Tuesday, December 21, 2010

ചിരിപ്പൂക്കള്‍ വിരിയിക്കാം

ഈ ബ്ലോഗ് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യത്തില്‍ നിന്ന് ഇതിന്റെ ദിശ അല്പം വ്യതിചലിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. വീണ്ടും ട്രാക്കിലേയ്ക്ക് വരേണ്ടതിന് ഒരെളിയ ശ്രമം.

ചില നന്മകള്‍ കാണുമ്പോള്‍ ഉള്‍തടത്തില്‍ ഉറവെടുക്കുന്ന ആഹ്ലാദം പങ്കിടേണ്ടതിന്,  ചില അരുതായ്മകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ എഴുതിവയ്ക്കേണ്ടതിന്, ചില ആശങ്കകള്‍  സമാനമായി ചിന്തിക്കുന്നവരോട് പങ്കു വയ്ക്കാന്‍, കൈക്കുമ്പിളില്‍ നിന്നു ചോര്‍ന്ന് പോകുന്ന മനുഷ്യത്വവും ദയയും നിസ്വാര്‍ഥതയും ദൈവഭയവും സാമൂഹികപ്രതിബദ്ധതയും ഒക്കെ അല്പമെങ്കിലും അടുത്ത തലമുറയ്ക്ക് വേണ്ടി കരുതി വച്ച് രംഗം വിട്ട് പോകുവാന്‍.......

അതിലധികം ഒന്നും ലക്ഷ്യമായിരുന്നില്ല.

പുരാതനകാലത്ത് ബ്ലോഗുകള്‍ വേറൊരു രൂപത്തില്‍ ഉണ്ടായിരുന്നു. മനുഷ്യര്‍ വനങ്ങളിലും ഗുഹാന്തരങ്ങളിലും ഒക്കെ വാസം ചെയ്യുന്ന കാലത്ത്, ലിപികളും ചര്‍മലിഖിതങ്ങളും പുസ്തകങ്ങളും ഒക്കെ ഉരുവാകുന്നതിനും മുമ്പേ, അന്നത്തെ മനുഷ്യന്  ഒരു സന്തോഷം വന്നാല്‍ അവന്‍ ഓടിപ്പോയി അവന്റെ ഗുഹയുടെ ചുവരില്‍ ഒരു ചിത്രം വരഞ്ഞിടും. അവനു ദുഃഖം വന്നാലും ചുവര്‍ചിത്രം തന്നെ ശരണം. അവന്‍ ഒരു വന്യമൃഗത്തെ വേട്ടയാടിപ്പിടിച്ചാല്‍ അതിന്റെ ചിത്രവും അവന്റെ ആയുധങ്ങളുടെ ചിത്രവും, അവന്റെ ആത്മസംഘര്‍ഷങ്ങളുടെ ബഹിര്‍സ്ഫുരണവുമെല്ലാം ആ ചുവരില്‍ തന്നെ.

കാലാന്തരങ്ങളിലെന്നോ കവാടം കടന്നെത്തുന്ന ഒരു സഞ്ചാരിക്ക് വേണ്ടി അവന്റെ ആത്മാവിഷ്കാരം തപം ചെയ്ത് കിടന്നു. അവ ഈ കാലത്ത് നമ്മോട് അവന്റെ മനസ്സിന്റെ ചെപ്പ് തുറന്ന് കാണിച്ചിട്ട് പറഞ്ഞു: “എന്നോ ഒരിക്കല്‍ പടി കടന്നെത്തുന്ന നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പകര്‍ത്തി വച്ച എന്റെ മനോരഥങ്ങളിതാ“

ഇന്ന് ഒരു കൂട്ടം മനുഷ്യര്‍ സന്തോഷം വന്നാലും സങ്കടം വന്നാലും അത്  പകര്‍ത്തി വയ്ക്കുന്നു. അവരുടെ ആത്മരോഷവും, ആശങ്കകളും, കലാഭിരുചിയുമെല്ലാം, രേഖപ്പെടുത്തിവയ്ക്കുന്ന കൊച്ച് കൊച്ചു ഗുഹകള്‍. അവര്‍ മറഞ്ഞു പോയാലും അവരുടെ ആവിഷ്കാരങ്ങള്‍ അതിജീവിക്കുന്നു. കാലാന്തരങ്ങളിലെന്നോ വന്നെത്തുന്ന ഒരേകാന്തസഞ്ചാരിക്ക് വേണ്ടി.

രമ്യ ആന്റണി എന്ന ശലഭം അവളുടെ ഹൃസ്വകാലജീവിതം പൂര്‍ത്തിയാക്കി പോയി. അവളുടെ ആത്മാവിഷ്കാരം കൊച്ചുകൊച്ചു കവിതകളായി ചുവരില്‍ ഇടംപിടിച്ചിരിക്കുന്നു, ഇനിയും വന്ന് പോകാനുള്ള സഞ്ചാരികളേയും കാത്ത്.

www.itsmeremya.blogspot.com
www.salabhaayanam.blogspot.com

ഇവിടെ ഈ ഗുഹയില്‍ ഞാന്‍ എന്റെ മനസ്സെഴുതി വയ്ക്കുന്നു. ചില സഞ്ചാരികള്‍ വന്ന് കാണുന്നു, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു.  വന്ന് കാണണമേ എന്ന് ക്ഷണിക്കുവാന്‍ മാത്രം ഒന്നുമില്ല എന്നറിയാവുന്നത് കൊണ്ട് പ്രിയസുഹൃത്തുക്കള്‍ക്ക് മെയില്‍ / ലിങ്ക് അയക്കുന്നില്ല. (അയച്ചുതരണം എന്ന് പ്രത്യേകം ആവശ്യപ്പെട്ടിട്ടുള്ള ചില സുഹൃത്തുക്കള്‍ക്കല്ലാതെ)

എന്നാലും അറിഞ്ഞും തിരഞ്ഞും വരുന്ന അതിഥികളോരോരുത്തരും എനിക്ക് എത്രയും പ്രിയര്‍ തന്നെ--- അതിഥി ദേവോ ഭവ

ഈ പോസ്റ്റുകള്‍ കാണുന്നവര്‍ ശരാശരി 40 പേരാണ്.  അവര്‍ക്ക് വേണ്ടി, അവരുടെ ചിന്തയ്ക്കും വിലയിരുത്തലിനും വേണ്ടി, ഉള്‍ത്തടത്തില്‍ ഒരു ചലനം സൃഷ്ടിക്കേണ്ടതിന്, ഏതെങ്കിലും ഒരു ഹൃദയത്തില്‍ ഒരു പുതുനിര്‍ണ്ണയം എടുക്കുവാന്‍ പ്രേരണയാകേണ്ടതിന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

നമ്മള്‍ ബ്ലോഗര്‍മാര്‍ സാധാരണ മനുഷ്യരെക്കാളും ഒരു പ്രത്യേകതയുള്ളവരാണ്. നമ്മുടെ അന്തരംഗം സദാ ഉണര്‍ന്നും നിരീക്ഷിച്ചും പ്രതികരിച്ചും രേഖപ്പെടുത്തിയും സജീവമാണ്. നമ്മുടെ വീക്ഷണങ്ങള്‍ വ്യത്യസ്തമാണ്   നമ്മുടെ ഭാവനയും ചിന്താഗതികളും വ്യത്യസ്തമാണ്. അതുകൊണ്ടാണ് നമ്മള്‍ അതു വാങ്മയചിത്രമായി രൂപപ്പെടുത്തി മറ്റുള്ളവര്‍ക്ക് വിളമ്പുന്നത്.

ഇന്ന് ഞാന്‍ അവതരിപ്പിക്കുന്ന ഈ വിഷയവും നിങ്ങള്‍ ഒരു നിമിഷം ശ്രദ്ധിക്കാതിരിക്കുകയില്ല എന്നെനിക്ക് നിശ്ചയമുണ്ട്.



നമുക്ക് സോണിയെന്ന ഈ 8 വയസ്സുകാരിയെ പരിചയപ്പെടാം. ഇവള്‍ ആന്ധ്രയിലെ ഒരു നഗരപ്രാന്തചേരിയില്‍ പാട്ടയും ചാക്കുമൊക്കെ പെറുക്കി ഉപജീവനം കഴിക്കുന്ന മാതാപിതാക്കളുടെ പുത്രിയാണ്. നന്നായി പഠിക്കുന്ന ഈ കുട്ടിക്ക് ഡോക്ടര്‍ ആകണമെന്നാണാഗ്രഹം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ഒരു സിനിമാ ഡയലോഗ് പോലെ ഒരു ആഗ്രഹം.

ഇങ്ങിനെയുള്ള സ്വപ്നങ്ങളെയും ജീവിതങ്ങളെയും ലക്ഷ്യപൂര്‍ത്തിയിലെത്തിക്കേണമെന്ന് കരുതി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന വഴി എന്റെ ഒരു സുഹൃത്ത് ഈ കുട്ടിയെ സ്പോണ്‍സര്‍ ചെയ്യുന്നു. മാസം 600 രൂപ എന്ന മിനിമം തുക അയച്ച് വലിയ ഒരു ലക്ഷ്യത്തിലേക്ക് ഈ കുട്ടിയെ നയിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്ത എന്റെ സുഹൃത്ത് അത് ആരും അറിയേണ്ടെന്നും പരസ്യപ്പെടുത്തേണ്ടെന്നും ആഗ്രഹിക്കുന്നു. എങ്കിലും ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും ഒരു പ്രോത്സാഹനത്തിന് കാരണമാകേണ്ടതിനും, സോണിയെപ്പോലെ ഇനിയൊരു മുഖം കൂടി സന്തോഷഭരിതമാകേണ്ടതിനും ഞാന്‍ ഇത് പരസ്യപ്പെടുത്തുകയാണ്.

എന്റെ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുന്ന 40 പേരിലാരെങ്കിലും ഇത് പോലൊരു തീരുമാനമെടുത്താല്‍, അല്ലെങ്കില്‍ അവരുടെ സൌഹൃദ സംഭാഷണങ്ങളില്‍ ഈവിധവിഷയങ്ങള്‍ കടന്നു വന്നിട്ട് ഒന്നോര്‍ക്കുവാന്‍ ഈ ബ്ലോഗ് പ്രേരകമായെങ്കില്‍, അങ്ങിനെ ചില കുഞ്ഞുങ്ങളുടെ മുഖത്ത് ചിരിപ്പൂക്കള്‍ വിരിയുന്നുവെങ്കില്‍ എന്റെ ഈ എളിയ ശ്രമവും ധന്യമായി.

അല്ലെങ്കിലും എന്റെ ഗുഹയുടെ ചുവരില്‍ ഈ അക്ഷരചിത്രം മായാതെ കിടക്കും. എന്നെങ്കിലും ഇതുവഴി കടന്നു വരുന്ന ഒരു സഞ്ചാരിക്കായി കാത്തുകൊണ്ട്..........

20 comments:

  1. അതെ. എപ്പോഴെന്കിലും ആരെങ്കിലും കടന്നുവരുംമ്പോള്‍ ഇതൊന്നു നോക്കാതിരിക്കില്ലല്ലോ. അപ്പോള്‍ നേരിയ ഒരു ചലനം..ആ കാഴ്ച്ചയില്‍ നിന്ന് ലഭിക്കുന്നു എങ്കില്‍ തീര്‍ച്ചയായും നല്ലത് തന്നെ.
    ഇത്തരം നല്ല പ്രവൃത്തികള്‍ എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കട്ടെ എന്ന് മാത്രം ഞാനിപ്പോള്‍ പറയുന്നു.
    കൃസ്തുമസ് ആശംസകള്‍.

    ReplyDelete
  2. അജിതേട്ട,ഇത് ഒത്തിരി വലിയ കാര്യങ്ങള്‍ പറഞ്ഞുള്ള പോസ്റ്റ്‌ ആണല്ലോ.
    ബ്ലോഗിന്റെ കഥ വളരെ തന്മയത്വമായി വിശകലനം ചെയ്തിരിക്കുന്നു.
    മനസ്സില്‍ നിന്നു വന്ന വാക്കുകള്‍ വായിക്കുമ്പോള്‍ ആ മനസ്സിന്റെ
    ആല്മാരതതയും മറക്കാന്‍ പറ്റില്ല."നമ്മുടെ ബ്ലോഗ്ഗെര്മാര്‍ സാധാരണ
    മനുഷ്യരേക്കാള്‍" .....എത്ര ലളിതമായ മഹത്തരമായ ചിന്ത ആണ് അവതിരിപ്പിച്ചത് എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ ലേഖനം.... സോണിയക്ക് നന്മകള്‍ നേരുന്നു..
    പിന്നെ ഗുഹ മുഖത്ത് എല്ലാം ഉപേഷിച്ച് പോവാന്‍ സമയം ഒന്നും ആയില്ല കേട്ടോ.ഇനിയും എഴ്തൂ..പങ്ക് വെക്കൂ ചിന്തകളും അനുഭവങ്ങളും..

    ReplyDelete
  3. പോസ്റ്റ്‌ ഏറെ നന്നായി. നന്മ ബാക്കിയുള്ള ഒരു ഹൃദയത്തിന്റെ പങ്ക് വെപ്പ്. വെളിച്ചം പ്രസരിപ്പിക്കാന്‍ പ്രാപ്തിയുള്ള എഴുത്ത്. ഇനിയുമിനിയും എഴുതുക.

    ReplyDelete
  4. ഈ ഒരു വിഷയത്തെ കുറിച്ച് പോസ്റ്റ് എഴുതിയതിന്‌ എന്റെ അഭിനന്ദനങ്ങള്‍.

    നാരായണന്‍ കൃഷ്ണന്റെ വീഡിയോ കണ്ടതിനു ശേഷം ഞങ്ങള്‍ മൂന്നു കുട്ടികളെ സ്പോണസര്‍ ചെയ്യാന്‍ തുടങ്ങി (www.savethechildren.org) ഡല്‍ഹിയിലെ ചേരിയില്‍ താമസിക്കുന്ന രണ്ടു വയസ്സുകാരന്‍ ദേവ്, നേപ്പാളിലെ ഒരു ദരിദ്ര ഗ്രാമത്തിലെ അഞ്ചു വയസ്സുകാരി രഞ്ജു. ആഫ്രിക്കയിലെ മാലിയില്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുന്ന ആറുവയസ്സുകാരന്‍ ബോയ്കര്‍.

    മറ്റുള്ളവര്‍ ഇത് അറിയരുതെന്ന് കരുതുന്നത് ശരിയല്ല എന്നാണ്‌ എന്റെ അഭിപ്രായം. മറ്റുള്ളവര്‍ അറിഞ്ഞാലേ അവര്‍ക്കും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രചോദനമുണ്ടാകൂ. അങ്ങിനെയെങ്കിലും കുറെ കുഞ്ഞുങ്ങള്‍ രക്ഷപ്പെടട്ടെ.

    ReplyDelete
  5. ബ്ലോഗ്‌ എഴുതുന്നതിന്റെ ലക്‌ഷ്യം കമന്റുകള്‍ കിട്ടുക എന്നതായി ചുരുങ്ങിയിരിക്കുന്നു. കമന്ടുകലുടെയും ഫോളോവേഴ്സിന്റെയും എണ്ണത്തിലാണ് എല്ലാരുടെയും ശ്രദ്ധ. നല്ല കാര്യങ്ങള്‍ എഴുതുക ഉപകാരമുള്ളത്‌ എഴുതുക. അത് വായിക്കുന്നത് രണ്ടാളാണെങ്കിലും ആ ബ്ലോഗ്‌ വിജയിച്ചു എന്ന അഭിപ്രായക്കാരനാണ് ഞാന്‍ . വളരെ നല്ല മനസ്സ്‌ .

    എന്റെ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുന്ന 40 പേരിലാരെങ്കിലും ഇത് പോലൊരു തീരുമാനമെടുത്താല്‍, അല്ലെങ്കില്‍ അവരുടെ സൌഹൃദ സംഭാഷണങ്ങളില്‍ ഈവിധവിഷയങ്ങള്‍ കടന്നു വന്നിട്ട് ഒന്നോര്‍ക്കുവാന്‍ ഈ ബ്ലോഗ് പ്രേരകമായെങ്കില്‍, അങ്ങിനെ ചില കുഞ്ഞുങ്ങളുടെ മുഖത്ത് ചിരിപ്പൂക്കള്‍ വിരിയുന്നുവെങ്കില്‍ എന്റെ ഈ എളിയ ശ്രമവും ധന്യമായി

    ReplyDelete
  6. നല്ല വിചാരം.:)

    ReplyDelete
  7. ഇങ്ങനെ കുറെ നല്ല മനസ്സുകള്‍ വേറെ ചിലര്‍ക്ക് പ്രേരണയാകും. അങ്ങനെ ചിരിപ്പൂക്കള്‍ വിടരട്ടെ.

    ReplyDelete
  8. @ കാര്‍ന്നോര് രമ്യയെ ഓര്‍ത്തുപോയി അല്ലെ? മരണത്തിന്റെ മുഖത്ത് നോക്കി മരണത്തെപ്പറ്റി കവിതയെഴുതിയ പൊന്നുമോള്‍

    @പട്ടേപ്പാടം റാംജി, ചലനങ്ങള്‍ ഉണ്ടാവുകതന്നെ ചെയ്യും. അതേ, ഇല്ലെങ്കില്‍ പിന്നെ എന്താണ് നമുക്കൊക്കെ പ്രതീക്ഷിക്കാനുള്ളത്?

    ‌@ എന്റെ ലോകം, ലേഖനം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഗുഹാമുഖം വിട്ട് പോവുകയൊന്നുമില്ല...... നനഞ്ഞിറങ്ങി. ഇനി കുളിച്ച് കയറുക തന്നെ

    @ സലാം, പ്രോത്സാഹനത്തിനു നന്ദി. ഇരുട്ടിനെ പഴിക്കാതെ ഒരു തിരി തെളിയിച്ച് വയ്ക്കുവാന്‍ നമുക്ക് മുമ്പേ കടന്ന് പോയവര്‍ ഉപദേശിച്ചുവല്ലൊ.

    @ തത്തമ്മ പറഞ്ഞത് വളരെ ശരി, തത്തമ്മ ചെയ്യുന്നത് വളരെയേറെ ശരി.

    @ ഹാഫീസ്, എനിക്കും അതേ അഭിപ്രായം തന്നെ. രണ്ട് പേര്‍ എങ്കില്‍ രണ്ട് പേര്‍. ഏത് വലിയ യാത്രയുടെയും തുടക്കം ഒരു കാല്‍ചുവടിലത്രെ എന്ന് ചൈനീസ് പഴമൊഴി.

    @ ജു, നല്ല വിചാരം ഞാന്‍ പോയ എല്ലാ ബ്ലോഗ് സൈറ്റുകളിലും കണ്ടു. ഈ ലോകം എത്ര നന്മ നിറഞ്ഞതെന്ന് ചിലപ്പോള്‍ തോന്നും.

    @ ശ്രീ, ചിരിപ്പൂക്കള്‍ വിരിയട്ടെ, വിരിഞ്ഞ് നറുമണം പരത്തട്ടെ, തമസോ മാ ജ്യോതിര്‍ഗമയഃ, മൃത്യോര്‍ മാ അമൃതം ഗമയഃ
    (തിരുവാതിര, ധനുക്കുളിര്‍, നന്നായിരുന്നു)

    ReplyDelete
  9. ഞാന്‍ പോസ്റ്റ് രാവിലെ വായിച്ചു പോയതാണു രമ്യയുടെ ബ്ലോഗില്‍ പോയി കവിതകള്‍ വായിച്ചു ..
    അജിത് സാര്‍ നല്ല ഒരു ചിന്ത തന്നെയാണു.. ബ്ലോഗുകൊണ്ട് ഇപ്പോഴുള്ള ഉദ്ദേശം എന്തെന്ന് ഹാഫിസ് പറഞ്ഞു
    .

    ReplyDelete
  10. തീരുമാനമെടുക്കുന്നതില്‍ നാം പലപ്പോഴും വൈകുന്നു. പിന്നീടതില്‍ ദുഖിക്കുകയും ചെയ്യുന്നു.
    നന്മ വറ്റാത്ത ഹൃദയങ്ങള്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ടെന്നത് ശുഭകരമാണ്. നാം കഠിനഹൃദയരെന്നു കരുതുന്ന പലരും രഹസ്യമായി പലര്‍ക്കും സഹായമെകുന്നത് എനിക്കറിയാം. അതില്‍ ഇരട്ടി പ്രതിഫലം ഉണ്ടെന്നു അവര്‍ ഒരു പക്ഷെ കരുതുന്നുണ്ടാവാം. സഹായ ഹസ്തം നീളും...അല്പം വൈകിയാലും.

    ReplyDelete
  11. ആശംസകള്‍, നല്ല ഉദ്യമത്തിന്.

    ഒപ്പം പുതുവത്സരാശംസകളും.

    ReplyDelete
  12. രമ്യയെ പരിചയമുണ്ടായിരുന്നു.
    നീറുന്ന ഓർമ്മയായി........



    ഈ പോസ്റ്റ് വളരെ നന്നായി. നല്ല മനസ്സും നല്ല വിചാരങ്ങളും തീർച്ചയായും പങ്കുവെയ്ക്കപ്പെടേണ്ടതു തന്നെ.

    ReplyDelete
  13. nanma niranja postinu valare nandhi oppam hridayam niranja puthuvalsara aashamsakalum.........

    ReplyDelete
  14. നന്മയുടെ നാട്ടുപൂക്കള്‍ വിരിയുന്ന നടവഴികള്‍ ഇന്നെത്ര ചുരുക്കം... ഇങ്ങനെ ചിലത് കാണുമ്പോള്‍, വായിക്കുമ്പോള്‍, മനസ്സ് നിറയുന്നു. പുതുവത്സരാശംസകളോടെ,
    :)

    ReplyDelete
  15. ഹംസ
    തണല്‍
    നിശാസുരഭി
    എച്മു
    ജയരാജ്
    ഷേഡ്സ്

    എല്ലാവര്‍ക്കും നന്ദി, വരവിനും വായനയ്ക്കും.
    (ഇനി കണക്കില്‍ 40 ന് പകരം 41 എന്നെഴുതും ഞാന്‍. ആദ്യമായിട്ട് ഡോക്ടറും വന്നല്ലൊ തിരക്കിനിടയിലും.)

    ReplyDelete
  16. ഇടക്കിടക്ക് ചില നല്ല ചിന്തകൾ ഉണ്ടാകുന്നത് മനസ്സിനു കുളിർമ്മ നൽകും... ജീവിതത്തിനും..
    അഭിനന്ദനങ്ങൾ...

    ReplyDelete
  17. തിന്മകളുടെ പ്രചാരകരാണ്‌ ഭൂരിഭാഗം മാധ്യമങ്ങളും .. നന്മകളെ പ്രാകശിപ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകാന്‍ കഴിയുന്നതും ഒരു അനുഗ്രഹമാണ് .. ഈ നന്മയുടെ വെളിച്ചവും എല്ലാവര്ക്കും വഴികാട്ടട്ടെ

    ReplyDelete
  18. സോണി യെ ഞാന്‍ ഇന്ന് കൂടുതല്‍ അറിഞ്ഞു, എല്ലാ നന്മകളും ഈ കുഞ്ഞുവാവക്ക് , ഒപ്പം കരുണ വറ്റാത്ത ഈ ഹൃദയത്തിനും.

    ReplyDelete