എന്നെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു എന്റെ നിര്‍ധനകുടുംബത്തിന്റെ ആഗ്രഹം. അതിനായി പ്രീ ഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് എടുത്ത് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ചേര്‍ത്തു. (ഇപ്പോഴത്തെ ദേശീയ ഷൂട്ടിങ് കോച്ച് പ്രൊഫസ്സര്‍ സണ്ണി തോമസ് എന്റെ സാറായിരുന്നു അന്ന് ) ആദ്യമൊക്കെ വളരെ രസകരമായി പോയ ക്ലാസ് ഡിസെക് ഷന്‍ തുടങ്ങിയപ്പോഴേക്ക് എനിക്കു തീരെ രുചിക്കാതെ വന്നു. ആദ്യം ഒരു തവളയായിരുന്നു. (അതിനെ പിടിക്കാന്‍ പെട്ട പാട് ഒന്നും പറയേണ്ട.) ലാബില്‍ എന്റെ ആദ്യത്തെ ഓപ്പറേഷന്‍. കീറിക്കഴിഞ്ഞ് അതിന്റെ കുഞ്ഞ് അവയവങ്ങളൊക്കെ ഉള്ളിലിരുന്നു തുടിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. എല്ലാം കഴിഞ്ഞ് ഈ തവളകളുടെയും ഓന്തിന്റെയുമൊക്കെ ഗതി പാതി ജീവനോടെ ചവറ്റുകുട്ടയില്‍ കിടന്നു അന്ത്യശ്വാസം വലിക്കുകയാണ്. മൂന്നുനാലു തവണ ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ മനം മടുത്തു. പിന്നെ പഠനം മന്ദഗതിയിലായി.
എങ്ങനെയോ പ്രീ ഡിഗ്രി കഷ്ടപ്പെട്ട് തോറ്റു. ഒരു ശരാശരി വിദ്യാര്‍ഥിക്ക് അന്നത്തെ ഉപരിപഠനം പിന്നെയുള്ളത് I T I എന്ന സാങ്കേതിക മേഖലയാണല്ലോ. അവിടെ കോഴ്സ് തെരഞ്ഞെടുക്കുമ്പോള്‍ വളരെ ബുദ്ധിയോടെ ഒരു വര്‍ഷ കോഴ്സാണ് നോക്കിയത്. കാരണം പ്രീ ഡിഗ്രിയുടെ അനുഭവം അങ്ങനെയാണ്. ആദ്യത്തെ വര്‍ഷം നന്നായിപ്പോയ പഠനം രണ്ടാം വര്‍ഷം ഉഴപ്പി. ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ അനുഭവത്തിലായിരുന്നു ഞാന്‍. അങ്ങനെ പ്ലുംബര്‍ പഠനം തെരഞ്ഞെടുത്തു. ബെസ്റ്റ് ട്രെയിനി ആയി പാസ്സായി. ആ വിദ്യാഭ്യാസം എന്നെ എത്തിച്ചത് കപ്പലുകളുടെ ലോകത്തിലാണ്. 48 വയസ്സിന്റെ ജീവിതത്തില്‍ പാതിയിലധികം വര്‍ഷങ്ങള്‍, എത്രയെത്ര നൌകകള്‍? എത്രയെത്ര നാവികന്മാര്‍? കടലുകള്‍ താണ്ടി തളര്‍ന്ന് ക്ഷീണിച്ച് വരുന്ന കപ്പലുകള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് പുതിയ ഓജസ്സോടെ വീണ്ടും ഒരങ്കത്തിനു ബാല്യത്തോടെ ഓരോന്നും യാത്രയാകുമ്പോള്‍ അടുത്ത കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഞങ്ങളുടെ ടീം ഇതാ റെഡി.
കപ്പലുകള്‍ എപ്പോഴും ഭാവനകളെ ഉണര്‍ത്തുന്ന നിര്‍മ്മിതികളാണ്. ഭീമാകാരമായ ഉറച്ച കോട്ട പോലെ തോന്നുന്ന അവ ആഴക്കടലിലേക്ക് എത്തുമ്പോള്‍ ആടിയും ഉലഞ്ഞും തിരകളുടെ ദയവില്‍ തുറമുഖങ്ങള്‍ തേടിയുള്ള യാത്രകളില്‍ ആശിച്ച തുറമുഖത്തില്‍ എത്താതിരുന്ന, കടലിന്റെ ആഴത്തില്‍ അവസാനിച്ച എത്ര കപ്പലുകള്‍? മുങ്ങുന്ന കപ്പല്‍ തട്ടില്‍ നിന്ന് ഓരോരുത്തരെയും ചെറുബോട്ടില്‍ സുരക്ഷിതരായി പറഞ്ഞയച്ച് അവസാനം തന്റെ കപ്പലിനോടു കൂടെ കടലിന്റെ ആഴത്തിലേക്ക് അവസാന യാത്ര ചെയ്ത എത്രയെത്ര വിശ്വസ്തരായ കപ്പിത്താന്മാര്‍? നമ്മള്‍ ജീവിക്കുന്ന ഈ കാലം വളരെ പ്രത്യേകതകളുള്ളതാണെന്നു ഞാന്‍ പറയും. ഈ കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന മാറ്റങ്ങളെ ഒന്നു നോക്കുക! അനേക നൂറ്റാണ്ടുകള്‍ മനുഷ്യര്‍ യാത്ര ചെയ്തിരുന്ന പരമാവധി വേഗം മണിക്കൂറില്‍ ഇരുപതോ മുപ്പതോ നാഴികയായിരുന്നു. അതും ഏറ്റവും വേഗമുള്ള അശ്വങ്ങളുള്ളവര്‍ക്കു മാത്രം. പിന്നെ ആവിയന്ത്രങ്ങളുടെ കാലം. നാല്പതിലേക്കും അമ്പതിലേക്കും കയറുന്ന സ്പീഡോമീറ്റര്‍. ഫോര്‍ഡിന്റെ കാര്‍ വിപ്ലവത്തിലൂടെ അടുത്ത പ്രമോഷന്‍. റൈറ്റ് സഹോദരന്മാരുടെ സ്വപ്നച്ചിറകിലേറി പറന്നു തുടങ്ങിയതില്‍പ്പിന്നെ ആയിരങ്ങളിലേക്ക് കയറുന്ന വേഗത്തിലേക്ക് എത്ര കുറഞ്ഞ വര്‍ഷമാണെടുത്തത്? വളരെ അത്ഭുതപ്പെടുത്തുന്ന സമൂലമായ മാറ്റങ്ങളുടെ കാലത്ത് ജീവിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു തലമുറ തന്നെ. അതിനെ പറ്റി പറഞ്ഞാല്‍ തീരുകയുമില്ല.എന്നാല്‍ നൂറ്റാണ്ടുകളിലൂടെ യാത്ര ചെയ്തിട്ടും വളരെയൊന്നും വ്യത്യാസം വരാത്ത യാത്രോപാധിയാണ് കപ്പല്‍. ബേസിക് ടെക്നോളജി ഇന്നും മാറ്റമില്ലാതെ തുടരുന്നു. എങ്ങിനെ മാറും? വെള്ളത്തിനു മാറ്റമില്ല, തിരകള്‍ക്കു മാറ്റമില്ല, കടലിന് മാറ്റമില്ല, ഗുരുത്വാകര്‍ഷണത്തിനു മാറ്റമില്ല, പ്രാപഞ്ചികനിയമങ്ങള്‍ക്കൊന്നിനും മാറ്റമില്ല, പ്രപഞ്ചനിയമങ്ങള്‍ക്കും ദൈവികനിയമങ്ങള്‍ക്കും സാമൂഹികനീതിക്കും വിധേയനായി നന്മ ചെയ്തും സഹവര്‍ത്തിത്വത്തിലും ജീവിക്കേണ്ട മനുഷ്യര്‍ വളരെയേറെ മാറിപ്പോയി. ഈ വര്‍ഷങ്ങളൊക്കെ കപ്പലുകളുമായി പരിചയപ്പെട്ടിട്ട് എന്നെ അതിശയിപ്പിക്കുന്ന ഒരു ഭാഗം അതിന്റെ നങ്കൂരമാണ്. എത്ര സിമ്പിളായ ഒരു ഉപകരണം, എന്നാല്‍ എത്ര പ്രയോജനപ്രദം? ആഴക്കടലില്‍ അലറിയടിക്കുന്ന കൊടുംകാറ്റില്‍ ഉലയുന്ന നൌകയെ സുരക്ഷിതമായി നിറുത്തുന്ന നങ്കൂരം. മുങ്ങാതെയും ജീവനഷ്ടം വരാതെയും ആശിച്ച തുറമുഖത്ത് നിങ്ങളെ എത്തിക്കുന്ന നങ്കൂരം. ഒരു ഭക്തന്‍ ദൈവത്തിലുള്ള വിശ്വാസത്തെ നങ്കൂരത്തോടാണുപമിച്ചിരിക്കുന്നത്. (Bible- Hebrews: Chapter 6, verse 19) എത്ര അനുയോജ്യമായ ഉപമ. ജീവിതപ്പടക് എത്രയുലഞ്ഞാലും വീണ്ടും പ്രത്യാശയോടെ നിങ്ങളെ ഉറപ്പിക്കുന്ന വിശ്വാസത്തിന്റെ നങ്കൂരം. നങ്കൂരത്തിന്റെ ടെക് നോളജി ഏറ്റവും ലളിതമായിരിക്കുന്നതുപോലെ ദൈവവിശ്വാസവും ലളിതമാണ്. വാക്കുകള്‍ കൊണ്ട് വിശദീകരിക്കുവാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണവും.
അങ്ങനെ കപ്പലിന്‍റെ ഡോക്ടര്‍ ആയി അല്ലെ..! :-)
ReplyDeleteകപ്പൽ കഥ നന്നായിരിക്കുന്നു. കപ്പലിനെ പറ്റി കുറച്ചു കൂടി ആകാമായിരുന്നു..
ReplyDeleteമനുഷ്യനും ഒരു നങ്കൂരം ഉണ്ടാവേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു.
ReplyDeleteനല്ല ലേഖനം.പുതിയ പോസ്റ്റ് ഇടുമ്പോള്‍ ലിങ്ക് അയച്ചാല്‍ ഉപകാരം.
നല്ല എഴുത്ത്.
ReplyDeleteഇത്തരം അനുഭവങ്ങൾ കൂടുതൽ ആശംസകൾ!
ഞാനിതുവരെ കപ്പലിൽ കയറിയിട്ടില്ല!
കടൽ യാത്രയുടെ ത്രിൽ ഒന്നനുഭവിക്കണം.
ഒത്താൽ ഒരു ലക്ഷദ്വീപ് യാത്രയെങ്കിലും തരപ്പെടുത്തണം...
ഈ കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteവെള്ളത്തീനു മാറ്റമില്ല..........എന്നു തുടങ്ങുന്ന വാചകങ്ങൾ അതി മനോഹരം.
ആശംസകൾ.
ചിലത് അങ്ങിനെയാണ് .ടെക് നോളജി ലളിതമായിരിക്കും , എന്നാല്‍ അതിന്റെ സ്വാധീനം വളരെ വലുതും ..
ReplyDeleteനല്ല ലേഖനം സാര്‍