Saturday, August 20, 2011

സ്ത്രീജന്മവും ഒരു പാതിരാപ്പൂവും

 “എടീ...”
അവന്‍ വിളിച്ചു.
അവള്‍ മെല്ലെ മുഖമുയര്‍ത്തി.
അവന്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു.
അവന്റെ നോട്ടം നേരിടാനാവാതെ അവള്‍ വീണ്ടും മുഖം കുനിച്ചു.
"നെന്നെ ഞാന്‍ കല്ലിയാണം കഴിക്കട്ടെ..?  അവന്റെ ശബ്ദം വളരെ നേര്‍ത്തിരുന്നു.
“ഓ പിന്നെ എന്നിട്ട് സ്രീജെമ്മത്തിലെപ്പോലെ എന്നും വഴക്കുകൂടാന്‍.....“
അവള്‍ മുഖം കോട്ടി ഒരു ഗോഷ്ടി കാണിച്ചു.
അവന്‍ തോറ്റുകൊടുക്കാനുള്ള ഭാവമില്ല.
“അല്ലേ വേണ്ട നമ്മക്ക് എറങ്ങിപ്പാം എങ്ങോട്ടേലും. പാതിരാപ്പൂവിലെ നന്തന്‍ അശ്ശുതിയേംകൊണ്ട് പോത്തില്ലേ...? അദ് പോലെ....”

*      *      *      *      *      *      *       *
"രണ്ട് ബീയിലെ കുട്ടികളെല്ലാം വരിവരിയായി ചെന്ന് വണ്ടിയില്‍ കേറണം." മൈക്കിലൂടെ ഫിലോമിന ടീച്ചറുടെ ശബ്ദം മുഴങ്ങി

“എടീ നമ്മടെ ക്ലാസ്സുകാരെയെല്ലാം വിളിച്ചു. വെക്കം വാ അല്ലേല്‍ ഫിലോ മിസ്  അടിയ്ക്കും.”

അവനും അവളും ബാഗ് എടുത്തുകൊണ്ട് ബസ്സിന്റെ നേര്‍ക്ക് ഓടി

Saturday, August 6, 2011

കറമ്പായനം

ഈ പോസ്റ്റ് ഒരു പട്ടിയെപ്പറ്റിയാണ്. അല്‍സേഷനോ ഡോബര്‍മാനോ ഡാഷ്ഹണ്ടോ പോമറേനിയനോ ഒന്നുമല്ല. വെറുമൊരു നാടന്‍പട്ടി.  അവനെപ്പറ്റിയാണ് ഇത്. വായിച്ചുകഴിഞ്ഞ്  “ഒരു കില്ലപ്പട്ടിയെപ്പറ്റി എഴുതി ഞങ്ങളുടെ സമയം കളഞ്ഞു” എന്ന് പറയാന്‍ തോന്നിയാല്‍...മുന്‍കൂര്‍ ജാമ്യം
-------------------------------------------------------------------------------------------------------------



തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്.  കുഞ്ഞു മുഖത്തിനു ചേരാത്ത വിധത്തില്‍ വലിപ്പമുള്ള കണ്ണുകള്‍. അവ കൌതുകത്തോടെ എന്നെ നോക്കി. ഒരു ഇഞ്ച് പോലും നീളമില്ലാത്ത വാല്‍ തെരുതെരെ ആട്ടിക്കൊണ്ട് അവന്‍ എന്നെ നോക്കിക്കൊണ്ടേയിരുന്നു. എന്തൊരോമനത്തം! ഞാനവനെ എന്റെ കൈകളിലെടുത്തു. ചിരിക്കുന്ന മുഖത്തോടെ അവന്‍ എന്റെ കൈകളിലിരുന്ന് വാലാട്ടിക്കൊണ്ടിരുന്നു. ഞാന്‍ അവനെ എന്റെ മുഖത്തോടടുപ്പിച്ചു. നായ്ക്കുട്ടിയുടെ പാല്‍മണം ഞാന്‍ ആസ്വദിച്ചു.
                       തിളക്കമുള്ള കറുപ്പുവര്‍ണ്ണം മാത്രം ചാലിച്ച ആ കുറുമ്പനു ഒരു പേരിടാന്‍ എനിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. കറമ്പന്‍, ഞാനവനെ വിളിച്ചു. അങ്ങിനെ അവന്റെ പേര്‍ കറമ്പന്‍ എന്നായി. അതിനും മുന്‍പുണ്ടായിരുന്നത് ജിമ്മിയെന്ന ഗൌരവക്കാരന്‍ നായ് ആയിരുന്നു. അവന്‍ വയസ്സായി മരിച്ചതില്‍ പിന്നെ കുറെ നാള്‍ വീട് ബൌ ബൌ ഇല്ലാതെ നിശ്ശബ്ദമായിപ്പോയി. വീടായാല്‍ ഒരു പട്ടി വേണം എന്ന് പറഞ്ഞ്  കുഞ്ഞൂഞ്ഞ് കൊണ്ടുത്തന്നതാണവനെ. പൊതുവെ നായ്ക്കളോട് ഒരു പ്രത്യേകമമതയുള്ള ഞാന്‍ ഈ കുഞ്ഞിക്കണ്ണനുമായിട്ട് പ്രഥമദര്‍ശനത്തില്‍ തന്നെ പപ്പി ലവ് ആയി. ചെറിയ ഒരു ബാസ്കറ്റില്‍ തുണിമെത്തയൊക്കെ ഉണ്ടാക്കി അവനെ അതില്‍ വച്ച് ഞാന്‍ ഉറങ്ങാന്‍ പോയി.
                      പാതിരാത്രിയോടടുത്തപ്പോള്‍ ഒരു ചെറിയ കരച്ചില്‍ കേട്ട്  ഞാന്‍ ഞെട്ടിയുണര്‍ന്നു. കുഞ്ഞുകുട്ടികള്‍ “അമ്മേ” എന്ന് വിളിച്ച് കരയുന്നപോലെ ഒരു കരച്ചില്‍. ഞാന്‍ എഴുന്നേറ്റ്  വരാന്തയിലെ ലൈറ്റിട്ടു. കറമ്പന്റെ ബാസ്കറ്റ് മെല്ലെയിളകുന്നു. കരച്ചില്‍ അതിനുള്ളില്‍ നിന്നാണ് കേള്‍ക്കുന്നത്. എന്റെ കാലൊച്ച കേട്ട് ഒരു കുഞ്ഞിത്തല ബാസ്കറ്റില്‍ നിന്ന് പൊങ്ങിവന്നു. പേടിച്ചരണ്ട കുഞ്ഞിക്കണ്ണുകള്‍ “എന്റെയമ്മയെവിടേ” യെന്നെന്നോട് ചോദിച്ചു. പാവം കണ്ണുതുറന്നിട്ട് ഒരാഴ്ച്ച പോലുമായിക്കാണുകയില്ല. അമ്മമാറില്‍ നിന്ന് പിടിച്ചുപറിച്ചുകൊണ്ടുവന്ന ഒരു കുഞ്ഞ്. അതിന്റെ ദൈന്യതയൊക്കെ ആ കണ്ണുകളില്‍ എഴുതിവച്ചിരിക്കുന്നു. എനിക്ക് വല്ലാതെ അലിവ് തോന്നി.
                       പാതിരാവിന്റെ ഏകാന്തനിശ്ശബ്ദതയില്‍ ഞാന്‍ കറമ്പനെയും മടിയില്‍ വച്ച് തലോടിക്കൊണ്ടിരുന്നു. അവന്റെ തേ(മോ)ങ്ങല്‍ മെല്ലെയടങ്ങി. തിരിയെ ബാസ്കറ്റില്‍ കിടത്തിയിട്ടെഴുന്നേറ്റ ഉടനെ ഉച്ചസ്ഥായിയിലായ കരച്ചില്‍ എന്നെ വീണ്ടും ആ തണുത്ത രാത്രിയില്‍ ഒരു പപ്പിസിറ്റര്‍ ആക്കി മാറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. നേരം പുലരുന്നത് വരെ ഞങ്ങള്‍ ആ ഇരുപ്പ് തുടര്‍ന്നു. അത് ഒരു സ്നേഹബന്ധത്തിന്റെയും തുടക്കമായിരുന്നു.
                       വീട്ടിലെല്ലാവരുടെയും പ്രിയപ്പെട്ടവനായി കറമ്പന്‍ വളര്‍ന്നു. ഒരു കൂട്ടുകുടുംബം പോലെയായിരുന്നു ആ വീട്. ആറേഴ് കുട്ടികളും അതിനുവേണ്ടുന്ന മാതാപിതാക്കളുമൊക്കെയുള്ള ഒരു സന്തോഷകുടുംബം. ധനശേഷിയില്ലായിരുന്നെങ്കിലും സ്നേഹത്താല്‍ സമ്പന്നമായിരുന്നു അത്.  അങ്ങിനെയിരിക്കെ ദീപാവലി വന്നു. ആദ്യത്തെ പടക്കം വീണ് പൊട്ടുന്നത് വരാന്തയില്‍ കിടന്ന് മയങ്ങുന്ന കറമ്പന്റെ മുമ്പിലായിരുന്നു. പടക്കം പൊട്ടുന്ന ഒച്ചയില്‍ കറമ്പന്‍ ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരക്കം പായുമ്പോള്‍ കുട്ടികളെല്ലാവരും പടക്കങ്ങളും കമ്പിത്തിരികളും മത്താപ്പുമൊക്കെയായി ആഘോഷിച്ച് തിമിര്‍ക്കുകയാണ്. കറമ്പന്റെ ഭയവും വെപ്രാളവും കാണുവാനായി കുട്ടികള്‍ മനഃപൂര്‍വം പടക്കം കത്തിച്ച് അവന്റെ മുമ്പിലേയ്ക്കിടും. എന്നാല്‍ അത്  അവന്റെ സ്വഭാവത്തെ ആകെ മാറ്റി. പിന്നെയെന്തെങ്കിലും ഒച്ച കേട്ടാല്‍ അവന്‍ ഞെട്ടിവിറച്ച് ചൂളി എവിടെയെങ്കിലും പതുങ്ങിക്കിടക്കും. ഉറക്കെയൊന്ന് കയ്യടിച്ചാല്‍ പോലും അവന്‍ ഭയന്ന് പോകും. മഴക്കാലത്ത് ഇടിയൊക്കെ വെട്ടുമ്പോള്‍ അവന്‍ ഓടി ഏതെങ്കിലും അയല്പക്കത്ത് പോയി ഒളിക്കും. ഈ സ്വഭാവം അറിയാവുന്നതുകൊണ്ട് അയല്‍ക്കാരൊന്നും അതില്‍ ഒരു വിഷമവും പറഞ്ഞതുമില്ല. അല്ലെങ്കിലും നാട്ടിന്‍പുറത്ത് അങ്ങിനെയുള്ള നന്മകളൊക്കെ ഇപ്പോഴുമുണ്ട്.
                    എപ്പോള്‍ വെളിയില്‍ പോയിട്ട് വന്നാലും എന്റെ കയ്യില്‍ അവനുള്ള മിഠായിയോ പലഹാരമോ കാണാതിരിക്കയില്ല. അതുകൊണ്ടുതന്നെ ഞാന്‍ എവിടെയെങ്കിലും പോയാല്‍ കുട്ടികള്‍ കാത്തിരിക്കുന്നതുപോലെ കാത്തിരിക്കാനും എന്റെ കാലൊച്ച കേള്‍ക്കയില്‍ ഓടിയെത്തി സ്വീകരിക്കാനും ഒക്കെ അവന്‍ ശീലിച്ചു. (നായ്ക്കള്‍ക്ക് സന്തോഷം വരുമ്പോള്‍ അവ ഓടുന്നത് പ്രത്യേക രീതിയിലാണ്. മുന്‍ കാലുകള്‍ രണ്ടും ഒരേ താളത്തിലാണ് അപ്പോള്‍ ചലിക്കുക. അല്ലെങ്കില്‍ ഒന്ന് ഉയരുമ്പോള്‍ അടുത്ത കാല്‍ തറയിലായിരിക്കും.)  ഈ സ്നേഹം കണ്ടിട്ട് അസൂയപ്പെട്ടവര്‍ പോലുമുണ്ട്. ഒരിക്കല്‍ ഞാന്‍ വീടിന്റെ താഴെ റബര്‍ തോട്ടത്തില്‍ കൂടെ നടക്കുമ്പോള്‍ എന്റെ ജ്യേഷ്ഠന്റെ മകള്‍ ചിന്നു അരികില്‍ കിടന്ന കറമ്പനോട് പറഞ്ഞു “ദാണ്ട്ടാ കര്‍മ്പാ നിന്റെ അച്ഛന്‍ വരണു” അവള്‍ക്കന്ന് മൂന്ന് വയസ് ആണ്. അവളുടെ അച്ഛന്‍ വരുമ്പോളൊക്കെ അവള്‍ക്ക് മിഠായി കിട്ടും. അതുകൊണ്ട് മിഠായി കൊടുക്കുന്നയാള്‍ അച്ഛനെന്ന് അവള്‍ കുഞ്ഞുമനസ്സില്‍ ചിന്തിച്ചുകാണും. ഈ കാര്യം ഇന്നും പറഞ്ഞ് ചിരിക്കാറുണ്ട് ഞങ്ങള്‍.
                     ആ കാലത്താണ് ഞാന്‍ സിംഗപ്പൂരില്‍ ജോലിയായി പോകുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ് അവധിക്ക് വരുമ്പോള്‍ കറമ്പന്‍ ഒരു യുവാവായിക്കഴിഞ്ഞിരുന്നു. ദൂരെനിന്ന് കണ്ടപ്പോള്‍ ഒന്ന് കുരച്ചു. ആ കിളുന്തുശബ്ദമൊക്കെ മാറി, നല്ല ലക്ഷണമൊത്ത കുര. അടുത്ത നിമിഷം അവന് എന്നെ മനസ്സിലായി, പിന്നെയൊരു പാച്ചിലായിരുന്നു. കാലുകള്‍ നിലത്ത് തല്ലിത്തല്ലിപ്പാഞ്ഞുവന്ന് എന്റെ ദേഹത്തേയ്ക്ക് ചാടിക്കയറി...എന്തൊക്കെയോ അവന്റെ ഭാഷയില്‍ പറഞ്ഞും ചിരിച്ചും പരിഭവിച്ചും ഒരു ബഹളം തന്നെ. രണ്ടുമാസം പെട്ടെന്ന് കടന്നുപോയി. ഇതിനിടയില്‍ കറമ്പനെ വാസക്ടമി ചെയ്തു കുഞ്ഞൂഞ്ഞ്. കാരണം പുരയിടത്തിന്റെ കോണുകളില്‍ നിന്നൊക്കെ ശ്വാനസുന്ദരികള്‍ മെല്ലെ ചൂളമടിച്ചും കണ്ണുകാട്ടിയും അവനെ മയക്കാന്‍ ശ്രമിച്ചുതുടങ്ങിയിരുന്നു. ഞങ്ങളുടെ ഇലയ്ക്കാട് ഗ്രാമവും അയല്‍ഗ്രാമങ്ങളുമൊക്കെ കറമ്പന്റെ ശ്രുതിയെത്തിക്കാണും. എവിടെനിന്നെല്ലാമാണ് ശ്വാനയുവതികളുടെ വരവ്!! എത്രയെത്ര സുന്ദരിമാര്‍!!! പല വര്‍ണ്ണത്തിലും ചന്തത്തിലും!!!! (എന്റെ അവധി ഒരോണക്കാലത്തായിരുന്നു. ചിങ്ങം, കന്നി, തുലാം....) അവന്റെ ചാരിത്രം സംരക്ഷിക്കാന്‍ വേണ്ടി ആ കടുംകൈ ചെയ്യേണ്ടിവന്നു. അതുവരെ സന്തോഷ് മാധവനായും നിത്യാനന്ദനായുമൊക്കെ ഭാവം കാണിച്ചിരുന്ന അവന്‍ പിന്നെ കടുക്കാകഷായം കുടിച്ച സാധു ആയിമാറി.

(എനിക്കൊരു നിര്‍ദ്ദേശം സര്‍ക്കാരിലേയ്ക്ക് വയ്ക്കുവാനുണ്ട്. ഈ വലിയ പീഡനവീരന്മാരെയൊക്കെ പിടിച്ച് കുഞ്ഞൂഞ്ഞിന്റെ കയ്യിലേല്പിക്കുക. ഓരോരുത്തരെയും അരമണിക്കൂര്‍ കൊണ്ട് നിരായുധരാക്കിത്തരും. ആയുധം കയ്യിലില്ലാത്തോന്‍ അടരാടുന്നതെങ്ങിനെ എന്ന് കവിതയും ചൊല്ലി അവര്‍ ആനന്ദന്മാരായിക്കോളും)
                      അടുത്ത വെക്കേഷനില്‍ ആയിരുന്നു എന്റെ വിവാഹം. അതിനുമുമ്പ് തന്നെ അവന്‍ അനുവിനെ കണ്ടിട്ടുണ്ട്. മാത്രമല്ല ഞങ്ങള്‍ മുടിഞ്ഞ പ്രേമത്തിലാണ് ഞാന്‍ അവളെയേ കെട്ടൂ എന്നൊക്കെ അവനോട് മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതുമാണല്ലോ. അതുകൊണ്ട് അവന്‍ സസന്തോഷം അനുവിനെ സ്വാഗതം ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഗ്രാമത്തിലെ അമ്പലത്തില്‍ ഉത്സവം. സിംഗപ്പൂരില്‍ നിന്ന് കൊണ്ടുവന്ന നല്ല വിലയുള്ള മനോഹരമായ സാരിയുടുത്ത് ഉത്സവത്തിനു പോകാം എന്ന് ഞാന്‍ പറഞ്ഞു. എന്തോ അവള്‍ അന്ന് വേറൊരു സാരിയാണുടുത്തത്. ഞാന്‍ പിന്നെയൊന്നും പറഞ്ഞതുമില്ല. ഉത്സവം കൂടി പുലര്‍ച്ചെ തിരിയെ വന്നപ്പോള്‍ കണ്ട കാഴ്ച്ച!! ആ മനോഹരമായ സാരി പിഞ്ചിക്കീറി വലപ്പരുവമായി മുറ്റത്ത് കിടക്കുന്നു. കറമ്പന്റെ പ്രതികാരം. ആ സാരിയുടുക്കാന്‍ ഞാന്‍ അനുവിനെ നിര്‍ബന്ധിക്കുമ്പോള്‍ അവന്‍ അരികില്‍ ഇതെല്ലാം കേട്ടുകൊണ്ട് കിടക്കുന്നുണ്ടായിരുന്നു. അന്നുവരെയോ അതുകഴിഞ്ഞോ അവന്‍ ഒരു കീറത്തുണി പോലും അങ്ങിനെ നശിപ്പിച്ചിട്ടേയില്ല. അങ്ങിനെ കറമ്പനും അനുവും ശത്രുക്കളായിമാറി.
                     എന്നാല്‍ ശത്രുത അധികദിവസം നീണ്ടില്ല. അതുകൂടി വിവരിച്ച് ഞാന്‍ ഈ കുറിപ്പ് നിര്‍ത്താം. ഗ്രാമ അതിരിലൂടെ ഒരു തോട്  ഒഴുകുന്നുണ്ട്. മഴക്കാലത്ത് സുലഭമായും വേനല്‍ക്കാലത്ത് അത്യാവശ്യത്തിനും വെള്ളമുള്ള ആ തോട്ടിലാണ് ഭൂരിഭാഗം ഗ്രാമവാസികളുടെയും നീരാട്ടും തുണിയലക്കലുമൊക്കെ. ഓരോ കടവിലും അര്‍ധനഗ്നകളും മുക്കാല്‍ നഗ്നകളുമൊക്കെയായി കുളിക്കുന്ന ഗ്രാമീണപ്പെണ്‍കൊടികളും അതൊക്കെ പതിവുകാഴ്ച്ചയായതിനാല്‍ ശ്രദ്ധിക്കാതെ ഓരത്തുകൂടെ സഞ്ചരിച്ചിരുന്ന ചെറുപ്പക്കാരും ഒക്കെ നാട്ടിന്‍പുറനന്മകളായിരുന്നു. എന്റെ വീട്ടില്‍ നിന്ന് ഒരു ഫര്‍ലോംഗ് നടന്നാലെ ഈ തോട്ടിലെത്തൂ. ചെറിയ കുറ്റിക്കാടുകളൊക്കെയുള്ള ഒരു തെങ്ങിന്‍ തോപ്പിലൂടെ വേണം അവിടെയെത്താന്‍. വീട്ടില്‍ നിന്നാര് കുളിക്കാന്‍ പോയാലും കറമ്പന്‍ ഒരു പൈലറ്റ് ജീപ്പോടിച്ചുകൊണ്ട് പോകും. അവര്‍ കുളിച്ചുതീരുന്നതുവരെ തോട്ടുവക്കത്ത് കിടപ്പ്. അവര്‍ മടങ്ങുമ്പോള്‍ പൈലറ്റ് തിരിയെ വീട്ടിലേയ്ക്ക്.
                     അന്ന്  അനു തോട്ടിലേയ്ക്ക് ഒരു ബക്കറ്റില്‍ തുണിയുമൊക്കെയായി പോവുകയാണ്. കറമ്പന്‍ പൈലറ്റ് മുമ്പില്‍. പെട്ടെന്ന് ബ്രേക്കിട്ടതുപോലെ കറമ്പന്‍ നിന്നു. മുമ്പോട്ട് നടക്കുന്ന അനുവിന്റെ മുമ്പില്‍ അവന്‍ മാറാതെ നിന്നു. അവനെ തള്ളിമാറ്റി വീണ്ടും മുമ്പോട്ട് പോയ അവളുടെ നൈറ്റിയില്‍ അവന്‍ കടിച്ച് വലിക്കുകയാണ്. അത് കീറിയിട്ടും അവന്‍ ആ കടി വിട്ടില്ല. അപ്പോള്‍ ആണ് അനു ആ കാഴ്ച്ച കണ്ടത്. തൊട്ടുമുമ്പിലുള്ള ചെറിയ കുറ്റിക്കാട്ടില്‍ ഫണം വിടര്‍ത്തിനില്‍ക്കുന്ന ഒരു മൂര്‍ഖന്‍. അതിന്റെ മുമ്പിലേയ്ക്ക ആയിരുന്നു അവള്‍ നടന്നുകൊണ്ടിരുന്നത്. അപകടം മുന്‍ കൂട്ടിയറിഞ്ഞ കറമ്പന്‍ അവളെ തടയുകയായിരുന്നു. സ്തംഭിച്ച് തറഞ്ഞുനിന്നുപോയ അനു ബക്കറ്റും തുണിയുമൊക്കെ അവിടെയെറിഞ്ഞ് ജീവനുംകൊണ്ട് തിരിഞ്ഞോടി.
                     അതോടെ കറമ്പന്‍ വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ കണ്ണിലുണ്ണിയായ ഹീറോ ആയിമാറി. നല്ല ആയുസ്സെത്തി സന്തോഷത്തോടെ ജീവിച്ച്  ഒരു ഇടവപ്പാതിയില്‍ ഇടിയും മഴയുമൊക്കെയുള്ള ഒരു രാത്രിയില്‍ അവന്‍ ഇറങ്ങിപ്പോയി. അത് പതിവുള്ളതാകയാലും അടുത്ത ദിവസം അവന്‍ വീട്ടില്‍ ഹാജര്‍ വയ്ക്കുമെന്നതിനാലും ആരും വലിയ കാര്യമാക്കിയില്ല. എന്നാല്‍ പിറ്റേദിവസവും അതിനടുത്തദിവസവും പിന്നെയും ദിവസങ്ങള്‍ കടന്നുപോയി. കറമ്പന്‍ തിരിയെ വന്നില്ല.
                      ഈ പോസ്റ്റ് ഞാന്‍ ആ നല്ല ജീവിയുടെ ഓര്‍മ്മയ്ക്കായി എഴുതിയതാണ്. നാം ഇങ്ങിനെ സന്തോഷമായി ജീവിക്കുന്നത് എത്രപേരുടെ, എത്രയെത്ര ജീവികളുടെ സഹായത്താലാണ് അല്ലേ. ചിലപ്പോള്‍ വെറുമൊരു പട്ടിയുടെ രൂപത്തിലും ദൈവികകരുണ നമ്മളെ തേടിയെത്തുമായിരിക്കും. ഈ കറമ്പനെപ്പോലെ.
                      (കറമ്പനും ജ്യേഷ്ഠന്റെ മകന്‍ ഉണ്ണിയും...രണ്ടുപേരും വിടപറഞ്ഞു പോയി)

Friday, July 8, 2011

പണ്ടോറായുടെ പെട്ടി

ചില പെട്ടികള്‍ അങ്ങിനെയാണ്. തുറക്കാതെയിരിക്കുകയാണ് നല്ലത്. 
ചില പെട്ടികള്‍ അവിടെയുണ്ടെന്ന് അറിയാതെയിരിക്കുന്നത് ഏറ്റവും നല്ലതാണ്. പത്മനാഭക്ഷേത്രത്തിലെ പെട്ടികള്‍ കൊണ്ട് നാടിന് ഗുണം വരുമോ ദോഷം വരുമോ?  ലോകശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലുള്ള ഒരു നിധിശേഖരമാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തത്. 
അതോടൊപ്പം തന്നെ അവസാനമില്ലാത്ത, അല്ലെങ്കില്‍ പരിഹാരം എളുപ്പമല്ലാത്ത പ്രശ്നങ്ങളുടെയും പെട്ടിയാണ് തുറക്കപ്പെട്ടതെന്നാണെന്റെ അനുമാനം. 
ഈ വന്‍സ്വത്ത് ഇനി സുരക്ഷിതമായി പരിപാലിക്കണമെങ്കില്‍  ചെറിയ സേനയൊന്നും പോര, അതിന് ആധുനികനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ ചെലവ് വേറെ വേണം. 
ബഡ്ജറ്റില്‍ പ്രത്യേകതുക വകകൊള്ളിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ നിധിയില്‍ നിന്നൊരു ഭാഗം ചെലവിലേയ്ക്കായി വില്‍ക്കാന്‍ സാധിക്കുമോ?  
അതിനെപ്പറ്റി ആലോചിക്കുക പോലും വേണ്ട ഇപ്പോള്‍. 
ഇനി ഇതിന്റെ ഉടമസ്ഥാവകാശം. 
അതിനെച്ചൊല്ലി നടക്കാന്‍ പോകുന്ന ദീര്‍ഘമായ തര്‍ക്കങ്ങള്‍. 
അതുവരെ പോലീസിനും ക്ഷേത്രട്രസ്റ്റിനും ഉറക്കമില്ലാത്ത നാളുകള്‍, 
അതില്‍ നിന്ന് അല്‍പ്പം അടിച്ച് മാറ്റാന്‍ വഴി ആലോചിച്ച് തല പുകയ്ക്കുന്ന കയ്യിട്ട് വാരികള്‍, “ഞങ്ങടെയാ, മറ്റാരും തൊട്ടുപോകരുത്” എന്ന് ഗര്‍ജ്ജിക്കുന്ന ജാതിക്കോമരങ്ങള്‍, 
രാജഭക്തികൊണ്ട് വേണമെങ്കില്‍ മുട്ടിലിഴയാന്‍ തയ്യാര്‍ എന്ന് ഭാവിക്കുന്ന എട്ടുവീട്ടില്‍ പിള്ളമാര്‍, ക്ഷേത്രത്തിന്റെ നിധി ഹൈന്ദവര്‍ക്ക് മാത്രം എന്ന് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എറിയുന്നവര്‍, പത്മനാഭന്റെ സ്വത്ത് പത്മനാഭന് മാത്രം എന്ന് ഓര്‍ഡറിടുന്നവര്‍ (പത്മനാഭനെന്തിനാണ് സ്വത്ത്?) യഥാര്‍ത്ഥത്തില്‍ ഇത് ആര്‍ക്കവകാശപ്പെട്ടതാണ്? രാജകുടുംബത്തിനോ?  ക്ഷേത്രത്തിനോ? സര്‍ക്കാരിനോ? ജനങ്ങള്‍ക്കോ? രാജ്യത്തിനോ?
തീരുമാനമെടുക്കാന്‍ കഴിയാതെ കുഴയുന്ന നീതിപീഠങ്ങള്‍, അന്തമില്ലാത്ത തര്‍ക്കങ്ങള്‍. 
വളരെ സെന്‍സിറ്റീവ് ആയ ഒരു പ്രശ്നം ആണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. 
ഒരു കണക്കിന് ചിന്തിച്ചാല്‍ ഇത് അവിടെയുണ്ടെന്ന് അറിയാതിരിക്കയായിരുന്ന് നല്ലത്.  ഇതുവരെയുള്ള പോക്ക് വച്ച് നോക്കിയാല്‍ പെട്ടി പൊട്ടിയത് കൊണ്ട് ഗുണമൊന്നും കാണുന്നില്ല. 

ഗുണമുണ്ടായേനെ, ഉഡായ്പ്പുവിശ്വാസത്തിന്റെ നടപ്പുദീനമില്ലാത്ത സമൂഹവും നട്ടെല്ലുള്ള ഭരണവും ജനക്ഷേമം ആഗ്രഹിക്കുന്ന നീതിപതികളും രാഷ്ട്രീയമുതലെടുപ്പുകളുടെ പൊറാട്ടുനാടകം കളിക്കാത്ത നേതാക്കളും  ഒക്കെയുണ്ടെങ്കില്‍...കാത്തിരുന്ന് കാണുക തന്നെ

Friday, June 24, 2011

വിത്തില്ലാത്ത പഴങ്ങള്‍

ഇന്ന് സഹദേവനെക്കുറിച്ചോര്‍ക്കാന്‍ പ്രത്യേകകാരണമൊന്നുമില്ല. എന്നാല്‍ കാരണം ഇല്ലെന്നും പറഞ്ഞുകൂടാ. ജോലി കഴിഞ്ഞ് വരുമ്പോള്‍ വാങ്ങിക്കൊണ്ട് വന്ന ഓറഞ്ച് മുറിച്ച് തിന്നുമ്പോളാണ് പെട്ടെന്ന് സഹദേവനെക്കുറിച്ചോര്‍മ്മ വന്നത്.
             നല്ല മധുരമുള്ള വലിയ ഓറഞ്ച്. കുട്ടിക്കാലത്ത് പള്ളിപ്പെരുന്നാളിനും ഉത്സവത്തിനുമൊക്കെ വച്ചുവാണിഭക്കാര്‍ അവരുടെ തട്ടുവണ്ടിയില്‍ കൊണ്ടുവന്ന് വില്ക്കുന്ന ഓറഞ്ചിനൊക്കെ ഇത്ര ഭംഗിയുണ്ടായിരുന്നുവോ? ഇല്ല. ഇത്രയും വലിപ്പവും ആകൃതിഭംഗിയും ഇല്ലായിരുന്നു. ഉള്ളിലൊക്കെ നിറയെ കുരുവും. ഇതിനാണെങ്കില്‍ ഒറ്റ കുരു പോലുമില്ല. തിന്നാനെന്തെളുപ്പം?    
             ബാംഗളൂരിലെ ജീവിതത്തിനിടയില്‍ മൂന്ന് മാസത്തേയ്ക്ക് മാത്രം റൂം മേറ്റ് ആയി വന്ന സഹദേവന്‍ എന്റെ ഓഫീസിന്റെ അടുത്തുതന്നെയുള്ള സ്റ്റീല്‍ കമ്പനിയില്‍ ടൈപ്പിസ്റ്റ് ആയി വന്നതാണ് . കുറുപ്പുചേട്ടന്റെ നാട്ടുകാരന്‍. ആദ്യമായി വരുന്നവര്‍ക്കൊക്കെ എന്റെ വീട് ഒരു താമസസ്ഥലമായി പ്രയോജനപ്പെടാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കാരണം മൂന്ന് വര്‍ഷം മുമ്പ് കമ്പനി ഒരു വീട് അനുവദിച്ചു തന്നു. മീനയും മോളും മിക്കവാറും കേരളത്തില്‍ തന്നെ വാസമായതിനാല്‍ ബാംഗളൂരിലെ എന്റെ വീട് എപ്പോഴും ഒരു മുറി ഒഴിവ് ആയിരുന്നു.
            സഹദേവനെ കണ്ടാല്‍ ആദ്യകാഴ്ച്ചയില്‍ ആകര്‍ഷകമായിട്ടൊന്നും തന്നെയില്ല. വളരെ പതുങ്ങിയ ഒരു വ്യക്തിത്വം എന്ന് പറയാം. സംസാരവും അങ്ങിനെ തന്നെ. അതു പോലും അധികമില്ല. പെട്ടെന്ന് തോന്നുന്ന ഒരു വിശേഷണം അന്തര്‍മുഖന്‍ എന്നാണ്. ആറ്റിങ്ങല്‍ ആണ് വീടെന്നും കല്യാണം കഴിച്ചിട്ടില്ലെന്നും ബോംബെയില്‍ ആയിരുന്നു മുമ്പ് ജോലി ചെയ്തിരുന്നതെന്നും പറഞ്ഞു. പിന്നെ വ്യക്തിപരമായ വിഷയങ്ങളിലേയ്ക്ക് കടന്ന് സംസാരിക്കുക പണ്ടുമുതലേ എന്റെ ശീലമല്ലാത്തതിനാല്‍ കൂടുതലൊന്നും അറിഞ്ഞുമില്ല. അല്ലെങ്കില്‍ ഈ വിവരമൊക്കെ അറിഞ്ഞിട്ടെന്തിന്? ഈ ജീവിതയാത്രയില്‍ എത്രപേരെ കണ്ടുമുട്ടുന്നു എത്രപേര്‍ പിരിയുന്നു!
          വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ആണ് സഹദേവന്റെ ഒരു പ്രത്യേക സ്വഭാവം ശ്രദ്ധയില്‍ പെട്ടത്. ഒരു ദിവസം ഇതുപോലെ വരാന്തയില്‍ ഇരുന്ന് ഓറഞ്ച് തിന്നുകയായിരുന്നു. അതിന്റെ കുരുക്കളെല്ലാം മുറ്റത്തേയ്ക്ക് എറിഞ്ഞിട്ട് മുറിയിലേയ്ക്ക് പോയിതിരിയെ വരുമ്പോള്‍ സഹദേവന്‍ അതെല്ലാം ഒരു പേപ്പറില്‍ പൊതിഞ്ഞെടുക്കുകയായിരുന്നു. എന്തിനെന്നറിയാന്‍ ഒരു ജിജ്ഞാസ തോന്നിയെങ്കിലും ചോദിച്ചില്ല. എപ്പോള്‍ ഏതു പഴത്തിന്റെ വിത്ത് ഇങ്ങിനെ കണ്ടാലും അയാള്‍ അത് ശേഖരിക്കാറുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു.
          ഒരിക്കല്‍ കൃഷ്ണരാജപുരത്ത് പോയിട്ട് തിരിയെ വരുമ്പോള്‍ ആണ് അതിന്റെ രഹസ്യം കണ്ടു പിടിച്ചത്. ബസിറങ്ങി വീട്ടിലേയ്ക്ക് നടന്ന് വരുമ്പോള്‍ നിരനിരയായി വച്ചുപിടിപ്പിച്ചിട്ടുള്ള പൈന്‍ മരങ്ങള്‍ക്ക് ഇടയില്‍ ഒരാള്‍ കുത്തിയിരുന്ന് കുഴിയെടുക്കുകയാണ്. ഏതോ ഗ്രാമീണന്‍ എന്ന് വിചാരിച്ച് മുമ്പോട്ട് ചുവട് വച്ചെങ്കിലും പെട്ടെന്ന് തോന്നി, സഹദേവനല്ലേ അത്? അടുത്തുചെന്ന് നോക്കിയപ്പോള്‍ അയാള്‍ തന്നെയായിരുന്നു. കാല്പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയിട്ട് കുഴിച്ച കുഴിയില്‍ രണ്ടുമൂന്ന് ചക്കക്കുരുവും ഇട്ട് മണ്ണ് മൂടി സഹദേവന്‍ എഴുന്നേറ്റ് എന്റെയൊപ്പം നടന്നു. അഞ്ചു മിനിട്ട് നടപ്പില്‍ ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല.
         രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് വരാന്തയില്‍ അരമണിക്കൂര്‍ ഇരിക്കുകയെന്നത് എന്റെ ഒരു പതിവ് ശീലമാണ്. സഹദേവന്‍ മെല്ലെ അടുത്തു വന്നു.
        "സാറേ, മുളയ്ക്കുമെന്ന് കരുതീട്ടൊന്നുമല്ല എന്നാലും വെറുതെയങ്ങ് കുഴിച്ചിടുകയാണ്. നൂറെണ്ണം നട്ട് ഒരെണ്ണമെങ്കിലും പിടിച്ചാല്‍ നല്ലതല്ലേ? നമ്മളൊക്കെ  ചത്തുപോയാലും വേറെ ആര്‍ക്കെങ്കിലും പ്രയോജനമാകട്ടെ"
        "ശരിയാ സഹദേവാ, നിങ്ങള്‍ ഈ വിത്തൊക്കെ പെറുക്കുമ്പോള്‍ എന്തിനായിരിക്കുമെന്ന് ഞാനോര്‍ത്തിരുന്നു"
        " ഒരു മരമെങ്കിലും നടാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളൊക്കെ എന്തിനാ സാറെ മനുഷേന്മാരാണെന്നും പറഞ്ഞ് നടക്കുന്നത്? സാറെത്ര മരം നട്ടിട്ടുണ്ട്?"
         ഞാന്‍ ആ ചോദ്യത്തിന് മുമ്പില്‍ ചൂളിപ്പോയി. ഈ മനുഷ്യന്റെ മുമ്പില്‍ ആകെ ചെറുതായതുപോലെ.
         "സാറിനറിയോ, ഇനി വന്ന് വന്ന് പഴങ്ങള്‍ക്കൊന്നും വിത്ത് കാണൂല്ലാത്രെ. വിത്തില്ലാത്ത നല്ല സിംപ്ലന്‍ പഴങ്ങളായിരിക്കും കടേലെല്ലാം കിട്ടുക. അപ്പോള്‍  എങ്ങിനെയാണ് മനുഷ്യര് മരങ്ങള് നടുക?"
          മറുപടി പറയാനില്ലാതെ ഞാന്‍ പുറത്തെ ഇരുളിലേയ്ക്കും വഴിയില്‍ കൂടി പോകുന്ന വാഹനങ്ങളുടെ വെളിച്ചം വരയ്ക്കുന്ന നിമിഷചിത്രങ്ങളിലേയ്ക്കും നോക്കിയിരുന്നു. സഹദേവന്‍ എഴുന്നേറ്റ് പോയി, അയാളുടെ ശബ്ദം കുറെനേരം കൂടി വരാന്തയില്‍ തങ്ങിനിന്നു. പിന്നെ ഓരോ യാത്രയിലും ഞാന്‍ വഴിയരികില്‍ ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു, ഒരു ചെടിയെങ്കിലും മുളച്ചു വരുന്നുണ്ടോ? ചെറുമുകുളങ്ങളുമായി ഒരു തൈ പൊടിച്ചുവരുന്നതുകാണുമ്പോള്‍ അത് സഹദേവന്‍ നട്ടതായിരിക്കുമോ എന്ന് ചിന്തിക്കാന്‍ തുടങ്ങി ഞാന്‍. സഹദേവനുമായുള്ള സഹവാസം എനിക്കും മാറ്റങ്ങള്‍ വരുത്തിയെന്ന് ഞാന്‍ കണ്ടെത്തി. പ്രകൃതിയോട് അറിയാതെ ഒരു സ്നേഹം മുളപൊട്ടുന്നതും  ചിന്തകളില്‍ മരങ്ങള്‍ക്കും  മനുഷ്യര്‍ക്കുമൊക്കെ സ്ഥാനം വരുന്നതും ഞാന്‍ കണ്ടെത്തി.
         ഒരിക്കല്‍ സഹദേവന്‍ വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയത്  സങ്കടത്തോടെയായിരുന്നു. എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നിനും ആദ്യം മറുപടി തന്നില്ലെങ്കിലും പിന്നെ പറഞ്ഞു. മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയെങ്കിലും വെട്ടിത്തുടങ്ങിയപ്പോള്‍ അയാള്‍ പൂര്‍ത്തിയാക്കാതെ ഇറക്കിവിട്ടുവത്രെ. അപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്. അയാളുടെ മുടി വല്ലാതെ നീണ്ടിട്ടുണ്ടായിരുന്നു. ഒരു വശം വെട്ടി നീളം കുറച്ചത് പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യാം. പിന്നെ മടിച്ച് മടിച്ച് അയാള്‍ പറഞ്ഞു.
        "എന്റെ തലയില്‍ ഒരു അസുഖമുണ്ട് സാറേ. ഒരു തരം ചൊറി പോലെ. ഞാനൊത്തിരി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ഭേദമായിട്ടില്ല."
         ഞാന്‍ അയാളുടെ മുടിയിഴകള്‍ വിടര്‍ത്തി നോക്കി. ശരിയാണ്. ചോരയൊലിക്കുന്നതും ഉണങ്ങി പൊറ്റയടരാറായിരിക്കുന്നതും പഴുത്തെന്ന പോലെയിരിക്കുന്നതുമായ അനേക വ്രണങ്ങള്‍. ചെറുതായി ദുര്‍ഗന്ധവും ഉണ്ടായിരുന്നു. പെട്ടെന്ന് എന്റെയുള്ളിലേയ്ക്ക് സഹതാപത്തിന്റെയൊരല വന്നടിക്കുന്നത് ഇങ്ങിനെ വാക്കുകളായി പുറത്തുവന്നു.
        "ഇയാ‍ള്‍ പോയി ഒരു കത്രിക വാങ്ങി വരൂ. ഞാനൊന്ന് നോക്കട്ടെ."
         പിറ്റേന്ന് സഹദേവനെത്തിയത് ഒരു കത്രികയുമായാണ്. കഴിഞ്ഞ രാത്രിയില്‍ അങ്ങിനെ പറഞ്ഞെങ്കിലും ആ മുടി വെട്ടുവാന്‍ ഒരു മടി തോന്നി. പക്ഷെ പറഞ്ഞുപോയില്ലേ. ടെറസ്സില്‍ വച്ച് മുടി വെട്ടാന്‍ തീരുമാനിച്ചു. ആരെങ്കിലും കാണേണ്ട.
         അറിയില്ലെങ്കിലും ഞാന്‍ സഹദേവന്റെ മുടി ശ്രദ്ധയോടെ വെട്ടാന്‍ തുടങ്ങി. അപ്പോഴാണയാള്‍ ബോംബെയിലെ ജീവിതത്തിന്റെ കഥ പറഞ്ഞത്. നാലു വര്‍ഷം ഒരു തുകല്‍ കമ്പനിയിലെ ഓഫീസ് ബോയ്  ആയിരുന്നു അയാള്‍. വളരെ മൂര്‍ഖസ്വഭാവമുള്ള ഒരു മാനേജരും. എന്നും അവഹേളിക്കയും കേട്ടാല്‍ ചെവി പൊട്ടുന്നതരത്തിലുള്ള ചീത്തയും പറയുന്ന ആ മനുഷ്യന്റെ കീഴില്‍ ആരും സന്തോഷത്തോടെയല്ല ജോലി ചെയ്യുന്നത്. അതില്‍ ഏറ്റമധികം തെറി കേള്‍ക്കുന്നത് സഹദേവന്‍ ആയിരുന്നു.
        "എനിക്കെന്ത് ചെയ്യാന്‍ പറ്റും സാറേ? തേച്ചാലും കുളിച്ചാലും പോകാത്ത ചീത്ത പറയുന്ന അയാള്‍ക്കെതിരെ ഞാനെന്തു ചെയ്യാന്‍? എന്റെ പൊട്ടബുദ്ധിയില്‍ ഒരു വഴിയേ ഞാന്‍ കണ്ടുള്ളു സാറേ. എന്നും ഒമ്പത് മണിക്ക് അയാള്‍ ചായ കുടിക്കുന്നത് ഞാനിട്ട് കൊടുത്തിട്ടാണ്. നന്നായിട്ട് ചായയുണ്ടാക്കിയിട്ട് ഞാന്‍ അതില്‍ തുപ്പിയൊഴിക്കും. പിന്നെ കൊണ്ട് മാനേജര്‍ക്ക് കൊടുക്കും. ഒന്നുമറിയാതെ അയാള്‍ മൂന്ന് വര്‍ഷം എന്റെ തുപ്പല്‍ കുടിച്ചു സാറെ. എനിക്ക് അന്നൊക്കെ രാത്രി കിടന്നുറങ്ങുമ്പോള്‍ അറിയാന്‍ മേലാത്ത ഒരു സന്തോഷമാരുന്നു സാറെ. അത്രയെങ്കിലും അയാള്‍ക്കിട്ട് തിരിച്ച് കൊടുക്കാന്‍ പറ്റിയല്ലോ."
          ഗള്‍ഫിലേയ്ക്ക് കടക്കാനുള്ള ശ്രമത്തില്‍ തുകല്‍ കമ്പനിയിലെ ജോലി ഉപേക്ഷിക്കുന്നത് വരെ ഇത് തുടര്‍ന്നു.  പക്ഷെ ഗള്‍ഫ് സ്വപ്നമെല്ലാം തകര്‍ന്ന് ഇപ്പോള്‍ വന്നെത്തിയത് ഇവിടെയും.
          "അന്ന് അയാളെ തുപ്പല്‍ കുടിപ്പിച്ചതിനുള്ള ശിക്ഷയായിരിക്കുമോ സാറെ ഈ തലയിലെ  പ്രശ്നത്തിനു കാരണം?"
           ആയിരിക്കുമെന്ന് പറയാന്‍ എന്റെ യുക്തിബോധം അനുവദിച്ചില്ല. അല്ലെന്ന് പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ അയാള്‍ക്ക് കഴിയില്ലെന്നും എനിക്ക് തോന്നി. ഞാന്‍ മൌനമായി മുടി വെട്ടിയിറക്കിക്കൊണ്ടിരുന്നു.

Wednesday, June 1, 2011

അര നാഴികനേരം

പാതിതുറന്നൊരെന്‍ ജാലകപ്പാളിയില്‍
ഭീതിയകന്നൊരാപ്പൊന്‍ പതംഗം
സാധകം ചെയ്‌വതുപോലെമനോഹര
ഗീതികള്‍ കൊണ്ടൊരു മാല കോര്‍ത്തു
           
              ശ്രീതരും വാസന്തപഞ്ചമം പാടുമാ
              പീതവര്‍ണ്ണക്കിളിത്തേന്മൊഴികള്‍
              ഏതോ മധുഗാന മാധുര്യവീചി തന്‍
              ശീതാനിലസ്പര്‍ശമെന്നപോലെ

കാതുമുള്‍ക്കാതും കടന്നുവന്നിന്നെന്റെ
ആതങ്കമെല്ലാം അലിഞ്ഞു പോയീ
ഭൂതമാം കാലത്തിലെന്നോ നിഴല്‍ വീണ
പാതയില്‍ ഏകനായ്  യാനം ചെയ്കേ

             ഭീതിദം വ്യാധിതന്‍ ക്രൂര നഖങ്ങളാല്‍
             പാതിവഴിയില്‍ ഞാന്‍ വീണുവെന്നാല്‍
             സ്ഫീതമീക്കാര്‍മുകില്‍ പാളികള്‍ ചൂഴ്കിലും
             നീതരും സ്വാന്തനമെന്തഗാധം

ശീതളം നിന്‍ കരപേലവവല്ലരി
“ഭേദമുണ്ടോ” എന്ന ചോദ്യമോടെ
കാതരം ശോണിമം നിന്നംഗുലീമലര്‍
വേദനയെല്ലാം തുടച്ചെടുത്തൂ

             ശ്വേതാംബരധാരി നീ വന്നു ചാരെ നി-
             ന്നോതുന്ന ദൂതുകളെത്ര മോദം
             വീതിയും നീളവുമാഴമുയരവും
             തോതില്ല നോക്കുവാനപ്രമേയം

വാതില്‍ കടന്നു നാം യാത്രാമൊഴിയെന്യേ
പാഥേയമൊന്നുമില്ലാതെ നൂനം
ഏതുമീഭൂവിലുപേക്ഷിച്ചൊരുദിനം
വാദമില്ലാതെപോമെന്നതോര്‍ക്കെ

           ഭൂതലേ നാം തേടും ധാടിയും മോടിയും
           ഖ്യാതിയും നിഷ്പ്രഭമെന്നേ വേണ്ടൂ
           നീതന്നെ നിത്യനിരാമയന്‍ നിന്റെയീ
           നീതിയില്‍ മാത്രം ഞാനാശ്രയിപ്പൂ.

Thursday, April 28, 2011

നഃ ശ്രൂയതേ നഃ ദൃശ്യതേ # 3

....ആല്‍ മുളയ്ക്കുന്നതും തണലെന്ന് ചിലര്‍

എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കേട്ടിട്ടില്ല.
ലോകത്തെവിടെയും നടന്നതായി ചരിത്രത്തില്‍ ഒരിടത്തും കാണുന്നില്ല.
നിങ്ങളുടെ കേട്ടറിവുകളില്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ പറയൂ.
ഏതു മനുഷ്യന്റെയും ആഗ്രഹം അവന്റെ രാജ്യത്തിന്റെ കൊടി ഏറ്റവും ഉയരത്തില്‍ പാറണമെന്നാണ്. അന്യരാജ്യത്ത് ജീവിക്കുമ്പോഴും അവന്റെ നാടിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ഒരു ഉള്‍പുളകം തോന്നാതിരിക്കയില്ല ആര്‍ക്കും.
സ്വന്തം നാടിന്റെ ശബ്ദം എല്ലാവരും അംഗീകരിക്കണമെന്നാണവന്റെ അന്തരംഗം കൊതിക്കുന്നത്. ഏത് മേഖലയിലും അവന്റെ രാജ്യം ജയിച്ച് യശസ്സുയര്‍ത്തണം.
 കായികമത്സരമായാല്‍ തന്റെ രാജ്യം ലോക ചാമ്പ്യന്‍ ആകണം.
അന്താരാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പായാല്‍ അവന്റെ രാജ്യം ജയിക്കണം
ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സ്വരക്തം കൊടുത്താണെങ്കിലും അവന്റെ രാജ്യം ജയിക്കണം. ഏതൊരു സാധാരണ മനുഷ്യന്റെയും മനഃസ്ഥിതി അങ്ങിനെയാണ്.
ഈയിടെ ക്രിക്കറ്റില്‍ ഇന്‍ഡ്യ ജയിച്ചപ്പോള്‍ ക്രിക്കറ്റിനോട് ഒരു താല്പര്യവുമില്ലെങ്കിലും എന്റെ മനസ് സന്തോഷവും അഭിമാനവും കൊണ്ട് പൂരിതമായി.
കാരണം എന്റെ നാടിന്റെ നാമമാണ് ഉയര്‍ത്തപ്പെടുന്നത്.
അങ്ങിനെയിരിക്കെ, ഈ നാളുകളില്‍ മനുഷ്യത്വമുള്ള ഏതൊരു ഭാരതീയനും മനസ്സുകൊണ്ടും വാക്കുകള്‍ കൊണ്ടും ആഗ്രഹിച്ചു അവന്റെ രാജ്യം ജയിക്കരുതേ എന്ന്.
തോറ്റ് നാണം കെട്ട് തന്നംതനിയെ നില്‍ക്കുമ്പോള്‍ സാധാരണ ജനം സന്തോഷിച്ചു.
കാരണം നമ്മുടെ സര്‍ക്കാര്‍ അനീതിയും അശുദ്ധിയും നിറഞ്ഞ ഒരു നിലപാടെടുത്തു.
ലോകം മുഴുവനും എതിര്‍ നില്‍ക്കുന്ന ഒരു കാര്യത്തിന് ആരുടെയോ താല്പര്യത്തിനു വഴങ്ങി നമ്മുടെ നാട് അതിന്റെ യശസ്സു കളഞ്ഞുകുളിച്ചു.
സ്വന്തം ജനതയുടെ മനസ്സ് അറിയാന്‍ കഴിയാത്ത ഒരു ഭരണാധികാരി പലായനം ചെയ്യുകയാണ് വേണ്ടത്.
ഇവിടെ നല്ല തണല്‍ തരുന്ന ആല്‍ എന്ന് പറഞ്ഞുകൊണ്ട് നില്‍ക്കുന്നു അവര്‍.
കഷ്ടം തന്നെ.
ഇനി പറയൂ, നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഒരു ജനത അവരുടെ രാജ്യം പരാജയപ്പെടണമെന്ന് മനം കൊണ്ട് ആഗ്രഹിച്ച ഒരു സന്ദര്‍ഭം?
ഇപ്പോള്‍ എങ്ങിനെയെങ്കിലും മുഖം രക്ഷിക്കാന്‍ പല അടവും എടുക്കുകയാണത്രെ. "നിരോധിച്ചോട്ടേ?" എന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതുന്നു.
ജനീവയില്‍ നിലപാട് മയപ്പെടുത്തുന്നു.
(ഒരു ദിവസം നാലു തവണയാണത്രെ “എന്‍ഡോസല്‍ഫാന്‍” കമ്പനിയായ എക്സലുമായി കണവന്‍ഷന്റെ ഇടയ്ക്ക് ഇന്‍ഡ്യന്‍ സംഘം ചര്‍ച്ച നടത്തിയത് (പത്രവാര്‍ത്ത)
ഇനി തിരിച്ചുവന്ന് ഇളിച്ച ചിരിയുമായി പുലമ്പിത്തുടങ്ങിക്കോളും
“ഞങ്ങളും കൂടി ശ്രമിച്ച് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആ വിഷം നിരോധിച്ചു" എന്ന്.

ആഹാ എന്തൊരു തണല്‍.


(മാനുഷീകതയ്ക്കെതിരില്‍ നിലപാടെടുത്തതിന് ഇവരെയൊക്കെ വിചാരണ ചെയ്യുകയാണ് വേണ്ടത്)

Friday, April 1, 2011

ഉറുമ്പിന് അരി ഭാരം...

മോഹം 1:
         കറങ്ങുന്ന കസേരയില്‍, ശീതീകരിച്ച ഓഫീസില്‍ നെറ്റിയില്‍ കയ്യമര്‍ത്തിയിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍, ഹെഡ് ഓഫീസില്‍ നിന്ന്. ടാര്‍ഗറ്റ് തികയ്ക്കണം ഇല്ലെങ്കില്‍ പരിണിതഫലം  എന്തെന്ന് പറയാനാവില്ലയെന്ന്.. ഓ വയ്യ ഈ ടെന്‍ഷന്‍ പിടിച്ച് ജീവിതം. അയാളുടെ വയറ്റില്‍ നിന്ന് ഒരു എരിച്ചില്‍ നെഞ്ചിലേയ്ക്ക് കയറി.
       വര്‍ക്ക് ഷോപ് ഫ്ലോറിലേയ്ക്ക് കാഴ്ച്ചയുള്ള ചില്ലുജാലകത്തിലെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ മെക്കാനിക് ജോണി ഒരു സ്പാനറുമായി ചൂളം വിളിച്ചുകൊണ്ട്  തന്റെ മെഷീനിന്റെയടുത്തേയ്ക്ക് നടക്കുന്നു. ജോണിയെ എപ്പോഴും പ്രസരിപ്പോടെയേ കണ്ടിട്ടുള്ളു എന്ന് കൌതുകത്തോടെ ഓര്‍ത്തു. ഈ ജോലി വിട്ടിട്ട് ജോണിയെപ്പോലെ ഒരു മെക്കാനിക്ക് ആയി റിലാക്സ് ആയി ജീവിക്കാനായിരുന്നെങ്കില്‍...

മോഹം 2:
      വീട്ടിലെ പ്രശ്നങ്ങളോര്‍ത്താല്‍ മനം നീറും. എല്ലാം മറക്കാന്‍ മനഃപൂര്‍വം ഒരു പാട്ടും ചുണ്ടില്‍ തിരുകി നടക്കാന്‍ ശ്രമിക്കുകയാണ്.  കയ്യിലെ സ്പാനര്‍ എന്തിനാണെടുത്തതെന്ന് പോലും ഓര്‍മ്മയില്ല. എന്ന് ഈ ദുരിതക്കയത്തില്‍ നിന്നൊരു മോചനം?  ഓഫീസിലേയ്ക്ക്  നോക്കിയപ്പോള്‍ ജി.എം കണ്ണാടിച്ചില്ലിലൂടെ ഷോപ്പിലേയ്ക്ക് നോക്കി നില്‍ക്കുന്നു. ഓ എന്നെങ്കിലും ആ കസേരയിലൊന്ന് ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.

മോഹം 3:
       പാഷന്‍ റെഡ് വര്‍ണ്ണത്തിലുള്ള ആ മെഴ്സിഡസ് ബെന്‍സ് കാര്‍ ഒഴുകിവരുന്നതുപോലെ ബീച്ച് റോഡിലേയ്ക്കിറങ്ങി. ഒഴിഞ്ഞ ഒരു കോണ്‍ നോക്കി ജാഫര്‍ കാര്‍ പാര്‍ക്ക് ചെയ്തു. കുറച്ച് നേരം സീറ്റില്‍ തന്നെയിരുന്നു. പിന്നെ ഇറങ്ങി ഒരു ചാരുബഞ്ചില്‍ വന്നിരുന്നു. മനസ്സിലെ പിരിമുറുക്കം മുഖത്ത് വായിച്ചെടുക്കാന്‍ പറ്റും.
      ഡോക്ടര്‍ സൈമണെ ഒന്നുകൂടി ഡയല്‍ ചെയ്തു. “ലോകത്തില്‍ ഏത് ഹോസ്പിറ്റലില്‍ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാം ഡോക്ടര്‍, എങ്ങിനെയെങ്കിലും എന്റെ മോളുടെ ജീവന്‍....”
       ജാഫറിന് വീട്ടിലേയ്ക്ക് പോകുവാന്‍ മനസ്സ് വന്നില്ല. സുലുവിന്റെ കരഞ്ഞുതളര്‍ന്ന മുഖം എത്രയെന്ന് വച്ചാണ് കാണുന്നത്? എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ നേര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടായ പൊന്നുമോള്‍, ജാസ്മി..
      അകലെ വല നന്നാക്കുന്ന ആ മനുഷ്യന്‍ എന്തൊരു സന്തോഷത്തിലാണ്? കറുമ്പനെങ്കിലും കുറുമ്പനും സുന്ദരനുമായ മകന്റെ  കുസൃതികള്‍ക്കൊപ്പം ചിരിച്ച് തലയാട്ടിക്കൊണ്ട്, കീറിയ വലയും തുന്നി... ഈ സ്വത്തും പദവിയുമൊന്നും വേണ്ടായിരുന്നു. ഇയാളെപ്പോളെ അന്നന്നത്തെ അന്നം തേടി മക്കളും ഭാര്യയുമൊക്കെയായിട്ട് ഒരു സാധാരണ ജീവിതമായിരുന്നെങ്കില്‍?

മോഹം 4:
      നശിച്ച ഈ വല, നൂറാമത്തെ പ്രാവശ്യമാന്ന് തോന്നുന്നു നന്നാക്കുന്നത്. പുതിയതൊന്ന് വാങ്ങണമെങ്കില്‍ നടക്കുന്ന കാര്യമാണോ? ബെര്‍ണാര്‍ഡിന് ദേഷ്യവും സങ്കടവും പതഞ്ഞ് വന്നു. എഡ്വിന്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ ഒരു ഫുട് ബോളിന് കരയുന്നു. അവന്റെ പന്തടക്കവും വേഗവുമൊക്കെ കണ്ടാല്‍ അറിയാം നല്ലൊരു പന്തുകളിക്കാരനാകുമെന്ന്. പക്ഷെ യോഗമില്ലാ‍തെ പോയി. ബെര്‍ണാര്‍ഡിന്റെ മകനായി പിറന്നുപോയില്ലേ?
      ആ ചാരുബഞ്ചില്‍ ഇരിക്കുന്ന മനുഷ്യനെ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു, കടലിന്റെ ഭംഗിയും നുകര്‍ന്ന് പരിസരം മറന്ന് എന്‍ജോയ് ചെയ്യുകയല്ലേ, എന്തൊരു ഭംഗിയാ ആ കാറ് കാണാന്‍ തന്നെ! പണക്കാരനായാല്‍ പിന്നെയെന്താ? താനും അയാളെപ്പോലെയായിരുന്നെങ്കില്‍ എഡ്വിന്‍ പന്തിനു വേണ്ടി ഇത്ര കരയേണ്ടി വരുമായിരുന്നോ?

മോഹം 5:
      കട്ടിലില്‍ ഉറക്കം വരാ‍തെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആണ് ഉണ്ണിക്കുട്ടന്‍ വന്ന് നെഞ്ചില്‍ പടര്‍ന്ന് കയറുന്നത്. “മോനെ മാറിക്കേടാ, അച്ഛന് ഭയങ്കര തലവേദന..”
      സോമന്‍ ഉണ്ണിക്കുട്ടനെ തലോടിക്കൊണ്ട് ചിന്തിച്ചു. ഇവനെപ്പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍? ഒരു കാപട്യവുമില്ലാതെ, നിഷ്കളങ്കതയോടെ, ഭയമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!  ജീവിതഭാരങ്ങളൊന്നുമില്ലാതെ... എത്രനാളെന്ന് വച്ചാണ് ഈ അഭിനയജീവിതം തുടരുന്നത്?
       രമയെയും അമ്മയെയും ഉപേക്ഷിക്കാന്‍ കഴിയില്ല. രണ്ടുപേരും ഒരുമയോടെ ആകുമെന്നും പ്രതീക്ഷിക്കാനാവില്ല. സോമന്‍  ഉണ്ണിയെ മെല്ലെ ഇറക്കിക്കിടത്തി.

മോഹം 6:
      ഉണ്ണി അച്ഛനെ നോക്കി. എന്റെയച്ഛന്‍ എത്ര വല്യ ആളാ? എന്തൊരു ശക്തിയാ അച്ഛന്? എന്ത് നല്ല്ല കട്ടി മീശയാ അച്ഛന്? എനിക്കും അച്ഛനെ പോലെയായാല്‍ മതിയാരുന്നു

മോഹം 7:
      മനസ്സില്‍ തോന്നുന്നത് എഴുതാനേ പറ്റില്ല. പൊടിപ്പും തൊങ്ങലും ഇല്ലാതെ സിമ്പിളായി എഴുതിയാല്‍ കമന്റുകളുടെ പ്രവാഹമായി.
"മുമ്പത്തെ പോലെ ആയില്ല...."
"നിങ്ങളില്‍ നിന്ന് ഇത്രയുമല്ല പ്രതീക്ഷിച്ചത്....."

       യഥാര്‍ത്ഥത്തില്‍ ബ്ലോഗിംഗിന്റെ ആ സംതൃപ്തി ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത്ര പോപ്പുലര്‍ ആകുന്നതിനു മുമ്പെ മനോധര്‍മ്മമനുസരിച്ച് ഉള്ളില്‍ ഉറവയെടുക്കുന്ന വാക്കുകള്‍ എഴുതാമായിരുന്നു. ഇതിപ്പോള്‍ വേറെ  ആരെയോ തൃപ്തിപ്പെടുത്താന്‍ കൃത്രിമമായി വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുന്നതുപോലെ. ഇന്നലെ യാദൃശ്ഛികമായി കണ്ട ആ തുടക്കക്കാരന്റെ ബ്ലോഗിലെ കുഞ്ഞിക്കവിത പോലെ എന്തെങ്കിലും കുറിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍? അക്ഷരത്തെറ്റുകളുണ്ടെങ്കിലും എന്തൊരു ലാളിത്യവും ഭംഗിയുമാണാ വരികള്‍ക്ക്?

മോഹം 8:
    മിനിയാന്ന്  കവിത പോസ്റ്റ് ചെയ്തതില്‍ പിന്നെ ഇപ്പോള്‍ ആണ് ബ്ലോഗ് തുറന്ന് നോക്കാന്‍ അല്പം സമയം കിട്ടിയത്. വലിയ അഭിപ്രായമൊന്നും പ്രതീക്ഷിച്ചിട്ടല്ല. ഓഹോ ആദ്യത്തെ അഭിപ്രായം ആരുടെയാണ്? സുപ്രസിദ്ധ ബ്ലോഗര്‍ “നല്ലത്” എന്നെഴുതിയിരിക്കുന്നു. 2214 ഫോളോവേഴ്സ്  ഉള്ള  സ്റ്റാര്‍ ബ്ലോഗര്‍. ഹോ എന്നെങ്കിലും അതുപോലൊരു ഭാഗ്യം വരുമോ എനിക്ക്...?