ഇന്ന് സഹദേവനെക്കുറിച്ചോര്‍ക്കാന്‍ പ്രത്യേകകാരണമൊന്നുമില്ല. എന്നാല്‍ കാരണം ഇല്ലെന്നും പറഞ്ഞുകൂടാ. ജോലി കഴിഞ്ഞ് വരുമ്പോള്‍ വാങ്ങിക്കൊണ്ട് വന്ന ഓറഞ്ച് മുറിച്ച് തിന്നുമ്പോളാണ് പെട്ടെന്ന് സഹദേവനെക്കുറിച്ചോര്‍മ്മ വന്നത്.
നല്ല മധുരമുള്ള വലിയ ഓറഞ്ച്. കുട്ടിക്കാലത്ത് പള്ളിപ്പെരുന്നാളിനും ഉത്സവത്തിനുമൊക്കെ വച്ചുവാണിഭക്കാര്‍ അവരുടെ തട്ടുവണ്ടിയില്‍ കൊണ്ടുവന്ന് വില്ക്കുന്ന ഓറഞ്ചിനൊക്കെ ഇത്ര ഭംഗിയുണ്ടായിരുന്നുവോ? ഇല്ല. ഇത്രയും വലിപ്പവും ആകൃതിഭംഗിയും ഇല്ലായിരുന്നു. ഉള്ളിലൊക്കെ നിറയെ കുരുവും. ഇതിനാണെങ്കില്‍ ഒറ്റ കുരു പോലുമില്ല. തിന്നാനെന്തെളുപ്പം?
ബാംഗളൂരിലെ ജീവിതത്തിനിടയില്‍ മൂന്ന് മാസത്തേയ്ക്ക് മാത്രം റൂം മേറ്റ് ആയി വന്ന സഹദേവന്‍ എന്റെ ഓഫീസിന്റെ അടുത്തുതന്നെയുള്ള സ്റ്റീല്‍ കമ്പനിയില്‍ ടൈപ്പിസ്റ്റ് ആയി വന്നതാണ് . കുറുപ്പുചേട്ടന്റെ നാട്ടുകാരന്‍. ആദ്യമായി വരുന്നവര്‍ക്കൊക്കെ എന്റെ വീട് ഒരു താമസസ്ഥലമായി പ്രയോജനപ്പെടാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കാരണം മൂന്ന് വര്‍ഷം മുമ്പ് കമ്പനി ഒരു വീട് അനുവദിച്ചു തന്നു. മീനയും മോളും മിക്കവാറും കേരളത്തില്‍ തന്നെ വാസമായതിനാല്‍ ബാംഗളൂരിലെ എന്റെ വീട് എപ്പോഴും ഒരു മുറി ഒഴിവ് ആയിരുന്നു.
സഹദേവനെ കണ്ടാല്‍ ആദ്യകാഴ്ച്ചയില്‍ ആകര്‍ഷകമായിട്ടൊന്നും തന്നെയില്ല. വളരെ പതുങ്ങിയ ഒരു വ്യക്തിത്വം എന്ന് പറയാം. സംസാരവും അങ്ങിനെ തന്നെ. അതു പോലും അധികമില്ല. പെട്ടെന്ന് തോന്നുന്ന ഒരു വിശേഷണം അന്തര്‍മുഖന്‍ എന്നാണ്. ആറ്റിങ്ങല്‍ ആണ് വീടെന്നും കല്യാണം കഴിച്ചിട്ടില്ലെന്നും ബോംബെയില്‍ ആയിരുന്നു മുമ്പ് ജോലി ചെയ്തിരുന്നതെന്നും പറഞ്ഞു. പിന്നെ വ്യക്തിപരമായ വിഷയങ്ങളിലേയ്ക്ക് കടന്ന് സംസാരിക്കുക പണ്ടുമുതലേ എന്റെ ശീലമല്ലാത്തതിനാല്‍ കൂടുതലൊന്നും അറിഞ്ഞുമില്ല. അല്ലെങ്കില്‍ ഈ വിവരമൊക്കെ അറിഞ്ഞിട്ടെന്തിന്? ഈ ജീവിതയാത്രയില്‍ എത്രപേരെ കണ്ടുമുട്ടുന്നു എത്രപേര്‍ പിരിയുന്നു!
വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ആണ് സഹദേവന്റെ ഒരു പ്രത്യേക സ്വഭാവം ശ്രദ്ധയില്‍ പെട്ടത്. ഒരു ദിവസം ഇതുപോലെ വരാന്തയില്‍ ഇരുന്ന് ഓറഞ്ച് തിന്നുകയായിരുന്നു. അതിന്റെ കുരുക്കളെല്ലാം മുറ്റത്തേയ്ക്ക് എറിഞ്ഞിട്ട് മുറിയിലേയ്ക്ക് പോയിതിരിയെ വരുമ്പോള്‍ സഹദേവന്‍ അതെല്ലാം ഒരു പേപ്പറില്‍ പൊതിഞ്ഞെടുക്കുകയായിരുന്നു. എന്തിനെന്നറിയാന്‍ ഒരു ജിജ്ഞാസ തോന്നിയെങ്കിലും ചോദിച്ചില്ല. എപ്പോള്‍ ഏതു പഴത്തിന്റെ വിത്ത് ഇങ്ങിനെ കണ്ടാലും അയാള്‍ അത് ശേഖരിക്കാറുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു.
ഒരിക്കല്‍ കൃഷ്ണരാജപുരത്ത് പോയിട്ട് തിരിയെ വരുമ്പോള്‍ ആണ് അതിന്റെ രഹസ്യം കണ്ടു പിടിച്ചത്. ബസിറങ്ങി വീട്ടിലേയ്ക്ക് നടന്ന് വരുമ്പോള്‍ നിരനിരയായി വച്ചുപിടിപ്പിച്ചിട്ടുള്ള പൈന്‍ മരങ്ങള്‍ക്ക് ഇടയില്‍ ഒരാള്‍ കുത്തിയിരുന്ന് കുഴിയെടുക്കുകയാണ്. ഏതോ ഗ്രാമീണന്‍ എന്ന് വിചാരിച്ച് മുമ്പോട്ട് ചുവട് വച്ചെങ്കിലും പെട്ടെന്ന് തോന്നി, സഹദേവനല്ലേ അത്? അടുത്തുചെന്ന് നോക്കിയപ്പോള്‍ അയാള്‍ തന്നെയായിരുന്നു. കാല്പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയിട്ട് കുഴിച്ച കുഴിയില്‍ രണ്ടുമൂന്ന് ചക്കക്കുരുവും ഇട്ട് മണ്ണ് മൂടി സഹദേവന്‍ എഴുന്നേറ്റ് എന്റെയൊപ്പം നടന്നു. അഞ്ചു മിനിട്ട് നടപ്പില്‍ ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല.
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് വരാന്തയില്‍ അരമണിക്കൂര്‍ ഇരിക്കുകയെന്നത് എന്റെ ഒരു പതിവ് ശീലമാണ്. സഹദേവന്‍ മെല്ലെ അടുത്തു വന്നു.
"സാറേ, മുളയ്ക്കുമെന്ന് കരുതീട്ടൊന്നുമല്ല എന്നാലും വെറുതെയങ്ങ് കുഴിച്ചിടുകയാണ്. നൂറെണ്ണം നട്ട് ഒരെണ്ണമെങ്കിലും പിടിച്ചാല്‍ നല്ലതല്ലേ? നമ്മളൊക്കെ ചത്തുപോയാലും വേറെ ആര്‍ക്കെങ്കിലും പ്രയോജനമാകട്ടെ"
"ശരിയാ സഹദേവാ, നിങ്ങള്‍ ഈ വിത്തൊക്കെ പെറുക്കുമ്പോള്‍ എന്തിനായിരിക്കുമെന്ന് ഞാനോര്‍ത്തിരുന്നു"
" ഒരു മരമെങ്കിലും നടാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളൊക്കെ എന്തിനാ സാറെ മനുഷേന്മാരാണെന്നും പറഞ്ഞ് നടക്കുന്നത്? സാറെത്ര മരം നട്ടിട്ടുണ്ട്?"
ഞാന്‍ ആ ചോദ്യത്തിന് മുമ്പില്‍ ചൂളിപ്പോയി. ഈ മനുഷ്യന്റെ മുമ്പില്‍ ആകെ ചെറുതായതുപോലെ.
"സാറിനറിയോ, ഇനി വന്ന് വന്ന് പഴങ്ങള്‍ക്കൊന്നും വിത്ത് കാണൂല്ലാത്രെ. വിത്തില്ലാത്ത നല്ല സിംപ്ലന്‍ പഴങ്ങളായിരിക്കും കടേലെല്ലാം കിട്ടുക. അപ്പോള്‍ എങ്ങിനെയാണ് മനുഷ്യര് മരങ്ങള് നടുക?"
മറുപടി പറയാനില്ലാതെ ഞാന്‍ പുറത്തെ ഇരുളിലേയ്ക്കും വഴിയില്‍ കൂടി പോകുന്ന വാഹനങ്ങളുടെ വെളിച്ചം വരയ്ക്കുന്ന നിമിഷചിത്രങ്ങളിലേയ്ക്കും നോക്കിയിരുന്നു. സഹദേവന്‍ എഴുന്നേറ്റ് പോയി, അയാളുടെ ശബ്ദം കുറെനേരം കൂടി വരാന്തയില്‍ തങ്ങിനിന്നു. പിന്നെ ഓരോ യാത്രയിലും ഞാന്‍ വഴിയരികില്‍ ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു, ഒരു ചെടിയെങ്കിലും മുളച്ചു വരുന്നുണ്ടോ? ചെറുമുകുളങ്ങളുമായി ഒരു തൈ പൊടിച്ചുവരുന്നതുകാണുമ്പോള്‍ അത് സഹദേവന്‍ നട്ടതായിരിക്കുമോ എന്ന് ചിന്തിക്കാന്‍ തുടങ്ങി ഞാന്‍. സഹദേവനുമായുള്ള സഹവാസം എനിക്കും മാറ്റങ്ങള്‍ വരുത്തിയെന്ന് ഞാന്‍ കണ്ടെത്തി. പ്രകൃതിയോട് അറിയാതെ ഒരു സ്നേഹം മുളപൊട്ടുന്നതും ചിന്തകളില്‍ മരങ്ങള്‍ക്കും മനുഷ്യര്‍ക്കുമൊക്കെ സ്ഥാനം വരുന്നതും ഞാന്‍ കണ്ടെത്തി.
ഒരിക്കല്‍ സഹദേവന്‍ വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയത് സങ്കടത്തോടെയായിരുന്നു. എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നിനും ആദ്യം മറുപടി തന്നില്ലെങ്കിലും പിന്നെ പറഞ്ഞു. മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയെങ്കിലും വെട്ടിത്തുടങ്ങിയപ്പോള്‍ അയാള്‍ പൂര്‍ത്തിയാക്കാതെ ഇറക്കിവിട്ടുവത്രെ. അപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്. അയാളുടെ മുടി വല്ലാതെ നീണ്ടിട്ടുണ്ടായിരുന്നു. ഒരു വശം വെട്ടി നീളം കുറച്ചത് പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യാം. പിന്നെ മടിച്ച് മടിച്ച് അയാള്‍ പറഞ്ഞു.
"എന്റെ തലയില്‍ ഒരു അസുഖമുണ്ട് സാറേ. ഒരു തരം ചൊറി പോലെ. ഞാനൊത്തിരി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ഭേദമായിട്ടില്ല."
ഞാന്‍ അയാളുടെ മുടിയിഴകള്‍ വിടര്‍ത്തി നോക്കി. ശരിയാണ്. ചോരയൊലിക്കുന്നതും ഉണങ്ങി പൊറ്റയടരാറായിരിക്കുന്നതും പഴുത്തെന്ന പോലെയിരിക്കുന്നതുമായ അനേക വ്രണങ്ങള്‍. ചെറുതായി ദുര്‍ഗന്ധവും ഉണ്ടായിരുന്നു. പെട്ടെന്ന് എന്റെയുള്ളിലേയ്ക്ക് സഹതാപത്തിന്റെയൊരല വന്നടിക്കുന്നത് ഇങ്ങിനെ വാക്കുകളായി പുറത്തുവന്നു.
"ഇയാള്‍ പോയി ഒരു കത്രിക വാങ്ങി വരൂ. ഞാനൊന്ന് നോക്കട്ടെ."
പിറ്റേന്ന് സഹദേവനെത്തിയത് ഒരു കത്രികയുമായാണ്. കഴിഞ്ഞ രാത്രിയില്‍ അങ്ങിനെ പറഞ്ഞെങ്കിലും ആ മുടി വെട്ടുവാന്‍ ഒരു മടി തോന്നി. പക്ഷെ പറഞ്ഞുപോയില്ലേ. ടെറസ്സില്‍ വച്ച് മുടി വെട്ടാന്‍ തീരുമാനിച്ചു. ആരെങ്കിലും കാണേണ്ട.
അറിയില്ലെങ്കിലും ഞാന്‍ സഹദേവന്റെ മുടി ശ്രദ്ധയോടെ വെട്ടാന്‍ തുടങ്ങി. അപ്പോഴാണയാള്‍ ബോംബെയിലെ ജീവിതത്തിന്റെ കഥ പറഞ്ഞത്. നാലു വര്‍ഷം ഒരു തുകല്‍ കമ്പനിയിലെ ഓഫീസ് ബോയ് ആയിരുന്നു അയാള്‍. വളരെ മൂര്‍ഖസ്വഭാവമുള്ള ഒരു മാനേജരും. എന്നും അവഹേളിക്കയും കേട്ടാല്‍ ചെവി പൊട്ടുന്നതരത്തിലുള്ള ചീത്തയും പറയുന്ന ആ മനുഷ്യന്റെ കീഴില്‍ ആരും സന്തോഷത്തോടെയല്ല ജോലി ചെയ്യുന്നത്. അതില്‍ ഏറ്റമധികം തെറി കേള്‍ക്കുന്നത് സഹദേവന്‍ ആയിരുന്നു.
"എനിക്കെന്ത് ചെയ്യാന്‍ പറ്റും സാറേ? തേച്ചാലും കുളിച്ചാലും പോകാത്ത ചീത്ത പറയുന്ന അയാള്‍ക്കെതിരെ ഞാനെന്തു ചെയ്യാന്‍? എന്റെ പൊട്ടബുദ്ധിയില്‍ ഒരു വഴിയേ ഞാന്‍ കണ്ടുള്ളു സാറേ. എന്നും ഒമ്പത് മണിക്ക് അയാള്‍ ചായ കുടിക്കുന്നത് ഞാനിട്ട് കൊടുത്തിട്ടാണ്. നന്നായിട്ട് ചായയുണ്ടാക്കിയിട്ട് ഞാന്‍ അതില്‍ തുപ്പിയൊഴിക്കും. പിന്നെ കൊണ്ട് മാനേജര്‍ക്ക് കൊടുക്കും. ഒന്നുമറിയാതെ അയാള്‍ മൂന്ന് വര്‍ഷം എന്റെ തുപ്പല്‍ കുടിച്ചു സാറെ. എനിക്ക് അന്നൊക്കെ രാത്രി കിടന്നുറങ്ങുമ്പോള്‍ അറിയാന്‍ മേലാത്ത ഒരു സന്തോഷമാരുന്നു സാറെ. അത്രയെങ്കിലും അയാള്‍ക്കിട്ട് തിരിച്ച് കൊടുക്കാന്‍ പറ്റിയല്ലോ."
ഗള്‍ഫിലേയ്ക്ക് കടക്കാനുള്ള ശ്രമത്തില്‍ തുകല്‍ കമ്പനിയിലെ ജോലി ഉപേക്ഷിക്കുന്നത് വരെ ഇത് തുടര്‍ന്നു. പക്ഷെ ഗള്‍ഫ് സ്വപ്നമെല്ലാം തകര്‍ന്ന് ഇപ്പോള്‍ വന്നെത്തിയത് ഇവിടെയും.
"അന്ന് അയാളെ തുപ്പല്‍ കുടിപ്പിച്ചതിനുള്ള ശിക്ഷയായിരിക്കുമോ സാറെ ഈ തലയിലെ പ്രശ്നത്തിനു കാരണം?"
ആയിരിക്കുമെന്ന് പറയാന്‍ എന്റെ യുക്തിബോധം അനുവദിച്ചില്ല. അല്ലെന്ന് പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ അയാള്‍ക്ക് കഴിയില്ലെന്നും എനിക്ക് തോന്നി. ഞാന്‍ മൌനമായി മുടി വെട്ടിയിറക്കിക്കൊണ്ടിരുന്നു.
Friday, June 24, 2011
Wednesday, June 1, 2011
അര നാഴികനേരം
പാതിതുറന്നൊരെന്‍ ജാലകപ്പാളിയില്‍
ഭീതിയകന്നൊരാപ്പൊന്‍ പതംഗം
സാധകം ചെയ്‌വതുപോലെമനോഹര
ഗീതികള്‍ കൊണ്ടൊരു മാല കോര്‍ത്തു
ശ്രീതരും വാസന്തപഞ്ചമം പാടുമാ
പീതവര്‍ണ്ണക്കിളിത്തേന്മൊഴികള്‍
ഏതോ മധുഗാന മാധുര്യവീചി തന്‍
ശീതാനിലസ്പര്‍ശമെന്നപോലെ
കാതുമുള്‍ക്കാതും കടന്നുവന്നിന്നെന്റെ
ആതങ്കമെല്ലാം അലിഞ്ഞു പോയീ
ഭൂതമാം കാലത്തിലെന്നോ നിഴല്‍ വീണ
പാതയില്‍ ഏകനായ് യാനം ചെയ്കേ
ഭീതിദം വ്യാധിതന്‍ ക്രൂര നഖങ്ങളാല്‍
പാതിവഴിയില്‍ ഞാന്‍ വീണുവെന്നാല്‍
സ്ഫീതമീക്കാര്‍മുകില്‍ പാളികള്‍ ചൂഴ്കിലും
നീതരും സ്വാന്തനമെന്തഗാധം
ശീതളം നിന്‍ കരപേലവവല്ലരി
“ഭേദമുണ്ടോ” എന്ന ചോദ്യമോടെ
കാതരം ശോണിമം നിന്നംഗുലീമലര്‍
വേദനയെല്ലാം തുടച്ചെടുത്തൂ
ശ്വേതാംബരധാരി നീ വന്നു ചാരെ നി-
ന്നോതുന്ന ദൂതുകളെത്ര മോദം
വീതിയും നീളവുമാഴമുയരവും
തോതില്ല നോക്കുവാനപ്രമേയം
വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
പാഥേയമൊന്നുമില്ലാതെ നൂനം
ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
വാദമില്ലാതെപോമെന്നതോര്‍ക്കെ
ഭൂതലേ നാം തേടും ധാടിയും മോടിയും
ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ.
ഭീതിയകന്നൊരാപ്പൊന്‍ പതംഗം
സാധകം ചെയ്‌വതുപോലെമനോഹര
ഗീതികള്‍ കൊണ്ടൊരു മാല കോര്‍ത്തു
ശ്രീതരും വാസന്തപഞ്ചമം പാടുമാ
പീതവര്‍ണ്ണക്കിളിത്തേന്മൊഴികള്‍
ഏതോ മധുഗാന മാധുര്യവീചി തന്‍
ശീതാനിലസ്പര്‍ശമെന്നപോലെ
കാതുമുള്‍ക്കാതും കടന്നുവന്നിന്നെന്റെ
ആതങ്കമെല്ലാം അലിഞ്ഞു പോയീ
ഭൂതമാം കാലത്തിലെന്നോ നിഴല്‍ വീണ
പാതയില്‍ ഏകനായ് യാനം ചെയ്കേ
ഭീതിദം വ്യാധിതന്‍ ക്രൂര നഖങ്ങളാല്‍
പാതിവഴിയില്‍ ഞാന്‍ വീണുവെന്നാല്‍
സ്ഫീതമീക്കാര്‍മുകില്‍ പാളികള്‍ ചൂഴ്കിലും
നീതരും സ്വാന്തനമെന്തഗാധം
ശീതളം നിന്‍ കരപേലവവല്ലരി
“ഭേദമുണ്ടോ” എന്ന ചോദ്യമോടെ
കാതരം ശോണിമം നിന്നംഗുലീമലര്‍
വേദനയെല്ലാം തുടച്ചെടുത്തൂ
ശ്വേതാംബരധാരി നീ വന്നു ചാരെ നി-
ന്നോതുന്ന ദൂതുകളെത്ര മോദം
വീതിയും നീളവുമാഴമുയരവും
തോതില്ല നോക്കുവാനപ്രമേയം
വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
പാഥേയമൊന്നുമില്ലാതെ നൂനം
ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
വാദമില്ലാതെപോമെന്നതോര്‍ക്കെ
ഭൂതലേ നാം തേടും ധാടിയും മോടിയും
ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ.
Subscribe to:
Posts (Atom)