Sunday, July 26, 2015

വൈശാലി

വൈശാലി യൂണിവേഴ്സലില്‍ നിറഞ്ഞോടിക്കൊണ്ടിരുന്ന കാലത്താണ് എബ്രഹാം വടക്കേപ്പുരമാളികയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. മാളികയെന്നാല്‍ വെറും ഒരു പേര് മാത്രം. ആ പേര് എങ്ങനെ വന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. നിറം അല്പം കുറവാണെങ്കിലും വൈശാലിയുടെ രൂപസാദൃശ്യമുള്ള സോഫി അങ്ങനെയാണ് അയല്പക്കത്തെ പെണ്ണായത്. വടക്കേപ്പുരയുടെ ഏറ്റവും അടുത്ത അയല്‍ക്കാര്‍ ഞങ്ങളായിരുന്നു. സോഫിയുടെ അമ്മ ഒരു വശം സ്വാധീനമില്ലാതെ കിടപ്പ് ആണ്.

അയല്പക്കത്തിന്റെ അടുപ്പമൊന്നും പക്ഷെ മൊട്ടിട്ടതേയില്ല. എബ്രഹാമും സോഫിയും ആരോടും സൌഹൃദത്തിന് വന്നതുമില്ല. എന്തൊരുതരം മനുഷ്യര്‍!

എന്നും ഏഴ് മണിയുടെ പി എം എസില്‍ സോഫി യാത്രയാകും. ആറ് മണിയ്ക്ക് അതേ ബസില്‍ തിരിച്ച് വരും.ആരോടും മിണ്ടാതെ, ആരോടും ചിരിക്കാതെ, ആരെയും നോക്കാതെ ശരം വിട്ടപോലെ ഒരു നടപ്പ്. അത്രയ്ക്കായോ? നാട്ടിലുള്ള ചെറുപ്പക്കാരായ ഞങ്ങളെ എങ്കിലും ഒന്ന് ഗൌനിക്കേണ്ടതല്ലേ! രഹസ്യമായി സോഫിയെ ഞങ്ങള്‍ വൈശാലി എന്ന് നാമകരണം ചെയ്തു. അഹങ്കാരി എന്ന് ഒരു ബിരുദവും കൊടുത്തു.സുകുമാരനാണ് ആദ്യമായി ആ സംശയം മുളച്ചത്. വൈശാലിക്കെന്താ ബിസിനസ്? ആറുമണിക്കൂട്ടത്തിലെ ചര്‍ച്ചാവിഷയം വൈശാലിയുടെ യാത്ര മാത്രമായിമാറി.“എന്തായാലും അവള് ആളത്ര ശരിയല്ല” സുകുമാരന്‍

“അതെയതെ. അവള്‍ക്ക് നമ്മളെ മാത്രേ പിടിക്കാതെയുള്ളു” രാജു ശക്തമായി പിന്താങ്ങി

വൈശാലിയെ ഞങ്ങള്‍ അങ്ങനെ ഒരു തൊഴിലിലേയ്ക്ക് പ്രതിഷ്ഠിച്ചു. സംശയലേശമില്ലാതെ. ആറുമണിക്കൂട്ടത്തിന്റെ യൌവനസ്വപ്നങ്ങളെ ഉണര്‍ത്തി കിട്ടാക്കനിയായി വൈശാലി രാവിലെയും വൈകിട്ടും യാത്ര തുടര്‍ന്നു.

“ഞങ്ങളെയൊക്കെ ഒന്ന് ഗൌനിക്കണം കേട്ടോ. നാട്ടുകാര്‍ക്ക് ഒരു മുന്‍ഗണനയൊക്കെ വേണം”

സുകുമാരന്റെ കമന്റിന് ഞങ്ങള്‍ കോറസ്സ് ആയി ആര്‍ത്ത് ചിരിച്ചു.

സോഫി തീപാറുന്ന കണ്ണുകളോടെ ഒന്ന് നോക്കി.

“ങ്ഹും....അവള്‍ടെ ദേഷ്യം കണ്ടില്ലേ!” രാജു പല്ലിറുമ്മി. കൂടെ കേട്ടാലറയ്ക്കുന്ന ഒരു വാക്കും.

മത്തായിസാറിന് രക്തം കൊടുക്കാന്‍ മെഡിക്കല്‍ ട്രസ്റ്റില്‍ പോയിട്ട് തിരിയെ വരുമ്പോള്‍ ഉദയമ്പേരൂര്‍ എത്തിയപ്പോഴാണ് പെട്ടെന്ന് വഴിയില്‍ സോഫിയെപ്പോലെ ഒരു മുഖം കണ്ടത്. ഒന്നുകൂടെ നോക്കി. അവള്‍ തന്നെ.

ഓഹോ! ബിസിനസ്സിന് ഇറങ്ങിയിരിക്കയാണ്. ഇപ്പോള്‍ പോയി അവളെ കാണുകയാണ് വേണ്ടത്. തൊണ്ടിയോടെ പിടിക്കണം. പിന്നെ എന്തെങ്കിലും പ്രയോജനം ഉണ്ടായാലോ! മനസ്സില്‍ പദ്ധതികള്‍ രൂപപ്പെട്ട് വരുന്നു.

ബസ്സില്‍ നിന്ന് ചാടിയിറങ്ങി. സോഫിയെ കാണാനില്ല. ചുറ്റും തിരഞ്ഞപ്പോള്‍ ദൂരെ അവള്‍ നടന്ന് മറയുന്നു. സോഫി കാണാതെ പിന്തുടര്‍ന്നു.

ഒരു സ്കൂളിന്റെ കോമ്പൌണ്ടിലേയ്ക്ക് സോഫി കയറി. ങ്ഹേ, ഇവള്‍ ടീച്ചറാണോ?

ആ മതിലിന് പുറത്ത് ഞാന്‍ അല്പനേരം കാത്ത് നിന്നു. പുതിയ ഒരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. സ്കൂളിന്റെ എക്സ്റ്റന്‍ഷന്‍ ആവാം.

മേസ്തിരിമാരും മൈക്കാടുകാരുമായി ആറേഴ് പേര്‍ സ്കൂളിന്റെ ഗേറ്റില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. ഞാന്‍ ഒതുങ്ങിനിന്നു. അവസാനം കടന്നുപോയ ആളിന്റെ മുഖത്ത് എന്റെ മിഴികള്‍ തറഞ്ഞുനിന്നു. വൈശാലി ആയിരുന്നു അത്. ലുങ്കിയും നീളമുള്ള ബ്ലൌസും തലയില്‍ മൂടിച്ചുറ്റിയ ഒരു തോര്‍ത്തും കയ്യില്‍ സിമന്റ് ചട്ടിയുമായി വൈശാലിയെന്ന സോഫി.

“ ഇയാളെന്താ ഇവിടെ?” എന്നെക്കണ്ട അവളും തെല്ല് അമ്പരന്നിട്ടുണ്ടാവാം. രണ്ട് നിമിഷം വാക്കില്ലാതെ നിന്നിട്ട് പിന്നെയാണ് ചോദ്യം വന്നത്.

“ഒന്നുമില്ല, ഇവിടെ അടുത്ത് ഒരു കൂട്ടുകാരനെ കാണാനുണ്ടായിരുന്നു” എത്ര പെട്ടെന്നാണ് കള്ളങ്ങള്‍ വന്ന് വാക്കായിപ്പൊഴിയുന്നത്.

സോഫി ചിരിച്ചു. അത് ഞാന്‍ ഈ ലോകത്തില്‍ കണ്ടതിലെയ്ക്ക് ഏറ്റവും മനോഹരമായ പുഞ്ചിരിയായിരുന്നു.

എനിക്കും മനസ്സിന്റെ ഉള്ളില്‍ നിന്ന് ഒരു ചിരി ഉയര്‍ന്ന് വന്നു. ഭാരമൊഴിഞ്ഞ ചിരി. സന്ദേഹക്കാറൊഴിഞ്ഞ ചിരി.