Friday, December 26, 2014

ശബ്ദതാരാവലി

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള തന്റെ ജീവിതത്തിലെ വിലയേറിയ 20 വര്‍ഷങ്ങള്‍ ത്യാഗപൂര്‍വം ബലികഴിച്ച്  കൈരളിയ്ക്ക് സമ്മാനിച്ച ശബ്ദതാരാവലി എന്ന നിഘണ്ടു, മലയാളഭാഷാനിഘണ്ടുക്കളില്‍ ഏറ്റവും കറതീര്‍ന്നത് എന്നു സര്‍വ്വരാലും സമ്മതിക്കപ്പെട്ട്  ഉത്തുംഗനിലയില്‍ വിരാജിക്കുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണ്.

സുമാര്‍ ഒരു നൂറ്റാണ്ടിനു മുന്‍പ്  മഹാക്ലേശത്തിനൊടുവില്‍ അങ്ങനെയൊരു പുസ്തകം പൂര്‍ത്തിയാക്കുമ്പോള്‍ അത് വരാനിരിക്കുന്ന തലമുറകള്‍ക്കൊക്കെയും വഴികാട്ടിയായിത്തീരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കും, തീര്‍ച്ച.ആ പ്രതീക്ഷകള്‍ ഒട്ടും അസ്ഥാനത്തായില്ല, ഇന്നും ഭാഷാസ്നേഹികളും ഭാഷാവിദ്യാര്‍ത്ഥികളും വാഗ് സംബന്ധിയോ ശൈലീസംബന്ധിയോ ആയ ഏതൊരു സംശയദൂരീകരണത്തിനും ആശ്രയിക്കുന്നത് ശബ്ദതാരാവലിയെത്തന്നെ.

എന്നാല്‍ ഇത്രയും ബൃഹത്തായ ഒരു ഗ്രന്ഥം സര്‍വ്വസാധാരണമായി എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല. മാത്രമല്ല, കൊണ്ടുനടക്കുന്നതിനും സൂക്ഷിക്കുന്നതിനുമൊക്കെ വലിയ ശ്രമവും ആവശ്യമുണ്ട്.

ഈ ആധുനികകാലത്തിനു യോജിച്ചവിധം ശബ്ദതാരാവലി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള ഒരു ബൃഹദ്പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 1700-ല്‍ പരം പേജുകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന പദവിശദീകരണങ്ങള്‍ തരിമ്പും വ്യത്യാസമില്ലാതെ, ചിഹ്നങ്ങള്‍ പോലും അതേപടി ടൈപ്പ് ചെയ്ത് ഒരു ഡിജിറ്റല്‍ പതിപ്പ് പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് അന്‍പതില്‍ പരം മലയാളഭാഷാസ്നേഹികള്‍ ഈ പദ്ധതിയില്‍ തങ്ങളുടെ സമയവും ഊര്‍ജ്ജവും സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഫേസ് ബുക്കിലെ “നല്ല മലയാളം” ഗ്രൂപ്പിന്റെ ബാനറില്‍ വിശ്വപ്രഭ എന്ന ജീനിയസിന്റെ നേതൃത്വത്തിലാണ് ഈ പ്രോജക്റ്റ്  പുരോഗമിക്കുന്നത്.

ഈ വന്‍ പദ്ധതിയുടെ ഭാഗമായി എന്നെയും സമര്‍പ്പിച്ചിരിക്കയാല്‍ ഏതാനും ദിവസത്തേയ്ക്ക് ബ്ലോഗുകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും എന്റെ സാന്നിദ്ധ്യം വളരെ ചുരുക്കമായിരിക്കും. എങ്കിലും പിന്നീട് നിങ്ങളെ സന്ദര്‍ശിക്കുന്നതായിരിക്കും എന്ന്  ഉറപ്പ് തരുന്നു.

ശ്രീകണ്ഠേശ്വരം 20 വര്‍ഷങ്ങള്‍ ശബ്ദതാരാവലിയ്ക്കായി ത്യാഗപൂര്‍വ്വം സമര്‍പ്പിച്ചെങ്കില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ അതിന്റെയൊരു രൂപമാറ്റത്തിനായി സമര്‍പ്പിക്കുന്നതില്‍ ഒരു നഷ്ടബോധവും തോന്നേണ്ടതില്ല, നേരേമറിച്ച് നാം മലയാളഭാഷയ്ക്ക് നല്‍കാവുന്ന, എന്നാല്‍ കഴിയുന്ന എളിയ സംഭാവനയും വഴിപാടുമായി ഈ ദിവസങ്ങളെ കൈരളിക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.

https://www.facebook.com/groups/nallamalayalam/