Friday, November 30, 2012

മനസാ സ്മരാമി

“ഡാ, നീയ്  ആപ്പോണവളെ ഒന്ന് സൂക്ഷിച്ച് നോക്ക്യോണം....”
മുമ്പില്‍ പോകുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഗീതച്ചിറ്റ പെട്ടെന്നങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നമ്പരന്നു.
പിന്നെ ആ സ്ത്രീയെ നോക്കി. ആദ്യം ശ്രദ്ധിച്ചത്  നല്ല ആകൃതിയിലുള്ള  പിന്‍ഭംഗിയാണ്. നടക്കുന്നതിനനുസരിച്ച് നല്ല താളത്തില്‍ ചലിക്കുന്ന നിതംബം.
ഒരു നിമിഷം ഞാന്‍ വല്ലാതെയായി
സ്വതവെ നിതംബഭംഗിയോട് അല്പം അധികതാല്പര്യമുണ്ടെനിക്ക്. ഇന്നലെ ചന്തയില്‍ ചിറ്റയുടെയൊപ്പം പോയപ്പോള്‍ ബോംബെ സുന്ദരികളുടെ പിന്‍ഭാഗം തേടി  കള്ളക്കണ്ണ് പായുന്നത്  വല്ലതും ചിറ്റ കണ്ടുവോ?
അതിനെ കളിയാക്കാനാണോ ഇപ്പോള്‍ ഈ പറച്ചില്‍?
എന്റെയുള്ളില്‍ നിന്നൊരു ആന്തല്‍ തൊണ്ടക്കുഴിയിലേയ്ക്ക് കയറി വന്നു.
ഹേയ്..അതൊന്നും ആയിരിക്കില്ല
എന്തായാലും ചിറ്റ ചൂണ്ടിക്കാണിച്ച ആ സ്ത്രീയുടെ പിന്നഴക് ഞാനൊന്ന്  ആസ്വദിയ്ക്കാതിരുന്നില്ല. ലോണ്‍ട്രിയില്‍ കൊടുത്തിരുന്ന പാന്റും ഷര്‍ട്ടും വാങ്ങാന്‍ തിരിഞ്ഞപ്പോഴേയ്ക്കും ആ സ്ത്രീ കുറെ മുമ്പോട്ട് നടന്ന്  നീങ്ങിയിരുന്നു
ശിവന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പിന്റെയടുത്ത് നിന്ന് വലത്തോട്ട് തിരിയുന്ന വഴിയിലൂടെ അവര്‍ ഉള്ളിലേയ്ക്ക് കടന്നു.
അങ്ങനെ തിരിയുമ്പോള്‍ അവളുടെ മുഖത്തിന്റെ ഒരു വശം കാണാന്‍ കഴിഞ്ഞു. സുന്ദരിയായൊരു പെണ്ണ്. അധികം പ്രായം കാണാന്‍ വഴിയില്ല
എന്തുകൊണ്ടോ, അവളെ വീണ്ടും കാണണമെന്ന് തോന്നി
ഇനി ചിറ്റ വല്ല കല്യാണാലോചനയുമായി പറഞ്ഞതാണോ?
അറിയാതെ കുളിരുകോരിപ്പോയി
ഇരുപത്തിനാല് വയസ്സ്  കഴിഞ്ഞ് നാലുമാസവും കടന്നിരുന്നു അപ്പോള്‍
കുളിരുകോരുന്നതില്‍ വലിയ അതിശയമൊന്നും പറയാനില്ല
ബോംബെയിലേയ്ക്ക് വണ്ടി കയറുമ്പോള്‍ കൂട്ടുകാര്‍ ഏറ്റവുമധികം പറഞ്ഞിരുന്നത് ചുവന്നതെരുവിനെപ്പറ്റിയാണ്
ഒരു തവണയെങ്കിലും പോകണമെന്ന് അന്നുതന്നെ തീരുമാനിച്ചിരുന്നു
വരട്ടെ, എല്ലാത്തിനും സമയമുണ്ടല്ലോ
അപ്പോഴേയ്ക്കും മഹാനഗരത്തില്‍ വന്നിട്ട് ഒരു മാസം കഴിഞ്ഞിരുന്നു.

അന്നുരാത്രി  ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആകാശനീലസാരിയില്‍ പൊതിഞ്ഞ, വട്ടമൊത്ത, താളത്തില്‍ ചലിക്കുന്ന നിതംബങ്ങള്‍ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു
പിറ്റേന്ന്  നോസിലില്‍*1 ഇന്റര്‍വ്യൂവിന് പോകേണ്ടതാണ്. എങ്ങനെയും ഉറങ്ങിയേ പറ്റൂ. കണ്ണുകള്‍ ഇറുക്കിപ്പൂട്ടിയിട്ടും താളത്തില്‍ ആടുന്നൊരു പിന്നഴക്  വിടാതെ സ്വപ്നത്തിലും കടന്നുവന്നു.

ഗീതച്ചിറ്റ അമ്മയുടെ രണ്ടാമത്തെ അനുജത്തിയാണ്. രാഘവന്‍കുട്ടിക്കൊച്ചച്ഛനാണ് ഭര്‍ത്താവ്. 
രണ്ടുപേര്‍ക്കും റെയില്‍വേയില്‍ നല്ല ജോലിയാണ്. ചിറ്റയെ കണ്ടാല്‍ സിനിമാനടി ശ്രീവിദ്യയുടെ ച്ഛായയാണ്. കാണുന്നവര്‍ തെറ്റിദ്ധരിക്കത്തക്കവിധത്തിലുള്ള സാമ്യം. കൊച്ചച്ഛനും നല്ല സുന്ദരനായ പുരുഷന്‍ തന്നെ. ബോംബെയില്‍ ജീവിച്ച് പരിചയം കൊണ്ടായിരിക്കും ഓരോ അഞ്ചുമിനിട്ട് കൂടുമ്പോഴും “ഹേ റാം” എന്ന് പറയും കൊച്ചച്ഛന്‍.
അദ്ദേഹത്തിന്റെ നോട്ടത്തിലും സംസാരത്തിലുമെല്ലാം എന്നോടുള്ള പുച്ഛം തെളിഞ്ഞുനിന്നിരുന്നു
തീരെ സഹിക്കുന്നില്ലെങ്കിലും നിവൃത്തികേട് കൊണ്ട് മിണ്ടാതെ സഹിക്കുക തന്നെ. ശോഷിച്ചിരിക്കുന്ന എന്റെ ശരീരപ്രകൃതം കണ്ട് ദിവസം ഒരു തവണയെങ്കിലും “ ഇവിടത്തെ നല്ല ഭക്ഷണമൊക്കെയല്ലേ കഴിക്കുന്നത്, തടിച്ചോളും” എന്ന് പറയാതിരിക്കയേയില്ല.  ഭക്ഷണം വിളമ്പിവച്ചിട്ട് വിളിക്കുമ്പോള്‍ കൊച്ചച്ഛന്‍ കഴിച്ചുതീരും വരെ എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് ഞാന്‍ വൈകിക്കും. എന്തോ ഒരു സങ്കോചം.
നോസിലിലെ ഇന്റര്‍വ്യൂ  കഴിഞ്ഞു. അവര്‍ക്ക് ആളിനെ അത്യാവശ്യമായി വേണ്ടുന്ന സമയമായിരുന്നു. പിന്നെ തങ്കപ്പന്‍ വല്യച്ഛന്റെ ഒരു ശുപാര്‍ശയും. തിങ്കളാഴ്ച്ച ജോയിന്‍ ചെയ്തോളാന്‍ പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മഴ പെയ്ത അനുഭവമായിരുന്നു. എന്തെന്നറിയാതെ ഉള്ളിലേയ്ക്ക് കടന്നുവന്ന ദൃശ്യം ആകാശനീലസാരിയില്‍ പൊതിഞ്ഞ അഴകുസമൃദ്ധിയുടെ രസനടനമായിരുന്നു.

പിന്നെ ദിവസങ്ങള്‍ക്കൊരു സ്പീഡ് വന്നു. എന്നാലും രാഘവന്‍ കൊച്ചച്ഛന്റെ പരിഹാസം ഒട്ടും കുറഞ്ഞിരുന്നില്ല.  എത്രയും പെട്ടെന്ന് ഇവിടത്തെ താമസം മാറണം. തങ്കപ്പന്‍ വലിയച്ഛന്റെ കൂടെയായിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷെ അവര്‍ പാവങ്ങളാണ്. തിങ്ങിഞെരുങ്ങി ഒറ്റമുറിയ്ക്കുള്ളിലാണ് നാലംഗകുടുംബം. പിന്നെ ഏതെങ്കിലും കൂട്ടുകാരുടെ കൂടെ കൂടുകയാണ് മാര്‍ഗം.
ഓരോ ദിവസം കടന്നുപോകുന്തോറും  അവിടെ താമസിക്കുന്നതില്‍ വീര്‍പ്പുമുട്ടല്‍ കൂടിവന്നു

ഉണ്ണിക്കുട്ടനും ശ്രുതിയുമായിരുന്നു ആകെയുള്ള ഒരാശ്വാസം. ഗീതച്ചിറ്റയുടെ കുസൃതിക്കുട്ടികള്‍

രാഘവന്‍ കുട്ടിക്കൊച്ചച്ഛന്‍  ഒഫിഷ്യല്‍ ടൂറിന് പോയ തിന്റെ അടുത്തദിവസം ഗീതച്ചിറ്റ അടുത്തു വന്നു.
“നീയ് ഇന്ന് ജോലിക്ക് പോകണ്ടാ. നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്”
“എവിടേയ്ക്കാ ചിറ്റേ?”
“അത് നീയറിയേണ്ടാ”

ചിറ്റയുടെ സ്വരം കടുത്തിരുന്നു. വളരെ പതിഞ്ഞുമിരുന്നു
മുഖം പതിവില്ലാതെ വലിയ ഗൌരവഭാവത്തിലുമായിരുന്നു
കുട്ടികള്‍ സ്കൂളിലേയ്ക്ക് പോയ ഉടനെ ചിറ്റ ഒരുങ്ങിയിറങ്ങി

“നീയൊന്ന് പെട്ടെന്നിറങ്ങിക്കേ...”
“ഇതാ റെഡിയായി ചിറ്റേ”

ഫ്ലാറ്റിനു താഴെയെത്തിയതും ആദ്യം കണ്ട സൈക്കിള്‍ റിക്ഷ കൈകാട്ടി നിര്‍ത്തി ഞങ്ങള്‍ യാത്രയായി.
ചന്തയും കടന്ന് ശിവന്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പ് കഴിഞ്ഞ്  വലതുവശത്തേയ്ക്കുള്ള ഇടറോഡില്‍ റിക്ഷ കടന്നയുടനെ എന്റെയുള്ളില്‍ ചിത്രശലഭങ്ങള്‍ പറന്നുതുടങ്ങി
അവള്‍ കടന്നുപോയ ഗല്ലി.
ഇത് ഒരു പെണ്ണുകാണല്‍ തന്നെ
ച്ഛെ, അറിഞ്ഞിരുന്നെങ്കില്‍ അല്പം കൂടെ നന്നായി ഒരുങ്ങിവരാമായിരുന്നു

ഒരാളിനു മാത്രം കഷ്ടിച്ച് കയറിപ്പോകാവുന്ന ഇരുമ്പ്ഗോവണിയില്‍ ഗീതച്ചിറ്റ കാറ്റുപോലെ കയറി മുകളിലെത്തിയപ്പോള്‍ ഞാന്‍ ആദ്യത്തെ പടി കയറിത്തുടങ്ങുന്നതേയുള്ളു.
എന്തൊരു സ്പീഡ്!

ഗണപതിയുടെ ചിത്രം പതിച്ച പഴയ കതകില്‍ മുട്ടിയപ്പോള്‍ ഒരു മിനിറ്റ് കഴിഞ്ഞാണ് തുറന്നത്.
പുറത്തേയ്ക്കെത്തിനോക്കിയ മുഖം ഒരു നോക്ക് കണ്ടു
അവളുടെ അഴകാര്‍ന്ന മുഖം .
എന്റെ ഹൃദയം സന്തോഷം കൊണ്ട് പിടച്ചു.
അത് ഒരു നിമിഷം പല ഭാവനകളും നെയ്ത് പരിസരം മറന്നുപോയി

“ഠേ”
പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദം എന്നെ ഭാവനാലോകത്തുനിന്ന് തിരിച്ചുകൊണ്ടുവന്നു.
ഞാന്‍ ഞെട്ടി മുകളിലേയ്ക്ക് നോക്കിയപ്പോള്‍ പൂക്കുല പോലെ വിറച്ച് തുള്ളുന്ന ചിറ്റയേയും കവിള്‍ പൊത്തിപ്പിടിച്ച് നിലത്തേയ്ക്കിരിക്കുന്ന അവളെയുമാണ് കണ്ടത്.
അവളുടെ കവിളില്‍ വിരല്‍പ്പാടുകള്‍ ചുവന്ന് തിണര്‍ത്ത് കിടക്കുന്നതും  കണ്ണുകളില്‍ നിന്ന്  വലിയ നീര്‍മണിത്തുള്ളി ചിതറിവീഴുന്നതും കണ്ട് സ്തബ്ധനായി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളു

രൌദ്രഭാവം പൂണ്ട് ഒരു വാക്കും പറയാതെ ചിറ്റ താഴേയ്ക്കിറങ്ങി. അവിശ്വസനീയമായ വേഗത്തില്‍ നടന്ന് വഴിയിലേയ്ക്കിറങ്ങുകയും ചെയ്തു.
ഞാന്‍ എന്തുചെയ്യണമെന്നറിയാതെ ഒരു പൊട്ടനെപ്പോലെ ഒരു മിനിറ്റ് അവിടെത്തന്നെ നിന്നുപോയി
അവള്‍ എഴുന്നേറ്റ് കവിള്‍ തടവിക്കൊണ്ട് എന്നെ നോക്കി.
എന്തെങ്കിലും പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു
കണ്ണ് തുടച്ചുകൊണ്ട് അവള്‍ അകത്തുകടന്ന് വാതിലടയ്ക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ആ കണ്ണുകളില്‍ നിന്നടര്‍ന്ന് വീണ വലിയ കണ്ണീര്‍ത്തുള്ളികളെക്കുറിച്ചായിരുന്നു.

ഞാന്‍ ഓടി വഴിയിലേയ്ക്ക് വന്നു. ഗീതച്ചിറ്റ നടപ്പ് തുടരുകയായിരുന്നു. ഞാന്‍ ഓടിയെത്തി ചിറ്റയുടെ അരികില്‍ നടന്നു
എനിക്കെന്തൊക്കെയോ ചോദ്യങ്ങളുണ്ട്
പക്ഷെ ഭയമായിരുന്നു
വീട്ടിലെത്തുവോളം ഞങ്ങള്‍ നിശ്ശബ്ദരായി നടന്നു

എത്തിയപാടെ ചിറ്റ മുറിയില്‍ കടന്ന് കട്ടിലിലേയ്ക്ക് വീണു
മുള ചീന്തുന്നപോലെ കരച്ചില്‍ കേട്ടു
ഇപ്പോള്‍ എന്താണ് പറയേണ്ടുന്നതെന്നോ ചോദിക്കേണ്ടുന്നതെന്നോ ഒന്നും അറിയില്ല
ഇങ്ങനെയുള്ള സാഹചര്യങ്ങളോന്നും അനുഭവിച്ച് പരിചയവുമില്ല

ഉച്ചയ്ക്ക് ഊണ് വിളമ്പി ഞങ്ങള്‍ കഴിക്കാനിരിക്കുമ്പോഴാണ്  ചിറ്റ ആ രഹസ്യം പറഞ്ഞത്.
അവളുടെ പേര് ലക്ഷ്മിയമ്മാളെന്നാണ്.
നഴ്സ് ആണ്.
പാലക്കാട്ടെങ്ങോ ഉള്ള ഒരു പട്ടത്തിപ്പെണ്ണാണവള്‍.
പട്ടത്തിപ്പെണ്ണ് നഴ്സ് ആയിരിക്കുന്നത് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്
കൊച്ചച്ഛനും ആ പെണ്ണും തമ്മില്‍ അടുപ്പമാണെന്നും അത് വളരെ അടുത്തുപോയൊരു ബന്ധമാണെന്നുമൊക്കെ പറഞ്ഞപ്പോള്‍ ചിറ്റ മന:പൂര്‍വം എന്റെ മുഖത്തേയ്ക്ക് നോക്കാതിരിക്കുന്നത് ഞാന്‍ കണ്ടു

ചിറ്റ കരയുന്നത് എന്റെ അമ്മ കരയുന്നപോലെയാണെനിക്ക് തോന്നിയത്.
എന്തുചെയ്യാനാവും?
പിറ്റേന്ന് ജോലി കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ അവളുടെ ഫ്ലാറ്റില്‍ പോയി
കതക് തുറന്ന് വന്നത് അവള്‍ തന്നെയായിരുന്നു
എനിക്ക് ദേഷ്യം വന്നിട്ട് ആകെ വിറയ്ക്കുന്നുണ്ടായിരുന്നു.
“അറുവാണിച്ചീ, ഇനി നിന്നെ ഇവിടെയെങ്ങാനും കണ്ടാല്‍ ഞാന്‍ ആളിനെ വച്ച് നിന്നെ കൊല്ലും”

എങ്ങനെയാണത്രയും ധൈര്യം വന്നതെന്നറിയില്ല
അങ്ങനത്തെ കഠിനവാക്കുകള്‍ ഇതുവരെ ജീവിതത്തില്‍ ആരോടും പറഞ്ഞിട്ടുമില്ല
ഞാന്‍ തിരിഞ്ഞുനോക്കാതെ ഇറങ്ങി
ഇതെപ്പറ്റി ആരോടുമൊന്നും പറഞ്ഞതുമില്ല

കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ സൌദി അറേബ്യയില്‍ ജോലി ശരിയായി ഞാന്‍ ബോംബെ വിട്ടു
ഇന്റര്‍വ്യൂ, ടെസ്റ്റ്, മെഡിക്കല്‍ എല്ലാം നേരത്തെ തന്നെ കഴിഞ്ഞതായിരുന്നു.
സൌദിയിലെ രണ്ടുവര്‍ഷക്കാലം തങ്കപ്പന്‍ വലിയച്ഛന്‍ അയച്ച രണ്ടുമൂന്ന് കത്തുകളല്ലാതെ ബോംബെ വിശേഷങ്ങളൊന്നുമറിയാറില്ല

രണ്ടു വര്‍ഷം കഴിഞ്ഞ് ആദ്യ അവധി.
അന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക് വിമാനസര്‍വീസ് ഒന്നുമില്ല
ബോംബെ തന്നെ ശരണം

രണ്ടു വീട്ടിലേയ്ക്കും എല്ലാവര്‍ക്കും തുണിയും സാധനങ്ങളുമൊക്കെ ഉണ്ടായിരുന്നു
രാത്രി തങ്ങിയത് ഗീതച്ചിറ്റയുടെ ഫ്ലാറ്റില്‍ തന്നെ
രാഘവന്‍ കൊച്ചച്ഛന്‍ ജോലി കഴിഞ്ഞ് വന്നയുടനെ എന്നെ അത്യാവശ്യമായി പുറത്തേയ്ക്ക്  വിളിച്ചു.
ബസ് സ്റ്റാന്‍ഡിലേക്ക് ചെന്ന് അവിടെ വെയിറ്റ് നോക്കുന്ന മെഷിന്‍ ഇരിക്കുന്നിടത്തേയ്ക്ക് നടന്നു
മെഷിനില്‍ ഒരു രൂപ നാണയമിട്ടു.

“നീയ് ഒന്ന് കേറിനില്‍ക്ക്..”

പിന്നെ കൊച്ചച്ഛനും നാണയത്തുട്ടിട്ട് കയറി
ഞാന്‍ എഴുപത് കിലോ, കൊച്ചച്ഛന്‍ എഴുപത്തിമൂന്ന് കിലോ
ആ മുഖത്ത് ഒരു ആശ്വാസഭാവം, ഒരു വിജയീഭാവം
ഞങ്ങള്‍ തിരിച്ച് ഫ്ലാറ്റിലേയ്ക്ക് പോന്നു. അടുത്ത ദിവസത്തെ ജയന്തിജനതയ്ക്ക് ഞാന്‍ കേരളത്തിലേയ്ക്ക് പുറപ്പെട്ടു.

തിരിച്ച് സൌദിയിലെത്തിയിട്ടുള്ള എട്ടുവര്‍ഷങ്ങള്‍ ബോംബെയിലെ വിവരങ്ങള്‍ അറിഞ്ഞത് വലിയച്ഛന്റെ മകള്‍ രേണു വല്ലപ്പോഴും എഴുതുന്ന കത്തുകളിലൂടെയായിരുന്നു
അങ്ങനെയാണ് ഗീതച്ചിറ്റയുടെ കാന്‍സര്‍ രോഗബാധയറിഞ്ഞതും കേരളത്തിലേയ്ക്ക്  നേരിട്ട് ഫ്ലൈറ്റ് ഉണ്ടായിട്ടും ബോംബെയില്‍ ഇറങ്ങി ചിറ്റയെ ഒരു നോക്ക് കാണണമെന്ന് തീരുമാനിച്ചു.
തൊലിയും അസ്ഥിയും മാത്രമായൊരു രൂപം

ഞാന്‍ ഒന്നും ചോദിച്ചതുമില്ല, ചിറ്റ ഒന്നും പറഞ്ഞതുമില്ല. ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് ചുടുകണ്ണീര്‍ മാത്രം ധാരയിട്ടൊഴുകി.

അകത്തുനിന്ന് ഓരോ അഞ്ചുമിനിട്ടിലും “ഹേ റാം” കേള്‍ക്കുന്നുണ്ടായിരുന്നു

“നീയ് എപ്പോ എത്തീ.....?”
“രാവിലെ എത്തി കൊച്ചച്ഛാ”
“ങ്ഹൂം......”

ഞാന്‍ അവിടെ നിന്ന് ഇറങ്ങി വലിയച്ഛന്റെ ഫ്ലാറ്റിലേയ്ക്ക് നടന്നു. വൈകിട്ട്  ഫ്ലൈറ്റില്‍ കേരളത്തിലേയ്ക്കും.
ചിറ്റ പിന്നെ ഒരു മാസം മാത്രമേ ജീവിച്ചിരുന്നുള്ളു.
സൌദിയിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ഒരാഴ്ച്ച മുമ്പായിരുന്നു എല്ലാവര്‍ക്കും വേദനയ്ക്കുപരി ആശ്വാസം പകര്‍ന്ന ആ മരണം.
ചിറ്റ എന്തു ദുരിതജീവിതമാണ് ജീവിച്ചതെന്നോര്‍ത്ത്  പലരാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ട്. സ്വന്തം ഭര്‍ത്താവിന് അന്യസ്ത്രീ പങ്കുകാരിയാകുന്നത് ഏതെങ്കിലും ഒരു പെണ്ണിന് സഹിക്കാനാകുമോ? 

പിന്നെ ഏഴ് വര്‍ഷങ്ങള്‍ മാത്രമേ സൌദിയില്‍ നിന്നുള്ളു. തിരിച്ച് നാട്ടിലെത്തി ചെറിയ ഒരു കടയുമിട്ട് വലിയ അല്ലലില്ലാതെ കഴിയുകയാണിപ്പോള്‍. എട്ടു വര്‍ഷമായി

ബോംബെ കണക് ഷന്‍ രേണുവിന്റെ ഫോണില്‍ മാത്രം ഒതുങ്ങിയ 15 വര്‍ഷങ്ങള്‍. കൊച്ചച്ഛനെപ്പറ്റി പറയാറുമില്ല, ചോദിക്കാറുമില്ല.
ആറുമാസം മുമ്പാണ് രേണു ആദ്യമായി രാഘവന്‍ കൊച്ചച്ഛനെപ്പറ്റി എന്തെങ്കിലും പറയുന്നത്

“ഏട്ടാ, കഷ്ടമാണവിടത്തെ കാര്യം. ഷുഗര്‍ കൂടി ഒരു കാല് മുറിച്ചു. ഇപ്പോ കിഡ്നിയ്ക്കും കുഴപ്പാണത്രെ”
“ഉണ്ണിയും ശ്രുതിയുമോ?”
“ഉണ്ണി അമേരിക്കേലാ. ശ്രുതി ഒരു ഗുജറാത്തിയെ പ്രേമിച്ച് കെട്ടി ബാംഗളൂരെങ്ങാണ്ടോ മറ്റോ ആണ്”
“അപ്പോ ആരാടീ കൊച്ചച്ഛന്റെ കാര്യൊക്കെ നോക്കണത് ?”
“രാവിലേം വയ്യിട്ടും ഓരോ മണിക്കൂര്‍ വന്ന് പോവണ ഒരുത്തിയൊണ്ടത്രെ. നാളെ ഒന്ന് പോവാന്ന് വച്ചു. വന്നിട്ട് വിശേഷം പറയാം ഏട്ടാ”

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍............

ഇന്നലെ കടയില്‍ ഉച്ചവിശ്രമത്തിനായി ഷട്ടര്‍ ഇട്ട സമയത്താണ് രേണുവിന്റെ ഫോണ്‍
“ഏട്ടാ......”
“എന്താടീ?”
“ഏട്ടനൊരു കാര്യം കേള്‍ക്കണോ? കൊച്ചച്ഛന്റെ കല്യാണം കഴിഞ്ഞു”
“നീയെന്താ തമാശ പറയുന്നോ?”
“ഇല്ലേട്ടാ, ഇന്നലെ ലതച്ചേച്ചിയാ പറഞ്ഞെ..........”

“തിങ്കളാഴ്ച്ച ലക്ഷ്മിയമ്മാള്‍ വന്നു, അടുത്തുള്ള മുരുകന്‍ കോവിലില്‍ പൂജിച്ച് കൊണ്ടുവന്ന ഒരു മഞ്ഞച്ചരട് കൊച്ചച്ഛനെക്കൊണ്ട് കഴുത്തില്‍ കെട്ടിച്ചത്രെ. ലതച്ചേച്ചിയേം വേണുച്ചേട്ടനേം വിളിച്ചാരുന്നു. വേറാരുമില്ല”

“അപ്പോള്‍.....”
എന്നെ പാതിയില്‍ നിര്‍ത്തി രേണു പറഞ്ഞു
“ഏട്ടാ വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും ലക്ഷ്മിയമ്മാള്‍  കല്യാണം കഴിക്കാതെ  വാശിപിടിച്ച് നില്‍ക്കുവാരുന്നു. ഈ  ഇരുപത്തിമൂന്ന് വര്‍ഷം അവര് കൊച്ചച്ഛനുവേണ്ടി കാത്തിരിക്കുവാരുന്നു. എന്നിട്ടിപ്പോ കൊച്ചച്ഛനെ ആര്‍ക്കും വേണ്ടാതായ സമയത്ത് തേടിവന്നു.....”

രേണു പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ ഒന്നും കേട്ടില്ല

എന്റെ മനസ്സ് ലക്ഷ്മിയമ്മാളുടെ കാല്‍ക്കല്‍ ഉരുകിവീഴുകയായിരുന്നു.
സാഷ്ടാംഗം പ്രണമിക്കുകയായിരുന്നു.

 *****************************************************************

ഇതിലെ കഥാപാത്രങ്ങള്‍ എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മനുഷ്യരാണ്. കഥ പറയുന്നവന്‍ ഞാന്‍ ആണെങ്കിലും ഇത് എന്റെ അനുഭവമല്ല

*1.   NOCIL - National Organics and Chemical Industries LimitedWednesday, September 26, 2012

ഒരു “നിശാഗന്ധി“യെപ്പറ്റി
 ബ്ലോഗര്‍ നിശാഗന്ധിയുടെ ആദ്യകവിതാസമാഹാരം “ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി” ഇന്ന് തപാല്‍ക്കാരന്റെ കയ്യില്‍ നിന്ന് വാങ്ങുമ്പോള്‍ ആദ്യമായി ഒരു പേരക്കുട്ടിയെ കൈ നീട്ടി വാങ്ങുന്ന സന്തോഷമായിരുന്നു.
പലപ്പോഴായി ബ്ലോഗില്‍ വായിച്ചിരുന്ന 50 കവിതകള്‍ കോര്‍ത്തിണക്കി, കവി പവിത്രന്‍ തീക്കുനിയുടെ അവതാരികയും റഫീക് കെഎംഎസ് ഒരുക്കിയ മനോഹരമായ കവറും ഒക്കെക്കൂടി ഈ പുസ്തകം വളരെ ആകര്‍ഷകമായി പബ്ലിഷ് ചെയ്തിട്ടുള്ളത് നമുക്കേവര്‍ക്കും സുപരിചിതരായ സി എല്‍ എസ് ബുക് സ് ആണ്.

പരമ്പരാഗതകവിതകളുടെ ആരാധകനും അവയ്ക്കായി ശക്തിയോടെ വാദിക്കുന്നവനുമായ എനിയ്ക്ക് ഗദ്യകവിതകളോട്, പ്രത്യേകിച്ചും അവയില്‍ രചയിതാവ് ബോധപൂര്‍വം വരുത്തുന്ന ദുരൂഹമായ വാഗ് പ്രയോഗങ്ങളോടുമൊക്കെ എന്നും ഒരു തരം വിപ്രതിപത്തി തന്നെയായിരുന്നു.
അതുകൊണ്ട് തന്നെ ബ്ലോഗുലകപര്യടനത്തിനിടയില്‍ കണ്ടെത്തിയ ഈ കവിതാവനിയില്‍ പലപ്പോഴും ഞാന്‍ പരിഹസിക്കുന്ന ഒറ്റവാക്ക് കമന്റുകള്‍ എഴുതിപ്പോന്നു. എന്നാല്‍ അതിനെല്ലാം മൌനം കൊണ്ട് മനോഹരമായ മറുപടിയെഴുതി ജിലു ആഞ്ജെല എന്നെ അദ്ഭുതപ്പെടുത്തി. മുന്നൂറിലധികം ഫോളോവേര്‍സ് ഉണ്ടായിരുന്നെങ്കിലും നാലോ അതില്‍ താഴെയോ അഭിപ്രായങ്ങളാണ് ജിലുവിന്റെ പല പോസ്റ്റുകള്‍ക്ക് താഴെയും കാണാനാവുക. പല പോസ്റ്റുകളിലും ഒരു അഭിപ്രായം പോലും കാണാതിരിയ്ക്കാറുമുണ്ട്.  എന്നാല്‍ അതൊന്നും ഈ കുട്ടിയുടെ കവിതാതൃഷ്ണയെ ലേശവും കെടുത്തിയിട്ടില്ല. തന്നെ ഏല്പിച്ച ഒരു നിയോഗം പോലെ ഭംഗമില്ലാതെ അവള്‍ തന്റെ കവിതാസപര്യ തുടര്‍ന്നുപോന്നു.

ഈ കവിതകള്‍ എഴുതുന്നത്  സ്ത്രീനാമത്തിലുള്ള ഏതോ പുരുഷനാണെന്നും പ്രായവും അനുഭവസമ്പത്തുമൊക്കെ ഏറെയുള്ള ഒരാളാണെന്നും ഞാന്‍ തെറ്റിദ്ധരിച്ചിട്ടുണ്ട് ആദ്യമൊക്കെ. എന്നാല്‍ ഫേസ് ബുക്കില്‍ ഈ കുട്ടിയുടെ പ്രൊഫൈല്‍ കാണുമ്പോഴാണ് യൌവനത്തിന്റെ  പടികടന്നിട്ടില്ലാത്ത സര്‍ഗധനയായൊരു എഴുത്തുകാരിയാണിവള്‍ എന്ന് തെല്ലൊരദ്ഭുതത്തോടെ ഞാന്‍ അറിയുന്നത്.

ഈ ആഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ജിലുവിന്റെ ബ്ലോഗില്‍ സന്ദര്‍ശനം നടത്തിയവരെയൊക്കെ അദ്ഭുതപ്പെടുത്തുന്ന തരത്തില്‍ ഒരു കവിതപ്പെയ്ത്ത് തന്നെ ആയിരുന്നു.
ഒരു കവിത വായിച്ച് തീരുന്നതിനുമുന്‍പ് തന്നെ അടുത്ത രണ്ടെണ്ണം പോസ്റ്റ് ചെയ്ത് അഭിപ്രായമെഴുതാന്‍ പോലും സമയമനുവദിക്കാത്ത തരത്തില്‍ ഒരു പെയ്ത്ത്. എന്നാല്‍ വായനക്കാരെ അതിശയിപ്പിക്കുന്നത്, ഇത്രയധികം കവിതകളെഴുതുമ്പോഴും അവയെല്ലാം തന്നെ അര്‍ത്ഥസമ്പുഷ്ടവും ആശയഗാംഭീര്യതയുള്ളവയുമായിരുന്നു എന്നതാണ്.

വേറൊന്ന് എടുത്ത് പറയേണ്ടുന്നത് വിഷയങ്ങളിലെ വൈവിധ്യവും വൈദഗ്ദ്ധ്യവുമാണ്. ആകാശത്തിന്റെ അപ്പുറത്തുനിന്ന് വര്‍ണ്ണവൈശിഷ്ട്യമേറിയ മേഘരാജിയെപ്പറ്റി എഴുതിയാലും ആഴിയുടെ ആഴങ്ങളിലെ മുത്തിനെപ്പറ്റി എഴുതിയാലും, പ്രണയത്തെപ്പറ്റി എഴുതിയാലും അമ്മയെപ്പറ്റി എഴുതിയാലും ചാവേറിനെപ്പറ്റി എഴുതിയാലും രാഷ്ട്രീയത്തെപ്പറ്റി എഴുതിയാലും ഭക്തിയെപ്പറ്റി എഴുതിയാലും ഈ അനുഗൃഹീതതൂലികയ്ക്ക് ഒരു വാക്കും പിഴയ്ക്കുന്നില്ല. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ തന്റെ മനസ്സിലുള്ള ആശയത്തെ കാവ്യാത്മകമായി അനുവാചകരോട് സംവേദനം ചെയ്യുന്നതില്‍ ജിലുവിന് ജന്മസിദ്ധമായൊരു കഴിവ് ഉണ്ടെന്ന്  ഈ കൊച്ചുകവിതകള്‍ നമ്മോട്  പറയുന്നു. മനസ്സ് നുറുക്കി മത്സ്യങ്ങളെയൂട്ടിയ നന്ദിതയുടെ കവിതകളോട് സാദൃശ്യം ഈ കവിതകളിലും നമുക്ക് കാണാന്‍ കഴിയും. അത് ജിലു തന്നെ പുസ്തകത്തിന്റെ ആമുഖമായി എഴുതിയിട്ടുമുണ്ട്

ഇനിയും അനേകകവിതാകുസുമങ്ങള്‍ ആ അനുഗൃഹീതതൂലികയില്‍ നിന്ന് വിരിഞ്ഞ് പരിമളം പടര്‍ത്തട്ടെ എന്ന് ആശംസിക്കുന്നു.

ബ്ലോഗേര്‍സിന്റെ രചനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാമുഖ്യം കൊടുത്ത്  പ്രസിദ്ധീകരിക്കുന്ന സീ എല്‍ എസ് ബുക്സിന്റെ  ശ്രീ ചന്ദ്രനേയും ലീല ചന്ദ്രനേയും കൂടെ അനുമോദിക്കുന്നില്ലെങ്കില്‍ ഈ കുറിപ്പ് പൂര്‍ണ്ണമാവുകയില്ല. തങ്ങളുടെ അക്ഷരങ്ങളില്‍ അച്ചടിമഷി പുരളുന്നത് സ്വപ്നം കണ്ട് നടക്കുന്ന പല എഴുത്തുകാര്‍ക്കും ഇനിയും ഇവരുടെ തുല്യതയില്ലാത്ത സേവനം അനര്‍ഗളം തുടരേണ്ടതിന്  നമുക്ക് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം പുസ്തകങ്ങള്‍ വാങ്ങി പ്രോത്സാഹിപ്പിക്കയുമാവാം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗര്‍ സുമേഷ് വാസു ജിലുവിന്റെ ബ്ലോഗിനെപ്പറ്റി ഫേസ് ബുക്കില്‍ എഴുതിയ ഒരു ചെറുകുറിപ്പുമായി  ഞാന്‍ അവസാനിപ്പിക്കട്ടെ:

“ഇതൾ കൊഴിഞ്ഞൊരു നിശാഗന്ധി” നിശാഗന്ധിയുടെ ഈ ബ്ലോഗ് കണ്ട് ഞെട്ടാറുണ്ട്. കാരണം നിങ്ങൾ ഈ ബ്ലോഗ്ഗിൽ ഒരു കവിത വായിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു നാലു പുതിയ കവിത പോസ്റ്റികഴിഞ്ഞിട്ടുണ്ടാവും ഈ ബ്ലോഗ്ഗർ. പക്ഷേ എല്ലാ കവിതകളിലും വ്യത്യസ്തയും തെറ്റില്ലാത്ത കൊള്ളാവുന്ന വരികൾ ഗ്യാരണ്ടി തന്നെ. ആളുകളുടെ വിലയിരുത്തലുകൾ പ്രതീക്ഷിക്കാതെ ആത്മനിർവ്യതിക്ക് കവിതയെഴുതുന്നുവെങ്കിൽ ഇത്ര അധികം പോസ്റ്റുകൾ ഒരു വിഷയമേയല്ല. ആതുരാലയം (http://angelasthoughtss.blogspot.com/2012/09/blog-post_8621.html0 എന്ന കവിതയിൽ ഒരു ഹോസ്പിറ്റലിലെ വിവിധ വാർഡുകളിലെ വേദനകളും, ജീവിതങ്ങളേയും, ചില വ്യർത്ഥതകളേയും ചുരുങ്ങിയ വരികളിൽ പകർത്തി വെയ്ക്കുന്നു കവിയത്രി…Tuesday, July 3, 2012

ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുല്ല

ആ വലിയ കെട്ടിടത്തിന്റെ ചരിഞ്ഞ മേല്‍ക്കൂരയില്‍ എഴുതിയിരുന്ന വാക്കുകള്‍ വളരെ ദൂരെ നിന്ന് തന്നെ വായിക്കാം. If you want peace, prepare for war !  എന്നാണ് അവിടെ എഴുതിയിരിക്കുന്നത്. അതിന്റെ  അര്‍ഥത്തിന്റെയൊരു ഗരിമ അറിയാതെ തന്നെ ആരുടെയും ശ്രദ്ധ കവരും.

സ്കൂളിലും കോളെജിലും ഐ റ്റി ഐയിലുമൊക്കെ സാധുക്കളായി പഠിച്ചിറങ്ങിയ ഞങ്ങള്‍ക്ക് നാവികസേനയുടെ ടെക്നിക്കല്‍ സ്കൂളിലേയ്ക്ക്  പെട്ടെന്നൊരു വാതില്‍ തുറന്നപ്പോള്‍ കാണുന്നതെല്ലാം അദ്ഭുതമായിരുന്നു. സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത പടക്കപ്പലുകള്‍, സാധാരണക്കാര്‍ക്ക് ഒരിക്കലും കാണാന്‍ കഴിയാത്ത മുങ്ങിക്കപ്പലുകളും പടക്കോപ്പുകളും, വെട്ടിത്തിളങ്ങുന്ന തൂവെള്ള യൂണിഫോം അണിഞ്ഞ ഓഫീസര്‍മാരുടെ സെറിമോണിയല്‍ പരേഡിന്റെ അരികുകളിലൂടെ ഉള്ള യാത്രകള്‍, “സമുദ്രിക“ എന്ന നേവല്‍ തിയേറ്ററിലെ ക്ലാസിക് സിനിമകളുടെ ഫ്രീ കാഴ്ച്ചകള്‍. യുദ്ധസജ്ജമായ ടാങ്കുകളുടെയും വലിയ പീരങ്കികളുടെയും ഇടയിലൂടെയൊക്കെയുള്ള നുഴഞ്ഞുകയറല്‍. ഉച്ചവരെയുള്ള തിയറി ക്ലാസ്, അതുകഴിഞ്ഞ് ഷിപ് യാര്‍ഡിലെ വര്‍ക് ഷോപ്പുകളിലും ഷിപ്പുകളിലുമുള്ള പ്രാക്റ്റിക്കല്‍ ക്ലാസ്സുകള്‍. ഇന്‍ഡ്യയുടെ പരിച്ഛേദമായ ഹോസ്റ്റലിലെ താമസം. രാവിലെ മടിച്ച് മടിച്ച് ഉള്ള പി.റ്റി. ഇതെല്ലാം പുതിയതരത്തിലുള്ള അനുഭവങ്ങളായിരുന്നു. വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിലായിരുന്നു എന്റെ അപ്രന്റിസ് ഷിപ്. 

 ആ രണ്ടു വര്‍ഷം ഇന്‍ഡ്യന്‍ നേവിയുടെ സിവിലിയന്‍ ലൈഫ്  പരിശീലനം ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനേക പാഠങ്ങളാണ് പഠിപ്പിച്ചത്.  അനുസരണത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം രണ്ടിടത്താണേറ്റമധികം ദൃശ്യമാവുന്നതെന്ന് ചിലപ്പോള്‍ തോന്നും. ഒന്ന് നമ്മുടെ വളര്‍ത്തുനായയിലാണ്. പിന്നെ  ഡിഫന്‍സ് ഫോര്‍സിലും. ആദ്യം അനുസരിക്കുക, പിന്നെ പരാതിയുണ്ടെങ്കില്‍ പറയുക എന്നതാണ് പ്രതിരോധസേനയിലെ വഴക്കം. ഓഫിസര്‍ നിന്നോട് കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ ഉടന്‍ ചാടുക, കയറിവരാന്‍ ഭാഗ്യമുണ്ടെങ്കില്‍ വന്ന്  എന്തിനാണ് കിണറ്റില്‍ ചാടാന്‍ പറഞ്ഞതെന്ന് ചോദിക്കുക. ഇത്തരത്തിലുള്ള അനുസരണം തീര്‍ച്ചയായും വേണം. അല്ലെങ്കില്‍ എന്ത് അരാജകത്വം ആയിരിക്കും അല്ലേ?

ഹോസ്റ്റലില്‍ പച്ചരിച്ചോറ് മാത്രമേ വിളമ്പാറുള്ളു.  കിട്ടുന്ന ഭക്ഷണത്തിലോ ചോറിന്റെ അതേ രൂപത്തിലുള്ള പുഴുക്കള്‍ കാണുകയും ചെയ്യും. താമസമാരംഭിച്ച് ആദ്യം പരാതി പറഞ്ഞപ്പോള്‍ ഹോസ്റ്റല്‍ റസിഡന്റ് ഓഫിസര്‍ ലഫ്റ്റനന്റ് കമാന്‍ഡരുടെ അടുത്ത് പറഞ്ഞു. അടുത്ത ദിവസം അയാള്‍ വന്ന് എല്ലാവരെയും ഫാള്‍ ഇന്‍ ചെയ്യിച്ച് ഇങ്ങിനെ പറഞ്ഞു. ഇവിടെ ഈ ഭക്ഷണം മാത്രമേ ഉള്ളു. ഇത് കഴിച്ചേ പറ്റു. അയാള്‍ക്കും ഇതെ അരി തന്നെയാണ് കിട്ടുന്നത് എന്നുപറഞ്ഞ് അവിടെ നിന്നുതന്നെ ഒരു പാത്രത്തില്‍ ചോറും കറിയുമെടുത്ത് കഴിക്കയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് പിന്നെ ഒന്നും പറയാനില്ലാതെയായി. പിന്നെ ഞങ്ങള്‍ വെളിച്ചമുള്ള ഒരു സ്ഥലത്തുവച്ചും ചോറുണ്ണൂകയില്ലായിരുന്നു. പുഴുക്കളെ കണ്ടാലല്ലേ പ്രശ്നമുള്ളു.

ഖുക്രിയുടെ എംബ്ലം
ഇന്ന് യു എസ് നേവിയുടെ യുദ്ധക്കപ്പലുകളുടെ റിപ്പയര്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ വിശാഖപട്ടണത്തെ ആദ്യനാളുകളെക്കുറിച്ച് ഒരു സ്മരണാപുസ്തകം തുറക്കുകയായിരുന്നു മനസ്സില്‍. അതോടൊപ്പം “ഖുക്രി“യെയും ഓര്‍മ്മിച്ചു.ഖുക്രിയുടെ ബ്രിഡ്ജില്‍ കമാന്‍ഡ് സീറ്റില്‍ ഇരുന്ന് ശാന്തതയോടെ അറബിക്കടലിന്റെ ആഴങ്ങളിലേയ്ക്ക് പോയ ക്യാപ്റ്റന്‍ മഹേന്ദ്ര നാഥ് മുല്ലയെ ഓര്‍ത്തു. മുല്ലയോടൊപ്പം അറേബ്യന്‍ കടലിന്റെ തണുത്ത ആഴങ്ങളില്‍ അന്ത്യനിദ്ര പൂകിയ 196 നാവികരെ ഓര്‍ത്തു.  നീണ്ട നാല്പത്തൊന്ന് വര്‍ഷമായി അഗാധതയിലുറങ്ങുന്ന, നിഗൂഢത ചൂഴുന്ന ഒരു  യുദ്ധക്കപ്പലും 197 ആത്മാക്കളും. ഇന്‍ഡ്യയ്ക്ക് ആദ്യമായും അവസാനമായും നഷ്ടപ്പെട്ട ഒരേയൊരു യുദ്ധക്കപ്പല്‍. 

വടക്കന്‍ പാട്ടിലെ വീരകഥകള്‍ പാടിപാടി നടക്കുന്ന പാണന്മാരെപ്പോലെ ഖുക്രിയുടെയും എം എന്‍ മുല്ലയുടെയും വീരചരിതം ഒരുതവണയെങ്കിലും  ആരെങ്കിലും ആരോടെങ്കിലും പറയാതെ സിന്ധ്യയിലെ ഹോസ്റ്റലില്‍ എന്നെങ്കിലും രാവുറങ്ങിയിട്ടുണ്ടാവുമോ? സംശയമാണ്. അത് 1981 അവസാനമായിരുന്നു. വെറും പത്തുവര്‍ഷങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു ഖുക്രി മുങ്ങിപ്പോയിട്ട്.  ഈ ബ്ലോഗ് വായിക്കുന്നവരില്‍ എത്ര പേര്‍ എഴുപത്തൊന്നിലെ യുദ്ധത്തെപ്പറ്റി ഓര്‍മ്മയുള്ളവര്‍ കാണുമെന്നറിയില്ല. എന്നാല്‍ എന്നും രാവിലെ സ്കൂള്‍ അസംബ്ലിയില്‍ “ ഇന്ന് നമ്മള്‍ ശത്രുവിന്റെ രണ്ട് ടാങ്കുകള്‍ തകര്‍ത്തു” അല്ലെങ്കില്‍ “ഇന്ന് ഒരു വിമാനം വെടിവച്ചിട്ടു” എന്നൊക്കെയുള്ള പത്രവാര്‍ത്തകള്‍ വായിച്ച് കേട്ട് ജയ് ഹിന്ദ് പറഞ്ഞ് ക്ലാസ് മുറികളിലേയ്ക്ക് നടന്നതൊക്കെ ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.
ഖുക്രി-ഫയല്‍ ഫോട്ടോ

നാവികസേനയുടെ വെസ്റ്റേണ്‍ ഫ്ലീറ്റിലെ പതിനാലാം ഫ്രിഗെറ്റ് സ്ക്വാഡ്രനില്‍ മൂന്ന് കപ്പലുകളാണുണ്ടായിരുന്നത്. ഖുക്രി, ക്രിപാണ്‍, കുത്താര്‍. മൂന്നും ഓരോ തരത്തിലുള്ള കത്തികളുടെ പേരാണ്. ക്രിപാണ്‍ സിക്കുകാര്‍ മതചിഹ്നം ആയി ധരിക്കുന്ന കത്തിയാണെന്നറിയാമല്ലോ. അതില്‍ ഫ്ലാഗ് ഷിപ് ഖുക്രി ആയിരുന്നു. ക്യാപ്റ്റന്‍ എം എന്‍ മുല്ലയും. എഴുപത്തൊന്നിലെ യുദ്ധത്തില്‍ വെസ്റ്റേണ്‍ ഫ്ലീറ്റിന് വലിയ ചുമതലകളും കടമകളും നിര്‍വഹിക്കാനുണ്ടായിരുന്നു. കച്ച് മുതല്‍ കൊച്ചി വരെ തീരവും കടലും സംരക്ഷിക്കുന്നത് ഇതിന്റെ കടമ ആയിരുന്നു. അതു മാത്രമല്ല പാക്കിസ്ഥാന്‍ തീരങ്ങളും തുറമുഖങ്ങളും ആക്രമിക്കുന്നതും പാക്കിസ്ഥാന്റെ എവ്വിധമുള്ള കടല്‍യാത്രകളും തടയുന്നതും ഡ്യൂട്ടിയില്‍ പെടും.

 നവംബര്‍ മാസമദ്ധ്യത്തില്‍ തന്നെ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങിയിരുന്നു. ഡിസംബര്‍ രണ്ടാം തീയതി ഖുക്രി, ക്രിപാണ്‍, കുത്താര്‍ ത്രയം കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ടു.  നാല് ഒസാ മിസൈല്‍ ബോട്ടുകളും രണ്ട് പേറ്റ്യാ യുദ്ധക്കപ്പലുകളും അടങ്ങുന്നതായിരുന്നു കമാന്‍ഡ്. നാലാം തീയതി കുതാറിന്റെ ബോയിലറിലുണ്ടായ ഒരു പൊട്ടിത്തെറി മൂലം പ്രവര്‍ത്തനരഹിതമായി. ക്രിപാണ്‍ അവളെ കെട്ടിവലിച്ച് ബോംബേ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. ഒപ്പം ഖുക്രിയും മറ്റു കപ്പലുകളും മടങ്ങി. അഞ്ചാം തീയതി ഖുക്രിയുടെ സൊണാര്‍ സമുദ്രാന്തര്‍ഭാഗത്തുനിന്ന് സിഗ്നലുകള്‍ പിടിച്ചെടുത്തു. മുങ്ങിക്കപ്പലിന്റെ സാന്നിദ്ധ്യം മനസ്സിലായ അവര്‍ ഹെഡ് ക്വാര്‍ട്ടെര്‍സിനെ വിവരം അറിയിച്ചു. ആറാം തീയതി അവര്‍ ബോംബെയിലെത്തി.

എന്നാല്‍ തന്ത്രപ്രധാനമായ ഡിയു ഏരിയയില്‍ ശത്രുവിന്റെ ഒരു മുങ്ങിക്കപ്പല്‍ എന്നത് ഏറ്റവും അപകടകരമായ കാര്യം തന്നെയായിരുന്നു. അതുകൊണ്ട് എട്ടാം തീയതി ക്രിപാണും ഖുക്രിയും സബ് മറൈന്‍ വേട്ടയ്ക്കായി പുറപ്പെട്ടു. അവര്‍ ഡിയുതുറമുഖവും പുറങ്കടലും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. ഒമ്പതാം തീയതി രാത്രി എട്ടു മണിയ്ക്ക് കടലിന്റെ ആഴങ്ങളില്‍ നിന്ന് ഹുംകാരത്തോടെ പാഞ്ഞുവന്ന ഒരു ടോര്‍പിഡോ ക്രിപാണിനെ തൊട്ടു തൊട്ടില്ല എന്നപോലെ പാഞ്ഞുപോയി. അവള്‍ പെട്ടെന്ന് തെന്നെ വെട്ടിത്തിരിഞ്ഞ് അപകടം ഒഴിവാക്കി.

എന്നാല്‍ ഒളിഞ്ഞിരിക്കുന്ന മുങ്ങിക്കപ്പലിന് ഖുക്രി നല്ലയൊരു ടാര്‍ഗറ്റ് ആയിരുന്നു. സബ്മറൈന്‍ കടല്‍ യുദ്ധതന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് നേര്‍ രേഖയില്‍ സഞ്ചരിക്കരുതെന്നതും ബ്രോഡ് സൈഡ് ഒരേ ദിശയില്‍ അധികനേരം പ്രദര്‍ശിപ്പിക്കരുതെന്നതും. മാത്രമല്ല, പുതിയ സൊണാര്‍ സംവിധാനം ഫിറ്റ് ചെയ്തിരുന്നതിനാല്‍ അത് പരീക്ഷിക്കുന്നതിനും കൂടുതല്‍ മികവുള്ള ശബ്ദതരംഗങ്ങള്‍ പിടിച്ചെടുക്കുന്നതിനും ഖുക്രി ശാന്തസമയങ്ങളിലെന്നപോലെ മെല്ലെയാണ് യാത്ര ചെയ്തിരുന്നതും.

അടുത്ത ടോര്‍പിഡോ അവളുടെ ഫ്യൂവല്‍ ടാങ്കിന്റെ പരിസരങ്ങളിലാണ് പതിച്ചത്. വലിയ സ്ഫോടനം നടന്നു. ഉടനെ തന്നെ കപ്പല്‍ മുങ്ങുമെന്നറിഞ്ഞ ക്യാപ്റ്റന്‍ ലൈഫ് ബോട്ടുകളും റാഫ്റ്റുകളും ഇറക്കാന്‍   കല്പന കൊടുത്തു. സ്ഫോടനത്തില്‍ തന്നെ വളരെയധികം നാവികര്‍ കൊല്ലപ്പെട്ടിരുന്നു. അവശേഷിച്ചവരോട്  എത്രയും വേഗം ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേയ്ക്ക് ചാടി രക്ഷപ്പെടുവാന്‍ ക്യാപ്റ്റന്‍ നിര്‍ദേശിച്ചു.

ക്യാപ്റ്റന്‍ മുല്ല
ഒരു സൈനികന്‍ ക്യാപ്റ്റന്റെ ലൈഫ് ജാക്കറ്റുമായി അരികിലേയ്ക്ക് വന്നു. സല്യൂട്ട് ചെയ്തിട്ട് അവസാന ബോട്ട് പുറപ്പെടാന്‍ തയ്യാറായിരിക്കുന്നുവെന്നും പെട്ടെന്ന് ബ്രിഡ്ജ് വിട്ട് വരാനും ക്യാപ്റ്റനോട്  അപേക്ഷിച്ചു. പ്രശാന്തമായ മുഖഭാവത്തോടെ മുല്ല പറഞ്ഞു: ലഫ്റ്റനന്റ്, നീ എന്നെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട, നീ കഴിയുന്നതും വേഗം പുറത്തുകടന്ന് രക്ഷപ്പെട്ടുകൊള്‍ക. രക്ഷപ്പെട്ട് നീന്തുന്നതിനിടയില്‍ ചിലര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ക്യാപ്റ്റന്‍ തന്റെ കസേരയില്‍ ശാന്തനായി സിഗരറ്റും പുകച്ചുകൊണ്ട് ഇരിക്കുന്നതാണ് കണ്ടത്. ഇഞ്ചിഞ്ചായി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ രക്ഷപ്പെടാന്‍ എല്ലാ വഴിയും തുറന്നുകിടക്കെ മരണത്തെ സ്വയം വരിച്ച ഒരു ധീരന്‍.

കടലിലെ പ്രൌഢമായ ഒരാചാരമാണ് ക്യാപ്റ്റന്‍ മുങ്ങുന്ന കപ്പലിനോടൊപ്പം പോവുക എന്നത്. ജപ്പാനിലെ ഹര-കിരി പോലെയെന്ന് പറയാം. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ കാണുന്നത് അവസാനസമയത്ത് തന്റെ രണ്ടാമനായ ലഫ്റ്റനന്റ് കമാണ്ടര്‍ ജോഗിന്ദര്‍ കിഷന്‍ സൂരിയും ക്യാപ്റ്റന് പിന്തുണ കൊടുത്തുകൊണ്ട് ബ്രിഡ്ജിലുണ്ടായിരുന്നു എന്നാണ്. 18 ഓഫിസര്‍മാരും 176 നാവികരും അന്ത്യശ്വാസം വലിച്ച നൌകയില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അറബിക്കടലിന്റെ അഗാധതയിലേയ്ക്ക്  ഋഷിതുല്യമായ ശാന്തതയോടെ കടന്നുപോയ ആ നാല്പത്തഞ്ചുവയസ്സുകാരന്റെ മനസ്സില്‍ കൂടി കടന്നുപോയ ചിന്തകളെന്തായിരിക്കാം?

മുങ്ങുന്ന ഖുക്രിയുടെ സഖിയായ ക്രിപാണിന്  ഒരു വിഷമവൈതരണിയായിരുന്നു പിന്നെയുള്ള നിമിഷങ്ങള്‍. ശത്രുവിന്റെ മിസൈലിനെ വകവയ്ക്കാതെ കടലില്‍ അകപ്പെട്ടുപോയ നാവികരെ രക്ഷപ്പെടുത്തുകയോ കഴിയുന്നതും വേഗം രക്ഷാമാര്‍ഗം തേടുകയോ? ക്രിപാണ്‍ എന്തായാലും രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു. പില്‍ക്കാലത്ത് ആ തീരുമാനം വളരെയധികം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയെന്നത് വേറെ വിഷയം. ആറ് ഓഫിസര്‍മാരും അറുപത്തൊന്ന് നാവികരുമായിരുന്നു ഖുക്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. ക്രിപാണ്‍ റിസ്ക് എടുത്തിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ രക്ഷപ്പെടുമായിരുന്നു എന്നതാണ് വിമര്‍ശകരുടെ വാദം.  ആര്‍ക്കറിയാം? ചിലപ്പോള്‍ ഇതൊന്നും പറഞ്ഞുതരാന്‍ ആരുമില്ലാതെ രണ്ടുകപ്പലിലെയും നാവികര്‍ പൂര്‍ണ്ണമായും കടലില്‍ മുങ്ങിയേനെ ക്രിപാണ്‍ അവിടെ രക്ഷാപ്രവര്‍ത്തനത്തിനായി നിന്നുവെങ്കില്‍.

പിറ്റെ ദിവസം കൂടുതല്‍ ഫോഴ്സുമായി ക്രിപാണ്‍ വന്നാണ് കടലില്‍ ജീവനോടെ അവശേഷിച്ച എല്ലാവരെയും രക്ഷപ്പെടുത്തിയത്.

എന്തായാലും ഇന്‍ഡ്യന്‍ നേവിയുടെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിത്തന്നെ ഖുക്രിയും മഹേന്ദ്ര നാഥ് മുല്ലയും തുടരും. ഇപ്പോള്‍ നേവല്‍ ഇടനാഴികളില്‍ ഈ വീരകഥ ഏതെങ്കിലും പാണന്മാര്‍ പാടുന്നുണ്ടാവുമോ? വിശാഖപട്ടണത്തെ നേവല്‍ മന്ദിരങ്ങളില്‍ ഒരു ഫോട്ടോയുടെ മുമ്പില്‍ നിന്ന് ആരെങ്കിലും നെഞ്ചില്‍ നിറയുന്ന ദേശഭക്തിയോടെ ജയ് ഹിന്ദ് എന്ന് മനസ്സില്‍ പറയുന്നുണ്ടാകുമോ? എന്നിട്ട് പുതുതായി വരുന്ന ഒരാളിന് ഇതാണ് ഖുക്രിയുടെ ക്യാപ്റ്റന്‍ എന്ന് തുടങ്ങി ആ വീരചരിതം  ഓര്‍ത്തെടുത്ത് പറഞ്ഞുകൊടുക്കുന്നുണ്ടാവുമോ?

യുദ്ധതന്ത്രങ്ങളില്‍ വിജയിച്ചവര്‍ മാത്രമല്ല ജനഹൃദയങ്ങളില്‍ ഇടം പിടിക്കുന്നത്. തോറ്റവരും ചിലപ്പോള്‍ ഇടം പിടിക്കുമെന്ന് ഈ ക്യാപ്റ്റന്‍ നമ്മെ പറയാതെ പറഞ്ഞുമനസ്സിലാക്കുന്നു.

യുദ്ധം കഴിഞ്ഞ് മഹേന്ദ്ര നാഥ് മുല്ലയ്ക്ക് സര്‍ക്കാര്‍ മഹാവീര്‍ ചക്ര മരണാനന്തരബഹുമതിയായിട്ട് കൊടുത്തു. എന്നാല്‍ ഖുക്രി മുങ്ങിയ കൃത്യമായ സ്ഥലം ഇന്നുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. സ്വകാര്യവ്യക്തികള്‍ ഡൈവ് ചെയ്ത് കപ്പലില്‍ ഒരു തരത്തിലുമുള്ള ഗവേഷണം നടത്തരുത് എന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വാദം. എന്നാല്‍ കൃത്യമായ സ്ഥലം വെളിപ്പെടുത്തണമെന്ന് അന്ന് കുറെപ്പേര്‍ വാദിച്ചിരുന്നു.  മരിച്ചവരുടെ എന്തെങ്കിലും അവശിഷ്ടങ്ങള്‍ ലഭിക്കയാണെങ്കില്‍ യഥാവിധി ഒരു സംസ്കാരം നടത്താമല്ലോ എന്നായിരുന്നു അവരുടെ പക്ഷം. കടലില്‍ സമാധിയായവരെ സ്വൈര്യമായി അവിടെ ഉറങ്ങാന്‍ അനുവദിക്കണമെന്ന് മറുപക്ഷവും.

ബാരന്റ്സ് കടലില്‍ റഷ്യയുടെ “കര്‍സ്ക്” മുങ്ങിയപ്പോള്‍ നോര്‍വീജിയന്‍ സാല്‍വേഷന്‍ ടീം അത് പൊക്കിയെടുത്ത സമയത്ത് ഖുക്രിയും ഉയര്‍ത്തിയെടുക്കണമെന്ന് കുറെപ്പേര്‍ വാദിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ നിര്‍മാണം മറ്റു കപ്പലുകള്‍ പോലെയല്ല. പല അറകളായിട്ടാണ് അവ. ഒരു അറ പൊളിഞ്ഞ് വെള്ളം കയറിയാലും പിന്നെയും അനേക അറകളുണ്ട്, അവയൊക്കെ തകര്‍ത്ത് എങ്ങിനെയാണ്  ഖുക്രി ഇത്ര പെട്ടെന്ന് മുങ്ങിയതെന്നതില്‍ ഗവേഷണം നടത്തണമെന്നതാണവരുടെ ആവശ്യം. എന്തായാലും പ്രതിരോധമന്ത്രാലയം ഈ വക ആവശ്യങ്ങള്‍ക്കൊന്നും ചെവികൊടുക്കുന്നില്ല.

ഖുക്രി അപകടം വളരെയേറെ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാമത്തെ വിവാദം  ഖുക്രി ക്രിപാണ്‍ കുത്താര്‍ ത്രയങ്ങള്‍ ഹണ്ടര്‍-കില്ലര്‍ ഓപ റേഷന് അനുയോജ്യമല്ലാതിരുന്നിട്ടും അതിനായി നിയോഗിച്ചു എന്നതാണ്. പിന്നെ പുതിയ സൊണാര്‍ പരീക്ഷിച്ചുനോക്കാന്‍ നിര്‍ദേശിച്ചു എന്നത്. ഒടുവിലായി കപ്പലിന്റെ പ്രയാണം യുദ്ധമുഖത്ത് ഒട്ടും അനുയോജ്യമല്ലാത്ത രീതിയില്‍ ആയിരുന്നുവെന്നതാണ്.  അപകടം അതിജീവിച്ച ഒരു സൈനികന്‍ പിന്നെ മിലിട്ടറി ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുക പോലുമുണ്ടായി ധീരതയ്ക്കുള്ള മെഡലുകള്‍ എല്ലാം തിരിയെ വാങ്ങണമെന്നും വിശദമായ ഒരു അന്വേഷണം നടത്തണമെന്നും. എന്നാല്‍ വിധി എഴുതിയത്  എഴുതിയത് തന്നെ എന്നാണ് നേവല്‍ ഹെഡ് ക്വാര്‍ട്ടേര്‍സിന്റെ അഭിപ്രായം.

ഹാങ്ങോര്‍ ക്ലാസ്  സബ് മറൈന്‍
അന്ന് അറബിക്കടലിന്റെ ആഴങ്ങളില്‍ നിന്ന് ഒരു ഇന്‍ഡ്യന്‍ കപ്പലിനെ മുക്കിയതിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ആ പാക്കിസ്ഥാന്‍ മുങ്ങിക്കപ്പലിന്റെ പേര്‍ “ഹാങ്ങോര്‍” എന്നായിരുന്നു. വളരെ പ്രതികൂലസാഹചര്യങ്ങളില്‍ ബുദ്ധിയോടെ അവളെ നിയന്ത്രിച്ചത് കമാണ്ടര്‍ അഹമ്മദ്  തസ്നീം പിന്നെ പടിപടിയായി ഉയര്‍ന്ന് വൈസ് അഡ്മിറല്‍ ആയി. വളരെ വീരോചിതമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. വീര്യപ്രവൃത്തികള്‍ ചെയ്യുന്നത് ശത്രുനിരയില്‍ പെട്ടവരാണെങ്കില്‍ പോലും അംഗീകരിക്കുന്നതാണ് ധര്‍മയുദ്ധത്തിന്റെ രീതി. ധര്‍മയുദ്ധത്തിന്റെ ഉപജ്ഞാതാവാണ് ഭാരതാംബ. അതുകൊണ്ട്  ഈ അവസരത്തില്‍ കമാണ്ടര്‍ അഹമ്മദ് തസ്നീമിനെയും സ്മരിക്കുന്നു.  ഇന്‍ഡ്യയുടെ സര്‍വശക്തിയും എടുത്ത് നടത്തിയ തെരച്ചിലിലും കണ്ണില്‍ പെടാതെ നാലുദിവസം ഇന്‍ഡ്യന്‍ കടലതിര്‍ത്തിയില്‍ കഴിഞ്ഞ ഹാങ്ങോര്‍ മെല്ലെ നീങ്ങി കറാച്ചിയിലെത്തി.


ഖുക്രി സ്മാരകം
നമ്മുടെ സുരക്ഷിതമായ ജീവിതത്തിനായും ദേശത്തിന്റെ രക്ഷയ്ക്കായും ജീവന്‍ ഹോമിച്ച അനേക ധീരജവാന്‍മാരെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം. അവര്‍ ജീവന്‍ കൊടുത്ത് സംരക്ഷിച്ചതാണ് ഈ സ്വാതന്ത്ര്യം. കടലിലും കാട്ടിലും മലയിലും മഞ്ഞിലും മരുഭൂമിയിലും പക്ഷികള്‍ പോലും പറന്നുചെല്ലാന്‍ മടിക്കുന്ന ഗിരിനിരകളിലും ഹിമാലയസാനുക്കളിലും അഹോരാത്രം കാവല്‍ ചെയ്യുന്ന സാധാരണജവാന്മാരെ ഓര്‍ക്കാം. അതില്‍ എത്രപേര്‍ ദേശത്തിനുവേണ്ടി  ജീവന്‍ ബലി കൊടുത്തിരിക്കുന്നു. അവരുടെ ധീരസ്മരണകള്‍ക്ക് മുമ്പില്‍ കൃതജ്ഞതയോടെ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

യുദ്ധം ആരും ജയിക്കുന്നില്ല. ജയിക്കുന്നവരും തോല്‍ക്കുക തന്നെയാണ് ഒരര്‍ത്ഥത്തില്‍. ഇനിയും ലോകത്തില്‍ ഒരു യുദ്ധവും നടക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം അല്ലേ?

കടപ്പാട്: വിശാഖപട്ടണം ഓര്‍മ്മകള്‍, ഗൂഗിള്‍, വിക്കിപീഡിയ. ഫോട്ടോകള്‍ എല്ലാം ഗൂഗിള്‍ തന്നത്.

 ചില വിശദീകരണങ്ങള്‍ നല്ലതെന്ന് തോന്നുന്നു:
ഷിപ്പിന്റെ ബ്രിഡ്ജ്  എന്നുപറയുന്നത്  സൂപ്പര്‍ സ്ട്രക്ചറിന്റെ  ഏറ്റവും മുകളിലുള്ള  സ്ഥലമാണ്. അവിടെയാണ് വീല്‍ ഹൌസ്. വിമാനത്തിന്റെ കോക് പിറ്റ് പോലെ ഷിപ്പിന് വീല്‍ ഹൌസ്. എല്ലാ നിയന്ത്രണങ്ങളും അവിടെ നിന്ന് സാധിക്കും.

സൊണാര്‍ എന്നത് ശബ്ദതരംഗങ്ങള്‍ കൊണ്ട് ദൂരെയുള്ള തടസ്സങ്ങള്‍ അറിയുന്ന സംവിധാനമാണ്. ഏറ്റവും ലളിതമായി അതിന്റെ പ്രവര്‍ത്തനരീതിയെപ്പറ്റി: ഷിപ്പില്‍ നിന്ന് ശബ്ദതരംഗങ്ങള്‍ പ്രവഹിപ്പിക്കുന്നു. അവ എവിടെയെങ്കിലും തട്ടി തിരിച്ച് ഷിപ്പിലേയ്ക്ക് എത്തുന്നു. തരംഗങ്ങള്‍ തിരിയെ വരാനെടുത്ത സമയവും സ്വഭാവവും നോക്കി കമ്പ്യൂട്ടര്‍ തടസ്സങ്ങളെ പറ്റി മുന്നറിയിപ്പ് കൊടുക്കുന്നു  

ബ്രോഡ് സൈഡ് എന്നതിന്  ഷിപ്പിംഗ് ടെര്‍മിനോളജിയില്‍ അര്‍ത്ഥം ഷിപ്പിന്റെ വശങ്ങള്‍ എന്നാണ്.

ഫ്രിഗെറ്റ് എന്നത് ഏതുതരം യുദ്ധക്കപ്പലുകളെയും കുറിക്കുന്നു.

ഒസാ മിസൈല്‍ റഷ്യന്‍ നിര്‍മ്മിതവും ഇന്‍ഡ്യ അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതുമായ മിസൈല്‍ ആണ്.

പെറ്റ്യാ എന്നത് റഷ്യന്‍ നിര്‍മ്മിതമായ ഒരു തരം യുദ്ധക്കപ്പലുകളാണ്.

Friday, April 20, 2012

അമൃതവാഹിനിഇരുന്ന് ഞാനോരോ കനവുകള്‍ നെയ്ത
പുഴക്കരയിലെ നനുത്ത പുല്‍ക്കൊടി-
ത്തലപ്പുകള്‍ പോലും തലകുലുക്കിയി-
ന്നെനിക്ക് ചൊല്ലുന്നുണ്ടുദാത്തസ്വാഗതം

ഇവിടെയല്ലയോ പ്രപഞ്ചശില്പി തന്‍
കലാകുശലത സമന്വയിപ്പതും
വ്യഥിതമാനസ മനുജര്‍ കാണ്‍കിലും
ഞൊടിപ്പൊഴുതിനാല്‍ കുതുകിയാവതും
കളകളാരവം പൊഴിച്ചവള്‍ മെല്ലെ
സഹര്‍ഷം ഗ്രാമത്തിന്‍ മനം കുളിര്‍പ്പിക്കും
ചിലപ്പോള്‍ ഘോരമാം ഭയം ജനിപ്പിക്കും
ഉരത്ത ശബ്ദത്താല്‍ ഇതേ തരംഗിണി.

അടിത്തടത്തിലെ കടുകളവോളം
ചെറുകരടതും തെളിഞ്ഞുകാണുവാന്‍
കളങ്കമേശാത്ത ജല സമൃദ്ധിയില്‍
അനര്‍ഗളമിവള്‍ ഗമിച്ചതോര്‍ത്തു ഞാന്‍
വയല്‍ക്കിടാവുകള്‍ മുല കുടിച്ചതും
ഫലദ്രുമങ്ങള്‍ വേര്‍ തിരക്കിച്ചെന്നതും
കുടിച്ചതും പിന്നെ കുളിച്ചതും ഞങ്ങള്‍
തുഴയെറിഞ്ഞതും ഇതേ തടിനിയില്‍

ഇതിന്‍ പുളിനത്തില്‍ മനുജവംശങ്ങള്‍
വിവിധസംസ്കൃതി പഠിച്ചുവന്നതും
ഒരു തലമുറ അടുത്തതിന്റെ മേല്‍
അവകാശമായി കൊടുത്തുവന്നതും
ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍
അവരൊഴുക്കിയോരമൃതസ്നേഹത്തിന്‍
അലയൊടുങ്ങിടാക്കടലിതെന്‍ മനം

ഒരു ഭഗീരഥന്‍ ദിവാനിശം ക്ലേശ-
മനുഭവിച്ചുതന്‍ മഹാപ്രയത്നത്താല്‍
ഭുവിക്കനുഗ്രഹവിഷയമാകുവാന്‍
ഒരിക്കല്‍ കൊണ്ടുവന്നൊരു മഹാനദി
 അതിന്‍ പ്രകാരമിങ്ങനേക ദേശങ്ങള്‍
ഫലഭൂയിഷ്ഠമായ് വിളങ്ങി ശോഭിപ്പാന്‍
വരണ്ട മണ്ണിനെ ജലനിബദ്ധമായ-
നുഗ്രഹിക്കുന്നീയമൃതവാഹിനി

ശരദൃതു മെല്ലെ വസന്തര്‍ത്തുവിന്നായ്
ഇരിപ്പിടം വിട്ട് വിലകിപ്പോകുമ്പോള്‍
തെളിഞ്ഞ തേജസ്സില്‍ കിഴക്കുവാനത്തില്‍
പ്രഭാതസൂര്യനെ വിളംബരം ചെയ്യും
വെയില്‍പ്പിറാവുകള്‍ ചിറകടിച്ചെത്തി
സുവര്‍ണ്ണരേണുവാല്‍ വിഭൂഷിതയാക്കും
നവോഢയെപ്പോള്‍ വിഭാതവേളയില്‍
മനം കുളിര്‍പ്പിക്കും പ്രിയകല്ലോലിനി

കറുത്ത മേഘാളിപ്പുതപ്പു വാനത്തില്‍
ഉടുക്കുനാദത്തിന്നകമ്പടിയുമായ്
വിരിക്കുവാനെത്തും ദരിദ്രമാസത്തില്‍
കൃഷഗവൃന്ദങ്ങള്‍ ഒഴിവെടുക്കുമ്പോള്‍
അടുപ്പെരിയാത്ത തണുത്ത കൂരയില്‍
തളര്‍ന്നുറങ്ങുമാ കുരുന്നു പ്രാണങ്ങള്‍
അണഞ്ഞുപോകാതെ നിലനില്‍ക്കുംവിധം
പശിയടക്കുന്നതിവള്‍ സലിലത്താല്‍

മരതകവര്‍ണ്ണപ്പുടവചുറ്റിയിട്ടൊ-
രുങ്ങി നില്‍ക്കുന്നോരിരുപ്പൂ പാടവും
അതിന്റെ മദ്ധ്യത്തില്‍ ഉയര്‍ത്തും കോലവും
പനംകിളികളും പറവജാതിയും
ഇടയ്ക്കിടെ ശിരസ്സുയര്‍ത്തിനോക്കുന്ന
തപസ്വിയെപ്പോലെ വെളുത്ത കൊറ്റിയും
എനിക്കെനിക്കെന്ന് കൊതിക്കെറുവോടെ
ഇടയ്ക്കിടെയെത്തും വൃഷഭജാലവും

കളങ്കമേല്‍ക്കാത്ത മനുഷ്യനന്മയും
അചുംബിതാഘ്രാതകുസുമം പോലവേ
വിളങ്ങും പെണ്‍കൊടിക്കിളിക്കിടാങ്ങളും
തുടിയ്ക്കും സന്തോഷത്തിരത്തള്ളലിനാല്‍
മുഖം പ്രകാശിക്കും യുവത്വസംഘവും
വിവിധജ്ഞാനത്തിന്‍ നിറകുടങ്ങളാം
വയോജനങ്ങളും അവര്‍ക്കിണക്കമാം
വളര്‍മൃഗങ്ങളും നിറയുമെന്‍ ഗ്രാമം

ഇവിടെ കാലുഷ്യക്കലാപവുമില്ല
കടുത്തകോപത്തിന്നനനലനുമില്ലാ
പെരുത്തൊരുഷ്ണത്തിന്‍ അശനിയെപ്പോലും
കുളിര്‍പ്പിക്കില്ലയോ ജലപ്രവാഹിനി
ഇവളെന്‍ കാമിനി അലസയാമിനി
മൃദുലഭാമിനി സുപഥഗാമിനി
ഇവള്‍ പൊഴിച്ചിടും അമൃതവര്‍ഷത്തില്‍
പരിലസിക്കുന്നെന്‍ ഹൃദയചാതകം
* * * * * * * * * * * * * * * * * * * *


ശബ്ദതാരാവലി:
അനലന്‍ = അഗ്നി
അശനി = ഇടിവാള്‍
കല്ലോലിനി, തടിനി, തരംഗിണി, വാഹിനി, പ്രവാഹിനി = നദി
ദ്രുമം = വൃക്ഷം
പുളിനം = തീരം
ദിവാനിശം = രാപ്പകല്‍
കൃഷഗന്‍ = കര്‍ഷകന്‍
സലിലം = വെള്ളം
വൃഷഭം = കാള
ശരദൃതു = ശരത് കാലം
വസന്തര്‍ത്തു = വസന്തകാലം
ചാതകം = വേഴാമ്പല്‍
പശി=വിശപ്പ്
ഉദാത്തം=ഉയര്‍ന്നത്
കൊറ്റി=കൊക്ക് (ഒരു പക്ഷി)
സുവര്‍ണ്ണരേണു=സ്വര്‍ണ്ണപ്പൊടി


പല കുട്ടികള്‍ക്കും പഴയ മലയാളപദങ്ങളുടെ അര്‍ത്ഥം അറിയാത്തതിനാല്‍ ഒന്നും മനസ്സിലായില്ലെന്ന് കമന്റുകളില്‍ കൂടെ പറഞ്ഞുവല്ലോ.  കവിതയുടെ വ്യാഖ്യാനം കൊടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നിയതിനാല്‍  “ശബ്ദതാരാവലി” യുടെയൊപ്പം  ആശയം കൂടെ എഴുതാം.

പുഴക്കരയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഒരുവന്‍ നാളുകള്‍ക്ക് ശേഷം തന്റെ ഗ്രാമത്തിലെ പുഴക്കരയിലേയ്ക്ക് വരുമ്പോള്‍ അവന്റെ മനസ്സില്‍ കൂടെയൊഴുകിയ ചിന്തകളും പഴയ ഓര്‍മ്മകളുമാണ്  കവിതാവിഷയം. അവന്‍ വരുന്നത് കാണുമ്പോള്‍ പുഴക്കരയിലെ പുല്‍ക്കൊടിത്തലപ്പുകള്‍ ഇളം കാറ്റില്‍ ആടുന്നത് തലയാട്ടി സ്വാഗതം ചെയ്യുന്നതായിട്ട് തോന്നുകയാണ്.

മനോഹരതീരവും പുഴയും വയലുകളുമെല്ലാം ചേര്‍ന്ന് പ്രപഞ്ചശില്പിയുടെ നിര്‍മ്മാണവൈദഗ്ദ്ധ്യം ഓര്‍ത്ത് അവന്‍ അദ്ഭുതപരവശനാകുന്നു. എത്ര ദുഃഖത്തോടെ നിറഞ്ഞ മനസ്സുമായി വരുന്നവര്‍ പോലും നിമിഷം കൊണ്ട് കൌതുകമുള്ളവരായി മാറും ഇതിന്റെ ദര്‍ശനത്താല്‍. മെല്ലെയൊഴുകി ഗ്രാമത്തിന്റെ മനം കുളിര്‍പ്പിക്കുന്ന ഈ പുഴ വര്‍ഷകാലത്ത് നിറഞ്ഞൊഴുകി ഹുങ്കാരവത്തോടെ ഭയപ്പെടുത്തുകയും ചെയ്യും.

കടുകിനോളമുള്ള ചെറുകരട് പോലും അടിയില്‍ കിടന്നാല്‍ കാണും വിധം തെളിഞ്ഞ വെള്ളമാണീ പുഴയില്‍. ചുറ്റുമുള്ള കൃഷിയ്ക്ക് ജലസേചനവും മരങ്ങള്‍ വേര് നീട്ടി ചെന്ന് ജീവജലം പാനം ചെയ്തതും മനുഷ്യര്‍ കുടിക്കാനും കുളിക്കാനും കളിവഞ്ചിയിലേറി ജലോത്സവങ്ങള്‍ ആഘോഷിച്ചതുമെല്ലാം ഈ പുഴയില്‍ തന്നെ.

നദീതടങ്ങളിലാണ് മനുഷ്യസംസ്കാരങ്ങള്‍ വളര്‍ച്ച പ്രാപിച്ചതെന്ന ചരിത്രവസ്തുതയും പുഴയും നീരൊഴുക്കുകളുമെല്ലാം ആരുടെയും സ്വകാര്യസ്വത്തല്ലായിരുന്നെന്നും അത് പൊതുഅവകാശമാണെന്നുള്ള സാമൂഹ്യനീതിയും ഓര്‍ക്കുകയാണ് നമ്മുടെ നായകന്‍. പഴഞ്ചൊല്ലുകളിലൂടെ നന്മയുടെ പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് മറഞ്ഞുപോയ മുന്‍ തലമുറയുടെ നിസ്വാര്‍ഥസ്നേഹത്തെയും ആ സ്നേഹത്തിരകള്‍ ഇന്നും നെഞ്ചില്‍ അലയടിക്കുന്നതുമോര്‍ക്കുന്നു അയാള്‍.

 “ഭഗീരഥ പ്രയത്നം“ എന്ന് പ്രയോഗം ഓര്‍ക്കുക. ഭഗീരഥന്‍ എന്ന ഒറ്റയാള്‍  സ്വര്‍ഗത്തില്‍ നിന്നും ചാലു വെട്ടി കൊണ്ടുവന്ന ഭാഗീരഥി നദിയെപ്പറ്റിയുള്ള മിത്തോളജി ഓര്‍ക്കുന്ന നായകന്‍ അതുപോലെ തന്നെ ചെല്ലുന്നിടത്തെല്ലാം അനുഗ്രഹം വര്‍ഷിക്കുന്ന ഈ നദിയെയും സങ്കല്‍പ്പിക്കുന്നു.

ഋതുക്കളോരോന്നും മാറിമാറി വസന്തകാലം വരുമ്പോള്‍ പ്രഭാത സൂര്യന്റെ പ്രഭയുമായി പ്രാവുകളെപ്പോലെ വരുന്ന പൊന്‍ കിരണങ്ങളേറ്റ് തിളങ്ങുന്ന നദി സര്‍വാംഗവിഭൂഷിതയായ ഒരു നവവധുവിനെപ്പോലെ കാണപ്പെടുന്നുവെന്ന് അവന്‍ സങ്കല്‍പ്പിക്കുകയാണ്.

പഞ്ഞക്കര്‍ക്കിടകമെന്ന് പഴമക്കാര്‍ പറയുന്ന കര്‍ക്കിടകമാസത്തില്‍ തോരാമഴയില്‍ ഒരു തരത്തിലുള്ള കൃഷിപ്പണിയോ നിര്‍മ്മാണപ്രവൃത്തികളോ നടക്കുകയില്ലായിരുന്നു. ഇടിമുഴക്കവും മിന്നലും അകമ്പടിയായി കരിമേഘങ്ങള്‍ മാനത്ത് പുതപ്പ് പോലെ വിരിക്കുന്ന മഴക്കാലത്ത് കൂലിവേലക്കാരുടെ കുടിലുകളില്‍ അടുപ്പ് പുകയാത്ത നാളുകള്‍ ഒരു പത്തുമുപ്പത് വര്‍ഷം വരെ സാധാരണമായിരുന്നു. ആ പഞ്ഞമാസങ്ങളില്‍ ആ മനുഷ്യരും കുഞ്ഞുങ്ങളുമൊക്കെ ജീവന്‍ ശേഷിപ്പിച്ചിരുന്നതും വിശപ്പടക്കിയിരുന്നതും ഈ പുഴയിലെ വെള്ളം മാത്രം കുടിച്ചാണെന്ന് അവനോര്‍ക്കുന്നു.

എന്നാല്‍ അതെല്ലാം കഴിഞ്ഞ് പൊന്നിന്‍ ചിങ്ങം പുലരുമ്പോള്‍ ഫ്രെയിം എല്ലാം മാറുന്നു. പച്ചപ്പട്ടുടുത്ത വയലേലകള്‍, ദൃഷ്ടിദോഷം തട്ടാതിരിക്കാന്‍ ഗ്രാമീണര്‍ ഉയര്‍ത്തുന്ന കോലങ്ങള്‍ പക്ഷികള്‍, പറവകള്‍, ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊക്കുകള്‍, വയല്‍ക്കരയിലെ ഇളമ്പുല്ല് മേച്ചില്പുറം തേടിയെത്തുന്ന നാല്‍ക്കാലികള്‍ എല്ലാം ചേര്‍ന്ന് വീണ്ടും സമൃദ്ധിയുടെ കാലം.

നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്ന ചൊല്ലുപോലെ നന്മനിറഞ്ഞ മനുഷ്യരും നിഷ്കളങ്കരായ പെണ്‍കുട്ടികളും ഉത്സാഹഭരിതരായ യുവാക്കളും ജ്ഞാനവൃദ്ധരും, ഐശ്വര്യം തികഞ്ഞ, അനുസരണയുള്ള വളര്‍ത്തുമൃഗങ്ങളും നിറഞ്ഞ ഗ്രാമവിശുദ്ധിയെപ്പറ്റിയും അവനോര്‍ക്കുന്നു.

ആ ഗ്രാമത്തില്‍ ഒരു വഴക്കും വക്കാണവുമില്ലായിരുന്നു. അഥവാ എന്തെങ്കിലും ഒരു പ്രശ്നമുണ്ടെങ്കില്‍ തന്നെ ഈ പുഴക്കരയിലെ കാറ്റുമേറ്റ് ഒന്ന് വട്ടം കൂടിയിരുന്ന് സംസാരിക്കുമ്പോള്‍ അതെല്ലാം ശമിക്കുമായിരുന്നു. അവസാനം ഈ പുഴയെ തന്റെ ഹൃദയസഖിയെന്ന് തന്നെ പറയുകയാണ് മനസ്സില്‍ നന്മയുള്ള ഈ യുവാവ്.

 എന്റെ കഴിഞ്ഞ കവിത  അരനാഴികനേരം കൂടി വായിച്ചു നോക്കൂ.


 1. അജിത്തേട്ടാ...കുറേ നാളുകക്ക് ശേഷമാണു ഞാൻ ഇവിടെ...
  ചേട്ടൻ ഇവിടെ ഇല്ലായിരുന്നല്ലോ..
  ആ പരിഭവം ഒക്കെ ഈ കവിത വായിച്ചപ്പോൾ മാറി
  അതിമനോഹരം....
  പുഴയുടെ ഭംഗി അതേ പൊലെ പകർത്തിയ ഒരു കവിത..

  ആദ്യം പുല്ക്കൊടി സ്വാഗതം ചെയ്തു..വേണമെങ്ങിൽ പുഴ ദേഷ്യപ്പെടാം എന്നു ...പെടിപ്പിക്കുന്നു..

  പിന്നെ തെളിഞ്ഞ പുഴയെയാണു കാണിക്കുന്നതു...അതിനെ നമ്മൾ ഉപയോഗിച്തും..ആ ഓർമ്മകളും...

  പുഴയിൽ ആണു സംസ്കാരം ഉണ്ടായത് എന്നു മുത്തശ്ശിയുടെ ഉപദേശം..
  പുരാണങ്ങളിലും കയറി അങ്ങിനെ പൊകുന്നു ചേട്ടന്റെ രചനാനിപുണത...

  നന്നായി അജിത്തേട്ടാ...
  ReplyDelete
 2. കവിത നന്നായി.ഈയിടെ ഓരോ കവിത കാണുമ്പോള്‍ ഉണ്ടായ ചെടിപ്പ് മാറി.നന്ദി. "നവോഢ" അല്ലേ?
  ReplyDelete
 3. ലക്ഷണമൊത്ത കവിത! വളരെയധികം ഇഷ്ടമായി..
  ജീവന്റെ തന്നെ ഉത്പത്തി ജലത്തില്‍ നിന്നാണല്ലോ, പിന്നീട് മനുഷ്യ കുലത്തിന്റെ വികാസം തന്നെ നദീതട സംസ്ക്കാരങ്ങളില്‍ നിന്നാണുണ്ടായത്; ഭാരതത്തിന്റേതായാലും, മറ്റേതൊരു നാടിന്റേതായാലും.. കളകളം പുളഞ്ഞു പോകുന്ന നദിയെ കാണുമ്പോള്‍ തുടിയ്ക്കാത്ത ഹൃദയങ്ങളേതുണ്ട്. നദിയുടെ വിവിധ മുഖഭാവങ്ങള്‍ നേരില്‍ കണ്ടമാതിരിയായി. അമൃതവാഹിനിയായി നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന നദികള്‍ അഴുക്കുചാലുകളായി രൂപാന്തരപ്പെടുന്നതും, പതിയെ നദികള്‍ തന്നെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് ഇന്നുള്ളത്.. ഓരോ നദികളും അപ്രത്യക്ഷമാകുമ്പോള്‍ വരണ്ടുണങ്ങുന്നത് മനുഷ്യകുലമാണ്..

  ആശംസകള്‍!
  ReplyDelete
 4. ഢ ഇതല്ലെ ആ ഢ.shift D then press H പിന്നെ ഒരു A കൂടി


  കവിത വായിച്ച് കമന്റാന്‍ ഞാന്‍ പിന്നെ വരാം, ചോറ് കഞ്ഞിയാകും ഇപ്പൊ ഇരുന്നാല്‍....
  ReplyDelete

  Replies

  1. ശര്‍ക്കരയില്ലേ?
   ഹ്ഹ്ഹ്ഹ്!!
   Delete
  2. എന്റമ്മോ...മനുഷ്യനെ വെറുതെ വട്ടാക്കാനുള്ള പുറപ്പാടാ...എനിക്കൊന്നും മനസ്സിലായില്ല. ഇങ്ങള് മലയാളം വിദ്വാനു പഠിക്കാന്‍ പോയതായിരുന്നോ ഇത്രേം നാളും.

   @ നിശാസുരഭി. എനിക്ക് ഷുഗറാ... .
   Delete
 5. പ്രപഞ്ച ശില്പ്പിതന്‍ മായ വിലാസങ്ങള്‍
  നിറഞ്ഞു നില്‍ക്കുന്ന നല്ലൊരു കവിത വായിക്കാന്‍ തന്നതിന് നന്ദി
  ReplyDelete
 6. ശബ്ദതാരാവലി:
  അനലന്‍ = അഗ്നി
  അശനി = ഇടിവാള്‍
  കല്ലോലിനി, തടിനി, തരംഗിണി, വാഹിനി, പ്രവാഹിനി = നദി
  ദ്രുമം = വൃക്ഷം
  പുളിനം = തീരം
  ദിവാനിശം = രാപ്പകല്‍
  കൃഷഗന്‍ = കര്‍ഷകന്‍
  സലിലം = വെള്ളം
  വൃഷഭം = കാള
  ശരദൃതു = ശരത് കാലം
  വസന്തര്‍ത്തു = വസന്തകാലം
  ചാതകം = വേഴാമ്പല്‍

  നല്ല കവിത. ഇതിപ്പൊ ഇങ്ങനെ പറയുന്നത് ഈ ശബ്ദതാരാവലി ഉണ്ടായതോണ്ട് മാത്രാ ട്ടോ. കാരണം എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് വാക്കുകളുടെ അർത്ഥം അവിടുന്നാ കിട്ടിയേ. കൊള്ളാം ട്ടോ ആശംസകൾ.
  ReplyDelete
 7. അർത്ഥസമ്പുഷ്ട്ടമായി ദ്രുതതാളത്തിൽ ചൊല്ലാവുന്ന
  ഇത്തരം കവിതകൾ നമ്മുടെ ബൂലോഗത്തിൽ ഇല്ലാ
  എന്ന് തന്നെ പറയാം കേട്ടൊ കവി വല്ലഭാ..

  അഭിനന്ദനങ്ങൾ...

  പിന്നെ 'നവോഡയെപ്പോൽ’ ലെ
  ഡ’ യെ (d + ഷിഫ്റ്റ്)ഞെക്കി 'ഡ’ വരത്താം
  അല്ലെങ്കിൽ ഗൂഗിൾ മെയിലിൽ മലയാളമെടൂത്ത് ഡ എഴുതിയിട്ട് കട്ട്-പേസ്റ്റ് ചെയ്താൽ മതീട്ടാ‍ാ‍ാ
  ReplyDelete
 8. ഇതു ഗ്രഹിച്ചെടുക്കാൻ വണ്ണം എന്റെ ഭാഷാപാടവം വളർന്നിട്ടില്ല! എന്നാലും വായിച്ചു..
  ReplyDelete
 9. അജിത്തേട്ടാ, എനിക്കീ കവിതകളോട്‌ അത്ര പ്രതിപത്തി ഇല്ലാത്തതിനാല്‍ കവിതകള്‍ പെട്ടെന്ന് മനസ്സിലാകില്ല. രണ്‌ട പ്രാവശ്യം വായിച്ചു മനസ്സിലാക്കി. ചുവടെ കൊടുത്തിരിക്കുന്ന പദങ്ങളുടെ അര്‍ത്ഥങ്ങള്‍ വായനക്കാരനെ സഹായിക്കുമെന്നതില്‍ സംശയമില്ല. പുഴയുടെ വിവിധ ഭാവങ്ങളെ കുറിച്ചുള്ള ഈ കവിത വളരെ നന്നായി എന്ന് തന്നെ പറഞ്ഞ്‌ കൊള്ളട്ടെ. ആശംസകള്‍
  ReplyDelete
 10. വളരെ ഹൃദയസ്പര്‍ശിയായ കവിത.
  കുട്ടികാലത്തെ കുറെ ഓര്‍മ്മകള്‍ വന്നു പോയി ഇതു
  വായിക്കുമ്പോള്‍.. മനസ്സില്‍ നിന്നു മാഞ്ഞു പോയ പഴയ
  ഗ്രാമ ഭംഗിയുടെ വിശുദ്ധി, നന്മയുള്ള മനസുകളുടെ പഴമൊഴികള്‍..
  അങ്ങനെ എത്രയോ നഷ്ട്ടങ്ങള്‍ വീണ്ടും ഒരു തേങ്ങലായി
  ഇവിടെ പ്രതിഫലിക്കുന്നു...ഒരായിരം അഭിനന്ദനങ്ങള്‍
  അര്‍ത്ഥങ്ങള്‍ ചേര്‍ത്തത് നന്നായി..
  ഭാവുകങ്ങള്‍ നേരുന്നു ഒരിക്കല്‍ കൂടി...
  ReplyDelete
 11. മുഴുവന്‍ അങ്ങോട്ട്‌ കിട്ടിയില്ലെങ്കിലും ഒരുവിധം...
  ഓര്‍മ്മകളും പഴമകളും അങ്ങിനെയൊക്കെയാണ് ഞാന്‍ ചിന്തിച്ചത്‌.
  നല്ല ഈണം കിട്ടുന്നു വരികള്‍ക്ക്.
  ReplyDelete
 12. ആദിമസംസ്കൃതി..
  കവിത താളബദ്ധമാണെന്ന് തോന്നുന്നു അല്ലേ.
  നന്നായിരിക്കുന്നു.
  ReplyDelete
 13. ഇത്രക്ക് ആയിട്ടില്ല...ആശംസകൾ..
  ReplyDelete
 14. നല്ലൊരു കവിത വായിച്ച സംതൃപ്തി ഉണ്ടായി.
  അപൂര്‍വ്വം ചില പദങ്ങള്‍ ലളിതമായ ശൈലിതന്നെ
  ഉപയോഗിച്ചാല്‍ മതിയായിരുന്നു.എങ്കിലും
  മനോഹരമാകുമായിരുന്നു.അഭിനന്ദനങ്ങള്‍
  ആശംസകളോടെ
  ReplyDelete
 15. കവിത വായിച്ചാൽ മനസ്സിലാകുന്ന ഒരു തലയില്ല.
  അതുകൊണ്ടു തന്നെ കവിതയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല.
  ആശംസകൾ...
  ReplyDelete
 16. എന്റമ്മേ.. കടിച്ചാല്‍ പൊട്ടാത്ത കവിതയുമായാണല്ലോ തിരിച്ചു വരവ്!! ഏതായാലും വാക്കുകളുടെ അര്‍ഥം താഴെ കൊടുത്തത് സഹായം ആയിട്ടോ.. :)
  ബ്ലോഗിലെ ഈ രണ്ടാമൂഴത്തിന് എല്ലാ ആശംസകളും അജിത്തേട്ടാ..
  (ചാതകം = വേഴാമ്പല്‍ എന്നത് ഇപ്പോഴാ അറിയുന്നെ !)
  ReplyDelete
 17. ഹൃദ്യമായ ഒരു കവിതയുമായുള്ള രണ്ടാം വരവ് ഗംഭീരമായീ ട്ടോ...
  ReplyDelete
 18. അമൃതവാഹിനി ഉഷാറായി...അഭിനന്ദനങ്ങള്‍
  ReplyDelete
 19. ബ്ലോഗുകളില്‍ സാധാരണ കാണുന്ന 'ആധുനിക' കവിതകളില്‍ നിന്ന് വ്യത്യസ്തമായ ഒരു രചന ശൈലി... കവിത ഇഷ്ടായി അജിത്തേട്ടാ...
  ReplyDelete
 20. ഞാനും ആദ്യമായാണ്‌ ഇവിടെ.
  ഇത് വായിച്ചപ്പോള്‍ പണ്ട് സ്കൂളില്‍ പഠിച്ച പദ്യ ഭാഗങ്ങള്‍ ഒക്കെ ഓര്‍മ്മ വന്നു.
  നന്നായിരിക്കുന്നു കേട്ടോ.
  ഇനി എപ്പഴും വരാന്‍ നോക്കാം.
  ഊണ് കഴിഞ്ഞോ???????
  ReplyDelete
 21. ഏതഗ്നിയെയും ശമിപ്പിച്ചു കുളിര്‍പ്പിക്കുന്ന ആ നദിയുടെ മടിത്തട്ടില്‍ നിന്ന് തന്നെ ഓരോ സംസ്കൃതിയും തളിരിട്ടതും പടര്‍ന്നു പന്തലിച്ചതും. ആ മനോഹര തീരത്തേക്ക് ഈ വരികള്‍ പിന്നെയും കൂട്ടിക്കൊണ്ടു പോവുന്നു. ശുദ്ധമായ പ്രകൃതിയുടെ അനുഭവത്തിലേക്ക് മടങ്ങുമ്പോള്‍ കലാപങ്ങളും കാലുഷ്യങ്ങളും താനേ ശമിക്കുന്നു. കാരണം അവിടെ പ്രകൃതിയുടെ ഉദാത്തമായ സ്നേഹ സംയോജനത്തിന്റെ തീര്‍ത്ഥത്തില്‍ മുങ്ങി നിവരുന്ന പുലരികളിലേക്കാണ് നാം ഉണരുക.
  വരികളില്‍ സിംഫണി നിറച്ച ഈ കവിത ഞാന്‍ താഴോട്ടും മേലോട്ടും വായിച്ചു ആസ്വദിച്ചു. പുഴയുടെ ഒഴുക്കുപോലെ മനോഹരം.
  ReplyDelete
 22. വളരെ നാളുകള്‍ക്കു ശേഷം മനോഹരമായ ഒരു കവിത വായിച്ചതിന്റെ സംതൃപ്തി.....വാക്കുകളാല്‍ സമ്പന്നനായ എഴുത്തുകാരന്‍.... ഭാഷ കുറച്ചു കട്ടിയായിരുന്നെങ്കിലും, ശബ്ദതാരാവലി സഹായകമായി....എന്നും മനോഹരിയായ തരംഗിണിയെ ഇത്ര മധുരമായ് വര്‍ണ്ണിച്ചു വായനക്കാരുടെ മനസ്സുകുളിപ്പിച്ച കവിക്ക്‌ അഭിനന്ദനങള്‍ !!!
  ReplyDelete
 23. അജിത്‌ഭായ് പുതിയ ബ്ലോഗ് തുടങ്ങിയ കാര്യം ഇപ്പോഴാ ഞാൻ കാണുന്നത്... എല്ലാം ഒന്ന് പോയി വായിച്ച് നോക്കട്ടെ...

  തിരിച്ചുവന്നതിൽ വളരെ സന്തോഷം... ആശംസകൾ...
  ReplyDelete
 24. കവിതയില്‍ വലിയ അറിവില്ല ,,നമ്മൊളൊക്കെ സാധാരണക്കാരാണെ..എന്നാലും താഴെ കൊടുത്ത ശബ്ദതാരാവലിയുടെയും കമന്റുകളുടെയും സഹായത്തോടെ ആശയം മനസ്സിലാക്കി ...നന്ദി
  ReplyDelete
 25. ഒരു കവിതാസ്വാദകനെങ്കിലും

  പല കവിതകളും പാട്ടുകളും

  കുറിച്ച് പ്രസിധീകരിചിട്ടുന്ടെങ്കിലും

  ഈ കവിത ആസ്വദി ക്കാനായെങ്കിലും

  പൂര്‍ണ്ണമായും കഴിഞ്ഞില്ല എന്ന് ഖേദത്തോടെ

  കുറിക്കട്ടെ . കാരണം പല വാക്കുകളും കടിച്ചാല്‍ പൊട്ടാത്തത്‌ തന്നെ

  ഏതായാലും ഒരു ചെറിയ ശബ്ദ താരാവലി ചേര്‍തെങ്കിലും അതും അപൂര്‍ണം

  ഇനിയും പലതും വാരാനുണ്ടാവിടെ പൊട്ടനെപ്പോലെ ചിലര്‍ ചിലതുമായി

  വന്നിട്ടും അത് പൂര്‍ണ്ണ മായില്ല

  മാഷേ യെന്താനി "ഉരത്ത" ശബ്ദത്താല്‍ ഇതേ തരംഗിണി.:-)

  ഏതായാലും വീണ്ടും ഇടയ്ക്കിടെ ഇവിടെ വന്നെ പറ്റൂ എന്ന് തോന്നുന്നു

  കാരണം അര്‍ഥം മുഴുവനും അറിയണം എന്ന അതിയായ ആഗ്രഹം തന്നെ

  കവിതാ സമാഹാരം വല്ലതും പുസ്തക രൂപത്തില്‍ ഉണ്ടോ മാഷേ?

  മാഷിന്റെ വകയായി

  പിന്നെ മെയിലില്‍ ഇതിന്റെ intimation കിട്ടിയില്ലല്ലോ സാറേ

  നന്ദി വീണ്ടും കാണാം

  താങ്കളുടെ

  സ്വന്തം ഏരിയല്‍ ഫിലിപ്പ്

  സിക്കന്ത്രാബാദ്‌
  ReplyDelete
 26. ഏരിയല്‍ ഫിലിപ്പ്, നല്ല വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി. ജീവിതത്തില്‍ ഇത് രണ്ടാമത്തെ കവിതയാണ്. സമാഹരിക്കാന്‍ മാത്രം ഒന്നുമില്ല.

  “ഉരത്ത” എന്ന വാക്കിന്റെ അര്‍ത്ഥം ‘ബലമുള്ള, ശക്തിയുള്ള, വീര്യമുള്ള, വര്‍ദ്ധിച്ച, തീവ്രമായ, പരുഷമായ, ഉച്ചത്തിലുള്ള’ എന്നൊക്കെയാണ്. കാവ്യരചനയ്ക്കായുള്ള പദങ്ങള്‍ പലതും സംസാരഭാഷയിലോ ഗദ്യഭാഷയിലോ ഉപയോഗിക്കുന്നത് വളരെ വിരളമാണ്, മാത്രമല്ല അത് അവിടെ അരോചകമായിത്തീരുകയും ചെയ്യും.

  ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.
  ReplyDelete

  Replies

  1. Thank you Ajith Mash, for the note,
   Ivide vannu kament ittenkilum ithinu marupadi koduthathint intimation maililkittiyill innu veendum oraavarthi ivide vannappol kandu,
   preeyappettavarkkoppam koodi yennaanu karuthiyathu pakshe kandilla,
   innu chernnu
   sorry for the delay in rsponding to this and for the follow
   Thanks for dropping in my pages
   Best regards
   Philip
   Delete
  2. pinne saare, puthiya srushikal????????????
   kaathirikkunnu
   Philip
   Delete
 27. കവിതയെ ഗഹനമായി വിലയിരുത്താന്‍ ഞാന്‍ പ്രാപ്തന്‍ അല്ല എങ്കിലും വായനയില്‍ മനോഗരവും ആശയ സംബുഷ്ടവുമായ വരികള്‍
  ReplyDelete
 28. എനിക്ക് ഒന്നും മനസ്സിലായില്ല...
  ReplyDelete
 29. <>
  ---------------------------

  അക്ഷരങ്ങള്‍ കൊണ്ട് വരച്ചിട്ട ഗ്രാമചിത്രം..!
  ഇങ്ങനെയൊരു സാന്നിദ്ധ്യമറിയിക്കലിനു സന്തോഷം..സ്വാഗതം.
  ReplyDelete
 30. ഗ്രാമ്യമനോജ്ഞമാം ദൃശ്യങ്ങള്‍
  സമഞ്ജസമായി സമന്വയിപ്പിച്ച വരികള്‍
  ReplyDelete
 31. അഭിനന്ദനങ്ങള്‍ മനോഹരമായ കവിത സമര്‍പ്പിച്ചതിന്.ഗ്രാമത്തിന്‍റെ പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിച്ചു.കവിത വായിച്ച് തീര്‍ന്നപ്പോള്‍ വീണ്ടും തുടര്‍ന്നു പോയെങ്കില്‍ എന്ന് ആശിച്ചുപോയി......
  ReplyDelete
 32. YOU ARE A BORN POET!!!!

  വായിച്ചു, അനുഭവിച്ചു!!!!!

  ഇത്രയും പദാവലികള്‍ സ്വായത്തമാക്കിയത് എങ്ങനെ? അതിശയിച്ചു!!!
  ReplyDelete
 33. നന്ദി, പുതിയ വായനാനുഭവം, അറിവ്‌- സമ്മാനിച്ചതിന്‌.
  ReplyDelete
 34. അജിത്തേട്ടാ ഞാനും വായിച്ചു രണ്ടു തവണ ...ഇനി ഒന്നൂടെ വായിച്ചു നോക്കട്ടെ ന്റെ തലയില്‍ വല്ലതും കയറുമോന്നു...
  ReplyDelete
 35. ബ്ലോഗില്‍ വീണ്ടും വന്നതിനു ആദ്യം
  അഭിനന്ദനങ്ങളും ഒത്തിരി നന്ദിയും...
  ദേ ഈ കവിത പോലെ നന്മയും
  ശുദ്ധവും ആയ വാചകങ്ങള്‍ മാത്രം
  നിറഞ്ഞ അജിത് ചേട്ടന്റെ വാക്കുകള്‍
  വീണ്ടും വായിക്കാന്‍ ആഗ്രഹം തോന്നിയിട്ടുണ്ട്..
  അത് പഴമയുടെ പരിശുദ്ധി പോലെ ഞാന്‍ കണ്ടിരുന്നു...
  വല്ലപ്പോഴും ആണെങ്കിലും കുഴപ്പം ഇല്ല എഴുതൂ..
  ഇനിയും നിര്‍ത്തി എന്നൊരു വാചകം കണ്ടു പോകരുത്
  കേട്ടോ...!!!! സ്നേഹ പൂര്‍വ്വം...
  ReplyDelete
 36. കല്ലിവല്ലി ബ്ലോഗിനാണെ സത്യം, കണ്ണൂരാന്റെ കമന്റ് ബോക്സിനാണെ സത്യം എന്റെയീ കീബോര്‍ഡിനാണെ സത്യം. വേണ്ട. അജിയേട്ടന്റെ കഷണ്ടിത്തലയാണെ സത്യം കവിത വായിച്ചു ഞാന്‍ അത്ഭുതപര-കുതന്ത്രനായിപ്പോയി.!
  ഇതിനായിരുന്നു ബ്ലോഗിനോട് വിടപറഞ്ഞു മുങ്ങിയത്.. ലേ?

  (പ്രൊഫൈലിലെ ആ ഇരുപ്പ് ഏതു ആസനത്തില്‍ പെടുമെന്ന് പറഞ്ഞുതാ. പാര്‍ക്കില്‍ പോയി അങ്ങെനെ ഇരിക്കാനാ)
  ReplyDelete
 37. കവിത ഇഷ്ടമായി മൊത്തത്തില്‍ പെരുത്ത്‌ ഇഷ്ടമായി ഞാനും കൂടുന്നു കൂടെ വീണ്ടും കാണാം ആശംസകള്‍
  ReplyDelete
 38. അമൃത വാഹിനിയിലൊന്നു മുങ്ങിപൊങ്ങിയപ്പോഴുണ്ടായ ആനന്ദം പറഞ്ഞറിയിക്കാനാവുന്നില്ല.
  "കവിതകൾ" ഇന്നും പച്ചപ്പു മാറാതെ ഇവിടെ ഉണ്ടെന്നു വിശ്വസിക്കുവാൻ ഇവിടേ ഒരു വായന മാത്രം മതിയാവും.
  Dha "ഢ" കിട്ടുമല്ലോ
  എല്ലാവിധ ആശം സകളും നേരുന്നു.
  ReplyDelete
 39. അജിത്തേട്ടാ, അതിമനോഹരമായ കവിത. ഒരു നിഷ്കളങ്കഗ്രാമത്തിന്റെ ചിത്രം പുഴയുടെ പശ്ചാത്തലത്തില്‍ വരച്ചിടാന്‍ ഇത്ര മനോഹരമായിക്കഴിഞ്ഞ താങ്കളെ ബൂലോഗത്തെ സൂപ്പര്‍കവിയെന്ന് വിളിക്കട്ടെ.

  പട്ടിണിമാസത്തില്‍ പാവങ്ങള്‍ക്ക് വെള്ളം നല്‍കുന്ന, പാടത്തിനും തരുക്കള്‍ക്കും ജീവദാതാവായ പൊടുന്നനെ ഭാവം മാറിയൊഴുകുന്ന, അടിത്തട്ട് കാണും വിധം പളുങ്കുവെള്ളം പേറുന്ന നദികളൊക്കെ ഇനി കവിതകളില്‍ മാത്രമേ അലസമായി സുപഥഗമനം നടത്തുകയുള്ളൂ. ഇളനീരില്‍ പോലും വിഷമുള്ള ഈ കാലഘട്ടത്തില്‍ ഗ്രാമത്തിന്റെ നന്മ ഓര്‍മ്മിപ്പിക്കുന്ന ഈ കവിത എന്തുകൊണ്ടും കൂടുതല്‍ അറിയപ്പെടേണ്ടത് തന്നെ.
  കളങ്കമേല്‍ക്കാത്ത നന്മ ബാല്യകാലത്തിലെങ്കിലും നിലനിന്ന് കാണാന്‍, ശുദ്ധരായ പെണ്‍കൊടിക്കിളിക്കിടാങ്ങളും പ്രകാശവദനരായ യുവാക്കളും.... വിജ്ഞാന്‍സമ്പത്ത് പേറുന്ന കാരണവന്മാരും... നമ്മുടെ നാടിനോടിവരൊക്കെ എന്നെ വിടപറഞ്ഞു. കവിതയിലെ നന്മ ലോകത്താകമാനം കളിയാടട്ടെ എന്നാശംസിക്കുന്നു.

  "കടുത്തകോപത്തിന്നനനലനുമില്ലാ"...എന്തോ ഒരു മനസ്സിലാകായ്മ.
  ReplyDelete
 40. ചിലതൊന്നും മനസ്സിലായില്ല എനിക്കു്. കവിത വല്യ പിടിയില്ലാത്തതുകൊണ്ട്, അഭിപ്രായം പറയാനും അറിയില്ല.
  ReplyDelete
 41. നല്ല കവിത.. ഇനിയും വരാം!
  ReplyDelete
 42. ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
  പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍
  അവരൊഴുക്കിയോരമൃതസ്നേഹത്തിന്‍
  അലയൊടുങ്ങിടാക്കടലിതെന്‍ മനം
  സങ്കല്പങ്ങള്‍ ശക്തമായ വരികളില്‍ തെളിയിച്ചു , ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഇനിയും വരാം
  ReplyDelete
 43. അജിത് സാറിന്റെ കവിതവായിച് ആര്‍ക്കും ഒന്നും മനസിലായില്ലെന്നാ തോന്നുന്നേ. പക്ഷെ എനിക്ക് മുഴുവന്‍ മനസിലായിട്ടോ. പക്ഷെ ആര്‍ക്കും പറഞ്ഞുതരില്ല.
  ഞാനാരാ മോള്‍.
  ReplyDelete
 44. കവിതയുള്ളൊരു കവിത ബ്ലോഗായ ബ്ലോഗിലൊന്നും കണ്ടതായി ഓർമയില്ല ഇപ്പൊ കണ്ടു.
  "ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നന്ന്
  പറഞ്ഞ മുത്തശ്ശി മറഞ്ഞുപോയെന്നാല്‍.."

  മുത്തശ്ശിയെപ്പോലെ ആ പറഞ്ഞതും മറഞ്ഞു പോയി ട്ടൊ,

  ഇപ്പൊ അഴുക്കുവെള്ളത്തില്‍ ഒഴുക്കില്ലെന്നാ പറയേണ്ടത്.. :)
  ReplyDelete
 45. പഴയകാല കവിതകളിലെ, കഥകളിലേയും നിഷ്കളങ്ക ഗ്രാമവും പുഴയും. ഒരുകാലത്തും ഇല്ലാതിരുന്ന ഒന്ന്‌.
  നവോഢ എന്നല്ലേ വേണ്ടാത്.
  അചുംബിതാഘ്രാതം-ഏതേലും ഒന്നു മതിയാകില്ലേ
  അചുംബിതം അല്ലെങ്കില്‍ ആഘ്രാതം. ഒന്നിച്ചു വരുമ്പോള്‍ ചേര്‍ച്ചക്കുറവു പോലെ.
  ReplyDelete
 46. വായിച്ചു അജിത്ത് .,കൂടെ കമന്റുകളും.... കമന്റുകൾ കൊണ്ട് ഒരു നല്ല കവിതക്ക് അനുബന്ധമെഴുതുന്ന അത്ഭുത വിദ്യയും കണ്ടു.... നല്ല വായന മാത്രമല്ല,ഒരു നവ്യാനുഭവവും ലഭിച്ചു.....
  ReplyDelete
 47. തിരിച്ച് വന്നതിൽ വളരെ ആത്മാർഥമായി ആഹ്ലാദിയ്ക്കുന്നു. ഇനീം എഴുതില്ല എന്ന് മാത്രം കേട്ടു പോകരുത്.ങാ പറഞ്ഞില്ലെന്ന് വേണ്ട.
  കവിത കേമമായിട്ടുണ്ട്. ഒന്ന് ചൊല്ലാൻ സുഖമുള്ള വരികൾ. സ്കൂളിൽ പഠിയ്ക്കുമ്പോൾ കവിത ചൊല്ലി ആഹ്ലാദിച്ചിരുന്ന അനുഭൂതിയോടെ ചൊല്ലി രസിച്ചു.
  രണ്ട് മനോഹരമായ കാവ്യ ചിത്രങ്ങൾ, മൂന്ന് അസൂയ ഉണ്ടാക്കുന്ന പദസമ്പത്ത്....

  പണ്ടൊക്കെ നമുക്ക് നദീതട സംസ്ക്കാരമാണുണ്ടായിരുന്നത്. ഇന്നുള്ളത് അഴുക്കു ചാൽ സംസ്ക്കാരമാണ്. അപ്പോൾ ഈ കാലത്ത് അമൃത വാഹിനി വിശുദ്ധമായ ഒരോർമ്മപ്പെടുത്തലാവുന്നു.

  വായിയ്ക്കാൻ വൈകിയ ഖേദം മാത്രം, അതിന് എന്നെ പഴിച്ചാൽ മതി.

  നമസ്ക്കാരം.
  ReplyDelete
 48. ജി, കവിത ചുമ്മാതെ വായിക്കുകയല്ല , ചൊല്ലി നോക്കുക തന്നെ ചെയ്തു. വളരെ നന്നായി.
  ശബ്ദതാരാവലി അത്ര കണിശമുള്ള കാര്യമല്ല. എങ്കിലും ചേര്‍ക്കുന്നതില്‍ തെറ്റില്ല.
  അചുംബിതാഘ്രാതകുസുമം പോലവേ ആഘ്രാത = smelt എന്നല്ലേ ? "അനാഘ്രാത" എന്നായിരുന്നില്ലേ വേണ്ടത് ? പക്ഷെ പ്രാസം പോകും.

  വയലിന്‍റെ വര്‍ണ്ണന വളരെ മനോഹരമായി.
  അഭിനന്ദനങ്ങള്‍
  ReplyDelete
 49. ഓർമ്മകളിലെ ചിത്രത്തിനു അക്ഷരങ്ങൾ നിറം പകർന്നപ്പോൾ എന്നിലെ വായനക്കാരിയുടെ മനസ്സ് കുളിർന്നു..വായിച്ചു മറന്ന പദങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നന്നായി..തിരിച്ചു വരവിനു ആശംസകൾ..

  {അ(ചുംബിതം+ആഘ്രാതം) 2(1+2)>>> കണക്കിൽ തൊട്ട് കളിക്കരുത്...ങ്ങാഹ്...ഞാനോടീഈഈഈഈഈഈഈഈഈ :)}
  ReplyDelete

 50. ശരിക്കും സ്കൂള്‍ മുററത്തെത്തിയ പോലെ.....
  കുട്ടിക്കാലത്ത് പഠിച്ച കവിതകളുടെ സുഖം....!

  ഇവിടെ കാലുഷ്യക്കലാപവുമില്ല
  കടുത്തകോപത്തിന്നനനലനുമില്ലാ
  പെരുത്തൊരുഷ്ണത്തിന്‍ അശനിയെപ്പോലും
  കുളിര്‍പ്പിക്കില്ലയോ ജലപ്രവാഹിനി
  ഇവളെന്‍ കാമിനി അലസയാമിനി
  മൃദുലധാമിനി സുപഥഗാമിനി.....

  ആശംസകള്‍...അജിത്‌.
  ReplyDelet
  e