സ്കൂളിലും കോളെജിലും ഐ റ്റി ഐയിലുമൊക്കെ സാധുക്കളായി പഠിച്ചിറങ്ങിയ ഞങ്ങള്‍ക്ക് നാവികസേനയുടെ ടെക്നിക്കല്‍ സ്കൂളിലേയ്ക്ക് പെട്ടെന്നൊരു വാതില്‍ തുറന്നപ്പോള്‍ കാണുന്നതെല്ലാം അദ്ഭുതമായിരുന്നു. സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത പടക്കപ്പലുകള്‍, സാധാരണക്കാര്‍ക്ക് ഒരിക്കലും കാണാന്‍ കഴിയാത്ത മുങ്ങിക്കപ്പലുകളും പടക്കോപ്പുകളും, വെട്ടിത്തിളങ്ങുന്ന തൂവെള്ള യൂണിഫോം അണിഞ്ഞ ഓഫീസര്‍മാരുടെ സെറിമോണിയല്‍ പരേഡിന്റെ അരികുകളിലൂടെ ഉള്ള യാത്രകള്‍, “സമുദ്രിക“ എന്ന നേവല്‍ തിയേറ്ററിലെ ക്ലാസിക് സിനിമകളുടെ ഫ്രീ കാഴ്ച്ചകള്‍. യുദ്ധസജ്ജമായ ടാങ്കുകളുടെയും വലിയ പീരങ്കികളുടെയും ഇടയിലൂടെയൊക്കെയുള്ള നുഴഞ്ഞുകയറല്‍. ഉച്ചവരെയുള്ള തിയറി ക്ലാസ്, അതുകഴിഞ്ഞ് ഷിപ് യാര്‍ഡിലെ വര്‍ക് ഷോപ്പുകളിലും ഷിപ്പുകളിലുമുള്ള പ്രാക്റ്റിക്കല്‍ ക്ലാസ്സുകള്‍. ഇന്‍ഡ്യയുടെ പരിച്ഛേദമായ ഹോസ്റ്റലിലെ താമസം. രാവിലെ മടിച്ച് മടിച്ച് ഉള്ള പി.റ്റി. ഇതെല്ലാം പുതിയതരത്തിലുള്ള അനുഭവങ്ങളായിരുന്നു. വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിലായിരുന്നു എന്റെ അപ്രന്റിസ് ഷിപ്.
ആ രണ്ടു വര്‍ഷം ഇന്‍ഡ്യന്‍ നേവിയുടെ സിവിലിയന്‍ ലൈഫ് പരിശീലനം ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനേക പാഠങ്ങളാണ് പഠിപ്പിച്ചത്. അനുസരണത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം രണ്ടിടത്താണേറ്റമധികം ദൃശ്യമാവുന്നതെന്ന് ചിലപ്പോള്‍ തോന്നും. ഒന്ന് നമ്മുടെ വളര്‍ത്തുനായയിലാണ്. പിന്നെ ഡിഫന്‍സ് ഫോര്‍സിലും. ആദ്യം അനുസരിക്കുക, പിന്നെ പരാതിയുണ്ടെങ്കില്‍ പറയുക എന്നതാണ് പ്രതിരോധസേനയിലെ വഴക്കം. ഓഫിസര്‍ നിന്നോട് കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ ഉടന്‍ ചാടുക, കയറിവരാന്‍ ഭാഗ്യമുണ്ടെങ്കില്‍ വന്ന് എന്തിനാണ് കിണറ്റില്‍ ചാടാന്‍ പറഞ്ഞതെന്ന് ചോദിക്കുക. ഇത്തരത്തിലുള്ള അനുസരണം തീര്‍ച്ചയായും വേണം. അല്ലെങ്കില്‍ എന്ത് അരാജകത്വം ആയിരിക്കും അല്ലേ?
ഹോസ്റ്റലില്‍ പച്ചരിച്ചോറ് മാത്രമേ വിളമ്പാറുള്ളു. കിട്ടുന്ന ഭക്ഷണത്തിലോ ചോറിന്റെ അതേ രൂപത്തിലുള്ള പുഴുക്കള്‍ കാണുകയും ചെയ്യും. താമസമാരംഭിച്ച് ആദ്യം പരാതി പറഞ്ഞപ്പോള്‍ ഹോസ്റ്റല്‍ റസിഡന്റ് ഓഫിസര്‍ ലഫ്റ്റനന്റ് കമാന്‍ഡരുടെ അടുത്ത് പറഞ്ഞു. അടുത്ത ദിവസം അയാള്‍ വന്ന് എല്ലാവരെയും ഫാള്‍ ഇന്‍ ചെയ്യിച്ച് ഇങ്ങിനെ പറഞ്ഞു. ഇവിടെ ഈ ഭക്ഷണം മാത്രമേ ഉള്ളു. ഇത് കഴിച്ചേ പറ്റു. അയാള്‍ക്കും ഇതെ അരി തന്നെയാണ് കിട്ടുന്നത് എന്നുപറഞ്ഞ് അവിടെ നിന്നുതന്നെ ഒരു പാത്രത്തില്‍ ചോറും കറിയുമെടുത്ത് കഴിക്കയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് പിന്നെ ഒന്നും പറയാനില്ലാതെയായി. പിന്നെ ഞങ്ങള്‍ വെളിച്ചമുള്ള ഒരു സ്ഥലത്തുവച്ചും ചോറുണ്ണൂകയില്ലായിരുന്നു. പുഴുക്കളെ കണ്ടാലല്ലേ പ്രശ്നമുള്ളു.
ഖുക്രിയുടെ എംബ്ലം |
വടക്കന്‍ പാട്ടിലെ വീരകഥകള്‍ പാടിപാടി നടക്കുന്ന പാണന്മാരെപ്പോലെ ഖുക്രിയുടെയും എം എന്‍ മുല്ലയുടെയും വീരചരിതം ഒരുതവണയെങ്കിലും ആരെങ്കിലും ആരോടെങ്കിലും പറയാതെ സിന്ധ്യയിലെ ഹോസ്റ്റലില്‍ എന്നെങ്കിലും രാവുറങ്ങിയിട്ടുണ്ടാവുമോ? സംശയമാണ്. അത് 1981 അവസാനമായിരുന്നു. വെറും പത്തുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു ഖുക്രി മുങ്ങിപ്പോയിട്ട്. ഈ ബ്ലോഗ് വായിക്കുന്നവരില്‍ എത്ര പേര്‍ എഴുപത്തൊന്നിലെ യുദ്ധത്തെപ്പറ്റി ഓര്‍മ്മയുള്ളവര്‍ കാണുമെന്നറിയില്ല. എന്നാല്‍ എന്നും രാവിലെ സ്കൂള്‍ അസംബ്ലിയില്‍ “ ഇന്ന് നമ്മള്‍ ശത്രുവിന്റെ രണ്ട് ടാങ്കുകള്‍ തകര്‍ത്തു” അല്ലെങ്കില്‍ “ഇന്ന് ഒരു വിമാനം വെടിവച്ചിട്ടു” എന്നൊക്കെയുള്ള പത്രവാര്‍ത്തകള്‍ വായിച്ച് കേട്ട് ജയ് ഹിന്ദ് പറഞ്ഞ് ക്ലാസ് മുറികളിലേയ്ക്ക് നടന്നതൊക്കെ ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.
ഖുക്രി-ഫയല്‍ ഫോട്ടോ |
നാവികസേനയുടെ വെസ്റ്റേണ്‍ ഫ്ലീറ്റിലെ പതിനാലാം ഫ്രിഗെറ്റ് സ്ക്വാഡ്രനില്‍ മൂന്ന് കപ്പലുകളാണുണ്ടായിരുന്നത്. ഖുക്രി, ക്രിപാണ്‍, കുത്താര്‍. മൂന്നും ഓരോ തരത്തിലുള്ള കത്തികളുടെ പേരാണ്. ക്രിപാണ്‍ സിക്കുകാര്‍ മതചിഹ്നം ആയി ധരിക്കുന്ന കത്തിയാണെന്നറിയാമല്ലോ. അതില്‍ ഫ്ലാഗ് ഷിപ് ഖുക്രി ആയിരുന്നു. ക്യാപ്റ്റന്‍ എം എന്‍ മുല്ലയും. എഴുപത്തൊന്നിലെ യുദ്ധത്തില്‍ വെസ്റ്റേണ്‍ ഫ്ലീറ്റിന് വലിയ ചുമതലകളും കടമകളും നിര്‍വഹിക്കാനുണ്ടായിരുന്നു. കച്ച് മുതല്‍ കൊച്ചി വരെ തീരവും കടലും സംരക്ഷിക്കുന്നത് ഇതിന്റെ കടമ ആയിരുന്നു. അതു മാത്രമല്ല പാക്കിസ്ഥാന്‍ തീരങ്ങളും തുറമുഖങ്ങളും ആക്രമിക്കുന്നതും പാക്കിസ്ഥാന്റെ എവ്വിധമുള്ള കടല്‍യാത്രകളും തടയുന്നതും ഡ്യൂട്ടിയില്‍ പെടും.
നവംബര്‍ മാസമദ്ധ്യത്തില്‍ തന്നെ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങിയിരുന്നു. ഡിസംബര്‍ രണ്ടാം തീയതി ഖുക്രി, ക്രിപാണ്‍, കുത്താര്‍ ത്രയം കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ടു. നാല് ഒസാ മിസൈല്‍ ബോട്ടുകളും രണ്ട് പേറ്റ്യാ യുദ്ധക്കപ്പലുകളും അടങ്ങുന്നതായിരുന്നു കമാന്‍ഡ്. നാലാം തീയതി കുതാറിന്റെ ബോയിലറിലുണ്ടായ ഒരു പൊട്ടിത്തെറി മൂലം പ്രവര്‍ത്തനരഹിതമായി. ക്രിപാണ്‍ അവളെ കെട്ടിവലിച്ച് ബോംബേ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. ഒപ്പം ഖുക്രിയും മറ്റു കപ്പലുകളും മടങ്ങി. അഞ്ചാം തീയതി ഖുക്രിയുടെ സൊണാര്‍ സമുദ്രാന്തര്‍ഭാഗത്തുനിന്ന് സിഗ്നലുകള്‍ പിടിച്ചെടുത്തു. മുങ്ങിക്കപ്പലിന്റെ സാന്നിദ്ധ്യം മനസ്സിലായ അവര്‍ ഹെഡ് ക്വാര്‍ട്ടെര്‍സിനെ വിവരം അറിയിച്ചു. ആറാം തീയതി അവര്‍ ബോംബെയിലെത്തി.
എന്നാല്‍ തന്ത്രപ്രധാനമായ ഡിയു ഏരിയയില്‍ ശത്രുവിന്റെ ഒരു മുങ്ങിക്കപ്പല്‍ എന്നത് ഏറ്റവും അപകടകരമായ കാര്യം തന്നെയായിരുന്നു. അതുകൊണ്ട് എട്ടാം തീയതി ക്രിപാണും ഖുക്രിയും സബ് മറൈന്‍ വേട്ടയ്ക്കായി പുറപ്പെട്ടു. അവര്‍ ഡിയുതുറമുഖവും പുറങ്കടലും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. ഒമ്പതാം തീയതി രാത്രി എട്ടു മണിയ്ക്ക് കടലിന്റെ ആഴങ്ങളില്‍ നിന്ന് ഹുംകാരത്തോടെ പാഞ്ഞുവന്ന ഒരു ടോര്‍പിഡോ ക്രിപാണിനെ തൊട്ടു തൊട്ടില്ല എന്നപോലെ പാഞ്ഞുപോയി. അവള്‍ പെട്ടെന്ന് തെന്നെ വെട്ടിത്തിരിഞ്ഞ് അപകടം ഒഴിവാക്കി.
എന്നാല്‍ ഒളിഞ്ഞിരിക്കുന്ന മുങ്ങിക്കപ്പലിന് ഖുക്രി നല്ലയൊരു ടാര്‍ഗറ്റ് ആയിരുന്നു. സബ്മറൈന്‍ കടല്‍ യുദ്ധതന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് നേര്‍ രേഖയില്‍ സഞ്ചരിക്കരുതെന്നതും ബ്രോഡ് സൈഡ് ഒരേ ദിശയില്‍ അധികനേരം പ്രദര്‍ശിപ്പിക്കരുതെന്നതും. മാത്രമല്ല, പുതിയ സൊണാര്‍ സംവിധാനം ഫിറ്റ് ചെയ്തിരുന്നതിനാല്‍ അത് പരീക്ഷിക്കുന്നതിനും കൂടുതല്‍ മികവുള്ള ശബ്ദതരംഗങ്ങള്‍ പിടിച്ചെടുക്കുന്നതിനും ഖുക്രി ശാന്തസമയങ്ങളിലെന്നപോലെ മെല്ലെയാണ് യാത്ര ചെയ്തിരുന്നതും.
അടുത്ത ടോര്‍പിഡോ അവളുടെ ഫ്യൂവല്‍ ടാങ്കിന്റെ പരിസരങ്ങളിലാണ് പതിച്ചത്. വലിയ സ്ഫോടനം നടന്നു. ഉടനെ തന്നെ കപ്പല്‍ മുങ്ങുമെന്നറിഞ്ഞ ക്യാപ്റ്റന്‍ ലൈഫ് ബോട്ടുകളും റാഫ്റ്റുകളും ഇറക്കാന്‍ കല്പന കൊടുത്തു. സ്ഫോടനത്തില്‍ തന്നെ വളരെയധികം നാവികര്‍ കൊല്ലപ്പെട്ടിരുന്നു. അവശേഷിച്ചവരോട് എത്രയും വേഗം ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേയ്ക്ക് ചാടി രക്ഷപ്പെടുവാന്‍ ക്യാപ്റ്റന്‍ നിര്‍ദേശിച്ചു.
ക്യാപ്റ്റന്‍ മുല്ല |
കടലിലെ പ്രൌഢമായ ഒരാചാരമാണ് ക്യാപ്റ്റന്‍ മുങ്ങുന്ന കപ്പലിനോടൊപ്പം പോവുക എന്നത്. ജപ്പാനിലെ ഹര-കിരി പോലെയെന്ന് പറയാം. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ കാണുന്നത് അവസാനസമയത്ത് തന്റെ രണ്ടാമനായ ലഫ്റ്റനന്റ് കമാണ്ടര്‍ ജോഗിന്ദര്‍ കിഷന്‍ സൂരിയും ക്യാപ്റ്റന് പിന്തുണ കൊടുത്തുകൊണ്ട് ബ്രിഡ്ജിലുണ്ടായിരുന്നു എന്നാണ്. 18 ഓഫിസര്‍മാരും 176 നാവികരും അന്ത്യശ്വാസം വലിച്ച നൌകയില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അറബിക്കടലിന്റെ അഗാധതയിലേയ്ക്ക് ഋഷിതുല്യമായ ശാന്തതയോടെ കടന്നുപോയ ആ നാല്പത്തഞ്ചുവയസ്സുകാരന്റെ മനസ്സില്‍ കൂടി കടന്നുപോയ ചിന്തകളെന്തായിരിക്കാം?
മുങ്ങുന്ന ഖുക്രിയുടെ സഖിയായ ക്രിപാണിന് ഒരു വിഷമവൈതരണിയായിരുന്നു പിന്നെയുള്ള നിമിഷങ്ങള്‍. ശത്രുവിന്റെ മിസൈലിനെ വകവയ്ക്കാതെ കടലില്‍ അകപ്പെട്ടുപോയ നാവികരെ രക്ഷപ്പെടുത്തുകയോ കഴിയുന്നതും വേഗം രക്ഷാമാര്‍ഗം തേടുകയോ? ക്രിപാണ്‍ എന്തായാലും രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു. പില്‍ക്കാലത്ത് ആ തീരുമാനം വളരെയധികം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയെന്നത് വേറെ വിഷയം. ആറ് ഓഫിസര്‍മാരും അറുപത്തൊന്ന് നാവികരുമായിരുന്നു ഖുക്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. ക്രിപാണ്‍ റിസ്ക് എടുത്തിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ രക്ഷപ്പെടുമായിരുന്നു എന്നതാണ് വിമര്‍ശകരുടെ വാദം. ആര്‍ക്കറിയാം? ചിലപ്പോള്‍ ഇതൊന്നും പറഞ്ഞുതരാന്‍ ആരുമില്ലാതെ രണ്ടുകപ്പലിലെയും നാവികര്‍ പൂര്‍ണ്ണമായും കടലില്‍ മുങ്ങിയേനെ ക്രിപാണ്‍ അവിടെ രക്ഷാപ്രവര്‍ത്തനത്തിനായി നിന്നുവെങ്കില്‍.
പിറ്റെ ദിവസം കൂടുതല്‍ ഫോഴ്സുമായി ക്രിപാണ്‍ വന്നാണ് കടലില്‍ ജീവനോടെ അവശേഷിച്ച എല്ലാവരെയും രക്ഷപ്പെടുത്തിയത്.
എന്തായാലും ഇന്‍ഡ്യന്‍ നേവിയുടെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിത്തന്നെ ഖുക്രിയും മഹേന്ദ്ര നാഥ് മുല്ലയും തുടരും. ഇപ്പോള്‍ നേവല്‍ ഇടനാഴികളില്‍ ഈ വീരകഥ ഏതെങ്കിലും പാണന്മാര്‍ പാടുന്നുണ്ടാവുമോ? വിശാഖപട്ടണത്തെ നേവല്‍ മന്ദിരങ്ങളില്‍ ഒരു ഫോട്ടോയുടെ മുമ്പില്‍ നിന്ന് ആരെങ്കിലും നെഞ്ചില്‍ നിറയുന്ന ദേശഭക്തിയോടെ ജയ് ഹിന്ദ് എന്ന് മനസ്സില്‍ പറയുന്നുണ്ടാകുമോ? എന്നിട്ട് പുതുതായി വരുന്ന ഒരാളിന് ഇതാണ് ഖുക്രിയുടെ ക്യാപ്റ്റന്‍ എന്ന് തുടങ്ങി ആ വീരചരിതം ഓര്‍ത്തെടുത്ത് പറഞ്ഞുകൊടുക്കുന്നുണ്ടാവുമോ?
യുദ്ധതന്ത്രങ്ങളില്‍ വിജയിച്ചവര്‍ മാത്രമല്ല ജനഹൃദയങ്ങളില്‍ ഇടം പിടിക്കുന്നത്. തോറ്റവരും ചിലപ്പോള്‍ ഇടം പിടിക്കുമെന്ന് ഈ ക്യാപ്റ്റന്‍ നമ്മെ പറയാതെ പറഞ്ഞുമനസ്സിലാക്കുന്നു.
യുദ്ധം കഴിഞ്ഞ് മഹേന്ദ്ര നാഥ് മുല്ലയ്ക്ക് സര്‍ക്കാര്‍ മഹാവീര്‍ ചക്ര മരണാനന്തരബഹുമതിയായിട്ട് കൊടുത്തു. എന്നാല്‍ ഖുക്രി മുങ്ങിയ കൃത്യമായ സ്ഥലം ഇന്നുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. സ്വകാര്യവ്യക്തികള്‍ ഡൈവ് ചെയ്ത് കപ്പലില്‍ ഒരു തരത്തിലുമുള്ള ഗവേഷണം നടത്തരുത് എന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വാദം. എന്നാല്‍ കൃത്യമായ സ്ഥലം വെളിപ്പെടുത്തണമെന്ന് അന്ന് കുറെപ്പേര്‍ വാദിച്ചിരുന്നു. മരിച്ചവരുടെ എന്തെങ്കിലും അവശിഷ്ടങ്ങള്‍ ലഭിക്കയാണെങ്കില്‍ യഥാവിധി ഒരു സംസ്കാരം നടത്താമല്ലോ എന്നായിരുന്നു അവരുടെ പക്ഷം. കടലില്‍ സമാധിയായവരെ സ്വൈര്യമായി അവിടെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് മറുപക്ഷവും.
ബാരന്റ്സ് കടലില്‍ റഷ്യയുടെ “കര്‍സ്ക്” മുങ്ങിയപ്പോള്‍ നോര്‍വീജിയന്‍ സാല്‍വേഷന്‍ ടീം അത് പൊക്കിയെടുത്ത സമയത്ത് ഖുക്രിയും ഉയര്‍ത്തിയെടുക്കണമെന്ന് കുറെപ്പേര്‍ വാദിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ നിര്‍മാണം മറ്റു കപ്പലുകള്‍ പോലെയല്ല. പല അറകളായിട്ടാണ് അവ. ഒരു അറ പൊളിഞ്ഞ് വെള്ളം കയറിയാലും പിന്നെയും അനേക അറകളുണ്ട്, അവയൊക്കെ തകര്‍ത്ത് എങ്ങിനെയാണ് ഖുക്രി ഇത്ര പെട്ടെന്ന് മുങ്ങിയതെന്നതില്‍ ഗവേഷണം നടത്തണമെന്നതാണവരുടെ ആവശ്യം. എന്തായാലും പ്രതിരോധമന്ത്രാലയം ഈ വക ആവശ്യങ്ങള്‍ക്കൊന്നും ചെവികൊടുക്കുന്നില്ല.
ഖുക്രി അപകടം വളരെയേറെ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാമത്തെ വിവാദം ഖുക്രി ക്രിപാണ്‍ കുത്താര്‍ ത്രയങ്ങള്‍ ഹണ്ടര്‍-കില്ലര്‍ ഓപ റേഷന് അനുയോജ്യമല്ലാതിരുന്നിട്ടും അതിനായി നിയോഗിച്ചു എന്നതാണ്. പിന്നെ പുതിയ സൊണാര്‍ പരീക്ഷിച്ചുനോക്കാന്‍ നിര്‍ദേശിച്ചു എന്നത്. ഒടുവിലായി കപ്പലിന്റെ പ്രയാണം യുദ്ധമുഖത്ത് ഒട്ടും അനുയോജ്യമല്ലാത്ത രീതിയില്‍ ആയിരുന്നുവെന്നതാണ്. അപകടം അതിജീവിച്ച ഒരു സൈനികന്‍ പിന്നെ മിലിട്ടറി ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുക പോലുമുണ്ടായി ധീരതയ്ക്കുള്ള മെഡലുകള്‍ എല്ലാം തിരിയെ വാങ്ങണമെന്നും വിശദമായ ഒരു അന്വേഷണം നടത്തണമെന്നും. എന്നാല്‍ വിധി എഴുതിയത് എഴുതിയത് തന്നെ എന്നാണ് നേവല്‍ ഹെഡ് ക്വാര്‍ട്ടേര്‍സിന്റെ അഭിപ്രായം.
ഹാങ്ങോര്‍ ക്ലാസ് സബ് മറൈന്‍ |
ഖുക്രി സ്മാരകം |
യുദ്ധം ആരും ജയിക്കുന്നില്ല. ജയിക്കുന്നവരും തോല്‍ക്കുക തന്നെയാണ് ഒരര്‍ത്ഥത്തില്‍. ഇനിയും ലോകത്തില്‍ ഒരു യുദ്ധവും നടക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം അല്ലേ?
കടപ്പാട്: വിശാഖപട്ടണം ഓര്‍മ്മകള്‍, ഗൂഗിള്‍, വിക്കിപീഡിയ. ഫോട്ടോകള്‍ എല്ലാം ഗൂഗിള്‍ തന്നത്.
ചില വിശദീകരണങ്ങള്‍ നല്ലതെന്ന് തോന്നുന്നു:
ഷിപ്പിന്റെ ബ്രിഡ്ജ് എന്നുപറയുന്നത് സൂപ്പര്‍ സ്ട്രക്ചറിന്റെ ഏറ്റവും മുകളിലുള്ള സ്ഥലമാണ്. അവിടെയാണ് വീല്‍ ഹൌസ്. വിമാനത്തിന്റെ കോക് പിറ്റ് പോലെ ഷിപ്പിന് വീല്‍ ഹൌസ്. എല്ലാ നിയന്ത്രണങ്ങളും അവിടെ നിന്ന് സാധിക്കും.
സൊണാര്‍ എന്നത് ശബ്ദതരംഗങ്ങള്‍ കൊണ്ട് ദൂരെയുള്ള തടസ്സങ്ങള്‍ അറിയുന്ന സംവിധാനമാണ്. ഏറ്റവും ലളിതമായി അതിന്റെ പ്രവര്‍ത്തനരീതിയെപ്പറ്റി: ഷിപ്പില്‍ നിന്ന് ശബ്ദതരംഗങ്ങള്‍ പ്രവഹിപ്പിക്കുന്നു. അവ എവിടെയെങ്കിലും തട്ടി തിരിച്ച് ഷിപ്പിലേയ്ക്ക് എത്തുന്നു. തരംഗങ്ങള്‍ തിരിയെ വരാനെടുത്ത സമയവും സ്വഭാവവും നോക്കി കമ്പ്യൂട്ടര്‍ തടസ്സങ്ങളെ പറ്റി മുന്നറിയിപ്പ് കൊടുക്കുന്നു
ബ്രോഡ് സൈഡ് എന്നതിന് ഷിപ്പിംഗ് ടെര്‍മിനോളജിയില്‍ അര്‍ത്ഥം ഷിപ്പിന്റെ വശങ്ങള്‍ എന്നാണ്.
ഫ്രിഗെറ്റ് എന്നത് ഏതുതരം യുദ്ധക്കപ്പലുകളെയും കുറിക്കുന്നു.
ഒസാ മിസൈല്‍ റഷ്യന്‍ നിര്‍മ്മിതവും ഇന്‍ഡ്യ അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതുമായ മിസൈല്‍ ആണ്.
പെറ്റ്യാ എന്നത് റഷ്യന്‍ നിര്‍മ്മിതമായ ഒരു തരം യുദ്ധക്കപ്പലുകളാണ്.