Monday, November 22, 2010

എങ്കിലും എന്റെ നിഷ്കളങ്കന്‍പിള്ളേ !!!

           പതിനാറ് വയസ്സു വരെ നിഷ്കളങ്കമായ ഒരു ഗ്രാമവാസിയല്ലായിരുന്നുവോ ഞാന്‍?വലിയ കുതന്ത്രങ്ങളൊന്നുമറിയാത്ത നിഷ്കളങ്കന്മാരുടെ ഒരു ഗ്രാമം.  ഓരോ ഗ്രാമത്തിനും സ്വന്തമായി ഒരു നിഷ്കളങ്കചാമ്പ്യന്‍ കാണാതിരിക്കില്ല. അവര്‍ക്കുഗ്രാമാന്തരങ്ങള്‍ തോറും പേരും രൂപവുമൊക്കെ വ്യത്യാസപ്പെടുമെങ്കിലും പൊതുവില്‍ സാമ്യങ്ങളാണധികം.
            അവര്‍ നാടിന്റെ പൊതുസ്വത്ത്, അവര്‍ നാടിന്റെ സ്വന്തം ചാര്‍ലി ചാപ്ലിന്‍, അവര്‍ നാടിന്റെ സായാഹ്നക്കൂട്ടത്തിന്റെ നേരമ്പോക്ക്.  പറഞ്ഞു ചിരിക്കാനും ഓര്‍ത്തു ചിരിക്കാനും മുടങ്ങാതെ വക നല്‍കുന്ന ഒരു നിഷ്കളങ്കന്‍ നിങ്ങളുടെ പരിചയത്തിലില്ലെന്നോ? എന്റെ ഗ്രാമത്തിലെ നിഷ്കളങ്കന്റെ പേര്‍ ഇവിടെ പ്രസക്തമല്ല. അതുകൊണ്ട് നമുക്കദ്ദേഹത്തെ നിഷ്കളങ്കന്‍ പിള്ളയെന്നു വിളിക്കാം. അദ്ദേഹത്തിന്റെ ചില ആത്മഗതങ്ങള്‍ വാമൊഴിപ്പാ‍ട്ടായി പകര്‍ന്നു കിട്ടിയത്  നിങ്ങളോടൊന്നറിയിച്ചില്ലെങ്കില്‍  അതെന്തൊരു സ്വാര്‍ഥതയാണ്?
         ഒരിക്കല്‍ നമ്മുടെ സുഹൃത്ത്  ബസ്  യാത്രയിലായിരുന്നു. ഇരിക്കാനൊന്നും സീറ്റ് ലഭിച്ചില്ല. പിള്ളയങ്ങിനെ കമ്പിയില്‍ ചാരി ബസിന്റെ കുലുക്കത്തിനൊത്ത് ചാഞ്ചാടി യാത്ര തുടരുമ്പോഴാണത് കണ്ടത്. തൊട്ടൂ മുമ്പിലുള്ള സീറ്റില്‍ നാട്ടുമ്പുറത്തുകാരിയായ ഒരു യുവതി തന്റെ കുഞ്ഞിനു മുലപ്പാലൂട്ടി അറിയാ‍തെയങ്ങ് മയങ്ങിപ്പോയി. ബസിന്റെ കുലുക്കത്തില്‍ കുഞ്ഞിന് പലപ്പോഴും ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ല.  പാവം കുഞ്ഞ്, നിഷ്കളങ്കന്‍ പിന്നെ വേറൊന്നും ചിന്തിച്ചില്ല. കൈ നീട്ടി കുഞ്ഞിന്റെ വായിലേക്ക് പിടിച്ചു വച്ചുകൊടുത്തു. ഞെട്ടിയെഴുന്നേറ്റ അമ്മ കൈ നീട്ടിയൊന്നു വച്ചുകൊടുത്തു നിഷ്കളങ്കന്റെ കരണത്ത്.                       കണ്ണില്‍ പൊന്നീച്ച പറക്കുന്ന വേദന പതുക്കെ തടവിമാറ്റിക്കൊണ്ട് നിഷ്കളങ്കന്‍പിള്ളയുടെ ആത്മഗതം “ ഇപ്പോഴത്തെ കാലത്ത് ഒരു കൊച്ചു  കുഞ്ഞിനു പോലും ഒരു ഉപകാരം ചെയ്യാന്‍ വയ്യ”  ഇതാണ് നിഷ്കളങ്കന്റെ ഏറ്റവും പ്രസിദ്ധമായ ആത്മഗതം.                                                                                                        ..............ഇനി അടുത്ത ആത്മഗതവും അത്ര മോശമൊന്നുമല്ല. രണ്ടും കല്പിച്ച് നിഷ്കളങ്കന്‍പിള്ള ഒരു തീരുമാനമെടുത്തു. ഈ കളിയാക്കിച്ചിരി കണ്ട് മടുത്തു. എന്തായാലും ജീവിതം അവസാനിപ്പിക്കുക തന്നെ. പിള്ള തെരഞ്ഞെടുത്ത മാര്‍ഗം റ്റീ ബാ‍ഗ് ആവുകയാണ്.  (ഗള്‍ഫിലെ മലയാളി ആത്മഹത്യകളില്‍ മജോറിറ്റി തൂങ്ങിമരണമാണ്, അതുകൊണ്ട് ഏതോ സഹൃദയരായ അറബിയുടെ സമ്മാനമാണ് റ്റീ ബാഗ് എന്ന വാക്ക്) എവിടെയോ നിന്നു ഒരു തുണ്ട് കയര്‍ സംഘടിപ്പിച്ച് നിഷ്കളങ്കന്‍ ഓപ്പറേഷന്‍ റ്റീ ബാഗ് നടപ്പില്‍ വരുത്തി. പക്ഷെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണല്ലോ പലപ്പോഴും സംഭവിക്കുന്നത്. കയറും പൊട്ടിച്ച് നടുവടിച്ച് ഇതാ കിടക്കുന്നു നിഷ്കളങ്കന്‍ തറയില്‍. ഉരുണ്ട് പുരണ്ടെഴുന്നേറ്റ് നിഷ്കളങ്കന്റെ ആത്മഗതം “ ദൈവാധീനം, ഇപ്പം വീണു ചത്തേനെ. ഇത്രേം പൊക്കത്തീന്ന് വീണിട്ട് ഇത്രേ പറ്റീള്ളല്ലോ”            

Tuesday, November 9, 2010

ചിതറിയ ചില ചിന്തകള്‍

"ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമ്രുതൂട്ടും പാര്‍വണശശിബിംബം"
(അമ്രുതെന്നും ഹ്രുദയമെന്നുമൊക്കെ ശരിക്കെഴുതുന്നതെങ്ങിനെ? ഇതു വായിക്കുന്ന ഏതെങ്കിലും സഹോദരങ്ങള്‍ പറഞ്ഞുതരണം. “ഠ” എഴുതാന്‍ പഠിപ്പിച്ചത് ഹൈനക്കുട്ടിയാണ്. ഹാഫ് സെഞ്ചുറി അടുക്കുമ്പോള്‍ തൈക്കിഴവന്റെ ഒരു മലയാളം പഠനമെന്നു ഓര്‍ത്ത് ചെറുചിരിയും വരുന്നുണ്ട്.)പ്രേമത്തെപ്പറ്റി എഴുതാത്ത കവികളുണ്ടോ? ചില വാക്കുകള്‍ക്ക് സൌന്ദര്യമുണ്ടെന്നു തോന്നുന്നു. പ്രണയമെന്ന വാക്കിനൊരു സൌന്ദര്യമുണ്ട്. വെറുപ്പെന്ന വാക്കിനൊരു വൈരൂപ്യവുമുണ്ട്. പ്രത്യാശ എന്ന വാക്കു തന്നെ പ്രത്യാശ ഉളവാക്കുന്നതാണ്. നിരാശ എന്ന വാക്കില്‍ നിരാശയുടെ എല്ലാ ഭാവവും അടങ്ങിയിട്ടുണ്ട്. ഇന്നെന്താണ് പ്രണയവുമായി വരാന്‍ തോന്നിയത്?
ഇന്നലെ ബഹറിനില്‍ മഴ പെയ്തു. മഴ ഒരു പ്രണയിനിയെ പോലെയാണ്. കഴിഞ്ഞ വര്‍ഷം ഈ പ്രണയിനി ബഹറിനില്‍ ഒന്നു മുഖം കാട്ടി പോയതേയുള്ളു. എനിക്ക് രണ്ടാമത്തെ പ്രണയിനിയാണു മഴ. ആദ്യത്തെ പ്രണയിനിയെ 17 വര്‍ഷങ്ങള്‍ക്കു മുമ്പു വിപ്ലവകരമായി കൈപിടിച്ചു ജീവിതസഖിയാക്കി. അതും ഒരു വലിയ സമരത്തിനു ശേഷം. ഒന്നുകില്‍ അവള്‍ അല്ലെങ്കില്‍ ഞാന്‍ ബ്രഹ്മചാരി എന്ന സമരത്തിനു മുമ്പില്‍ എന്റെ വീട്ടുകാര്‍ 6 വര്‍ഷങ്ങള്‍ക്കു ശേഷം അനുവാദം തന്നു.    ഒരു ട്രാന്‍സ് ഫോര്‍മഷന്‍ പീരിയഡില്‍ കൂടെയാണു നാം പോകുന്നതെന്നു തോന്നാന്‍ ഒത്തിരി കാരണങ്ങളുണ്ട്. ചില മ്രുഗങ്ങള്‍ വംശനാശം വരുന്നതുപോലെ അനേകകാര്യങ്ങള്‍ വംശനാശം വന്നു പോകുന്ന ഒരു കാലം. ആറും ഏഴും പേജുകളിലേക്കു നീളുന്ന പ്രേമലേഖനങ്ങള്‍ എഴുതുന്ന കാമുകീകാമുകന്മാര്‍, ജുവൈരിയയുടെ ഉമിത്തീയിലെ തട്ടാന്‍, ടക് ടക് എന്നു ടൈപ്പ് ചെയ്തിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അഞ്ചു മുളകും ഒരു ചിരട്ട പഞ്ചസാരയും കടം വാങ്ങി ക്രുത്യമായി തിരിച്ചു കൊടുത്തിരുന്ന പാവം വീട്ടമ്മമാര്‍, റേഡിയോ നാടകം കേള്‍ക്കാന്‍ ചൂട്ടും കത്തിച്ച് അയല്പക്കത്തു പോകുന്ന കുടുംബങ്ങള്‍, അപ്പുറത്തെ വീട്ടില്‍ നിന്ന് തീ വാങ്ങി വന്നു അടുപ്പ് കത്തിക്കുന്ന അമ്മമാര്‍, ഒരു വാസനസോപ്പും പൌഡറുമൊക്കെ വലിയ ആഡംബരമായിരുന്ന യുവതികള്‍. എന്റെ ബാല്യത്തിലെ കാഴ്ച്ചകളാണിതൊക്കെ. “നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സ മ്രുദ്ധം” എന്നു കവികള്‍ കവിതയെഴുതുന്ന കാലം. ഒരു പുഴയില്‍ ആര്‍ക്കും രണ്ടു തവണ കുളിക്കുക സാദ്ധ്യമല്ലെന്ന് പറയുന്നതുപോലെ ഇനി ആ കാലം തിരികെ വരികയുമില്ല. ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ ഒരു  മുപ്പത്   വര്‍ഷം കഴിയുമ്പോള്‍ ഇരുന്നു ബ്ലോഗെഴുതുമോ- “എന്റെ കുട്ടിക്കാലത്തൊക്കെ ആവേശത്തോടെ ബ്ലോഗെഴുതുന്നവരുണ്ടായിരുന്നു, നോക്കി, പിന്തുടര്‍ന്നു വായിക്കുന്നവര്‍ ഉണ്ടായിരുന്നു, SMS, CHATTING ഒക്കെ ചെയ്ത് പ്രേമിക്കുന്ന കാമുകീകാമുകന്മാരുണ്ടായിരുന്നു“ എന്നൊക്കെ- ആവോ, ആര്‍ക്കറിയാം? ബസും ജീപ്പുമൊക്കെ വന്ന് ബ്ലോഗിന്റെ പ്രാധാന്യം കുറയുന്നതിനെ പറ്റി ബ്ലോഗെഴുതിയ ജയന്‍ ഡോക്ടറൊക്കെ അന്നു കുഞുമക്കള്‍  15th Generation electronic gadgets ഒക്കെയെടുത്ത് പുഷ്പം പോലെ പെരുമാറുന്നത് കാണുമ്പോള്‍ നൊസ്റ്റാള്‍ജിക് ആയി ഈ സ്വന്തം അജിത്ത്  ഇപ്പോള്‍ പറയുന്നത് പോലെ എന്തായിരിക്കും അന്ന് ബ്ലോഗ് ചെയ്യുന്നത്? ഓര്‍ക്കാന്‍ നല്ല രസം.
എന്തായാലും പ്രേമമെന്ന സംഭവം ഇല്ലാതായി പോവുകയില്ല. ഇന്നത്തെ രൂപഭാവമല്ലെങ്കില്‍ കാലാനുസ്രുതമായ വേറൊരു ഭാവത്തില്‍. കാരണം ദൈവം ഒരുവന് ഒരുത്തിയെ സ്രുഷ്ടിച്ച്  പ്രണയവും ഉള്ളില്‍ വച്ച് അയച്ചിരിക്കുമ്പോള്‍ അതിനെതിരെ ആര്‍ക്കു മതില്‍ കെട്ടാനാവും? ഞാന്‍ അതിശയത്തോടെ കാണുന്ന ഒരു കാര്യം പറയാം.  ബഹുഭാര്യാത്വത്തെ ചോദ്യം ചെയ്യാനല്ല, വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യാനല്ല. ഒരുവന് ഒരുവള്‍ എന്ന് ഞാന്‍ പറയാനുള്ള കാരണം എന്തെന്നോ? ഭൂമിയുടെ ഏതു ഭാഗത്തായാലും, ഏതു വംശമായാലും, ദരിദ്രമായാലും സമ്പന്നമായാലും, കറുത്തതായാലും വെളുത്തതായാലും, ജനസംഖ്യാകണക്കെടുക്കുമ്പോള്‍ ആണ്‍പെണ്‍ അനുപാതം 1:1 (ഏകദേശം) ആ‍യിരിക്കുന്നതെങ്ങിനെ? വലിയ വ്യത്യാസങ്ങള്‍ ഒരിടത്തും വരുന്നില്ല. രണ്ടാം ലോകയുദ്ധകാലത്ത് അനേക യുവാക്കള്‍ പോര്‍ക്കളത്തില്‍ മരിച്ചു. പിന്നെയുള്ള വര്‍ഷങ്ങളില്‍ യൂറോപ്പിലെങ്ങും ഈ 1:1 അനുപാതം ശരിയാവുന്നത് വരെ ആണ്‍ജനനങ്ങളായിരുന്നു ഭൂരിപക്ഷവുമെന്നൊരു സ്റ്റാറ്റിറ്റിക്സ് കേട്ടിട്ടുണ്ട്. അതു മാത്രമല്ല അതിശയം. മറ്റുള്ള ജന്തുവര്‍ഗങ്ങളില്‍ നോക്കിയാ‍ലും ഒരു പ്രത്യേകത കാണാം അവയുടെ സംഖ്യാ കണക്കുകളില്‍. മനുഷ്യന് ഏതു പ്രയോജനമോ അവയാണു എണ്ണത്തില്‍  കൂടുതല്‍. മുട്ടയിടുന്ന കോഴിയാണെങ്കില്‍ 5 പിടയും ഒരു പൂവനും., പാല്‍ തരുന്ന പശു ആണെങ്കില്‍ 4 പെണ്‍കിടാക്കള്‍ക്കു ശേഷം ഒരു മൂരിക്കുട്ടന്‍, വീട്ടില്‍ വളരുന്ന നായയ്ക്ക് കുഞ്ഞുങ്ങളുണ്ടായാല്‍ 5 കുഞ്ഞുങ്ങളില്‍ ഒന്നായിരിക്കും പെണ്‍കുഞ്ഞ്. ( of course there are exceptions ) ദൈവം തമ്പുരാന്‍ വളരെ ജ്ഞാനത്തോടെ കാര്യങ്ങളെ ക്രമീകരിച്ചിരിക്കുന്നുവെന്നു തോന്നുന്നു. ഇന്ന് പ്രേമത്തെപ്പറ്റി ചിന്തിക്കാന്‍ ഒരു കാരണം മാദ്ധ്യമം പത്രത്തില്‍ വന്ന  ജയലക്ഷ്മിയുടെയും സുദര്‍ശന്റെയും പ്രണയസാഫല്യത്തിന്റെ വാര്‍ത്തയാണ്. “ഈടാര്‍ന്നു വായ്ക്കുമനുരാഗനദിയ്ക്ക് വിഘ്നം  കൂടാതൊഴുക്കനുവദിക്കുകയില്ലയീശന്‍” എന്ന് കവി നിരീക്ഷിച്ചത് പോലെ ഈ പ്രിയപ്പെട്ടവര്‍ വളരെ വൈതരണികള്‍ നീന്തിക്കടന്ന് ഒരു വിഷമദൌത്യം ഏറ്റെടുത്തിരിക്കുന്നു. കൂടെ നിന്നു സഹായിച്ച എല്ലവര്‍ക്കും ദൈവം തക്ക പ്രതിഫലം കൊടുക്കട്ടെ. പെരുമണ്‍ നിവാസികളായ ഏതെങ്കിലും ബ്ലോഗര്‍ സുഹ്രുത്തുണ്ടെങ്കില്‍ ദയവായി എന്റെ ആശംസകള്‍ അവരെ അറിയിക്കണം. ഇനിയും കൈത്താങ്ങല്‍ വേണ്ടിവരുമ്പോള്‍ എന്നാലാവുന്നത് ചെയ്യാന്‍ ഒരു contact number or details കിട്ടിയെങ്കില്‍ നന്നായി. ഒരിക്കല്‍ ഞങ്ങളുടെ ഫ്ലാറ്റ് ഷെയര്‍ ചെയ്ത് താമസിക്കാന്‍ വന്നത് വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കകം ഡൈവോഴ്സ് ആയ ഒരു കുട്ടിയായിരുന്നു. എപ്പൊഴും ദുഃഖിതയും നിരാശയിലുമായിരുന്നു അവള്‍. ഒരിക്കല്‍ “പിറന്നാളിന് നിനക്കെന്താ മോളെ സമ്മാനമായി വേണ്ടത്” എന്ന എന്റെ ചോദ്യത്തിന് അവളുടെ മറുപടി ഇങ്ങനെയായിരുന്നു. “ ചേട്ടനു കഴിയുമെങ്കില്‍ എനിക്കൊരു ചെറിയ ജീവിതം ഒരുക്കിത്തരു” ഞാന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് വളരെ ശ്രമങ്ങള്‍ക്കൊടുവില്‍ അനുയോജ്യനായ ഒരു യുവാവിനെ കണ്ടെത്തി. അവര്‍ ഇപ്പോള്‍ കുടുംബമായി ദുബായിലുണ്ട്. നമ്മുടെ ചെറിയ ജീവിതത്തില്‍ നമുക്കു ചുറ്റും ദൈവം ആക്കിവച്ചിരിക്കുന്ന മനുഷ്യര്‍ക്കു കഴിയുന്ന നന്മകള്‍ ചെയ്തു കൊണ്ടു ജീവിക്കുന്ന ജീവിതം എത്ര സഫലം? അതുപോലെ തന്നെ വേറൊരു സ്വപ്നം ഇനി ബ്ലോഗര്‍ സുഹ്രുത്തുക്കളുമായി പങ്കു വയ്ക്കാന്‍ സന്തോഷമേയുള്ളു. ഇപ്പോഴെനിക്കൊരു പ്രിയപ്പെട്ട അനിയത്തിയുണ്ട്. അവള്‍ വീല്‍ചെയറിലാണ്. അവളെ “സകലകലാവല്ലഭ” എന്നു ഞാന്‍ പറയും. ഈ അനിയത്തി അവള്‍ക്കു വേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന പുരുഷനോടൊത്ത് സന്തോഷമായി കഴിയുന്ന മനോഹര സ്വപ്നമുണ്ടെനിക്ക്.

Friday, November 5, 2010

പ്രത്യാശ പകരുന്ന നങ്കൂരം

എന്നെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു എന്റെ നിര്‍ധനകുടുംബത്തിന്റെ ആഗ്രഹം. അതിനായി പ്രീ ഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് എടുത്ത് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ചേര്‍ത്തു. (ഇപ്പോഴത്തെ ദേശീയ ഷൂട്ടിങ് കോച്ച് പ്രൊഫസ്സര്‍ സണ്ണി തോമസ് എന്റെ സാറായിരുന്നു അന്ന് ) ആദ്യമൊക്കെ വളരെ രസകരമായി പോയ ക്ലാസ് ഡിസെക് ഷന്‍ തുടങ്ങിയപ്പോഴേക്ക് എനിക്കു തീരെ രുചിക്കാതെ വന്നു. ആദ്യം ഒരു തവളയായിരുന്നു. (അതിനെ പിടിക്കാന്‍ പെട്ട പാട് ഒന്നും പറയേണ്ട.) ലാബില്‍ എന്റെ ആദ്യത്തെ ഓപ്പറേഷന്‍. കീറിക്കഴിഞ്ഞ് അതിന്റെ കുഞ്ഞ് അവയവങ്ങളൊക്കെ ഉള്ളിലിരുന്നു തുടിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. എല്ലാം കഴിഞ്ഞ് ഈ തവളകളുടെയും ഓന്തിന്റെയുമൊക്കെ ഗതി പാതി ജീവനോടെ ചവറ്റുകുട്ടയില്‍ കിടന്നു അന്ത്യശ്വാസം വലിക്കുകയാണ്. മൂന്നുനാലു തവണ ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ മനം മടുത്തു. പിന്നെ പഠനം മന്ദഗതിയിലായി.                              
എങ്ങനെയോ പ്രീ ഡിഗ്രി കഷ്ടപ്പെട്ട് തോറ്റു.  ഒരു ശരാശരി വിദ്യാര്‍ഥിക്ക് അന്നത്തെ ഉപരിപഠനം പിന്നെയുള്ളത്  I T I എന്ന സാങ്കേതിക മേഖലയാണല്ലോ. അവിടെ കോഴ്സ് തെരഞ്ഞെടുക്കുമ്പോള്‍ വളരെ ബുദ്ധിയോടെ ഒരു വര്‍ഷ കോഴ്സാണ് നോക്കിയത്. കാരണം പ്രീ ഡിഗ്രിയുടെ അനുഭവം അങ്ങനെയാണ്. ആദ്യത്തെ വര്‍ഷം നന്നായിപ്പോയ പഠനം രണ്ടാം വര്‍ഷം ഉഴപ്പി. ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ അനുഭവത്തിലായിരുന്നു ഞാന്‍. അങ്ങനെ പ്ലുംബര്‍ പഠനം തെരഞ്ഞെടുത്തു. ബെസ്റ്റ് ട്രെയിനി ആയി പാസ്സായി. ആ വിദ്യാഭ്യാസം എന്നെ എത്തിച്ചത്  കപ്പലുകളുടെ ലോകത്തിലാണ്. 48 വയസ്സിന്റെ ജീവിതത്തില്‍ പാതിയിലധികം വര്‍ഷങ്ങള്‍, എത്രയെത്ര നൌകകള്‍? എത്രയെത്ര നാവികന്മാര്‍? കടലുകള്‍ താണ്ടി തളര്‍ന്ന്  ക്ഷീണിച്ച് വരുന്ന കപ്പലുകള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് പുതിയ ഓജസ്സോടെ വീണ്ടും ഒരങ്കത്തിനു ബാല്യത്തോടെ ഓരോന്നും  യാത്രയാകുമ്പോള്‍ അടുത്ത കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഞങ്ങളുടെ ടീം ഇതാ റെഡി.
കപ്പലുകള്‍ എപ്പോഴും ഭാവനകളെ ഉണര്‍ത്തുന്ന നിര്‍മ്മിതികളാണ്. ഭീമാകാരമായ ഉറച്ച കോട്ട പോലെ തോന്നുന്ന അവ ആഴക്കടലിലേക്ക് എത്തുമ്പോള്‍ ആടിയും ഉലഞ്ഞും തിരകളുടെ ദയവില്‍ തുറമുഖങ്ങള്‍ തേടിയുള്ള യാത്രകളില്‍  ആശിച്ച തുറമുഖത്തില്‍ എത്താതിരുന്ന, കടലിന്റെ ആഴത്തില്‍  അവസാനിച്ച  എത്ര കപ്പലുകള്‍? മുങ്ങുന്ന കപ്പല്‍ തട്ടില്‍ നിന്ന് ഓരോരുത്തരെയും ചെറുബോട്ടില്‍ സുരക്ഷിതരായി പറഞ്ഞയച്ച് അവസാനം തന്റെ കപ്പലിനോടു കൂടെ കടലിന്റെ ആഴത്തിലേക്ക്  അവസാന യാത്ര ചെയ്ത എത്രയെത്ര വിശ്വസ്തരായ കപ്പിത്താന്മാര്‍? നമ്മള്‍ ജീവിക്കുന്ന ഈ കാലം വളരെ പ്രത്യേകതകളുള്ളതാണെന്നു ഞാന്‍ പറയും. ഈ കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന മാറ്റങ്ങളെ ഒന്നു നോക്കുക! അനേക നൂറ്റാണ്ടുകള്‍ മനുഷ്യര്‍ യാത്ര ചെയ്തിരുന്ന പരമാവധി വേഗം മണിക്കൂറില്‍  ഇരുപതോ മുപ്പതോ നാഴികയായിരുന്നു. അതും ഏറ്റവും വേഗമുള്ള അശ്വങ്ങളുള്ളവര്‍ക്കു മാത്രം. പിന്നെ ആവിയന്ത്രങ്ങളുടെ കാലം. നാല്പതിലേക്കും അമ്പതിലേക്കും കയറുന്ന സ്പീഡോമീറ്റര്‍. ഫോര്‍ഡിന്റെ കാര്‍ വിപ്ലവത്തിലൂടെ അടുത്ത പ്രമോഷന്‍. റൈറ്റ് സഹോദരന്മാരുടെ സ്വപ്നച്ചിറകിലേറി പറന്നു തുടങ്ങിയതില്‍പ്പിന്നെ ആയിരങ്ങളിലേക്ക് കയറുന്ന വേഗത്തിലേക്ക് എത്ര കുറഞ്ഞ  വര്‍ഷമാണെടുത്തത്? വളരെ അത്ഭുതപ്പെടുത്തുന്ന സമൂലമായ മാറ്റങ്ങളുടെ കാലത്ത് ജീവിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു തലമുറ തന്നെ. അതിനെ പറ്റി പറഞ്ഞാല്‍ തീരുകയുമില്ല.എന്നാല്‍ നൂറ്റാണ്ടുകളിലൂടെ യാത്ര ചെയ്തിട്ടും വളരെയൊന്നും വ്യത്യാസം വരാത്ത യാത്രോപാധിയാണ് കപ്പല്‍. ബേസിക് ടെക്നോളജി ഇന്നും മാറ്റമില്ലാതെ തുടരുന്നു. എങ്ങിനെ മാറും? വെള്ളത്തിനു മാറ്റമില്ല, തിരകള്‍ക്കു മാറ്റമില്ല, കടലിന് മാറ്റമില്ല, ഗുരുത്വാകര്‍ഷണത്തിനു മാറ്റമില്ല, പ്രാപഞ്ചികനിയമങ്ങള്‍ക്കൊന്നിനും മാറ്റമില്ല, പ്രപഞ്ചനിയമങ്ങള്‍ക്കും ദൈവികനിയമങ്ങള്‍ക്കും സാമൂഹികനീതിക്കും വിധേയനായി നന്മ ചെയ്തും സഹവര്‍ത്തിത്വത്തിലും ജീവിക്കേണ്ട മനുഷ്യര്‍ വളരെയേറെ മാറിപ്പോയി. ഈ വര്‍ഷങ്ങളൊക്കെ കപ്പലുകളുമായി പരിചയപ്പെട്ടിട്ട് എന്നെ അതിശയിപ്പിക്കുന്ന ഒരു ഭാഗം അതിന്റെ നങ്കൂരമാണ്. എത്ര സിമ്പിളായ ഒരു ഉപകരണം, എന്നാല്‍ എത്ര പ്രയോജനപ്രദം? ആഴക്കടലില്‍ അലറിയടിക്കുന്ന കൊടുംകാറ്റില്‍ ഉലയുന്ന നൌകയെ സുരക്ഷിതമായി നിറുത്തുന്ന നങ്കൂരം. മുങ്ങാതെയും ജീവനഷ്ടം വരാതെയും ആശിച്ച തുറമുഖത്ത്  നിങ്ങളെ എത്തിക്കുന്ന നങ്കൂരം. ഒരു ഭക്തന്‍ ദൈവത്തിലുള്ള വിശ്വാസത്തെ നങ്കൂരത്തോടാണുപമിച്ചിരിക്കുന്നത്. (Bible- Hebrews: Chapter 6, verse 19) എത്ര അനുയോജ്യമായ ഉപമ. ജീവിതപ്പടക് എത്രയുലഞ്ഞാലും വീണ്ടും പ്രത്യാശയോടെ നിങ്ങളെ ഉറപ്പിക്കുന്ന വിശ്വാസത്തിന്റെ നങ്കൂരം. നങ്കൂരത്തിന്റെ   ടെക് നോളജി ഏറ്റവും ലളിതമായിരിക്കുന്നതുപോലെ ദൈവവിശ്വാസവും ലളിതമാണ്. വാക്കുകള്‍ കൊണ്ട് വിശദീകരിക്കുവാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണവും.