Friday, November 30, 2012

മനസാ സ്മരാമി

“ഡാ, നീയ്  ആപ്പോണവളെ ഒന്ന് സൂക്ഷിച്ച് നോക്ക്യോണം....”
മുമ്പില്‍ പോകുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഗീതച്ചിറ്റ പെട്ടെന്നങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നമ്പരന്നു.
പിന്നെ ആ സ്ത്രീയെ നോക്കി. ആദ്യം ശ്രദ്ധിച്ചത്  നല്ല ആകൃതിയിലുള്ള  പിന്‍ഭംഗിയാണ്. നടക്കുന്നതിനനുസരിച്ച് നല്ല താളത്തില്‍ ചലിക്കുന്ന നിതംബം.
ഒരു നിമിഷം ഞാന്‍ വല്ലാതെയായി
സ്വതവെ നിതംബഭംഗിയോട് അല്പം അധികതാല്പര്യമുണ്ടെനിക്ക്. ഇന്നലെ ചന്തയില്‍ ചിറ്റയുടെയൊപ്പം പോയപ്പോള്‍ ബോംബെ സുന്ദരികളുടെ പിന്‍ഭാഗം തേടി  കള്ളക്കണ്ണ് പായുന്നത്  വല്ലതും ചിറ്റ കണ്ടുവോ?
അതിനെ കളിയാക്കാനാണോ ഇപ്പോള്‍ ഈ പറച്ചില്‍?
എന്റെയുള്ളില്‍ നിന്നൊരു ആന്തല്‍ തൊണ്ടക്കുഴിയിലേയ്ക്ക് കയറി വന്നു.
ഹേയ്..അതൊന്നും ആയിരിക്കില്ല
എന്തായാലും ചിറ്റ ചൂണ്ടിക്കാണിച്ച ആ സ്ത്രീയുടെ പിന്നഴക് ഞാനൊന്ന്  ആസ്വദിയ്ക്കാതിരുന്നില്ല. ലോണ്‍ട്രിയില്‍ കൊടുത്തിരുന്ന പാന്റും ഷര്‍ട്ടും വാങ്ങാന്‍ തിരിഞ്ഞപ്പോഴേയ്ക്കും ആ സ്ത്രീ കുറെ മുമ്പോട്ട് നടന്ന്  നീങ്ങിയിരുന്നു
ശിവന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പിന്റെയടുത്ത് നിന്ന് വലത്തോട്ട് തിരിയുന്ന വഴിയിലൂടെ അവര്‍ ഉള്ളിലേയ്ക്ക് കടന്നു.
അങ്ങനെ തിരിയുമ്പോള്‍ അവളുടെ മുഖത്തിന്റെ ഒരു വശം കാണാന്‍ കഴിഞ്ഞു. സുന്ദരിയായൊരു പെണ്ണ്. അധികം പ്രായം കാണാന്‍ വഴിയില്ല
എന്തുകൊണ്ടോ, അവളെ വീണ്ടും കാണണമെന്ന് തോന്നി
ഇനി ചിറ്റ വല്ല കല്യാണാലോചനയുമായി പറഞ്ഞതാണോ?
അറിയാതെ കുളിരുകോരിപ്പോയി
ഇരുപത്തിനാല് വയസ്സ്  കഴിഞ്ഞ് നാലുമാസവും കടന്നിരുന്നു അപ്പോള്‍
കുളിരുകോരുന്നതില്‍ വലിയ അതിശയമൊന്നും പറയാനില്ല
ബോംബെയിലേയ്ക്ക് വണ്ടി കയറുമ്പോള്‍ കൂട്ടുകാര്‍ ഏറ്റവുമധികം പറഞ്ഞിരുന്നത് ചുവന്നതെരുവിനെപ്പറ്റിയാണ്
ഒരു തവണയെങ്കിലും പോകണമെന്ന് അന്നുതന്നെ തീരുമാനിച്ചിരുന്നു
വരട്ടെ, എല്ലാത്തിനും സമയമുണ്ടല്ലോ
അപ്പോഴേയ്ക്കും മഹാനഗരത്തില്‍ വന്നിട്ട് ഒരു മാസം കഴിഞ്ഞിരുന്നു.

അന്നുരാത്രി  ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആകാശനീലസാരിയില്‍ പൊതിഞ്ഞ, വട്ടമൊത്ത, താളത്തില്‍ ചലിക്കുന്ന നിതംബങ്ങള്‍ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു
പിറ്റേന്ന്  നോസിലില്‍*1 ഇന്റര്‍വ്യൂവിന് പോകേണ്ടതാണ്. എങ്ങനെയും ഉറങ്ങിയേ പറ്റൂ. കണ്ണുകള്‍ ഇറുക്കിപ്പൂട്ടിയിട്ടും താളത്തില്‍ ആടുന്നൊരു പിന്നഴക്  വിടാതെ സ്വപ്നത്തിലും കടന്നുവന്നു.

ഗീതച്ചിറ്റ അമ്മയുടെ രണ്ടാമത്തെ അനുജത്തിയാണ്. രാഘവന്‍കുട്ടിക്കൊച്ചച്ഛനാണ് ഭര്‍ത്താവ്. 
രണ്ടുപേര്‍ക്കും റെയില്‍വേയില്‍ നല്ല ജോലിയാണ്. ചിറ്റയെ കണ്ടാല്‍ സിനിമാനടി ശ്രീവിദ്യയുടെ ച്ഛായയാണ്. കാണുന്നവര്‍ തെറ്റിദ്ധരിക്കത്തക്കവിധത്തിലുള്ള സാമ്യം. കൊച്ചച്ഛനും നല്ല സുന്ദരനായ പുരുഷന്‍ തന്നെ. ബോംബെയില്‍ ജീവിച്ച് പരിചയം കൊണ്ടായിരിക്കും ഓരോ അഞ്ചുമിനിട്ട് കൂടുമ്പോഴും “ഹേ റാം” എന്ന് പറയും കൊച്ചച്ഛന്‍.
അദ്ദേഹത്തിന്റെ നോട്ടത്തിലും സംസാരത്തിലുമെല്ലാം എന്നോടുള്ള പുച്ഛം തെളിഞ്ഞുനിന്നിരുന്നു
തീരെ സഹിക്കുന്നില്ലെങ്കിലും നിവൃത്തികേട് കൊണ്ട് മിണ്ടാതെ സഹിക്കുക തന്നെ. ശോഷിച്ചിരിക്കുന്ന എന്റെ ശരീരപ്രകൃതം കണ്ട് ദിവസം ഒരു തവണയെങ്കിലും “ ഇവിടത്തെ നല്ല ഭക്ഷണമൊക്കെയല്ലേ കഴിക്കുന്നത്, തടിച്ചോളും” എന്ന് പറയാതിരിക്കയേയില്ല.  ഭക്ഷണം വിളമ്പിവച്ചിട്ട് വിളിക്കുമ്പോള്‍ കൊച്ചച്ഛന്‍ കഴിച്ചുതീരും വരെ എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് ഞാന്‍ വൈകിക്കും. എന്തോ ഒരു സങ്കോചം.
നോസിലിലെ ഇന്റര്‍വ്യൂ  കഴിഞ്ഞു. അവര്‍ക്ക് ആളിനെ അത്യാവശ്യമായി വേണ്ടുന്ന സമയമായിരുന്നു. പിന്നെ തങ്കപ്പന്‍ വല്യച്ഛന്റെ ഒരു ശുപാര്‍ശയും. തിങ്കളാഴ്ച്ച ജോയിന്‍ ചെയ്തോളാന്‍ പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മഴ പെയ്ത അനുഭവമായിരുന്നു. എന്തെന്നറിയാതെ ഉള്ളിലേയ്ക്ക് കടന്നുവന്ന ദൃശ്യം ആകാശനീലസാരിയില്‍ പൊതിഞ്ഞ അഴകുസമൃദ്ധിയുടെ രസനടനമായിരുന്നു.

പിന്നെ ദിവസങ്ങള്‍ക്കൊരു സ്പീഡ് വന്നു. എന്നാലും രാഘവന്‍ കൊച്ചച്ഛന്റെ പരിഹാസം ഒട്ടും കുറഞ്ഞിരുന്നില്ല.  എത്രയും പെട്ടെന്ന് ഇവിടത്തെ താമസം മാറണം. തങ്കപ്പന്‍ വലിയച്ഛന്റെ കൂടെയായിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷെ അവര്‍ പാവങ്ങളാണ്. തിങ്ങിഞെരുങ്ങി ഒറ്റമുറിയ്ക്കുള്ളിലാണ് നാലംഗകുടുംബം. പിന്നെ ഏതെങ്കിലും കൂട്ടുകാരുടെ കൂടെ കൂടുകയാണ് മാര്‍ഗം.
ഓരോ ദിവസം കടന്നുപോകുന്തോറും  അവിടെ താമസിക്കുന്നതില്‍ വീര്‍പ്പുമുട്ടല്‍ കൂടിവന്നു

ഉണ്ണിക്കുട്ടനും ശ്രുതിയുമായിരുന്നു ആകെയുള്ള ഒരാശ്വാസം. ഗീതച്ചിറ്റയുടെ കുസൃതിക്കുട്ടികള്‍

രാഘവന്‍ കുട്ടിക്കൊച്ചച്ഛന്‍  ഒഫിഷ്യല്‍ ടൂറിന് പോയ തിന്റെ അടുത്തദിവസം ഗീതച്ചിറ്റ അടുത്തു വന്നു.
“നീയ് ഇന്ന് ജോലിക്ക് പോകണ്ടാ. നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്”
“എവിടേയ്ക്കാ ചിറ്റേ?”
“അത് നീയറിയേണ്ടാ”

ചിറ്റയുടെ സ്വരം കടുത്തിരുന്നു. വളരെ പതിഞ്ഞുമിരുന്നു
മുഖം പതിവില്ലാതെ വലിയ ഗൌരവഭാവത്തിലുമായിരുന്നു
കുട്ടികള്‍ സ്കൂളിലേയ്ക്ക് പോയ ഉടനെ ചിറ്റ ഒരുങ്ങിയിറങ്ങി

“നീയൊന്ന് പെട്ടെന്നിറങ്ങിക്കേ...”
“ഇതാ റെഡിയായി ചിറ്റേ”

ഫ്ലാറ്റിനു താഴെയെത്തിയതും ആദ്യം കണ്ട സൈക്കിള്‍ റിക്ഷ കൈകാട്ടി നിര്‍ത്തി ഞങ്ങള്‍ യാത്രയായി.
ചന്തയും കടന്ന് ശിവന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പ് കഴിഞ്ഞ്  വലതുവശത്തേയ്ക്കുള്ള ഇടറോഡില്‍ റിക്ഷ കടന്നയുടനെ എന്റെയുള്ളില്‍ ചിത്രശലഭങ്ങള്‍ പറന്നുതുടങ്ങി
അവള്‍ കടന്നുപോയ ഗല്ലി.
ഇത് ഒരു പെണ്ണുകാണല്‍ തന്നെ
ച്ഛെ, അറിഞ്ഞിരുന്നെങ്കില്‍ അല്പം കൂടെ നന്നായി ഒരുങ്ങിവരാമായിരുന്നു

ഒരാളിനു മാത്രം കഷ്ടിച്ച് കയറിപ്പോകാവുന്ന ഇരുമ്പ്ഗോവണിയില്‍ ഗീതച്ചിറ്റ കാറ്റുപോലെ കയറി മുകളിലെത്തിയപ്പോള്‍ ഞാന്‍ ആദ്യത്തെ പടി കയറിത്തുടങ്ങുന്നതേയുള്ളു.
എന്തൊരു സ്പീഡ്!

ഗണപതിയുടെ ചിത്രം പതിച്ച പഴയ കതകില്‍ മുട്ടിയപ്പോള്‍ ഒരു മിനിറ്റ് കഴിഞ്ഞാണ് തുറന്നത്.
പുറത്തേയ്ക്കെത്തിനോക്കിയ മുഖം ഒരു നോക്ക് കണ്ടു
അവളുടെ അഴകാര്‍ന്ന മുഖം .
എന്റെ ഹൃദയം സന്തോഷം കൊണ്ട് പിടച്ചു.
അത് ഒരു നിമിഷം പല ഭാവനകളും നെയ്ത് പരിസരം മറന്നുപോയി

“ഠേ”
പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദം എന്നെ ഭാവനാലോകത്തുനിന്ന് തിരിച്ചുകൊണ്ടുവന്നു.
ഞാന്‍ ഞെട്ടി മുകളിലേയ്ക്ക് നോക്കിയപ്പോള്‍ പൂക്കുല പോലെ വിറച്ച് തുള്ളുന്ന ചിറ്റയേയും കവിള്‍ പൊത്തിപ്പിടിച്ച് നിലത്തേയ്ക്കിരിക്കുന്ന അവളെയുമാണ് കണ്ടത്.
അവളുടെ കവിളില്‍ വിരല്‍പ്പാടുകള്‍ ചുവന്ന് തിണര്‍ത്ത് കിടക്കുന്നതും  കണ്ണുകളില്‍ നിന്ന്  വലിയ നീര്‍മണിത്തുള്ളി ചിതറിവീഴുന്നതും കണ്ട് സ്തബ്ധനായി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളു

രൌദ്രഭാവം പൂണ്ട് ഒരു വാക്കും പറയാതെ ചിറ്റ താഴേയ്ക്കിറങ്ങി. അവിശ്വസനീയമായ വേഗത്തില്‍ നടന്ന് വഴിയിലേയ്ക്കിറങ്ങുകയും ചെയ്തു.
ഞാന്‍ എന്തുചെയ്യണമെന്നറിയാതെ ഒരു പൊട്ടനെപ്പോലെ ഒരു മിനിറ്റ് അവിടെത്തന്നെ നിന്നുപോയി
അവള്‍ എഴുന്നേറ്റ് കവിള്‍ തടവിക്കൊണ്ട് എന്നെ നോക്കി.
എന്തെങ്കിലും പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു
കണ്ണ് തുടച്ചുകൊണ്ട് അവള്‍ അകത്തുകടന്ന് വാതിലടയ്ക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ആ കണ്ണുകളില്‍ നിന്നടര്‍ന്ന് വീണ വലിയ കണ്ണീര്‍ത്തുള്ളികളെക്കുറിച്ചായിരുന്നു.

ഞാന്‍ ഓടി വഴിയിലേയ്ക്ക് വന്നു. ഗീതച്ചിറ്റ നടപ്പ് തുടരുകയായിരുന്നു. ഞാന്‍ ഓടിയെത്തി ചിറ്റയുടെ അരികില്‍ നടന്നു
എനിക്കെന്തൊക്കെയോ ചോദ്യങ്ങളുണ്ട്
പക്ഷെ ഭയമായിരുന്നു
വീട്ടിലെത്തുവോളം ഞങ്ങള്‍ നിശ്ശബ്ദരായി നടന്നു

എത്തിയപാടെ ചിറ്റ മുറിയില്‍ കടന്ന് കട്ടിലിലേയ്ക്ക് വീണു
മുള ചീന്തുന്നപോലെ കരച്ചില്‍ കേട്ടു
ഇപ്പോള്‍ എന്താണ് പറയേണ്ടുന്നതെന്നോ ചോദിക്കേണ്ടുന്നതെന്നോ ഒന്നും അറിയില്ല
ഇങ്ങനെയുള്ള സാഹചര്യങ്ങളോന്നും അനുഭവിച്ച് പരിചയവുമില്ല

ഉച്ചയ്ക്ക് ഊണ് വിളമ്പി ഞങ്ങള്‍ കഴിക്കാനിരിക്കുമ്പോഴാണ്  ചിറ്റ ആ രഹസ്യം പറഞ്ഞത്.
അവളുടെ പേര് ലക്ഷ്മിയമ്മാളെന്നാണ്.
നഴ്സ് ആണ്.
പാലക്കാട്ടെങ്ങോ ഉള്ള ഒരു പട്ടത്തിപ്പെണ്ണാണവള്‍.
പട്ടത്തിപ്പെണ്ണ് നഴ്സ് ആയിരിക്കുന്നത് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്
കൊച്ചച്ഛനും ആ പെണ്ണും തമ്മില്‍ അടുപ്പമാണെന്നും അത് വളരെ അടുത്തുപോയൊരു ബന്ധമാണെന്നുമൊക്കെ പറഞ്ഞപ്പോള്‍ ചിറ്റ മന:പൂര്‍വം എന്റെ മുഖത്തേയ്ക്ക് നോക്കാതിരിക്കുന്നത് ഞാന്‍ കണ്ടു

ചിറ്റ കരയുന്നത് എന്റെ അമ്മ കരയുന്നപോലെയാണെനിക്ക് തോന്നിയത്.
എന്തുചെയ്യാനാവും?
പിറ്റേന്ന് ജോലി കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ അവളുടെ ഫ്ലാറ്റില്‍ പോയി
കതക് തുറന്ന് വന്നത് അവള്‍ തന്നെയായിരുന്നു
എനിക്ക് ദേഷ്യം വന്നിട്ട് ആകെ വിറയ്ക്കുന്നുണ്ടായിരുന്നു.
“അറുവാണിച്ചീ, ഇനി നിന്നെ ഇവിടെയെങ്ങാനും കണ്ടാല്‍ ഞാന്‍ ആളിനെ വച്ച് നിന്നെ കൊല്ലും”

എങ്ങനെയാണത്രയും ധൈര്യം വന്നതെന്നറിയില്ല
അങ്ങനത്തെ കഠിനവാക്കുകള്‍ ഇതുവരെ ജീവിതത്തില്‍ ആരോടും പറഞ്ഞിട്ടുമില്ല
ഞാന്‍ തിരിഞ്ഞുനോക്കാതെ ഇറങ്ങി
ഇതെപ്പറ്റി ആരോടുമൊന്നും പറഞ്ഞതുമില്ല

കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ സൌദി അറേബ്യയില്‍ ജോലി ശരിയായി ഞാന്‍ ബോംബെ വിട്ടു
ഇന്റര്‍വ്യൂ, ടെസ്റ്റ്, മെഡിക്കല്‍ എല്ലാം നേരത്തെ തന്നെ കഴിഞ്ഞതായിരുന്നു.
സൌദിയിലെ രണ്ടുവര്‍ഷക്കാലം തങ്കപ്പന്‍ വലിയച്ഛന്‍ അയച്ച രണ്ടുമൂന്ന് കത്തുകളല്ലാതെ ബോംബെ വിശേഷങ്ങളൊന്നുമറിയാറില്ല

രണ്ടു വര്‍ഷം കഴിഞ്ഞ് ആദ്യ അവധി.
അന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക് വിമാനസര്‍വീസ് ഒന്നുമില്ല
ബോംബെ തന്നെ ശരണം

രണ്ടു വീട്ടിലേയ്ക്കും എല്ലാവര്‍ക്കും തുണിയും സാധനങ്ങളുമൊക്കെ ഉണ്ടായിരുന്നു
രാത്രി തങ്ങിയത് ഗീതച്ചിറ്റയുടെ ഫ്ലാറ്റില്‍ തന്നെ
രാഘവന്‍ കൊച്ചച്ഛന്‍ ജോലി കഴിഞ്ഞ് വന്നയുടനെ എന്നെ അത്യാവശ്യമായി പുറത്തേയ്ക്ക്  വിളിച്ചു.
ബസ് സ്റ്റാന്‍ഡിലേക്ക് ചെന്ന് അവിടെ വെയിറ്റ് നോക്കുന്ന മെഷിന്‍ ഇരിക്കുന്നിടത്തേയ്ക്ക് നടന്നു
മെഷിനില്‍ ഒരു രൂപ നാണയമിട്ടു.

“നീയ് ഒന്ന് കേറിനില്‍ക്ക്..”

പിന്നെ കൊച്ചച്ഛനും നാണയത്തുട്ടിട്ട് കയറി
ഞാന്‍ എഴുപത് കിലോ, കൊച്ചച്ഛന്‍ എഴുപത്തിമൂന്ന് കിലോ
ആ മുഖത്ത് ഒരു ആശ്വാസഭാവം, ഒരു വിജയീഭാവം
ഞങ്ങള്‍ തിരിച്ച് ഫ്ലാറ്റിലേയ്ക്ക് പോന്നു. അടുത്ത ദിവസത്തെ ജയന്തിജനതയ്ക്ക് ഞാന്‍ കേരളത്തിലേയ്ക്ക് പുറപ്പെട്ടു.

തിരിച്ച് സൌദിയിലെത്തിയിട്ടുള്ള എട്ടുവര്‍ഷങ്ങള്‍ ബോംബെയിലെ വിവരങ്ങള്‍ അറിഞ്ഞത് വലിയച്ഛന്റെ മകള്‍ രേണു വല്ലപ്പോഴും എഴുതുന്ന കത്തുകളിലൂടെയായിരുന്നു
അങ്ങനെയാണ് ഗീതച്ചിറ്റയുടെ കാന്‍സര്‍ രോഗബാധയറിഞ്ഞതും കേരളത്തിലേയ്ക്ക്  നേരിട്ട് ഫ്ലൈറ്റ് ഉണ്ടായിട്ടും ബോംബെയില്‍ ഇറങ്ങി ചിറ്റയെ ഒരു നോക്ക് കാണണമെന്ന് തീരുമാനിച്ചു.
തൊലിയും അസ്ഥിയും മാത്രമായൊരു രൂപം

ഞാന്‍ ഒന്നും ചോദിച്ചതുമില്ല, ചിറ്റ ഒന്നും പറഞ്ഞതുമില്ല. ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് ചുടുകണ്ണീര്‍ മാത്രം ധാരയിട്ടൊഴുകി.

അകത്തുനിന്ന് ഓരോ അഞ്ചുമിനിട്ടിലും “ഹേ റാം” കേള്‍ക്കുന്നുണ്ടായിരുന്നു

“നീയ് എപ്പോ എത്തീ.....?”
“രാവിലെ എത്തി കൊച്ചച്ഛാ”
“ങ്ഹൂം......”

ഞാന്‍ അവിടെ നിന്ന് ഇറങ്ങി വലിയച്ഛന്റെ ഫ്ലാറ്റിലേയ്ക്ക് നടന്നു. വൈകിട്ട്  ഫ്ലൈറ്റില്‍ കേരളത്തിലേയ്ക്കും.
ചിറ്റ പിന്നെ ഒരു മാസം മാത്രമേ ജീവിച്ചിരുന്നുള്ളു.
സൌദിയിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ഒരാഴ്ച്ച മുമ്പായിരുന്നു എല്ലാവര്‍ക്കും വേദനയ്ക്കുപരി ആശ്വാസം പകര്‍ന്ന ആ മരണം.
ചിറ്റ എന്തു ദുരിതജീവിതമാണ് ജീവിച്ചതെന്നോര്‍ത്ത്  പലരാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ട്. സ്വന്തം ഭര്‍ത്താവിന് അന്യസ്ത്രീ പങ്കുകാരിയാകുന്നത് ഏതെങ്കിലും ഒരു പെണ്ണിന് സഹിക്കാനാകുമോ? 

പിന്നെ ഏഴ് വര്‍ഷങ്ങള്‍ മാത്രമേ സൌദിയില്‍ നിന്നുള്ളു. തിരിച്ച് നാട്ടിലെത്തി ചെറിയ ഒരു കടയുമിട്ട് വലിയ അല്ലലില്ലാതെ കഴിയുകയാണിപ്പോള്‍. എട്ടു വര്‍ഷമായി

ബോംബെ കണക് ഷന്‍ രേണുവിന്റെ ഫോണില്‍ മാത്രം ഒതുങ്ങിയ 15 വര്‍ഷങ്ങള്‍. കൊച്ചച്ഛനെപ്പറ്റി പറയാറുമില്ല, ചോദിക്കാറുമില്ല.
ആറുമാസം മുമ്പാണ് രേണു ആദ്യമായി രാഘവന്‍ കൊച്ചച്ഛനെപ്പറ്റി എന്തെങ്കിലും പറയുന്നത്

“ഏട്ടാ, കഷ്ടമാണവിടത്തെ കാര്യം. ഷുഗര്‍ കൂടി ഒരു കാല് മുറിച്ചു. ഇപ്പോ കിഡ്നിയ്ക്കും കുഴപ്പാണത്രെ”
“ഉണ്ണിയും ശ്രുതിയുമോ?”
“ഉണ്ണി അമേരിക്കേലാ. ശ്രുതി ഒരു ഗുജറാത്തിയെ പ്രേമിച്ച് കെട്ടി ബാംഗളൂരെങ്ങാണ്ടോ മറ്റോ ആണ്”
“അപ്പോ ആരാടീ കൊച്ചച്ഛന്റെ കാര്യൊക്കെ നോക്കണത് ?”
“രാവിലേം വയ്യിട്ടും ഓരോ മണിക്കൂര്‍ വന്ന് പോവണ ഒരുത്തിയൊണ്ടത്രെ. നാളെ ഒന്ന് പോവാന്ന് വച്ചു. വന്നിട്ട് വിശേഷം പറയാം ഏട്ടാ”

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍............

ഇന്നലെ കടയില്‍ ഉച്ചവിശ്രമത്തിനായി ഷട്ടര്‍ ഇട്ട സമയത്താണ് രേണുവിന്റെ ഫോണ്‍
“ഏട്ടാ......”
“എന്താടീ?”
“ഏട്ടനൊരു കാര്യം കേള്‍ക്കണോ? കൊച്ചച്ഛന്റെ കല്യാണം കഴിഞ്ഞു”
“നീയെന്താ തമാശ പറയുന്നോ?”
“ഇല്ലേട്ടാ, ഇന്നലെ ലതച്ചേച്ചിയാ പറഞ്ഞെ..........”

“തിങ്കളാഴ്ച്ച ലക്ഷ്മിയമ്മാള്‍ വന്നു, അടുത്തുള്ള മുരുകന്‍ കോവിലില്‍ പൂജിച്ച് കൊണ്ടുവന്ന ഒരു മഞ്ഞച്ചരട് കൊച്ചച്ഛനെക്കൊണ്ട് കഴുത്തില്‍ കെട്ടിച്ചത്രെ. ലതച്ചേച്ചിയേം വേണുച്ചേട്ടനേം വിളിച്ചാരുന്നു. വേറാരുമില്ല”

“അപ്പോള്‍.....”
എന്നെ പാതിയില്‍ നിര്‍ത്തി രേണു പറഞ്ഞു
“ഏട്ടാ വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും ലക്ഷ്മിയമ്മാള്‍  കല്യാണം കഴിക്കാതെ  വാശിപിടിച്ച് നില്‍ക്കുവാരുന്നു. ഈ  ഇരുപത്തിമൂന്ന് വര്‍ഷം അവര് കൊച്ചച്ഛനുവേണ്ടി കാത്തിരിക്കുവാരുന്നു. എന്നിട്ടിപ്പോ കൊച്ചച്ഛനെ ആര്‍ക്കും വേണ്ടാതായ സമയത്ത് തേടിവന്നു.....”

രേണു പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ ഒന്നും കേട്ടില്ല

എന്റെ മനസ്സ് ലക്ഷ്മിയമ്മാളുടെ കാല്‍ക്കല്‍ ഉരുകിവീഴുകയായിരുന്നു.
സാഷ്ടാംഗം പ്രണമിക്കുകയായിരുന്നു.

 *****************************************************************

ഇതിലെ കഥാപാത്രങ്ങള്‍ എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മനുഷ്യരാണ്. കഥ പറയുന്നവന്‍ ഞാന്‍ ആണെങ്കിലും ഇത് എന്റെ അനുഭവമല്ല

*1.   NOCIL - National Organics and Chemical Industries Limited



193 comments:

  1. എന്റെ മനസ്സ് ലക്ഷ്മിയമ്മാളുടെ കാല്‍ക്കല്‍ ഉരുകിവീഴുകയായിരുന്നു.
    സാഷ്ഠാംഗം പ്രണമിക്കുകയായിരുന്നു.

    ReplyDelete
    Replies
    1. എന്ടെയും.............

      Delete
    2. Our nalla family film kaanunna pratheethi aanu ithu vaayikkumbol enikku undayathu......thanks......

      Delete
  2. അത്രയും വല്യ സ്നേഹത്തിന് ഭാഗ്യണ്ടായി , ലേ കൊച്ചച്ചന് .. സുകൃതം ..

    ReplyDelete
  3. അതെ. വായിച്ചു വരുമ്പോഴറിയാം പച്ചയായ ജീവിതമാണെന്ന്. അത് വളരെ സുന്ദരമായി അവതരിപ്പിച്ചു. ഒരു കഥ തീരുന്നതുവരെ സസ്പെന്‍സ് നിലനിര്‍ത്തി പിന്നെ അവിടെ നിന്ന് ഒരു തിരിച്ചില്‍ . അവിടെ നിന്നും പിന്നെയും തിരിഞ്ഞു. അവസാനം എത്തിയപ്പോള്‍ കരുതിയതും വിചാരിച്ചതും ഒന്നും അല്ലെന്നു കണ്ടപ്പോള്‍ വളരെ നന്നായി. ലക്ഷ്മിയമ്മാള്‍ ....!!!
    .

    ReplyDelete
  4. കൊള്ളാം.... ആർക്കും വേണ്ടാതാവുന്ന ജീവിതത്തിലേക്ക് സ്നേഹമായ് വന്നിറങ്ങുന്ന മനുഷ്യജീവിതങ്ങൾ ഇനിയും ഉണ്ടാവട്ടെ... ആരും ഒറ്റപ്പെട്ട് പോകാതാവട്ടെ ...

    ഒരു പച്ചയായ ജീവിത ചിത്രം..! വായനക്കവസാനം, എന്റെ മനസ്സും ലക്ഷ്മിയമ്മാളുടെ കാല്‍ക്കല്‍ ഉരുകിവീഴുകയായിരുന്നു.
    സാഷ്ഠാംഗം പ്രണമിക്കുകയായിരുന്നു.

    ReplyDelete
  5. വല്ലാതെ മനസ്സിനെ സ്പര്‍ശിച്ച കഥ.. ഇതിനെയൊക്കെ അല്ലെ യഥാര്‍ത്ഥ പ്രണയം എന്നൊക്കെ പറയുന്നത്?

    എന്തായാലും അസൂയപ്പെടുത്തുന്ന രചനാ വൈഭവം തന്നെ... ഇഷ്ട്ടായി...

    ReplyDelete
  6. ഇഷ്ടപ്പെട്ടു,പക്ഷെ ഊഹിച്ചപോലെ തന്നെ അവസാനിച്ചു, ചിറ്റയെ പിന്നെ എവിടെയും പരാമര്‍ശിച്ചു കണ്ടില്ല!

    ReplyDelete
  7. ഒരുപാടു ഇഷ്ടമായി അജിത്തേട്ടന്റെ ഈ എഴുത്ത്. സത്യമായ പ്രണയം അല്ലേ അജിത്തേട്ടാ.. അഭിനന്ദനങ്ങള്‍.

    ReplyDelete
  8. നല്ലൊരു കഥ. അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ കഥക്ക് മാറ്റ് കൂട്ടി. പ്രണയത്തിന്റെ മറ്റൊരു മുഖം തുറന്നു കാട്ടി. ഭാവുകങ്ങള്‍.

    ReplyDelete
  9. Sir, it is really amazing.. We believe it is not your own story... :)

    ReplyDelete
  10. അജിത്‌ഭായ്... ഇത് കഥയല്ല എന്നെനിക്കുറപ്പാണ്... ജീവിതം തന്നെ... അത് അതിമനോഹരമായി അവതരിപ്പിച്ചു...

    ReplyDelete
  11. നമ്മൾ കാണുന്നതും അറിയുന്നതുമല്ല ജീവിതം; പ്രണയവും!

    ReplyDelete
  12. പ്രണയം ... ശുദ്ധമായ മനസ്സിന്‍റെ പ്രണയം . നഷ്ടപ്രണയം ഒരോര്‍മ്മയായ്‌ ഇത് വായിച്ചപ്പോള്‍ . അജിത്തെട്ടാ ,,,,,,, :)

    ReplyDelete
  13. പ്രണയം, ജീവിതം...ഭാവങ്ങൾ നിരവധി..
    ഞാനും ഒരെണ്ണം എഴുതിയിരുന്നു.. ഇത്ര തീവ്രമല്ല...
    അവതരണ ശൈലി ഉഗ്രൻ തന്നെ..അജിത്തേട്ടാ ആശംസകൾ..

    ReplyDelete
  14. പ്രണയം അങ്ങനെയാണ് കാലപ്പഴക്കം കൊണ്ട് വീര്യവും അകൽച്ച കൊണ്ട് മധുരവും കൂടുകയേ ഉള്ളൂ :)

    മുന്തിരിച്ചാറു പോലെ...

    ReplyDelete
  15. വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.....ഇതാണ് ആത്മാർഥ പ്രണയം....

    ReplyDelete
  16. പരിശുദ്ധമായ പ്രണയം.. മനസ്സ് നീറുന്നു.

    ReplyDelete
  17. ഞാന്‍ അപ്പോഴേ പ്രതീക്ഷിച്ചു ഇങ്ങനെയൊക്കെയേ സംഭവിക്കൂ എന്ന്.. നന്നായി ഇഷ്ടപ്പെട്ടു..ചില പ്രണയങ്ങള്‍ അങ്ങനെആണ്...

    ReplyDelete
  18. സ്നേഹത്തിന്റെ കാര്യത്തില്‍ ന്യായാന്യായങ്ങളും ലാഭ നഷ്ടങ്ങളുമില്ല.ചില ജന്മങ്ങള്‍ അങ്ങിനെയാണ്.അവരെ വിധിക്കാന്‍ നമ്മളാരാണ്?

    ReplyDelete
  19. കഥ ഇഷ്ടപ്പെട്ടൂ. അനായാസം പറഞ്ഞുതീർത്ത ആ ശൈലി ഒട്ടധികം ഇഷ്ടമായി. ആദ്യഭാഗത്ത് പിൻവശത്തുകൂടിയുള്ള ആ അലച്ചിൽ എന്നിലെ സദാചാരവാദിയെ ഉണർത്തിയെങ്കിലും അവനെ ബലമായി പിടിച്ചുറക്കി. 

    ReplyDelete
  20. മനോഹരമായ കഥ പറച്ചില്‍ ..... , അപ്രതീക്ഷിത ട്വിസ്റ്റ്‌ .
    സത്യമായ പ്രണയം പലപ്പോഴും സാഹചര്യങ്ങള്‍ മൂലം മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല .
    ലക്ഷ്മിയമ്മാള്‍ മനസ്സില്‍ നില്‍ക്കുന്നു .
    രാഘവന്‍ ചിറ്റപ്പനെ ചിറ്റയുടെ അസുഖം അലട്ടിയിരുന്നത് വെയിറ്റ് ചെക്ക് ചെയ്യുന്നതിലൂടെ പറഞ്ഞത് നന്നായി

    ReplyDelete
  21. യഥാര്‍ത്ഥ പ്രണയത്തിന് കാലദേശഭേദങ്ങള്‍ ഒന്നുമില്ല. ഒരു യുഗാന്ത്യത്തോളം കാത്തിരിക്കാനുള്ള ‍ക്ഷമ അതിനുണ്ട് !!!
    നല്ല അനുഭവം! ഹൃദ്യമായ അവതരണം!!
    ആശംസകളോടെ,

    ReplyDelete
  22. എത്ര മനോഹരമായ കഥപറച്ചിൽ ... യഥാർത്ഥ പ്രണയം ആത്മാവിൽ ഉടലെടുക്കുന്നു എന്നു പറയാതെ പറഞ്ഞ അജിത്തേട്ടന് അഭിനന്ദനങ്ങൾ.

    ReplyDelete
  23. വളരെ നന്നായി കഥ പറഞ്ഞു
    കഥാപാത്രങ്ങളെ മനസ്സില്‍ കണ്ടുതന്നെ വായിക്കാന്‍ പറ്റി

    ആശംസകള്‍

    ReplyDelete
  24. അജിത്തേട്ടാ കലക്കി... ഇങ്ങനെയുള്ള "ലക്ഷ്മിയമ്മാള്‍" മാരെ ഇപ്പൊ കണ്ടുകിട്ടാന്‍ പ്രയാസം...

    ReplyDelete
  25. ലക്ഷ്മിയമ്മാള്‍ അവര്‍ക്കെന്റെയും സ്നേഹം.

    ReplyDelete
  26. :)

    മനോഹരം, പറഞ്ഞതും പ്രണയവും..

    ReplyDelete
  27. വശ്യമായ ശൈലിയില്‍ മനോഹരമായി അവതരിപ്പിച്ചു.ഒരു പാട് വൈകാരികമുഹൂര്‍ത്തങ്ങള്‍ കയ്യടക്കത്തോടെ ഒളിപ്പിച്ചു വച്ച് കഥപോലൊരു ജീവിതത്തെ കണ്മുന്നിലേക്ക് കൊണ്ടുവന്നു.അഭിനന്ദനങ്ങള്‍

    ReplyDelete
  28. പ്രണയം എത്ര മനോഹരം........ആരേലും ഇങനെ ഒരു നിബധനകളും ഇല്ലാതെ പ്രണയിക്കാന്‍ ഉണ്ടാകുന്നതും ഭാഗ്യം തന്നെ......നല്ല രചന അജിതെട്ടാ...

    ReplyDelete
  29. അക്ലിഷ്ടസുന്ദരമായ അവതരണം. പ്രണയത്തിന്റെ അപൂർവ്വവും പ്രഭാപൂർണ്ണമായ വശം ഏറ്റവുമൊടുവിൽ അനാവരണം ചെയ്തതോടെ ഈ രചന സഫലം.

    ReplyDelete
  30. അജിത്തേട്ടാ... മനോഹരമായ ഒരു പ്രണയകഥ.. വായിച്ചുവരുമ്പോൽ മനസ്സിൽ തെളിയുന്ന വഴിയിൽനിന്നും പെട്ടെന്ന് ഒരു മാറ്റം... അല്ല അനേകം മാറ്റങ്ങൾ... അതാണ് ഈ കഥയുടെ സൗന്ദര്യം.... വേദനിപ്പിയ്ക്കുന്ന ഒരു ജീവിതാനുഭവത്തെ മനോഹരമായ ഒരു വായനാനുഭവമാക്കി മാറ്റി അവതരിപ്പിച്ചതിന് 100-ൽ 100 മാർക്ക്. :)
    അനേകം വേദനകൾക്കൊടുവിൽ, പരിശുദ്ധമായ പ്രണയമെന്തെന്ന് വെളിപ്പെടുത്തിക്കൊണ്ട് കഥയ്ക്ക് ശുഭപര്യവസാനം....

    (നാട്ടിലെത്തുമ്പോൾ അറിയിയ്ക്കണേ..)

    ReplyDelete
  31. അജിത്‌ ജി - ജീവിതകഥ. എഴുത്തിന്റെ ശൈലി മടുപ്പില്ലാത്ത വായന തരുന്നുണ്ട്.

    ReplyDelete
  32. പ്രായമോ അസുഖമോ തളര്‍ത്താത്ത സുന്ദര പ്രണയം ലക്ഷിമിയുടെ മുഖത്തിനു മാത്രമല്ല മനസ്സിനും സൌന്ദര്യം ഉണ്ടായിരുന്നു

    ReplyDelete
  33. ഹൃദ്യമായ അവതരണം.
    ലളിതസുന്ദരമായ ഭാഷാശൈലി വായനയുടെ ഒഴുക്കിന് സുഖകരമായ
    അനുഭൂതി നല്‍കുന്നു.വായനാനുഭവമാക്കി മാറ്റിയ മനസ്സില്‍ തങ്ങിനില്‍ക്കുന്ന മനോഹരമായൊരു കഥയും...........
    ആശംസകള്‍

    ReplyDelete
  34. അജിത്തേട്ടാ, വളരെ നന്നായി അവതരിപ്പിച്ചു. യഥാര്‍ത്ഥപ്രണയം എപ്പഴും മനസ്സില്‍ കുളിരുകോരിയിടും, വേദനയും.

    ReplyDelete
  35. ജീവിതത്തിന്റെ നല്ല സമയത്ത് ഒന്നിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒറ്റപ്പെട്ടപ്പോള്‍ ഒരു സാന്ത്വനമായി വന്ന ലക്ഷ്മിയമ്മാള്‍ , യഥാര്‍ത്ഥ പ്രണയം ഒരിക്കലും വറ്റാത്തതാണെന്ന് തെളിയിച്ച് തന്നു ..

    നന്നായി അവതരിപ്പിച്ചു

    ReplyDelete
  36. യഥാർത്ഥ പ്രണയത്തിന്റെ വിജയം കാണിച്ച,നല്ല ഉത്തേജനം തരുന്ന രീതിയിലുള്ള, പ്രണയത്തിന്റെ ശക്തി കാണിക്കുന്ന രീതിയിലുള്ള എഴുത്ത്. ഇത് അജിത്തേട്ടന്റെ സ്വന്തം അനുഭവമാ ന്ന രീതിയിലാ ഞാൻ വായിച്ചവസാനിപ്പിച്ചത്. അതല്ലെന്നറിയാൻ അവസാനത്തെ വരികൾ വേണ്ടി വന്നു. നല്ല പ്രണയ-തീവ്രതയേറിയ എഴുത്ത് അജിത്തേട്ടാ. നന്നായിരിക്കുന്നു. ആർക്കെന്ത് സംഭവിച്ച് കഴിഞ്ഞാലും അവസാനം യഥാർത്ഥ പ്രണയമേ നില നിൽക്കൂ.

    പിന്നെ കൊച്ചച്ഛനും നാണയത്തുട്ടിട്ട് കയറി
    ഞാന്‍ എഴുപത് കിലോ, കൊച്ചച്ഛന്‍ എഴുപത്തിമൂന്ന് കിലോ
    ആ മുഖത്ത് ഒരു ആശ്വാസഭാവം, ഒരു വിജയീഭാവം
    ഞങ്ങള്‍ തിരിച്ച് ഫ്ലാറ്റിലേയ്ക്ക് പോന്നു. അടുത്ത ദിവസത്തെ ജയന്തിജനതയ്ക്ക് ഞാന്‍ കേരളത്തിലേയ്ക്ക് പുറപ്പെട്ടു.
    ഈ വരികളുടെ അർത്ഥമെന്താ അജിത്തേട്ടാ ?
    ആശംസകൾ.

    ReplyDelete
  37. അജിത്‌, കഥ വളരെ നന്നായി. എല്ലാ ഭാവുകങ്ങളും

    ReplyDelete
  38. കലര്‍പ്പില്ലാത്ത സ്നേഹം....ഒന്നും പ്രതീക്ഷിക്കാതെയുള്ളതും.....മനോഹരമായ ജീവിതകഥ അജിത്തേട്ടാ.......

    ReplyDelete
  39. അടുത്തിരുന്നു കേട്ട ഒരു സുഖം മടങ്ങുമ്പോ മനസ്സില്‍ ലക്ഷ്മി അമ്മായ്ളുടെ മുഖം കുറിച്ചിട്ടിരിക്കുന്നു ...സ്നേഹാശംസകള്‍ @ PUNYAVAALAN

    ReplyDelete
  40. കൊള്ളാമേ കഥ ..അജിത്തേട്ടന്റെ അനുഭവമല്ലെങ്കിലും പറ്യുന്നത് അജിത്തേട്ടനായിട്ടു തന്നെയങ്ങു കരുതി. യദാർത്ഥ പ്രണയ്ത്തിന്റെ വിജയം

    ReplyDelete
  41. സ്നേഹം അസ്ഥിയിൽ തറച്ചാൽ അങ്ങനെയാണ്. ഒരു ശക്തിക്കും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആക്കില്ല. ആ ഓർമ്മയിൽ സ്വന്തം ജീവിതം വെറുതെ ഹോമിക്കാനും മടിയുണ്ടാവില്ല. ലക്ഷ്മിയമ്മാളെപ്പോലുള്ളവർ ഇന്നത്തെ കാലത്ത് കണ്ടു കിട്ടുക എളുപ്പമല്ല.
    നല്ല ഹൃദയസ്പ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. ഇടക്ക് അരവിന്തന്റെ ചിത്രം പോലെ കഥാപാത്രങ്ങൾ തോന്നിയെങ്കിലും ജോറായിട്ടുണ്ട് കഥ.
    ആശംസകൾ...

    ReplyDelete
  42. ഇക്കഥക്ക് ജീവനുണ്ട്, സ്നേഹവും മാനവികതയും വിളിച്ചോതുന്നു.

    മനസ്സിൽ മൊട്ടിട്ട പ്രണയ സാക്ഷാൽക്കാരത്തിന് അയാൾ അനാഥനെ പോലെ ആവേണ്ടി വന്നു. അവൾ ആ അവസരത്തിന് കാത്തു നിന്ന പാവം പ്രണയിനി.

    നല്ല എഴുത്ത് അജിത്തേട്ടാ

    ReplyDelete
  43. ഇതാണ് യഥാര്‍ത്ഥ പ്രണയം ...
    ഇങ്ങനെയാവണം പ്രണയം ...
    എത്ര മനോഹരമായി കഥപറഞ്ഞിരിക്കുന്നു അജിത്തേട്ടന്‍
    ഒരുപാടിഷ്ടായി ..അഭിനന്ദനങ്ങള്‍ !

    ReplyDelete
  44. നഷ്ടമാണെന്നറിഞ്ഞിട്ടും സ്നേഹിക്കുന്നു അതാണു ലക്ഷ്മിയമ്മാള്‍..
    അതാണു സ്നേഹം..

    ആശംസകള്‍... അജിത്തേട്ടാ..

    ReplyDelete
  45. അജിത്തേട്ടാ,ആദ്യം കണ്ട ലക്ഷ്മിയമ്മാള് മോശം എന്ന് തോന്നിപ്പിചെങ്കിലും ‍ അവസാനം എത്തിയപ്പോള്‍ ഇഷ്ടം പിടിച്ചു പറ്റി ..ചിറ്റയെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല ....?

    ReplyDelete
  46. ചില പ്രണയങ്ങൾ അങ്ങനെയൊക്കെയാണു... അല്ല , അങ്ങനെ ഒക്കെ ആയാലേ പ്രണയം സുന്ദരമാകൂ,...

    തുടക്കത്തിൽ ഒന്ന് അന്ധാളിച്ചെങ്കിലും പിന്നങ്ങോട്ട് വളരെ ഇഷ്ടപെട്ടു.

    വായനകൾ കുറഞ്ഞതു കൊണ്ടാണു വരാൻ വൈകിയത്..

    ReplyDelete
  47. എനിക്കാ പ്രണയത്തോടും പ്രണയം തോന്നി, അത് അവതരിപ്പിച്ച
    വശ്യസുന്ദരമായ ഈ എഴുത്തിനോടും പ്രണയം തോന്നി. യാതൊരു
    വളച്ചു കെട്ടുമില്ലാതെ എന്നാല്‍ ഒരു കവിത പോലെ പറഞ്ഞു പോയി.
    കഥയുടെ തലക്കെട്ട്‌ കണ്ടു കട്ടിയാകുമല്ലോ എന്നു തോന്നിയിരുന്നു.
    പേരിലെന്തിരിക്കുന്നുഎന്ന് ചോദിച്ചപോലെ, കഥയിലാണ് കാര്യം.
    ("മനസാ സ്മരാമി" യുടെ അര്‍ഥം ഒന്ന് പറഞ്ഞു തരണം)
    അഭിസാരിക എന്നൊക്കെ മുദ്രണം നല്‍കി രേഖകള്‍ വരച്ചു നാം കളം
    തിരിക്കുമ്പോള്‍ അജ്ഞതയുടെ നിഴലിലാണ് നമ്മളുള്ളതെന്നു
    നമ്മള്‍ തിരിച്ചറിയാറില്ല, അല്ലെങ്കില്‍ തിരിച്ചറിയാന്‍ വൈകാറുണ്ട്.
    മൂല്യവും മൂല്യച്യുതിയും വെളുപ്പും കറുപ്പും നിറത്തില്‍ ചുട്ടി കുത്താന്‍
    തിടുക്കപ്പെടുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറില്ല അത് പലപ്പോഴും മുഴുവനായി
    തെറ്റിപ്പോവാമെന്ന്. ഈ സത്യത്തെ മനോഹരമായി അടയാളപ്പെടുത്തിയ
    നല്ല ഒരു പ്രണയ കഥ

    ReplyDelete
  48. പ്രിയപ്പെട്ട അജിത്തേട്ടാ, നല്ല കഥ, വളരെ നല്ല എഴുത്ത്. ആശംസകള്‍..!
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  49. കുറേ നാളായല്ലൊ ബ്ലൊഗ് പോസ്റ്റ് കണ്ടിട്ട്. അതോ ഇനി ഞാൻ കാണാഞ്ഞിട്ടാണോ. പോസ്റ്റിടുമ്പോൾ എനിക്കൊരു മെയിൽ ഇട്ടാൽ ഒട്ടും ശല്യം ആവില്ല.

    കഥ നന്നായി.

    ReplyDelete
  50. ആത്മകാഥാരൂപത്തിൽ അവതരിപ്പിച്ചതിനാൽ ഈ കഥയ്ക്ക് കുറച്ചുകൂടി റിയാലിറ്റി തോന്നി. സത്യം കഥയല്ല, നേരനുഭവമായിത്തന്നെ ഈ കഥ വായിച്ചുപോകാൻ കഴിഞ്ഞു. ഇത്തരം നല്ല കഥകളും കഥാകാരും ബൂലോകത്തിനു മികവേകട്ടെ. ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു. ചിലപ്പോൾ പോസ്റ്റിടുന്നത് തിരക്കിനിടയിൽ വന്നു കണ്ടെത്താനാകില്ല. പുതിയ പോസ്റ്റിടുമ്പോൾ സമയം പോലെ കഴിയുമെങ്കിൽ ഒരു ലിങ്ക് തരിക.കാരണം മിക്കവാറും ബ്ലോഗിലൊതുങ്ങുന്ന വായനയാണിപ്പോൾ എനിക്ക്. അതുകൊണ്ടുതന്നെ ഇത്തരം കഥകൾ മിസ്സ് ആവുന്നത് നഷ്ടമാകും. ആശംസകളോടെ.

    ReplyDelete
  51. ലാഭനഷ്ടങ്ങൾ നോക്കാതെ യഥാർത്ഥ പ്രണയം... മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..!!

    ReplyDelete
  52. ഏട്ടാ വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും ലക്ഷ്മിയമ്മാള്‍ കല്യാണം കഴിക്കാതെ വാശിപിടിച്ച് നില്‍ക്കുവാരുന്നു. ഈ ഇരുപത്തിമൂന്ന് വര്‍ഷം അവര് കൊച്ചച്ഛനുവേണ്ടി കാത്തിരിക്കുവാരുന്നു. എന്നിട്ടിപ്പോ കൊച്ചച്ഛനെ ആര്‍ക്കും വേണ്ടാതായ സമയത്ത് തേടിവന്നു.....”
    ===============================
    കഥയിലെ എല്ലാ സത്തയും ഇതില്‍ അടങ്ങിയിരിക്കുന്നു ...ലക്ഷിമിയമ്മാളും ഗീത ചിറ്റയും മനസ്സിനെ നോവിക്കുന്ന കഥാപാത്രങ്ങള്‍ ,,,,നല്ല ക്രാഫറ്റ് ഉള്ള കഥ !!

    ReplyDelete
  53. അജിത്‌ ഭായ്‌.. സംഭവം കലക്കീട്ടുൻണ്ട്ട്ടാ.. എഴുത്തിന്റെ പോക്കും രീതിയും എല്ലാം ഒന്നിനൊന്നു മെച്ചം.. നന്നായി ഇഷ്ടപ്പെട്ടു...

    ReplyDelete
  54. എന്റെ എല്ലാ കഥകളും ക്ഷമയോടെ ഇരുന്നു വായിച്ച അജിത്തേട്ടന്റെ ബ്കോഗില്‍ ഞാന്‍ ഇപ്പോഴാണോ സന്ദര്ശനം നടത്തുന്നത് എന്ന് സംശയം. വളരെ നല്ല ശൈലി. കഥ വളരെ നന്നായി. എല്ലാവരും പ്രേമത്തെ വാഴ്ത്തിയപ്പോള്‍ ആരും പാവം ഗീത ചിറ്റ എന്ന ഭാര്യയെ കണ്ടില്ല ഏന് തോന്നുന്നു. എന്നാലും ലക്ഷ്മി അമ്മാളിന്റെ സ്നേഹത്തെ പ്രണമിക്കാതെ വയ്യ. ഇത് കഥയെന്നു പറഞ്ഞാലും ആരുടെ ഒക്കെയോ ജീവിതം തന്നെയാണ്.

    ReplyDelete
  55. ചില സ്നേഹങ്ങള്‍ക്ക് നിര്‍വചനം നല്‍ക്കാന്‍ ആകില്ല അല്ലെ? ചില സ്നേഹം ഒരു തെറ്റാണെങ്കില്‍ കൂടി അതിലെ ആത്മാര്‍ഥത കാണാതിരിക്കുവതെങ്ങിനെ..?ഇഷ്ടമായി അജിറ്റ്‌ ഏട്ടാ ..

    ReplyDelete
  56. ഒരു പ്രണയ സാഫല്യത്ത്തിന്റെ മനോഹരമായ കഥ ...... ഒപ്പം ഒരു അര്‍ത്ഥമില്ലാത്ത ദാമ്പത്യത്തിന്റെ തകര്‍ച്ചയുടെയും .......മനോഹരമായ ഒരു അനുഭവ കഥപോലെ വായിച്ചു

    ReplyDelete
  57. യാതാര്‍ത്ഥ പ്രണയം... അത് ജീവിതത്തില്‍ നേരിട്ടറിഞ്ഞ സംഭവം ആകുമ്പോള്‍ കൂടുതല്‍ ചൂടും ചൂരും ഉണ്ടാവും. അത് അതെ പടി വാക്കുകളിലൂടെ പകര്‍ത്താന്‍ കഴിഞ്ഞു.അവതരണം മികച്ചു നില്‍ക്കുന്നു അജിത്തെട്ടാ

    ReplyDelete
  58. ചില ജീവിതാനുഭവങ്ങളെ കഥയുടെ മൂശയിലെക്ക് നിറങ്ങള്‍ ചേര്‍ത്ത് ഉരുക്കിയോഴിച്ചതായി തോന്നി.കഥയില്‍ പെട്ടെന്ന്‍ പിന്നിട്ട കാലങ്ങളിലും കഥാപാത്രങ്ങളെല്ലാം മിഴിവോടെ വായനക്കാരന്റെയുള്ളില്‍ തങ്ങിനില്‍ക്കും.

    ReplyDelete
  59. ഇതൊരു കഥയാണോ...അല്ല അനുഭവമാണോ അജിത്ത് ഭായ് ?

    ഏതായാലും നന്നായിട്ടുണ്ട് .. പച്ചയായ ജീവിതം ഇതില്‍ ഉണ്ട്..

    അഭിനന്ദനങ്ങള്‍..

    ReplyDelete
  60. സ്വാനുഭവമല്ലെന്ന് പിന്‍കുറിപ്പ് എഴുതിയില്ലേല്‍ തീര്‍ച്ചയായും സംശയം തോന്നിക്കുമായിരുന്നു.മുഴുവന്‍ വായിച്ചു.സന്തോഷം ഒരു നല്ല കഥ സമ്മാനിച്ചതിന്.

    ReplyDelete
  61. പ്രണയമെന്ന വാക്കിന്റെ അർത്ഥം ഞാൻ ഇവിടെ അറിഞ്ഞു....

    എന്റെ മനസ്സും ലക്ഷ്മിയമ്മാളുടെ കാല്‍ക്കല്‍ ഉരുകിവീണു.
    സാഷ്ടാംഗം പ്രണമിച്ചു.....

    അനുഭവമെന്ന രീതിയിലാണ് വായിച്ചത്.... എല്ലാ കഥകൾക്കു പിന്നിലും അനുഭവത്തിന്റെ ലാഞ്ചനകൾ കാണാതിരിക്കില്ലല്ലോ...... പക്ഷേ ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മനുഷ്യരാണ് എന്നറിഞ്ഞപ്പോൾ കഥകളെ വെല്ലുന്ന ജീവിതകഥ മനസ്സിനെ ആർദ്രമാക്കി....

    ReplyDelete
  62. നല്ലൊരു വായന സമ്മാനിച്ചു ..

    ReplyDelete
  63. തിരിഞ്ഞു തിരിഞ്ഞ് അവസാനത്തെ തിരിച്ചിലില്‍ മനസ്സ് ആരുടെ കൂടെ നില്‍ക്കനമെന്നറിയാതെ ഒരു നിമിഷം പകച്ചു പോയി...
    സസ്പന്സുകളിലൂടെ പറഞ്ഞ പച്ചയായ ജീവിതാവിഷ്കാരത്തിനു ആശംസകള്‍...

    ReplyDelete
  64. :)തെല്ല് നേരം മൂകനായിപോയി

    ReplyDelete
  65. ഇന്നലെ വന്നു വായിച്ചെങ്കിലും കമന്‍റിടാന്‍ ഗൂഗ്ല് സമ്മതിച്ചില്ല അജിത്തേട്ടാ. നല്ല കഥ. എല്ലാവരേയും വായിച്ചും കമന്‍റെഴുതിയും പ്രോത്സാഹിപ്പിക്കുന്ന അജിത്തേട്ടന്‍റെ എഴുത്ത് നന്നാവാതിരിക്കില്ലല്ലൊ. മടുപ്പുളവാക്കാത്ത ആ പ്രണയത്തെ മനസ്സിലേറ്റുമ്പോള്‍ തന്നെ ഗീതച്ചിറ്റയെന്ന ഭാര്യ മനസ്സിനെ നീറ്റുന്നു.

    ReplyDelete
  66. അജിത്തേട്ടാ... നന്മ നിറഞ്ഞ പ്രണയം, നന്മ നിറഞ്ഞ ജീവിതകഥ. ഇഷ്ടപെട്ടു...
    ഗീതചിറ്റയെ കഥയില്‍നിന്നും പെട്ടെന്ന് അടര്‍ത്തിമാറ്റിയപോലെ തോന്നി. അവര്‍ക്ക് എന്തുസംഭവിച്ചു എന്നൊന്നും പറഞ്ഞില്ല.

    ReplyDelete
  67. ആവേശത്തോടെ വായിച്ചു ....

    ReplyDelete

  68. മനസ്സിനെ തൊടുന്ന കഥാപാത്രങ്ങള്‍!!!
    ഗീത ചിറ്റ മനസ്സില്‍ ഉണ്ടൊരു കുഞ്ഞു നൊമ്പരമായി...പക്ഷെ
    പ്രണയം..യാഥാര്‍ത്ഥ പ്രണയം അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ മനോഹാരിത അറിയൂ ...!!!

    ReplyDelete
  69. അനുഭവം കഥയാകുമ്പോള്‍ പാളിച്ചകള്‍ സാധാരണം ..എന്നാല്‍ ഒരു പാളിച്ചയുമില്ലാതെ ഒരു മനോഹര കാവ്യം സൃഷ്ടിച്ചതിനു എന്റെ ആശംസകള്‍

    ReplyDelete
  70. മനോഹരമായി അവതരിപ്പിച്ചു ചില ജീവിതങ്ങള്‍.. ഈ അടുത്തകാലത്ത്‌ വായിച്ചതില്‍ ഏറ്റവും നല്ല രചന.. അപ്രതീക്ഷിതമായ ക്ലൈമാക്സ്‌ ആണ് ഏറ്റവും വിയ വിജയം... :)

    ReplyDelete
  71. വില്ലത്തി അവസാനം നായിക ആയല്ലോ ....കഥ ഇഷ്ടപ്പെട്ടു....!

    ReplyDelete
  72. ക്ഷമാപണത്തോടെ തുടങ്ങട്ടെ.
    ഇവിടെയത്താന്‍ വളരെ വൈകി
    അടുത്തിടെ വായിച്ച നല്ല ഒരു രചന
    തുടക്കത്തില്‍ ഇത് മാഷിന്റെ കഥയോ
    എന്നോര്‍ത്തു പോയി!!! അടിക്കുറിപ്പ്
    രക്ഷിച്ചു, എന്തായാലും ലക്ഷിയമ്മാളുടെ
    സഹനശക്തി അപാരം തന്നെ!
    ഇക്കാലത്ത് ഇത്തരക്കാരെ കണി കാണാന്‍ കൂടി കിട്ടില്ല
    പിന്നെയാ നോസില്‍ പ്രയോഗം അല്പം കുഴക്കി
    ഏതോ കമ്പനി ആണന്നു മനസ്സിലായെങ്കിലും
    ഇതെന്തൊരു നോസ്സില്‍ എന്നോര്‍ത്തു പോയി
    പക്ഷെ ഒടുവില്‍ എത്തിയപ്പോള്‍ മാത്രമാണതു
    പിടി കിട്ടിയത്, ഒന്നുകില്‍ നോസ്സിലിനു ശേഷം ബ്രാക്കെറ്റില്‍
    ഇംഗ്ലീഷില്‍ അത് ചേര്‍ക്കുകയോ അല്ലെങ്കില്‍ ഒരു സ്റ്റാര്‍ മാര്‍ക്ക്
    കൊടുക്കുകയോ ചെയ്താല്‍ കഥ വായിക്കുമ്പോള്‍ തന്നെ താഴെ എത്തി
    കാര്യം മനസ്സിലാക്കാമെല്ലോ.
    എന്തായാലും തിരക്ക് പിടിച്ച നാളുകളില്‍ തികച്ചും വേറിട്ടോരനുഭാവമാക്കി
    ഇക്കഥ അല്ല ജീവിതാനുഭവം
    മാഷേ, To Tell You The Truth. "This Made My Day".
    Thanks a lot.
    Best Wishes
    Keep writing more such ജീവിതഗന്ധിയായ അനുഭവങ്ങള്‍ കഥകളിലൂടെ!

    ReplyDelete
  73. നല്ല കഥ , കഥ വായിച്ചു തീര്‍ന്നിട്ടും ലക്ഷ്മിയമ്മാള്‍ കൂടെയുണ്ട്..

    ReplyDelete
  74. അനുഭവമാണെന്ന സംശയത്തില്‍ ആകാംഷയോടെ വായിച്ചു. പിന്നെ കുറിപ്പ് കണ്ടപ്പോള്‍ ആശ്വാസമായി. എങ്കിലും നമുക്ക് ചുറ്റം ജീവിതം ഇങ്ങിനെ ആടി തീര്‍ക്കുന്ന നിരവധി പേരെ കാണാനാവും.

    ആശംസകള്‍.

    ReplyDelete
  75. അജിത്തെട്ടാ കലക്കിട്ടാ .,.,.എന്താ പറയുക ,.,ലളിതസുന്ദരമായ ഭാഷാശൈലി വായനയുടെ ഒഴുക്കിന് സുഖകരമായ
    അനുഭൂതി നല്‍കുന്നു.എല്ലാ കഥകൾക്കു പിന്നിലും അനുഭവത്തിന്‍റെ ഒരു അദൃശ്യ സ്പര്‍ശനം കാണാതിരിക്കില്ലല്ലോ...... വേദനിപ്പിയ്ക്കുന്ന ഒരു ജീവിതാനുഭവത്തെ മനോഹരമായ ഒരു വായനാനുഭവമാക്കി മാറ്റി അവതരിപ്പിച്ചതിന്എങ്ങനെയാണ് നന്ദി പറയുക എന്നറിയില്ല .,.,.ഒരായിരം ആശംസകള്‍ .,.,.വയനാടന്‍ കുളിരിന്റെ മനസ്സോടെ .,.,

    ReplyDelete
  76. തുടക്കകരനാണ് ..പറ്റുമെങ്കില്‍ ഒന്ന് വന്നു പോകുക ...

    http://ekalavyanv.blogspot.in/

    ReplyDelete
  77. നമസ്കാരം അജിതേട്ടാ ...
    ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ !?

    നല്ലരു വായനതന്നതിന് പെരുത്ത്‌ നന്ദി...
    ഇത് വിസ്വലൈസ് ചെയ്യുകയാണെങ്കില്‍ അത് എനിക്ക് തരണം !
    കാരണം ഇതിന്റെ ഓരോ ഫ്രെമും എന്റെ മനസ്സില്‍ ഭദ്രമാണ് !!
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  78. സ്നേഹമാണഖിലസാരമൂഴിയില്‍; അല്ലേ? ഒരു സ്നേഹകാവ്യം ഇപ്പോള്‍ രചന കഴിഞ്ഞു പരിശോധനയിലാണ് - ആ വേളയില്‍ തന്നെ ഇവിടെ എത്തിയത് യാദൃശ്ചികമാണോ????

    ശരിക്കും ഇത് വെറും കഥയല്ലല്ലോ? ആരുടെയോ അനുഭവമല്ലേ??? അല്ലെങ്കില്‍ ഇത്ര വ്യക്തമായി അതെങ്ങിനെ എന്‍റെ മനസ്സില്‍ പതിഞ്ഞു!!!!!

    ReplyDelete
  79. നൊമ്പരം ഉണര്ത്തുന്ന കഥ . ബോംബെ ജീവിതം തന്ന അനുഭവങ്ങളിലേക്ക്‌ എനിക്ക് ഊളിയിടാനുള്ള അവസരവും അജിത്തേട്ടന്‍ ഒരുക്കി തന്നു .

    ReplyDelete
  80. എന്റെ മനസ്സ് ലക്ഷ്മിയമ്മാളുടെ കാല്‍ക്കല്‍ ഉരുകിവീഴുകയായിരുന്നു.

    എന്‍റേയും.

    ReplyDelete
  81. വായിക്കാന്‍ വൈകിയ സങ്കടമേയുള്ളൂ.
    എഴുത്ത് ഗംഭീരമായി. അഭിനന്ദനങ്ങള്‍.

    ReplyDelete
  82. വളരെക്കാലം കൂടിയാണ് നല്ലൊരു പോസ്റ്റ് വായിച്ചത്. അജിത്തേട്ടനിങ്ങനേയും എഴുതാന്‍ കഴിയും അല്ലേ?..നല്ല ഒഴുക്കുള്ള വായന.ചിന്തിക്കാതിരുന്നൊരു ക് ളൈമാക്സും. തൃപ്തിയായി.അനുഭവമാണെന്ന് തോന്നിപ്പിക്കുന്നു.

    ReplyDelete
  83. മുമ്പെ വായിച്ചതണു,അഭിപ്രായസൗകര്യം ഉണ്ടായിരുന്നില്ല.
    ഒരു പഴയ സിനിമ കണ്ടത്‌ പോലെ തോന്നി

    ReplyDelete
  84. നഷ്ടം എന്നറിഞ്ഞുള്ള സ്നേഹം.... ലക്ഷിയമ്മാളെ വല്ലാതെ ഇഷ്ട്ടമായി അജിത്‌...... പിന്നെ, ഇത് ആരുടെയൊക്കെ അനുഭവമായാലും അതീവ സുന്ദരമായി ഞങ്ങള്‍ക്ക് പറഞ്ഞു തന്നതിന് നന്ദി. ആശംസകള്‍.

    ReplyDelete
  85. This comment has been removed by the author.

    ReplyDelete
  86. യഥാര്‍ത്ഥ ജീവിതം നമ്മള്‍
    ചിന്തിക്കുന്നതിനും അപ്പുറമാണ് !

    ReplyDelete
  87. ഈശ്വരാനുഗ്രഹം ഉണ്ടാവുക...
    നന്മകള്‍ ചെയ്യുമ്പോഴും....
    നല്ലത് അംഗീകരിക്കുപ്പോഴുമാണ്....
    എന്‍റെ ബ്ലോഗ്‌ വായിക്കുക...
    നല്ലതെങ്കില്‍ അംഗീകരിക്കുക...
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....
    http://nidhilramesh.blogspot.in/

    ReplyDelete
  88. നല്ല ഒരു വായന സമ്മാനിച്ചു ..ആശംസകള്‍

    ReplyDelete
  89. അവസാനം ആർക്കും വേണ്ടാതയ വാസവദത്തയെ തേടിയെത്തിയ സാന്ത്വനമായ ഉപഗുപ്തനെപോലെ ആയി അല്ലെ ലക്ഷിയമ്മാൾ...

    ReplyDelete
  90. രസകരമായ ആഖ്യാനത്തില്‍ ഒരു കഥ.നന്നായിട്ടുണ്ട്.ആശംസകള്‍ .

    ReplyDelete
  91. ഈ സൂപ്പർ അനുഭവാഖ്യാനം വായിച്ചിട്ടൊത്തിരിയായിയെങ്കിലും
    അഭിപ്രായ സ്വെഞ്ചറിയടിക്കുവാൻ വേണ്ടി ഇന്നെ എത്താൻ സാധിച്ചുള്ളൂ...
    ഇനി ഇതിന്റെ രണ്ടാഭാഗമായിട്ട് ലക്ഷ്മിയംബാളിനെ
    അമേരിക്കയിലേക്കോ മറ്റോ നാടുകടത്തി കഥ വികസിപ്പിക്കാം
    കേട്ടൊ അജിത്ത് ഭായ്

    ReplyDelete
  92. അപ്പോള്‍ ആദ്യം സംശയിച്ച കാമദാഹം അല്ല, യഥാര്‍ത്ഥ പ്രണയം തന്നെ ആണ്. ഈ ജീവിതത്തില്‍ ചുരുക്കമായെങ്കിലും ഇങ്ങിനെയുല്ലാവരും , ഇങ്ങിനെയുള്ള അനുഭവങ്ങളും ഉണ്ടായെന്നു വരും. നല്ല കഥ. ഭാവുകങ്ങള്‍.

    ReplyDelete
  93. കഥ വായിച്ചുതീരുവോളം അതിന്റെ സസ്പൻസ്‌ പുറത്തുവിടാത്ത പ്രതിപാദനരീതി നന്നായി. കഥാപാത്രങ്ങളൊക്കെ നമ്മുടെ ഇടയിൽ ജീവിക്കുന്നവരെപ്പോലെ തോന്നി. അതാണല്ലോ കഥാകഥനത്തിന്റെ മേന്മ.

    ReplyDelete
  94. ചില മനസുകള്‍..ചില സ്നേഹങ്ങള്‍... :)
    നന്നായി പറഞ്ഞു ഏട്ടാ...ലക്ഷ്മിയമ്മാള്‍ അത്രവേഗമൊന്നും മനസ്സില്‍ നിന്നും ഇറങ്ങിപ്പോകില്ല.. :)

    ReplyDelete
  95. കാണുകയായിരുന്നു കണ്ണിലോരോ
    കഥാപാത്രങ്ങളേയും ജീവോടെ...!
    എഴുത്തുനൗകേ, നീയീ പാരാവാരത്തിലൂ-
    ടൊഴുകുകയൊരു വിസ്മയമായ്...!

    ആശംസകള്‍ ...!

    ReplyDelete
  96. അഭിനന്ദനങ്ങള്‍ അജിത്ത് ജി. ഈ അവതരണത്തിനു. എന്നിലെ വായനക്കാരന്‍ അന്വേഷിക്കുന്നത് ഇത്തരം ജീവിതഗന്ധിയായ രചനകളാണ്.

    അയത്നലളിതമായ ആഖ്യാനത്തിലൂടെ താങ്കള്‍ ഇവിടെ ചില ജീവിതങ്ങളെ പച്ചയായി പകര്‍ത്തിയപ്പോള്‍ ജീവിതത്തിലെ കഥയും കഥയിലെ ജീവിതവും വേര്‍ തിരിച്ചെടുക്കാനാവാത്ത വിധം ഇഴുകി ചേര്‍ന്ന് നിന്ന്. ഒപ്പം കാലത്തെ ജയിച്ച ശുദ്ധപ്രണയവും അതിന്റെ സാക്ഷാത്കാരവും പറഞ്ഞവസാനിച്ചപ്പോള്‍ മനസ്സ് ഒരിക്കല്‍കൂടെ കഥാപാത്രങ്ങളിലേക്ക് തിരിഞ്ഞു നടന്നു.

    മനുഷ്യജീവിതത്തിനു എന്തെല്ലാം വിഭിന്നഭാവങ്ങള്‍., പരിണാമങ്ങള്‍..,. താങ്കള്‍ അവ അടുക്കോടെ ഒരു കഥയുടെ ചരടില്‍ കോര്‍ത്തു.

    ReplyDelete
  97. ഇച്ചിരി സങ്കടം തോന്നി... നല്ല കഥ, അവതരണം.

    ReplyDelete
  98. എന്റെയും മനസ്സ് ലക്ഷ്മിയമ്മാളുടെ കാല്‍ക്കല്‍ ഉരുകിവീഴുകയായിരുന്നു.

    ReplyDelete
  99. ലക്ഷ്മിയമ്മാളിന്റെ സ്‌നേഹമാണ് യഥാര്‍ത്ഥ സ്‌നേഹം... എല്ലാവരും ഒഴിഞ്ഞുമാറുമ്പോഴും ആരും സ്‌നേഹിക്കാനില്ലാത്തപ്പോഴും അപരനുവേണ്ടി ഉരുകിയില്ലാതാകാന്‍ തയ്യാറാകുന്ന മനസ്സാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ സങ്കേതം... നല്ലൊരു കഥ. ഒറ്റയിരുപ്പില്‍ വായിച്ചു. അജിത്തേട്ടാ... നന്ദി... നന്മ നിറഞ്ഞ ഈ കഥയ്ക്കായി...

    ReplyDelete
  100. അവാച്യമായ വായനാനുഭവം നല്കിയ കഥ.....എന്തായാലും ലക്ഷമിയമ്മാളിന്റെ പ്രണയം ഉത്കൃഷ്ടം തന്നെ...അഭിനന്ദനങ്ങള്

    ReplyDelete
  101. മനസ്സിനെ തൊടുന്ന രചന ,ഒരു ചെറിയ വേദന സമ്മാനിച്ചു ഈ രചന ,ഇഷ്ടമായി ആശംസകള്‍

    ReplyDelete
  102. അജിത്‌ ഭായ് നല്ല കഥ. അനശ്വരമായ പ്രണയം അതിന്റെ അനശ്വരമായ വ്യാക്കാനം ഭാഷ വൈഭവം

    ReplyDelete
  103. അഭിനന്ദനങ്ങള്‍ ....
    നല്ല കഥ....

    ReplyDelete
  104. അജിത്‌ സര്‍ ..
    """പുതുവത്സരശംസകള്‍"""

    ReplyDelete
  105. ഒരിക്കല്‍ കൂടി വായിച്ചു .ഇനിയും വായിക്കും ..കാരണം ലക്ഷ്മിയമ്മാളിനെ ഞാന്‍ അറിയും. :(

    ReplyDelete
  106. ഒരുപാടിഷ്ടായി ഈ എഴുത്ത്....പൊടിയാന്‍ മടിച്ചൊരു കണ്ണ് നീതുള്ളി വന്നു

    ReplyDelete
  107. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് അജിത്ത്ഭായിയടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  108. ഇതൊരു ഒന്നാംതരം നല്ല കഥ തന്നെ. കഥയായി തന്നെ വായനക്കാര്‍ക്ക് കാണാന്‍ കഴിയും അതുകൊണ്ട് അവസാനത്തെ ആ കുറിപ്പിന് പ്രസക്തിയില്ല

    ReplyDelete
  109. ഗംഭീരം!
    മൂന്നു് സംശയം മാത്രം
    ഗീതചിറ്റ ലക്ഷ്മിയെ അഭിമുഖീകരിക്കാൻ എന്തിനാ ഇത്രയും വൈകിയതു്?
    ആ കൂടിക്കാഴ്ചക്കു് എന്തിനു് കഥാകാരനേയും കൂട്ടി?
    ഗീതചിറ്റയുടെ മരണശേഷം ലക്ഷ്മിയെന്തിനു് 8 വർഷം കാത്തിരുന്നു, രാഘവൻ കൊച്ചച്ഛനെ കല്യാണം കഴിക്കാൻ?
    സംശയങ്ങൾ കഥയുടെ ആസ്വാദ്യത ഒട്ടും കളയുന്നില്ല എന്നും അഭിപ്രായപ്പെടട്ടേ.
    നവവത്സരാശംസകൾ!

    ReplyDelete
  110. മിനിപിസിJanuary 2, 2013 at 9:16 AM

    എത്ര നാള്‍ കഴിഞ്ഞാലും പ്രണയത്തിന്‍റെ മാധുര്യം കുറയുന്നില്ല ,അതിങ്ങനെ കനല് പോലെ ..........നല്ല കഥ അജിത്തേട്ടാ .കഥാപാത്രങ്ങളെ നല്ല പരിചയം തോന്നുന്നു ...അജിത്തേട്ടന്‍റെ പുതിയ പോസ്റ്റിനു വേണ്ടി കാത്തിരുന്നത് വെറുതെയായില്ല .ഇത് ഞാന്‍ കുറെ തവണ വായിച്ചു ,കമെന്റും ഇട്ടു പക്ഷെ എന്തോ പ്രോബ്ലം ?ഒന്നും ശരിയായില്ല.പരസഹായത്തോടെയാണ് ചെയ്യുന്നത് .ഇപ്പോള്‍ പഠിച്ചു

    ReplyDelete
  111. അജിത്തേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  112. യഥാര്‍ത്ഥ പ്രണയത്തിനു ശരീരവും ശാരീരികാവസ്ഥയും ബാധകമല്ലെന്ന് കാട്ടിത്തന്ന കഥ. ആശംസകള്‍
    അനിത.

    ReplyDelete
  113. അവസാന ഭാഗം ഒന്ന് ഉള്ളുലച്ചു .... ഈ വഴി വരാന്‍ ഇത്രയും വൈകിയതില്‍ ക്ഷമാപണം..വെറും കഥയാണെന്ന് തോന്നുന്നില്ല... ചുറ്റും ദിവസേന കാണുന്ന ജീവിതങ്ങളില്‍ ഈ മുഖങ്ങളും ഉണ്ട്....

    ReplyDelete
    Replies
    1. അഭിപ്രായം പറയാന്‍ തക്ക അറിവ് ഇല്ലെങ്കിലും ,ലക്ഷ്മി അമ്മാള്‍ മനസില്‍ അങ്ങട് കയറി ഇരിക്കുന്നു ..

      Delete
  114. ഉള്ളുലച്ച നല്ലൊരു കഥ , കാണാന്‍ വൈകിയതു വിഷമമായി.

    ReplyDelete
  115. എന്റെ തട്ടകത്തില്‍ ഇടയ്ക്കിടെ വരുന്ന ആളുടെ സ്ഥലത്ത് ഇന്നാണ് വരന്‍ കഴിഞ്ഞത്.
    വന്നപ്പോള്‍ വളരെ വൈകി എന്നും മനസ്സിലായി.

    നല്ല ലേഖനം, മുഴുവന്‍ വായിക്കാനായില്ല.
    എനിക്ക് വായന ശീലം കുറവാണു.

    കലാലയങ്ങളിലും ഞാന്‍ പുസ്തകങ്ങള്‍ നോക്കാറില്ല. ലെക്ചര്‍ മാത്രം കേട്ട് നോട്സ് എഴുതും.
    എന്റെ കൂട്ടുകാര്‍ പറയും ഒരു പോസ്റ്റ്‌ എഴുതിയാല്‍ 3 പുസ്തകം എങ്കിലും വായിക്കണം എന്ന്.
    പക്ഷെ എനിക്കായില്ല ...

    കാലത്ത് പത്രം വായിക്കുന്നതോഴിച്ചാല്‍ മറ്റു വായന ഇല്ല. ന്യൂസ്‌ കേള്‍ക്കും ലോക വരതകള്‍ അറിയാന്‍.
    താങ്കള്‍ നാട്ടിലുന്ടെങ്ങില്‍ അറിയിക്കുക.
    പ്രകാശേട്ടന്‍@ജിമെയില്‍.കോം . prakashettan@gmail.com

    ReplyDelete
  116. കാമ്പുള്ള ഒരു കഥ വായിച്ചു....അജിത്തെട്ടാ നന്നായിരിക്കുന്നു....

    ReplyDelete
  117. ഇപ്പഴാണ് മാഷേ ഇത് വായിയ്ക്കാനൊത്തത്.

    വായിയ്ക്കാതിരുന്നെങ്കില്‍ ഒരു നഷ്ടമായേനെ.


    പുതുവത്സരാശംസകള്‍!

    ReplyDelete
  118. നല്ലൊരു കഥ
    പുതുവത്സരാശംസകള്‍!

    ReplyDelete
  119. അജിത്‌ ഭായി... എത്രയോ തവണ നിങ്ങള്‍ ആരുമത്ര കടന്നുവരാത്ത എന്‍റെ ബ്ലോഗിലേക്കു വന്നു. പക്ഷെ ഒരിക്കല്‍ പോലും താങ്കളുടെ ബ്ലോഗിലേക്കു വരാന്‍ എനിക്ക് തോന്നിയതേയില്ല. എന്തുകൊണ്ടോ ഇന്നാണ് എനിക്കൊന്ന് ഈ പുള്ളിയെ പറ്റി ഒന്നറിയണമല്ലോ എന്ന് തോന്നിയത്. ആദ്യം വായിച്ച പോസ്റ്റ്‌ ഇതാണ്. ഏറെ, വളരെയേറെ ഇഷ്ട്ടപ്പെട്ടു. ആ ഇഷ്ട്ടത്തിനു കാരണമായിത്തീര്‍ന്നത്‌ അവസാനത്തെ മൂന്നു വരികളാണ്. നാക്ക് പോന്നാക്കിക്കൊണ്ട് തന്നെ പറയട്ടെ, അച്ചടി മാധ്യമങ്ങളിലേക്ക് നിങ്ങളുടെ വരികള്‍ ഒഴുകാന്‍ സമയമായിരിക്കുന്നു. ശ്രമിച്ചാല്‍ അതത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. നന്ദി.

    ReplyDelete
  120. അജിത്തെട്ടാ, കഥ മനോഹരമായിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  121. ഒരു വാക്കു പോലും ബോറടിപ്പിച്ചില്ല.
    എസ് എക് പൊറ്റക്കാടിനെയോ പാറപ്പുറത്തിനെയോ വായിച്ച സുഖം.
    കഥയുടെ/ ജീവിതത്തിന്റെ ഈ വിശുദ്ധി വായനക്കാരന്റെ മനസ്സിനെയും ശുദ്ധീകരിക്കുവാന്‍ പോരുന്നതാണു്‌.....നന്ദി

    എനിക്ക് മാഷിന്റെ ഇ മെയില്‍ വിലാസം ഒന്നയച്ചുതരണം

    ReplyDelete
  122. നന്ദി ശ്രീ അജിത്‌. ഈ ബ്ലോഗില്‍ പണ്ടെപ്പോഴോ ഞാന്‍ ഒന്ന് വന്നു പോയ ഓര്‍മ്മ ഉണ്ട്. ഇത് ഭയങ്ങരമായ ഒരു സംഭവം തന്നെ. സമയമായപ്പോള്‍ തന്റെ കാമുകനെ തേടി വന്ന ആ സ്ത്രീ രത്നതിനെ മനസ്സാല്‍ നമിക്കുന്നു
    കൂടുതലൊന്നും എഴുതാനില്ല പക്ഷെ പേര് അര്‍ത്ഥവത്താണ്
    സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

    ReplyDelete
  123. എന്റെ ബ്ലോഗില്‍ കണ്ട ഒരു കമെന്റ് എന്നെ ഇവിടെ എത്തിച്ചു ..
    അവതരണവും ..എഴുത്തിന്റെ മനോഹാരിതയും ..നിറഞ്ഞു നിന്ന
    ജീവനുട്ട രചന
    മനോഹരമായ ഈ രചന ..വായിക്കാന്‍ പറ്റിയതില്‍ സന്തോഷം തോന്നി ..
    ഇതൊരു തുടക്കം ആവട്ടെ

    ReplyDelete
  124. കഥ മനോഹരമായിരിക്കുന്നു. ആശംസകള്‍!!!!!!!!!!!!!!

    ReplyDelete
  125. കൂടെ ജീവിക്കുന്നതും, സ്വന്തമെന്നും ചുമ്മാ കരുതുന്നതുമൊന്നുമല്ല.. ഇതൊക്കെയല്ലെ സ്നേഹം എന്ന് പറയുന്നത്..

    നല്ല എഴുത്ത്.. ആശംസകള്‍ ശ്രീ. അജിത്ത്.

    ReplyDelete
  126. നന്നായിരിക്കുന്നു, ലക്ഷ്മിയമ്മാള്‍ക്ക് ഒരു സല്യൂട്ട്.

    ReplyDelete
  127. നല്ല കഥാനുഭവം...നല്ല ശൈലി...ആശംസകള്‍...

    ReplyDelete
  128. കഥ നന്നായി അജിത്തേട്ടാ..
    നല്ല വായനാനുഭവം തന്ന കഥ..

    ReplyDelete
  129. കഥയോ..ജീവിതമോ എന്നു വേര്‍തിരിച്ചയിനാകാത്ത വിധം മനോഹരമായി എഴുതിയിരിക്ക്യുന്നു...ജീവിത കൈവഴികള്‍ ആര്‍ ആര്‍ക്കാണ് സ്വന്തം?? rr

    ReplyDelete
  130. ഞാന്‍ ഒരുപാട് വൈകിയോ ഇവിടെ വരാന്‍.............!!!!
    അജിത്ജിയുടെ എഴുത്ത് കണ്ണ് നിറച്ചു. ആശംസകള്‍.**

    ReplyDelete
  131. മനോഹരമായ കഥയും മാഷിന്റെറ എഴുത്തും.കഥ വായിക്കുമ്പോള്‍ ഓരോ കഥാപാത്രങ്ങളും മനസിലൂടെ മിന്നി മറയുകയായിരുന്നു. വായിച്ച്‌ തീര്‍ന്നിട്ടും ലെക്ഷ്മി അമ്മാള്‍ ഇപ്പോഴും അവിടെ തന്നെ ഉണ്ട്....ആത്മാര്‍ത്ഥമായ സ്നേഹം അത് മരിക്കും വരെ നമ്മളില്‍ കാണും....

    ReplyDelete
  132. ഇത് കഥയോ ജീവിതമൊ..?
    എന്തായാലും കൊള്ളാം ...

    ReplyDelete
  133. കൊള്ളാം, നല്ല കഥ. ഒരു യഥാർത്ഥപ്രേമത്തിന്റെ കഥ.

    ReplyDelete
  134. ഉഗ്രന്‍ ....പുലിയാ...തനി നാടന്‍ ഭാഷയില്‍...

    ReplyDelete
  135. ഇതു വായിക്കാനെടുത്തപ്പോൾ വലുതാണന്നു തോന്നി.വായിച്ചു കഴിഞ്ഞപ്പോൾ ചെറുതാണന്നും തോന്നി.ഇതാണ് വായനക്കാരനെ മായാജാലത്തിൽ‌പ്പെടുത്തുന്ന വിദ്യ, അതു താങ്കൾക്കു ധാരാളമുണ്ട്.ആശംസകൾ

    ReplyDelete
  136. ഇവിടെ വരാന്‍ അല്പം വൈകി. നല്ലൊരു വായാനുഭവം ആശംസകള്‍

    ReplyDelete
  137. വായിക്കാന്‍ വൈകി, എങ്കിലും മനസ്സ് നിറഞ്ഞു.... താങ്കളെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട നിര്‍ത്തുന്നത് ആ പ്രത്യേക ശൈലിയാണ് .. ഇനിയും പ്രതീക്ഷിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി. @ Manoj

    ReplyDelete
  138. വളരെ നന്നായിട്ടുണ്ട്.
    ഇങ്ങനെ ഒന്ന് ഇവിടെ എഴുതിയത് അറിഞ്ഞേ ഇല്ല. [അല്ലെങ്കിലും ആവശ്യമുള്ളിടത്ത് ദിവാരേട്ടന്‍ സമയത്തിന് എത്തില്ല]

    ReplyDelete
  139. കഥ ഒരു പാട ഇഷ്ടമായി...ശ്രീ വിദ്യയുടെ മുഖ ചായയുള്ള ചിറ്റ....അതെ മരണവും....കാന്‍സര്‍.... ..
    വരന്‍ വൈകിയറ്റ്‌

    ReplyDelete
  140. കഥ ഇഷ്ടമായി.. .വളരെ വൈകി..എന്നറിയാം...എന്നാലും നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞു എന്നാ ചാരിതാര്ത്യ തോടെ വീണ്ടും എഴുതുക,,വീണ്ടും വരാം

    ReplyDelete
  141. എവിടെയൊക്കെയോ ഒരു സങ്കടം തോന്നി , നല്ല അവതരണം

    ReplyDelete
  142. ഥ ഇഷ്ടമായി ചേട്ടാ . വായിച്ചപ്പോള്‍ ആദ്യം ലക്ഷിയമ്മാളോട് ദേഷ്യം തോന്നി . എന്നാലും അവസാന ഭാഗം എത്തിയപ്പോള്‍ ആ ദേഷ്യമെല്ലം അലിഞ്ഞു ഇല്ലാതായി . ആപത്തു വരുമ്പോളാണ്‍ ഒരാളുടെ സഹായം വേണ്ടത് .
    ഒരു സംശയം ചോദിച്ചോട്ടെ പക്ഷെ ആണോ പക്ഷേ ആണോ ശരി
    @PRAVAAHINY

    ReplyDelete
    Replies
    1. പക്ഷെ, പക്ഷേ രണ്ടു പ്രയോഗവും നിലവിലുണ്ട്.

      Delete
  143. ഇതില്‍ അജിത്തെട്ടന്റെ സാന്നിധ്യം ഉണ്ട് അല്ലെ ..ആശംസകള്‍

    ReplyDelete
  144. കഥ വിശദമായി വായിച്ചു. ഒരുപാടിഷ്ടമായി

    ReplyDelete
  145. യഥാര്‍ത്ഥ പ്രണയം മരിക്കുന്നില്ലാ....

    ReplyDelete
  146. വായിച്ചു തുടങ്ങിയപ്പോൾ കരുതിയത് താങ്കൾ താങ്കളുടെ ജീവിതഏടും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും പകർത്തിയതാണെന്നാണ്.. എന്നാൽ താഴെത്തെ അടിക്കുറിപ്പു കണ്ടപ്പോഴാണ് മനസ്സിലായത് ഭാവനയാണെന്ന്…
    നന്നായിരിക്കുന്നു.. ആശംസകൾ

    ReplyDelete
  147. അജിത് മാഷേ..........നല്ല കഥ..........നന്മയുള്ള കഥ!

    ReplyDelete
  148. അജിത്തണ്ണോ കൊടു കൈ, കഥയാണെങ്കില്‍ നല്ല ഭാവന, ഉള്ളതാണെങ്കില്‍ നല്ല ശൈലി. വരാന്‍ ഇച്ചിരി വൈകി, എന്നാലും എത്തിയല്ലോ.. :)

    ReplyDelete
  149. അല്ല,അജിത്‌ സാര്‍ ...പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ല ?പുതിയ പോസ്റ്റ്‌ ഇട്ടാല്‍ അറിയിക്കണേ...സസ്നേഹം .

    ReplyDelete
  150. ജീവിതം ഇത് ജീവിതം....
    നല്ല ശൈലി... എനിക്കിഷ്ടമായി...

    ReplyDelete
  151. അജിത്‌ സര്‍ ...നല്ല കഥ...നല്ല അവതരണം...നന്നായി അവസാനിക്കുന്ന കഥകള്‍ വായിക്കാന്‍ നല്ല സുഖം ആണ്....

    ReplyDelete
  152. ഈ പ്രണയ ചിത്രം മനോഹരം ,ഇതല്ലേ ജീവിതം
    ആശംസകള്‍

    ReplyDelete
  153. അജിത്തേട്ടാ, "സ്വതവെ നിതംബഭംഗിയോട് അല്പം അധികതാല്പര്യമുണ്ടെനിക്ക് " എനിക്കും ;-). പിന്നെ പ്രണയം എന്നത് അങ്ങനെയല്ലേ.അവരോട് അസൂയ തോന്നുന്നു,ആദരവും

    ReplyDelete
  154. ബോംബെ പശ്ചാത്തലത്തിൽ ഒരു നല്ല കഥ.

    ReplyDelete
  155. അജിത്തേട്ടാ, സംഭവങ്ങളുടെ ഗതിയും, ഒഴുക്കും, ശൈലിയും ഒരുപാടിഷ്ടമായി :-)

    ഉള്ളില്‍ നിന്നൊരു ആന്തല്‍ തൊണ്ടക്കുഴിയിലേയ്ക്ക് കയറി വരുന്നത് എങ്ങനെയായിരിക്കും എന്ന് അനുഭവിച്ചതു കൊണ്ട് മനസ്സിലാകുന്നുണ്ട്.

    ReplyDelete
  156. അജിത്തേട്ടാ,നിങ്ങളുടെ ശൈലിയും കഥപറയുന്ന രീതിയും പക്ഷാത്തലവും എല്ലാം അനുകരിക്കാന്‍ കൊതിക്കുന്ന ഒരു ബ്ലോഗര്‍ എന്ന നിലയ്ക്ക് എത്ര അഭിനദ്ധിചാലും മതിയാകില്ല എന്നത് കൊണ്ട്തന്നെ അനുമോദിച്ചുകൊണ്ട് ഈ കഥയുടെ സത്ത നഷ്ടമാക്കുന്നില്ല ......

    ReplyDelete
  157. ചിറ്റയും ലക്ഷ്മിയമ്മാളും മനസിൽ ഒരു നൊമ്പരമായി അവശേഷിച്ചു. കുറെ നാളുകൾക്ക് ശേഷം ഒരു പച്ചയായ ജീവിത കഥ വായിച്ചു.

    ReplyDelete
  158. ഒരു ആൽബം മറിച്ചു നോക്കി അടച്ചപ്പോൾ തോന്നിയ ഒരു വികാരം, കണ്ടു മറന്ന മുഖങ്ങളിലൂടെ വര്ഷങ്ങള്ക് ശേഷം, അടുക്കി ഫ്രെയിം ചെയ്ത ഫോട്ടോ കൽ കടന്നു പോയി വര്ഷങ്ങള്ക്ക് മുമ്പുള്ള ബ്ലാക്ക്‌ & വൈറ്റ് ഫോട്ടോ, അതിൽ പറ്റിയ മായാത്ത പൊടി പോലും കയ്യിൽ ഫീൽ ചെയ്ത രചന.. മനോഹരം കൊച്ചച്ചന്റെ പാത്ര സൃഷ്ടി കലക്കി! പണ്ട് പഠിച്ച ചന്ദ്രക്കാരന്റെ രൂപം മനസ്സില് വന്നു, പക്ഷെ ആ ലക്ഷ്മി അമ്മലിന്റെ മനസ്സ് എങ്ങിനെ ഇങ്ങനെ കീഴടക്കാൻ പറ്റി, എന്നുള്ള ഒരു സൂചന പോലും കിട്ടാത്തത് ഫ്ലാഷ് ബാക്ക് ആയി ചിന്തക്ക് വിട്ടുകൊടുക്കാം

    ഒരു കൊച്ചു മഞ്ഞു വായിച്ച സുഖം

    നന്നായി അജിത്‌ ഭായ്, അനുഗ്രഹിക്കാല്ലോ അല്ലെ? നന്നായി വരും, ഇനി എന്തോന്ന് നന്നാവാൻ അല്ലെ എന്നാലും ആ ചുവന്ന തെരുവിലെങ്ങനും പോയെന്നു എഴുതിയിരുന്നെങ്കിൽ ഞാൻ പറഞ്ഞത് തിരിചെടുത്തെനെ,

    ലൈബ്രറിയിൽ നിന്നാണ് എടുത്തു വയിച്ചതെങ്കിലും എത്രയോ ആൾക്കാർ വായിച്ചു അഭിപ്രായം പറഞ്ഞെങ്കിലും കഥ പുതു പുത്തൻ ഒരു കട്ടൻകാപ്പി യുടെ ഉശിരുണ്ട്!


    ആശംസകൾ അജിത്‌ ഭായ്

    ReplyDelete
    Replies
    1. മനസാ സ്മരാമി ആ പേരിനു കൊടുക്കണം കഥയോളം ക്രെഡിറ്റ്‌

      Delete
  159. മനസ്സ് അതൊരു വല്ലാത്ത സംഭവം തന്നെ!! ഒന്നിനും അല്ലാത്ത കാത്തിരിപ്പുകളെ സ്നേഹം എന്നാണോ ഭ്രാന്തം എന്നാണോ വിളിക്കേണ്ടത്?!!

    ReplyDelete
  160. വായിക്കുമ്പോള്‍ , ആരോ കഥ പറയുന്നത് കേട്ടിരിക്കുന്ന സുഖം. എഴുതിയ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  161. മനസ്സില്‍ എന്തൊക്കെയോ കൊളുത്തിവളിക്കുന്നപോലെ.... എന്താപ്പ പറയ്യാ! കഥപറഞ്ഞ രീതിയും, കഥയും മൊത്തത്തില്‍ ഇഷ്ടപ്പെട്ടു; നന്ദി അജിത്തേട്ടാ (അങ്ങനെ വിളിക്കാമല്ലോ അല്ലെ).

    ReplyDelete
  162. ബന്ധങ്ങളിലെ അസാധാരണത്വം പലപ്പോഴും അതിശയിപ്പിക്കാറുണ്ട്.ഒരേ കടല്‍ എന്ന ശ്യാമപ്രസാദ് സിനിമ എന്നെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്.ഇപ്പോള്‍ ഇതും ആരുടെയോ അനുഭവമാകാതെ തരമില്ലലോ.

    ReplyDelete
  163. ഈ സ്നേഹം അത് വല്ലാത്ത ഒരു അനുഭവമാണ് ദൈവമാണ്......

    ReplyDelete
  164. ഒരുപാട് ഇഷ്ട്ടായി അജിത്‌ ഏട്ടാ.....,അപ്പോള്‍ ഇതിനെ ആണല്ലേ യഥാര്‍ത്ഥ പ്രണയം എന്ന് പറയുന്നത് :)

    ReplyDelete
    Replies
    1. നന്നായിരിക്കുന്നു.

      Delete
  165. പലര്‍ക്കും പല മുഖങ്ങള്‍ ആണീ ലോകത്ത്...അതിലെ നന്മകള്‍ ..അതാനെനിക്കിഷ്ടവും ...
    അജിത്തേട്ടാ ഒരുപാടിഷ്ടായി....

    ReplyDelete
  166. എനിക്കിഷ്ട്ടമായി.അജിത്തേട്ടന്റെ അനുഭവം പോലെ തന്നെ തോന്നുന്നു.

    ReplyDelete
  167. ശരിക്കും മനസ്സില്‍ തട്ടി ..

    ReplyDelete
  168. സുധീഷ്,
    അന്നൂസ്
    വിനു

    ലക്ഷ്മിയമ്മാളെ കാണാനെത്തിയതില്‍ സന്തോഷം!

    ReplyDelete
    Replies
    1. ഓരോ അവസ്ഥകളിലും നാം ഓരോന്ന് ചിന്തിക്കും അതാണ് ശരി എന്നും തീരുമാനിക്കും
      ഏതാണ് ശരി എന്നാർക്കറിയാം?

      നല്ല ഒരു വായനാനുഭവം
      നന്ദി

      Delete
  169. സുഖമുള്ള, ഒഴുക്കാര്‍ന്ന, വിരസമല്ലാത്ത കഥപറച്ചില്‍.... നന്ദി!

    ReplyDelete
  170. ഒരിക്കല്‍ വന്നു പോയതാ. വീണ്ടും ഒന്ന് കൂടെ എത്തി. ചിറ്റയെഓര്‍ത്തായിരുന്നു ആദ്യത്തെ വിഷമം ഇപ്പോള്‍ അമ്മാളിന്റെ സ്നേഹം ഓര്‍ത്തും
    ശ്രീവിദ്യയുടെ അനുപമ സൌന്ദര്യമുള്ള ഒരാളെ മറന്നു വേറെ സ്നേഹം തേടാന്‍ കൊച്ചച്ചന് എങ്ങനെ കഴിഞ്ഞു?
    എന്ത് കണ്ടാണ്‌ അമ്മാളിനു കൊച്ചച്ചനോട് സ്നേഹം തോന്നിയത്?

    ReplyDelete
  171. വളരെ നല്ല ഒരു കഥ ഏട്ടാ....ജീവിതം വഴിമുട്ടുമ്പോൾ നമ്മൾ വിചാരിക്കാത്ത ചിലർ ആവും നമ്മളെ കൈ പിടിച്ചുയർത്തുന്നത്..

    ReplyDelete
  172. enതു പറഞ്ഞാലും എത്ര സ്നേഹമുല്ലവല്‍ എന്ന് പറഞ്ഞാലും ലക്ഷി അമ്മലെ ന്യായീകരിക്കാന്‍ എനിക്ക് കഴിയില്.കഥ കൊള്ളാം

    ReplyDelete
  173. മനസ്സിന്റെ പ്രത്യേകത അതിന്റെ പ്രകാശാതീതവേഗതയും,അപ്രതീക്ഷിത തലങ്ങളിലൂടെയുള്ള ചലനാത്മകതയുമാണെന്നു തോന്നുന്നു.മഹാസാഗരത്തിന്റെ ഗഹനത അമ്പരപ്പിക്കുന്നതാണെങ്കിലും, അതിനെയുൾക്കൊള്ളുന്ന ഭൗമഗർത്തങ്ങൾ മുന്നേ വിരചിതമാണല്ലോ.! സാഗരത്തിനവിടെ നിലകൊള്ളാതെ തരമില്ല!! ഏതോ നിശ്ചയപ്രകാരം,ചില മനസ്സുകൾ സഞ്ചരിക്കുമ്പോൾ, പൂർവ്വവിരചിതവും എന്നാൽ അപ്രതീക്ഷിതമെന്നു നമുക്ക് തോന്നവുന്നതുമായ ചില ജീവിതസന്ധികൾ വന്നണയുന്നു. അജിത് സർ ഈ രചനയിൽ വിവരിച്ചതുപോലെ.

    ബന്ധങ്ങളുടെ അവർണ്ണനീയമായ നിമ്ന്നോന്നതതലങ്ങളിൽ നിന്നു വീക്ഷിക്കുമ്പോൾ ഇത്തരം ജീവിതസന്ധികൾക്ക്,നിരവധിമാനങ്ങളുണ്ടെന്നു തോന്നുന്നു. കണ്ണുനനയിക്കാം, പരിഹാസം തോന്നാം, പൊറുക്കാം, കുറ്റപ്പെടുത്താം.പരമകാരുണ്യമെന്ന പ്രപഞ്ചമനസ്സിന്റെ ഇംഗിതം എന്നും,എപ്പോഴും വേദനകളിലേക്ക് കൈനീട്ടുകയെന്നതാണെന്നു ഞാൻ വിശ്വസിക്കുന്നു. ദേഹത്തെ മറന്ന്, ആത്മതലത്തിലേക്കുയർന്നു നിൽക്കുന്ന ചില സ്നേഹനിമിഷങ്ങൾ ഈ രചനയുടെ അന്ത്യഘട്ടത്തിൽ അനാവൃതമാവുന്നത് കണ്ട് ലക്ഷ്മിയമ്മാളെന്ന കഥാപാത്രത്തെ ബഹുമാനത്തോടു കൂടി മാത്രം വിലയിരുത്താനേ കഴിയുന്നുള്ളൂ. ചില കുഞ്ഞു കള്ളങ്ങൾക്ക്, ചില നേരം വലിയ സത്യങ്ങളെ അതിശയിക്കാൻ തക്ക നന്മ കാണുമല്ലോ!!

    ഹൃദയമാണീശ്വരന്റെ ഗേഹം; സ്നേഹമാണീശ്വരന്റെ രൂപം... സ്നേഹത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ചില അനതിസാധാരണ നിമിഷങ്ങൾ പങ്കുവച്ച അജിത് സാറിന് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ...

    ശുഭാശംസകൾ......




    ReplyDelete
  174. പ്രചോദിപ്പിക്കുന്ന അഭിപ്രായത്തിന് നന്ദി, സൌഗന്ധികം

    ReplyDelete
  175. കഥ വളരെ ഇഷ്ടപ്പെട്ടു. നല്ല ആശയങ്ങൾ... മനുഷ്യർ എത്ര സങ്കുചിത മനസ്കരും സ്വാർത്ഥരുമാണെന്ന് ചിന്തിച്ചുപോകുന്ന സംഭവങ്ങൾ. ആരും ആരുടെയും സ്വന്തമല്ല എല്ലാവരും എല്ലാവരുടെയും സ്വന്തമാണ്‌. എന്ന് ഒർമ്മിപ്പിക്കുന്ന വരികൾ.

    ReplyDelete
  176. കഴിഞ്ഞ വർഷത്തെ വിഷുവിന് ഇവിടെ കയറിയിരുന്നു.യാദൃശ്ചികമായി ഈ തിരുവോണത്തിനും കയറി വീണ്ടും വായിച്ചു.

    ReplyDelete
  177. അജിത്തേട്ടാ ഞാൻ ഇന്നാ ഈ കഥ വായിക്കുന്നത്.. എനിക്ക് തോന്നിയത് എന്താണെന്നോ.. എപ്പോളും നമ്മൾ ഒരു വ്യൂ പോയിന്റിൽ നിന്ന് മാത്രമേ ചിന്തിക്കൂ.. അതാണ്‌ നമ്മടെ ശരിയും തെറ്റും.. സത്യം അറിയുമ്പോൾ അത് വളരെ വിദൂരമായിരിക്കും. അത് കൊണ്ടാണ് ആദ്യം ദുഷ്ടയായ ലക്ഷ്മിയമ്മാളിനും നന്മയുണ്ടെന്നും ആ നന്മയുടെ ആഴം വളരെ വലുതാണെന്നും നമ്മൾ തിരിച്ചറിഞ്ഞത്

    ReplyDelete
  178. വാര്‍ദ്ധക്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് വേണ്ടാതെയാകുമ്പോള്‍ തേടിവരുവാന്‍ ഒരാളുണ്ടാകുക എന്നത് ഭാഗ്യമല്ല മഹാഭാഗ്യമാണ് .എന്നാലും ആ നിതംബ ആസ്വാദനം പുരുഷ വര്‍ഗ്ഗത്തിന്‍റെ മൊത്തത്തിലുള്ള ആസ്വാദനമാണെന്ന് തോന്നി പോയി .ആശംസകള്‍

    ReplyDelete