വിജയന്റെ ശിഷ്യത്വത്തിലാണ് ബീഡി വലിക്കാനും കഞ്ചാവ് വലിക്കാനും കള്ള് കുടിക്കാനും പഠിച്ചത്. പിന്നെ ഗള്‍ഫിലേയ്ക്ക് പോന്നപ്പോള്‍ ആ ബന്ധം വളരെ ദുര്‍ബലമായിത്തീര്‍ന്നു. അവധിക്കാലത്ത് മാത്രം കാണുന്ന സൌഹൃദം. ഓരോ അവധിക്ക് നാട്ടിലെത്തുമ്പോഴും വിജയന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങള്‍ കുറഞ്ഞു വരുന്നുണ്ടായിരുന്നു. ആദ്യത്തെ അവധിക്കാലത്താണ് വലതുകാല്‍പ്പാദം മുറിച്ച് മാറ്റിയത്.
“അത് ബീഡി വലിച്ചിട്ട് ഉണ്ടായ സൂക്കേടാന്നാ ഡോക്ടറ് പറഞ്ഞത്“
പറയുമ്പോളുള്ള മുഖഭാവം കണ്ടപ്പോള്‍ വിജയന് ഇതൊന്നും പ്രശ്നമല്ല എന്ന് തോന്നി.
അടുത്ത അവധിക്കാലത്തിന് തൊട്ടുമുന്‍പ് നാട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍വിജയന്റെ വലതുകാല് മുട്ടിന് മേല്‍ വച്ച് മുറിച്ചുമാറ്റി എന്നറിഞ്ഞു.
നാട്ടിലെത്തിയ ദിവസം തന്നെ വിജയനെ കണ്ടു. മുമ്പുണ്ടായിരുന്ന നെഞ്ചുറപ്പ് കാണാനില്ല ഇപ്പോള്‍. മീന കൂലിപ്പണിക്ക് പോയിട്ടാണ് ചെലവ് കഴിയുന്നത്. ചില സഹായങ്ങള്‍ കൊണ്ട് ചികിത്സയും.
ഗള്‍ഫിലാണെങ്കിലും ദുരിതപര്‍വം താണ്ടുന്ന ഞാന്‍ കഴിവതിനപ്പുറം ഒരു തുക കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ മീന ഒന്ന് മടിച്ചു.
അടുത്ത അവധിക്കാലത്ത് ഇടതുകാലും മുട്ടിന് താഴെ വച്ച് മുറിച്ചു. മെഡിക്കല്‍ കോളേജില് കൊണ്ടുപോകാനും വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാനും സാധിച്ചു. എല്ലാത്തിനും മീന നന്ദി പറഞ്ഞത് സങ്കടത്തോടെയാണ്.
പിന്നത്തെ അവധിക്കാലത്ത് അരയ്ക്ക് താഴെ ശരീരമില്ലാത്ത വിജയനെ കണ്ടു.
അടുത്ത അവധിക്കാലമായപ്പോഴേയ്ക്കും ഇടംകൈ തോള് ചേര്ത്ത് മുറിച്ചിരുന്നു. ഇങ്ങനെ നരകിപ്പിക്കാതെ മനുഷ്യരെ വേഗം ജീവിതത്തില്‍ നിന്ന് തിരിച്ച് വിളിക്കുന്നതെത്ര നന്നായിരിക്കും എന്നാണ് തോന്നിയത്.
ഉപഗുപ്തന്റെ മുന്‍പില്‍ കിടന്ന വാസവദത്തയുടെ ശരീരമെന്ന മാംസപിണ്ഡം പോലെ ഒരു മനുഷ്യ രൂപം.
അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞുപോയി. അടുത്ത അവധിക്കാലവുമെത്തി. വേറെ ആര്‍ക്കും ഒന്നും വാങ്ങിയില്ലെങ്കിലും വിജയന് വേണ്ടി ചില സാധനങ്ങള്‍ വാങ്ങാന്‍ മറന്നില്ല.
അവശേഷിച്ച വലതുകയ്യിലും പഴുപ്പ് ബാധിച്ച് വല്ലാത്ത വേദന കടിച്ച് പിടിച്ചിരിക്കുമ്പോഴും എന്നെ കണ്ട സന്തോഷം ആ മുഖത്ത് തെളിഞ്ഞു.
“ഇതും കൂടെ മുറിച്ച് കളഞ്ഞാല്‍ പിന്നെ കുഴപ്പമില്ലെന്നാ ഡോക്ടറ് പറഞ്ഞത്” വിജയന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ പൊന്‍തിരിവെട്ടം!
ജീവിതമെന്ന മഹാത്ഭുതം! ഓരോന്നോരോന്നായി സര്‍വവും നഷ്ടമാകുമ്പോഴും അവശേഷിക്കുന്ന പൊട്ടും പൊടിയും ചേര്‍ത്ത് വച്ച് മുളപൊട്ടുന്ന പ്രതീക്ഷയോടെ നാളെയിലേയ്ക്ക് പ്രത്യാശയോടെ നമ്മെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്!
അതിന്റെ മുന്നില്‍ ഞാന്‍ നിശ്ശബ്ദനായി നിന്നു.