ഒരു സ്വപ്നത്തിന്റെ മദ്ധ്യത്തിലാണോ എന്ന് രഘുനന്ദനന് അപ്പോഴും തീര്‍ച്ചയില്ലായിരുന്നു. നിസ്സഹായതയുടെ നിലവിളി തൊണ്ടയില്‍ കുരുങ്ങുന്നത് യാഥാര്‍ത്ഥ്യമോ സ്വപ്നമോ? തീര്‍ച്ചയില്ല. ചതുപ്പിലേയ്ക്ക് താഴ്ന്ന് പോവുകയാണ്.
കൈകള്‍ മാത്രമാണ് ചലിപ്പിക്കാവുന്നത്. ഇഞ്ചിഞ്ചായി മരണത്തിലേയ്ക്ക് താഴുന്നത് സംഭ്രമത്തോടെ രഘു മനസ്സിലാക്കി. കയ്യുയര്‍ത്തി രഘു വിളിച്ചുകൂവി, ശബ്ദം പുറത്തേയ്ക്ക് വരുന്നില്ലല്ലോ. അധരങ്ങള്‍ മാത്രം ചലിക്കുന്നു. പക്ഷെ ശബ്ദമില്ല.
ചുറ്റും നിന്ന് കാണുന്നവര്‍ ഇതൊന്നും അറിയുന്നില്ലേ? എന്താണാരുമൊന്ന് കയ്യില്‍ പിടിച്ച് വലിക്കാത്തത്? രഘു ഉറക്കെ കരഞ്ഞു. പിന്നെ കണ്ണുകള്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ സ്വപ്നമായിരിക്കും.
മുമ്പ് എത്ര തവണ ചതുപ്പില്‍ താഴ്ന്നു പോകുന്നത് സ്വപ്നം കണ്ടിരിക്കുന്നു. കുറുകിയ ഒരു നിലവിളിയോടെ അവസാനിക്കുന്ന ദുഃസ്വപ്നങ്ങള്‍. രാധികയുടെ കൈ അപ്പോള്‍ ചെറുബലത്തോടെ ചുറ്റിവരിഞ്ഞ് ആശ്വസിപ്പിക്കുകയും ഒരു മിനിട്ടിനു ശേഷം ഗാഡനിദ്രയിലേയ്ക്ക് മടങ്ങുകയും ചെയ്യും. ആരുഷി ഇതൊന്നുമറിയാതെ ഉറക്കം തുടരും.
രഘുവിന് രാധികയെയും ആരുഷിയെയും ഇപ്പോള്‍ തന്നെ കാണണമെന്ന് തോന്നി. ഇന്നെന്താണ് രാധികയുടെ കരം തന്നെ ചുറ്റാനെത്താത്തത്?
രഘു കണ്‍ പോളകള്‍ വലിച്ചെന്ന പോലെ തുറന്നു. ഒന്നും വ്യക്തമാകുന്നില്ല. രാത്രിയല്ലല്ലോ ഇത്. ഇരുട്ടുമില്ല. രാധികയുമില്ല, ആരുഷിയുമില്ല.
രഘുവിനു ശരീരമാസകലം നീറ്റലെടുക്കുന്നതുപോലെ തോന്നി. കാല്‍ ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കയ്യെടുക്കാന്‍ മെല്ലെ സാധിച്ചു. തലയുടെ ഇടതുവശം ടാറിട്ട റോഡില്‍ ഒട്ടിപ്പിടിച്ചതുപോലെയിരിക്കുന്നു. അല്‍പ്പമൊന്നുയര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്താണിതെന്ന് നോക്കാമായിരുന്നു.
ഓരോ ചലനശ്രമവും വേദനയുടെ കൂര്‍ത്ത മുള്ളുകള്‍ ശരീരമാസകലം ആഴ്ത്തുന്നതുപോലെ. ഇത് തന്റെ ശരീരം തന്നെയാണോ? അതോ വേറാരെങ്കിലും അയാളുടെ വേദനയെപ്പറ്റി പറയുകയാണോ? തന്റെ ശരീരമാണെങ്കില്‍ ഇതിനെന്താ ഒട്ടും ഭാരമില്ലാത്തത്? ഇടത് കാല്‍ അനക്കുവാന്‍ വയ്യ. അനക്കുവാന്‍ വിചാരിക്കുമ്പോള്‍ തന്നെ വേദനയുടെ പുതിയ മുഖങ്ങള്‍ കാണുന്നു. വലതുകാല്‍ മരച്ചുപോയോ? ഉണ്ടെന്ന് തന്നെ തോന്നുന്നില്ലല്ലോ.
പാതി തുറന്ന കാഴ്ച്ചയിലൂടെ രഘു നോക്കി. ചോരയില്‍ കുളിച്ചാണ് താന്‍ കിടക്കുന്നതെന്ന് ഒരു ഞെട്ടലോടെ രഘു അറിഞ്ഞു. വലതുകാല്‍ ആ കിടപ്പില്‍ കാണുക സാദ്ധ്യമല്ല. എന്താണു സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു.
മനസ്സില്‍ ഒരു ഏകാഗ്രതയുമില്ലാത്തപോലെ രഘുവിനു തോന്നി. ചിന്തകള്‍ക്കൊന്നും ക്രമമില്ല. ഓഫീസിലേയ്ക്ക് പോവുകയാണോ? അല്ലല്ലോ. ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ തോമസിനോടും ബാബുവിനോടും യാത്രപറഞ്ഞത് ഓര്‍മ്മ വരുന്നു. ശരിയാണ്. അഞ്ചുമണി കഴിഞ്ഞു ഇറങ്ങുമ്പോള്‍. രാധിക ഫോണ്‍ ചെയ്തെന്താണു പറഞ്ഞത്? നിവിയ ഫേസ് ക്രീം വാങ്ങിയല്ലൊ. അത് ബൈക്കിന്റെ സൈഡ് ബോക്സില്‍ വച്ചതും ഓര്‍മ്മ വന്നു.
യെസ്, ഇപ്പോള്‍ എല്ലാം ഓര്‍മ്മ വരുന്നു. നാളെ ആരുഷിമോളുടെ നാലാം പിറന്നാള്‍. ടെഡി ബിയര്‍ വാങ്ങി ഗിഫ്റ്റ് പാക്ക് ചെയ്തു വാങ്ങി ഹൈവേയിലേക്ക് ഇറങ്ങുമ്പോഴാണ്...ഇറങ്ങുമ്പോഴാണ് ..
ഓ, ദൈവമേ ദൈവമേ, അപകടത്തില്‍ പെട്ട് പരിക്കേറ്റ് വഴിയില്‍ കിടക്കുകയാണ് ഞാന്‍. മൊട്ടത്തലകാബിനുള്ള ടിപ്പര്‍, ഓറഞ്ച് വര്‍ണ്ണമുള്ള ടിപ്പര്‍. അത് ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്ത് പാഞ്ഞു വരുന്നത് കണ്ടിരുന്നുവല്ലോ.
പറ്റുന്നിടത്തോളം ഒതുക്കിക്കൊടുത്തിട്ടും തനിക്ക് നേരെ പാഞ്ഞുവരുന്ന ലോറി കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്ന അരനിമിഷത്തില്‍ കണ്ണിലുടക്കിയ ആ പേര് എന്തായിരുന്നു? ഏതോ യുഗാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നെന്ന പോലെ ആ പേര് ഓര്‍മ്മയിലേയ്ക്ക് തിരിയെ കൊണ്ടുവരാന്‍ ശ്രമിക്കുംതോറും രഘുവിന് ആ പേര് ഒരു വിചിത്രരഹസ്യം പോലെ തോന്നി. പിന്നെ മെല്ലെ തെളിഞ്ഞു വന്നു. അതെ, അതുതന്നെ “കോര്‍ണര്‍ സ്റ്റോണ്‍ കണ്‍സ്ട്രക്ഷന്‍” ആ പേര്‍ ഇനി മറക്കരുത്. പോലീസും കേസുമൊക്കെ വരുമ്പോള്‍ ആവശ്യമാകും. രഘു മനസ്സില്‍ തീരുമാനിച്ചു.
ഇനി സമയം കളയാനില്ല. എങ്ങിനെയും എഴുന്നേറ്റ് പോവുക തന്നെ. വീട്ടിലെത്തണം. ആരുഷിയുടെ പൊന്മുഖം കാണണം, രാധികയുടെ അടുത്തേയ്ക്ക് പറന്നെത്തുവാന്‍ രഘു വെമ്പല്‍ കൊണ്ടു. ഒരു സ്നേഹപ്രവാഹം പെട്ടെന്നുറവയെടുത്തപോലെ. അതിന്റെ ശക്തിയില്‍ രഘു തല ഉയര്‍ത്തി. തന്റെ ശരീരത്തിലേയ്ക്ക് നോക്കിയ രഘുവിനു കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി.
വലതുകാല്‍ മുട്ടിനു താഴേയ്ക്ക് ഒന്നും കാണുന്നില്ല. കുറെ ദൂരത്തോളം രക്തവും മാംസവും പാന്റ്സിന്റെ തുണിയും ചേര്‍ന്ന് റോഡില്‍ അരഞ്ഞു ചേര്‍ന്നത് തന്റെ ശരീരത്തിന്റെ ഒരു ഭാഗമാണെന്ന് രഘു അറിഞ്ഞു. ഇടത് കണങ്കാലിലെ മാംസം തുളച്ച് ഒരസ്ഥിക്കഷണം പുറത്തേയ്ക്ക് വന്നിരിക്കുന്നു. തല വച്ച് കിടന്ന ഭാഗത്ത് രക്തം തളം കെട്ടി ഒരു ചാലിട്ട് ഒഴുകിത്തുടങ്ങി.
സ്വയം ഒരു ചലനം സാദ്ധ്യമല്ല എന്ന് രഘുവിനു ബോദ്ധ്യമായി. ഇനിയാരെങ്കിലും സഹായിച്ചാലല്ലാതെ രക്ഷപ്പെടുക വയ്യ. സഹായഹസ്തത്തിനായി രഘു ആശയോടെ കാത്തുകിടന്നു, വേദനയില്‍ പുളഞ്ഞുകൊണ്ട്.
ഒരു കാര്‍ വരുന്നുണ്ട്. എന്തായാലും കണ്ടിട്ടുണ്ടാകണം, സ്ലോ ചെയ്യുന്നുണ്ടല്ലൊ. ആ കാര്‍ അടുത്ത് നിര്‍ത്തുമ്പോള്‍ മരണവേദനയിലും രഘുവിന്റെ ഉള്ളൊന്ന് ആശ്വസിച്ചു. എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു രഘു. പക്ഷെ ഒരു വികൃതശബ്ദം മാത്രം വെളിയിലേക്ക് വന്നു. ആ കാറില്‍ രണ്ട് യുവാക്കള്‍ ഉണ്ടായിരുന്നു. രഘു ദയനീയമായി അവരെ നോക്കി. എന്താണവര്‍ ഇറങ്ങിവരാത്തത്? എന്ത് കൊണ്ടാണവര്‍ മുഖാമുഖം നോട്ടങ്ങളെറിഞ്ഞ് സമയം പാഴാക്കുന്നത്? എത്രയും വേഗം ഹോസ്പിറ്റലിലെത്തിച്ചില്ലെങ്കില്‍ രക്തം വാര്‍ന്ന് ഇയാള്‍ മരിക്കുമെന്ന് അവര്‍ക്കറിയില്ലെ?
രഘുവിന് എല്ലാം പറയണമെന്നുണ്ട്. കീറിമുറിഞ്ഞ് നീരു വന്ന് വീര്‍ത്ത ചുണ്ടുകള്‍ തുറക്കാന്‍പോലും കഴിയാതെ , രക്ഷിക്കണേ എന്നൊന്ന് പറയാന്‍ പോലും ആവാതെ രഘു കണ്ണിരൊഴുക്കി.
“എടാ, വേണ്ടാത്ത വയ്യാവേലിയൊന്നും എടുത്ത് തലേല് വയ്ക്കണ്ടാ. പിന്നെ പോലീസ് സ്റ്റേഷന്‍ കേറി നടക്കാനൊന്നും എന്നേക്കൊണ്ട് വയ്യ, നീ വണ്ടി വിട്...”
ഇറങ്ങാന്‍ ശ്രമിച്ച യുവാവിനോട് കൂട്ടുകാരന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ആ കാര്‍ ഒരു സീല്‍ക്കാരത്തോടെ പാഞ്ഞുപോയി. രഘുവിന് സങ്കടവും വേദനയും സഹിക്കവയ്യാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
കടന്നുപോകുന്ന ഓരോ നിമിഷത്തിനും വല്ലാത്ത നീളമെന്ന് രഘുവിനു തോന്നി. തന്റെ ജീവരക്തമാണ് ഈ ചാലിട്ടൊഴുകിപ്പോകുന്നതെന്നും ഇനി അധികനേരം ഇതു തടര്‍ന്നാല്‍ പിന്നെ ഒരിക്കലും രാധികയെയും ആരുഷിയെയും കാണുകയുണ്ടാവില്ലെന്നും വിഹ്വലതയോടെ രഘു ഓര്‍ത്തു.
ദൂരെ നിന്ന് രണ്ടുപേര്‍ നടന്നുവരുന്നത് രഘു പ്രത്യാശയോടെ നോക്കി. അവര്‍ അടുത്തുവന്നു. കൌമാരം കടന്ന് യുവത്വത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍. വിദ്യാര്‍ത്ഥികളാവാം.
എന്തൊക്കെയോ പറഞ്ഞും ചിരിച്ചും വന്ന അവര്‍ പെട്ടെന്ന് രഘുവിനെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഒട്ടുനേരം സ്തബ്ധരായ ചെറുപ്പക്കാര്‍ മാറിനിന്ന് തമ്മില്‍ കുശുകുശുക്കുന്നത് എന്തെന്ന് രഘുവിനു മനസ്സിലായില്ല. പക്ഷെ അവര്‍ നടന്ന് അടുത്തപ്പോള്‍ രഘു എഴുന്നേല്‍ക്കാനും അവരുടെ രക്ഷാശ്രമം കഴിയുന്നതും എളുപ്പമാക്കുവാനും മാനസ്സികമായി ഒരുങ്ങി.
ഒരു ലോജിക്കുമില്ലാതെ ആ നിമിഷം രഘുവിന്റെ മനസ്സിലേയ്ക്ക് അമ്മയുടെ രൂപം കടന്നുവന്നു. എട്ട് വര്‍ഷങ്ങളായി അമ്മ മരിച്ചിട്ട്. ഇപ്പോളെന്താണോര്‍ക്കാന്‍?
മെലിഞ്ഞ് ഉയരം കൂടിയ കുട്ടിയാണ് ആദ്യം സമീപത്തെത്തിയത്. പക്ഷെ രഘുവിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി അവന്‍ ആദ്യം തന്നെ തപ്പിയത് ഷര്‍ട്ടിന്റെ പോക്കറ്റ് ആണ്. മൊബൈലും കടയില്‍ നിന്നു ബാക്കി കിട്ടിയപ്പോള്‍ ധൃതിയില്‍ പോക്കറ്റില്‍ വച്ച രൂപയും അവന്‍ എടുത്തു. ഷര്‍ട്ടിനടിയില്‍ അവന്റെ കൈകള്‍ പരതുന്നത് മാലയുണ്ടോ എന്നാണെന്ന് രഘുവിന് മനസ്സിലായി.
മറ്റെ പയ്യന്‍ ബൈക്കിന്റെ ബോക്സ് തെരയുകയാണ്. മങ്ങിയ കാഴ്ച്ചയില്‍ അവന്‍ ടെഡി ബിയറിനെ എടുത്തെറിയുന്നത് വിങ്ങലോടെ രഘു കണ്ടു. എല്ലാം പൊയ്ക്കോട്ടെ, എന്നാലും ആശുപത്രിയിലൊന്നെത്തിക്കണേ എന്ന് രഘു നിശ്ശബ്ദം പ്രാര്‍ത്ഥിച്ചു. പറയണമെന്നുണ്ട്; കഴിയുന്നില്ല. ആംഗ്യമെങ്കിലും കാണിക്കണമെന്നുണ്ട്.
ഓ... രഘുവിനു കരച്ചില്‍ വന്നു.
ഈ വൈകിട്ട് വരെ തന്റെ ഇഷ്ടപ്രകാരം ചലിച്ചിരുന്ന തന്റേതെന്ന് അഭിമാനത്തോടെ ചിന്തിച്ച ഈ അവയവങ്ങളൊന്നും തന്റെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കുന്നില്ലെന്നത് അവന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
തിരച്ചില്‍ കഴിഞ്ഞ് കിട്ടാവുന്നതെല്ലാം കൈക്കലാക്കി രണ്ട് കുട്ടികളും നടന്നകന്നപ്പോള്‍ രഘു നെഞ്ചുപിളര്‍ക്കെ കരഞ്ഞു. വേദനയെക്കാള്‍ മനസ്സ് തകര്‍ന്നത് ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്നതിലുള്ള സങ്കടവും കണ്ടിട്ട് മുഖം തിരിച്ച് പോകുന്ന മനുഷ്യരുടെ ക്രൂരതയും ഓര്‍ത്തപ്പോഴാണ്.
അനിവാര്യമായ മരണത്തെ കാത്ത് രഘു കിടന്നു. വേദനകള്‍ക്ക് കുറവ് വരുന്നത് അവന് അനുഭവപ്പെട്ടു. അത് വേദനയുടെ കുറവല്ല മരണം മെല്ലെ കടന്നു വരുന്നതാണെന്നും അവനറിഞ്ഞു. പ്രതീക്ഷകള്‍ വറ്റുന്നതും ഈ ഭൂമിയില്‍ തന്റെ സമയരഥയാത്ര അവസാനിക്കാന്‍ പോകുന്നതും അവനറിഞ്ഞു.
സ്മൃതിയ്ക്കും വിസ്മൃതിയ്ക്കും ഇടയില്‍ സഞ്ചാരം തുടരുന്ന മനവും ചിന്തയും ഇനി തന്റേതല്ലെന്ന് രഘു തിരിച്ചറിഞ്ഞു.
മുഖത്ത് ഒരു നനുത്ത സ്പര്‍ശമേറ്റപ്പോള്‍ കൂമ്പിയടഞ്ഞ കണ്ണുകള്‍ ബദ്ധപ്പെട്ട് തുറന്ന് രഘു നോക്കി. മടങ്ങിക്കിടക്കുന്ന ചെവികളും കുഞ്ഞിക്കണ്ണുകളുമാണ് ആദ്യം കണ്ടത്. ഏറ്റവും വെറുപ്പും ഭയവുമുണ്ടായിരുന്ന ജന്തു; ഒരു തെരുവ് നായ് തന്റെ മുഖം നക്കിത്തുടയ്ക്കുന്നത് രഘു അതിരറ്റ ആശ്വാസത്തോടെ അനുഭവിച്ചു. ദൈവം അയച്ച ഒരാശ്വാസമാണോ ഇത്?
ഇനി യൊരു ചോദ്യത്തിനും ആരും ഉത്തരം പറയാന്‍ ഇല്ലെന്ന് രഘുവിനറിയാം. അല്ലെങ്കിലും ഇനി ചോദ്യങ്ങളും ഉത്തരങ്ങളുമില്ല. സ്മരണകള്‍ അവസാനിക്കാനുള്ള അവസാന നിമിഷങ്ങളില്‍ രാധികയേയും ആരുഷിയേയും ഓര്‍ത്തെടുക്കാന്‍ അല്‍പ്പം ബാക്കിയുള്ള ബോധത്തോടെ രഘു ശ്രമിച്ചു.
ഇല്ല ആ മുഖങ്ങള്‍ വരുന്നില്ല. എങ്ങിനെയാണ് അവരുടെ രൂപം? ആരുഷിയുടെ മുഖം എങ്ങിനെയാണ്? മഞ്ഞുപാളികള്‍ക്കിടയിലൂടെ കാണുന്ന അവ്യക്തരൂപം പോലെ അവര്‍.
പിന്നെ ഒരു മുഖം; മാറോട് ചേര്‍ത്തണയ്ക്കുന്ന അമ്മയുടെ മുഖം. കൂടുതല്‍ മിഴിവോടെ തെളിയുന്നു. സ്വപ്നമാണോ ഇത്?
രഘുനന്ദനന് ഇനിയൊന്നിന്റെ മേലും നിയന്ത്രണങ്ങളില്ല. തന്റെ ചിന്തയുടെ മേല്‍ പോലും.
അമ്മ വാരിയെടുക്കുന്നു, "മോനെ എന്റെ കുട്ടാ, നിന്നോട് ഓടരുതെന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ? മോനെ അമ്മച്ചീടെ ചക്കരവാവ വീണോടാ, ആ കല്ലിന് ഞാന്‍ നല്ല അടി കൊടുക്കുന്നുണ്ട് ട്ടോ"
നെറ്റിയില്‍ പതിയുന്ന ഒരു മുത്തം. കണ്ണീരും വേദനയുമെല്ലാം അലിഞ്ഞുപോകുന്ന ഒരു ചക്കരമുത്തം,
അമ്മ കല്ലിനെ അടിക്കുന്നു. "എന്റെ കുട്ടനെ വീഴിച്ചോടാ..."
ഓ... രഘുനന്ദനനു സമാധാനമായി. അമ്മ ടിപ്പര്‍ ലോറിയെ അടിക്കുന്നു. എന്താ അതിന്റെ പേര്? ഏതോ സ്റ്റോണ്‍ അല്ലെ?
അമ്മയോട് പറയാം അമ്മ ലോറിയെ ഒന്ന് വഴക്ക് പറയട്ടെ,
അപ്പോള്‍ വേദനയും കരച്ചിലുമൊക്കെ പോകുമല്ലോ.
ഓമനത്തിങ്കള്‍ക്കിടാവോ... ങൂഹും ങൂ ങൂ ഹു ഹും ങൂ..
അമ്മയുടെ മൂളിപ്പാട്ടല്ലെ കേള്‍ക്കുന്നത്?
ഇതാമ്മേ അമ്മേടെ കുട്ടന്‍ വരുന്നു...
പൂവില്‍ നിറഞ്ഞ മധുവോ..... രാരീരം രാരീരം രാരോ...