Monday, September 15, 2014

മഞ്ഞമന്ദാരമേ.......!




“അങ്കിളേ.. എങ്ങോട്ടാ ഇത്ര സ്പീഡില്‍?“

ഓഫീസിലെ പ്രഭാതത്തിരക്കില്‍ നിന്ന് വര്‍ക് ഷോപ്പിലേയ്ക്ക് ഒന്നിറങ്ങിയപ്പോള്‍ ഒരു പിന്‍വിളി!

ഓ... തിരക്കില്‍ അവളെ ഒന്ന് നോക്കാന്‍ മറന്നു.
ഞാന്‍ തിരിഞ്ഞുനോക്കി
സുന്ദരിയായൊരു മഞ്ഞപ്പൂവ്.
പ്രഭാതപ്പൊന്‍ വെയിലില്‍ മെല്ലെ തലയാട്ടിക്കൊണ്ട് ചിരിക്കുന്നു

ങ്ഹൂം... നീ ചിരിക്കും. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞോട്ടെ. ഗള്‍ഫിലെ ജൂലൈമാസച്ചൂട് നീ അറിയാനിരിക്കുന്നതേയുള്ളു.

ചൈനയില്‍ നിന്ന് വാല്‍വ് കയറ്റി വന്ന പെട്ടിയില്‍ സ്റ്റഫിംഗ് മെറ്റീരിയല്‍ ആയി വച്ചിരുന്നത് വൈക്കോല്‍ ആയിരുന്നു. വാല്‍വുകളൊക്കെ എടുത്തിട്ട് വൈക്കോല്‍ ഒരു സൈഡിലേയ്ക്ക് മാറ്റിയിട്ടു.

വെള്ളിയും ശനിയും കഴിഞ്ഞ് ഓഫീസിലെത്തി വൈക്കോല്‍ വാരി മാറ്റാന്‍ ചെന്നപ്പോള്‍ അതില്‍ നിന്ന് കുഞ്ഞിത്തല ഉയര്‍ത്തി ഒരു ചെടിക്കുഞ്ഞ്.

രണ്ട് തളിരിലകളും ഒരു നാമ്പും.

ചൈനയിലെ ഏതോ അജ്ഞാതവയലില്‍ നിന്ന് വൈക്കോലിന്റെയൊപ്പം ഇല്ലീഗല്‍ ഇമിഗ്രന്റ് ആയി ബഹറിനില്‍ എത്തിയ ഏകാകിയായ വിത്ത്.

ഇളംചെടിയെ ഞാന്‍ ശ്രദ്ധയോടെ എയര്‍ കണ്ടീഷണര്‍ ഡ്രെയിന്‍ പൈപ്പില്‍ നിന്ന് വെള്ളം വീഴുന്ന സ്ഥലത്തേയ്ക്ക് മാറ്റി വച്ചു.

ഏത് കൊടും ദാരിദ്രാവസ്ഥയിലായാലും പെണ്‍കുട്ടികള്‍ക്ക് താരുണ്യം വന്ന് നിറയുന്ന ഒരു കാലമുണ്ട് അവരുടെ വളര്‍ച്ചയില്‍. അതുപോലെ തന്നെ ആ കൊടും ചൂടിലും കുഞ്ഞിച്ചെടിയില്‍ പ്രകൃതി താരുണ്യചിത്രങ്ങള്‍ വരച്ചു. അവള്‍ മെല്ലെ വളര്‍ന്നു

നാല്പത് വര്‍ഷങ്ങളിലെ റിക്കാര്‍ഡ് ചൂട് ആണ് എന്ന് റേഡിയോവില്‍ വാര്‍ത്ത കെട്ട ദിവസമാണ് കുഞ്ഞിച്ചെടിയില്‍ ഒരു മൊട്ട് വളരുന്നതായി കണ്ടത്. അറിയാതെ എന്റെ മനസ്സിലും ഒരു സന്തോഷമൊട്ടിട്ടു.

ഇന്നലെയാണ് അവള്‍ വിരിഞ്ഞത്! സുന്ദരിയായൊരു മഞ്ഞപ്പൂവ്. ഒറ്റയ്ക്ക്, കത്തുന്ന വേനലില്‍, അറിയാത്ത ദേശത്ത്, ഒരു സുന്ദരിപ്പൂവ്

“കുഞ്ഞിച്ചെടിയേ... നിനക്ക് ദുഃഖമില്ലേ?”

“എന്തിന്”

“നിന്റെ ജന്മദേശത്ത് കൂട്ടുകാരുടെ ഇടയില്‍ സന്തോഷത്തോടെ ജീവിക്കേണ്ടവള്‍ നീ, ഇവിടെ വന്ന് ഈ മരുഭൂമിയില്‍ ഒറ്റയ്ക്ക്. വിഷമമില്ലേ നിനക്ക്?“

“ഇല്ല“ കുഞ്ഞിച്ചെടി പറഞ്ഞു. “അനേകായിരം കാതങ്ങള്‍ ഏകയായി താണ്ടി നിന്റെ മുന്നില്‍ ഒരു വിത്തായി എത്തുവാനും മുളയ്ക്കാനും പൂവിടാനുമായിരുന്നു എന്റെ നിയോഗം. അതില്‍ എന്റെ ഇഷ്ടത്തിനെന്ത് പ്രസക്തി”

“എന്നാലും...........” ഞാന്‍ ഒന്ന് മടിച്ചിട്ട് തുടര്‍ന്നു. “ഈ ചൂട് നിനക്ക് സഹിക്കാവതുണ്ടോ? ഈ വരണ്ട കാറ്റില്‍ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ നിനക്ക് അതിജീവനം കാണുമോ”

എന്റെ മുഖം ശോകമയമാകുന്നത് കുഞ്ഞിച്ചെടി കണ്ടു.

‘എന്റെ മണ്ടനങ്കിളേ...!” കുഞ്ഞിച്ചെടി ഒന്ന് ചിരിച്ചു.

“രണ്ടുനാളെങ്കില്‍ രണ്ടുനാള്‍. ആ രണ്ടുനാള്‍ സ്വയം സന്തോഷിക്കയും നിങ്ങളെ സന്തോഷിപ്പിക്കയുമാണെന്റെ ലക്ഷ്യം”

“ദേ മേലെ നിന്ന് ആ റ്റ്യൂബ് വഴി വല്ലപ്പോഴും ഒഴുകിയെത്തുന്ന വെള്ളത്തുള്ളികള്‍ കണ്ടോ?”

ഞാന്‍ മേലോട്ട് നോക്കി.

‘അത് മതി, വല്ലപ്പോഴും എത്തുന്ന ആ ഒരു തുള്ളി ജലം, അതിന്റെ ഒരു ചെറുകുളിര്‍, പിന്നെ ഒരാളിന്റെയെങ്കിലും സ്നേഹം, ഒരു ചെറു തലോടല്‍. അതൊക്കെ മതി അങ്കിളേ ജീവിക്കാന്‍“

മഞ്ഞപ്പൂവിന്റെ മുഖം ഒന്ന് തുടുത്തു. അതില്‍ നിന്ന് സൌരഭ്യം പ്രസരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ സന്തോഷത്തോടെ കൊടുംവെയിലിലേക്കിറങ്ങി.