Sunday, March 29, 2015

വ്യത്യസ്തനാമൊരു രാഷ്ട്രശില്പി

ലോകത്തില്‍ കേരളമുള്‍പ്പെടുന്ന ഈ ഭാഗത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മനുഷ്യന്‍ ഈ ലോകം വിട്ടുപോയി.











ലീ ക്വാന്‍ യൂ!

ഏകാധിപതി
കര്‍ശനക്കാരന്‍
വിഷണറി
സോഷ്യലിസ്റ്റ്
എക്കണോമിസ്റ്റ്
പ്രധാനമന്ത്രി
രാഷ്ട്രശില്‍പ്പി

ഇതെല്ലാമായിരുന്നു സിംഗപ്പൂരെന്ന ചെറിയ രാഷ്ട്രത്തിലെ ചെറിയ ഭരണാധികാരിയായിരുന്ന മനുഷ്യന്‍. കേരളത്തിലെ ഒരു താലൂക്കിന്റെയത്ര വിസ്തീര്‍ണ്ണം മാത്രമുള്ള സിംഗപ്പൂര്‍ എന്ന ദ്വീപുരാഷ്ട്രത്തെ ലോകത്തിലെ എണ്ണപ്പെടുന്ന ഒരു ഫിനാന്‍ഷ്യല്‍ ഹബ് ആക്കിമാറ്റിയ ക്രാന്തദര്‍ശിയും കഠിനാദ്ധ്വാനിയുമായ ഭരണാധികാരി.

ചുറ്റും കടലും, അതിലെ മത്സ്യങ്ങളും മാത്രം ആലംബമായിരുന്ന ഒരു ജനത എങ്ങനെയാണ് ലോകത്തിലെ മൂന്നാമത്തെ ആളോഹരിവരുമാനരാജ്യമായി മാറിയത്! അതാണ് ലീ ക്വാന്‍ യൂ എന്ന ഒറ്റ മനുഷ്യന്‍ രചിച്ച ചരിത്രം. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒരു രാഷ്ട്രത്തിന് പുരോഗമിക്കാന്‍ നാച്ചുറല്‍ റിസോര്‍സസ് ഒന്നും വലിയ ഘടകമല്ല എന്ന് ലോകത്തെ പഠിപ്പിച്ച ചരിത്രം

ആ അശ്വമേധത്തിനിടയില്‍ ചിലര്‍ എതിര്‍വഴിയില്‍ നിന്നു. അവരെയൊക്കെ ഒതുക്കിക്കൊണ്ട്  യൂ സിംഗപ്പൂരിനെ ചിറകിലേറ്റി മുന്നോട്ട് കുതിച്ചു. എതിര്‍ത്തവരെ-അവര്‍ തീരെ ചുരുക്കമായിരുന്നു- വിചാരണപോലും ഇല്ലാതെ തുറുങ്കില്‍ അടച്ചു. പത്രങ്ങളുടെ സ്വാതന്ത്ര്യത്തിന് മൂക്കുകയറിട്ടു.പത്രങ്ങള്‍ ദ്വീപിലെ നന്മകളെപ്പറ്റി മാത്രം എഴുതി. ജനവും ഉദ്യോഗസ്ഥരും കുറ്റങ്ങള്‍ ചെയ്യാന്‍ മടിച്ചു. പിടിക്കപ്പെടുന്നതും ശിക്ഷ ലഭിക്കുന്നതും ഉറപ്പാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും.

വിയറ്റ് നാം, കമ്പോഡിയ, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങി ചുറ്റുമുള്ള തെക്കുകിഴ്ക്കേഷ്യന്‍ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച് യൂ ജനങ്ങളോട് ചോദിച്ചു. പൂര്‍ണ്ണജനാധിപത്യമെന്ന പേരില്‍ ഇവിടെയൊക്കെ നടക്കുന്ന ദുര്‍ഭരണവും അതിന്റെ ഫലമായുണ്ടാകുന്ന ദുരിതജീവിതവുമാണോ അതോ നിയന്ത്രിതജനാധിപത്യമെന്ന രീതിയിലൂടെ അഴിമതിയില്ലാത്ത, ദാര്‍ദ്ര്യമില്ലാത്ത, ലഹളയില്ലാത്ത ഒരു സമ്പദ്‌വ്യവസ്ഥയിലൂന്നിയ സമാധാനജീവിതം വേണമോ? ജനം 31 വര്‍ഷം ആ ചോദ്യത്തിന് ഉത്തരം കൊടുത്തു. ബാലറ്റിലൂടെ തന്നെ.

പീപ്പിള്‍സ് ആക്‍ഷന്‍ പാര്‍ട്ടിയുടെ അമരക്കാരനായി ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതില്‍പ്പിന്നെ 31 വര്‍ഷം തുടര്‍ച്ചയായി സിംഗപ്പൂരിന്റെ പ്രധാനമന്ത്രി.

മൂന്നാംകിടലോകക്രമത്തില്‍ കിടന്ന ഒരു രാജ്യത്തെ ഒരു തലമുറയുടെ ആയുഷ്കാലത്തിനുള്ളില്‍  ഒന്നാം ലോകക്രമത്തിലേക്കുയര്‍ത്തിയ വേറൊരു ഭരണത്തലവന്‍ ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.


അനാരോഗ്യം മൂലം സ്വയമായി ഭരണമൊഴിഞ്ഞ്  ഗോ ചോക് ടോംഗിന് ഭരണമേല്‍പ്പിച്ച് പടിയിറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആ വൃദ്ധനെ അങ്ങനെയങ്ങ് വിടാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. സീനിയര്‍ മിനിസ്റ്റര്‍ എന്ന പദവിയില്‍ അദ്ദേഹത്തിന്റെ വഴിനടത്തലിലൂടെ ആയിരുന്നു പിന്നെയും ദ്വീപിന്റെ ഭരണം നടന്നത്.

പ്രധാനമന്ത്രിപദത്തില്‍ നിന്നിറങ്ങി ഒരു മന്ത്രിയായി ജോലി ചെയ്ത ലോകത്തിലെ ആദ്യത്തെ നേതാവും യൂ മാത്രമാണ്.

ഇല്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും കാലതാമസത്തിന്റെയും അതിരാഷ്ട്രീയത്തിന്റെയും കേരളത്തില്‍ നിന്ന് മൂന്ന് ദശകങ്ങള്‍ക്ക് മുന്‍പ് ആദ്യമായി സിംഗപ്പൂ‍രില്‍ കാല്‍ കുത്തിയപ്പോള്‍ ഇങ്ങനെയും നാടുണ്ടോ എന്ന അത്ഭുതമായിരുന്നു.

ഒരു പലചരക്കുകടക്കാരന്റെ മകനായിരുന്നു ഈ ആധുനികനഗരരാഷ്ട്രത്തിന്റെ ശില്പി എന്നത് അതിനെക്കാളേറേ അത്ഭുതം. കര്‍ശനമായ പ്രവര്‍ത്തനം മൂലം രാഷ്ട്രത്തിനും സമൂഹത്തിനും പൌരന്മാര്‍ക്കും പൊതുവില്‍ നന്മയും ഉന്നമനവുമാണ് പ്രതിഫലമെങ്കില്‍ ജനാധിപത്യത്തില്‍ അല്പം കുറവ് വന്നാലും സാരമില്ല എന്ന് തോന്നിയത് സിംഗപ്പൂരിലെ ജീവിതകാലത്താണ്.

ഈ കാലഘട്ടത്തില്‍ ബഹുമാനവും ആദരവും തോന്നിയ രണ്ട് നേതാക്കളില്‍ ഒരാള്‍ ലീ ക്വാന്‍ യൂ ആണ്. മറ്റൊരാള്‍ നെല്‍സന്‍ മണ്ടേലയും. ഒരു ഫുട്ബോള്‍ മല്‍‌സരം പന്ത് തട്ടി ഉദ്ഘാടനം ചെയ്യുമ്പോള്‍  ശക്തിയായ തൊഴിയുടെ വേഗത്തില്‍ മണ്ടേലയുടെ കാലില്‍ നിന്ന് ഷൂ  പറന്നുപോകുന്നതും കീറിയ സോക്സിലൂടെ അദ്ദേഹത്തിന്റെ കാലിന്റെ പെരുവിരല്‍ പുറത്തു കണ്ടപ്പോള്‍ പ്രസിഡന്റ്  ആയിരിക്കുമ്പോഴും പാലിച്ചുവന്ന ജീവിതരീതിയില്‍ തരിമ്പും മാറ്റം വന്നിട്ടില്ല എന്ന് കണ്ടതാണ് ആ ബഹുമാനത്തിന്റെ മുഖ്യകാരണം.

ജീവിതം കൊണ്ട് സന്ദേശമെഴുതുന്ന ഇത്തരം നേതാക്കളുടെ കാലത്ത് ജീവിക്കാനായതും സന്തോഷകരമാണ്.

വിട, ലീ ക്വാന്‍ യൂ.


(നിങ്ങളെപ്പോലുള്ള ഭരണാധികാരികളെ ലഭിച്ചതിനാല്‍ നിങ്ങളുടെ രാജ്യം മുന്നേറുന്നു. ഞങ്ങളിപ്പോഴും മാണി-ജോര്‍ജ്, കടി-പിടി വിവാദങ്ങളുമായി മുട്ടിലിഴയുന്നു. ഞങ്ങള്‍ക്കും എന്നെങ്കിലും ഒരു നല്ലകാലം വരുമായിരിക്കും)