ഈ പോസ്റ്റ് ഒരു പട്ടിയെപ്പറ്റിയാണ്. അല്‍സേഷനോ ഡോബര്‍മാനോ ഡാഷ്ഹണ്ടോ പോമറേനിയനോ ഒന്നുമല്ല. വെറുമൊരു നാടന്‍പട്ടി. അവനെപ്പറ്റിയാണ് ഇത്. വായിച്ചുകഴിഞ്ഞ് “ഒരു കില്ലപ്പട്ടിയെപ്പറ്റി എഴുതി ഞങ്ങളുടെ സമയം കളഞ്ഞു” എന്ന് പറയാന്‍ തോന്നിയാല്‍...മുന്‍കൂര്‍ ജാമ്യം
-------------------------------------------------------------------------------------------------------------
തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. കുഞ്ഞു മുഖത്തിനു ചേരാത്ത വിധത്തില്‍ വലിപ്പമുള്ള കണ്ണുകള്‍. അവ കൌതുകത്തോടെ എന്നെ നോക്കി. ഒരു ഇഞ്ച് പോലും നീളമില്ലാത്ത വാല്‍ തെരുതെരെ ആട്ടിക്കൊണ്ട് അവന്‍ എന്നെ നോക്കിക്കൊണ്ടേയിരുന്നു. എന്തൊരോമനത്തം! ഞാനവനെ എന്റെ കൈകളിലെടുത്തു. ചിരിക്കുന്ന മുഖത്തോടെ അവന്‍ എന്റെ കൈകളിലിരുന്ന് വാലാട്ടിക്കൊണ്ടിരുന്നു. ഞാന്‍ അവനെ എന്റെ മുഖത്തോടടുപ്പിച്ചു. നായ്ക്കുട്ടിയുടെ പാല്‍മണം ഞാന്‍ ആസ്വദിച്ചു.
തിളക്കമുള്ള കറുപ്പുവര്‍ണ്ണം മാത്രം ചാലിച്ച ആ കുറുമ്പനു ഒരു പേരിടാന്‍ എനിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. കറമ്പന്‍, ഞാനവനെ വിളിച്ചു. അങ്ങിനെ അവന്റെ പേര്‍ കറമ്പന്‍ എന്നായി. അതിനും മുന്‍പുണ്ടായിരുന്നത് ജിമ്മിയെന്ന ഗൌരവക്കാരന്‍ നായ് ആയിരുന്നു. അവന്‍ വയസ്സായി മരിച്ചതില്‍ പിന്നെ കുറെ നാള്‍ വീട് ബൌ ബൌ ഇല്ലാതെ നിശ്ശബ്ദമായിപ്പോയി. വീടായാല്‍ ഒരു പട്ടി വേണം എന്ന് പറഞ്ഞ് കുഞ്ഞൂഞ്ഞ് കൊണ്ടുത്തന്നതാണവനെ. പൊതുവെ നായ്ക്കളോട് ഒരു പ്രത്യേകമമതയുള്ള ഞാന്‍ ഈ കുഞ്ഞിക്കണ്ണനുമായിട്ട് പ്രഥമദര്‍ശനത്തില്‍ തന്നെ പപ്പി ലവ് ആയി. ചെറിയ ഒരു ബാസ്കറ്റില്‍ തുണിമെത്തയൊക്കെ ഉണ്ടാക്കി അവനെ അതില്‍ വച്ച് ഞാന്‍ ഉറങ്ങാന്‍ പോയി.
പാതിരാത്രിയോടടുത്തപ്പോള്‍ ഒരു ചെറിയ കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. കുഞ്ഞുകുട്ടികള്‍ “അമ്മേ” എന്ന് വിളിച്ച് കരയുന്നപോലെ ഒരു കരച്ചില്‍. ഞാന്‍ എഴുന്നേറ്റ് വരാന്തയിലെ ലൈറ്റിട്ടു. കറമ്പന്റെ ബാസ്കറ്റ് മെല്ലെയിളകുന്നു. കരച്ചില്‍ അതിനുള്ളില്‍ നിന്നാണ് കേള്‍ക്കുന്നത്. എന്റെ കാലൊച്ച കേട്ട് ഒരു കുഞ്ഞിത്തല ബാസ്കറ്റില്‍ നിന്ന് പൊങ്ങിവന്നു. പേടിച്ചരണ്ട കുഞ്ഞിക്കണ്ണുകള്‍ “എന്റെയമ്മയെവിടേ” യെന്നെന്നോട് ചോദിച്ചു. പാവം കണ്ണുതുറന്നിട്ട് ഒരാഴ്ച്ച പോലുമായിക്കാണുകയില്ല. അമ്മമാറില്‍ നിന്ന് പിടിച്ചുപറിച്ചുകൊണ്ടുവന്ന ഒരു കുഞ്ഞ്. അതിന്റെ ദൈന്യതയൊക്കെ ആ കണ്ണുകളില്‍ എഴുതിവച്ചിരിക്കുന്നു. എനിക്ക് വല്ലാതെ അലിവ് തോന്നി.
പാതിരാവിന്റെ ഏകാന്തനിശ്ശബ്ദതയില്‍ ഞാന്‍ കറമ്പനെയും മടിയില്‍ വച്ച് തലോടിക്കൊണ്ടിരുന്നു. അവന്റെ തേ(മോ)ങ്ങല്‍ മെല്ലെയടങ്ങി. തിരിയെ ബാസ്കറ്റില്‍ കിടത്തിയിട്ടെഴുന്നേറ്റ ഉടനെ ഉച്ചസ്ഥായിയിലായ കരച്ചില്‍ എന്നെ വീണ്ടും ആ തണുത്ത രാത്രിയില്‍ ഒരു പപ്പിസിറ്റര്‍ ആക്കി മാറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. നേരം പുലരുന്നത് വരെ ഞങ്ങള്‍ ആ ഇരുപ്പ് തുടര്‍ന്നു. അത് ഒരു സ്നേഹബന്ധത്തിന്റെയും തുടക്കമായിരുന്നു.
വീട്ടിലെല്ലാവരുടെയും പ്രിയപ്പെട്ടവനായി കറമ്പന്‍ വളര്‍ന്നു. ഒരു കൂട്ടുകുടുംബം പോലെയായിരുന്നു ആ വീട്. ആറേഴ് കുട്ടികളും അതിനുവേണ്ടുന്ന മാതാപിതാക്കളുമൊക്കെയുള്ള ഒരു സന്തോഷകുടുംബം. ധനശേഷിയില്ലായിരുന്നെങ്കിലും സ്നേഹത്താല്‍ സമ്പന്നമായിരുന്നു അത്. അങ്ങിനെയിരിക്കെ ദീപാവലി വന്നു. ആദ്യത്തെ പടക്കം വീണ് പൊട്ടുന്നത് വരാന്തയില്‍ കിടന്ന് മയങ്ങുന്ന കറമ്പന്റെ മുമ്പിലായിരുന്നു. പടക്കം പൊട്ടുന്ന ഒച്ചയില്‍ കറമ്പന്‍ ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരക്കം പായുമ്പോള്‍ കുട്ടികളെല്ലാവരും പടക്കങ്ങളും കമ്പിത്തിരികളും മത്താപ്പുമൊക്കെയായി ആഘോഷിച്ച് തിമിര്‍ക്കുകയാണ്. കറമ്പന്റെ ഭയവും വെപ്രാളവും കാണുവാനായി കുട്ടികള്‍ മനഃപൂര്‍വം പടക്കം കത്തിച്ച് അവന്റെ മുമ്പിലേയ്ക്കിടും. എന്നാല്‍ അത് അവന്റെ സ്വഭാവത്തെ ആകെ മാറ്റി. പിന്നെയെന്തെങ്കിലും ഒച്ച കേട്ടാല്‍ അവന്‍ ഞെട്ടിവിറച്ച് ചൂളി എവിടെയെങ്കിലും പതുങ്ങിക്കിടക്കും. ഉറക്കെയൊന്ന് കയ്യടിച്ചാല്‍ പോലും അവന്‍ ഭയന്ന് പോകും. മഴക്കാലത്ത് ഇടിയൊക്കെ വെട്ടുമ്പോള്‍ അവന്‍ ഓടി ഏതെങ്കിലും അയല്പക്കത്ത് പോയി ഒളിക്കും. ഈ സ്വഭാവം അറിയാവുന്നതുകൊണ്ട് അയല്‍ക്കാരൊന്നും അതില്‍ ഒരു വിഷമവും പറഞ്ഞതുമില്ല. അല്ലെങ്കിലും നാട്ടിന്‍പുറത്ത് അങ്ങിനെയുള്ള നന്മകളൊക്കെ ഇപ്പോഴുമുണ്ട്.
എപ്പോള്‍ വെളിയില്‍ പോയിട്ട് വന്നാലും എന്റെ കയ്യില്‍ അവനുള്ള മിഠായിയോ പലഹാരമോ കാണാതിരിക്കയില്ല. അതുകൊണ്ടുതന്നെ ഞാന്‍ എവിടെയെങ്കിലും പോയാല്‍ കുട്ടികള്‍ കാത്തിരിക്കുന്നതുപോലെ കാത്തിരിക്കാനും എന്റെ കാലൊച്ച കേള്‍ക്കയില്‍ ഓടിയെത്തി സ്വീകരിക്കാനും ഒക്കെ അവന്‍ ശീലിച്ചു. (നായ്ക്കള്‍ക്ക് സന്തോഷം വരുമ്പോള്‍ അവ ഓടുന്നത് പ്രത്യേക രീതിയിലാണ്. മുന്‍ കാലുകള്‍ രണ്ടും ഒരേ താളത്തിലാണ് അപ്പോള്‍ ചലിക്കുക. അല്ലെങ്കില്‍ ഒന്ന് ഉയരുമ്പോള്‍ അടുത്ത കാല്‍ തറയിലായിരിക്കും.) ഈ സ്നേഹം കണ്ടിട്ട് അസൂയപ്പെട്ടവര്‍ പോലുമുണ്ട്. ഒരിക്കല്‍ ഞാന്‍ വീടിന്റെ താഴെ റബര്‍ തോട്ടത്തില്‍ കൂടെ നടക്കുമ്പോള്‍ എന്റെ ജ്യേഷ്ഠന്റെ മകള്‍ ചിന്നു അരികില്‍ കിടന്ന കറമ്പനോട് പറഞ്ഞു “ദാണ്ട്ടാ കര്‍മ്പാ നിന്റെ അച്ഛന്‍ വരണു” അവള്‍ക്കന്ന് മൂന്ന് വയസ് ആണ്. അവളുടെ അച്ഛന്‍ വരുമ്പോളൊക്കെ അവള്‍ക്ക് മിഠായി കിട്ടും. അതുകൊണ്ട് മിഠായി കൊടുക്കുന്നയാള്‍ അച്ഛനെന്ന് അവള്‍ കുഞ്ഞുമനസ്സില്‍ ചിന്തിച്ചുകാണും. ഈ കാര്യം ഇന്നും പറഞ്ഞ് ചിരിക്കാറുണ്ട് ഞങ്ങള്‍.
ആ കാലത്താണ് ഞാന്‍ സിംഗപ്പൂരില്‍ ജോലിയായി പോകുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ് അവധിക്ക് വരുമ്പോള്‍ കറമ്പന്‍ ഒരു യുവാവായിക്കഴിഞ്ഞിരുന്നു. ദൂരെനിന്ന് കണ്ടപ്പോള്‍ ഒന്ന് കുരച്ചു. ആ കിളുന്തുശബ്ദമൊക്കെ മാറി, നല്ല ലക്ഷണമൊത്ത കുര. അടുത്ത നിമിഷം അവന് എന്നെ മനസ്സിലായി, പിന്നെയൊരു പാച്ചിലായിരുന്നു. കാലുകള്‍ നിലത്ത് തല്ലിത്തല്ലിപ്പാഞ്ഞുവന്ന് എന്റെ ദേഹത്തേയ്ക്ക് ചാടിക്കയറി...എന്തൊക്കെയോ അവന്റെ ഭാഷയില്‍ പറഞ്ഞും ചിരിച്ചും പരിഭവിച്ചും ഒരു ബഹളം തന്നെ. രണ്ടുമാസം പെട്ടെന്ന് കടന്നുപോയി. ഇതിനിടയില്‍ കറമ്പനെ വാസക്ടമി ചെയ്തു കുഞ്ഞൂഞ്ഞ്. കാരണം പുരയിടത്തിന്റെ കോണുകളില്‍ നിന്നൊക്കെ ശ്വാനസുന്ദരികള്‍ മെല്ലെ ചൂളമടിച്ചും കണ്ണുകാട്ടിയും അവനെ മയക്കാന്‍ ശ്രമിച്ചുതുടങ്ങിയിരുന്നു. ഞങ്ങളുടെ ഇലയ്ക്കാട് ഗ്രാമവും അയല്‍ഗ്രാമങ്ങളുമൊക്കെ കറമ്പന്റെ ശ്രുതിയെത്തിക്കാണും. എവിടെനിന്നെല്ലാമാണ് ശ്വാനയുവതികളുടെ വരവ്!! എത്രയെത്ര സുന്ദരിമാര്‍!!! പല വര്‍ണ്ണത്തിലും ചന്തത്തിലും!!!! (എന്റെ അവധി ഒരോണക്കാലത്തായിരുന്നു. ചിങ്ങം, കന്നി, തുലാം....) അവന്റെ ചാരിത്രം സംരക്ഷിക്കാന്‍ വേണ്ടി ആ കടുംകൈ ചെയ്യേണ്ടിവന്നു. അതുവരെ സന്തോഷ് മാധവനായും നിത്യാനന്ദനായുമൊക്കെ ഭാവം കാണിച്ചിരുന്ന അവന്‍ പിന്നെ കടുക്കാകഷായം കുടിച്ച സാധു ആയിമാറി.
(എനിക്കൊരു നിര്‍ദ്ദേശം സര്‍ക്കാരിലേയ്ക്ക് വയ്ക്കുവാനുണ്ട്. ഈ വലിയ പീഡനവീരന്മാരെയൊക്കെ പിടിച്ച് കുഞ്ഞൂഞ്ഞിന്റെ കയ്യിലേല്പിക്കുക. ഓരോരുത്തരെയും അരമണിക്കൂര്‍ കൊണ്ട് നിരായുധരാക്കിത്തരും. ആയുധം കയ്യിലില്ലാത്തോന്‍ അടരാടുന്നതെങ്ങിനെ എന്ന് കവിതയും ചൊല്ലി അവര്‍ ആനന്ദന്മാരായിക്കോളും)
അടുത്ത വെക്കേഷനില്‍ ആയിരുന്നു എന്റെ വിവാഹം. അതിനുമുമ്പ് തന്നെ അവന്‍ അനുവിനെ കണ്ടിട്ടുണ്ട്. മാത്രമല്ല ഞങ്ങള്‍ മുടിഞ്ഞ പ്രേമത്തിലാണ് ഞാന്‍ അവളെയേ കെട്ടൂ എന്നൊക്കെ അവനോട് മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതുമാണല്ലോ. അതുകൊണ്ട് അവന്‍ സസന്തോഷം അനുവിനെ സ്വാഗതം ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഗ്രാമത്തിലെ അമ്പലത്തില്‍ ഉത്സവം. സിംഗപ്പൂരില്‍ നിന്ന് കൊണ്ടുവന്ന നല്ല വിലയുള്ള മനോഹരമായ സാരിയുടുത്ത് ഉത്സവത്തിനു പോകാം എന്ന് ഞാന്‍ പറഞ്ഞു. എന്തോ അവള്‍ അന്ന് വേറൊരു സാരിയാണുടുത്തത്. ഞാന്‍ പിന്നെയൊന്നും പറഞ്ഞതുമില്ല. ഉത്സവം കൂടി പുലര്‍ച്ചെ തിരിയെ വന്നപ്പോള്‍ കണ്ട കാഴ്ച്ച!! ആ മനോഹരമായ സാരി പിഞ്ചിക്കീറി വലപ്പരുവമായി മുറ്റത്ത് കിടക്കുന്നു. കറമ്പന്റെ പ്രതികാരം. ആ സാരിയുടുക്കാന്‍ ഞാന്‍ അനുവിനെ നിര്‍ബന്ധിക്കുമ്പോള്‍ അവന്‍ അരികില്‍ ഇതെല്ലാം കേട്ടുകൊണ്ട് കിടക്കുന്നുണ്ടായിരുന്നു. അന്നുവരെയോ അതുകഴിഞ്ഞോ അവന്‍ ഒരു കീറത്തുണി പോലും അങ്ങിനെ നശിപ്പിച്ചിട്ടേയില്ല. അങ്ങിനെ കറമ്പനും അനുവും ശത്രുക്കളായിമാറി.
എന്നാല്‍ ശത്രുത അധികദിവസം നീണ്ടില്ല. അതുകൂടി വിവരിച്ച് ഞാന്‍ ഈ കുറിപ്പ് നിര്‍ത്താം. ഗ്രാമ അതിരിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. മഴക്കാലത്ത് സുലഭമായും വേനല്‍ക്കാലത്ത് അത്യാവശ്യത്തിനും വെള്ളമുള്ള ആ തോട്ടിലാണ് ഭൂരിഭാഗം ഗ്രാമവാസികളുടെയും നീരാട്ടും തുണിയലക്കലുമൊക്കെ. ഓരോ കടവിലും അര്‍ധനഗ്നകളും മുക്കാല്‍ നഗ്നകളുമൊക്കെയായി കുളിക്കുന്ന ഗ്രാമീണപ്പെണ്‍കൊടികളും അതൊക്കെ പതിവുകാഴ്ച്ചയായതിനാല്‍ ശ്രദ്ധിക്കാതെ ഓരത്തുകൂടെ സഞ്ചരിച്ചിരുന്ന ചെറുപ്പക്കാരും ഒക്കെ നാട്ടിന്‍പുറനന്മകളായിരുന്നു. എന്റെ വീട്ടില്‍ നിന്ന് ഒരു ഫര്‍ലോംഗ് നടന്നാലെ ഈ തോട്ടിലെത്തൂ. ചെറിയ കുറ്റിക്കാടുകളൊക്കെയുള്ള ഒരു തെങ്ങിന്‍ തോപ്പിലൂടെ വേണം അവിടെയെത്താന്‍. വീട്ടില്‍ നിന്നാര് കുളിക്കാന്‍ പോയാലും കറമ്പന്‍ ഒരു പൈലറ്റ് ജീപ്പോടിച്ചുകൊണ്ട് പോകും. അവര്‍ കുളിച്ചുതീരുന്നതുവരെ തോട്ടുവക്കത്ത് കിടപ്പ്. അവര്‍ മടങ്ങുമ്പോള്‍ പൈലറ്റ് തിരിയെ വീട്ടിലേയ്ക്ക്.
അന്ന് അനു തോട്ടിലേയ്ക്ക് ഒരു ബക്കറ്റില്‍ തുണിയുമൊക്കെയായി പോവുകയാണ്. കറമ്പന്‍ പൈലറ്റ് മുമ്പില്‍. പെട്ടെന്ന് ബ്രേക്കിട്ടതുപോലെ കറമ്പന്‍ നിന്നു. മുമ്പോട്ട് നടക്കുന്ന അനുവിന്റെ മുമ്പില്‍ അവന്‍ മാറാതെ നിന്നു. അവനെ തള്ളിമാറ്റി വീണ്ടും മുമ്പോട്ട് പോയ അവളുടെ നൈറ്റിയില്‍ അവന്‍ കടിച്ച് വലിക്കുകയാണ്. അത് കീറിയിട്ടും അവന്‍ ആ കടി വിട്ടില്ല. അപ്പോള്‍ ആണ് അനു ആ കാഴ്ച്ച കണ്ടത്. തൊട്ടുമുമ്പിലുള്ള ചെറിയ കുറ്റിക്കാട്ടില്‍ ഫണം വിടര്‍ത്തിനില്‍ക്കുന്ന ഒരു മൂര്‍ഖന്‍. അതിന്റെ മുമ്പിലേയ്ക്ക ആയിരുന്നു അവള്‍ നടന്നുകൊണ്ടിരുന്നത്. അപകടം മുന്‍ കൂട്ടിയറിഞ്ഞ കറമ്പന്‍ അവളെ തടയുകയായിരുന്നു. സ്തംഭിച്ച് തറഞ്ഞുനിന്നുപോയ അനു ബക്കറ്റും തുണിയുമൊക്കെ അവിടെയെറിഞ്ഞ് ജീവനുംകൊണ്ട് തിരിഞ്ഞോടി.
അതോടെ കറമ്പന്‍ വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ കണ്ണിലുണ്ണിയായ ഹീറോ ആയിമാറി. നല്ല ആയുസ്സെത്തി സന്തോഷത്തോടെ ജീവിച്ച് ഒരു ഇടവപ്പാതിയില്‍ ഇടിയും മഴയുമൊക്കെയുള്ള ഒരു രാത്രിയില്‍ അവന്‍ ഇറങ്ങിപ്പോയി. അത് പതിവുള്ളതാകയാലും അടുത്ത ദിവസം അവന്‍ വീട്ടില്‍ ഹാജര്‍ വയ്ക്കുമെന്നതിനാലും ആരും വലിയ കാര്യമാക്കിയില്ല. എന്നാല്‍ പിറ്റേദിവസവും അതിനടുത്തദിവസവും പിന്നെയും ദിവസങ്ങള്‍ കടന്നുപോയി. കറമ്പന്‍ തിരിയെ വന്നില്ല.
ഈ പോസ്റ്റ് ഞാന്‍ ആ നല്ല ജീവിയുടെ ഓര്‍മ്മയ്ക്കായി എഴുതിയതാണ്. നാം ഇങ്ങിനെ സന്തോഷമായി ജീവിക്കുന്നത് എത്രപേരുടെ, എത്രയെത്ര ജീവികളുടെ സഹായത്താലാണ് അല്ലേ. ചിലപ്പോള്‍ വെറുമൊരു പട്ടിയുടെ രൂപത്തിലും ദൈവികകരുണ നമ്മളെ തേടിയെത്തുമായിരിക്കും. ഈ കറമ്പനെപ്പോലെ.
(കറമ്പനും ജ്യേഷ്ഠന്റെ മകന്‍ ഉണ്ണിയും...രണ്ടുപേരും വിടപറഞ്ഞു പോയി)
എഴുതാന്‍ ഇനിയും വീരചരിതം ഏറെയുണ്ട്. എന്നാലും ഒരു പട്ടിയെപ്പറ്റി എഴുതുന്നതിന് ഒരു ലിമിറ്റൊക്കെയില്ലേ..
ReplyDeleteതാങ്കളുടെ നല്ല ശൈലിയിലുള്ള അനുഭവവിവരണം വായിക്കുന്നവർക്ക് സന്തോഷമേയുണ്ടാകൂ. എനിക്കും ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടുണ്ട്, കുറിക്കുന്നില്ല. ഒരു വലിയ ജീവനെ രക്ഷപ്പെടുത്താൻ വന്ന ‘യമധർമ്മനാ’കാം, പൂർവ്വീകരായ ബന്ധുവാകാം ആ ശ്വാനൻ. അവസാനമെത്തിച്ച് അത്ഭുതപ്പെടുത്തിയല്ലൊ!! വേർപിരിഞ്ഞ ‘ഉണ്ണി’യുടേയും പലായനം ചെയ്ത ‘കറമ്പന്റേ’യും ഓർമ്മകളിലൂടെ ഞാനും സഞ്ചരിക്കുന്നു.....
ReplyDeleteഇതില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിന്‍റെ ആവശ്യം ഒട്ടുമില്ല അജിത് ഭായ്.
ReplyDeleteമനുഷ്യനായാലും മൃഗമായാലും സ്നേഹത്തിന്‍റെ ഭാഷ ഒന്ന് തന്നെയാണ് .
അതുകൊണ്ട് തന്നെ ഈ കുറിപ്പ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു .
അവതരണത്തിലെ മികവ് അതിന് സഹായിക്കുകയും ചെയ്തു
കറമ്പന്റെ സ്നേഹത്തിന്റെ കഥകള്‍ അത്ഭുതത്തോടെ വായിച്ചു തീര്‍ത്തു.
ReplyDeleteനമ്മള്‍ സാധാരണ പറയാറുണ്ടല്ലോ ഒരു പട്ടിക്ക് വെള്ളം കൊടുത്തിട്ടുണ്ടെങ്കില്‍ അത് വാലാട്ടുകയെങ്കിലും ചെയ്യുമല്ലോ എന്ന്.
നന്ദി കാണിക്കുന്ന കാര്യത്തില്‍ പട്ടി മനുഷ്യനെക്കാള്‍ എത്ര ഭേദം..
അജിത് സര്‍, ഒട്ടും മടുപ്പില്ലാതെ വായിച്ചു.
വളരെ ഹൃദയസ്പര്‍ശിയായി എഴുതി അജിത്തേട്ടാ.... നായകള്‍ കാണിക്കുന്ന കരുതല്‍ അനുഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ അതെപ്പറ്റി എഴുതണം എന്നും കരുതിയിരുന്നു. ഈ പോസ്റ്റ് വീണ്ടും അതൊക്കെ ഓര്‍മിപ്പിച്ചു.
ReplyDeleteവായന അവസാനിച്ചപ്പോള്‍ ആ മുന്‍കൂര്‍ ജാമ്യം വേസ്റ്റ് ആയി തോന്നി.ആ കറമ്പന്‍ ആളൊരു കുറുമ്പന്‍ ആയിരുന്നല്ലോ.
ReplyDeletei can imagine how much u cried,while watching hachiko....i did too...nice post
ReplyDeleteഅജിത്തേട്ടാ,
ReplyDeleteകറുമ്പനെ കുറിച്ചുള്ള പോസ്റ്റ് ഹൃദ്യമായി.."എന്റെ അവധി ഒരോണക്കാലത്തായിരുന്നു. ചിങ്ങം, കന്നി, തുലാം.." വളരെ രസകരമായിരുന്നു ഈ ഭാഗങ്ങള്‍..മാത്രമല്ല നല്ലൊരു സന്ദേശം കൂടി അവിടെ പറയുകയും ചെയ്തു. "പീഡനവീരന്മാരെയൊക്കെ പിടിച്ച് കുഞ്ഞൂഞ്ഞിന്റെ കയ്യിലേല്പിക്കണം". ഡല്‍ഹി ഹൈ കോര്‍ട്ടിലെ ഒരു വനിതാ ജഡ്ജ് അങ്ങനെ ഒരു നിര്‍ദേശം വെച്ചിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
താങ്കളുടെ ബ്ലോഗിന്റെ ആദര്‍ശ വാക്യം പോലെ മനോഹരമായ പോസ്റ്റ്. യുവാവായ കറപ്പന്റെ നിറം മാറിയത് പോലെ തോന്നി.
ReplyDeleteചില എഴുത്തുകളില്‍ “ സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്, ....” എന്നും കണ്ടിട്ടുണ്ട്. ഏതാവും ശരിയായ സംസ്കൃതം?
സ്നേഹിച്ചാല്‍ അനേകമിരട്ടി തിരിച്ചു തരുന്ന വിഷയത്തില്‍, നായ എന്ന ജീവി മനുഷ്യനേക്കാള്‍ ഒരു പാട് മുന്നില്‍ തന്നെയാണ്.
ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ പൊതുവേ പട്ടിയെ കണ്ടാല്‍ തന്നെ പേടിച്ചു ഓടുന്ന ഞാന്‍ വരെ കറുമ്പനെ സ്നേഹിച്ചു പോകും ...!
ReplyDeleteമനോഹരമായ ഓർമ്മക്കുറിപ്പ്. ഈ ജീവികൾക്കു തോന്നുന്ന സ്നേഹത്തിന്റെ കാരണമെന്താണെന്നു ആലോചിച്ചിട്ടുണ്ട്.ആഹാരം മാത്രമല്ലയെന്നു ഉറപ്പ്.കറുമ്പനോടുള്ള ഇഷ്ടം വ്യക്തമായി പോസ്റ്റിൽ കാണുന്നുണ്ട്.
ReplyDeleteകടുത്ത നായവിരോധിയായിരുന്ന(അതിനെക്കുറിച്ചൊരു പോസ്റ്റും ഇട്ടു!)ഞാൻകുറച്ചു കാലം കൊണ്ട് ‘ഫാബി’യെ കൂട്ടുകൂടി ഒരു നായപ്രേമിയായി.
(“എന്തെങ്കിലും ശത്രുത ബാക്കി നില്‍ക്കുന്നെങ്കില്‍ I strongly recommend you to watch the movie Hatchiko - A dog's tale" ഇത് അന്നെന്റെ പോസ്റ്റിലിട്ട അഭിപ്രായമാണ്.)
നല്ലൊരു ഓർമ്മക്കുറിപ്പ്........
ReplyDeleteആശംസകൾ...
ചേട്ടാ ..ഇഷ്ട്ടപ്പെട്ടു ഇത്ര ഗാഡാമായി സ്നേഹത്തെപ്പറ്റി എഴുതിയല്ലോ ?
ReplyDeleteകറമ്പൻ മനസ്സിലൊരു നിറഞ്ഞ സ്നേഹമായി അജിത്തേട്ടാ വായിച്ച് കഴിഞ്ഞപ്പോൾ..മുങ്കൂർ ജാമ്യം അപ്രസക്തം തന്നെയ്...ചിലപ്പൊ മറ്റു ജീവികൾ മനുഷ്യനേക്കാൾ സ്നേഹവും ആത്മാർത്ഥതയും കാണിക്കും എന്നു ഭംഗിയായി പറഞ്ഞു കറമ്പായനത്തിലൂടെ ഒട്ടും വിരസത തോന്നിപ്പിക്കാതെ...
ReplyDeleteഉണ്ണി വിട പറഞ്ഞെന്നോ ? അകാലത്തിലുള്ള വേര്‍പ്പാടല്ലേ അത്.
ReplyDeleteപോസ്റ്റ് നന്നായി, എനിക്ക് നായ്ക്കളേയും പൂച്ചകളേയും
ഇഷ്ടമല്ലെങ്കിലും .
ഇവിടെയുള്ള കറമ്പന്മാരേക്കാളും സുന്ദരിമാരെ മയക്കുന്ന കറമ്പൻ..!
ReplyDeleteപൈലറ്റ് കറമ്പൻ..
നാടൻ ഗുണഗണങ്ങൾ ഒത്തിണങ്ങിയ ഈ കറമ്പൻ ചരിതം അസ്സലായി കേട്ടൊ ഭായ്
best wishes
ReplyDeleteഞാന്‍ വായിച്ചതില്‍ മികച്ച പോസ്റ്റുകളിലൊന്നു്.
ReplyDeleteഅസ്സലായിട്ടുണ്ടു്. നൊമ്പരമായി ഉണ്ണിക്കുട്ടന്റെയും
കറമ്പന്റെയും ചിത്രം. യുധിഷ്ഠരന്‍ പിന്തിരിഞ്ഞു
നോക്കിയപ്പോള്‍ കണ്ട ശ്വാനനാകാം ഈ കറമ്പന്‍
മനുഷ്യനെക്കാള്‍ നന്ദി മൃഗങ്ങല്‍ക്കുന്ടന്നു കേട്ടിട്ടുണ്ട്..ഉണ്ട ചോറിനു നന്ദി അവരെപ്പോളെങ്കിലും കാണിക്കും..എന്തായാലും ആ നല്ല ജീവിയുടെ ഓര്‍മ്മകള്‍ ഇപ്പോളും മനസ്സിനെ നൊമ്പരപ്പെടുതുന്നുണ്ടാവും അല്ലെ..?
ReplyDeleteഎഴുതിയത് വളരെ ഇഷ്ട്ടപ്പെട്ടു. എഴുതിയത് നായയെ പറ്റിയല്ല. സ്നേഹത്തെ കുറിച്ചാണ്. നായക്ക് ഉള്ളത്ര സ്നേഹം ഇന്ന് മനുഷ്യന് മനുഷ്യനോട് ഇല്ല.
ReplyDeleteമൃഗങ്ങള്‍ മനുഷ്യനെക്കാള്‍ ഭേദമാണെന്ന് മാത്രം പറയുന്നത് അവയെ അപമാനിക്കലാവും! മൃഗങ്ങള്‍ മനുഷ്യനെക്കാള്‍ " എത്രയോ " ഭേദം എന്നല്ലേ പറയേണ്ടത് :)
ReplyDeleteപോസ്റ്റ് നന്നായി അജിത് ഭായ്.
ഹൃദ്യമായ വിവരണം, ഓര്‍മ്മകള്‍ കാഴ്ചയാക്കുന്നചിത്രവും കഥപറയുന്നു!
ReplyDeleteഅജിത് ഭായീ,അടിക്കുറിപ്പ് നൊമ്പരമായി.
സ്നേഹാദ്രമായി ഈ ഓർമ്മക്കുറിപ്പ്...
ReplyDelete@ വീ എ, സന്തോഷമായി. വാസ്തവത്തില്‍ ഒരു സങ്കോചമുണ്ടായിരുന്നു ഇത് പോസ്റ്റ് ചെയ്യുന്നതില്‍. കൂട്ടുകാരുടെ വിലയുള്ള സമയം വെറും പട്ടിക്കഥ പറഞ്ഞ് അപഹരിക്കുകയാണോ എന്ന സങ്കോചം. നോക്കൂ, പലരുടെയും അനുഭവത്തില്‍ ഇതുപോലെ ഉണ്ടായിട്ടുണ്ടെന്ന് ഈ അഭിപ്രായങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞല്ലോ.
ReplyDelete@ ചെറുവാടീ, സ്നേഹത്തിന്റെ ഈ കുറിപ്പ് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
@ മെയ് ഫ്ലവേര്‍സ്, നന്ദി, നല്ല വാക്കുകള്‍ക്ക്. ശരിയാണ്, നന്ദി കാണിക്കുന്നതില്‍ നായയോളം വേറൊരു ജീവിയും വരില്ല.
@ കുഞ്ഞൂസ്സെ, ആ അനുഭവവും എഴുതൂ. കുഞ്ഞൂസ്സിന്റെ ശൈലിയില്‍ എഴുതുമ്പോള്‍ അതൊരു നല്ല ഓര്‍മ്മക്കുറിപ്പാകുമെന്ന് നിശ്ചയമല്ലേ
@ ഹാഷിക്ക്, കറമ്പന്‍ ഒരു കുറുമ്പന്‍ തന്നെയായിരുന്നു. ഒരു പേടിത്തൊണ്ടന്‍ കുറുമ്പന്‍.
@ കേഡി കത്രീന,ആദ്യമായി വന്നതല്ലേ നല്ല ഒരു സ്വാഗതം. (ഹാച്ചിക്കോ കണ്ട് കരഞ്ഞൂന്ന് പറഞ്ഞപ്പോള്‍ മനസ്സിലായേ..കേഡി വെറും ഇനിഷ്യല്‍ ആണെന്ന്. ഇവിടെയെല്ലാരുടേം കണ്ണുനിറഞ്ഞൊഴുകി അവന്റെ കഥ കണ്ടോണ്ടിരുന്നപ്പോ. ഞാനും ഒരു ലോഭവുമില്ലാതെ കരഞ്ഞൂന്ന് പറയാന്‍ എനിക്കൊരു നാണോമില്ലാട്ടോ)
@ ദുബായിക്കാരാ (പേരറിയാമെങ്കിലും ഇങ്ങിനെ വിളിക്കാനാണൊരു സുഖം) കറമ്പനെ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞ് സന്തോഷിക്കുന്നു. (Castration ഒരു ശിക്ഷയായി പ്രഖ്യാപി ക്കണമെന്ന് തോന്നിപ്പോകും ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍)
@ ഫൈസു മദീന, ആദ്യമായിട്ടുള്ള ഈ സന്ദര്‍ശനത്തിന് ആദ്യമേ സ്വാഗതം. മനുഷ്യകുലത്തിന് ആദ്യമായി ഇണങ്ങിയ ജീവി പട്ടിയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നല്ല നേരമ്പോക്ക് ആണ് കേട്ടോ ഇവറ്റകളുമായുള്ള ചങ്ങാത്തം.
@ ശ്രീ, ഉവ്വുവ്വ് ഞാന്‍ ആ കമന്റ് ഓര്‍ക്കുന്നുണ്ട്. അതെഴുതിയതിന് ശേഷം ശ്രീ ഈ ചിത്രം കണ്ടാല്‍ നായവിരോധം അലിഞ്ഞുപോകുമെന്ന് ചിന്തിക്കയും ചെയ്തു.
@ ഓര്‍മ്മകളേ, സ്വാഗതം, സന്തോഷം. ആശംസകള്‍ക്ക് നന്ദി, വീണ്ടും കാണുമല്ലോ.
@ പ്രദീപ് പൈമാ, പത്ത് വര്‍ഷം കാണാതിരുന്നാലും തന്റെ യജമാനനെ ഒരു നിമിഷത്തില്‍തന്നെ നായയ്ക്ക് തിരിച്ചറിയാന്‍ പറ്റും. പിന്നെ ആ സ്നേഹം ഗാഡമായി മാറാതിരിക്കുമോ അല്ലേ. (ചുറ്റിവളച്ച് എഴുതുന്ന “ഡ” എങ്ങിനെ ടൈപ്പ് ചെയ്തിട്ടും വരുന്നില്ല)
@ സീത, മുന്‍ കൂര്‍ ജാമ്യം തിരിച്ചെടുത്തു, കൂട്ടുകാരുടെയൊക്കെ അഭിപ്രായം വായിച്ചുകഴിഞ്ഞപ്പോള്‍ ഇനി ധൈര്യമായി. ( ഈ പോസ്റ്റിന് ഹെഡിംഗ് ഇട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ സീതയെ ഓര്‍ത്തു, പിന്നെ എഡിറ്റില്‍ പോയി, ഹെഡിംഗ് മാറ്റി നോക്കി, പലതും പരീക്ഷിച്ചുനോക്കി, പിന്നെയോര്‍ത്തു, സാരമില്ല സീത അത്ര സില്ലിയല്ല...) ഇതു സത്യം സത്യം സത്യം
@ കേരളദാസനുണ്ണി, ആദ്യമായിട്ടുള്ള ഈ സന്ദര്‍ശനത്തിന് വളരെ സന്തോഷത്തോടെ നന്ദി പറയട്ടെ, നായ്ക്കളെയും പൂച്ചകളെയും ഇഷ്ടമല്ലെങ്കിലും ഈ പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ വീണ്ടും സന്തോഷിക്കുന്നു. ഉണ്ണി അകാലത്തില്‍ പൊലിഞ്ഞുപോയി. ഒരു ബൈക്കപകടം. ശരീരത്തെങ്ങും ഒരു പരിക്കുമില്ലാതെ, തലയിടിച്ച്. ഒരു ഹെല്‍മറ്റ് ഉണ്ടായിരുന്നെങ്കില്‍ മാറുമായിരുന്ന വിപത്ത് എന്ന് പറയാം. വരുവാനുള്ളത് വഴിയില്‍ തങ്ങില്ലായിരിക്കാം.
@ മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം, ബിലാത്തിവിശേഷം ഇന്ന് വായിച്ചു. നമ്മടെ നാടന്‍ കറമ്പന്മാരുടെയത്ര വരുമോ ബിലാത്തിക്കറമ്പന്മാര്‍..അല്ലേ!
@ പ്രദീപ് പെരശ്ശന്നൂര്‍, ആശംസകള്‍ക്ക് നന്ദി. ഞാനവിടെ വന്ന് ഫോളോ ചെയ്തിട്ടുണ്ട്. മുമ്പ് പലതവണ വന്നപ്പോഴും ഓര്‍ത്ത കാര്യമാണ് ഫോളോവര്‍ ഓപ്ഷനില്ലല്ലോന്ന്.
@ ജെയിംസ് സണ്ണി പാറ്റൂര്‍, നല്ല വാക്കിന് വളരെ നന്ദി. (നോവല്‍ പുരോഗമിക്കുന്നുണ്ടല്ലോ അല്ലേ)
@ ഒടിയാ, അവനെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സന്തോഷമാണ്. നൊമ്പരം കലര്‍ന്ന സന്തോഷം. ( ഏറ്റുമാനൂര്‍ എവിടെയാണ് താമസം? ഞാന്‍ കുറവിലങ്ങാട് അടുത്താണ് കേട്ടോ)
@ കണക്കൂര്‍, നായെപ്പറ്റിയല്ല, അവന്റെ സ്നേഹത്തെപ്പറ്റിത്തന്നെ. എഴുതിയത് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
@ വില്ലേജ് മാന്‍, ശരിയാണ്, മനുഷ്യനെക്കാള്‍ വളരെ ഉന്നതത്തിലാണ് മൃഗങ്ങള്‍ എന്ന് തോന്നുന്ന തരത്തിലാണ് മനുഷ്യരുടെ പെരുമാറ്റം പലപ്പോഴും.
@ ഇസ് ഹാക്, നന്ദി, നല്ല വാക്കുകള്‍ക്ക്, നൊമ്പരം ഉള്‍ക്കൊണ്ടതിലും
അജിത്ത് ചേട്ടാ, എന്റെ കണ്ണുനനയിച്ചു. ചേട്ടന്‍ ചേട്ടന്റെ കറുമ്പനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ടോമിയെ ഓര്‍ത്തുപോയി. മനുഷ്യന്‍ ശ്വാനന്‍റെ രൂപത്തില്‍ അവതരിച്ചതാണെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്ന എന്റെ കറുമ്പന്‍ ടോമിയേക്കുറിച്ച്. ഒരു ബക്രീദിന്റെ പിറ്റേന്ന് പുലര്‍ച്ചെ പാമ്പ് കടിയേറ്റ് ചത്ത നിലയിലാണ് ഞാന്‍ അവസാനമായി കാണുന്നത്. കുളിമുറിയില്‍ക്കയറി ആരും കാണാതെ ഞാന്‍ വാവിട്ടുനിലവിളിച്ചത് ഇന്നും ഓര്‍ക്കുന്നു. ഞാന്‍ എഴുതും അവനെക്കുറിച്ച് ഇങ്ങനൊരു കഥ.
ReplyDeleteഎന്തിനായിരുന്നു മുൻ കൂറ് ജാമ്യം? ശരിയ്ക്കും കറമ്പനെപ്പറ്റിയല്ലേ, അതു പോലെയുള്ള നന്മകളെപ്പറ്റിയല്ലേ എഴുതേണ്ടത്?
ReplyDeleteനല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ.
അജിത് ഭായ്, നായയുടെത് ആയാലും നന്മ നന്മ തന്നെയാണ്..മനസ്സലിയിക്കുന്ന ഈ സ്നേഹബന്ധം അമൂല്യമായ ഒരു അനുഭൂതിയല്ലേ??പോസ്റ്റ് വളരെ വളരെ ഇഷ്ടപ്പെട്ടു...എല്ലാ ആശംസകളും..
ReplyDeleteഹൃദയസ്പര്‍ശിയായ ഓര്‍മ്മ. മനുഷ്യനെക്കാള്‍ നന്ദിയും സ്നേഹവും ഉള്ള ജീവിയാണ് നായ. മറ്റൊരു വിശ്വാസം കൂടിയുണ്ട് നമ്മുടെ സമൂഹത്തില്‍. നാല്‍ക്കാലികളെ വളര്‍ത്തിയാല്‍ നമ്മള്‍ മനുഷ്യരിലേക്ക് വരേണ്ടുന്ന പല അപകടങ്ങളും അവരിലൂടെ തടയപ്പെടും.
ReplyDeleteഎന്തിനായിരുന്നു മുന്‍കൂര്‍ ജാമ്യം? വായിച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്നൊരു ശൂന്യത. എഴുത്തിലടനീളമുള്ള സ്നേഹവും ദു:ഖ്ഛവിയുമൊക്കെ ആ ജീവിയോടുള്ള അടുപ്പവും വാത്സല്യവും എടുത്തുകാട്ടി. വളരെ കുഞ്ഞായിരുന്നപ്പോള്‍ ഇത്തരമൊരു ബന്ധം എനിക്കുമുണ്ടായിരുന്നു. അതും വലിയ വേദനയില്‍ തന്നെയാണവസാനിച്ചത്.
ReplyDeleteഎത്രയോ ജീവജാലങ്ങളുടെ നന്മ കൊണ്ടളന്നതാണു നമ്മുടെയൊക്കെ ജീവിതങ്ങള്‍,ല്ലേ.
ReplyDeleteവളരെ നന്നായി പറഞ്ഞു.
ഇത് വായിക്കുമ്പോള്‍ ഞങ്ങളുടെ 'പപ്പി'യേ ഓര്‍ത്ത് പോയി ഞാന്‍. ഏതാണ്ട് ഏഴു വര്‍ഷത്തോളം അവന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പിന്നീടൊരുനാള്‍ അവനെങ്ങോ പോയ്മറഞ്ഞു.
ReplyDeleteകറമ്പനിലൂടെ പറഞ്ഞുവെച്ച സ്നേഹത്തിനു നൂറ് മാര്‍ക്ക്.
ഒരു മുൻകൂർ ജാമ്യത്തിന്റെ ആവശ്യമേയുണ്ടായിരുന്നില്ല അജിത്‌ഭായ്... അത്ര ഹൃദയഹാരിയായി എഴുതിയിരിക്കുന്നു.
ReplyDeleteഞങ്ങൾക്കുണ്ടായിരുന്നു ഇതു പോലെ ഒരു ശുനകറാണി. റാണി എന്നായിരുന്നു പേര്. ഒരു അണലിയുടെ ആക്രമണത്തിൽ നിന്ന് അച്ഛനെ രക്ഷിച്ച് വീരമൃത്യുവടഞ്ഞു. സ്നേഹം നൽകുന്നവരെ ജീവൻ നൽകി സ്നേഹിക്കുന്ന മിണ്ടാപ്രാണികളെ എത്ര സ്നേഹിച്ചാലും മതിയാവില്ല...
ഞാനൊരു പട്ടി വിരോധിയാണെങ്കിലും ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു .
ReplyDeleteമനുഷ്യരേക്കാള്‍ എത്രയോ നല്ലവരാണ് നായ്ക്കള്‍..ഞങ്ങള്‍ക്കുമുണ്ട് ഒരാള്‍..ആള്‍ എന്നുതന്നെപറയും..ഞങ്ങളുടെ റോണ്‍..അജിതെട്ടന്റെ കറുമ്പനെ യും ഇഷ്ടപ്പെട്ടു /:)
ReplyDeleteനല്ല ശൈലി ഇഷ്ടമായി
ReplyDelete@ ഏ ജെ, താങ്കളുടെ കമന്റ് സ്പാം ബോക്സിലാണ് വന്നത്. അതുകൊണ്ട് മുമ്പ് കണ്ടില്ല. കറമ്പന്‍ വളര്‍ന്നുവന്നപ്പോഴേയ്ക്കും അവന്റെ നിറം തവിട്ട് കലര്‍ന്ന ഒരു നിറമായിപ്പോയി (സംസ്കൃതവാക്യം ഞാന്‍ ആദ്യം വേറൊരു രീതിയിലാണെഴുതിയിരുന്നത്. ഡോ. ജയന്‍ ഏവൂര്‍ ആണ് ഇങ്ങിനെ തിരുത്തിയത്. ഇതായിരിക്കും ശരി എന്ന് കരുതുന്നു.)
ReplyDelete@ സ്വപ്നജാലകം ഷാബു, എഴുതൂ ടോമിയെപ്പറ്റി, ഞങ്ങള്‍ വായിക്കട്ടെ
@ എച്മുക്കുട്ടി, ഈ നല്ല വാക്കുകള്‍ വലിയ പ്രോത്സാഹനം ആണ്
@ ഷാനവാസ്, ശരിയാണ്, നന്മ എവിടെനിന്നായാലും നന്മ തന്നെ. പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
@ ഖരാക്ഷരങ്ങള്‍, വിശ്വാസം ശരിയെന്ന് തോന്നും പലപ്പോഴും. എത്രയെത്ര അനര്‍ത്ഥങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരാണ് നാമോരോരുത്തരും. എല്ലാര്‍ക്കും കാണും അതിനെപ്പറ്റി പറയാനാണെങ്കില്‍.
@ ചീരാമുളക്, ഇത്തരം സ്നേഹബന്ധങ്ങളെല്ലാം ദുഃഖം കൊണ്ടുവരും.. കാരണം We outlive them.
@ മുകില്‍, ശരിയായി പറഞ്ഞു. പല ജീവജാലങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ വെല്‍-ബീയിംഗ്
@ നാമൂസ്, ഒരു കാര്യം ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് നായ അതിന്റെ മരണസമയമാകുമ്പോള്‍ വീട്ടില്‍നിന്നിറങ്ങി പോകുമെന്നാണ്. കാരണം ഞാനിങ്ങിനെയാണ് ചിന്തിക്കുന്നത്. സ്നേഹമുള്ള യജമാനന്‍ തന്റെ മരണം കണ്ട് ദുഃഖിക്കരുതല്ലോ എന്ന ചിന്ത. ബന്ധനത്തിലല്ലെങ്കില്‍, ചലിക്കാന്‍ കഴിയുമെങ്കില്‍ അവ ഇറങ്ങിപ്പോയ്ക്കളയും, അനുഭവം അങ്ങിനെയാണ്. (ഇറോം ശര്‍മ്മിളയോട് ഐക്യദാര്‍ഡ്യം)
@ വിനുവേട്ടന്‍, നല്ല വാക്കുകള്‍ക്ക് നന്ദി. റാണിയെ മറക്കാന്‍ കഴിയില്ല അല്ലേ?
@ ആഫ്രിക്കന്‍ മല്ലു, പട്ടിയെ ഇഷ്ടമല്ലെങ്കിലും പോസ്റ്റ് ഇഷ്ടമായെങ്കില്‍ അത് പോസ്റ്റിന്റെ നന്മയൊന്നുമല്ല, പട്ടിയുടെ നന്മയല്ലേ..? (ഇന്നലെ ഇതുപോലെ എല്ലാ അഭിപ്രായങ്ങള്‍ക്കും മറുപടി എഴുതി മല്ലുവിന്റെ കമന്റില്‍ വന്നപ്പോള്‍ ഒരു സംശയം; മല്ലുവിന്റെ പ്രൊഫൈല്‍ ഫോട്ടോവിലുള്ളത് സിംഹമാണോ പുലിയാണോ? സംശയം തീര്‍ക്കാന്‍ ഒന്ന് ക്ലിക്ക് ചെയ്തപ്പോഴേയ്ക്കും എഴുതിവച്ച മറുപടിയെല്ലാം “ഗോവിന്ദ” അപ്പോ തന്നെ ഒരു പട്ടിയെ വിട്ട് മല്ലൂനെ ഒന്ന് കടിപ്പിക്കണമെന്ന് തോന്നിയതാ.
@ രമേഷ്, റോണ്‍ ബൂലോകത്ത് താരമല്ലേ. റോണിന് സുഖമില്ല ഞാന്‍ നാട്ടില്‍ പോകുന്നു എന്ന പോസ്റ്റിന് ശേഷം! (എന്റെ ഓര്‍മ്മശക്തിയുടെ രഹസ്യം:- സന്തോഷ് ബ്രഹ്മി)
@ ജി ആര്‍ കവിയൂര്‍. ഇഷ്ടായി എന്ന അഭിപ്രായം ഇഷ്ടായി. നന്ദി
നന്മകളെ കുറിച്ച് എഴുതാനും മനുഷ്യരേക്കാള്‍
ReplyDeleteഉത്തമം ഇന്ന് മൃഗങ്ങള്‍ തന്നെ. ഉപാധികള്‍
ഇല്ലാത്ത സ്നേഹമാണ് മൃഗങ്ങള്‍ക്ക് ഉള്ളത്.
അവരില്‍ നിന്ന് നമുക്ക് പഠിയ്ക്കാന്‍ ഒരു പാടുണ്ട്.
പോസ്റ്റ് വളരെ നന്നായി.
പോസ്റ്റ് ഇഷ്ടപ്പെട്ടു .
ReplyDeleteഇനിയെങ്കിലും ഇത്തരം നല്ല കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു ലിമിറ്റും വയ്ക്കല്ലെട്ടോ അജിതെട്ടാ...
ReplyDeleteഎനിക്ക് വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നത് ഇഷ്ടല്ല, പക്ഷെ ഇത്തരം കഥകള്‍ കേള്‍ക്കുമ്പോള്‍ കുറച്ചു നേരത്തേക്കെങ്കിലും ഒരാഗ്രഹം തോന്നും :)
കറമ്പന്‍ .. നിന്നെയോര്‍ത്ത് ഒരു തുള്ളി കണ്ണുനീര്‍ ..
ReplyDeleteആ കറുമ്പനൊരു കുറുമ്പനാ അല്ലേ ! വകതിരിവില്ലാത്തവരും ഉണ്ടാകാറുണ്ട് .വീട്ടിനടുത്തുണ്ടായിരുന്നു ഒരാള് ,ആ വഴിയേ നേരെ ചൊവ്വേ ആരേം നടത്താറില്ല അവൻ !
ReplyDeleteകറുമ്പന്റെ വീര ചരിതം ഇനിം എഴുതിക്കോ.."പട്ടി" എന്ന് പറഞ്ഞു അങ്ങനെ വില കുറച്ചു കാണണ്ട..ഞങ്ങളുടെ വീട്ടില്‍ 4 എണ്ണം ഉണ്ട് ഹി ഹി ജൂഡി ,പോമി, പപ്പു ,കിങ്ങിണി .. അമ്മയും അച്ഛനും ജോലിക്ക് പോയി കഴിയുമ്പോള്‍ വീട്ടില്‍ തനിച്ചാകുന്ന എന്റെ സെക്യൂരിടി ഗാര്‍ഡ്സ് അവരാ..
ReplyDelete@ സലാം, ഉപാധികള്‍ ഇല്ലാത്ത സ്നേഹമെന്ന പ്രയോഗം എന്നെ വളരെ ആകര്‍ഷിക്കുന്നു. മറ്റെല്ലാ സ്നേഹത്തിനും എന്തെങ്കിലും ഉപാധികള്‍ കാണുമല്ലേ.
ReplyDelete@ ജുവൈരിയ സലാം, വളരെ നാളായി കണ്ടിട്ട്. എഴുത്ത് ഇഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം @ ലിപി രഞ്ജു, മനേക ഗാന്ധി കേള്‍ക്കണ്ട.
@ ഖാദര്‍ പട്ടേപ്പാടം, കറമ്പനെയോര്‍ത്ത് അന്ന് കരഞ്ഞിരുന്നു. വീട്ടിലെല്ലാരും തന്നെ
@ ജീവി കരിവെള്ളൂര്‍, വകതിരിവ് ഇല്ലാത്തവരുടെ പെര്‍സന്റേജ് വളരെ ക്കുറവാണ്, മനുഷ്യരുമായി താരതമ്യം ചെയ്താല്‍. (അവനെപ്പേടിച്ചാരും നേര്‍വഴി നടപ്പീലാ..എന്ന് കവിത മാറ്റിപ്പാടാമായിരുന്നു)
@ ഇന്റിമേറ്റ് സ്ട്രേന്‍ജര്‍, സന്തോഷത്തോടെ സ്വാഗതം. (പിന്നെ ആ ബോഡിഗാര്‍ഡ്സിനോട് എന്റെ ഒരു ബൌ ബൌ പറഞ്ഞോളൂ )
കുറച്ച് നല്ല ഓര്‍മ്മകളുണര്‍ത്തി ഈ കറുമ്പായനം.
ReplyDeleteഅവസാനത്തെ ഫോട്ടോയും കുറിപ്പും ചെറിയൊരുവേദനയും തന്നു.
നല്ല അനുസ്മരണം... മനസ്സില്‍ ഒരു മുള്ള് കൊണ്ട വേദന .. എനിക്കും ഉണ്ടായിരുന്നു ഇത് പോലെ "ബ്ലെഗ്ഗി "
ReplyDeleteഒരു നാടന്‍ ... അവളുടെ ഓര്‍മ്മകള്‍ എന്നിലേക്ക് ആവാഹിച്ച പോസ്റ്റ്... നന്ദി സര്‍
അല്ലെങ്കിലും ഇരുകാലികളേക്കാൾ വിശ്വസിക്കാവുന്നതും സ്നേഹിക്കാൻ കൊള്ളാവുന്നതും നാൽക്കാലികളേയാ...!!
ReplyDeleteനന്നായിട്ടെഴുതി...
ആശംസകൾ...
@ ചെറുതേ, താങ്ക്സ്. വേദനകളുടെയും സന്തോഷങ്ങളുടെയും സമ്മിശ്രാനുഭവം ഈ ജീവിതം.
ReplyDelete@ കലി (Veejyots ) നന്ദി, നല്ല വാക്കുകള്‍ക്ക്. ബ്ലെഗ്ഗിയ്ക്കും വീരചരിതങ്ങളുണ്ടായിരുന്നു അല്ലേ?
@ വീകെ, ശരിയാണ് പറഞ്ഞത്. പല സന്ദര്‍ഭങ്ങളിലും നമുക്ക് തോന്നുന്ന ഒരു കാര്യം തന്നെ. കാരണം മൃഗങ്ങള്‍ക്ക് ഹിഡന്‍ അജെന്‍ഡ ഒന്നുമില്ലല്ലോ.
പോസ്റ്റ് വളരെ നന്നായി...അവസാനത്തെ ഫോട്ടോയും കുറിപ്പും മനസ്സില്‍ വേദനയുണ്ടാക്കി...
ReplyDeleteമനുഷ്യരേക്കാള്‍ എന്ത് കൊണ്ടും നല്ലത് ഇവരൊക്കെ തന്നെ ഇതൊക്കെ കാണുമ്പോള്‍ പേടിയാകുന്നു .. ആദ്യമായിട്ടാ അത് കൊണ്ടാ ഒന്ന് അനുഗ്രഹിച്ചു വിടണേ ചിലപ്പോ നന്നയി ക്കൊള്ളും .
ReplyDeleteഅജിയെട്ടാ ..ഓര്‍മ്മ കളിലൂടെയുള്ള ഈ യാത്ര ,,മനസിനെ വല്ലാതെ പിടിച്ചുലച്ചു ...ബാക്കി പറയാന്‍ വാക്കുകള്‍ ഇല്ല ..
ReplyDeleteഹൃദയസ്പര്‍ശിയായി....
ReplyDeleteനന്നായി...
@നെല്ലിക്കാ
ReplyDelete@ഫൂലന്‍,
@ ഫൈസല്‍ ബാബു,
@ സുജിത് കയ്യൂര്‍,
വളരെ സന്തോഷം നിങ്ങളുടെ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും. ഇനിയും കാണാമല്ലോ
പോസ്റ്റ് വായിച്ച് കണ്ണു നിറഞ്ഞുപോയി.എനിക്കുമുണ്ടായിരുന്നു ഇതു പോലൊരു നായ.പേര് ടോം
ReplyDeleteകറമ്പനെ കുറിച്ചുള്ള വിശേഷം ഇഷ്ടപ്പെട്ടു, അതിലുപരിയായി ഗ്രാമീണത എഴുത്തില്‍ ഒടുക്കം മുതല്‍ അവസാന വരി വരെ നിറഞ്ഞു നിന്നു... എങ്കിലു കറമ്പനെ ശണ്ഠനാക്കിയതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു, അതൊന്നുമില്ലാതെ എന്ത് ജീവിതം ഭായ്... ദൈവം നിങ്ങളോട് പൊറുക്കട്ടെ... സമയം കിട്ടുമ്പോള്‍ എന്‌റെ ബ്ളോഗ് തറവാട്ടിലേക്കും വിളിക്കുന്നു. പുതിയ പോസ്റ്റൊക്കെ ഉണ്‌ടേല്‍ ഒരു മെയില്‍ അയച്ചാല്‍ ഒാടി വന്ന് വായിക്കുന്ന ബൂലോകത്തെ വിരളമായ ആളുകളില്‍ പെട്ടയാളാണ് ഞാന്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ലല്ലോ, മെയില്‍ വിടുക... ആശംസകള്‍
ReplyDeleteMohi, welcome to my blog. Thanks for your visit
Deleteഎത്രമാത്രം ഹൃദയത്തെ തൊട്ടെഴുതി... ആശംസകൾ.
ReplyDeleteDear Friend, your words are inspiring me
Deleteസ്നേഹത്തിന്റെ ആഴപ്പരപ്പ് എന്താണെന്നുള്ളത് ഓരോ വരികളിലുമുണ്ട്, സ്നേഹമാണല്ലോ ഭാഷ അതുകൊണ്ട് തന്നെ വളരെ നന്നായിട്ടുണ്ട്..
ReplyDeleteരണ്ട് ദിവസം മുന്നെ ഒരു സംഭവമുണ്ടായി.. സാധാരണ രാവിലെ ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നത് ട്രെയിനിലാണ്. വ്യാഴാഴ്ച കൂട്ടുകാരന്റെ കൂടെ ബൈക്കില്‍ വരാന്‍ അവനെന്നെ ക്ഷണിച്ചു.. വഴിയില്‍ ഇറക്കിതരാമെന്ന് പറഞ്ഞു. ഓഫീസില്‍ നിന്നിറങ്ങുന്നതിനും മുന്നെ അവന്‍ ഒരു പാക്കറ്റ് പാര്‍ലെ ജി ബിസ്ക്കറ്റ് വാങ്ങി ബാഗില്‍ വെച്ചു.. ഞാന്‍ കരുതി വീട്ടിലേയ്ക്ക് കൊണ്ട് പോകാനായിരിയ്ക്കുമെന്ന്.. ബസ്സ് സ്റ്റോപ്പില്‍ ബൈക്ക് നിറുത്തിയപ്പോള്‍ ദൂരെ നിന്ന് ഒരു പട്ടി ഓടി വരുന്നു.. സാധാരണ പട്ടികളെ ധാരാളം കാണാം അതുകൊണ്ട് ഞാനത് കാര്യമാക്കിയെടുത്തില്ല. അവന്‍ ബൈക്കില്‍ നിന്നിറങ്ങിയപ്പോഴേയ്ക്കും പട്ടി അടുത്തെത്തി അവന്റെ കാലിന്മേല്‍ ചാരി ദേഹം ഉരയ്ക്കാന്‍ തുടങ്ങി... ഒരു കൊച്ചുകുട്ടിയെ താലോലിയ്ക്കുന്നതുപോലെ അതിന്റെ തലയിലവന്‍ തലോടിക്കൊടുത്തു.. എന്നിട്ട് ബാഗില്‍ നിന്ന് ബിസ്ക്കെറ്റെടുത്ത് ഓരോന്നായി അതിന് തിന്നാന്‍ കൊടുത്തു.. അപ്പോഴാണ് ആ സ്നേഹബന്ധം മനസ്സിലായത്.. എന്നിട്ടവന്‍ എന്നോട് പറഞ്ഞ്, അവനെ കാത്ത് എന്നും ഈ തെരുവു പട്ടി വീട്ടിലേയ്ക്ക് തിരിയുന്ന വഴിയില്‍ കാത്തുനില്‍ക്കുമെന്ന്.. ബില്‍ഡിംഗില്‍ കയറുന്നതുവരെ കൂടെ ഉണ്ടാകുമെന്ന്, പുറത്തിറങ്ങുമ്പോള്‍ ഇടവഴി വരെ കൂടെ വരുമെന്നും.. അവനാണെങ്കില്‍ പട്ടിയ്ക്ക് ചോക്ലെയിറ്റും, ബിസ്ക്കറ്റുമൊക്കെ വാങ്ങിക്കൊടുത്ത് കൂടെ കൂട്ടിയിരിയ്ക്കുകയാ..:) എന്തൊരു അനുസരണയുള്ള പട്ടിയാണ്.. തെരുവ് നായ്ക്കളാണെങ്കിലും, സ്നേഹം കൊടുത്താല്‍ അവ അതുപോലെ തന്നെ തിരിച്ച് തരും.. ഇതുപോലുള്ള അനുഭവങ്ങള്‍ വേറെയുമുണ്ട്.. അടുത്ത് നടന്ന സംഭവമായതുകൊണ്ട് ഇത് പറഞ്ഞെന്ന് മാത്രം..
സുപ്രഭാതം!
Dear Friend, thanks for your nice words
Deleteവളരെയധികം നന്നയിട്ടുണ്ട്
ReplyDeleteനായ്ക്കള്‍ക്ക് മനുഷ്യനോടുള്ള സ്നേഹത്തിന്റെ കഥകളില്‍ ഒന്ന് കൂടി
സരസ്സിന് സ്വാഗതം. വരവിനും വിലയേറിയ അഭിപ്രായത്തിനും നന്ദി
Deleteസ്നേഹത്തിന് ലോകത്തില്‍ യാതൊരുമതില്‍ക്കെട്ടുകളും ഇല്ല.ഏറ്റവും സ്നേഹവും നന്ദിയും ഉള്ള ഈ പട്ടി എന്ന ഈ മൃഗം .കൊള്ളാം നല്ല രചന .ആശംസകള്‍
ReplyDeleteനന്ദി ഗീതാ, സന്തോഷം
Deleteവായിച്ചു.ഹൃദ്യമായി എഴുതിയിട്ടുണ്ട്.പലപ്പോഴും മനുഷ്യരെക്കാള്‍ സ്നേഹം തരും നായ്ക്കള്‍.
ReplyDeleteThanks dear friend.
Deleteഅജിത്തേട്ടാ,...വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ് ...ഇന്നലെ Hachi - A Dogs Story എന്ന സിനിമ കണ്ടതിനു ശേഷം ആകെ ഫീലിങ്ങായി ഇരിക്കുന്ന സമയത്താണ് ഇത് വായിക്കുന്നത്. ഇപ്പോള്‍ വീണ്ടും ഞാന്‍ ഫീലിങ്ങിലായി.
ReplyDeleteഉണ്ണിക്ക് എന്താണ് പറ്റിയത് ?
വളരെ നന്നായി തന്നെ പഴയ ഓര്‍മ്മകള്‍ പങ്കു വച്ചിരിക്കുന്നു. പലപ്പോഴും പല വീട്ടിലെയും നായ്ക്കള്‍ , പൂച്ചകള്‍ അവരുടെ മരണ സമയത്ത് അവരുടെ വീട്ടില്‍ കിടന്നു മരിക്കാന്‍ ഇഷ്ടപ്പെടാറില്ല. അത് കൊണ്ട് തന്നെയായിരിക്കാം കറുമ്പന്‍ എങ്ങോട്ടോ അവസാനകാലത്ത് ഇറങ്ങിപ്പോയത് ..
പടക്കം പൊട്ടുന്ന ഒച്ചയില്‍ കറമ്പന്‍ ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരക്കം പായുമ്പോള്‍ കുട്ടികളെല്ലാവരും പടക്കങ്ങളും കമ്പിത്തിരികളും മത്താപ്പുമൊക്കെയായി ആഘോഷിച്ച് തിമിര്‍ക്കുകയാണ്. കറമ്പന്റെ ഭയവും വെപ്രാളവും കാണുവാനായി കുട്ടികള്‍ മനഃപൂര്‍വം പടക്കം കത്തിച്ച് അവന്റെ മുമ്പിലേയ്ക്കിടും. എന്നാല്‍ അത് അവന്റെ സ്വഭാവത്തെ ആകെ മാറ്റി. പിന്നെയെന്തെങ്കിലും ഒച്ച കേട്ടാല്‍ അവന്‍ ഞെട്ടിവിറച്ച് ചൂളി എവിടെയെങ്കിലും പതുങ്ങിക്കിടക്കും. ഉറക്കെയൊന്ന് കയ്യടിച്ചാല്‍ പോലും അവന്‍ ഭയന്ന് പോകും. മഴക്കാലത്ത് ഇടിയൊക്കെ വെട്ടുമ്പോള്‍ അവന്‍ ഓടി ഏതെങ്കിലും അയല്പക്കത്ത് പോയി ഒളിക്കും. ഈ സ്വഭാവം അറിയാവുന്നതുകൊണ്ട് അയല്‍ക്കാരൊന്നും അതില്‍ ഒരു വിഷമവും പറഞ്ഞതുമില്ല. അല്ലെങ്കിലും നാട്ടിന്‍പുറത്ത് അങ്ങിനെയുള്ള നന്മകളൊക്കെ ഇപ്പോഴുമുണ്ട്.
ReplyDelete,കുറച്ചു ദിനം ആയി ഇതില്‍ കയറി പറ്റാന്‍ ശ്രമിക്കുന്നു ആകെ ഒരു ഉന്തും തളളും
ReplyDeleteഇപ്പോള്‍ ..ശാന്തമായി ........കിണ്ണം ആല്ല ജിമിട്ടു അതും അല്ല.പൊളപ്പന്‍..അത് മതി ...വീണ്ടുവരാം
വളരെ താമസിച്ചാണ് ഈ തട്ടേല്‍
ReplyDeleteകയറിയത് - നമ്മളുടെ ജീവിതത്തില്‍
വലിയ ഒരനുഭവം ആയി തോന്നിയ പലതും
ബാക്കിയുള്ളവര്‍ക്ക്, നിസ്സാരങ്ങളാകാം-
പക്ഷെ എഴുത്ത് വശമുള്ള ഒരാളില്‍ കൂടി
അത് അവതരിപ്പിക്കപ്പെടുമ്പോള്‍ , അതിന്റെ ഭംഗി ഒന്ന്
വേറെയാണ്. ഇനിയം മുങ്ങി തപ്പാന്‍ ഉണ്ട് -
മറ്റൊരവസരത്തില്‍ !
പ്രവീണ്‍
ReplyDeleteകോയാസ്
നാച്ചി
രഘുമേനോന്‍
സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളെ..
ഉണ്ണിയും കറമ്പനും അറിയാതെ എന്റെയും പ്രിയന്‍കരര്‍ ആയി
ReplyDeleteഹൃദയത്തില്‍ നന്മയുള്ളവര്‍ക്ക് കല്ലിലും കാരിരുമ്പിലും സകല ചാരാ ചരങ്ങളിലും ഉള്ള നന്മ കണ്ടെത്താന്‍ കഴിയും .. അല്ല ഹൃദയത്തില്‍ നന്മയുള്ളവര്‍ക്കെ അതിനു കഴിയൂ
ReplyDeleteവല്ലാതെ കറുത്ത ഒരു കറമ്പന്‍ എന്റെ വീട്ടിലും ഉണ്ടായിരുന്നു പണ്ട്. എന്റെ അമ്മായിഅച്ചന്റെ പെറ്റ്..എന്റെ കല്യാണം കഴിഞ്ഞു ഞാന്‍ വന്നപ്പോള്‍ എനിക്ക് പേടിപെടുത്തുന്ന ഒരു ഓര്‍മയാരിന്നു. എന്നാല്‍ പിന്നീട് എന്റെ കുഞ്ഞിനു കാവല്‍ കിടക്കുന്ന പ്രിയപ്പെട്ട ചങ്ങാതിയായി മാറിയ കറമ്പനെ എന്റെ മകള്‍ ബ്ലാകീ എന്ന് വിളിച്ചു. അച്ഛന്‍ മരിക്കുന്നതിനു കുറച്ചു ദിവസം മുന്‍പ് അവനും നാടുവിട്ടു പോയി.. അവന്റെ അച്ഛന്റെ മരണം കാണാന്‍ വയ്യാതെ.. ഓര്‍മ്മകള്‍ വീണ്ടും കൊണ്ടുതന്നതിനു നന്ദി.
ReplyDeleteഗ്രാമീണത്തനിമയുള്ള നല്ലൊരു ഓര്‍മ്മക്കുറിപ്പ്. മൃഗസ്നേഹവും ഓര്‍മ്മകളില്‍ ..
ReplyDeleteഎന്റെ വീട്ടിലും ഉണ്ടായിരുന്നു പണ്ട് ഒരു കറമ്പൻ - പേര് മിളക്കി എന്നാരുന്നു,
ReplyDeleteപേപ്പട്ടി കടിച്ചു ചത്തു പോയി.
പിന്നെ റോക്കി ന്നു ഒരാളും കൂടെ ഉണ്ടായിരുന്നു, കുറച്ചു വര്ഷം മുൻപ് അതിനും സുഖമില്ലാതായി. ആ വിഷമം മാറിയിട്ടില്ല ഇപ്പോഴും ആര്ക്കും.
അവര്ക്ക് എന്തെങ്കിലും പറ്റിയാൽ വല്യ വിഷമം ആവും ന്നു പറഞ്ഞു അതിൽ പിന്നെ പട്ടികളെ വളര്ട്ടാൻ അച്ഛൻ സമ്മതിക്കില്ല,
നന്നായി ആസ്വദിച്ചു...എന്നാലും കറമ്പൻ ങ്ങളെ വിട്ടു ഓടി പോയല്ലോ .???!! :(
ReplyDeleteഇപ്പോഴാണ് ഇത് കണ്ടത്..ഒരു ദീര്ഘനിശ്വാസത്തോടെ എന്റെ ബ്രൂണോയെ ഓര്ത്തുപോയി.
ReplyDeleteപെറ്റു ഇരുപത്തിനാലാം ദിവസം അവനെ നമ്മുടെ സിനിമാനടൻ മോഹന്ലാലിന്റെ അമ്മാവനായ രാധാകൃഷ്ണൻ നായരുടെ വീട്ടിൽ നിന്ന് എന്റെ ഭര്ത്താവ് കൊണ്ടുവന്നതാ .ഒരു സങ്കര സന്തതി .. (അമ്മ ഡോബെര്മൻ.അച്ഛൻ രോട്ട് വീലെർ ).അവനെ മൂത്രമൊഴിക്കാനും അപ്പിയിടാനും ശീലിപ്പിച്ചത് എന്റെ പൂച്ച "സുന്ദരൻ "ആയിരുന്നു. വലുതായപ്പോഴും സുന്ദരൻ അവന്റെ ഇഷ്ടതോഴനായിരുന്നു. ഒരു ദിവസം സുന്ദരനെ വിരട്ടാൻ അടുത്ത കന്യാസ്ത്രീ മഠത്തിലെ ഒരു കണ്ടൻപൂച്ച വന്നത് കണ്ടു ബ്രൂണോ പേടിച്ചു നിലവിളിച്ചത് കേട്ട് ഓടിചെന്ന എന്റെ ഭര്ത്താവ് അവന്റെ ഹൃദയം മിടിക്കുന്നത് കേട്ട് ഒരുപാട് നേരം നെഞ്ചിൽ കിടത്തിയുറക്കി. പപ്പയെവിടെ എന്ന് ചോദിച്ചാൽ ചിരിച്ചു കൊണ്ട് എന്റെ ഭർത്താവിന്റെ നേരെ ഓടും..കസേരയിൽ ഇരിക്കയാണെങ്കിൽ മമ്മി വരുന്നു എന്ന് പറഞ്ഞാൽ മതി എന്നെ പേടിച്ചു ഇറങ്ങി ദൂരേക്ക് ഓടും .ഞാൻ ഓഫീസ് വിട്ടു വരുന്ന നേരം ആയാൽ റോഡിൽ എന്നെ കാത്തു നിന്ന് എന്റെ കുട വാങ്ങി കടിച്ചു മമ്മിയുടെ സ്ഥലം അവിടെയാ എന്ന് ഉറപ്പിക്കാൻ എന്ന പോലെ നേരെ അടുക്കളയിൽ കൊണ്ട് വെക്കും.
ബ്രെഡ് ചപ്പാത്തി ഇവ ബ്രൂണോവിന്റെ ദൌർബല്യമായിരുന്നു .വെറുതെ ബ്രെഡ് എന്ന് പറഞ്ഞാല അവന്റെ വായിൽ വെള്ളം ഒഴുകും .ഒരു ദിവസം അവന്റെ കൊതി തീര്ക്കാൻ ഞാൻ ചപ്പാത്തി കൊടുതുകൊന്ടെയിരുന്നു 1 5 എണ്ണം ആയിട്ടും അവൻ ആശയോടെ വീണ്ടും നോക്കിക്കൊണ്ടിരിക്കുന്നു .ഒടുവില ഞാൻ നിർത്തി (ഇവാൻ കഴിഞ്ഞ ജന്മം സര്ദാര്ജി ആയിരുന്നോ എന്ന് പറഞ്ഞു മക്കൾ കളിയാക്കി.
ഇപ്പോൾ കാക്കനാട് ഇൻഫോ പാർക്ക് നില്ക്കുന്ന സ്ഥലത്ത് ആണ് ഞാൻ ആ കാലത്ത് നടക്കാൻ പോകാറു എന്റെ കൂടെ അവനും ഇറങ്ങും. അന്ന് ആ സ്ഥലം ചെടിയും കാടും നിറഞ്ഞ റോഡുകൾ ആയിരുന്നു പണിയെടുക്കുന്ന ആരെങ്കിലും എന്റെ എതിരെ വരുന്നത് കണ്ടാൽ എവിടെ നിന്ന് എന്നറിയില്ല അവൻ ഓടിഎത്തി എന്നെ ചേർന്ന് നടക്കും നോട്ടം ആ അപരിചിതന്റെ കണ്ണിൽ തന്നെയാകും .ഭീമാകാരമായ ബ്രൂണോയെ കണ്ടു ആളുകള്ക്ക് പേടിയാകും പക്ഷെ അവൻ പുറത്തിറങ്ങിയാൽ ആരെയും ദ്രോഹിക്കില്ലായിരുന്നു.
വിഷുവിനു പടക്കം പൊട്ടുമ്പോൾ ബ്രൂണോ ഓടി വരും പടക്കവും പൂത്തിരിയും ഒക്കെ കാണാൻ അവനു എന്ത് സന്തോഷമായിരുന്നുവെന്നോ
എന്റെ മകളുടെ കല്യാണം കഴിഞ്ഞു ഞങ്ങൾ രണ്ടാഴ്ച അഗർത്തലയിൽ ആയിരുന്നു.ബ്രൂണോക്ക് ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും ആളെ ഏർപ്പാടാക്കിയിരുന്നു. പക്ഷെ തിരിച്ചു വന്നപ്പോൾ ഒരു കുട്ടി പിണങ്ങിയ പോലെ അവൻ എനിക്ക് മുഖം തന്നെയില്ല .(മറ്റാരോടും പിണക്കം കാണിച്ചുമില്ല)
പാമ്പുകളെ എവിടെ കണ്ടാലും അവൻ കടിച്ചു കുടഞ്ഞു കൊല്ലുമായിരുന്നു ഒരുനാൾ അവൻ പതിവുപോലെ വീട്ടിൽ നിന്നിറങ്ങി എങ്ങോട്ടോ പോയി. അപ്പിയിടാനാവും എന്ന് കരുതി. പക്ഷെ അന്ന് തിരിച്ചു വന്നില്ല അടുത്ത ദിവസം അയലത്തെ ഒരു സ്ത്രീ വന്നു ചോദിച്ചു ബ്രൂണോ ഇവിടെ ഇല്ലേ. അവിടെ ഫ്ലാറ്റ് പണിയുന്ന സ്ഥലത്ത് ബ്രൂണോയെപ്പോലെ ഒരു നായ ചത്തു കിടക്കുന്നു എന്ന് .ചെന്ന് നോക്കുമ്പോൾ അത് ബ്ര്രൂണോ തന്നെയായിരുന്നു അടുത്ത് തന്നെ ഒരു അണലിയും ചത്തു കിടന്നിരുന്നു. അവനന്നു കിടന്ന സ്ഥലത്ത് ഇന്ന് നാഗാര്ജുനക്കാരുടെ ഫ്ലാറ്റ് ഉയര്ന്നു നില്ക്കുന്നു..
പിന്നീട് വീട്ടില് വളര്ത്തിയ മൂന്നു അൽസേഷ്യൻ ന്മാരെയൊന്നും എനിക്ക് ഇഷ്ടപ്പെടാനെ കഴിഞ്ഞിട്ടില്ല അവൻ, ആ സങ്കരസന്തതി, അത്ര മേൽ എന്റെ മനസ്സിൽ ജീവിക്കുന്നു
അജിത്തിന്റെ കറുബനെ വായിച്ചപ്പോൾ കൂടെ എന്റെ ബ്രൂണോയും വന്നു നിന്ന്.
നല്ല ഓർമക്കുറിപ്പ് ,ഓർമകളിൽ ചിലതിനെ
ReplyDeleteഓമനിക്കാം .....ആശംസകൾ .
സ്വന്തം ജീവനേക്കാൾ കൂടുതൽ മറ്റുള്ളവരെ സ്നേഹിക്കുന്ന ഒരേ ഒരു ജീവിയെ ഉള്ളൂ ... അത് നായ തന്നെയാണ് ,
ReplyDeleteകൊളുത്തിട്ട അനുഭവം .. അജിത്തെട്ടാ
അജിത്തേട്ടാ ... ഗ്രാമനന്മ നിറഞ്ഞ എഴുത്തും വാക്കുകളും ..!
ReplyDeleteഎന്റെ വീട്ടിലുമുണ്ടായിരുന്നു ഇതുപോലൊരു കൂട്ടുകാരന്‍... ബുള്ളര്‍ എന്നായിരുന്നു ഞങ്ങള്‍ അവനെ വിളിച്ചിരുന്നത്. ഒരു കാറിടിച്ച് അവന്‍ വേദനയോടെ അലച്ച് പ്രാണന്‍ വെടിയുന്നതു കണ്ട ശേഷം നായ്ക്കളെ വളര്‍ത്താന്‍ തോന്നിയിട്ടില്ല. സ്‌നേഹം അധികമായിക്കഴിയുമ്പോള്‍ വേര്‍പാടിന്റെ വേദന കൂടും... അതൊഴിവാക്കാന്‍ അവയെ വളര്‍ത്താതിരിക്കുന്നതാണു നല്ലതെന്നു തോന്നി. നല്ല പോസ്റ്റ്... ആശംസകള്‍ അജിത്തേട്ടാ...
ReplyDelete:) പൂച്ചകളേ മാത്രേ വളര്ത്തിയിട്ടുള്ളൂ, അമ്മൂമ്മയെ പേപ്പട്ടി കടിച്ച പേടി അമ്മയില്‍ -അത് കൊണ്ട് തന്നെ പ്രത്യേക മമത ഇല്ലാതെ പോയി... എന്നാലും സന്തോഷം ഇങ്ങനെ ഒരു കുറിപ്പ് വായിക്കുമ്പോള്‍.... നന്ദി
ReplyDeleteവീട്ടിൽ നായയെ വളർത്താൻ സമ്മതിക്കില്ലായിരുന്നു.. പക്ഷെ തറവാട്ടിൽ ഉണ്ട്. ഒരുപാട് കഥകൾ കേട്ടിട്ടും ഉണ്ട്. ഇപ്പൊ ഞങ്ങൾ പെണ്‍കുട്ടികൾ മാത്രം താമസിക്കുന്ന ഫ്ലാറ്റിനു മുൻപിൽ ഇതുപോലെ ഒരു കറുമ്പൻ ഉണ്ട്. ബോണ്ട്. 15 വർഷം മുൻപ് അവിടെ താമസിച്ചവർ ഉപേക്ഷിച്ചു പോയ നായ എന്നാണു കേട്ടത്. ഞങ്ങൾ ഒന്നും കഴിക്കാൻ കൊടുക്കില്ലെങ്കിൽ കൂടി ഞങ്ങളുടെ വാതിൽക്കൽ നിന്ന് അവൻ മാറിയിട്ടില്ല ഇതുവരെ..
ReplyDeleteഉപാധികൾ ഇല്ലാത്ത സ്നേഹത്തിനു മധുരം കൂടും......നഷ്ടപ്പെടുമ്പോള്‍ വേദനയും..... മനോഹരമായ എഴുത്ത്.....
ReplyDelete