ചില പെട്ടികള്‍ അവിടെയുണ്ടെന്ന് അറിയാതെയിരിക്കുന്നത് ഏറ്റവും നല്ലതാണ്. പത്മനാഭക്ഷേത്രത്തിലെ പെട്ടികള്‍ കൊണ്ട് നാടിന് ഗുണം വരുമോ ദോഷം വരുമോ? ലോകശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലുള്ള ഒരു നിധിശേഖരമാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തത്.
അതോടൊപ്പം തന്നെ അവസാനമില്ലാത്ത, അല്ലെങ്കില്‍ പരിഹാരം എളുപ്പമല്ലാത്ത പ്രശ്നങ്ങളുടെയും പെട്ടിയാണ് തുറക്കപ്പെട്ടതെന്നാണെന്റെ അനുമാനം.
ഈ വന്‍സ്വത്ത് ഇനി സുരക്ഷിതമായി പരിപാലിക്കണമെങ്കില്‍ ചെറിയ സേനയൊന്നും പോര, അതിന് ആധുനികനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ ചെലവ് വേറെ വേണം.
ബഡ്ജറ്റില്‍ പ്രത്യേകതുക വകകൊള്ളിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ നിധിയില്‍ നിന്നൊരു ഭാഗം ചെലവിലേയ്ക്കായി വില്ക്കാന് സാധിക്കുമോ?
അതിനെപ്പറ്റി ആലോചിക്കുക പോലും വേണ്ട ഇപ്പോള്‍.
ഇനി ഇതിന്റെ ഉടമസ്ഥാവകാശം.
അതിനെച്ചൊല്ലി നടക്കാന്‍ പോകുന്ന ദീര്‍ഘമായ തര്‍ക്കങ്ങള്‍.
അതുവരെ പോലീസിനും ക്ഷേത്രട്രസ്റ്റിനും ഉറക്കമില്ലാത്ത നാളുകള്‍,
അതില്‍ നിന്ന് അല്‍പ്പം അടിച്ച് മാറ്റാന്‍ വഴി ആലോചിച്ച് തല പുകയ്ക്കുന്ന കയ്യിട്ട് വാരികള്‍, “ഞങ്ങടെയാ, മറ്റാരും തൊട്ടുപോകരുത്” എന്ന് ഗര്‍ജ്ജിക്കുന്ന ജാതിക്കോമരങ്ങള്‍,
രാജഭക്തികൊണ്ട് വേണമെങ്കില്‍ മുട്ടിലിഴയാന്‍ തയ്യാര്‍ എന്ന് ഭാവിക്കുന്ന എട്ടുവീട്ടില്‍ പിള്ളമാര്‍, ക്ഷേത്രത്തിന്റെ നിധി ഹൈന്ദവര്‍ക്ക് മാത്രം എന്ന് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എറിയുന്നവര്‍, പത്മനാഭന്റെ സ്വത്ത് പത്മനാഭന് മാത്രം എന്ന് ഓര്ഡറിടുന്നവര് (പത്മനാഭനെന്തിനാണ് സ്വത്ത്?) യഥാര്‍ത്ഥത്തില്‍ ഇത് ആര്‍ക്കവകാശപ്പെട്ടതാണ്? രാജകുടുംബത്തിനോ? ക്ഷേത്രത്തിനോ? സര്‍ക്കാരിനോ? ജനങ്ങള്‍ക്കോ? രാജ്യത്തിനോ?
തീരുമാനമെടുക്കാന്‍ കഴിയാതെ കുഴയുന്ന നീതിപീഠങ്ങള്‍, അന്തമില്ലാത്ത തര്‍ക്കങ്ങള്‍.
വളരെ സെന്‍സിറ്റീവ് ആയ ഒരു പ്രശ്നം ആണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.
ഒരു കണക്കിന് ചിന്തിച്ചാല്‍ ഇത് അവിടെയുണ്ടെന്ന് അറിയാതിരിക്കയായിരുന്ന് നല്ലത്. ഇതുവരെയുള്ള പോക്ക് വച്ച് നോക്കിയാല്‍ പെട്ടി പൊട്ടിയത് കൊണ്ട് ഗുണമൊന്നും കാണുന്നില്ല.
ഗുണമുണ്ടായേനെ, ഉഡായ്പ്പുവിശ്വാസത്തിന്റെ നടപ്പുദീനമില്ലാത്ത സമൂഹവും നട്ടെല്ലുള്ള ഭരണവും ജനക്ഷേമം ആഗ്രഹിക്കുന്ന നീതിപതികളും രാഷ്ട്രീയമുതലെടുപ്പുകളുടെ പൊറാട്ടുനാടകം കളിക്കാത്ത നേതാക്കളും ഒക്കെയുണ്ടെങ്കില്‍...കാത്തിരുന്ന് കാണുക തന്നെ