Thursday, January 27, 2011

വാര്‍ത്തയുടെ ഇംപാക്റ്റ്.

ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ലൊരു വാര്‍ത്തയേതെന്ന് ചോദിച്ചാല്‍ നിസ്സംശയം എനിക്ക് പറയാനൊന്നുണ്ട്. കണ്ടവര്‍ക്ക് പിന്നെയുമൊന്ന് ഓര്‍ക്കാനും കാണാത്തവര്‍ക്കു ഒരുണര്‍ത്തലിനുമായി ഞാന്‍ ഇതൊന്ന് പോസ്റ്റ് ചെയ്യട്ടെ!
എട്ടാം തീയതി ഈ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ മനസ്സില്‍ കയറി. അന്ന് തന്നെ സ്കാന്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ ചില തിരക്കുകള്‍ കാരണം പോസ്റ്റിംഗ്  നീണ്ടു പോയി. എന്നാല്‍ ആ കല്പകഞ്ചേരിക്കാരന്റെ കവിത വായിച്ചപ്പോള്‍ ഈ പോസ്റ്റ് താമസിപ്പിക്കരുതെന്ന് തോന്നി. നമ്മുടെ ഈ ലോകത്തില്‍ ചില സാധാരണ മനുഷ്യര്‍ സൃഷ്ടിക്കുന്ന മാറ്റം ദൂരവ്യാപകമാണ്. ചില സന്മനസ്സുകളിലെ അലിവ്, അവരുടെ സഹിഷ്ണുത, ശത്രുക്കളോടുമുള്ള സ്നേഹം, താന്‍ എരിഞ്ഞുതീരുമ്പോഴും ചുറ്റുമുള്ളവര്‍ക്ക് വെളിച്ചം പകരുന്ന ആ ത്യാഗം, ദൈവമെ, നന്മയുടെ തുരുത്തുകള്‍ ഇനിയും അവശേഷിക്കുന്നുവെന്നത് എത്ര ആശ്വാസം. ഇല്ലയില്ല എല്ലാം കൈവിട്ടുപോയിട്ടില്ല. കാരിരുള്‍ മൂടുന്ന ദുര്‍ഘടവഴികളിലും വെളിച്ചത്തിന്റെ കൈത്തിരിപ്പൊട്ടുമായി ചില ചെറിയ മനുഷ്യര്‍; അവരുടെ വലിയ പ്രവൃത്തികള്‍.....

ഇനി കലീമിനെയും സ്വാമിയെയുമൊന്ന് കാണുക!


ഈ വാര്‍ത്ത ഒത്തിരി കാര്യങ്ങള്‍ പറയാതെ പറയുന്നുവല്ലേ? നമ്മുടെയൊക്കെ സങ്കല്പത്തിലെ ഒരു സാധാരണ യുവാവ്, ചെയ്യാത്ത കുറ്റത്തിന് ജയിലിലടയ്ക്കപ്പെടുക, കുറ്റസമ്മതത്തിനായി വര്‍ണനാതീതമായി മര്‍ദ്ദനമേല്‍ക്കുക, പഠനം നിന്നുപോവുക, ഭാവിയെപ്പറ്റിയുള്ള എല്ലാ പ്രത്യാശയും നീക്കപ്പെടുക, കുടുംബം സംശയനിഴലിലാവുക, ഇതിനെല്ലാം ഉപരിയായി തീവ്രവാദിയെന്ന ലേബലും. സ്വാതന്ത്യത്തിന്റെ മധുചഷകം മോന്തിക്കുടിക്കുന്ന നമ്മള്‍ തടവറയുടെ കാഠിന്യത്തെപ്പറ്റി ആരെങ്കിലും പറഞ്ഞുകേട്ട അറിവോ അല്ലെങ്കില്‍ ഭാവനയില്‍ കാണുന്ന സങ്കല്പങ്ങളോ മാത്രം.
ഒരു ശിലാഹൃദയന്റെ ചോരരുചിക്കുന്ന കഠോരമനസ്സിനെ ഇളക്കുവാന്‍ തക്കസ്നേഹം കലീമിന്റെ ഹൃദയത്തില്‍ ഈ സകല പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് ഉറവെടുത്തുവെങ്കില്‍ കലീം നമ്മുടെ സങ്കല്പങ്ങളിലെ സാധാരണ മനുഷ്യനാണോ?
ഇതിന്റെ തുടര്‍വാര്‍ത്തയില്‍ വായിച്ചത് അസിമാനന്ദയും കലീമും തമ്മിലൊരു ആത്മബന്ധം വളര്‍ന്നുവെന്നാണ്. ഒരു പുത്രന്‍ തന്റെ പിതാവിനു ശുശ്രൂഷ ചെയ്യുന്നതുപോലെ ഈ യുവാവ് തന്നെയും അതേപോലെ അനേകര്‍ക്ക് തടവറ സമ്മാനമായി കൊടുത്ത, ഒളിച്ചിരുന്ന് സ്ഫോടനങ്ങള്‍ നടത്തിയ, അതിന്റെ ഉത്തരവാദിത്വം  മറ്റുള്ളവരുടെ മേല്‍ സമര്‍ഥമായി കെട്ടിവച്ച, ഒരു മനുഷ്യന്  സ്നേഹത്തോടെ സേവനം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഇവനെ വളര്‍ത്തിയ മാതാപിതാക്കള്‍ തീര്‍ച്ചയായും എത്ര അഭിനന്ദനം അര്‍ഹിക്കുന്നു?
നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് ഇതുപോലുള്ള സദ് വാര്‍ത്തകള്‍ വളരെ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഇവ ഘോഷിക്കപ്പെടേണ്ടതുമാണ്. ദോഷത്തിനു പകരം ദോഷവും ശകാരത്തിനു പകരം ശകാരവും കൊടുക്കാതെ നന്മയാല്‍ തിന്മയെ ജയിക്ക എന്ന് യേശു പറഞ്ഞു. എന്നാല്‍ ആ ഉപദേശം പ്രയോഗത്തില്‍ വരുന്നത് നമ്മുടെ കണ്ണില്‍ കാഴ്ച്കയായി ഭവിച്ചപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ആഴം നാം അറിയുന്നു.
എന്റെ ബാല്യത്തില്‍ പറമ്പിലൊക്കെ പണിയാന്‍ വരുന്ന ഒരു കുഞ്ഞൂഞ്ഞ്  ഉണ്ടായിരുന്നു. അദ്ദേഹം വലിയ പാറക്കല്ലുകളൊക്കെ കമ്പിപ്പാര കൊണ്ട് മറിച്ചിടുമ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ നോക്കിനിന്നു. പിന്നെ സ്കൂളില്‍ പഠിച്ചപ്പോഴാണ് ഈ കമ്പിപ്പാര ഉത്തോലകമാണെന്നും ഇതിനു വലിയ ഭാരങ്ങളെ ഉയര്‍ത്താനും കഴിയുമെന്നുമൊക്കെ ശാസ്ത്രം പഠിച്ചത്. എന്നാല്‍ അന്നെല്ലാം ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. കുഞ്ഞൂഞ്ഞ്  ആ കല്ലുകളെ ഉയര്‍ത്തുമ്പോള്‍ അതുവരെ അവിടെ സ്വൈര്യമായി അവിടെ ഒളിച്ചിരുന്ന പഴുതാരയും തേളും മറ്റ് ക്ഷുദ്രജീവികളുമെല്ലാം പ്രാണനും കൊണ്ട് പരക്കം പായുന്നത് കാ‍ണാം. കല്ലു മറിയുന്നതു വരെ അതിന്റെ ഇരുട്ടില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്ന വിഷപ്രാണികള്‍ക്ക് വെളിച്ചം വന്നപിറക് അവിടെ ഇരിക്കവയ്യ.
സ്നേഹം ഒരു ഉത്തോലകമാണ്. വലിയ കല്ലുകളെ ഇളക്കിമറിക്കുന്ന ഉത്തോലകം. കല്ലുകള്‍ മറിയുമ്പോള്‍ മനസ്സില്‍ വെളിച്ചം വരും. അതുവരെ അവിടെ സുഖവാസം ചെയ്തിരുന്ന ശത്രുതയും ദുഷ്ടതയുമൊക്കെ താനേ ഓടിപ്പോകും.
അതേ, കല്ലുകള്‍ ഇളകട്ടെ, വെളിച്ചം പരക്കട്ടെ, ഒളിച്ചിരുന്ന വിഷജന്തുക്കള്‍ ഒഴിഞ്ഞുപോകട്ടെ.

പിന്‍ കുറിപ്പ്.
ഏതാണ്ട് ഇതേ സമയത്താണ് വേറൊരു വാര്‍ത്ത വന്നത്. ഡോ. ഹനീഫ് എന്നയാളെ നമുക്കെല്ലാമറിയാം. ആസ്ത്രേലിയയില്‍ തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ട് ജയിലിലായ നമ്മുടെ യുവ ഡോക്ടര്‍. ആസ്ത്രേലിയ എന്ന രാജ്യം ആ യുവാവിനോട് മാപ്പു ചോദിച്ചപ്പോഴും, നഷ്ടപരിഹാരം കൊടുത്തപ്പോഴും ആ രാജ്യത്തിന്റെ യശസ്സ് ഉയരുകയല്ലേ ചെയ്തത്? തെറ്റുകള്‍ പറ്റാം. മനുഷ്യര്‍ക്കായാലും രാജ്യങ്ങള്‍ക്കായാലും. എന്നാല്‍ തിരിച്ചറിയുമ്പോള്‍ തിരുത്തുന്നത്  ആണ് മഹത്വം. സിമ്പിള്‍ ആയിട്ടുള്ള ഈ കാര്യം നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ക്ക്  അറിയുകയില്ലയോ. ഇങ്ങിനെ ഒരു ക്ഷമാപണം ഭാരതത്തില്‍ നിന്ന് പ്രതീക്ഷിക്കാമോ? ഈ പുണ്യമായ ഭാരതഖണ്ഡത്തില്‍ ഒരു പുല്ലായെങ്കിലും ജനിക്കേണമെന്ന് പൂന്താനം പാടി. മഹാസംസ്കാരമുള്ള ഒരു രാജ്യം ഭരിക്കുന്നവര്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോ? നമുക്ക് ചിന്തിക്കാം.

Thursday, January 20, 2011

അകക്കണ്ണു തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം.

ഒത്തിരിയൊത്തിരി ഗുരുക്കന്മാര്‍, അവരുടെ ബാലശിക്ഷകള്‍, അവര്‍ മൂശയിലൊഴിച്ച് രൂപപ്പെടുത്തിയെടുത്ത മനുഷ്യര്‍.  ഒരു ദിനം “മാദ്ധ്യമം” പത്രത്തില്‍ കണ്ട ഒരു ഫോട്ടോ കണ്ടിട്ടെന്റെ കണ്ണും മനവും നിറഞ്ഞു. ഇപ്പോള്‍ ഏതൊരു കാഴ്ച്ച കണ്ടാലും ആദ്യം മനസ്സിലേയ്ക്ക് വരുന്ന ചിന്ത എന്തെന്നോ? ഹാ, ഇത് എന്റെ ബ്ലോഗര്‍ കൂട്ടുകാരുമായി പങ്കു വയ്ക്കണം. എത്ര പെട്ടെന്നാണ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ മനുഷ്യര്‍ എന്റെ പ്രിയകൂട്ടുകാരായത്? പ്രിയകൂട്ടുകാര്‍ക്ക് എന്റെ സ്നേഹാന്വേഷണങ്ങള്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമല്ലേ?

ഇനി ഈ റ്റീച്ചറിനെയും ശിഷ്യയേയും കാണുക.

ഒരു ചിത്രം ആയിരം വാക്കുകളെക്കാള്‍ കൂടുതല്‍ സംസാരിക്കുന്നുവെന്നൊരു ഇംഗ്ലിഷ് പറച്ചിലുണ്ട്. ഈ ഫോട്ടോ എന്നോട് അനേക വാക്കുകള്‍ സംസാരിച്ചു. 

ഇതു നിങ്ങളോടും സംസാരിക്കും. കൂട്ടരെ, ഇപ്പോള്‍ ഞാന്‍ ടി.വി. യ്ക്ക് അധികം സമയം കൊടുക്കാറില്ലെങ്കിലും, മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ കണ്ട കാര്യം മറക്കില്ല. കാഴ്ച്ചയില്ലാത്ത ഒരു പെണ്‍ കുട്ടിയോട്  ജഡ്ജ് പറഞ്ഞു, മോളുടെ ഡ്രസ്സൊക്കെ അടിപൊളിയായിട്ടുണ്ട്. അവളുടെ മുഖത്തിനൊരു ഭാവവ്യത്യാസവുമില്ല. എന്റെയുള്ളൊന്ന് തേങ്ങി. 

(S.M സാദിഖ് തന്റെയൊരു പോസ്റ്റില്‍  ശരീരം( കാഴ്ച്ചകള്‍ സമ്മാനിക്കുന്നത് )                                                                          മോടിയാക്കുന്നതിനെപ്പറ്റി എഴുതിയതു വായിച്ചപ്പോഴും) 

നീനു സന്തോഷിന്റെ മുഖം നമ്മോടൊത്തിരി പറയുന്നു അല്ലേ? അവള്‍ ലക്ഷ്യത്തിലേയ്ക്ക് ഓടുകയാണ്. പാത മാറിപ്പോകുന്നതൊന്നുമറിയാതെ. നല്ല ഗുരു പിന്നാലെയെത്തി നേര്‍വഴിക്കാക്കുന്ന ഈ കാഴ്ച്ച എത്ര മനോഹരം? 

നമ്മുടെ കുഞ്ഞുങ്ങളും ഓടുകയാണ്. ദൈവകാരുണ്യം കൊണ്ട് അവര്‍ക്ക് ഒരു കുറവുമില്ല. അവര്‍ക്ക് കാഴ്ച്ചയുണ്ട്. ഓടുവാന്‍ കാലുകളുണ്ട്. എന്നാല്‍ അവര്‍ പാതമാറിപ്പോകാനുള്ള എല്ലാ സാഹചര്യവും ഇന്നത്തെ സമൂഹത്തില്‍ അധികമല്ലേ? പിറകെ ഓടി തിരുത്തുവാനുള്ള ഗുരുക്കന്മാരുണ്ടോ? നമ്മുടെ കുഞ്ഞുങ്ങള്‍ ഏറ്റവും അധികം പഠിക്കുന്നത് സ്കൂളില്‍നിന്നല്ല നമ്മുടെ വീട്ടില്‍ നിന്ന് തന്നെയാണ്. അവരുടെ സാര്‍ നമ്മള്‍ തന്നെയാണ്. അവര്‍ നേര്‍വഴിക്ക് വളരുന്നില്ലെങ്കില്‍ സ്വയം ഒരു ശോധന വേണ്ടേ? നീതിയോടെ നടക്കുക, ദുര നീക്കുക, കരുണയോടെ ജീവിക്കുക, യാതൊരു വിധ ഹിഡന്‍ അജെന്‍ഡയുമില്ലാതെ തെളിവായി വീട്ടില്‍ ഇടപെടുക: നമ്മുടെ കുഞ്ഞുങ്ങള്‍ വഴിതെറ്റിപ്പോവില്ല, ഞാന്‍ ഗാരന്റി. 

എന്തുകൊണ്ടാണ് നമ്മുടെ യുവത്വം ക്വൊട്ടേഷന്‍ സംഘാംഗങ്ങള്‍ ആകുന്നതും അക്രമികളായിപ്പോകുന്നതും മദ്യത്തിനും മയക്കിനും അടിമകളായിത്തീരുന്നതും? എല്ലാം കതിരിന്മേലെത്തുമ്പോഴാണോ മാതാപിതാക്കള്‍ ഇതൊക്കെ തിരിച്ചറിയുക? റെയില്‍ പാളങ്ങള്‍ വിവിധദിശകളിലേയ്ക്ക് പിരിയുന്നത് കാണുന്നുവോ? ഒരു മില്ലിമീറ്റര്‍ ആണ് ആദ്യത്തെ വ്യതിയാനം, അത് മെല്ലെ മെല്ലെ അകന്നു വെവ്വേറെ ദിശകളിലേയ്ക്ക് ... അങ്ങിനെ തന്നെയാണ് കുഞ്ഞുങ്ങളും പാത മാറിപ്പോകുന്നത്.

അദ്ധ്യാപകരെനിക്ക് തന്നത് മറക്കുന്നതെങ്ങിനെ? ആദ്യം മണലില്‍ അക്ഷരമെഴുതിച്ച ആശാന്‍. ആര്‍ക്കും ആശാന്റെ പേരു പോലുമറിയില്ല.  പ്രീ ഡിഗ്രിയൊക്കെ കഴിഞ്ഞ സമയമായപ്പോഴേയ്ക്കും ആ കളരി അപ്രത്യക്ഷമായി. നഴ്സറിയും അംഗന്‍ വാടിയുമൊക്കെയുയര്‍ന്നു. പിന്നെയെന്നോ അവധിക്ക് ചെല്ലുമ്പോള്‍ അറിഞ്ഞു. ആശാന്‍ ഒരു ഗ്രാമത്തിന് വെളിച്ചം പകര്‍ന്ന് കാലയവനികയില്‍ മറഞ്ഞു. 

തറ പറ പഠിപ്പിച്ച പ്രൈമറി സാറന്മാര്‍. കളിമണ്ണിനെ രൂപപ്പെടുത്തിയെടുത്ത യു.പി, ഹൈസ്കൂള്‍ അദ്ധ്യാപകര്‍. പുതുലോകത്തിലേയ്ക്ക് ദര്‍ശനം തന്ന കോളേജ് പ്രൊഫസ്സര്‍മാര്‍. എല്ലാവരുടെയും സംഭാവനയുണ്ടല്ലോ ഈ മനുഷ്യനില്‍.

പോസ്റ്റ് ഒരുപാട് നീണ്ടുപോകും. എന്നാലും സ്കറിയാ സാറിനെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. 8-9-10 ക്ലാസ്സുകളില്‍ പഠിപ്പിച്ച സിംഹം. ആജാനുബാഹു, കരിവീട്ടിയില്‍ കടഞ്ഞെടുത്ത ശരീരം. എന്നാലും സുന്ദരന്‍. 

ഇലയ്ക്കാട് യു.പി സ്കൂള്‍ മാത്രമേയുള്ളു. പിന്നെ പഠിച്ചത് കുറിച്ചിത്താനം ഹൈ സ്കൂളില്‍ ആണ് (കെ ആര്‍ നാരായണന്‍ പഠിച്ച അതേ സ്കൂള്‍ തന്നെ) ആദ്യത്തെ ദിവസം ഹാജര്‍ വിളിക്കുന്ന സമയം. ഓരോരുത്തരെ പരിചയപ്പെട്ടു സ്കറിയാ സാര്‍ എന്റെയടുത്ത് വന്നു. 

ഒരു ചോദ്യം; “നീ എ.കെ വിജയന്റെ ആരാടാ..?”  

“അനിയനാ സാറെ” സാര്‍ എന്നെ രൂക്ഷമായി ഒരു നോട്ടം. 

“അവനെന്റെ മുഖത്ത് നോക്കി നിന്നെ പിന്നെ കണ്ടോളാം എന്ന് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, നിനക്കറിയാവോ” 

എന്റെ ചേട്ടന്‍ SFI യുടെ വീര്യമേറിയ പ്രവര്‍ത്തകനായിരുന്നല്ലോ. എന്തായാലും എനിക്ക് രാഷ്ട്രീയമൊന്നുമില്ലാതിരുന്നതിനാല്‍ അതിനൊന്നും ഇട വന്നിട്ടില്ല. സാറിന്റെ ശത്രു ആയതുമില്ല. പഠിക്കാന്‍ മടി കാണിക്കുമ്പോള്‍ സാര്‍ പറയും നിങ്ങള്‍ പഠിച്ചില്ലെങ്കിലും എനിക്കെന്റെ ശമ്പളം കിട്ടും, വേണേല്‍ പഠിച്ചാല്‍ മതി... പക്ഷെ അത് വെറും പറച്ചില്‍ മാത്രമാണെന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം. 

സാറിന്റെ മുഖത്ത് നോക്കി തമാശ പറയാനുള്ള ധൈര്യമൊന്നും ആര്‍ക്കുമില്ല. 

എന്നാലുമൊരിക്കല്‍ ഞാന്‍ പറഞ്ഞു, "സാറ് പുതിയ കുട വാങ്ങിയത് നന്നായില്ല സാറെ"

സാര്‍ മനസ്സിലാകാത്തതുപോലെ എന്നെ നോക്കി. 

ഞാന്‍ പറഞ്ഞു: "സാര്‍ ആ പഴയ നരച്ച കുടയായിരുന്നെങ്കില്‍ സാര്‍ വരുന്നത് ദൂരേന്ന് കണ്ട് ഞങ്ങള്‍ മര്യാദയ്ക്കിരുന്നേനെ. ഇത് സാറിനെ എങ്ങിനെ ഞങ്ങള്‍ തിരിച്ചറിയും?"

സാര്‍ ചിരിച്ചു പോയി. 

ഒരിക്കല്‍ സാറ് എന്നോട് ചോദ്യം ചോദിച്ചു. (മലനാട്, ഇടനാട്, തീരപ്രദേശം എന്ന പാഠഭാഗം.)

" ചരിവുകളില്‍ എന്തൊക്കെ കൃഷി ചെയ്യാം?"

ഞാന്‍ പറഞ്ഞു: "സാറെ റേഷന്‍ കട.."

ക്ലാസ് മൊത്തത്തില്‍ ചിരിമയം ( സാറിന്റെ വീട്ടുപേര്‍ “ചരുവില്‍” എന്നാണ്. സാറിന്റെ കുടുംബക്കാര്‍ക്കൊരു റേഷന്‍ കടയുമുണ്ട്. ) 

പിന്നെ സാറിന്റെയൊരു വിശേഷം- ക്ലാസില്‍ പലപ്പോഴും പറയുന്ന ഒരു കാര്യമാണ്: 

"നിങ്ങളൊക്കെ പഠിച്ച് വലിയ ആള്‍ക്കാരൊക്കെയായി ഗള്‍ഫിലൊക്കെ പോയി തിരിച്ച് വരുമ്പോള്‍ സ്കറിയാ സാറിനെ കാണാന്‍ വരണം. വെറുതെയൊന്നും വരരുത്. (കുപ്പിയുടെ ആംഗ്യം കാണിച്ചുകൊണ്ട്) ഇതുമായിട്ടെ വരാവു."

ഒരു അവധിക്കാലത്ത് ഞാന്‍ സാറിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ രോഗിയും ശയ്യാവലംബിയുമെന്നറിഞ്ഞ് കാണാന്‍ പോയി. 

മെലിഞ്ഞ്  എല്ലും തോലുമായ സാറിനെ കണ്ട് സങ്കടം വന്നു. 

വിശേഷങ്ങളൊക്കെ പറഞ്ഞ് തിരിയെ വരാനിറങ്ങിയപ്പോള്‍ സാറിന്റെ കുഴിഞ്ഞ കണ്ണുകളില്‍ നീര്‍ പൊടിച്ചു വരുന്നത് ഞാന്‍ കണ്ടു. 

ഞാന്‍ ആ കട്ടിലില്‍ ഇരുന്നു, അടുത്തു ചേര്‍ന്ന്. 

സാര്‍ മലര്‍ന്ന് നിവര്‍ന്ന് നേരെ കിടക്കുകയാണ്. ആ കണ്‍കുഴികള്‍ നിറഞ്ഞുവന്നു. 

ഞാന്‍ മെല്ലെ ആ ശിരസ്സ് പിടിച്ച് ഒരു വശത്തേയ്ക്ക് തിരിച്ചു. 

ആ കണ്ണുനീര്‍ ഒഴുകിപ്പോട്ടെ, എന്റെ സിംഹം കരയുന്നത് എനിക്കിഷ്ടമല്ലല്ലോ.

Friday, January 14, 2011

നാടകമേ ജീവിതം...

കലാസ്നേഹികളേ,
ബ്ലോഗോദയം നാടകവേദിയുടെ ആയിരത്തിയെഴുന്നൂറ്റിപന്ത്രണ്ടാം  നാടകമായ “പറക്കും ലാപ് ടോപ്പ്” എന്ന അപൂര്‍വ കലാശില്പം സഹൃദയരായ നിങ്ങളുടെ മുമ്പില്‍ ഇതാ കാഴ്ച്ച വയ്ക്കുന്നു. 


കഥാപാത്രങ്ങള്‍:- 
നായകന്‍: ബ്ലോഗര്‍കുമാര്‍ 
നായിക:- മിസ്സിസ് ബ്ലോഗര്‍കുമാര്‍.

രംഗം 1
ഒരു സായംസന്ധ്യ.

:ചേട്ടാ, നമ്മുടെ പതിനാറാം വിവാഹവാര്‍ഷികത്തിന് ചേട്ടനു ഞാനൊരു ലാപ് ടോപ്   വാങ്ങിത്തരുന്നുണ്ട്.

: അയ്യോ മോളേ ഇപ്പോള്‍ ഇതൊക്കെ വാങ്ങാന്‍ പൈസയെവിടെ? നമുക്കീ ഡസ്ക് ടോപ് തന്നെ മതി. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് നീ കേട്ടിട്ടില്ലേ?

: എന്റെ ചേട്ടാ, ലാപ് ടോപ്പിനൊക്കെ ഇപ്പോള്‍ വളരെ വില കുറവല്ലേ

: അതെയതെ, ലാപും ടോപുമൊക്കെ വില കുറഞ്ഞു. അരി വാങ്ങണമെങ്കില്‍ അര മാസത്തെ ശമ്പളം വേണം. അതൊന്നുമാര്‍ക്കും അറിയണ്ടല്ലോ.

: (ചിണുങ്ങിക്കൊണ്ട്)
 എന്തായാലും ശരി ഞാന്‍ ചേട്ടനൊരു ലാപ് ടോപ് വാങ്ങും.

 രംഗം 2

(ബ്ലോഗര്‍ കുമാര്‍ ജോലി കഴിഞ്ഞ് ക്ഷീണിതനായി വരുന്നു. കുമാരി ഈവനിംഗ് ഡ്യൂട്ടിയിലാണ്. ഇതാ മേശപ്പുറത്തൊരു പെട്ടി)

(ട് ര്‍ ണ്‍ ണ്‍ ടെലിഫോണ്‍ ബെല്ലടിക്കുന്നു.)

: ഹലോ ചേട്ടാ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ് ഡേ. ചേട്ടന്‍ ആ പാക്കറ്റ് ഒന്നഴിച്ചു നോക്കിയെ.

: ഓകേ മോളെ, ഞാന്‍ കണ്ടു. സന്തോഷായി. ഇതിന്റെ ഇന്‍സ്റ്റാള്‍മെന്റ് മോള്‍ തന്നെയങ്ങു കൊടുത്തേക്കണേ!! പിന്നെ മെനി മെനി റിട്ടേണ്‍സ് ഓഫ്  ദ ഡേ. ബൈ, 9 മണിക്ക് കാണാം.

(ബ്ലോഗര്‍കുമാര്‍ മെല്ലെ പാക്കറ്റ് തുറന്നു നോക്കുന്നു. വെള്ളിക്കളറില്‍ സുന്ദരമായ ഒരു ലാപ് ടോപ്. കുമാറിന്റെ മൂളിപ്പാട്ട് വാതിലും കടന്ന് റോഡിലേക്ക് പോയി.)

രംഗം 3

: മോളെ എന്തായാലും ഒരു ലാപ് ടോപ് വാങ്ങി, ഞാന്‍ ഒരു നെറ്റ് കണക്ഷന്‍ കൂടിയെടുത്താലോ? നമുക്ക് വല്ല മെയിലൊക്കെ അയക്കാം, നാട്ടിലേയ്ക്ക് വിളിക്കാനും നല്ലതല്ലേ?

:വേണ്ട ചേട്ടാ, നമ്മള്‍ കുടുംബത്ത് കയറ്റാന്‍ കൊള്ളാത്ത ഈ നെറ്റും ഡിഷുമൊന്നും വേണ്ടാന്ന് മുമ്പേ തീരുമാനിച്ചതല്ലെ? നമ്മള്‍ ഇതെല്ലാം കണ്ട് വഴിതെറ്റിപ്പോയാല്‍ പിന്നെ .....?

( കുമാര്‍ ചിണുങ്ങിക്കൊണ്ട്:)
: ഇല്ലെന്നെ, ഞാനെന്നെ സൂക്ഷിച്ചോളാം.

: എന്നാപ്പിന്നെ ചേട്ടന്റെ ഇഷ്ടം പോലെയാട്ടെ.

രംഗം 4

(ട് ര്‍ ണ്‍ ണ്‍ ടെലിഫോണ്‍ ബെല്ലടിക്കുന്നു.)

: ഹലോ ചേട്ടാ, ഞാന്‍ വരാറാവുമ്പോഴേയ്ക്കും രണ്ട് ചെറിയ ജോലി തീര്‍ത്ത് വയ്ക്കുമോ?

: പിന്നെയെന്താ  പറഞ്ഞോളൂ

: വാഷിങ് മെഷിനില്‍ തുണി ഇട്ടിട്ടുണ്ട്, കഴുകി ഉണങ്ങാനിടണം, ദോശയ്ക്ക് അരി കുതിര്‍ത്ത് വച്ചിട്ടുണ്ട് ഒന്ന് അരച്ചു വച്ചേക്കണേ, പിന്നെ വീട് അലങ്കോലമായി കിടക്കുന്നു ഒന്ന് തൂത്തിട്ടാല്‍ നല്ലതാ, സമയം കിട്ടുവാണെങ്കില്‍ ലോണ്‍ ട്രിയില്‍ നിന്ന് ചേട്ടന്റെ ഷര്‍ട്ട് വാങ്ങണം. എല്ലാം കഴിഞ്ഞിട്ട് കടയിലൊന്ന് പോയി ഒരു മൂന്നു കൂട്ടം സാധനം കൂടെ...

: എടി ഒന്ന് നിര്‍ത്തി നിര്‍ത്തി പറ, ഇതാണോ നിന്റെ രണ്ട് ചെറിയ ജോലി?

: ഓ അല്ലെങ്കിലും ഈ ചേട്ടന് ഞാനെന്തെങ്കിലും ചെറിയ ജോലി പറയുമ്പോഴേയ്ക്കും പരാതിയാ..

: ഇല്ല കുഴപ്പമില്ല. ഞാന്‍ ചെയ്തേക്കാം.

(ബ്ലോഗര്‍കുമാര്‍ ലാപ് ടോപ് എടുത്ത് മടിയില്‍ വയ്ക്കുന്നു.)

രംഗം 5

(കുമാരി ക്ഷീണിതയായി കടന്നുവരുന്നു.)

: ചേട്ടാ, ദുഷ്ടച്ചേട്ടാ, ഞാന്‍ പറഞ്ഞ ഒരു പണി പോലും ചെയ്തില്ല അല്ലേ?

: അത് മോളെ, ഞാന്‍ ഒരു ബ്ലോഗിന്റെ പരിപാടിയിലായിരുന്നു. അതിന്റെ പണിയുമായിരുന്ന് സമയം പോയതറിഞ്ഞില്ല.

: ചേട്ടന്‍ മൊളക് വാങ്ങിയെന്നോ?  കഴിഞ്ഞയാഴ്ച്ച വാങ്ങിയതേയുള്ളല്ലോ, ഇത്രേം പെട്ടെന്ന് തീര്‍ന്നോ?

: മൊളകല്ലെടി, ബ്ലോഗ്..ബ്ലോഗ്. വാ നിന്നെ കാണിക്കാം.

(കുമാരി കുമാരന്റെ ആദ്യത്തെ കൊലാസൃഷ്ടി വായിച്ച് കണ്ണും തള്ളിയിരിക്കുന്നു.)

: എന്റെ ചേട്ടാ, ചേട്ടന്‍ ഫയങ്കരന്‍ തന്നെ, ചേട്ടനിത്രയൊക്കെ എഴുതുവോ? എനിക്ക് അഭിമാനം കൊണ്ട് വിജൃംഭിക്കുന്നു.

: അയ്യൊ മോളെ ഇപ്പോള്‍ വിജൃംഭിക്കാതെ നീ പോയി കുളിച്ചൊന്ന് ഫ്രഷ് ആയിട്ട് വാ എന്നിട്ട് നമുക്ക് നന്നായിട്ടൊന്ന് വിജൃംഭിക്കാം.

: കെഴങ്ങന്‍ ചേട്ടാ, വിജൃംഭിക്കുക എന്ന് പറഞ്ഞാല്‍ ചേട്ടനുദ്ദേശിക്കുന്നതൊന്നുമല്ല. എന്തായാലും ഞാന്‍ പറയുന്ന പണിയൊക്കെ തീര്‍ത്തിട്ട് മതി യേത് മൊളകും. ഇനീം ഇങ്ങനെ ബ്ലോഗുമായിരുന്ന് സമയം കളഞ്ഞാല്‍ എന്റെ തനിസ്വഭാവമെടുക്കും ഞാന്‍. അതു പോട്ടെ, ഇതുപോലെ ബ്ലോഗിലെഴുതുന്ന വേറേ ആള്‍ക്കാരൊക്കെയില്ലെ? അവരുടെ ബ്ലോഗൊക്കെയൊന്ന് കാണിക്കുവോ?

: ഹേയ് എന്നെപ്പോലെ ഇത്തിരി എഴുതാന്‍ പറ്റുന്നവരാരാ ഒള്ളത്. ഞാനെല്ലായിടത്തും പോയിനോക്കി ഒറ്റയെണ്ണത്തിനൊരു കലാബോധമില്ലെടി. നീയെങ്ങും വായിക്കണ്ടാ.

:അല്ലേലും എന്റെ ചേട്ടനെപ്പോലെ ആരുണ്ട്??

(കുമാരി അഭിമാനവിജൃംഭിതയായി കുളിമുറിയിലേക്ക് നടന്നു.)

 രംഗം 6

രാത്രി 9 മണി.

(കുമാരി കടന്നു വരുന്നു. കുമാരന്‍ മടിയില്‍ ലാപ് ടോപ് വച്ചുകൊണ്ട് അഗാധചിന്തയില്‍)

: ചേട്ടാ, ചേട്ടാ ഇതെന്നാ പണിയാ ഇത്? നാലുമണിക്ക് വന്നപ്പോ മുതല്‍ ഈ കുന്തവുമായി ഇരുപ്പാണൊ? എന്തെല്ലാം കാര്യം ഞാന്‍ പറഞ്ഞിരുന്നതാ?

: അയ്യോ മോളെ ഞാന്‍ ഒരു സര്‍ഗസൃഷ്ടിയുടെ പണിപ്പുരയിലല്ലായിരുന്നോ? നീ പറഞ്ഞ പണിയെല്ലാം ഞാന്‍ മറന്നു പോയി.

(കുമാരി കോപാക്രാന്തയായി അകത്തേയ്ക്ക്.)

കുമാരന്‍ മെല്ലെ എഴുന്നേറ്റു. ആത്മഗതം. "ഇനീം ഇരുന്നാല്‍ ശെരിയാവുകേലാ..."

(അകത്തു നിന്ന് കുമാരി നാട്ടിലേയ്ക്ക് വിളിച്ച് പരാതി പറയുന്നതിന്റെയും ഇടയ്ക്ക് കരയുന്നതിന്റെയും മൂക്ക് പിഴിയുന്നതിന്റെയും സ്വരം കേള്‍ക്കാം.)
                                                    *                             *                               *
(കുമാരി അടുത്ത ഫോണ്‍ വിളിയിലാണ്...)

: അല്ല ഡോക്ടര്‍, അടിയും പ്രശ്നവുമൊന്നുമില്ല....... ഹേയ് മദ്യപിക്കുകയേയില്ല...... അതായിരുന്നുവെങ്കില്‍ എനിക്കിത്രേം സങ്കടമില്ലായിരുന്നു ഡോക്ടറെ...... അല്ലല്ല, ഈ ലാപ് ടോപ് വാങ്ങിയതില്പിന്നെയാ... ശരി ഡോക്ടര്‍...ശരി ഡോക്ടര്‍... ഓക്കെ ഡോക്ടര്‍.....

(രാത്രി: കുമാരനും കുമാരിയും പതിനൊന്ന് പോലെ തന്നെ കിടന്നുറങ്ങി.)

രംഗം 7
രാത്രി രണ്ടുമണി.

ചേട്ടാ, ചേട്ടാ... ചേട്ടോ... ഇതെന്തൊക്കെയാ ഈ പറയുന്നത്?

ഉറക്കപ്പിച്ചോടെ..ഞ്..ഞനെന്തു പറഞ്ഞെന്നാ?

കമന്റ് ഫോളോവേഴ്സ് എന്നൊക്കെ പറഞ്ഞ് ചേട്ടന്‍ കരഞ്ഞല്ലോ... അവനെ തട്ടും, ഇവളെ തട്ടുമെന്നൊക്കെ പറഞ്ഞെന്തുവാ വെറുതെ മനുഷ്യന്റെ ഉറക്കം കളയാന്‍ വേണ്ടീട്ട്. ഇനിയെന്തായാലും നോക്കീട്ട് കാര്യമില്ല. ഒന്നുകില്‍ ചേട്ടന്‍ ബ്ലോഗ് നിര്‍ത്തണം അല്ലെങ്കില്‍ ഞാനെന്റെ വീട്ടീ‍ പോവ്വാ. നാളെത്തന്നെ ഞാനീ ലാപ് ടോപ് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
**********************************************************************************
ജനുവരി 24 കുമാരന്റെയും കുമാരിയുടെയും പതിനേഴാം വാര്‍ഷികമാണ്. അതിനു മുമ്പ് ഈ ലാപ് ടോപ് പറക്കും തളികയാകുമോ എന്തോ. ഒരു മുന്നറിയിപ്പുമില്ലാതെ ഒരു പ്രസിദ്ധ ബ്ലോഗര്‍ അപ്രത്യക്ഷമാകുന്നുവെങ്കില്‍ “കൊന്നത് ഭീമന്‍ തന്നെ”....


ഇതാണ് നായകനും നായികയും....

Thursday, January 13, 2011

ഉദരനിമിത്തം....

റിയാസ് മിഴിനീര്‍ത്തുള്ളിയുടെ ബ്ലോഗില്‍ പോയപ്പോള്‍ പുതിയ പോസ്റ്റ് ഒരു കടല്‍ യാത്രയാണ്. ( അല്‍ സഫ് ലിയ )അപ്പോള്‍ മുതല്‍ എനിക്കും ഒരാഗ്രഹം, വല്ലപ്പോഴും കടലില്‍ പോകുന്ന റിയാസ് അതൊരു പോസ്റ്റാക്കി.  വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന എന്നെ എന്തിനു കൊള്ളാം? ഉടനെ വന്നല്ലോ ഒരു ഉള്‍വിളി. ഒരു കടല്‍ യാത്ര പോസ്റ്റ് ചെയ്തിട്ടു തന്നെ കാര്യം ഹല്ല പിന്നെ...ഇനി ഫോട്ടോ വേണമല്ലോ. കാമറയില്‍ ഒന്നുമില്ല, കമ്പ്യൂട്ടറിലുമൊന്നുമില്ല. പിന്നെ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ കിട്ടി ആറേഴെണ്ണം. വിവരണത്തിനൊന്നും സ്കോപ്പില്ല, ഓ, സാരമില്ലെന്നേ, ഒരു ഫോട്ടോ ആയിരം വാക്കുകള്‍ക്ക് സമമെന്നല്ലേ? ഇതാ 10000 വാക്കുകള്‍----





ഇതാ ആ ചുവന്ന പാവാടയും പച്ച ബ്ലൌസുമിട്ട സുന്ദരി ഇന്ന് ഞങ്ങളെ വിളിച്ചിരിക്കയാണ്, കൂട്ടരേ നിങ്ങള്‍ വരുന്നോ?



ഈ സുന്ദരിയുടെ പേരു കേട്ട് നിങ്ങള്‍ ഞെട്ടരുത്, അവളുടെ പേരാണ് ---“ഉട്ടാ” സ്വദേശം ഫ്രാന്‍സ്.
അവളുടെ അടുത്തു കൂടെ പോകുന്നത് “ലാ മാഡ്രിന”




ഞങ്ങളുടെ സ്വന്തം “രായ്യ” യാണ് ഇന്ന് ഞങ്ങളുടെ വാഹനം. മെല്ലെ മെല്ലെ രായ്യ ഉട്ടായുടെ അരികിലേയ്ക്ക്. ഉട്ടായുടെ ഡെക്കിലെ ക്രെയിന്‍ കണ്ടുവോ?




ഉട്ടാ ഒരു കിളിക്കൂട് ഇറക്കിത്തരും. ഞങ്ങള്‍ കുരങ്ങന്മാരെപ്പോലെ അതില്‍ അള്ളിപ്പിടിച്ചു നില്‍ക്കും. കൈ വിട്ടാല്‍ ....അമ്മോ








ഇതാ ഫ്രാന്‍സില്‍ നിന്ന് കടല്‍ ദൂരം ഓടിവന്ന ഉട്ടാ ഞങ്ങളെ സസ്നേഹം സ്വാഗതം ചെയ്യുന്നു. ഇനി അല്പനേരം കുശലപ്രശ്നം, പിന്നെ ഇന്‍സ്പെക്ഷന്‍, പിന്നെ രായ്യ പോലത്തെ ആറ് ടഗ്ഗുകള്‍ ( ഞങ്ങള്‍ അവയെ സ്നേഹത്തോടെ “ചെങ്കീരികള്‍“ എന്നാണ് പറയുക) അവളെ ഒരു മണവാട്ടിയെ സഖികള്‍ ആനയിച്ചു കതിര്‍മണ്ഠപത്തിലേയ്ക്കെന്നപോലെ യാര്‍ഡിലേക്ക് കൊണ്ടുവരും. അവളെപ്പോലുള്ളവര്‍ വന്നാലെ ഞങ്ങള്‍ 4000 വയറുകളും ഞങ്ങളെ ആശ്രയിച്ചു കഴിയുന്ന വേറെ കുറെ ആയിരങ്ങളുടെയും വയര്‍ നിറയൂ. അവര്‍ എല്ലാരും കൂടെ വലിയ ഷിപ്പുകളെ എഴുന്നള്ളിച്ചുകൊണ്ട് വരുന്നത് നല്ലൊരു കാഴ്ച്ച തന്നെ. പിന്നെ എപ്പോഴെങ്കിലും അത് പോസ്റ്റ് ചെയ്യാം.

ഇനിയല്പം കാര്യം. കിളിക്കൂട്ടില്‍ അള്ളിപ്പിടിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ധരിച്ചിരിക്കുന്ന ഓറഞ്ച്  നിറമുള്ള ജാക്കറ്റ് കണ്ടുവോ. അക്ഷരാര്‍ഥത്തില്‍ അതൊരു ലൈഫ് ജാക്കറ്റ് തന്നെയാണ്. തേക്കടിയില്‍ ബോട്ട് മുങ്ങി കുറെപ്പേര്‍ മരിച്ചപ്പോള്‍ അതൊരു ചര്‍ച്ചയായിരുന്നുവല്ലൊ. ബോട്ടില്‍ പുതിയ ജാക്കറ്റുകള്‍ പാ‍യ്ക്ക് പൊട്ടിക്കാതെയുണ്ടായിരുന്നുവത്രെ. അതുപോലെ തന്നെ ഇവിടെ ബഹറിനില്‍ “അല്‍ ഡാനാ“ ബോട്ടപകടത്തില്‍ 50 പേര്‍ മരിച്ചതും ഈയൊരു ജാക്കറ്റില്ലാത്തതിനാല്‍ തന്നെ. എല്ലാരും പറയും ബോട്ടുകാര് പറയാത്തതല്ലേ ഇതിനൊക്കെ കാരണം എന്ന്. എന്നാല്‍ കണ്ടു വരുന്നത് അതല്ല. ബോട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചാലും ആള്‍ക്കാര്‍ക്ക് മടിയാണ്. ജോലിയാവശ്യത്തിന് പോകുമ്പോള്‍ പോലും, നിയമം ഇത്ര കര്‍ശനമായി പാലിക്കുന്ന കമ്പനിയുടെ സ്റ്റാഫ് പോലും മടി പിടിക്കും. ഇടാതിരിക്കാനെന്തെങ്കിലും കാരണം കണ്ടെത്തും. അപ്പോള്‍ പിന്നെ ഉല്ലാസയാത്രയ്ക്ക് പോകുന്നവരും, സ്വന്തമായി ബോട്ട് ചാര്‍ട്ടര്‍ ചെയ്തു പോകുന്നവരും എന്തെങ്കിലും അനുസരിക്കുമോ? വളരെ വിഷമം തന്നെ. നാട്ടിലാണെങ്കില്‍ കൂടുതല്‍ നിര്‍ബന്ധിച്ചാല്‍ ബോട്ട് ജീവനക്കാര്‍ യാത്രക്കാരുടെ അടി കൊണ്ടെന്നു വരും. അത്രത്തോളം സൌമ്യതയാണല്ലോ ഇപ്പോള്‍ ജനങ്ങള്‍ക്ക്!!! സ്വാഭാവികമായി എല്ലാ മനുഷ്യരുടെയും ചിന്ത അപകടവും അനര്‍ഥവും നമുക്ക് ഭവിക്കുകയില്ലെന്നാണ്. വളവിന്റെ അപ്പുറം എന്താണ് പതിയിരിക്കുന്നതെന്ന് ആരറിയുന്നു? അതുകൊണ്ട് ഈ ബ്ലോഗ് വായിക്കുന്ന 120 പേരോട് എനിക്ക് പറയാനുള്ളത് , നിങ്ങള്‍ എപ്പോഴെങ്കിലും ജലയാത്ര നടത്തുന്നുവെങ്കില്‍ ജാക്കറ്റ് ഉണ്ടെങ്കില്‍ മടി കൂടാതെ അത് ധരിക്കുക. വീണ്ടും കാണും വരെ സ്നേഹവന്ദനം.

Wednesday, January 5, 2011

നിന്റെ പേര്‍ക്കായ് ഒരു സ്നേഹമരം.

ഞാന്‍ മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു ഈ ബ്ലോഗില്‍ വന്ന് പോകുന്നവര്‍ ഏതാണ്ട് 40 പേരാണെന്ന്. ഇനി അത് തിരുത്തുന്നു. ശരാശരി 60 പേര്‍ എന്ന് പുതിയ സ്റ്റാറ്റിറ്റിക്സ്.

ഈ അറുപത് പേരോട് സന്തോഷത്തോടെ പങ്ക് വയ്ക്കാന്‍ ഒരു സ്നേഹമരത്തിന്റെ കഥയാണ് ഈ പുതുവര്‍ഷത്തിലെനിക്ക് പറയാനുള്ളത്.

മുമ്പ് ചിരിപ്പൂക്കള്‍ വിരിയിക്കാം     എന്ന പോസ്റ്റില്‍ ഞാന്‍ സോണിയെപ്പറ്റി എഴുതിയിരുന്നു. അവളുടെ സ്പോണ്‍സര്‍ വളരെ സന്തോഷത്തോടെ ഒരു ഗ്രീറ്റിംഗ് കാര്‍ഡും പിടിച്ചുകൊണ്ട് നടക്കുകയാണിപ്പോള്‍. അത്  നിങ്ങളേയും കാണിക്കുന്നതില്‍ എനിക്ക് സന്തോഷം തന്നെ.


ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍. സ്പോണ്‍സര്‍ക്ക് വളരെയേറെ പുതുവത്സരാശംസകള്‍ ലഭിച്ചു പലയിടത്തുനിന്നും. എന്നാല്‍ നെഞ്ചില്‍ ചേര്‍ത്ത്  വയ്ക്കാന്‍ മാത്രം പ്രിയപ്പെട്ടതെന്ന്  ഈ കാര്‍ഡിനെപ്പറ്റി പറയുമ്പോള്‍ എനിക്കതിന് എതിരഭിപ്രായമില്ല. “പ്രിയ സ്പോണ്‍സര്‍, നിങ്ങളുടെ പേരില്‍ ഒരു മരം നടുന്നു” എന്നാണവള്‍ പറയുന്നത്.

അതു വളരട്ടെ, ഓരിലയും ഈരിലയും വിരിഞ്ഞ് ഫലവും തണലും കൊടുത്ത് അതിന്റെ ജന്മം സഫലമാക്കട്ടെ. നുഡുഗു സോണി വളര്‍ന്ന് അവളുടെ സ്വപ്നം പോലെ ഡോക്ടര്‍ ആകട്ടെ. സ്പോണ്‍സര്‍ തന്റെ ഹൃദയത്തില്‍ നിന്നുള്ള സാക്ഷ്യമായിട്ട് പറയുന്നു. കൊടുക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്. സഹായിക്കുമ്പോള്‍ ഒരു ആനന്ദമുണ്ട്. കരയുന്നവരുടെ കണ്ണുനീര്‍ തുടയ്ക്കുമ്പോള്‍, തപ്താശ്രുകണങ്ങള്‍ക്ക് പകരം ആനന്ദക്കണ്ണുനീര്‍ പൊഴിയുമ്പോള്‍,  ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഒരു ചെറുകൈത്താങ്ങല്‍ കൊടുക്കുമ്പോള്‍ അയാളുടെ ഉള്ളം നിറഞ്ഞ് കവിയുന്ന സന്തോഷം വര്‍ണ്ണനാതീതമെന്ന് അയാള്‍ പറയുമ്പോള്‍ അത്  ന്യായം തന്നെയല്ലേ?

നമ്മള്‍ നമ്മുടെ ഉല്ലാസത്തിന് വേണ്ടി ചെലവിടുന്ന തുകയുടെ ഒരു ചെറിയ അംശമുണ്ടെങ്കില്‍ ഇതുപോലൊരു ചിരിപ്പൂവ് ചില മുഖങ്ങളില്‍ വിടരാതിരിക്കുകയില്ല.

“വാങ്ങുന്നതിനേക്കാള്‍ ഉത്തമമാണ് കൊടുക്കുന്നത്.”