അന്തരിച്ച മുന്‍ പ്രധാനമന്ത്രി ശ്രീ പി.വി. നരസിംഹറാവുവും ഞാനും തമ്മില്‍ പൊതുവില്‍ ഒരു കാര്യം പങ്കിടുന്നുണ്ടെന്ന് എന്റെ സുഹൃത്തുക്കളും (അധികം പേരൊന്നുമില്ല, അത്രയ്ക്ക് നല്ല സൌഹൃദസ്വഭാവിയാണെന്ന് പറഞ്ഞാല്‍ മതിയല്ലോ) പിന്നെ പ്രിയഭാര്യയും പറയാറുണ്ട്.
ചിരിയുടെ കാര്യത്തിലാണ് ഈ സാമ്യം.
പ്രധാനമന്ത്രിയാക്കുമെന്നറിഞ്ഞ് പോലും അദ്ദേഹം ചിരിച്ചിട്ടില്ലെന്നാണ് വാര്‍ത്ത.
ഇക്കിളിയിട്ടിട്ട് പോലും റാവു ഒന്നു ചിരിച്ച് കാണാനുള്ള ഭാഗ്യം പ്രസിഡന്റിനോ മന്ത്രിമാര്‍ക്കോ ലഭിച്ചിട്ടില്ലത്രേ.
ഈയടുത്ത കാലത്ത് മനസ് തുറന്നൊന്ന് ചിരിച്ചത് ജയന്‍ ഡോക്ടറുടെ പഞ്ചമനെ വായിച്ചപ്പോഴാണ്.
പക്ഷെ പറയാന്‍ വന്നത് ഇതൊന്നുമല്ല.
വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ഈ ചിരി ഒരു പാരയായി മാറുന്നതിനെപ്പറ്റി നിങ്ങളോട് പങ്കു വയ്ക്കാം.
നഞ്ചെന്തിനാ നാനാഴി എന്ന് ചോദിച്ചത് പോലെയാണ് ഈ ചിരി തിരിച്ചടിച്ചിട്ടുള്ളത്.
ഒരനുഭവം സിംഗപ്പൂരില്‍ വച്ചാണ്.
വന്ന് അധികം നാളായിട്ടില്ല. സിംഗപ്പൂരില്‍ തമിഴറിയാമെങ്കില്‍ ജീവിച്ച് പോകുന്നത് വളരെ എളുപ്പമാണ്. ദുബായില്‍ ജീവിക്കാന്‍ മലയാളം മാത്രം മതി എന്ന് പറയുന്നത് പോലെ !
എനിക്കാണെങ്കില്‍ ആകെ അറിയാവുന്ന തമിഴ് “ആമാ” മാത്രം.
യാര്‍ഡില്‍ ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് വിശ്രമിക്കുന്ന സമയം. രണ്ടുമൂന്ന് തമിഴന്മാര്‍ ഇരുന്ന് കാര്യങ്ങള്‍ പറയുകയായിരുന്നു.
നമുക്കാണെങ്കില്‍ അധികം സുഹൃത്തുക്കളുമില്ല. ഇങ്ങിനെയൊക്കെയല്ലെ പരിചയപ്പെടുന്നതെന്നോര്‍ത്ത് ധൈര്യപൂര്‍വം ഇടിച്ചങ്ങ് കയറി.
കേട്ട സംഭാഷണ ബാക്കി ഇതാണ്: ഹെവനാ അത്, എങ്ക രാമനുടയ ഉയിരെടുക്ക വന്ന യമന്‍ അത്”
ആഹാ എന്തൊരു പ്രാസം? എന്തൊരു പ്രസെന്റേഷന്‍?
ഇതിനൊരു കമന്റ് പോസ്റ്റ് ചെയ്യാതെ ( സോറി, ബ്ലോഗ് പരിചയം വച്ച് എഴുതിപ്പോയതാ.) ഒരു അഭിപ്രായം പറയാതെ വിട്ടാല്‍ ശരിയാകുമോ?
ആവശ്യമുള്ള സമയത്ത് ആമയും വരുന്നില്ല മുയലും വരുന്നില്ല. എന്നാലും അണ്ണന്മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ ഒരസുലഭാവസരം വെറുതെ കളയുന്നതെങ്ങിനെ?
ഇനിയിപ്പം ഒരൊറ്റ വഴിയേയുള്ളു. വല്ലപ്പോഴും വരുന്ന ചിരിയായുധം തന്നെ ശരണം.
പ്രാസമൊപ്പിച്ചുള്ള അണ്ണന്റെ തമിഴ് പേച്ച് ആസ്വദിച്ചെന്ന മട്ടില്‍ “ഹ ഹ ഹ“ ഒരൊന്നൊന്നര ചിരി തുറന്നങ്ങു വിട്ടു.
ഒരു മറുപടിച്ചിരിക്ക് ആകാംക്ഷയോടെ ഞാന്‍ നോക്കിനില്‍ക്കെ അണ്ണന്മാരുടെ മുഖഭാവം എം.ജി.ആറിനെ കണ്ട എം.എന്‍ നമ്പ്യാരെപ്പോലെ കടുപ്പമാകുന്നത് കണ്ട് ഞാന്‍ ആകെ വിളറി. സ്ലോ മോഷനില്‍ അവര്‍ അടുത്ത് വരുന്നത് പന്തിയല്ലെന്ന് ആറാമിന്ദ്രിയം പറഞ്ഞത് കേട്ട് ഞാന്‍ അവിടെ നിന്നു രക്ഷപ്പെട്ടു. സംഗതിയെല്ലാം കണ്ടു നിന്ന ഒരാള്‍ പിന്നെ വിഷയം പറഞ്ഞപ്പോഴാണ് ചിരി പാരയാകുന്നതെങ്ങിനെയെന്ന് മനസ്സിലായത്.
ഞങ്ങളുടെ യാര്‍ഡില്‍ വന്ന ഹെവന്‍ എന്ന ഷിപ്പില്‍ ഒരു തമിഴ് സുഹൃത്ത് വീണു മരിച്ചിട്ട് അധികം നാളായിട്ടില്ലായിരുന്നു. രാമന്‍ എന്ന ആ സുഹൃത്ത് അണ്ണന്മാരുടെ സന്തതസഹചാരി ആയിരുന്നത്രെ. രാമന്റെ ഉയിര്‍ പോയ കാര്യം സംസാരിച്ചിരുന്നതിന്നിടയിലാണ് ഞാന്‍ എന്റെ സന്തോഷപ്പൊട്ടിച്ചിരിയുമായി കയറിച്ചെന്നത്.
ഒരു തല്ലു കൊണ്ടൊന്നും ഞാന്‍ നന്നാവില്ല അമ്മാവാ എന്ന് പറഞ്ഞത് പോലെ ചിരിപാര മുമ്പ് വിശാഖപട്ടണത്ത് വച്ച് തിരിഞ്ഞ് കുത്തിയത് മറന്നുപോയി.
കോളേജും ITI യും കഴിഞ്ഞ് നേവിയില്‍ ട്രെയിനിങ് വിശാഖപട്ടണത്ത്. മലയാളികളെ മാത്രം കണ്ട് വളര്‍ന്ന ഞാന്‍ പല സംസ്ഥാനക്കാരുടെ ഇടയില്‍ ചെന്നായ്ക്കളുടെ ഇടയില്‍ കുഞ്ഞാട് പോലെ കഴിഞ്ഞു. പഠനത്തില്‍ മിടുക്കനായതുകൊണ്ട് മലയാളമല്ലാതെ ഒരു വാക്ക് വരത്തില്ല വായില്‍ നിന്ന്.
കിട്ടിയ റൂം മേറ്റ് ബീഹാറില്‍ നിന്നുള്ള ദിലീപ് കുമാര്‍ സിംഗ്. ആറ് മാസം കഴിഞ്ഞപ്പോള്‍ അവന്‍ മലയാളം പറഞ്ഞു തുടങ്ങി. ഞാന്‍ മോശമല്ലല്ലോ. ഞാനും പഠിച്ചു ഹിന്ദി. രണ്ടേ രണ്ട് വാക്ക്- “ബഹുത് അച്ഛാ”
അങ്ങിനെയിരിക്കെ സിംഗ് അവധിക്ക് പോയി. ഒരു മാസം കഴിഞ്ഞ് തിരിയെ വ ന്നപ്പോള്‍ സിംഗിന്റെ മുഖത്ത് ഒരു തെളിച്ചവുമില്ല. ഹോം സിക്ക് ആയിരിക്കും എന്ന് തോന്നി. അന്നു രാത്രിഭക്ഷണമൊക്കെ കഴിഞ്ഞ് വരുമ്പോള്‍ സിംഗും കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നു.
കടിച്ചാല്‍ പൊട്ടാത്ത ഹിന്ദിയുടെ നടുവില്‍ ഞാന്‍ കണ്ണും തള്ളിയിരുന്നു, കുറിച്ചിത്താനം ഹൈ സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന സോമന്‍ സാറിനെ ഓര്‍ത്തുകൊണ്ട്. പത്താം ക്ലാസില്‍ മിഡ്റ്റേം പരീക്ഷയ്ക്ക് ഹിന്ദി തര്‍ജമ ചെയ്തതും ഉത്തരക്കടലാസ് വായിച്ച് ക്ലാസ്സില്‍ ചിരിയുടെ വെടിക്കെട്ട് പൊട്ടിച്ചതും മറക്കുന്നതെങ്ങിനെ? “ശാം കോ ഹവാ ഘാനെ കേലിയെ ലോഗ് മൈദാന്‍ മേ ആത്തേ ഹൈ“ എന്ന വാക്യം ഞാന്‍ തര്‍ജമ ചെയ്തത് ഇങ്ങിനെ; ശാമിന്റെ ഹല്‍വ തിന്നുവാന്‍ ലോകം മൈതാനത്തില്‍ വരുന്നു“
എന്തായാലും ശരി, അങ്ങിനെ വെറുതെ വിട്ടിട്ട് കാര്യമില്ല. നമ്മുടെ ഒരു ചെറിയ contribution ഇല്ലെങ്കില്‍ ഹിന്ദി അറിയാത്ത മദ്രാസി എന്ന് അവന്മാര്‍ നമ്മളെ പരിഹസിച്ച് കേരളത്തിന് ആകെ നാണക്കേട് വരില്ലേ?
ഞാന്‍ അവസരം നോക്കിയിരുന്നു ഗോള്‍പോസ്റ്റിലേക്ക് തക്കത്തിലൊരു ഗോളടിക്കാന്‍. സിംഗ് വളരെ ഭാവാഭിനയത്തോടെ ഒരു വാചകം പറഞ്ഞു നിര്‍ത്തി, എനിക്കു അലകും പിടിയും തിരിഞ്ഞില്ല, പക്ഷെ എന്റെ വജ്രായുധമെടുത്ത് ഒരു കാച്ച് കാച്ചി. “ ബഹുത് അച്ഛാ ഹ ഹ ഹ”
ഒരന്യഗ്രഹജീവിയെ പെട്ടെന്ന് കണ്ടത് പോലെ അവരുടെയെല്ലാം മുഖം മാറി. സിംഗ് എന്തോ പിറുപിറുത്ത് പെട്ടെന്ന് എഴുന്നേറ്റ് പോയി. ചില പ്രത്യേകസമയത്ത് ചിലര്‍ നമ്മളോട് പറയുന്നത് തെറിയാണെന്ന് മനസ്സിലാക്കാന്‍ ലോകത്തൊരിടത്തും ആര്‍ക്കും ഭാഷയുടെ ആവശ്യമില്ല.
ഓരോരുത്തരായി അവര്‍ പുറത്തേക്ക് പോയി. അവസാനം പോയ ആള്‍ അസ്മത്തുള്ള എന്ന തമിഴന്‍- ഹിന്ദി, ഉര്‍ദു, മലയാളം എല്ലാം അറിയുന്ന ഒരാള്‍- എനിക്കു പറഞ്ഞുതന്നു. വലിയ പ്രളയം വന്ന് സിംഗിന്റെ ഗ്രാമത്തിലെ കൃഷിയെല്ലാം നശിച്ച് പോയതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് എന്റെ ബഹുത് അച്ഛാ. അടികൊണ്ടത് പോലെ എഴുന്നേറ്റ് പോയപ്പോള്‍ സിംഗ് പറഞ്ഞത് “ അവന്റെ ഒടുക്കത്തെ ചിരി” എന്നായിരുന്നുവത്രെ.
N.B: സിംഗ് മറക്കാന്‍ കഴിയാത്ത ഒരു കഥാപാത്രം ആണ്. ഒരിക്കല്‍ ഒരു പാത്രം നിറയെ മിഠായിയുമായി അവന്‍ എല്ലാ റൂമിലും കടന്നു വന്നു. എന്താ വിശേഷം നിന്റെ പിറന്നാളാണോ എന്ന ചോദ്യത്തിനു നിഷ്കളങ്കമായ ആഹ്ലാദത്തോടെ സിംഗ് പറഞ്ഞു. അല്ല നിനക്കറിയില്ലേ? റ്റുമാറോ ഈജ് മായ് കണ്ട്രി..........................(ഇംഗ്ലീഷ് വാക്കിനു തപ്പുന്നു)........ ആജാദി ഹൈ. നിര്‍വ്യാജമായ ദേശസ്നേഹം ഞാന്‍ അവന്റെ മുഖത്ത് നിന്നു വായിച്ചറിഞ്ഞു. ജയ് ഹിന്ദ്.
നരസിംഹറാവുവിനെ പോലെ അജിത് സാറിനും ചിരിക്കാനാവില്ല എന്നത് വരട്ടെ...പത്ത് പതിനാല്‍ ഭാഷകള്‍ അറിയാവുന്ന അദ്ദേഹം പക്ഷെ,ഒരു ഭാഷമാത്രമേ കാര്യമായി പുറത്തെടുക്കാറുള്ളൂ..മൌനത്തിന്‍റെ ഭാഷ മാത്രം.പിന്നല്ലേ ഈ ചിരി.!
ReplyDeleteഇനിയും ശാമിന്‍റെ ഹലുവക്കായി കാത്തിരിക്കുന്നു,നല്ല മധുരം..!!
വായിച്ചു. നന്നായിട്ടുണ്ട്.. ചിരിച്ചു പോയി
ReplyDeleteബഹുത് അച്ഛാ ഹ ഹ ഹ
ReplyDeleteനന്നായിട്ടുണ്ട്...ഞാനും ചിരിച്ചു..
ചിരിക്കാന്‍ അറിയില്ലെങ്കിലും ചിരിപ്പിക്കാന്‍ അറിയാം.നന്നായിട്ടുണ്ട് ( ബഹുത് അച്ചായുടെ അര്‍ഥം ശരിക്ക് അറിയാമായിരുന്നത് ഭാഗ്യം .)
ReplyDeleteഹൃദ്യമായ, ഹാസ്യം നിറഞ്ഞ അവതരണം. യഥാര്‍ത്ഥ ഹാസ്യകാരന്‍ ചിരിക്കാതെയാണ് കാര്യം പറയുക. കേള്‍ക്കുന്നവന്‍ ചിരിക്കുന്നു. ശ്രീനിവാസന്‍ ഉദാഹരണം. നന്നായി
ReplyDeleteശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നു പറഞ്ഞതു പോലെയായിട്ടോ ഈ ചിരി. ആരെങ്കിലും കൈ വെയ്ക്കാഞ്ഞത് ഭാഗ്യം! ഇനി അങ്ങിനെ വല്ലതും? ഒന്ന് ശരിക്കും ഓര്‍ത്ത് നോക്കു..കയ്യിലിരുപ്പ് വെച്ച് കിട്ടിക്കാണാന്‍ വഴിയുണ്ട്. ഹ..ഹ.ഹ.:)
ReplyDeleteചിരി ആയുസ്സ് കൂട്ടും.....ഹ ...ഹ...ഹ....
ReplyDeleteഎന്തിനാ അധികം. ഇങ്ങനെ മലയാളത്തില്‍ എഴുതിയിട്ട്, ഹിന്ദിയില്‍ ചിരിച്ചാല്‍ പോരെ...!!
ReplyDeleteനല്ല പോസ്റ്റ്.
ആഹാ, ഇത് കൊള്ളാം.
ReplyDeleteചിരിപ്പിച്ചതിന് നന്ദി.
സ്വയം ചിരിച്ചില്ലെങ്കിലെന്താ............
അത്ര ബലം പിടിയ്ക്കാതെ ഒന്നു ചിരിച്ചോളൂ......
ങാ, അതെ, അങ്ങനെ തന്നെ........
ഹ ഹ ഹ.......
ബഹുത് അച്ഛാ... എന്നെ തല്ലാന്‍ വരരുത് :-)
ReplyDeleteഈ ചിരിച്ചു കൊണ്ടിരിക്കുന്ന "പോട്ടം " ആളെ ചിരിപ്പിച്ചതിന്റെയാ ല്ലേ ...
ReplyDeleteBahuth acha, eee bhashayonnumariyathe ororo nattil pidichu nilkente vishamam enikkalle ariyuuu
ReplyDeleteഇപ്പ ഹിന്ദീലൊക്കെ പുലിയാണ്‌ട്ടാ. 100 വാക്കുണ്ട് വൊക്കാബുലറീല്. അതുമതി അത്യാവശ്യം പിടിച്ച് നില്‍ക്കാന്‍
Deleteഎന്റെ അഭിപ്രായത്തിൽ ഇതൊരു ആഗോള പ്രശ്നമാണു.
ReplyDeleteഇത്തിരി ചെവിക്കുറവ് കൂടുണ്ടെങ്കിൽ ആകെ പൊല്ലാപ്പാ
ശരിയാണ്. മനസ്സിലായാല്‍ മാത്രം പ്രതികരിക്കുക എന്ന ശീലം പാലിക്കുന്നു ഇപ്പോള്‍
Deleteഇതൊക്കെ സിനിമയിൽ മാത്രം കാണുന്ന തമാശകളാണെന്നാണ് കരുതിയിരുന്നത്. അജിത്തേട്ടൻ പറഞ്ഞതോടെ ജീവിതത്തിലും നടക്കുന്നതാണെന്ന് മനസ്സിലായി.
ReplyDeleteശരിക്കും അനുഭവങ്ങള്‍ പറഞ്ഞാല്‍ സിനിമക്കഥകളെ വെല്ലും!
Deleteനിങ്ങള്‍ ചിരിച്ചില്ലെങ്കിലും ഞങ്ങള്‍ നന്നായി ചിരിച്ചു ,ഇത് പോലെ എന്റെ ഒരു സുഹൃത്ത് കൊതുകുതിരി വാങ്ങാന്‍ പോയി പെട്ട കഥ ഓര്‍ക്കുന്നു . കൊതുകിന്റെ ഹിന്ദി അറിഞ്ഞൂടാത്തത് കൊണ്ട് കടയില്‍ ചെന്നു ആവശ്യപ്പെട്ടതിങ്ങനെ ,."രാത് മേം ആനേവാലെ ,ഖൂന്‍ പീനെവാലോം കെ മാര്‍നെ കാ സാമാന്‍ ദേദോ"കടക്കാരന്‍ കുറെ നേരം ആലോചിച്ച് അകത്തു പോയി എടുത്തു കൊണ്ട് വന്നതെന്തെന്നോ .."ഡ്രാക്കുളയുടെ ഒരു മുഖം മൂടി "
ReplyDeleteഅനുഭവത്തിൽ നിന്നും പിച്ചി ചീന്തിയെടുത്ത ഏടുകൾ. ആസ്വാദ്യകരമായി, അജിത്ത്.
ReplyDelete