Monday, July 19, 2010

സങ്കടങ്ങള്‍ക്കു മൊഴിയുണ്ടോ ?

ഓഗസ്റ്റ് മാസത്തിലെ കൊടും ചൂടുള്ള ഒരു മദ്ധ്യാഹ്നത്തിലാണ് ഞാനവളെ കാണുന്നത്.

തളര്‍ന്ന് അവശയായി ഒരു ഭാണ്ഡക്കെട്ടു പോലെ.

അരികില്‍ ഒരു സഞ്ചിയില്‍ ഒന്നോ രണ്ടോ വസ്ത്രങ്ങള്‍.

നിരനിരയായിട്ടുള്ള ഫ്ലാറ്റുകള്‍ ആണ് ഞങ്ങളുടെ ബില്‍ഡിംഗ്.

എന്റെ ഫ്ലാറ്റിന്റെ അടുത്തത് ഒരു ഓഫീസായിരുന്നു.

അറബികളുടെ വീടുകളിലേക്ക് വീട്ടുവേലക്കാരികളെ അയക്കുന്ന ഒരു സ്ഥാപനം.

വൈകിട്ട് 5 മണിക്ക് മാത്രമേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.

ചില വീട്ടുകാര്‍ ജോലിക്കാരികളെ തോന്നുന്ന സമയങ്ങളില്‍ അവിടെ തള്ളിയിട്ടു പോകും.

അവര്‍ക്ക് ഇഷ്ടപ്പെടാതെ വരുമ്പോഴാണ് ഇങ്ങിനെ കൊണ്ടു കളയുന്നത്. മഴയാണെങ്കിലും മഞ്ഞാണെങ്കിലും വെയിലാണെങ്കിലും സാധു സ്ത്രീകള്‍ അവിടെ ഇരിക്കണം.

ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചാലും അവര്‍ വരികയില്ല.

വന്നുകൂടാ എന്ന് അവര്‍ക്ക് കല്പന കൊടുത്തിട്ടുണ്ട്. പരിത്യജിക്കപ്പെട്ടവരെപ്പോലെ ഏകയായി അവര്‍ ഇരിക്കുന്നത് കാണുമ്പോള്‍ മനം അലിഞ്ഞ് പോകും.

പല ദേശക്കാര്‍, പല ഭാഷക്കാര്‍, കറുത്തവര്‍, വെളുത്തവര്‍, പക്ഷെ എല്ലാവര്‍ക്കും ഒരേ ഭാവം.

ഏതു മനവും അലിയിക്കാന്‍ പോന്ന സങ്കടക്കടലിളകുന്ന ദൈന്യഭാവം. അല്ലെങ്കില്‍ നിസ്സംഗതയുടെ മഞ്ഞുറഞ്ഞ അപരിചിതത്വം.

രാവിലെ മുതല്‍ ഇരിക്കുന്നവര്‍ക്ക് എന്തെങ്കിലും വാങ്ങിക്കൊടുത്താല്‍പ്പോലും സ്വീകരിക്കാന്‍ അവര്‍ക്കു ഭയമാണ്.

 എന്നാല്‍ ഇവള്‍ പതിവിലധികമായി തളര്‍ന്നിരിക്കുന്നു എന്നതിനാല്‍ ഒരു സാ‍ന്‍ഡ് വിച്ചും ജ്യൂസുമായി എന്റെ സ്നേഹിതന്റെ കുഞ്ഞുങ്ങളെ പറഞ്ഞയച്ചു.

പിന്നെയും കുറെ നേരം കഴിഞ്ഞു.

എന്റെ റൂമിനുള്ളിലെന്തൊരു ശീതളമായ അവസ്ഥ.

ഒരു ചുവരിന്റെ അപ്പുറം ഒരു മനുഷ്യജീവി താങ്ങും തണലുമില്ലാതെ വാടിക്കിടക്കുന്നു.

എന്തെന്നറിയാത്ത ഒരു കുറ്റബോധം എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

ഞാന്‍ വെളിയില്‍ വന്നു നോക്കിയപ്പോള്‍ മുമ്പിരുന്ന അതേ ഇരുപ്പില്‍ അവളെ കണ്ടു.

സാന്‍ഡ് വിച്ച് തൊട്ടുനോക്കിയിട്ടുപോലുമില്ല. മെല്ലെ അരികില്‍ ചെന്ന് അതു ഞാനെടുത്ത് അവളുടെ കയ്യില്‍ വച്ചുകൊടുക്കുവാന്‍ നീട്ടി.

ഒരു നിമിഷം ഞാന്‍ ഞെട്ടിത്തരിച്ചുപോയി.

അവളുടെ രണ്ടു കയ്യും മുട്ടു മുതല്‍ ഉള്ളങ്കൈ വരെ ആഴത്തില്‍ കത്തികൊണ്ടു വരഞ്ഞിരിക്കുന്നു.

കുറുകെ കുറുകെ കുറേ മുറിവുകള്‍. ഉണങ്ങാത്ത മുറിവുകൾ.

ഞാനാ കൈകള്‍ രണ്ടുമെടുത്തു മെല്ലെ തലോടി.

അപ്പോഴാണ് അവള്‍ മുഖമുയര്‍ത്തി എന്നെ ഒന്നു നോക്കുന്നത്.

അതുവരെയും ഞാനവളുടെ മുഖം കണ്ടില്ലായിരുന്നു.

എത്യോപ്യന്‍ യുവതി ആണെന്ന് തോന്നി.

അല്ലെങ്കില്‍ ഏതോ ആഫ്രിക്കന്‍ ദേശക്കാരി.

പക്ഷെ എത്യോപ്യന്‍ വന്യ സൌന്ദര്യമൊന്നും അവളിലില്ല.

സാധാരണ എത്യോപ്യന്‍ സ്ത്രീകള്‍ക്കുള്ളതു പോലെ അനുപാതരഹിതമായ ശരീരാവയവങ്ങളുമില്ല.

വാതില്‍ക്കല്‍ എന്റെ ഭാര്യ നില്‍ക്കുന്നതോ, അവള്‍ ഒരു അന്യയുവതിയാണെന്നതോ, ഞാനൊരു പുരുഷനാണെന്നതോ ഒന്നും ചിന്തിച്ചില്ല, ഞാൻ അവളെ ചേർത്തു പിടിച്ചു. നെറുകയിൽ ഉമ്മ വച്ചു.

അവളുടെ കണ്ണീർ വീണ് എന്റെ ടീ ഷർട്ട് നനയുന്നത് ഞാൻ അറിഞ്ഞു.

എന്റെയും മിഴികൾ നിറഞ്ഞുവന്നു. മനുഷ്യരുടെ വേദനകൾ കണ്ടാൽ എനിക്ക് സഹിക്കവയ്യ. അപ്പോൾ എനിക്കും വേദനിക്കും.

ഞാന്‍ ആ കൈകള്‍ തലോടിക്കൊണ്ടേയിരുന്നു. ഒരക്ഷരം മിണ്ടാതെ.

അല്ലെങ്കില്‍ എന്തു ഭാഷ പറയും ഞാനവളോട്?

ഒരു വാക്കും ഉരിയാടാതെ നമുക്കു സംസാരിക്കാന്‍ കഴിയുമെന്നെനിക്കു മനസ്സിലായതന്നാണ്.

എന്റെയുള്ളില്‍ ഇരമ്പിക്കൊണ്ടിരുന്ന സ്നേഹവാക്കുകളെല്ലാം അവള്‍ തിരിച്ചറിഞ്ഞുവെന്നത് ഞാന്‍ അവളുടെ കണ്ണുകളില്‍ നിന്നാണ്.

 ഏതോ അന്യദേശത്തില്‍ നിന്നു വന്ന് ഇവിടെ ഒരു ജീവിതം കെട്ടിപ്പടുക്കാമെന്നു സ്വപ്നം കണ്ടിട്ട് ഇതിനകം എത്ര വേദനകള്‍ തിന്നു തീര്‍ത്തിട്ടുണ്ടാവുമെന്നാര്‍ക്കറിയാം?

പുറമെ കാണുന്ന ഈ മുറിവുകളല്ലാതെ മൂടപ്പെട്ട ആ ശരീരത്തിലെത്ര മുറിവുകള്‍ ഉണ്ടാവാം?

അല്‍പ്പനേരത്തിന് ശേഷം അവള്‍ ആ ഭക്ഷണം മെല്ലെ മെല്ലെ കഴിച്ചു.

പിന്നെ ഞാന്‍ വെളിയിലിറങ്ങി ഏതെങ്കിലും ഒരു എത്യോപ്യക്കാരിയെ വഴിയില്‍ കണ്ടാല്‍ കാര്യം പറഞ്ഞ് മനസ്സിലാക്കി കൂട്ടിക്കൊണ്ടു വരാനായിറങ്ങി.

തിളക്കുന്ന ഉച്ചച്ചൂടില്‍ ആരെയും കാണാതെ ഞാന്‍ നിരാശയോടെ കുറെ അലഞ്ഞു.

എങ്ങിനെയെങ്കിലും നിര്‍ബന്ധിച്ച് അവളെ ഞങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരാമെന്നു തീരുമാനിച്ച് ഞാന്‍ മടങ്ങിയെത്തി.

എന്നാല്‍ തിരിയെ വന്നപ്പോള്‍ അവള്‍ ഇരുന്നിരുന്ന സ്ഥലം ശൂന്യമായിരുന്നു. കൊണ്ടുവന്നവര്‍ തന്നെ കൂട്ടിക്കൊണ്ടു പോയോ അതോ ഓഫീസിലെ ആരെങ്കിലും അവിടെയെത്തി കൂട്ടിക്കൊണ്ടു പോയോ എന്നുമറിയില്ല.

എന്തായാലും ആ മുഖം ഇന്നുവരെയും മനസ്സിനുള്ളില്‍ മായാതെയുണ്ട്.

അതേ, ചില സംഭവങ്ങളും വ്യക്തികളും ആഴത്തിലൊരു ഓര്‍മ്മ തന്നിട്ടേ നിഷ്ക്രമിക്കുകയുള്ളൂ.

ഒരുപക്ഷെ അത്തരം അനുഭവങ്ങളല്ലെ ഒരു മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കുന്നത്?

7 comments:

  1. ഭാഷയില്ല, വാക്കുകളില്ല, സ്ത്രീയും പുരുഷനുമില്ല.........ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവർക്ക് നാം ചുറ്റുപാടും കാണുന്ന നിസ്സാരതകളിൽ, അൽ‌പ്പത്തങ്ങളിൽ മറുപടിയുമുണ്ടാവില്ല.......
    മനുഷ്യ ജീവിതം എത്ര ദയനീയമാണെന്ന് വിളിച്ചു പറഞ്ഞു ഈ പോസ്റ്റ്.

    ReplyDelete
  2. കാരുണ്യം, സ്നേഹം.
    ഇതും രണ്ടു ഒളിഞ്ഞിരിക്കുന്ന മനസുകളിലെ നന്മ ഉണ്ടാവൂ..
    നന്നായി പറഞ്ഞു. വികാരം ഉള്‍ക്കൊണ്ടു തന്നെ എഴുതി.

    ReplyDelete
  3. തുച്ഛമായ വേദനത്തിന് കിടപ്പാടവും വിറ്റ് ഗദ്ധാമ്മപണിയ്ക്ക് അറബിനാട്ടിലേയ്ക്ക് പോകുന്ന സ്ത്രീകള്‍ക്ക് ഒരുപാട് പ്രതീക്ഷയോടെയായിരിയ്ക്കും വിമാനം കയറുന്നത്. ആരുടേയും മനസ്സില്‍ അറബിനാടെന്നാല്‍ അത്തറിന്റെ മണമുള്ള നാടാണല്ലോ. എന്താണ് ലേബര്‍ വര്‍ക്കെന്നും, ഗദ്ദാമ്മ പണിയെന്നും ജനങ്ങള്‍ക്ക് കാണിച്ചു തരുവാന്‍ ഒരുപാട് സിനിമകളും, ടെലിവിഷന്‍ പരിപാടികളും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ കൂലിപ്പണിയ്ക്ക് പോയാലും ഇതില്‍ കൂടുതല്‍ പൈസ കിട്ടും. അപ്പോള്‍ അങ്ങിനെ ഒരു പുനര്‍വിചിന്തനം നടക്കുകയാണെങ്കില്‍ നമ്മുടെ സ്വപ്നസഞ്ചാരികള്‍ക്ക് അധികം അമളി പറ്റാതെ രക്ഷപ്പെടാം. പക്ഷെ കാര്യങ്ങള്‍ അവിടെ അവസാനിയ്ക്കുന്നില്ല.. എതോപ്യ, ഉഗാണ്ട, സോമാലിയ തുടങ്ങിയ പട്ടിണി രാജ്യങ്ങളിലെ ആളുകള്‍ക്ക് എന്ത് ജോലി ചെയ്യാന്‍ അവിടെ.. അവര്‍ക്ക് ശരണം ഈ അടിമപ്പണി തന്നെയല്ലേ..?

    മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുക..
    അവിടെ നാടോ, ദേശമോ, വര്‍ഗ്ഗമോ, ജാതിയോ, നിറമോ അരുത്..
    ഈ ചിന്ത എല്ലാവരുടേയും മനസ്സിലുണ്ടായിരുന്നെങ്കില്‍....!

    ReplyDelete
    Replies
    1. എന്നോ എഴുതിമറന്ന അദ്ധ്യായങ്ങളിലൂടെ ഒരു സഞ്ചാരി വന്നെത്തുന്നത് തന്നെ സന്തോഷം. സ്നേഹത്തോടെ അവിടെ ചില വാക്കുകള്‍ കുറിച്ചിട്ട് പോകുന്നത് അതിലുമധികം സന്തോഷം.

      Delete
  4. അജിതെട്ടന്റെ മിക്കവാറും എല്ലാ പോസ്ടുകളും നേരത്തെ വായിച്ചതാണ് ,ഇടയ്ക്കു ഇങ്ങനെ ചിലത് വിട്ടുപോയിരുന്നു ..അപ്പോള്‍ ആദ്യം മുതലേ ഒന്ന് കറങ്ങി വരാം എന്ന് കരുതി ഇറങ്ങിയതാട്ടോ ...

    ReplyDelete
  5. അജിത്‌ സാര്‍ ...ഹൃദയം കൊണ്ടെഴുതുന്ന കുറിപ്പുകള്‍ക്ക് അടിവരയിടാന്‍ എന്റെ അക്ഷരങ്ങള്‍ കൊണ്ടാവില്ല . എങ്കിലും ഒരു പാട് , ഒരു പാട് ഇനിയും ചെയ്തു തീര്‍ക്കാനുണ്ട് എന്നാ ഒരു തോന്നല്‍ മനസ്സിനെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു ..

    ReplyDelete