Saturday, March 19, 2011

നഃ ശ്രുയതേ നഃ ദൃശ്യതേ...# 2

പൂമുഖത്ത് ഒരു ചാരുകസേരയും അതില്‍ നീണ്ടുനിവര്‍ന്ന് കിടന്ന് “ശേഖരാ” എന്നോ അകത്തേയ്ക്ക് തല തിരിച്ച് “ശാരദേ” എന്നോ നീട്ടി വിളിക്കുന്ന ഒരു തല മൂത്ത കാരണവര്‍ എല്ലാ തറവാടിന്റെയും ഒരു ലക്ഷണമായിരുന്നു. 
അല്ലെങ്കില്‍ വീട്ടിലെ എല്ലാ കാര്യങ്ങളുടെയും എല്ലാ അംഗങ്ങളുടെയും സര്‍വ വിഷയങ്ങളിലും ഇടപെട്ട് തീര്‍പ്പ് കല്പിക്കുന്ന ഒരു കാരണവര്‍. അതുമല്ലെങ്കില്‍ കൊച്ചുമക്കളോടൊപ്പം കളിക്കയും നാട്ടിലെ പൊതുവിഷയങ്ങളില്‍ താല്പര്യത്തോടെ ഭാഗഭാക്കാകുന്ന വയോധികര്‍.
ഇളം മുറക്കാര്‍ ഒക്കെയും അല്പം ഭയം കലര്‍ന്ന ബഹുമാനത്തോടെ സംസാരിക്കയും പ്രവൃത്തിക്കയും ചെയ്യുന്ന വലിയപ്പച്ചന്മാര്‍, അപ്പൂപ്പന്മാര്‍, മുത്തച്ഛന്മാര്‍. അവരുടെ കൂടെ നാല്പതും അമ്പതും അറുപതും വര്‍ഷം ജീവിതം പങ്കിട്ട, പല്ലുകൊഴിഞ്ഞ, അമ്മിഞ്ഞകള്‍ മടിവരെയെത്തുന്ന അമ്മൂമ്മമാര്‍. അവരുടെ വിറയാര്‍ന്ന സ്നേഹാന്വേഷണങ്ങള്‍. കൊച്ചുമക്കള്‍ക്ക് മധുരമൂറുന്ന കഥകളും, ബാല്യക്കാര്‍ക്ക് നേര്‍വഴികളും, യുവാക്കള്‍ക്ക് സ്വയനിയന്ത്രണത്തിന്റെ പാഠങ്ങളും ഒക്കെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന പുണ്യജന്മങ്ങള്‍.
അതിനിടയ്ക്ക് തന്നെ ഇത്തിരി കുശുമ്പും കുന്നായ്മയുമൊക്കെ പ്രക്ഷേപണം ചെയ്യുന്ന ചില കൊസ്രാക്കൊള്ളി കാരണവന്മാരും കാര്‍ന്നോത്തികളും. എന്നാലും പൊതുവേ നോക്കിയാല്‍ അവരാരും വലിയ ശത്രുതയ്ക്ക് വിത്ത് പാകുന്നവരായിരുന്നില്ല. 
ശൈശവവും ബാല്യവും കൌമാരവും യൌവനവും ചെലവിട്ട എന്റെ ഗ്രാമത്തിലെ ഓരോ ഭവനത്തിലും ഇങ്ങിനെ ഒന്നോ രണ്ടോ വയസ്സന്മാരും വയസ്സികളും ഇല്ലാത്ത വീടുകള്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം. (ഓരോരുത്തര്‍ക്കും ഞങ്ങള്‍ ഓരോ ഇരട്ടപ്പേരുകള്‍ കനിഞ്ഞ് നല്‍കിയിട്ടുമുണ്ടായിരുന്നു) ഇന്ന് തിരിഞ്ഞു ചിന്തിക്കുമ്പോള്‍ അവരെയെല്ലാവരെയും നന്ദിയോടെയല്ലാതെ ഓര്‍ക്കുക സാദ്ധ്യമല്ല. തീര്‍ച്ചയായും ഒരു നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കതയും നന്മയും നിറഞ്ഞിരുന്ന പ്രിയമനുഷ്യര്‍.
അവര്‍ നല്ല തികവോടെ ജീവിച്ച്, ആയുസ്സിന്റെ അങ്ങേയറ്റത്തെത്തി ഈ ലോകത്തില്‍നിന്നും മാറ്റപ്പെട്ടു. ഭൂരിപക്ഷം പേരുടെയും അന്ത്യം ഇങ്ങിനെയായിരുന്നു. അസുഖം കൂടിയെന്ന ഒരു വാര്‍ത്ത കേള്‍ക്കും, ദൂരെ മലബാറിലേയ്ക്കൊക്കെ വാര്‍ത്തയുമായി ബന്ധുക്കളാരെങ്കിലും പോകും, പിറ്റെദിവസം തന്നെ ദൂരെയുള്ള ബന്ധുക്കളും അകലെ കെട്ടിച്ചുവിട്ട പെണ്മക്കളുമൊക്കെയെത്തും. രണ്ടോ മൂന്നോ ദിവസം, അതിനുള്ളില്‍ അദ്ദേഹം ഇഹലോകവാസം വെടിയും. പിന്നെ അതിന്റെ അടിയന്തിരം തങ്ങളാല്‍ കഴിയുന്നതുപോലെ വീട്ടുകാര്‍ നടത്തും.
ദീര്‍ഘകാലം രോഗിയായി കിടന്നും ദുരിതമനുഭവിച്ചും എല്ലാവരുടെയും ശാപവും കുത്തുവാക്കുകളുമൊക്കെ കേട്ട മനം നൊന്ത് മരിക്കുന്നവരും ഇല്ലയെന്നല്ല, പക്ഷെ അത് വളരെ അപൂര്‍വമായിരുന്നു. 
എന്നാല്‍ ഭൂരിപക്ഷം വലിയപ്പച്ചന്മാരും മുത്തശ്ശിമാരും എല്ലാവരുടെയും സ്നേഹവും ശുശ്രൂഷയുമൊക്കെ അനുഭവിച്ച് മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയുമൊക്കെ കണ്ട്  നാട്ടുകാരുടെ പോലും സ്വാന്തനങ്ങള്‍ കേട്ടാണ് ജീവകാലത്തിന്റെ അവസാന അങ്കം തീര്‍ത്ത് രംഗം ഒഴിഞ്ഞിരുന്നത്.
അത് ഒരു തലമുറയുടെ ഭാഗ്യമായിരുന്നു. ഒരു ദേശത്തിന്റെ സാഫല്യമായിരുന്നു. ഇന്നും അത്തരം വയോവൃദ്ധരുടെ  മുഖങ്ങളും അവരുടെ ജീവിതഗാഥകളുമൊക്കെ ഓര്‍മ്മയിലുള്ള ഒരു മനുഷ്യനാണ് ഞാനും.
ഈ കാലത്ത് കേള്‍ക്കുന്ന വാര്‍ത്തകളൊന്നും മുമ്പ് കേട്ടിട്ടില്ല. ദൃശ്യങ്ങള്‍ കണ്ടിട്ടുമില്ല. വയോജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നു. എഴുപതും എണ്‍പതും അതിലേറെയും വര്‍ഷങ്ങള്‍ ഈ ലോകത്തോടും ഇതിന്റെ എല്ലാവിധ പോരാട്ടങ്ങളോടും ജയത്തോടെ എതിര്‍ത്തുനിന്ന, അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള ചിലര്‍ പോലും ആത്മഹത്യയില്‍ അഭയം തേടുന്നു. അതില്‍ ദരിദ്രരുണ്ട്, സമ്പന്നരുണ്ട്, വിദ്യാഹീനരുണ്ട്, പണ്ഡിതരുണ്ട്.
പല ദിവസങ്ങളിലെ പത്രചരമക്കോളങ്ങള്‍ ശ്രദ്ധിച്ചാലറിയാം അനേക വൃദ്ധര്‍ ഒരു മുഴം കയറിലോ ഒരു തുടം വിഷത്തിലോ ജീവിതം അവസാനിപ്പിക്കുന്നു. ഇത്രയൊക്കെ തുഴഞ്ഞ് ഈ ജീവിതസാഗരം കടന്ന് ഇവിടെവരെയെത്തിയവര്‍ ഇനി വയ്യ എന്ന് സമ്മതിച്ച് കീഴടങ്ങുന്നതെന്തുകൊണ്ട്? 
ഒരു തുള്ളി സ്നേഹം തക്കസമയത്ത് പകര്‍ന്നുകൊടുക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ മനുഷ്യര്‍ മരണത്തെ സ്വയം വരിക്കുമായിരുന്നുവോ?
അനിവാര്യസാഹചര്യങ്ങളില്‍ ഭക്ഷണത്തിന്റെയും മരുന്നിന്റെയും ട്യൂബ് ഊരിമാറ്റി ദയയോടെ കൊന്നുകൊള്ളാന്‍ സുപ്രീം കോര്‍ട്ട് അനുവദിച്ചിട്ടുണ്ടല്ലോ. നമ്മള്‍ ഈ പാവങ്ങള്‍ക്ക് സ്നേഹം പകര്‍ന്ന് കൊടുക്കുന്ന ട്യൂബുകള്‍ ഊരി മാറ്റുകയാണ്. അതുകൊണ്ടാണ് ഇവര്‍ സര്‍വായുധങ്ങളും വച്ച് കീഴടങ്ങുന്നത്. 
കമ്പോഡിയയില്‍ പോള്‍പോട്ട് എന്നയാള്‍ അധികാരത്തിലിരുന്ന സമയത്ത് കലാകാരന്മാരും സര്‍ഗശേഷിയുള്ളവരുമൊന്നും നാടിനാവശ്യമില്ലയെന്ന് പറഞ്ഞ് കൂട്ടക്കുരുതി നടത്തിയിരുന്നു, അതോടൊപ്പം തന്നെ വയസ്സായവരെക്കൊണ്ട് ഒരു പ്രയോജനവുമില്ല, പ്രൊഡക്റ്റീവ അല്ല, ചെലവു മാത്രമേ വരൂ എന്ന് പറഞ്ഞ വൃദ്ധരെയെല്ലാം വകവരുത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ഇന്നത്തെ മലയാളി സമൂഹവും തങ്ങളുടെ ധൃതിയേറിയ ഓട്ടത്തിനിടയില്‍ മുന്‍ നാളുകളില്‍ തങ്ങള്‍ക്ക് ആശയും ആശ്രയവും പ്രകാശവും പകര്‍ന്ന് തന്നിരുന്ന ഒരു തലമുറയെ അപ്രയോജനജന്മങ്ങള്‍ എന്ന് മുദ്രകുത്തി ദയാവധം വിധിക്കുകയാണ്. നിങ്ങള്‍ ഇതിന് പകരം അനുഭവിച്ചേ മതിയാവൂ. നിങ്ങള്‍ വിതച്ചത് നിങ്ങള്‍ കൊയ്യുക തന്നെ ചെയ്യും. 
“വാഴയ്ക്ക് നനയ്ക്കുമ്പോള്‍ ചേനയ്ക്കും ചെല്ലും” എന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്. എന്റെ പ്രിയ വായനക്കാരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ആര്‍ദ്രമാണ്. നിങ്ങളില്‍ നന്മയുണ്ട്. നിങ്ങളുടെ ഓരോ പോസ്റ്റുകളും വായിക്കുമ്പോള്‍ മാനുഷികതയുടെയും ചിലപ്പോള്‍ ദൈവികതയുടെയും മാനങ്ങള്‍ ഞാന്‍ കാണുന്നു. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കള്‍ ഭാഗ്യമുള്ളവര്‍. അവര്‍ക്ക് നിങ്ങളുടെ സ്നേഹവും കരുതലും ലഭിക്കുന്നു. എന്നാല്‍ അത്രത്തോളം ഭാഗ്യമില്ലാത്ത ചില ജന്മങ്ങള്‍, സ്നേഹദാരിദ്യമനുഭവിക്കുന്നവര്‍ നിങ്ങളുറ്റെ ചുറ്റിലും കണ്ടേക്കാം. ഒരല്പം സ്നേഹം, ഒരിറ്റ് കരുണ അതു മതിയാവും ആ മനസ്സുകളില്‍ ഒരു പുതിയ ബലം തളിര്‍ക്കുവാന്‍. ഒരു പുഞ്ചിരി പോലും ചാരിറ്റി ആയിത്തീരുന്ന സമയങ്ങളുണ്ട്. അതുകൊണ്ട് നിര്‍ലോപം സ്നേഹം പകരുക. ചിലപ്പോള്‍ ഒരുമുഴം കയര്‍ ഒരുക്കി വച്ചിരിക്കുന്ന ഒരു മുത്തച്ഛനെയാവും നാം വാക്കും ശബ്ദവുമില്ലാതെ പിടിച്ചിറക്കുന്നത്.



ഇനിയും ഏറെ പറയുവാനുണ്ടെങ്കിലും
ഒരു ചിന്തയ്ക്ക് വിത്തിട്ട്  ഞാന്‍
വിട ചോദിക്കുന്നു

അടുത്ത പോസ്റ്റില്‍ കാണുംവരെ
സ്വന്തം അജിത്ത്.

Thursday, March 17, 2011

പൂര്‍ണ്ണിമ- ഫോളോ അപ് പോസ്റ്റ് - 3



പൂര്‍ണ്ണിമ എന്ന കുട്ടിയുടെ  നിര്‍ഭാഗ്യാനുഭവത്തെപ്പറ്റി മുമ്പ് രണ്ട് പോസ്റ്റുകളിലൂടെ പ്രിയ കൂട്ടുകാര്‍ വായിച്ചറിഞ്ഞിരുന്നുവല്ലോ. ഇനി പ്രത്യക്ഷമായ എന്തെങ്കിലും ഒരു മാറ്റം വരുന്നുവെങ്കില്‍ മാത്രം ഫോളോ അപ് പോസ്റ്റ് ചെയ്യാമെന്ന് ഓര്‍ത്തിരിക്കയായിരുന്നു. അപ്പോഴാണ്  നിസാമോള്‍ക്ക് വേണ്ടി സാബു കൊട്ടോട്ടി ചെയ്യുന്ന എളിയ ശ്രമങ്ങളെപ്പറ്റി വായിക്കുന്നത്. നന്മയുടെ ഉറവ വറ്റാത്ത മനുഷ്യര്‍ ലോകത്തെമ്പാടുമുണ്ടെന്ന്  ഒരു ചെറു തെളിവുമായി ഈ പത്രക്കട്ടിംഗ്  പബ്ലിഷ്  ചെയ്യുന്നത് ഉചിതമെന്ന് തോന്നിയതിനാല്‍ എല്ലാവര്‍ക്കും ഒരു പ്രചോദനത്തിനായി....

സ്നേഹത്തോടെ

സ്വന്തം

അജിത്ത്.

Thursday, March 10, 2011

ന ശ്രുയതേ ന ദൃശ്യതേ...


ഓഫീസിന്റെ പുറകില്‍ സ്കാഫോള്‍ഡിങ് മെറ്റീരിയല്‍ സൂക്ഷിക്കാന്‍ ഒരു ചുറ്റുമതില്‍ പണിയുന്നത് അല്പനേരം നോക്കിനിന്നു. പലപ്രാവശ്യം ഈവക പണികള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മേസ്തിരിജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരന്‍ ഓരോ ഇഷ്ടികയെടുത്ത് വയ്ക്കുമ്പോഴും തന്റെ തൂക്കുകട്ട വച്ച് അതിന്റെ ലെവല്‍ നോക്കിയാണ് ഉറപ്പിക്കുന്നത്. ഒരു ഇഷ്ടിക എടുത്ത് വയ്ക്കും, തൂക്കുകട്ട പിടിക്കും, ഒരു തട്ട്, ഒരു മുട്ട്, തൃപ്തി ആയാല്‍ മാത്രം അടുത്ത ഇഷ്ടിക.
         തനിയാവര്‍ത്തനം പോലെ ഈ പ്രക്രിയ തുടരുന്നു. മനുഷ്യരുടെ സാധാരണ കുറുക്കുവഴിപോലെ രണ്ടുമൂന്ന് കട്ട വച്ചിട്ട് ലെവല്‍ നോക്കിയാല്‍ പോരേ എന്ന് ഞാന്‍ ആലോചിച്ചു.  വലിയൊരു പാഠം ഇവിടെ പഠിക്കുവാനുണ്ട്. നമ്മുടെ ജീവിതവും ഒരു നിര്‍മ്മാണപ്രക്രിയ ആണ്. ഓരോ ദിവസവും നാം പണിയുകയാണ്. തൂക്കുകട്ടകൊണ്ട് ശോധനചെയ്ത് വക്രതയും കോട്ടവും തീര്‍ത്ത് പണിയുന്നെങ്കില്‍ നമ്മുടെ നിര്‍മ്മാണം നേരെ നില്‍ക്കും. ചരിഞ്ഞിരിക്കുന്ന ഒരു ഭിത്തിയുടെ ചുവട്ടില്‍ ആരും നില്‍ക്കുമാറില്ല. അതിന്റെ മേല്‍ ആരും ഒരു മേല്‍ക്കൂര ഉറപ്പിക്കയുമില്ല. കേവലം ഒരു ചുവരിന്റെ കാര്യത്തില്‍ ഇത്ര ശ്രദ്ധയുള്ള മനുഷ്യര്‍ സ്വജീവിതത്തിന്റെ കാര്യത്തില്‍ എത്രമേല്‍ ശ്രദ്ധയുള്ളവരായിരിക്കണം? പക്ഷെ നേര്‍വിപരീതമാണ്  കണ്ടുവരുന്നത്. ഇത്തിരി വളഞ്ഞാലും കുഴപ്പമില്ല എന്നൊരു ചിന്ത സമൂഹത്തില്‍ വേരോടിയിട്ടുണ്ട്. അതില്‍ അല്പം മനസ്സാക്ഷിക്കുത്തുള്ളവര്‍ പോലും “പിന്നെ ശരിയാക്കാം” എന്ന് ഒഴിവുകഴിവ് പറയുകയും ചെയ്യും. എന്നാല്‍ പിന്നെ ശരിയാക്കല്‍ നടക്കുന്ന കാര്യമല്ല. നാളെ ചെയ്യാനുള്ളത് ഇന്നേ ചെയ്യുക, ഇന്ന് ചെയ്യാനുള്ളത് ഇപ്പോഴേ ചെയ്യുക എന്നത് സ്വജീവിതത്തിന്റെ സംശുദ്ധി വര്‍ദ്ധിപ്പിക്കുന്ന വിഷയത്തില്‍ ഒരു നടമുറക്രമമാക്കുകയാണെങ്കില്‍ അവനവന്റെയും അവനോട് സംസര്‍ഗം ചെയ്യുന്നവന്റെയും ജീവിതം ഉത്കൃഷ്ടമാകുമല്ലോ.
           മനുഷ്യര്‍ സ്വസ്നേഹികളായിത്തീരുന്നതാണ് ഒരു സമൂഹത്തെ ബാധിക്കവുന്ന ഏറ്റവും വലിയ ജീര്‍ണ്ണത എന്ന് തോന്നുന്നു. മറ്റ് ദുഃസ്വഭാവങ്ങളൊക്കെ സ്വാര്‍ത്ഥതയെന്ന ചീഞ്ഞ തായ് വേരില്‍ നിന്ന് ഭൂമിയുടെ പുറത്തേയ്ക്ക് കാണപ്പെടുന്ന ഫലങ്ങളാണ്. പല സമയങ്ങളിലും നാം ദുഷ്ഫലത്തെയാണ് കാണുന്നതും വിമര്‍ശിക്കുന്നതുമെല്ലാം. എന്നാല്‍ തായ്‌വേരിനല്ലേ കോടാലി വയ്കേണ്ടത്?
          മുപ്പത് വര്‍ഷമായി ഞാന്‍ കേരളത്തിലെ സ്ഥിരതാമസം വിട്ടിട്ട്. ഇപ്പോള്‍ ആകെയുള്ള ബന്ധം ദൈനംദിനമുള്ള പത്രവായനയും മറ്റു വാര്‍ത്തകളും വര്‍ഷത്തിലെ ഒരു മാസ അവധിയില്‍ കാണുന്ന കാഴ്ച്ചകളുമാണ്. എന്നാല്‍ ഇന്ന് കേള്‍ക്കുന്ന പല സംഭവങ്ങളും മുമ്പ് കേട്ടിട്ടില്ല, ഇന്ന് കാണുന്ന പല കാഴ്ച്ചകളും മുമ്പ് കണ്ടിട്ടില്ല.
          ഒരു പരിഷ്കൃതസമൂഹത്തില്‍ ഒരിക്കലും കാണരുതാത്ത, കേള്‍ക്കരുതാത്ത ദുഷ് ചെയ്തികളാണ് ദൈനംദിനം പത്രങ്ങളില്‍ അടിച്ച് വരുന്നത്. വായിച്ചാല്‍ ഹൃദയം നുറുങ്ങുന്ന ദുഃഖവാര്‍ത്തകള്‍. രക്തം തിളയ്ക്കുന്ന അധര്‍മ്മവാര്‍ത്തകള്‍, രോഷം തോന്നുന്ന  കുറ്റകൃത്യങ്ങള്‍, നൂറ് രൂപ മുതല്‍ അനേകകോടി വരെയെത്തുന്ന അഴിമതിക്കഥകള്‍.
           ഈയിടെ പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത കണ്ട് കുറെ സമയത്തേയ്ക്ക് തരിച്ചിരുന്നുപോയി. അല്പമെങ്കിലും കരളലിവുള്ളവര്‍ ഈ വാര്‍ത്ത വായിച്ചാല്‍ അവരുടെ എല്ലാവരുടെയും അനുഭവം ഇതുതന്നെയായിരിക്കും എന്നത് നിശ്ചയം. പലവിധതിരക്കുകള്‍ക്കിടയില്‍ വാര്‍ത്ത ശ്രദ്ധിക്കാതെ പോയവര്‍ ഇതൊന്ന് വായിച്ചു നോക്കുക.
         പ്രാണവേദനയോടെ ഒരിറ്റ് വെള്ളം ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ആരുമില്ലാതെ പോയത്രെ. ഒരു നാടകം കാണുന്ന ലാഘവത്തോടെ എല്ലാവരും നോക്കിനിന്നു. ഇത് കേരളത്തിലാണോ നടക്കുന്നത്? എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഒരു കാക്കയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ മറ്റ് കാക്കകളൊക്കെ കരഞ്ഞുകൊണ്ട് കൂട്ടം കൂടുന്നത് നാം കാണുന്നുണ്ട്. ഒരു വിശേഷബുദ്ധിയുമില്ലാത്ത ഉറുമ്പുകള്‍ പോലും ഒന്നിന് അപകടം പറ്റിയാല്‍ മറ്റുറുമ്പുകളൊക്കെ ഒരു നിമിഷം മൌനത്തോടെ പ്രാര്‍ത്ഥിക്കുന്നത് കാണാം. ആ അല്‍പ്പപ്രാണികള്‍ക്കുള്ള മനസ്സലിവ് പോലും മനുഷ്യര്‍ക്കില്ലാതെ പോകുന്നത് കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ തൂക്കുകട്ട നോക്കി കോട്ടവും വളവും വക്രതയും തീര്‍ക്കാത്തതുകൊണ്ടല്ലേ?  ഇപ്പോള്‍ ഇങ്ങനെ ഈ ദയാരാഹിത്യം കാണിക്കുന്നവരൊക്കെ ഒരു കാലത്ത് ശിശുവായും ബാലനായും യുവാവായും മദ്ധ്യവയസ്കനായും ആണിവിടെ വരെയെത്തിയത്. കതിരിന്മേല്‍ ഇനി വളം വച്ചിട്ട് കാര്യമില്ല. ഇനിയും വളര്‍ന്ന് വരുന്നുണ്ടല്ലോ നമ്മുടെ കുട്ടികള്‍. അവരെ നമുക്ക് കാരുണ്യത്തിന്റെയും ദയയുടെയും പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് വളര്‍ത്താം. അല്ലെങ്കില്‍ ഇനി വരുന്ന കാലങ്ങള്‍ ഇത്ര പോലും നന്മയുള്ളതായിരിക്കില്ല. ഓരോ നിലവിളിയും നമ്മോട് പറയുന്നത്  ഇതു തന്നെയാണ്.