ReplyDelete
 28. * വിന്‍സെന്റ്, മനുഷ്യരെക്കാള്‍ കരുണയുള്ള മൃഗത്തെയാണ് ഒരു നായയില്‍ കൂടി കാണിക്കാന്‍ ശ്രമിച്ചത്.

  * ഹാഷിം, ദൈവം കരുണയുള്ളവനും തക്ക പ്രതിഫലം തരുന്നവനുമാകുന്നു. ഇവിടെവച്ചോ അല്ലെങ്കില്‍ അവിടെ വച്ചോ..തീര്‍ച്ചയായും.

  * മഞ്ഞുതുള്ളി, ഇത് കഥയാണെങ്കിലും രഘുനന്ദനന്മാര്‍ വേറെ പേരുകളില്‍ ദിനേന റോഡുകളില്‍ ഒടുങ്ങിത്തീരുന്നു.

  * എളയോടന്‍, വളരെ ശരിയായി ഈ കാലത്തിലെ പൊതുമനസ്സിനെ താങ്കള്‍ പറഞ്ഞു.

  * സലാം, നല്ല പ്രത്യാശ പകരുന്ന ഈ അഭിപ്രായത്തിനു നന്ദി.

  * രമേഷ്, “ഇന്നു ഞാന്‍ നാളെ നീ” ആരും ഇമ്മ്യൂണിറ്റിയുള്ളവരല്ലല്ലോ.

  * പള്ളിക്കരയില്‍, ഗര്‍വ്വത്തോടെ കൈകള്‍ വീശിയും നെഞ്ചു വിരിച്ചും നടക്കുന്ന മനുഷ്യന്‍ നിസ്സഹായതയുടെ കണ്ണീരൊഴുക്കാന്‍ ഒരു നിമിഷം പോരെ?

  ReplyDelete
 29. ശരിക്കും മനസ്സിൽ തട്ടി മാഷേ കഥ. മറ്റൊരു ഭംഗി വാക്കിന്റെ ആവശ്യമില്ല.

  ReplyDelete
 30. എന്താ ഇപ്പോള്‍ പറയുക അജിത്‌ഭായ്‌... ഓരോ വരിയിലൂടെയും കടന്ന് പോകുമ്പോള്‍ രഘുനന്ദന്റെ നിസ്സഹായവസ്ഥ അനുഭവിക്കുകയായിരുന്നു... തീക്ഷ്ണമായ രചന... ഹൃദയത്തില്‍ എവിടെയൊക്കെയോ ഇപ്പോഴും വിങ്ങല്‍ ...

  ReplyDelete
 31. അതേ..!എന്താപ്പൊ പറയാ.!!?
  ഹൃദയഹാരിയായ അവതരണം.എല്ലാരും പറഞ്ഞത് തന്നെഞാനും പറയും..! വേണ്ട..! അസാദ്ധ്യമായി പറഞ്ഞു.!

  അമ്മയോട് പറയാം അമ്മ ലോറിയെ ഒന്ന് വഴക്ക് പറയട്ടെ,
  അപ്പോള്‍ വേദനയും കരച്ചിലുമൊക്കെ പോകുമല്ലോ.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 32. സമകാലികമായ വിഷയം. അഭിനന്ദനങ്ങള്‍

  ReplyDelete
 33. വല്ലാത്തൊരു വായനയാണ് അജിത്‌ താങ്കള്‍ നല്‍കിയിരിക്കുന്നത്.
  അവസാനത്തെ വരികള്‍,അമ്മയുടെ സാമീപ്യത്തിലെ,,
  മനസ്സില്‍ തട്ടി.
  നമ്മുടെ നാടിനെ കുറിച്ച് നമുക്ക് ലജ്ജിക്കാം.

  ReplyDelete
 34. വല്ലാതെ മനസ്സില്‍ തട്ടി. നാളെ ഇത്‌ നമുക്കും സംഭവിക്കാവുന്നതാണെന്ന് എല്ലാവരും ഓര്‍ത്തിരുന്നെങ്കില്‍ ഇത്ര നിസ്സംഗരാകുമായിരുന്നോ കാഴ്ചക്കാര്‍ ...?

  ReplyDelete
 35. നല്ല എഴുത്ത്. എഴുതാനുള്ള സിദ്ധി
  വിളിച്ചറിയിക്കുന്നു ഈ പോസ്റ്റ്.

  ReplyDelete
 36. നമ്മുടെ നാട്‌ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്‌. എങ്ങനെയായി നാം ഇങ്ങനെ..? പോസ്റ്റ്‌ ചിന്തയ്ക്ക്‌ വക നല്‍കുന്നു.

  ReplyDelete
 37. മരണത്തോട് മല്ലിട്ടൊരാള്‍ കിടക്കുന്നത് കണ്ടാലും അവരെ ആശുപതൃയിലെതിkan അല്ലെങ്കില്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ പലരും മടി കാണിക്കുന്നു, അതിനു കാരണം ഒരു പക്ഷെ വേണ്ടാത്ത വയ്യ്യാ വേലി എടുത്തു തലയില്‍ കയറ്റെട്ണ്ട എന്ന ചിന്ത ആണ് , ഇത് പോലൊരു അനുഭവ കഥ ആയി ഞാനൊരു നടന്റെ ബ്ലോഗില്‍ വായിച്ചിരുന്നു, ലിങ്ക് ഓര്‍മ്മയില്ല

  ReplyDelete
 38. * വീപീജി, വളരെ വിശദമായ ഈ അഭിപ്രായത്തിനൊത്തിരി നന്ദി. കഥാസങ്കേതമൊന്നും അറിയില്ല. കഥയെന്ന് ഇതിനെയൊക്കെ പറയാമെങ്കില്‍ ഇത് രണ്ടാമത്തെയാണ്. നിസ്സഹായതയുടെ പാരമ്യത്തില്‍ ബാല്യത്തിലേയ്ക്കും ശൈശവത്തിലേയ്ക്കും മടങ്ങിപ്പോക്ക്, അമ്മയുടെ മാര്‍വില്‍ അഭയം കണ്ടെത്തുന്നതും എഴുതിവന്നപ്പോള്‍ പെട്ടെന്നുണ്ടായ ഒരു ആശയമാണ്. പക്ഷെ ആ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുവന്നു.

  * അപ്പച്ചന്‍ ഒഴാക്കല്‍, അഭിപ്രായത്തിനു നന്ദി. അഭിനന്ദനങ്ങള്‍ വിനയത്തോടെ സ്വീകരിക്കുന്നു. (ഇന്നത്തെ മാദ്ധ്യമം “ചെപ്പി”ല്‍ താങ്കളുടെ ബ്ലോഗിനെ പരിചയപ്പെടുത്തല്‍ ഉണ്ടായിരുന്നു)

  * മേയ് ഫ്ലവേര്‍സ്, വാസ്തവം നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയാകുമ്പോള്‍ എല്ലാം നന്നായി വരും.

  * ഹാഷിം, നിയമം പാലിക്കുന്ന ഒരു സമൂഹത്തില്‍ നിന്ന് മാത്രമേ നിയമത്തെ ബഹുമാനിക്കുന്ന ഒരു അധികാരിവര്‍ഗ്ഗവും പോലീസുമെല്ലാം ഉണ്ടാവുകയുള്ളു. സമൂഹത്തിനെക്കാള്‍ ഉയര്‍ന്ന ധാര്‍മികതയുള്ള ഭരണം ഒരു രാജ്യത്തും ഉണ്ടാവുകയില്ല. (എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ)

  * ആറങ്ങോട്ടുകര മുഹമ്മദ്, നല്ല അഭിപ്രായത്തിനു നന്ദി. നമ്മള്‍ നാളെ റോഡില്‍ ഈ അവസ്ഥയില്‍ ഒരാളെ കാണുന്നുവെങ്കില്‍ എങ്ങിനെ പ്രതികരിക്കും. അപ്പോള്‍ ഈ കഥാപാത്രത്തിനെ ഒന്നോര്‍ക്കണമെന്നാണെന്റെ ആഗ്രഹം.

  * എച്മുക്കുട്ടി. പ്രായത്തില്‍ ഞാന്‍ മുതിര്‍ന്നതാണെങ്കിലും കഥയെഴുത്തില്‍ ഞാന്‍ നിങ്ങളെയൊക്കെ ഗുരുസ്ഥാനത്താണ് കാണുന്നത്. അതുകൊണ്ടെന്തു പറഞ്ഞുതന്നാലും നന്ദി മാത്രം.

  * സാബുവിനോടും പറയാനുള്ളത് എച്മുവിനോട് പറഞ്ഞത് തന്നെ. രഘു ഫോണ്‍ ചെയ്യുവാ നോ മനസ്സിനൊപ്പിച്ച് ശരീരം ചലിപ്പിക്കാനും വയ്യാത്ത അവസ്ഥയിലാണ്. എഴുത്തില്‍ അത് ദൃശ്യമാല്ലെങ്കില്‍ എന്റെ പോരായ്മ.

  ReplyDelete
 39. എങ്ങും തൊടതെയുള്ള കഥയെഴുത്തിനെക്കാൾ വായനക്കാരന്‌ ഒരു സന്ദേശം കൂടി കൈമാറാൻ കഴിയുന്ന ഇത്തരം സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള കഥകളാവുമ്പോൾ കഥാകാരൻ അവന്റെ സാമൂഹ്യ പ്രതിബദ്ധത കൂടി നിറവേറ്റുകയാണ്‌.

  ReplyDelete
 40. ആഹ്..,ദുബായിലുള്ളപ്പോ എന്റെ വാഹനവും ബൈക്കായിരുന്നു. ഒന്നല്ല മൂന്നപകടം സംഭവിച്ചു.എല്ലാം ദൈവാധീനം കൊണ്ട് ജീവൻ പോകാതെ രക്ഷപ്പെട്ടു.വാരിയെല്ല് തകർന്നത് ഇപ്പോഴും തെല്ലുയർന്ന് തന്നെ നില്ക്കുന്നു.
  വല്ലാത്തൊരവസ്ഥ ആണേ. താങ്കൾ ഗൗരവം വിടാതെ എഴുതി.

  ReplyDelete
 41. ഇതിനെല്ലാം പുറമേ ഈ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ആസ്വദിക്കുന്ന ഒരു നിക്ര്ഷ്ട സമൂഹത്തേയും നമുക്കിന്ന് കാണാന്‍ സാധിക്കും. പ്രതികരിക്കാനും സഹായിക്കനും സമയമില്ലാത്ത ഈ സമൂഹം ഓടുന്നതെന്തിന്? ചിന്തിക്കേണ്ട കാര്യം തന്നെ. നന്നായി അവതരിപ്പിച്ചു.

  ReplyDelete
 42. കഥ വളരെ നന്നായി. അപകടത്തില്‍പ്പെട്ട് ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ തന്നെയാണ് കൂടുതലും.

  പിന്നെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് വിളിച്ചില്ല എന്നാ ചോദ്യത്തിന് വലിയ പ്രസക്തി ഒന്നുമില്ല. കഥയില്‍ താങ്കള്‍ സൂചിപ്പിച്ച മറുപടി വ്യക്തമാണ്.

  കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 43. * മുല്ല, ഈ നിര്‍ദ്ദേശങ്ങള്‍ വളരെ നല്ലതാണ്. ബ്ലോഗും കൂട്ടയ്മയും സൌഹൃദവുമൊക്കെ ക്രിയാത്മകമായി തിരിച്ചുവിടുകയാണെങ്കില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരും.

  * ലീല എം ചന്ദ്രന്‍, രചന നന്നായി എന്ന് പറയുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്. മറച്ചുവയ്ക്കുന്നില്ല. എന്നാലും തിരുത്തുവാനും കാണുമല്ലോ കുറെയധികം. അതുകൂടി പറഞ്ഞുതരണം.

  ReplyDelete
 44. അജിത്‌ ഭായ്
  വരാന്‍ താമസിച്ചതിനു ക്ഷമാപണം.
  അടുത്തകാലത്ത് വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥ എന്ന് വേണമെങ്കില്‍ പറയാം .വായനക്കൊപ്പം,വരികള്‍ മറന്നു ഞാന്‍ തന്നെയാണ് ഇതിലെ കഥാപാത്രം എന്ന് എനിക്ക് തോന്നിയെങ്കില്‍ അത് താങ്കളുടെ വിജയം എന്ന് ഞാന്‍ പറയും.
  എങ്കിലും കഥയുടെ അവസാനം വേറൊരു തലത്തില്‍ ആയിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നെനിക്ക് തോന്നുകയും ചെയ്തു.
  നല്ല സന്ദേശം സ്ഫുരിക്കുന്ന കഥകള്‍ ഇനിയും പിറക്കട്ടെ ..
  താങ്കളുടെ മാന്ത്രിക വിരലുകള്‍ ഇനിയും ചലിക്കട്ടെ...
  ഓടോ: അനീസ സൂചിപ്പിച്ച ബ്ലോഗ്‌ പോസ്റ്റ്‌ ഇതാവാനാണ് സാധ്യത.
  http://nazhika.blogspot.com/2010/07/blog-post.html

  ReplyDelete
 45. എന്താ എഴുത്ത്...മനോഹരമായിട്ടുണ്ട് ചേട്ടാ.
  ആത്മവികാരങ്ങളുടെ അസ്ഥിപഞ്ജരങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകൾ.

  satheeshharipad.blogspot.com

  ReplyDelete
 46. വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു ഈ കഥ. ഒരു അപകടത്തിന്റെ നേര്‍ചിത്രം പോലെ. മരണ വെപ്രാളത്തില്‍ കഴിയുന്ന നിസ്സഹായന്റെ പോക്കറ്റ് തപ്പുന്നതും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ലൈവായി പകര്‍ത്തി നിസ്സംഗതയോടെ കടന്നു പോകുന്നതുമൊക്കെ ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാധാരണയായിരിക്കുന്നു. അനുകമ്പയും മനുഷ്യത്വവും സഹജീവി സ്നേഹവുമൊക്കെ നമ്മില്‍ നിന്ന് ചോര്‍ന്നു പോവുകയാണോ. കഥയുടെ ആഖ്യാന ശൈലി ആകര്‍ഷകമാണ്. അഭിനന്ദനങ്ങള്‍.

  ReplyDelete
 47. കുസുമം
  ലിപി
  ദിവാരേട്ടന്‍
  സാബി
  റിയാസ്
  വി.കെ
  സുജിത്
  ആളവന്താന്‍
  റാംജി
  ശ്രീ
  എല്ലാ പ്രിയസുഹൃത്തുക്കള്‍ക്കും നന്ദി, വരവിനും വായനയ്ക്കും, അഭിപ്രായത്തിനും, നിര്‍ദ്ദേശങ്ങള്‍ക്കും.

  ReplyDelete
 48. വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു.

  ReplyDelete
 49. മൊയ്തീന്‍,
  വിനുവേട്ടന്‍,
  ഇസഹാഖ്,
  ബിഗു,
  പ്രവാസിനി,
  നീലത്താമര,
  ജെയിംസ് സണ്ണി,
  ഖാദര്‍,
  അനീസ
  നിങ്ങളുടെ നല്ല വാക്കുകള്‍ വലിയ പ്രോത്സാഹനമാണ്

  നല്ല അഭിപ്രായത്തിനു വളരെ നന്ദി

  ReplyDelete
 50. കലാവല്ലഭന്‍,
  യൂസുഫ്പ,
  ഷേഡ്സ്,
  ഷബീര്‍,
  ഷുക്കൂര്‍,
  എല്ലാരോടും വിശദമായി നന്ദിയും എഴുതിയ അഭിപ്രായത്തിനു മറുപടിയും പറയണമെന്നുണ്ട്. പക്ഷെ സമയം ഇത്തിരി ലാഭിച്ച് അത്രയും കൂടി ബ്ലോഗ് സൈറ്റുകളില്‍ പോയി കൂട്ടുകാരുടെ കൃതികള്‍ വായിക്കാമല്ലോ എന്നോര്‍ത്ത്...വീണ്ടും വീണ്ടും നന്ദി.

  ഇസ്മയില്‍,
  സതീഷ്,
  അക്ബര്‍,
  ലക്ഷ്മി ലച്ചു,

  നന്ദി നന്ദി നന്ദി.

  ReplyDelete
 51. നമ്മിലേക്ക്‌ ചുരുങ്ങുന്ന ആധുനികകാലത്തെ നന്നായി പ്രതിഫലിപ്പിച്ചു ഈ കഥയില്‍.

  ReplyDelete
 52. നമ്മുടെ നാട് അല്ലെങ്കില്‍ ആരാണ് തെറ്റുകാര്‍. എത്രയും പെട്ടെന്ന് പരിഹാരം കണ്ടേ തീരൂ.
  ഇല്ലെങ്കില്‍ ഇത് പോലെ ഒരുപാട് പേര്‍ റോഡരികില്‍ കിടന്നു നീറി നീറി തീരും.
  ആരെയാ കുറ്റം പറയേണ്ടത്, ചെയ്തവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ ക്രൂശിക്കുന്ന നിയമ സംഹിതയെയോ?
  ആലോചിക്കുക. ഉണര്‍ന്ന് ചിന്തിക്കുക.

  ReplyDelete
 53. അജിത്തേട്ടാ, വരാന്‍ വൈകിയതില്‍ ക്ഷമാപണം.ബൂലോകത്തെ പുതുമുഖമായതിനാല്‍ പലവഴികളും ഇപ്പോഴും അഞ്ജാതം....
  ഹൃദയത്തെ നോവിക്കുന്ന രചന... കാരുണ്യം വറ്റാത്ത ആരെങ്കിലും ആ വഴി എത്തിച്ചേരുമെന്ന പ്രതീക്ഷ വായനയില്‍ ഉടനീളം ആഗ്രഹിച്ചെങ്കിലും....

  അജിത്തേട്ടന്‍ പകര്‍ത്തി വച്ച ആരുടെയോ ജീവിതത്തെ, എന്റെതുമായി താരതമ്യം ചെയ്യുമ്പോള്‍ , കാരുണ്യത്തിന്റെ കൈകള്‍ എന്റെ നേരെ നീണ്ടു വന്നത് ഓട്ടോക്കാരുടെ രൂപത്തില്‍....ആശുപത്രിയില്‍ ആദ്യം പണം അടച്ചതും വീട്ടില്‍ നിന്നും സഹോദരങ്ങള്‍ എത്തുന്നത്‌ വരെ മോള്‍ക്ക്‌ കൂട്ടിരുന്നതും ഒരുപക്ഷേ ഭാഗ്യം മാത്രമാവാം...അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം എന്നും....

  ReplyDelete
 54. കുഞ്ഞുസ്സിനു സ്വാഗതം.
  ഒരു സൌഹൃദത്തിന്റെ തുടക്കമാകട്ടെ ഈ സന്ദര്‍ശനം

  അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടല്ലേ? വലിയ ദൈവാനുഗ്രഹം എന്നേ പറയേണ്ടു.

  ReplyDelete
 55. വളരെ ഹൃദയസ്പര്‍ശിയായിട്ടുണ്ട് അജിത്ത് ചേട്ടാ. വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സില്‍ ഒരു വേദന. നാളെ നമ്മല്‍ക്കും ഇത് വരാമല്ലോ എന്ന ചിന്ത. :-(

  ReplyDelete
 56. ഹ്രതയത്തില്‍ തൊട്ടു......ഇനി ഞാന്‍ ഇ പരിസരതൊക്കെ ഉണ്ടാകും....ഞാന്‍ ഈ നാട്ടില്‍ പുതിയതായി താമസം തുടങിയ ആളാണ്

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ, സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും

   Delete
 57. അപകടത്തില്‍ പെടുന്നവരെ പ്രാഥമിക സഹായം നല്കൂനവരെ, ക്രൂശിക്കാതെ, പിന്നീടുള്ളതുടര്‍ നടപടികള്‍ കേസന്വേഷകര്‍ അവരെ സമീപിച്ചു മൊഴി എടുക്കാന്‍ ഉള്ള ഒരു സംവിധാനം ഉണ്ടാകണം . എന്നാലെ അപകടത്തില്‍ പെടുന്നവരെ സഹായിക്കാന്‍
  മുന്നോട്ടു വരികയുള്ളു. പോലീസ് സ്റ്റെഷനിലേക്ക് പല വട്ടം വിളിച്ചു വരുത്തി നട്ടം തിരിയിക്കുന്ന ഇപ്പോഴത്തെ സമീപനം മാറണം .

  ReplyDelete
 58. രഘുമേനോന്‍, പഴയ പേജിലൂടെയുള്ള ഈ യാത്രയ്ക്ക് സന്തോഷത്തോടെ നന്ദി

  ReplyDelete
 59. "എടാ, വേണ്ടാത്ത വയ്യാവേലിയൊന്നും എടുത്ത് തലേല് വയ്ക്കണ്ടാ. പിന്നെ പോലീസ് സ്റ്റേഷന്‍ കേറി നടക്കാനൊന്നും എന്നേക്കൊണ്ട് വയ്യ, നീ വണ്ടി വിട്..." രണ്ടു തലങ്ങലുള്ള ഈ വാചകമാണ് ഇന്നത്തെ സമൂഹത്തിന്റെ പ്രധാന പ്രശ്നം. ഒന്ന്, സഹായിക്കാന്‍ തയ്യാറില്ല, വേണ്ടാത്ത വയ്യാവേലി എന്നത് അതിനുള്ള ഒരു മുടന്തന്‍ ന്യായം മാത്രം. രണ്ട്, അഥവാ സഹായിച്ചാല്‍ പിന്നെ അവര്‍ പോലീസില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന ദുരനുഭവങ്ങളും ബുദ്ധിമുട്ടുകളും. രണ്ട് തലത്തിലും മാറ്റം വരും എന്ന് നമുക്ക് പ്രത്യാശിക്കാം അല്ലെ!!

  ReplyDelete
  Replies
  1. പ്രിയ അരുണ്‍,
   പിന്തുടര്‍ന്നുള്ള ഈ വായന തീര്‍ച്ചയായും എനിക്ക് ആഹ്ലാദം പകരുന്നുണ്ട്.
   ഇവിടെ ഈ കഥയില്‍ പ്രതിപാദിക്കപ്പെട്ട വിഷയം ദിവസേന നമ്മുടെ റോഡുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. എല്ലാറ്റിനും വിലയുള്ള നാട്ടില്‍ മനുഷ്യജീവനുമാത്രം ഒരു വിലയുമില്ല. പരിഷ്കൃതസമൂഹമൊന്നുമല്ല നാം. അതാണ് മനോവിഭ്രാന്തിയുള്ളവര്‍ക്ക് അഭയമായിരിക്കേണ്ട ആതുരാലയങ്ങള്‍ അവര്‍ക്ക് കൊലക്കളമായി മാറുന്നതൊക്കെ. ചോദിക്കാനാരുമില്ല.

   Delete
 60. ഈ വൈകിട്ട് വരെ തന്റെ ഇഷ്ടപ്രകാരം ചലിച്ചിരുന്ന തന്റേതെന്ന് അഭിമാനത്തോടെ ചിന്തിച്ച ഈ അവയവങ്ങളൊന്നും തന്റെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കുന്നില്ലെന്നത് അവന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
  വായനക്കിടയില്‍ പലപ്പോഴും ആലോചിക്കുകയായിരുന്നു ഇത്തരം ഒരവസ്ഥ ചിന്തകള്‍ എന്നെങ്കിലും അനുഭവിക്കേണ്ടി വന്നാല്‍ , പിന്നെ ഓര്‍ത്ത്‌ എത്ര പേര്‍ ഒരു ദിനം ഇങ്ങിനെയെല്ലാം അനുഭവിക്കുന്നു ..
  ഒരു സത്യം തീര്‍ച്ചയാണ് . നമ്മുടെ നാട്ടിലെ അപകടങ്ങളോടുള്ള സമീപനം തീര്‍ച്ചയായും മാറേണ്ടിയിരിക്കുന്നു .
  ഇവിടെ വീണു കിടക്കുന്നവനെ ഒന്നെടുക്കാന്‍ കഴിയില്ലെങ്കിലും ആശ്വാസം തോന്നാറുണ്ട് , മിനുട്ടുകള്‍ക്കകം പ്രഥമ ശുശ്രൂഷ സംഘം എത്തി വേണ്ട ചികിത്സ വേണ്ട വിധം നല്‍കുന്നത് കാണുമ്പോള്‍

  ReplyDelete
 61. വളരെ ഹൃദയസ്പര്‍ശിയായിട്ടുണ്ട് അജിത്ത് ചേട്ടാ. :(

  ReplyDelete