Friday, November 30, 2012

മനസാ സ്മരാമി

“ഡാ, നീയ്  ആപ്പോണവളെ ഒന്ന് സൂക്ഷിച്ച് നോക്ക്യോണം....”
മുമ്പില്‍ പോകുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഗീതച്ചിറ്റ പെട്ടെന്നങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നമ്പരന്നു.
പിന്നെ ആ സ്ത്രീയെ നോക്കി. ആദ്യം ശ്രദ്ധിച്ചത്  നല്ല ആകൃതിയിലുള്ള  പിന്‍ഭംഗിയാണ്. നടക്കുന്നതിനനുസരിച്ച് നല്ല താളത്തില്‍ ചലിക്കുന്ന നിതംബം.
ഒരു നിമിഷം ഞാന്‍ വല്ലാതെയായി
സ്വതവെ നിതംബഭംഗിയോട് അല്പം അധികതാല്പര്യമുണ്ടെനിക്ക്. ഇന്നലെ ചന്തയില്‍ ചിറ്റയുടെയൊപ്പം പോയപ്പോള്‍ ബോംബെ സുന്ദരികളുടെ പിന്‍ഭാഗം തേടി  കള്ളക്കണ്ണ് പായുന്നത്  വല്ലതും ചിറ്റ കണ്ടുവോ?
അതിനെ കളിയാക്കാനാണോ ഇപ്പോള്‍ ഈ പറച്ചില്‍?
എന്റെയുള്ളില്‍ നിന്നൊരു ആന്തല്‍ തൊണ്ടക്കുഴിയിലേയ്ക്ക് കയറി വന്നു.
ഹേയ്..അതൊന്നും ആയിരിക്കില്ല
എന്തായാലും ചിറ്റ ചൂണ്ടിക്കാണിച്ച ആ സ്ത്രീയുടെ പിന്നഴക് ഞാനൊന്ന്  ആസ്വദിയ്ക്കാതിരുന്നില്ല. ലോണ്‍ട്രിയില്‍ കൊടുത്തിരുന്ന പാന്റും ഷര്‍ട്ടും വാങ്ങാന്‍ തിരിഞ്ഞപ്പോഴേയ്ക്കും ആ സ്ത്രീ കുറെ മുമ്പോട്ട് നടന്ന്  നീങ്ങിയിരുന്നു
ശിവന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പിന്റെയടുത്ത് നിന്ന് വലത്തോട്ട് തിരിയുന്ന വഴിയിലൂടെ അവര്‍ ഉള്ളിലേയ്ക്ക് കടന്നു.
അങ്ങനെ തിരിയുമ്പോള്‍ അവളുടെ മുഖത്തിന്റെ ഒരു വശം കാണാന്‍ കഴിഞ്ഞു. സുന്ദരിയായൊരു പെണ്ണ്. അധികം പ്രായം കാണാന്‍ വഴിയില്ല
എന്തുകൊണ്ടോ, അവളെ വീണ്ടും കാണണമെന്ന് തോന്നി
ഇനി ചിറ്റ വല്ല കല്യാണാലോചനയുമായി പറഞ്ഞതാണോ?
അറിയാതെ കുളിരുകോരിപ്പോയി
ഇരുപത്തിനാല് വയസ്സ്  കഴിഞ്ഞ് നാലുമാസവും കടന്നിരുന്നു അപ്പോള്‍
കുളിരുകോരുന്നതില്‍ വലിയ അതിശയമൊന്നും പറയാനില്ല
ബോംബെയിലേയ്ക്ക് വണ്ടി കയറുമ്പോള്‍ കൂട്ടുകാര്‍ ഏറ്റവുമധികം പറഞ്ഞിരുന്നത് ചുവന്നതെരുവിനെപ്പറ്റിയാണ്
ഒരു തവണയെങ്കിലും പോകണമെന്ന് അന്നുതന്നെ തീരുമാനിച്ചിരുന്നു
വരട്ടെ, എല്ലാത്തിനും സമയമുണ്ടല്ലോ
അപ്പോഴേയ്ക്കും മഹാനഗരത്തില്‍ വന്നിട്ട് ഒരു മാസം കഴിഞ്ഞിരുന്നു.

അന്നുരാത്രി  ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആകാശനീലസാരിയില്‍ പൊതിഞ്ഞ, വട്ടമൊത്ത, താളത്തില്‍ ചലിക്കുന്ന നിതംബങ്ങള്‍ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു
പിറ്റേന്ന്  നോസിലില്‍*1 ഇന്റര്‍വ്യൂവിന് പോകേണ്ടതാണ്. എങ്ങനെയും ഉറങ്ങിയേ പറ്റൂ. കണ്ണുകള്‍ ഇറുക്കിപ്പൂട്ടിയിട്ടും താളത്തില്‍ ആടുന്നൊരു പിന്നഴക്  വിടാതെ സ്വപ്നത്തിലും കടന്നുവന്നു.

ഗീതച്ചിറ്റ അമ്മയുടെ രണ്ടാമത്തെ അനുജത്തിയാണ്. രാഘവന്‍കുട്ടിക്കൊച്ചച്ഛനാണ് ഭര്‍ത്താവ്. 
രണ്ടുപേര്‍ക്കും റെയില്‍വേയില്‍ നല്ല ജോലിയാണ്. ചിറ്റയെ കണ്ടാല്‍ സിനിമാനടി ശ്രീവിദ്യയുടെ ച്ഛായയാണ്. കാണുന്നവര്‍ തെറ്റിദ്ധരിക്കത്തക്കവിധത്തിലുള്ള സാമ്യം. കൊച്ചച്ഛനും നല്ല സുന്ദരനായ പുരുഷന്‍ തന്നെ. ബോംബെയില്‍ ജീവിച്ച് പരിചയം കൊണ്ടായിരിക്കും ഓരോ അഞ്ചുമിനിട്ട് കൂടുമ്പോഴും “ഹേ റാം” എന്ന് പറയും കൊച്ചച്ഛന്‍.
അദ്ദേഹത്തിന്റെ നോട്ടത്തിലും സംസാരത്തിലുമെല്ലാം എന്നോടുള്ള പുച്ഛം തെളിഞ്ഞുനിന്നിരുന്നു
തീരെ സഹിക്കുന്നില്ലെങ്കിലും നിവൃത്തികേട് കൊണ്ട് മിണ്ടാതെ സഹിക്കുക തന്നെ. ശോഷിച്ചിരിക്കുന്ന എന്റെ ശരീരപ്രകൃതം കണ്ട് ദിവസം ഒരു തവണയെങ്കിലും “ ഇവിടത്തെ നല്ല ഭക്ഷണമൊക്കെയല്ലേ കഴിക്കുന്നത്, തടിച്ചോളും” എന്ന് പറയാതിരിക്കയേയില്ല.  ഭക്ഷണം വിളമ്പിവച്ചിട്ട് വിളിക്കുമ്പോള്‍ കൊച്ചച്ഛന്‍ കഴിച്ചുതീരും വരെ എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് ഞാന്‍ വൈകിക്കും. എന്തോ ഒരു സങ്കോചം.
നോസിലിലെ ഇന്റര്‍വ്യൂ  കഴിഞ്ഞു. അവര്‍ക്ക് ആളിനെ അത്യാവശ്യമായി വേണ്ടുന്ന സമയമായിരുന്നു. പിന്നെ തങ്കപ്പന്‍ വല്യച്ഛന്റെ ഒരു ശുപാര്‍ശയും. തിങ്കളാഴ്ച്ച ജോയിന്‍ ചെയ്തോളാന്‍ പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മഴ പെയ്ത അനുഭവമായിരുന്നു. എന്തെന്നറിയാതെ ഉള്ളിലേയ്ക്ക് കടന്നുവന്ന ദൃശ്യം ആകാശനീലസാരിയില്‍ പൊതിഞ്ഞ അഴകുസമൃദ്ധിയുടെ രസനടനമായിരുന്നു.

പിന്നെ ദിവസങ്ങള്‍ക്കൊരു സ്പീഡ് വന്നു. എന്നാലും രാഘവന്‍ കൊച്ചച്ഛന്റെ പരിഹാസം ഒട്ടും കുറഞ്ഞിരുന്നില്ല.  എത്രയും പെട്ടെന്ന് ഇവിടത്തെ താമസം മാറണം. തങ്കപ്പന്‍ വലിയച്ഛന്റെ കൂടെയായിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷെ അവര്‍ പാവങ്ങളാണ്. തിങ്ങിഞെരുങ്ങി ഒറ്റമുറിയ്ക്കുള്ളിലാണ് നാലംഗകുടുംബം. പിന്നെ ഏതെങ്കിലും കൂട്ടുകാരുടെ കൂടെ കൂടുകയാണ് മാര്‍ഗം.
ഓരോ ദിവസം കടന്നുപോകുന്തോറും  അവിടെ താമസിക്കുന്നതില്‍ വീര്‍പ്പുമുട്ടല്‍ കൂടിവന്നു

ഉണ്ണിക്കുട്ടനും ശ്രുതിയുമായിരുന്നു ആകെയുള്ള ഒരാശ്വാസം. ഗീതച്ചിറ്റയുടെ കുസൃതിക്കുട്ടികള്‍

രാഘവന്‍ കുട്ടിക്കൊച്ചച്ഛന്‍  ഒഫിഷ്യല്‍ ടൂറിന് പോയ തിന്റെ അടുത്തദിവസം ഗീതച്ചിറ്റ അടുത്തു വന്നു.
“നീയ് ഇന്ന് ജോലിക്ക് പോകണ്ടാ. നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്”
“എവിടേയ്ക്കാ ചിറ്റേ?”
“അത് നീയറിയേണ്ടാ”

ചിറ്റയുടെ സ്വരം കടുത്തിരുന്നു. വളരെ പതിഞ്ഞുമിരുന്നു
മുഖം പതിവില്ലാതെ വലിയ ഗൌരവഭാവത്തിലുമായിരുന്നു
കുട്ടികള്‍ സ്കൂളിലേയ്ക്ക് പോയ ഉടനെ ചിറ്റ ഒരുങ്ങിയിറങ്ങി

“നീയൊന്ന് പെട്ടെന്നിറങ്ങിക്കേ...”
“ഇതാ റെഡിയായി ചിറ്റേ”

ഫ്ലാറ്റിനു താഴെയെത്തിയതും ആദ്യം കണ്ട സൈക്കിള്‍ റിക്ഷ കൈകാട്ടി നിര്‍ത്തി ഞങ്ങള്‍ യാത്രയായി.
ചന്തയും കടന്ന് ശിവന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പ് കഴിഞ്ഞ്  വലതുവശത്തേയ്ക്കുള്ള ഇടറോഡില്‍ റിക്ഷ കടന്നയുടനെ എന്റെയുള്ളില്‍ ചിത്രശലഭങ്ങള്‍ പറന്നുതുടങ്ങി
അവള്‍ കടന്നുപോയ ഗല്ലി.
ഇത് ഒരു പെണ്ണുകാണല്‍ തന്നെ
ച്ഛെ, അറിഞ്ഞിരുന്നെങ്കില്‍ അല്പം കൂടെ നന്നായി ഒരുങ്ങിവരാമായിരുന്നു

ഒരാളിനു മാത്രം കഷ്ടിച്ച് കയറിപ്പോകാവുന്ന ഇരുമ്പ്ഗോവണിയില്‍ ഗീതച്ചിറ്റ കാറ്റുപോലെ കയറി മുകളിലെത്തിയപ്പോള്‍ ഞാന്‍ ആദ്യത്തെ പടി കയറിത്തുടങ്ങുന്നതേയുള്ളു.
എന്തൊരു സ്പീഡ്!

ഗണപതിയുടെ ചിത്രം പതിച്ച പഴയ കതകില്‍ മുട്ടിയപ്പോള്‍ ഒരു മിനിറ്റ് കഴിഞ്ഞാണ് തുറന്നത്.
പുറത്തേയ്ക്കെത്തിനോക്കിയ മുഖം ഒരു നോക്ക് കണ്ടു
അവളുടെ അഴകാര്‍ന്ന മുഖം .
എന്റെ ഹൃദയം സന്തോഷം കൊണ്ട് പിടച്ചു.
അത് ഒരു നിമിഷം പല ഭാവനകളും നെയ്ത് പരിസരം മറന്നുപോയി

“ഠേ”
പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദം എന്നെ ഭാവനാലോകത്തുനിന്ന് തിരിച്ചുകൊണ്ടുവന്നു.
ഞാന്‍ ഞെട്ടി മുകളിലേയ്ക്ക് നോക്കിയപ്പോള്‍ പൂക്കുല പോലെ വിറച്ച് തുള്ളുന്ന ചിറ്റയേയും കവിള്‍ പൊത്തിപ്പിടിച്ച് നിലത്തേയ്ക്കിരിക്കുന്ന അവളെയുമാണ് കണ്ടത്.
അവളുടെ കവിളില്‍ വിരല്‍പ്പാടുകള്‍ ചുവന്ന് തിണര്‍ത്ത് കിടക്കുന്നതും  കണ്ണുകളില്‍ നിന്ന്  വലിയ നീര്‍മണിത്തുള്ളി ചിതറിവീഴുന്നതും കണ്ട് സ്തബ്ധനായി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളു

രൌദ്രഭാവം പൂണ്ട് ഒരു വാക്കും പറയാതെ ചിറ്റ താഴേയ്ക്കിറങ്ങി. അവിശ്വസനീയമായ വേഗത്തില്‍ നടന്ന് വഴിയിലേയ്ക്കിറങ്ങുകയും ചെയ്തു.
ഞാന്‍ എന്തുചെയ്യണമെന്നറിയാതെ ഒരു പൊട്ടനെപ്പോലെ ഒരു മിനിറ്റ് അവിടെത്തന്നെ നിന്നുപോയി
അവള്‍ എഴുന്നേറ്റ് കവിള്‍ തടവിക്കൊണ്ട് എന്നെ നോക്കി.
എന്തെങ്കിലും പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു
കണ്ണ് തുടച്ചുകൊണ്ട് അവള്‍ അകത്തുകടന്ന് വാതിലടയ്ക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ആ കണ്ണുകളില്‍ നിന്നടര്‍ന്ന് വീണ വലിയ കണ്ണീര്‍ത്തുള്ളികളെക്കുറിച്ചായിരുന്നു.

ഞാന്‍ ഓടി വഴിയിലേയ്ക്ക് വന്നു. ഗീതച്ചിറ്റ നടപ്പ് തുടരുകയായിരുന്നു. ഞാന്‍ ഓടിയെത്തി ചിറ്റയുടെ അരികില്‍ നടന്നു
എനിക്കെന്തൊക്കെയോ ചോദ്യങ്ങളുണ്ട്
പക്ഷെ ഭയമായിരുന്നു
വീട്ടിലെത്തുവോളം ഞങ്ങള്‍ നിശ്ശബ്ദരായി നടന്നു

എത്തിയപാടെ ചിറ്റ മുറിയില്‍ കടന്ന് കട്ടിലിലേയ്ക്ക് വീണു
മുള ചീന്തുന്നപോലെ കരച്ചില്‍ കേട്ടു
ഇപ്പോള്‍ എന്താണ് പറയേണ്ടുന്നതെന്നോ ചോദിക്കേണ്ടുന്നതെന്നോ ഒന്നും അറിയില്ല
ഇങ്ങനെയുള്ള സാഹചര്യങ്ങളോന്നും അനുഭവിച്ച് പരിചയവുമില്ല

ഉച്ചയ്ക്ക് ഊണ് വിളമ്പി ഞങ്ങള്‍ കഴിക്കാനിരിക്കുമ്പോഴാണ്  ചിറ്റ ആ രഹസ്യം പറഞ്ഞത്.
അവളുടെ പേര് ലക്ഷ്മിയമ്മാളെന്നാണ്.
നഴ്സ് ആണ്.
പാലക്കാട്ടെങ്ങോ ഉള്ള ഒരു പട്ടത്തിപ്പെണ്ണാണവള്‍.
പട്ടത്തിപ്പെണ്ണ് നഴ്സ് ആയിരിക്കുന്നത് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്
കൊച്ചച്ഛനും ആ പെണ്ണും തമ്മില്‍ അടുപ്പമാണെന്നും അത് വളരെ അടുത്തുപോയൊരു ബന്ധമാണെന്നുമൊക്കെ പറഞ്ഞപ്പോള്‍ ചിറ്റ മന:പൂര്‍വം എന്റെ മുഖത്തേയ്ക്ക് നോക്കാതിരിക്കുന്നത് ഞാന്‍ കണ്ടു

ചിറ്റ കരയുന്നത് എന്റെ അമ്മ കരയുന്നപോലെയാണെനിക്ക് തോന്നിയത്.
എന്തുചെയ്യാനാവും?
പിറ്റേന്ന് ജോലി കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ അവളുടെ ഫ്ലാറ്റില്‍ പോയി
കതക് തുറന്ന് വന്നത് അവള്‍ തന്നെയായിരുന്നു
എനിക്ക് ദേഷ്യം വന്നിട്ട് ആകെ വിറയ്ക്കുന്നുണ്ടായിരുന്നു.
“അറുവാണിച്ചീ, ഇനി നിന്നെ ഇവിടെയെങ്ങാനും കണ്ടാല്‍ ഞാന്‍ ആളിനെ വച്ച് നിന്നെ കൊല്ലും”

എങ്ങനെയാണത്രയും ധൈര്യം വന്നതെന്നറിയില്ല
അങ്ങനത്തെ കഠിനവാക്കുകള്‍ ഇതുവരെ ജീവിതത്തില്‍ ആരോടും പറഞ്ഞിട്ടുമില്ല
ഞാന്‍ തിരിഞ്ഞുനോക്കാതെ ഇറങ്ങി
ഇതെപ്പറ്റി ആരോടുമൊന്നും പറഞ്ഞതുമില്ല

കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ സൌദി അറേബ്യയില്‍ ജോലി ശരിയായി ഞാന്‍ ബോംബെ വിട്ടു
ഇന്റര്‍വ്യൂ, ടെസ്റ്റ്, മെഡിക്കല്‍ എല്ലാം നേരത്തെ തന്നെ കഴിഞ്ഞതായിരുന്നു.
സൌദിയിലെ രണ്ടുവര്‍ഷക്കാലം തങ്കപ്പന്‍ വലിയച്ഛന്‍ അയച്ച രണ്ടുമൂന്ന് കത്തുകളല്ലാതെ ബോംബെ വിശേഷങ്ങളൊന്നുമറിയാറില്ല

രണ്ടു വര്‍ഷം കഴിഞ്ഞ് ആദ്യ അവധി.
അന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക് വിമാനസര്‍വീസ് ഒന്നുമില്ല
ബോംബെ തന്നെ ശരണം

രണ്ടു വീട്ടിലേയ്ക്കും എല്ലാവര്‍ക്കും തുണിയും സാധനങ്ങളുമൊക്കെ ഉണ്ടായിരുന്നു
രാത്രി തങ്ങിയത് ഗീതച്ചിറ്റയുടെ ഫ്ലാറ്റില്‍ തന്നെ
രാഘവന്‍ കൊച്ചച്ഛന്‍ ജോലി കഴിഞ്ഞ് വന്നയുടനെ എന്നെ അത്യാവശ്യമായി പുറത്തേയ്ക്ക്  വിളിച്ചു.
ബസ് സ്റ്റാന്‍ഡിലേക്ക് ചെന്ന് അവിടെ വെയിറ്റ് നോക്കുന്ന മെഷിന്‍ ഇരിക്കുന്നിടത്തേയ്ക്ക് നടന്നു
മെഷിനില്‍ ഒരു രൂപ നാണയമിട്ടു.

“നീയ് ഒന്ന് കേറിനില്‍ക്ക്..”

പിന്നെ കൊച്ചച്ഛനും നാണയത്തുട്ടിട്ട് കയറി
ഞാന്‍ എഴുപത് കിലോ, കൊച്ചച്ഛന്‍ എഴുപത്തിമൂന്ന് കിലോ
ആ മുഖത്ത് ഒരു ആശ്വാസഭാവം, ഒരു വിജയീഭാവം
ഞങ്ങള്‍ തിരിച്ച് ഫ്ലാറ്റിലേയ്ക്ക് പോന്നു. അടുത്ത ദിവസത്തെ ജയന്തിജനതയ്ക്ക് ഞാന്‍ കേരളത്തിലേയ്ക്ക് പുറപ്പെട്ടു.

തിരിച്ച് സൌദിയിലെത്തിയിട്ടുള്ള എട്ടുവര്‍ഷങ്ങള്‍ ബോംബെയിലെ വിവരങ്ങള്‍ അറിഞ്ഞത് വലിയച്ഛന്റെ മകള്‍ രേണു വല്ലപ്പോഴും എഴുതുന്ന കത്തുകളിലൂടെയായിരുന്നു
അങ്ങനെയാണ് ഗീതച്ചിറ്റയുടെ കാന്‍സര്‍ രോഗബാധയറിഞ്ഞതും കേരളത്തിലേയ്ക്ക്  നേരിട്ട് ഫ്ലൈറ്റ് ഉണ്ടായിട്ടും ബോംബെയില്‍ ഇറങ്ങി ചിറ്റയെ ഒരു നോക്ക് കാണണമെന്ന് തീരുമാനിച്ചു.
തൊലിയും അസ്ഥിയും മാത്രമായൊരു രൂപം

ഞാന്‍ ഒന്നും ചോദിച്ചതുമില്ല, ചിറ്റ ഒന്നും പറഞ്ഞതുമില്ല. ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് ചുടുകണ്ണീര്‍ മാത്രം ധാരയിട്ടൊഴുകി.

അകത്തുനിന്ന് ഓരോ അഞ്ചുമിനിട്ടിലും “ഹേ റാം” കേള്‍ക്കുന്നുണ്ടായിരുന്നു

“നീയ് എപ്പോ എത്തീ.....?”
“രാവിലെ എത്തി കൊച്ചച്ഛാ”
“ങ്ഹൂം......”

ഞാന്‍ അവിടെ നിന്ന് ഇറങ്ങി വലിയച്ഛന്റെ ഫ്ലാറ്റിലേയ്ക്ക് നടന്നു. വൈകിട്ട്  ഫ്ലൈറ്റില്‍ കേരളത്തിലേയ്ക്കും.
ചിറ്റ പിന്നെ ഒരു മാസം മാത്രമേ ജീവിച്ചിരുന്നുള്ളു.
സൌദിയിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ഒരാഴ്ച്ച മുമ്പായിരുന്നു എല്ലാവര്‍ക്കും വേദനയ്ക്കുപരി ആശ്വാസം പകര്‍ന്ന ആ മരണം.
ചിറ്റ എന്തു ദുരിതജീവിതമാണ് ജീവിച്ചതെന്നോര്‍ത്ത്  പലരാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ട്. സ്വന്തം ഭര്‍ത്താവിന് അന്യസ്ത്രീ പങ്കുകാരിയാകുന്നത് ഏതെങ്കിലും ഒരു പെണ്ണിന് സഹിക്കാനാകുമോ? 

പിന്നെ ഏഴ് വര്‍ഷങ്ങള്‍ മാത്രമേ സൌദിയില്‍ നിന്നുള്ളു. തിരിച്ച് നാട്ടിലെത്തി ചെറിയ ഒരു കടയുമിട്ട് വലിയ അല്ലലില്ലാതെ കഴിയുകയാണിപ്പോള്‍. എട്ടു വര്‍ഷമായി

ബോംബെ കണക് ഷന്‍ രേണുവിന്റെ ഫോണില്‍ മാത്രം ഒതുങ്ങിയ 15 വര്‍ഷങ്ങള്‍. കൊച്ചച്ഛനെപ്പറ്റി പറയാറുമില്ല, ചോദിക്കാറുമില്ല.
ആറുമാസം മുമ്പാണ് രേണു ആദ്യമായി രാഘവന്‍ കൊച്ചച്ഛനെപ്പറ്റി എന്തെങ്കിലും പറയുന്നത്

“ഏട്ടാ, കഷ്ടമാണവിടത്തെ കാര്യം. ഷുഗര്‍ കൂടി ഒരു കാല് മുറിച്ചു. ഇപ്പോ കിഡ്നിയ്ക്കും കുഴപ്പാണത്രെ”
“ഉണ്ണിയും ശ്രുതിയുമോ?”
“ഉണ്ണി അമേരിക്കേലാ. ശ്രുതി ഒരു ഗുജറാത്തിയെ പ്രേമിച്ച് കെട്ടി ബാംഗളൂരെങ്ങാണ്ടോ മറ്റോ ആണ്”
“അപ്പോ ആരാടീ കൊച്ചച്ഛന്റെ കാര്യൊക്കെ നോക്കണത് ?”
“രാവിലേം വയ്യിട്ടും ഓരോ മണിക്കൂര്‍ വന്ന് പോവണ ഒരുത്തിയൊണ്ടത്രെ. നാളെ ഒന്ന് പോവാന്ന് വച്ചു. വന്നിട്ട് വിശേഷം പറയാം ഏട്ടാ”

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍............

ഇന്നലെ കടയില്‍ ഉച്ചവിശ്രമത്തിനായി ഷട്ടര്‍ ഇട്ട സമയത്താണ് രേണുവിന്റെ ഫോണ്‍
“ഏട്ടാ......”
“എന്താടീ?”
“ഏട്ടനൊരു കാര്യം കേള്‍ക്കണോ? കൊച്ചച്ഛന്റെ കല്യാണം കഴിഞ്ഞു”
“നീയെന്താ തമാശ പറയുന്നോ?”
“ഇല്ലേട്ടാ, ഇന്നലെ ലതച്ചേച്ചിയാ പറഞ്ഞെ..........”

“തിങ്കളാഴ്ച്ച ലക്ഷ്മിയമ്മാള്‍ വന്നു, അടുത്തുള്ള മുരുകന്‍ കോവിലില്‍ പൂജിച്ച് കൊണ്ടുവന്ന ഒരു മഞ്ഞച്ചരട് കൊച്ചച്ഛനെക്കൊണ്ട് കഴുത്തില്‍ കെട്ടിച്ചത്രെ. ലതച്ചേച്ചിയേം വേണുച്ചേട്ടനേം വിളിച്ചാരുന്നു. വേറാരുമില്ല”

“അപ്പോള്‍.....”
എന്നെ പാതിയില്‍ നിര്‍ത്തി രേണു പറഞ്ഞു
“ഏട്ടാ വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും ലക്ഷ്മിയമ്മാള്‍  കല്യാണം കഴിക്കാതെ  വാശിപിടിച്ച് നില്‍ക്കുവാരുന്നു. ഈ  ഇരുപത്തിമൂന്ന് വര്‍ഷം അവര് കൊച്ചച്ഛനുവേണ്ടി കാത്തിരിക്കുവാരുന്നു. എന്നിട്ടിപ്പോ കൊച്ചച്ഛനെ ആര്‍ക്കും വേണ്ടാതായ സമയത്ത് തേടിവന്നു.....”

രേണു പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ ഒന്നും കേട്ടില്ല

എന്റെ മനസ്സ് ലക്ഷ്മിയമ്മാളുടെ കാല്‍ക്കല്‍ ഉരുകിവീഴുകയായിരുന്നു.
സാഷ്ടാംഗം പ്രണമിക്കുകയായിരുന്നു.

 *****************************************************************

ഇതിലെ കഥാപാത്രങ്ങള്‍ എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മനുഷ്യരാണ്. കഥ പറയുന്നവന്‍ ഞാന്‍ ആണെങ്കിലും ഇത് എന്റെ അനുഭവമല്ല

*1.   NOCIL - National Organics and Chemical Industries Limited