പുതുമഴയുടെ കേളികൊട്ടറിയിച്ചു കൊണ്ട് ഈയാംപാറ്റകള്‍ മുറ്റത്തുനിന്നു പറന്നുയരുന്നത് കൌതുകത്തോടെ നോക്കിയിരുന്ന ഒരു ബാല്യകാലം. ഞെങ്ങിഞെരുങ്ങി അവ പിറകെപിറകെ വരുന്നത് എത്രയോ നേരം നോക്കി അവസാനം അമ്മയുടെ സ്നേഹശകാരം കേട്ട് മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു പോകുമ്പോള്‍ ഒരിക്കല്‍പ്പോലും അവസാനമായി മാളത്തില്‍ നിന്നു പുറത്തു വരുന്ന വീരനെ ഒന്നു കാണാനായില്ലല്ലോ എന്ന ഇച്ഛാഭംഗം ബാല്യത്തിന്റെ എല്ലാ നാളിലും പിന്തുടര്‍ന്നിരുന്നു.
ചിന്തകളും ഈയാമ്പാറ്റകളെപ്പോലെയാണ്. അവയ്ക്കും അവസാനമില്ല. ഒന്ന് ഒഴിഞ്ഞുപോകാന്‍ കാത്തിരിക്കുകയാണ് അടുത്തത് രംഗപ്രവേശം നടത്താന്‍. മനസ്സിന്റെ അക്ഷയഖനിയില്‍ നിന്നു അഹമഹമികയാ വരുന്ന ചിന്തകളെ ഒന്നു റീവൈന്‍ഡ് ചെയ്താലോ? നമുക്കു തന്നെ അത്ഭുതം തോന്നും ചിന്തകള്‍ സഞ്ചരിച്ച പാതകളുടെ വൈവിധ്യം.
എത്ര സങ്കീര്‍ണ്ണമാണ് മനുഷ്യമനസ്സിന്റെ നിഗൂഡതകള്‍. ബൈബിളില്‍ ഒരു വാക്യം ഇങ്ങിനെയാണ്. “ സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്റെ ഉദ്ഭവം അതില്‍ നിന്നല്ലോ” ( Proverbs: Chapter4; Verse23 )
നന്മയും തിന്മയും എല്ലാം ഉത്ഭവിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. ( അനാട്ടമി പ്രകാരമുള്ള ഹൃദയമല്ല ഇവിടെ വിവക്ഷ ) റെഡ് ക്രോസ് ഒരു ഹൃദയത്തിലാണ് ആദ്യം പിറവിയെടുത്തത്. ചെഷയര്‍ ഹോം ഒരു ഹൃദയത്തിലാണ് ആദ്യം പിറവിയെടുത്തത്. അനേകര്‍ക്ക് ജീവനും പ്രത്യാശയും പകര്‍ന്ന് നല്‍കുന്ന ഇതുപോലുള്ള അനവധി പ്രസ്ഥാനങ്ങള്‍ പിറവി കൊള്ളുന്നത് ഏതോ ഒരു മനുഷ്യന്റെ ഹൃദയത്തിലാണ്.
ചിലര്‍ ജീവനും വെളിച്ചവും ചിന്തിച്ച് അതിന് ജന്മം നല്‍കുമ്പോള്‍ ചിലര്‍ അക്രമവും മരണവും വിതച്ച് ഇരുട്ടും കണ്ണുനീരും പരത്തുന്നു. സെപ്റ്റംബര്‍ 11 ഒരു ഹൃദയത്തിലാണ് ആദ്യം പിറവിയെടുത്തത്. പിന്നെ സമാനമനസ്കരെ കൂട്ടി ആ ചിന്തയെ ചര്‍ച്ച ചെയ്ത് റിഫൈന്‍ ചെയ്ത്, റിസ്ക് അസ്സസ്മെന്റ് നടത്തി എക്സിക്യൂട്ട് ചെയ്തു.
ബസ്റ്റാന്റിലെ വെയ്റ്റിങ് ഷെഡില്‍ ഒരു ബോംബ് വച്ച് സ്ഫോടനം നടത്തുന്നതിന്റെ ആദ്യ പടിയും ഒരു വികലഹൃദയത്തിലെ ചിന്ത തന്നെയല്ലെ. സ്കൂളില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മുമ്പിലിട്ട് അദ്ധ്യാപകനെ അരിഞ്ഞു വീഴ്ത്തുന്നതും ഒരു ചിന്തയുടെ പരിണിതഫലം തന്നെ. ഇന്ന് ബസില്‍ മറ്റ് യാത്രക്കാരുടെ മുമ്പിലിട്ട് ഒരു 24 വയസ്സുകാരനെ കശാപ്പ് ചെയ്തതിന്റെ ആരംഭവും ഒരു ചിന്തയുടെ മുളയില്‍ നിന്നാണ്.
ഇത്തിരി സോഫ്റ്റ് ആയ മനസ്സുള്ളവര്‍ ഇപ്പോഴത്തെ മലയാളപത്രങ്ങള്‍ വായിച്ചാല്‍ ചിലപ്പോള്‍ ഹൃദയം സ്തംഭിച്ച് പോകാന്‍ ഇടയുണ്ട്. ഇന്നലെ ഒരു വാര്‍ത്ത കണ്ടത് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവിന് വധശിക്ഷ വിധിച്ചതിനെപ്പറ്റിയാണ്. ആഞ്ഞുവെട്ടുന്ന ഭര്‍ത്താവിന്റെ കാല്‍ക്കല്‍ വീണ് ജീവനു വേണ്ടി യാചിച്ചവളെ ദയാദാക്ഷിണ്യമില്ലാതെ (അതു കാണേണ്ടിവന്ന അയല്‍ക്കാരി പല നാളുകളെടുത്തു ആ ഭീകരദൃശ്യത്തിന്റെ പിടിയില്‍ നിന്നു മോചിതയാകാന്‍) കണ്ടതുണ്ടം വെട്ടിക്കൊന്നു.
വിഗ്രഹങ്ങളെന്നു കരുതിയവരുടെയെല്ലാം മിന്നിത്തിളങ്ങുന്ന ഉടുപ്പിനുള്ളില്‍ ബീഭത്സമുഖങ്ങളെന്ന് കാണുന്ന നാളുകളാണോ ഇത്? പ്രത്യാശ തരുന്ന ഒരു നേതാവെവിടെ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂരില്‍ നിന്നു ജോലി നിര്‍ത്തി വന്ന് ഞാനൊരു പിക്കപ്പ് ട്രക്ക് വാങ്ങി. ചെറിയ ചെറിയ ഓട്ടങ്ങളുമായി അങ്ങനെ കഴിയവെ കുട്ടപ്പന്‍ ഒരു ദിവസം രാവിലെ വന്ന് ഒരു നിര്‍ദ്ദേശം വച്ചു. അദ്ദേഹം എന്റെ നാട്ടിലെ ഒരു മരക്കച്ചവടക്കരനാണ്. എങ്ങിനെയോ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന ഒരു സാധു. പാഴ്മരങ്ങള്‍ വാങ്ങി പെരുമ്പാവൂരെത്തിച്ച് വില്പന നടത്തി അഷ്ടിക്ക് വക തേടുന്നു.
കുട്ടപ്പന്റെ നിര്‍ദ്ദേശം ഇതായിരുന്നു. അദ്ദേഹം മരങ്ങള്‍ കണ്ടെത്തും. ഞാന്‍ ഫിനാന്‍സ് ചെയ്യും. കുട്ടപ്പന്റെ ഈ രംഗത്തെ പരിചയവും എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെറിയ സമ്പാദ്യവുമായി തരക്കേടില്ലാതെ ബിസിനസ് ചെയ്യാമെന്ന് ചിന്തിച്ചു പോയതില്‍ തെറ്റുണ്ടോ?
ഒരു ദിവസം അതിരാവിലെ എന്നെ വിളിച്ചുണര്‍ത്തിയത് കുട്ടപ്പന്‍. ചെവി മുതല്‍ ചെവി വരെയെത്തുന്ന ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു. ഒരു കോളൊത്തിട്ടുണ്ട്. സംഗതി ഒതുക്കത്തില്‍ കിട്ടിയതാ. ഇപ്പോള്‍തന്നെ പോയിക്കണ്ട് അഡ്വാന്‍സ് കൊടുക്കണം. ഞങ്ങള്‍ അവിടെയെത്തി. ഒരു കൂറ്റന്‍ കാഞ്ഞിരമരം. കുട്ടപ്പന്‍ പറഞ്ഞു. ഭയങ്കര ഡിമാന്റുള്ള തടിയാണ് കാഞ്ഞിരം. സഹായവിലയേ അവര്‍ ചോദിക്കുന്നുള്ളു. ഞങ്ങള്‍ വില പറഞ്ഞൊത്തു, കച്ചവടമുറപ്പിച്ചു. അടുത്ത ദിവസം വൈകിട്ട് കുട്ടപ്പന്‍ വീണ്ടും വന്നു, മ്ലാനവദനത്തോടെ. പതിഞ്ഞ ശബ്ദത്തില്‍ കുട്ടപ്പന്‍ പറഞ്ഞു. “കൊച്ചെ, ഒരു തട്ടുകേട് പറ്റി. മരം വെട്ടിയിട്ടപ്പോള്‍ തായ് തടിയുടെ മുഴുനീളത്തില്‍ അകം പൊള്ളയായിരിക്കുന്നു” ഞാന്‍ ചെന്നു നോക്കി. ശരിയാണ്. ഇന്നലെ ആ മരം നില്‍ക്കുന്നത് കണ്ട ആരും വിശ്വസിക്കയില്ല അതിനുള്ള് വെറും പൊള്ളയായിരുന്നുവെന്ന്. പുറമെ ലക്ഷണയുക്തമായ ഒരു മരം, ഒരു വളവോ മറിവോ കേടുപാടോ ഒന്നുമില്ല.
ഈയടുത്ത സമയങ്ങളിലെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഈ കാഞ്ഞിരമാണ് ഓര്‍മ്മ വരുന്നത്. വളവോ കോട്ടമോ ഇല്ലെന്നു കരുതിയ ബിംബങ്ങള്‍ നാണംകെട്ട് നില്‍ക്കുന്നു. വീര്‍ സാംഗ്വിയും ബര്‍ഖ ദത്തും എല്ലാം അകം പൊള്ളയായ കാഞ്ഞിരങ്ങളോ?
എന്‍ഡോസല്‍ഫാന്‍ ഒരു കുഴപ്പവുമില്ലാത്ത നിരുപദ്രവ കീടനാശിനിയെന്ന് പറയുന്ന മന്ത്രി ഉള്ള് മുഴുവന്‍ പുഴു നുളയ്ക്കുന്ന മനുഷ്യജന്മമോ.
എവിടെ നോക്കിയാണ് നാം ആശ്വസിക്കേണ്ടത്?
ഒരുപാടു വ്യാകുലപ്പെടുന്ന മനസ്സുമായി ഒരുപാടു പേര്‍ .... ഈ ലോകം എന്നെങ്കിലും മാറുമായിരിക്കും . ചിന്തകള്‍ എല്ലാവരെയും ആശങ്കപ്പെടുത്തുന്നു. നല്ല മനസ്സ് , എഴുത്തും.
ReplyDeleteഎവിടെ നോക്കിയാണ് നാം (ആ)ശ്വസിക്കേണ്ടത് ?
ReplyDeleteരണ്ട് കാഞ്ഞീര മരം അവിടെയുണ്ട്
ReplyDeleteഎവിടെ നോക്കിയാലും ആശ്വാസം കണ്ടെത്താനാകില്ല..
ReplyDeleteസംഭവിച്ചെതെല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്..എന്നു കരുതി സ്വയം ആശ്വാസം കണ്ടെത്തുകയേ നിവൃത്തിയുള്ളൂ.
നല്ല ചിന്ത.
ഉള്ളു പൊള്ളയായ മനുഷ്യര്‍ തന്നെ എവിടെയും...
ReplyDeleteഅജിത് ഏട്ടാ ...കാതലുള്ള ചിന്ത ...ഉള്ളു പൊള്ള യായവര്‍ ഇതൊക്കെ എന്ന് മനസിലാക്കാന്‍ ..ഈ കലികാലം എന്നൊക്കെ പറയുന്നത് ഇത് തന്നെ ...അല്ലെ ?
ReplyDeleteഹ്രദയം നന്നായാല്‍ മനുഷ്യന്‍ നന്നായി. മനുഷ്യന്‍ നന്നായാല്‍ എല്ലാം നന്നായി.
ReplyDeletegood
ReplyDeletemy new blog
http://anju-aneesh.blogspot.com/
visit pls
പ്രിയ അജിത്,
ReplyDeleteമനോഹരമായ ചിന്തയെങ്കിലും അത് ഓര്‍മ്മപ്പെടുത്തിയത് ഭീകരമായ വരും ദിനങ്ങളെയാണ്. കാര്യം സാധിച്ചെടുക്കുവാന്‍ യൌവനം വിട്ടുമാറിയിട്ടില്ലാത്ത പെറ്റമ്മയുടെ നഗ്നത അവരറിയാതെ മൊബൈലില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്കയച്ചു കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന പുറത്ത് പറയുവാന്‍ കൊള്ളില്ലാത്ത കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന വിഷം വമിക്കുന്ന ടീനേജ് പിള്ളാരുടെ കാലമാണിത്. ആശ്വസ്സിക്കുവാന്‍ എന്താണുള്ളത്? ഓരോ വാര്‍ത്തകള്‍ വായിക്കുമ്പോള്‍...കണ്ണുകള്‍ നിറയുന്നു... ഞാനെന്തെങ്കിലും കടും കൈ ചെയ്യ്തു പോകും... ഇതുപോലുള്ള കാഞ്ഞിര മരങ്ങള്‍ കാണുമ്പോള്‍ എന്‍റെ കൈകള്‍ എന്‍റെ അറിവോടെ കൊടുവാള്‍ തിരയുന്നു... എന്നെങ്കിലും ഞാനത്....ചെയ്യും...വെട്ടി മാറ്റല്‍... അതിനു മുന്‍പ് ചില കടമകള്‍ തീര്‍ക്കുവാനുണ്ട്....
അഭിനന്ദനങ്ങള്‍.
നന്നായി എഴുതിയിരിക്കുന്നു.......
ReplyDeleteകലിയാണ് കാലം.
ReplyDeleteകാഞ്ഞിരത്തിന്റെ അകം മുഴുവാൻ പോള്ളയാണെങ്കിലും കയ്പിനൊരു കുറവും വന്നിട്ടുമില്ല!
be optimistic. a time shall come when we will have a honest leadership and committed govt to the people's needs.
ReplyDeletenanmayude urava orikkalum vattathirikkatte ennu prarthikkaam... aashamsakal....
ReplyDeleteഉത്കണ്ഠ പങ്കുവയ്ക്കുകയും വീണ്ടും ശുഭാപ്തി പ്രത്യാശിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. വായിച്ചിട്ട് ഒരഭിപ്രായവും പറയാതിരിക്കുന്നവര്‍ക്കും നന്ദി. മിണ്ടാതിരിക്കുന്നവര്‍ എതിരഭിപ്രായമുള്ളവരെന്നാണ് അഭിജ്ഞമതം. 60% പോളിങ് എന്ന് പറയുമ്പോള്‍ ബാക്കി 40% പേര്‍ പോളിങ്ങിനും സ്ഥാനാര്‍ഥിക്കും എതിരെന്നത്രേ. വിമര്‍ശനങ്ങള്‍ക്ക് വളരെ സ്വാഗതം.
ReplyDeleteഭയങ്കര ഇരുട്ടിൽ കണ്ണീരുമൊലിപ്പിച്ച് മുടന്തി നടക്കുമ്പോൾ, വെള്ളിടി വെട്ടി കൈത പൂക്കുന്നതും, വഴി തെളിയുന്നതും കൂടി ഈ കുറിപ്പിന്റെ ഭാഗമാകാനുണ്ടെന്ന് പറഞ്ഞുകൊണ്ട്..........
ReplyDeleteഎപ്പോഴെങ്കിലും നല്ലകാലം വരും എന്ന പ്രത്യാശ - അതൊന്നു മാത്രമാണ് അഭയം.
ReplyDeleteഈയടുത്ത സമയങ്ങളിലെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഈ കാഞ്ഞിരമാണ് ഓര്‍മ്മ വരുന്നത്. വളവോ കോട്ടമോ ഇല്ലെന്നു കരുതിയ ബിംബങ്ങള്‍ നാണംകെട്ട് നില്‍ക്കുന്നു. വീര്‍ സാംഗ്വിയും ബര്‍ഖ ദത്തും എല്ലാം അകം പൊള്ളയായ കാഞ്ഞിരങ്ങളോ?..എഴുതി ചേര്‍ക്കാന്‍ ഇനിയും ഒരു പാട് പേരുകള്‍ ............
ReplyDeleteഎങ്കിലും ശുഭാപ്തി വിശ്വാസത്തോടെ തന്നെ ഞാനും