Wednesday, June 1, 2011

അര നാഴികനേരം

പാതിതുറന്നൊരെന്‍ ജാലകപ്പാളിയില്‍
ഭീതിയകന്നൊരാപ്പൊന്‍ പതംഗം
സാധകം ചെയ്‌വതുപോലെമനോഹര
ഗീതികള്‍ കൊണ്ടൊരു മാല കോര്‍ത്തു
           
              ശ്രീതരും വാസന്തപഞ്ചമം പാടുമാ
              പീതവര്‍ണ്ണക്കിളിത്തേന്മൊഴികള്‍
              ഏതോ മധുഗാന മാധുര്യവീചി തന്‍
              ശീതാനിലസ്പര്‍ശമെന്നപോലെ

കാതുമുള്‍ക്കാതും കടന്നുവന്നിന്നെന്റെ
ആതങ്കമെല്ലാം അലിഞ്ഞു പോയീ
ഭൂതമാം കാലത്തിലെന്നോ നിഴല്‍ വീണ
പാതയില്‍ ഏകനായ്  യാനം ചെയ്കേ

             ഭീതിദം വ്യാധിതന്‍ ക്രൂര നഖങ്ങളാല്‍
             പാതിവഴിയില്‍ ഞാന്‍ വീണുവെന്നാല്‍
             സ്ഫീതമീക്കാര്‍മുകില്‍ പാളികള്‍ ചൂഴ്കിലും
             നീതരും സ്വാന്തനമെന്തഗാധം

ശീതളം നിന്‍ കരപേലവവല്ലരി
“ഭേദമുണ്ടോ” എന്ന ചോദ്യമോടെ
കാതരം ശോണിമം നിന്നംഗുലീമലര്‍
വേദനയെല്ലാം തുടച്ചെടുത്തൂ

             ശ്വേതാംബരധാരി നീ വന്നു ചാരെ നി-
             ന്നോതുന്ന ദൂതുകളെത്ര മോദം
             വീതിയും നീളവുമാഴമുയരവും
             തോതില്ല നോക്കുവാനപ്രമേയം

വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
പാഥേയമൊന്നുമില്ലാതെ നൂനം
ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
വാദമില്ലാതെപോമെന്നതോര്‍ക്കെ

           ഭൂതലേ നാം തേടും ധാടിയും മോടിയും
           ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
           നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
           നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ.

90 comments:

  1. വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
    പാഥേയമൊന്നുമില്ലാതെ നൂനം
    ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
    വാദമില്ലാതെപോമെന്നതോര്‍ക്കെ
    ഭൂതലേ നാം തേടും ധാടിയും മോടിയും
    ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
    നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
    നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ.

    കവിതയല്ലേ..എനിക്ക് ഇങ്ങിനെയെ പറയാന്‍ അറിയൂ.

    ReplyDelete
  2. ജീവിതത്തിന്റെ വാസന്തവനികയില്‍ നിന്ന് പെട്ടെന്ന് യാത്രയാകേണ്ടിവരുന്ന ചില യുവത്വങ്ങള്‍ക്ക് സമര്‍പ്പണം

    ReplyDelete
  3. കവിത മനസിലാകില്ല എന്നൊക്കെ പറഞ്ഞു പറഞ്ഞു ഒടുവില്‍ കവിത എഴുതി കളഞ്ഞല്ലോ !!അതും പ്രാസം തെറ്റാതെ ! അസ്സലായിട്ടുണ്ട് ...

    ReplyDelete
  4. അജിത്‌ ജീ, എനിക്കിത് അല്പം കട്ടിയായി ട്ടോ. എന്നാലും പിന്നെയും വായിച്ചു. രമേശ്‌ പറഞ്ഞതിനടിയില്‍ ഒരു ഒപ്പ്. വളരെ ഇഷ്ടമായി. അപ്പോള്‍ ഇതൊക്കെ കയ്യില്‍ വെച്ച് ആണ് കവിത അറിയില്ലാന്നു പറയുന്നത് ല്ലേ.

    ReplyDelete
  5. ദിതിയാക്ഷരപ്രാസത്തിൽ അകാലത്തിൽ കൊഴിഞ്ഞുപോകുന്ന നാഴിക തികക്കാത്തവരെ കുറിച്ച് അർത്ഥസമ്പുഷ്ട്ടമ്മായ ഒരു കാവ്യം...

    സമ്മതിച്ചു തന്നിരിക്കുന്നു ....

    കവിതയിലും താങ്കൾ കേമൻ തന്നെ!
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  6. ലളിതസുന്ദരമീ കവിത...
    ഈണത്തില്‍ ചൊല്ലാനും സുഖം...

    ReplyDelete
  7. സാറ് കവിതയിലും കൈ വെച്ചോ..?
    ഏതായാലും ആശംസകള്‍.

    ReplyDelete
  8. പണ്ട് സ്കൂളില്‍ പഠിക്കാന്‍ ഉണ്ടായിരുന്ന കവിതകള്‍ പോലെ നല്ല ഈണമുള്ള, അര്‍ത്ഥമുള്ള വരികള്‍... അജിത്‌ ഭായീ , ഇതാണ് കവിത :))

    ReplyDelete
  9. അജിത്‌ ഭായ്, കവിതയും നന്നായി വഴങ്ങും അല്ലെ? രസകരം ഈ എഴുത്ത്. എല്ലാ ആശംസകളും.

    ReplyDelete
  10. ഇപ്പൊ ബൂലോകത്ത് കവിതയുടെ കാലമാണെന്ന് തോന്നുന്നു ! എവിടെയും കവിതകള്‍ മാത്രം!

    കവിതയെ പറ്റി പറയാന്‍ വലിയ അറിവില്ലെങ്കിലും, അജിത്‌ ഭായിക്ക് ആശംസകള്‍..

    ReplyDelete
  11. അജിത്തേട്ടാ ,

    കവിത നന്നായി.. പിന്നെ കൂടുതല്‍ അവലോകനത്തിനൊന്നും മുതിരുന്നില്ല..അറിവില്ലായ്മ കൊണ്ടാണേ :-)

    ReplyDelete
  12. നല്ല കവിത!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  13. നന്നായിരിക്കുന്നു. പഴയകവിതകള്‍ വായിക്കുന്നത് പോലെ മനോഹരം!! ആശംസകള്‍!!

    ReplyDelete
  14. കൊള്ളാം നല്ല കവിത

    ReplyDelete
  15. ബെര്‍ളി പറഞ്ഞിരുന്നു.. പെണ്‍ പിള്ളേരെ പെട്ടെന്ന് കയ്യിലെടുക്കാന്‍ കവിതയാ ഉത്തമം എന്ന്... ആ പോസ്റ്റ് വ്വയിച്ചോ എന്നൊരു സംശയം ഇല്ലാതില്ല... ഹ..ഹ...

    കവിത ഉഷാറായിട്ടുണ്ട്... എന്റെ വിശകലനമല്ല.. മുകളിലുള്ളവരുടെ വിശകലനം ചേര്‍ത്ത് വായിക്കുന്നു... ആശംസകള്‍ അജിത്തേട്ടാ..

    ReplyDelete
  16. പഴയ കവിതകളുടെ ഒരു മട്ടുയുണ്ട് ....നന്നായി

    ReplyDelete
  17. ശലഭ ജന്മങ്ങള്‍ക്കായി..
    കവിത അറിയില്ലെന്ന് കള്ളം പറഞ്ഞ ചേട്ടനെ ഇനിയെന്ത് ചെയ്യണം..? ആ... നോം ഒരു ശിക്ഷ വിധിച്ചിരിക്കുന്നു.
    "ഇനിയെന്നും കവിത എഴുതി ഈ ചുമരില്‍ പതിക്കണം" എന്ന്..!!

    ReplyDelete
  18. ശീതളം നിന്‍ കരപേലവവല്ലരി
    “ഭേദമുണ്ടോ” എന്ന ചോദ്യമോടെ
    കാതരം ശോണിമം നിന്നംഗുലീമലര്‍
    വേദനയെല്ലാം തുടച്ചെടുത്തൂ...
    .....................
    ഇതുതാന്‍ കവിതൈ....!!

    ReplyDelete
  19. റാംജി
    ചെറുവാടി
    രമേഷ്
    സലാം
    മുരളിമുകുന്ദന്‍
    കുഞ്ഞുസ്
    മെയ് ഫ്ലവേര്‍സ്
    ലിപി
    ഷാനവാസ്
    വില്ലേജ് മാന്‍
    ദുബായിക്കാരന്‍
    കിങ്ങിണിക്കുട്ടി
    ഷാബു
    ജി ആര്‍ കവിയൂര്‍
    ഷബീര്‍
    ജയരാജ്
    മൈ ഡ്രീംസ്
    നാമൂസ്
    ഇസഹാഖ്,
    വന്ന് അഭിപ്രായവും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും വളരെ സന്തോഷത്തോടെ നന്ദി പറയുന്നു.

    ReplyDelete
  20. അജിത്തേട്ടാ...
    കവിതയും വഴങ്ങും അല്ലേ..?
    സംഭവം കലക്കനായി....

    ReplyDelete
  21. ഏട്ടാ ശബീരിനോദ്‌ ചേര്‍ന്നൊരു കയ്യൊപ്പ്‌ ..

    ReplyDelete
  22. വായിച്ചു..... കവിത എനിക്ക് വഴങ്ങില്ല......എന്നാലും ഒരു കവി കൂടി ജനിക്കുന്നതില്‍ സന്തോഷം.......

    ReplyDelete
  23. സര്‍, കവിത വായിച്ചുകൊണ്ടേയിരിക്കുന്നു.

    ReplyDelete
  24. നല്ല ഈണത്തിൽ വായിച്ചു അജിത്തേട്ടാ...നന്നായി പറഞ്ഞു അകാലത്തിൽ പൊലിയുന്ന പ്രാണനെപ്പറ്റി...എന്തൊക്കെ നേടിയാലും ഒരു നാൾ എല്ലാം ഉപേഷിച്ച് പോയെ മതിയാവൂ എന്നത് പ്രപഞ്ച നീതി

    ReplyDelete
  25. appol kavitayum vazhangum!

    nalla varikal.

    ReplyDelete
  26. നല്ല കവിത.
    'ഗവിത' എഴുത്തുകാർക്കീ കവിത പ്രചോദനമാവട്ടെ...

    ReplyDelete
  27. വ്യതസ്തമായ പ്രമേയം..നല്ല വാക്കുകളാല്‍ കോര്‍ത്ത നല്ല കവിത.
    പെട്ടന്ന് എല്ലാം ഇട്ടെറിഞ്ഞു പോകേണ്ടി വരുന്ന ഒരു അവസ്ഥ...
    മരണത്തിനു എല്ലാം ഒന്നു തന്നെ..യവ്വനവും വാര്‍ദ്ധക്യവും...
    കവിക്ക്‌ എന്റെ ഒരായിരം ആശംസകള്‍..
    ഒരു ലിങ്ക്
    http://ettavattam.blogspot.com/2010/11/blog-post_6443.html

    ReplyDelete
  28. നന്നായിട്ടുണ്ട് അജിത്തേട്ടാ... ഇന്നാ ഇതു കണ്ടത്... ഇല്ലേലും ഇന്നേ ഞാനിത് കാണുമായിരുന്നുള്ളൂ.... “എത്തിപ്പിടിയ്ക്കുവതൊക്കെയും ഞാനെന്‍റെ വെള്ളത്തുണിയില്‍ പൊതിഞ്ഞു വെയ്ക്കും..” എന്ന് അഹങ്കാരത്തോടെ പറയുന്ന മനുഷ്യനൊരു മറുപടിയായി തോന്നി “വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
    പാഥേയമൊന്നുമില്ലാതെ നൂനം
    ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
    വാദമില്ലാതെപോമെന്നതോര്‍ക്കെ“ എന്ന ഏട്ടന്‍റെ വരികള്‍ ... നന്നായി പറഞ്ഞിരിയ്ക്കുന്നു.... “പീതവര്‍ണ്ണം നിറച്ച സന്ധ്യകള്‍ എന്‍റെ മാറില്‍ കരിവീട്ടി പുകയ്ക്കുമ്പോള്‍ നിനക്കു മാറ്റി വെയ്ക്കുവാന്‍ ബാക്കിയാക്കിയ ഞാനെന്ന സത്യം ഇവിടെ നിന്നും മറയുവാന്‍ വെമ്പല്‍ കൊള്ളുന്നു.. .” എന്ന വരികളും വെറുതേ ഓര്‍ത്തു പോയി... സ്നേഹാശംസകള്‍ ഏട്ടാ...

    ReplyDelete
  29. പുതിയ പരീക്ഷണം പരാജയമല്ല.കവിത്വഗുണം ഉണ്ട് .
    തുടരുക (ഇടക്കുമാത്രം)
    കഥയും ലേഖനവും തന്നെ കൂടുതല്‍ ആസ്വാദ്യകരം (എന്റെ കാര്യമാ കേട്ടോ)
    ആശംസകള്‍.....

    ReplyDelete
  30. വായാടിയോടു ചാണ്ടിച്ചന്‍
    പറഞ്ഞത് പോലെ ഇനി ഞാന്‍
    അജിത്‌ ചേട്ടനോട് പറയും ..
    ഞാന്‍ ഈ ബ്ലോഗ് വായനാ നിര്‍ത്തും ..
    ഇങ്ങനെ എല്ലാവരും കവിതയുടെ
    കണ്ണില്‍ കണ്ണും നട്ട് ഇരുന്നാല്‍....

    തണലിന്റെ മുദ്രാവാക്യം പോലെ
    ഒന്നും അറിയില്ല എന്നതാണ് എന്‍റെ
    അറിവ് എന്ന് പാടി നടന്ന അജിത്‌
    ചേട്ടന്‍ പാടിയത് ഒരു പാണന്‍
    പാട്ട് തന്നെ ..കാമ്പ് ഉള്ള വരികള്‍ .
    ആശംസകള്‍ ...ഇതൊരു ശീലം
    ആക്ക്കണ്ട കേട്ടോ ...ഞങ്ങള്‍ ‍ കഥാ,
    ലേഖനം വായനകാരെ ഉപേക്ഷിക്കരുത് ..!!

    ReplyDelete
  31. ആദ്യമായാ ഇവിടെ...വിന്സന്റച്ചായന്‍ വഴി വന്നതാ...നമുക്ക് കവിതയൊന്നും ഗ്രഹിക്കാനുള്ള കഴിവില്ലാശാനെ...എങ്കിലും, മറ്റുള്ളവരുടെ കമന്റില്‍ നിന്നും മനസ്സിലായത്‌ സംഭവം കിണ്ണന്‍കാച്ചി ആണെന്നാ....അഭിനന്ദനങ്ങള്‍...

    ReplyDelete
  32. കവിത വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല. പിന്നെ കവിത സമര്‍പ്പിച്ചിരിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായ്.
    നന്നായിട്ടുണ്ട്. എല്ലാ ആശംസകളും.

    ReplyDelete
  33. Thanks for your nice comment on my blog :-)

    Have a lovely evening !!!

    ReplyDelete
  34. ഭൂതമാം കാലത്തിലെന്നോ നിഴല്‍ വീണ
    പാതയില്‍ ഏകനായ് യാനം ചെയ്കേ
    ഭീതിദം വ്യാധിതന്‍ ക്രൂര നഖങ്ങളാല്‍
    പാതിവഴിയില്‍ ഞാന്‍ വീണുവെന്നാല്‍
    സ്ഫീതമീക്കാര്‍മുകില്‍ പാളികള്‍ ചൂഴ്കിലും
    നീതരും സ്വാന്തനമെന്തഗാധം.........

    പ്രിയ അജിത്ത് ജി. ആദ്യമേ കവിതയ്ക്ക് അഭിനന്ദനങ്ങള്‍.

    വരികള്‍ മുറിയാതെ അങ്ങിനെ ഒഴുകുന്നു. ഇടയ്ക്കു മുറിച്ചു ഒരു space കൊടുത്താല്‍ ഒന്നൂടെ വായിക്കാന്‍ സുഖം കിട്ടും. താങ്കളുടെ കമന്റിന്‍റെ ചുവടു പിടിച്ചാണ് ഞാന്‍ വായിച്ചത്. ഇഷ്ടമായി വാക്കുകള്‍ കൊണ്ടുള്ള ഉപഹാരം. വായനാ സുഖം തന്ന കവിത.

    ReplyDelete
  35. പഠിച്ചിട്ടുള്ള കവിതകള്‍ പോലെ തന്നെ. ഇത്രയൊക്കെ കയ്യില്‍ ഉണ്ടായിട്ടാണ് അറിയില്ലാന്നു പറഞ്ഞിരുന്നത് :)

    ReplyDelete
  36. ഷമീര്‍ തളിക്കുളം
    ഫൈസല്‍ ബാബു
    ഹാഷിക്ക്
    ഖാദര്‍
    പട്ടേപ്പാടം
    സീത
    എച്മുക്കുട്ടി
    ബെഞ്ചാലി
    ഇസ്മായില്‍
    എന്റെ ലോകം
    മുല്ല
    ANYA
    അക്ബര്‍
    ശ്രീ

    ആദ്യകവിതാപരീക്ഷണത്തിന് നല്ലവാക്കുകള്‍ കൊണ്ട് പ്രോത്സാഹിപ്പിക്കുന്ന ഈ സ്നേഹത്തിന് നന്ദി

    ReplyDelete
  37. സമ്മതിച്ചു തന്നിരിക്കുന്നു അജിത്തേട്ടാ..അഭിനന്ദനങ്ങള്‍...

    ReplyDelete
  38. ente puthiya koottukara (with highrange relation)
    kavitha vayichu ,onnude manasiruthi pinneedu vayikkanam .santhosham

    ReplyDelete
  39. കൊമ്പന് കവിത യെ കുറിച്ച് വിലയിരുത്താന്‍ കൊമ്പന് അറിയില്ല(

    ReplyDelete
  40. അജിയേട്ടാ, കണ്ണൂരാനെപ്പോലുള്ള നിരക്ഷരകുക്ഷികള്‍ മാന്യമായി വന്നുപോകുന്നൊരു ബ്ലോഗാണിത്. അതോണ്ട്, അതോണ്ട് മാത്രം കവിതകളൊക്കെ എഴുതിക്കഴിഞ്ഞു കീബോര്‍ഡീന്നു എബൌട്ടേണ്‍ അടിക്കുംമുന്‍പ് കവിതയെക്കുറിച്ചൊരു രണ്ടുവരി ഗദ്യം ഇട്ടേച്ചു പോണം. അല്ലേല്‍ ദാ ഇതുപോലെ ഒന്നും മനസ്സിലാകാതെ കണ്ണൂരാനിങ്ങനെ ഫാനും നോക്കിയിരിക്കേണ്ടി വരും. പറഞ്ഞില്ലാന്നു വേണ്ട!

    ReplyDelete
  41. മലയാള കവിതാ ശൈലിയുടെ
    പഴമയും ഗാംഭീര്യവും നിറഞ്ഞുനില്‍പ്പുണ്ട് വരികളില്‍!

    ReplyDelete
  42. താങ്കൾ മുമ്പ് മോഹങ്ങളെപ്പറ്റി പറഞ്ഞതുപോലെ, ‘എനിക്കും താങ്കളുടെ ഈ ഭാവനയിൽ - ഈ ശൈലിയിൽ എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ’ എന്ന് മോഹിക്കുന്നു. അഭിനന്ദനങ്ങൾ.........

    ReplyDelete
  43. മൊയ്തീന്‍ അങ്ങാടിമുകര്‍
    സങ്കല്പങ്ങള്‍
    കൊമ്പന്‍
    കണ്ണൂരാന്‍
    എം.റ്റി മനാഫ്
    വി.എ,

    ഈ നല്ല വാക്കുകള്‍ക്കും സന്ദര്‍ശനത്തിനും നന്ദി അറിയിക്കട്ടെ.

    ReplyDelete
  44. :) പല വാക്കുകള്‍ടേം അര്‍ത്ഥം പിടികിട്ടീലാരുന്നു
    പക്ഷേ ഒരു കാര്യം സമ്മതിച്ച്. പണ്ട് പഠിച്ചിരുന്ന കവിതകളെകൂട്ടൊരു കവിത. കമന്‍‌റുകളിലൂടെ സഞ്ചരിച്ചപ്പോള്‍ അറിയാത്ത വാക്കുകളും വിവരണങ്ങളും പിടികിട്ടി.

    ആശംസകള്‍ അജിഭായ്

    ReplyDelete
  45. അജിത്‌ ഭായ്‌.. ഇതൊക്കെ കൈയിലിരുന്നിട്ടാണല്ലേ .... മഞ്ജരി വൃത്തമല്ലേ ഇത്‌?

    ഇടപ്പള്ളിയുടെ

    "കുട്ടിക്കതിരവന്‍ അംബര ലക്ഷ്മി തന്‍
    പട്ടുടയാടയില്‍ തൂങ്ങീടുമ്പോള്‍ ..."


    എന്ന് തുടങ്ങുന്ന കവിത പോലെ മനോഹരം ...

    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  46. കവിതയെപ്പറ്റി അറിയാവുന്നവർ പറയട്ടെ...
    ഇവിടെ ഞാൻ ആശംസകൾ നേരുന്നു...

    ReplyDelete
  47. വീകെയുടെ അഭിപ്രായം തന്നെ എനിക്കും

    ReplyDelete
  48. അജിത്ത്ജീ, ഞാന്‍ പറഞ്ഞില്ലെ,എല്ലാ വാക്കുകളും മനസ്സിലായില്ലേലും ആശയം എനിക്ക് പിടികിട്ടീരുന്നു. പിന്നെ ഇപ്പോഴത്തെ വിശദീകരണവും കൂടി കണ്ടപ്പോള്‍ കൂടുതല്‍ അറിഞ്ഞു. ഞാന്‍ വായിച്ചിരുന്നു ആ പിതാവ് മകനെ പറ്റി എഴുതീര്‍ന്നത്. കമന്റൊന്നും ഇടാതെ പോന്നതാണു,പറ്റിയില്ല,എന്തെഴുതാനാണു,എങ്ങനെ അവര്‍ സഹിക്കും എല്ലാം. ദൈവം മറക്കാനും പൊറുക്കാനുമുള്ള കഴിവ് കൊടുക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു.
    സ്നേഹത്തോടേ..

    ReplyDelete
  49. ചെറുത്
    പൊന്മളക്കാരന്‍
    വിനുവേട്ടന്‍
    മാറുന്ന മലയാളി
    വീ കെ
    മുല്ല

    നിറഞ്ഞ സന്തോഷത്തോടെ നന്ദി അറിയിക്കട്ടെ
    മുല്ലയുടെ രണ്ടാം വരവിന് വളരെ സന്തോഷം

    ReplyDelete
    Replies
    1. ലളിതമായ വരികള്‍ അര്‍ത്ഥ സമ്പുഷ്ടമായ കവിത ഭാവുകങ്ങള്‍

      Delete
  50. ഇത്രയും നന്നായി എഴുതാന്‍ കഴിവുള്ള ആളാണോ ബ്ലോഗില്‍ കവിത കാണുമ്പോള്‍ ഇതെനിക്ക് ദഹിക്കില്ല എന്നു പറഞ്ഞത്? മനസ്സില്‍ കവിത്വമുണ്ട്. അല്ലാത്ത ഒരാള്‍ക്ക് ഇതുപോലെ എഴുതാന്‍ പറ്റില്ല. വളരെ നന്നായിട്ടുണ്ട്. ഇഷ്ടമായി.

    ReplyDelete
  51. @ വായാടിതത്തമ്മ വന്നപ്പോള്‍ സന്തോഷമായി

    @ കുന്നക്കാടാ, അവിടെ വന്നപ്പോള്‍ വിരുന്നൊന്നും കണ്ടില്ലല്ലോ

    ReplyDelete
  52. വൈകിയാണ് എത്തുന്നത്. നല്ലപോലെ ഈണത്തില്‍ ചൊല്ലാന്‍ പറ്റുന്ന കവിത!

    ReplyDelete
  53. വരവ് വൈകി..... പല കമന്റുകളും വായിച്ചൂ... കവിത എന്ന് കാണുമ്പോൽ പലരുടെയും നെറ്റി ചുളിയും.. അതിനുള്ള കാരണം.. വാക്കുകളുടെ അർത്ഥം,ചിലപ്രയോഗങ്ങൾ,ചില ആശയം എന്നിവ നമ്മുടേ ബ്ലോഗർമാർക്ക് പിടികിട്ടാത്തത് കൊണ്ടാണ്.. ഇവിടെ അജിത് ഒരു കാര്യം ചെയ്തിരിക്കുന്നൂ... കുറച്ച് കഴിഞ്ഞിട്ടാണെങ്കിലും, വാക്കുകളുടെ അർത്ഥവും, സന്ദർഭവും ഒക്കെ വിശദമായി എഴുതിയിരിക്കുന്നൂ...അത് നന്നയി ഇത് ആദ്യമേ കോടുക്കണമായിരുന്നൂ....എന്തായാലും നല്ലോരു കവിത എനിക്ക് വളരെ ഇഷ്ടപ്പെട്ടൂ‍... എല്ലാ നന്മകളും നേരുന്നൂ

    ReplyDelete
  54. ഞാനും വൈകി,
    കവിത കട്ടിയാണ്,
    ഈണത്തില്‍ വായിച്ചു, ചില പദങ്ങള്‍ :(

    ആശംസകള്‍..

    ReplyDelete
  55. വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
    പാഥേയമൊന്നുമില്ലാതെ നൂനം
    ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
    വാദമില്ലാതെപോമെന്നതോര്‍ക്കെ
    ഭൂതലേ നാം തേടും ധാടിയും മോടിയും
    ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
    നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
    നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ.

    അജിത്തെട്ടാ,
    ഇന്നാണ് വായിക്കുവാന്‍ കഴിഞ്ഞത്.
    നന്നായിരിക്കുന്നു.

    ReplyDelete
  56. വളരെ നന്നായിരിക്കുന്നു.......ആശംസകള്‍.......

    ReplyDelete
  57. വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
    പാഥേയമൊന്നുമില്ലാതെ നൂനം
    ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
    വാദമില്ലാതെപോമെന്നതോര്‍ക്കെ
    ഭൂതലേ നാം തേടും ധാടിയും മോടിയും
    ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
    നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
    നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ.

    വരാന്‍ കുറച്ചു വൈകി
    വായിച്ചപ്പോള്‍ എന്തിനു ഇത്ര വൈകി എന്ന സംശയം
    നല്ല ആശയമുള്ള ഈണമുള്ളവരികള്‍
    " പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അറീക്കണേ."

    ReplyDelete
  58. ഒന്നും കൊണ്ട് പോകുന്നില്ലെന്കിലും നാലഞ്ചു പേര്‍ നല്ലതിന്റെ കൂട്ടത്തില്‍ എണ്ണുന്നത് നല്ല കാര്യമല്ലേ ?
    ശബ്ദതാരാവലിയെ കുറിച്ച് ഓര്‍മ്മ നല്‍കി.പണ്ട് പഠിച്ച വരികളും ഓര്‍മ്മിപ്പിച്ചു. എങ്കിലും(വിമര്‍ശനമല്ല സത്യം)എഴുതിയ വരികള്‍ നന്നായി. വെറും വാക്കല്ല സത്യം.

    ReplyDelete
  59. ആഹാ കൊള്ളാലോ ....

    ReplyDelete
  60. നല്ല പ്രാസത്തോടെ എഴുതിയിരിക്കുന്നു.
    നന്നായിട്ടുണ്ട്‌.

    (ഞാന്‍ ഈ വഴി പുതിയ ആളാ..... )

    www.rcp12.blogspot.com

    ReplyDelete
  61. ശങ്കരനാരായണന്‍
    ചന്തുനായര്‍
    നിശാസുരഭി
    റ്റോംസ് മീരാ പ്രസന്നന്‍
    കെ എം റഷീദ്
    ഞാന്‍
    ഉമേഷ്
    രാജേഷ്

    നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.
    ഓരോ അഭിപ്രായങ്ങള്‍ക്കും പ്രത്യേകമായി മറുപടിയും സ്നേഹവും ഒക്കെ നല്‍കണമെന്നുണ്ട്, പക്ഷെ അപ്പോള്‍ മറ്റ് കൂട്ടുകാരുടെ രചനകള്‍ വായിക്കാന്‍ സമയം തികയാതെ പോകും. പതിനാറുമണിക്കൂര്‍ വരെയെത്തുന്ന ജോലിത്തിരക്കിനു ശേഷം വീട്ടിലെത്തിയാല്‍ പിന്നെ ഭാര്യയുടെ "ദയവി"ല്‍ കിട്ടുന്ന ഒരു മണിക്കൂര്‍ ആണ് ഇപ്പോള്‍ ബൂലോകത്ത് ലഭിക്കുന്നത്.

    ReplyDelete
  62. അജിത്‌ ചേട്ടാ .ഇവിടെ എത്താന്‍ വൈകി
    നല്ല കവിത...... ഇഷ്ട്ടപ്പെട്ടു

    ReplyDelete
  63. ബോലോഗത്തെ പരശ്ശതം "കവിതകള"ടങ്ങുന്ന പാലാഴി കടഞ്ഞാൽ കിട്ടുന്ന വിരലിലെണ്ണാവുന്ന നല്ല കവിതകളിൽ ഒന്ന്.
    ഒറ്റക്കിരുക്കുമ്പോൾ എല്ലാരും ചെയ്യുന്ന ഒരു കടും കൈയാണ്, കവിതയെഴുത്ത്. പക്ഷേ ഞാൻ മനസ്സിലാക്കിയിടത്തോളം സർഗ്ഗസൃഷ്ടികളിൽ ഏറ്റവും പ്രയാസകരമായത് കവിതാരചന തന്നെ. നല്ല വാഗ്‍വൈഭവവും, വ്യാകരണപാണ്ഡിത്യവും അതിരുകളില്ലാത്ത ഭാവനയും ഒരു കവിക്ക് അത്യാവശ്യമാണ്. ഇതൊന്നുമില്ലാതെയാണ് പ്രണയവും ദു:ഖവും വിരഹവും വാരിവലിച്ചിട്ട് പലരും സൃഷ്ടിക്കുന്ന "കഴുത"കൾ. അതിനെ ഒന്നു കളിയാക്കിയാണ് ഞാൻ "ഒരു കഴുത" എഴുതിയതും.
    താങ്കളുടെ കവിത ബൂലോഗത്തെ കവിതയെഴുത്തുകാർക്കൊരു പാഠപുസ്തകമാകട്ടെ. താങ്കളുടെ നാല് പോസ്റ്റുകൾ വായിച്ചു. എലാത്തിലും ഒരൊഴുക്കുണ്ട്. ഒരു താളവും. സത്യസന്ധമായ അഭിപ്രായമാണ്. അത് പറയുന്നതാണ് ശീലവും. നല്ല ഒരു കവിതാനുഭവം തന്നതിന് നന്ദി.
    "വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
    പാഥേയമൊന്നുമില്ലാതെ നൂനം
    ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
    വാദമില്ലാതെപോമെന്നതോര്‍ക്കെ
    ഭൂതലേ നാം തേടും ധാടിയും മോടിയും
    ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
    നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
    നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ. "
    ഈ വരികൾ....മറക്കില്ലൊരിക്കലും. GREAT GREAT!!

    ReplyDelete
  64. അര്‍ത്ഥം താഴെ എഴുതിയപ്പോ മനസിലായി ,..........വളരെ മനോഹരം ഇതാണ് കവിത... ആശംസകള്‍....

    ReplyDelete
  65. @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍, വൈകിയാലും സാരമില്ല എത്തുന്നു, വായിക്കുന്നു എന്നറിയുന്നത് എത്ര സന്തോഷകരം,

    @ ചീരാമുളക്, ഈ ആദ്യസന്ദര്‍ശനത്തിനും വായനയ്ക്കും വളരെ സന്തോഷത്തോടെ നന്ദി അറിയിക്കട്ടെ.

    @ ഉമ്മു അമ്മാര്‍, നല്ല വാക്കുകള്‍ക്ക് വളരെ നന്ദി

    ReplyDelete
  66. മനോഹരമായ കവിത..അഭിനന്ദനങള്‍...

    ReplyDelete
  67. കാവ്യഭംഗിയുള്ള നല്ല കവിത...:))

    ReplyDelete
  68. @ റെജി പുത്തന്‍ പുരയ്ക്കല്‍, സ്വാഗതം, സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി

    @ പ്രിയദര്‍ശിനി, ഒരു കവയിത്രി ആയി ഞാന്‍ കാണുന്ന പ്രിയയില്‍ നിന്നൊരു അനുമോദനം സന്തോഷകരം തന്നെ

    ReplyDelete
  69. ഏറെ വൈകിയല്ലോ അജിയെട്ടാ ഞാനിവിടെ എത്താന്‍ ..............(Anwar Shafeeq ‎Usman Iringattiri Jimmy John കവിതയെന്താണെന്ന് അറിയാൻ, ആസ്വദിക്കാൻ ഇതാ ഇവിടെയൊരു മനോഹരമായ കവിത, ബൂലോഗത്ത് അത്യപൂർവ്വമായി സംഭവിക്കുന്നത്. http://yours-ajith.blogspo​t.com/2011/06/blog-post.ht​മല്‍) മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ ഇരിങ്ങാട്ടിരി മാഷിന്റെ ഒരു പോസ്റ്റിലെ മേല്‍ കമന്റുള്ള ചര്‍ച്ചയില്‍ നിന്നാണ് ഈ കവിതയില്‍ എത്തിയത്..സത്യമായും ഒരല്പം വൈകി എന്ന കുറ്റബോധം തോന്നി.. താങ്കളുടെ വരികള്‍....
    "ശ്രീതരും വാസന്തപഞ്ചമം പാടുമാ
    പീതവര്‍ണ്ണക്കിളിത്തേന്മൊഴികള്‍
    ഏതോ മധുഗാന മാധുര്യവീചി തന്‍
    ശീതാനിലസ്പര്‍ശമെന്നപോലെ
    കാതുമുള്‍ക്കാതും കടന്നുവന്നിന്നെന്റെ
    ആതങ്കമെല്ലാം അലിഞ്ഞു പോയീ..."

    മനോഹരം.....അഭിനന്ദനങ്ങള്‍....!!!

    ReplyDelete
  70. This comment has been removed by the author.

    ReplyDelete
  71. നല്ല പദ്യം. പ്രാസദീക്ഷയും രസായി.

    ReplyDelete
  72. താളക്രമത്തിലുള്ള ഇത്തരം പദ്യങ്ങള്‍ കാണുവാന്‍ വളരെ പ്രയാസമാണിപ്പോള്‍..
    നന്നായിട്ടുണ്ട് കവിത!

    ReplyDelete
  73. ഇഗ്ഗോയ്, കൊച്ചുമുതലാളി, നന്ദി. പഴയ ഏടുകളില്‍ സുഹൃത്തുക്കളെത്തുമ്പോള്‍ പ്രത്യേകസന്തോഷമുണ്ട്

    ReplyDelete
  74. അജിത്തേട്ടന്റെ പുതിയ പോസ്റ്റ്‌ ഒന്നൂടെ നോക്കാന്‍ വന്നതാണ് ....അതിലെ വിശദീകരണം വായിച്ചു അങ്ങനെ അരനാഴികനേരത്തില്‍ എത്തി .... :)

    ReplyDelete
    Replies
    1. പഴയ താളുകളില്‍ കൂടി വല്ലപ്പോഴും വന്നെത്തുന്ന വിരുന്നുകാര്‍ ഏറെ സന്തോഷിപ്പിക്കാറുണ്ട്. കൊച്ചുമോള്‍ക്ക് വലിയ സ്വാഗതം.

      Delete
  75. കവിത നന്നായിട്ടുണ്ട് , നന്നാവാനുമുണ്ട്.

    കവിതയിലെ വൃത്തവും അലങ്കാരവും പണ്ട് പഠിച്ചതൊഴിച്ചാല്‍ മറ്റു ബന്ധങ്ങള്‍ ഒന്നും അവകാശപെടാനില്ല , എങ്കിലും ഇത് വൃത്തനിബദ്ധം ആണെങ്കില്‍ ആ വിവരം കൂടി ചേര്‍ക്കാം , അല്ലെങ്കില്‍ വൃത്തമോപ്പിച്ചു എഴുതാന്‍ ശ്രമിക്കു.

    താങ്കള്‍ക്കു കഴിവും ജ്ഞാനവുമുണ്ട്, അത്തരക്കാരോടല്ലേ പറയാന്‍ പറ്റു?
    ഇനിയും എഴുതുക

    ReplyDelete
  76. എന്‍റെ ബ്ലോഗിലെ കമന്റ്‌ പിടിച്ചു വന്നു നോക്കിയതാണ്..വായിച്ചപ്പോള്‍ എന്‍റെ പഴയ കവിതകള്‍ ഓര്‍ത്തു, പഴഞ്ചന്‍ ആണെന്നൊഴിച്ചാല്‍ മറ്റു സാമ്യമൊന്നുമില്ല,,:) ആശംസകള്‍...

    ReplyDelete
  77. കെ പി,
    ശ്രീജ പ്രശാന്ത്,

    സന്തോഷവും സ്നേഹവും അറിയിക്കുന്നു. നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

    ReplyDelete
  78. വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
    പാഥേയമൊന്നുമില്ലാതെ നൂനം
    ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
    വാദമില്ലാതെപോമെന്നതോര്‍ക്കെ
    ഭൂതലേ നാം തേടും ധാടിയും മോടിയും
    ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
    നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
    നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ. .kalakki ketto

    ReplyDelete
  79. ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
    വാദമില്ലാതെപോമെന്നതോര്‍ക്കെ
    ഭൂതലേ നാം തേടും ധാടിയും മോടിയും
    ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ

    ഒരു ജ്ഞാനപ്പാന വായിച്ച ഇഫെക്ട്‌

    ReplyDelete
  80. മിനി.പി.സിSeptember 10, 2012 at 12:22 AM

    അജിത്തേട്ടാ ,ലക്ഷണമൊത്ത കവിത .മനോഹരം !

    ReplyDelete
  81. നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
    നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ..... സത്യം.... സുന്ദരം ഈ എഴുത്ത്.

    ReplyDelete
  82. രണ്ട വട്ടം വായിച്ചു. മനോഹരമായ പദാവലികള്‍ .

    ReplyDelete
    Replies
    1. താങ്ക്സ് തുമ്പീ, സന്ദര്‍ശനത്തിനും നല്ല അഭിപ്രായത്തിനും

      Delete
  83. പ്രാസഭംഗിയുള്ള കവിത ......നേരത്തെ വായിച്ചിരുന്നു

    ReplyDelete