Thursday, April 28, 2011

നഃ ശ്രൂയതേ നഃ ദൃശ്യതേ # 3

....ആല്‍ മുളയ്ക്കുന്നതും തണലെന്ന് ചിലര്‍

എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കേട്ടിട്ടില്ല.
ലോകത്തെവിടെയും നടന്നതായി ചരിത്രത്തില്‍ ഒരിടത്തും കാണുന്നില്ല.
നിങ്ങളുടെ കേട്ടറിവുകളില്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ പറയൂ.
ഏതു മനുഷ്യന്റെയും ആഗ്രഹം അവന്റെ രാജ്യത്തിന്റെ കൊടി ഏറ്റവും ഉയരത്തില്‍ പാറണമെന്നാണ്. അന്യരാജ്യത്ത് ജീവിക്കുമ്പോഴും അവന്റെ നാടിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ഒരു ഉള്‍പുളകം തോന്നാതിരിക്കയില്ല ആര്‍ക്കും.
സ്വന്തം നാടിന്റെ ശബ്ദം എല്ലാവരും അംഗീകരിക്കണമെന്നാണവന്റെ അന്തരംഗം കൊതിക്കുന്നത്. ഏത് മേഖലയിലും അവന്റെ രാജ്യം ജയിച്ച് യശസ്സുയര്‍ത്തണം.
 കായികമത്സരമായാല്‍ തന്റെ രാജ്യം ലോക ചാമ്പ്യന്‍ ആകണം.
അന്താരാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പായാല്‍ അവന്റെ രാജ്യം ജയിക്കണം
ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സ്വരക്തം കൊടുത്താണെങ്കിലും അവന്റെ രാജ്യം ജയിക്കണം. ഏതൊരു സാധാരണ മനുഷ്യന്റെയും മനഃസ്ഥിതി അങ്ങിനെയാണ്.
ഈയിടെ ക്രിക്കറ്റില്‍ ഇന്‍ഡ്യ ജയിച്ചപ്പോള്‍ ക്രിക്കറ്റിനോട് ഒരു താല്പര്യവുമില്ലെങ്കിലും എന്റെ മനസ് സന്തോഷവും അഭിമാനവും കൊണ്ട് പൂരിതമായി.
കാരണം എന്റെ നാടിന്റെ നാമമാണ് ഉയര്‍ത്തപ്പെടുന്നത്.
അങ്ങിനെയിരിക്കെ, ഈ നാളുകളില്‍ മനുഷ്യത്വമുള്ള ഏതൊരു ഭാരതീയനും മനസ്സുകൊണ്ടും വാക്കുകള്‍ കൊണ്ടും ആഗ്രഹിച്ചു അവന്റെ രാജ്യം ജയിക്കരുതേ എന്ന്.
തോറ്റ് നാണം കെട്ട് തന്നംതനിയെ നില്‍ക്കുമ്പോള്‍ സാധാരണ ജനം സന്തോഷിച്ചു.
കാരണം നമ്മുടെ സര്‍ക്കാര്‍ അനീതിയും അശുദ്ധിയും നിറഞ്ഞ ഒരു നിലപാടെടുത്തു.
ലോകം മുഴുവനും എതിര്‍ നില്‍ക്കുന്ന ഒരു കാര്യത്തിന് ആരുടെയോ താല്പര്യത്തിനു വഴങ്ങി നമ്മുടെ നാട് അതിന്റെ യശസ്സു കളഞ്ഞുകുളിച്ചു.
സ്വന്തം ജനതയുടെ മനസ്സ് അറിയാന്‍ കഴിയാത്ത ഒരു ഭരണാധികാരി പലായനം ചെയ്യുകയാണ് വേണ്ടത്.
ഇവിടെ നല്ല തണല്‍ തരുന്ന ആല്‍ എന്ന് പറഞ്ഞുകൊണ്ട് നില്‍ക്കുന്നു അവര്‍.
കഷ്ടം തന്നെ.
ഇനി പറയൂ, നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഒരു ജനത അവരുടെ രാജ്യം പരാജയപ്പെടണമെന്ന് മനം കൊണ്ട് ആഗ്രഹിച്ച ഒരു സന്ദര്‍ഭം?
ഇപ്പോള്‍ എങ്ങിനെയെങ്കിലും മുഖം രക്ഷിക്കാന്‍ പല അടവും എടുക്കുകയാണത്രെ. "നിരോധിച്ചോട്ടേ?" എന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതുന്നു.
ജനീവയില്‍ നിലപാട് മയപ്പെടുത്തുന്നു.
(ഒരു ദിവസം നാലു തവണയാണത്രെ “എന്‍ഡോസല്‍ഫാന്‍” കമ്പനിയായ എക്സലുമായി കണവന്‍ഷന്റെ ഇടയ്ക്ക് ഇന്‍ഡ്യന്‍ സംഘം ചര്‍ച്ച നടത്തിയത് (പത്രവാര്‍ത്ത)
ഇനി തിരിച്ചുവന്ന് ഇളിച്ച ചിരിയുമായി പുലമ്പിത്തുടങ്ങിക്കോളും
“ഞങ്ങളും കൂടി ശ്രമിച്ച് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആ വിഷം നിരോധിച്ചു" എന്ന്.

ആഹാ എന്തൊരു തണല്‍.


(മാനുഷീകതയ്ക്കെതിരില്‍ നിലപാടെടുത്തതിന് ഇവരെയൊക്കെ വിചാരണ ചെയ്യുകയാണ് വേണ്ടത്)

Friday, April 1, 2011

ഉറുമ്പിന് അരി ഭാരം...

മോഹം 1:
         കറങ്ങുന്ന കസേരയില്‍, ശീതീകരിച്ച ഓഫീസില്‍ നെറ്റിയില്‍ കയ്യമര്‍ത്തിയിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍, ഹെഡ് ഓഫീസില്‍ നിന്ന്. ടാര്‍ഗറ്റ് തികയ്ക്കണം ഇല്ലെങ്കില്‍ പരിണിതഫലം  എന്തെന്ന് പറയാനാവില്ലയെന്ന്.. ഓ വയ്യ ഈ ടെന്‍ഷന്‍ പിടിച്ച് ജീവിതം. അയാളുടെ വയറ്റില്‍ നിന്ന് ഒരു എരിച്ചില്‍ നെഞ്ചിലേയ്ക്ക് കയറി.
       വര്‍ക്ക് ഷോപ് ഫ്ലോറിലേയ്ക്ക് കാഴ്ച്ചയുള്ള ചില്ലുജാലകത്തിലെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ മെക്കാനിക് ജോണി ഒരു സ്പാനറുമായി ചൂളം വിളിച്ചുകൊണ്ട്  തന്റെ മെഷീനിന്റെയടുത്തേയ്ക്ക് നടക്കുന്നു. ജോണിയെ എപ്പോഴും പ്രസരിപ്പോടെയേ കണ്ടിട്ടുള്ളു എന്ന് കൌതുകത്തോടെ ഓര്‍ത്തു. ഈ ജോലി വിട്ടിട്ട് ജോണിയെപ്പോലെ ഒരു മെക്കാനിക്ക് ആയി റിലാക്സ് ആയി ജീവിക്കാനായിരുന്നെങ്കില്‍...

മോഹം 2:
      വീട്ടിലെ പ്രശ്നങ്ങളോര്‍ത്താല്‍ മനം നീറും. എല്ലാം മറക്കാന്‍ മനഃപൂര്‍വം ഒരു പാട്ടും ചുണ്ടില്‍ തിരുകി നടക്കാന്‍ ശ്രമിക്കുകയാണ്.  കയ്യിലെ സ്പാനര്‍ എന്തിനാണെടുത്തതെന്ന് പോലും ഓര്‍മ്മയില്ല. എന്ന് ഈ ദുരിതക്കയത്തില്‍ നിന്നൊരു മോചനം?  ഓഫീസിലേയ്ക്ക്  നോക്കിയപ്പോള്‍ ജി.എം കണ്ണാടിച്ചില്ലിലൂടെ ഷോപ്പിലേയ്ക്ക് നോക്കി നില്‍ക്കുന്നു. ഓ എന്നെങ്കിലും ആ കസേരയിലൊന്ന് ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.

മോഹം 3:
       പാഷന്‍ റെഡ് വര്‍ണ്ണത്തിലുള്ള ആ മെഴ്സിഡസ് ബെന്‍സ് കാര്‍ ഒഴുകിവരുന്നതുപോലെ ബീച്ച് റോഡിലേയ്ക്കിറങ്ങി. ഒഴിഞ്ഞ ഒരു കോണ്‍ നോക്കി ജാഫര്‍ കാര്‍ പാര്‍ക്ക് ചെയ്തു. കുറച്ച് നേരം സീറ്റില്‍ തന്നെയിരുന്നു. പിന്നെ ഇറങ്ങി ഒരു ചാരുബഞ്ചില്‍ വന്നിരുന്നു. മനസ്സിലെ പിരിമുറുക്കം മുഖത്ത് വായിച്ചെടുക്കാന്‍ പറ്റും.
      ഡോക്ടര്‍ സൈമണെ ഒന്നുകൂടി ഡയല്‍ ചെയ്തു. “ലോകത്തില്‍ ഏത് ഹോസ്പിറ്റലില്‍ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാം ഡോക്ടര്‍, എങ്ങിനെയെങ്കിലും എന്റെ മോളുടെ ജീവന്‍....”
       ജാഫറിന് വീട്ടിലേയ്ക്ക് പോകുവാന്‍ മനസ്സ് വന്നില്ല. സുലുവിന്റെ കരഞ്ഞുതളര്‍ന്ന മുഖം എത്രയെന്ന് വച്ചാണ് കാണുന്നത്? എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ നേര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടായ പൊന്നുമോള്‍, ജാസ്മി..
      അകലെ വല നന്നാക്കുന്ന ആ മനുഷ്യന്‍ എന്തൊരു സന്തോഷത്തിലാണ്? കറുമ്പനെങ്കിലും കുറുമ്പനും സുന്ദരനുമായ മകന്റെ  കുസൃതികള്‍ക്കൊപ്പം ചിരിച്ച് തലയാട്ടിക്കൊണ്ട്, കീറിയ വലയും തുന്നി... ഈ സ്വത്തും പദവിയുമൊന്നും വേണ്ടായിരുന്നു. ഇയാളെപ്പോളെ അന്നന്നത്തെ അന്നം തേടി മക്കളും ഭാര്യയുമൊക്കെയായിട്ട് ഒരു സാധാരണ ജീവിതമായിരുന്നെങ്കില്‍?

മോഹം 4:
      നശിച്ച ഈ വല, നൂറാമത്തെ പ്രാവശ്യമാന്ന് തോന്നുന്നു നന്നാക്കുന്നത്. പുതിയതൊന്ന് വാങ്ങണമെങ്കില്‍ നടക്കുന്ന കാര്യമാണോ? ബെര്‍ണാര്‍ഡിന് ദേഷ്യവും സങ്കടവും പതഞ്ഞ് വന്നു. എഡ്വിന്‍ കഴിഞ്ഞ ആഴ്ച്ച മുതല്‍ ഒരു ഫുട് ബോളിന് കരയുന്നു. അവന്റെ പന്തടക്കവും വേഗവുമൊക്കെ കണ്ടാല്‍ അറിയാം നല്ലൊരു പന്തുകളിക്കാരനാകുമെന്ന്. പക്ഷെ യോഗമില്ലാ‍തെ പോയി. ബെര്‍ണാര്‍ഡിന്റെ മകനായി പിറന്നുപോയില്ലേ?
      ആ ചാരുബഞ്ചില്‍ ഇരിക്കുന്ന മനുഷ്യനെ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു, കടലിന്റെ ഭംഗിയും നുകര്‍ന്ന് പരിസരം മറന്ന് എന്‍ജോയ് ചെയ്യുകയല്ലേ, എന്തൊരു ഭംഗിയാ ആ കാറ് കാണാന്‍ തന്നെ! പണക്കാരനായാല്‍ പിന്നെയെന്താ? താനും അയാളെപ്പോലെയായിരുന്നെങ്കില്‍ എഡ്വിന്‍ പന്തിനു വേണ്ടി ഇത്ര കരയേണ്ടി വരുമായിരുന്നോ?

മോഹം 5:
      കട്ടിലില്‍ ഉറക്കം വരാ‍തെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആണ് ഉണ്ണിക്കുട്ടന്‍ വന്ന് നെഞ്ചില്‍ പടര്‍ന്ന് കയറുന്നത്. “മോനെ മാറിക്കേടാ, അച്ഛന് ഭയങ്കര തലവേദന..”
      സോമന്‍ ഉണ്ണിക്കുട്ടനെ തലോടിക്കൊണ്ട് ചിന്തിച്ചു. ഇവനെപ്പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍? ഒരു കാപട്യവുമില്ലാതെ, നിഷ്കളങ്കതയോടെ, ഭയമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!  ജീവിതഭാരങ്ങളൊന്നുമില്ലാതെ... എത്രനാളെന്ന് വച്ചാണ് ഈ അഭിനയജീവിതം തുടരുന്നത്?
       രമയെയും അമ്മയെയും ഉപേക്ഷിക്കാന്‍ കഴിയില്ല. രണ്ടുപേരും ഒരുമയോടെ ആകുമെന്നും പ്രതീക്ഷിക്കാനാവില്ല. സോമന്‍  ഉണ്ണിയെ മെല്ലെ ഇറക്കിക്കിടത്തി.

മോഹം 6:
      ഉണ്ണി അച്ഛനെ നോക്കി. എന്റെയച്ഛന്‍ എത്ര വല്യ ആളാ? എന്തൊരു ശക്തിയാ അച്ഛന്? എന്ത് നല്ല്ല കട്ടി മീശയാ അച്ഛന്? എനിക്കും അച്ഛനെ പോലെയായാല്‍ മതിയാരുന്നു

മോഹം 7:
      മനസ്സില്‍ തോന്നുന്നത് എഴുതാനേ പറ്റില്ല. പൊടിപ്പും തൊങ്ങലും ഇല്ലാതെ സിമ്പിളായി എഴുതിയാല്‍ കമന്റുകളുടെ പ്രവാഹമായി.
"മുമ്പത്തെ പോലെ ആയില്ല...."
"നിങ്ങളില്‍ നിന്ന് ഇത്രയുമല്ല പ്രതീക്ഷിച്ചത്....."

       യഥാര്‍ത്ഥത്തില്‍ ബ്ലോഗിംഗിന്റെ ആ സംതൃപ്തി ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത്ര പോപ്പുലര്‍ ആകുന്നതിനു മുമ്പെ മനോധര്‍മ്മമനുസരിച്ച് ഉള്ളില്‍ ഉറവയെടുക്കുന്ന വാക്കുകള്‍ എഴുതാമായിരുന്നു. ഇതിപ്പോള്‍ വേറെ  ആരെയോ തൃപ്തിപ്പെടുത്താന്‍ കൃത്രിമമായി വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുന്നതുപോലെ. ഇന്നലെ യാദൃശ്ഛികമായി കണ്ട ആ തുടക്കക്കാരന്റെ ബ്ലോഗിലെ കുഞ്ഞിക്കവിത പോലെ എന്തെങ്കിലും കുറിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍? അക്ഷരത്തെറ്റുകളുണ്ടെങ്കിലും എന്തൊരു ലാളിത്യവും ഭംഗിയുമാണാ വരികള്‍ക്ക്?

മോഹം 8:
    മിനിയാന്ന്  കവിത പോസ്റ്റ് ചെയ്തതില്‍ പിന്നെ ഇപ്പോള്‍ ആണ് ബ്ലോഗ് തുറന്ന് നോക്കാന്‍ അല്പം സമയം കിട്ടിയത്. വലിയ അഭിപ്രായമൊന്നും പ്രതീക്ഷിച്ചിട്ടല്ല. ഓഹോ ആദ്യത്തെ അഭിപ്രായം ആരുടെയാണ്? സുപ്രസിദ്ധ ബ്ലോഗര്‍ “നല്ലത്” എന്നെഴുതിയിരിക്കുന്നു. 2214 ഫോളോവേഴ്സ്  ഉള്ള  സ്റ്റാര്‍ ബ്ലോഗര്‍. ഹോ എന്നെങ്കിലും അതുപോലൊരു ഭാഗ്യം വരുമോ എനിക്ക്...?

Saturday, March 19, 2011

നഃ ശ്രുയതേ നഃ ദൃശ്യതേ...# 2

പൂമുഖത്ത് ഒരു ചാരുകസേരയും അതില്‍ നീണ്ടുനിവര്‍ന്ന് കിടന്ന് “ശേഖരാ” എന്നോ അകത്തേയ്ക്ക് തല തിരിച്ച് “ശാരദേ” എന്നോ നീട്ടി വിളിക്കുന്ന ഒരു തല മൂത്ത കാരണവര്‍ എല്ലാ തറവാടിന്റെയും ഒരു ലക്ഷണമായിരുന്നു. 
അല്ലെങ്കില്‍ വീട്ടിലെ എല്ലാ കാര്യങ്ങളുടെയും എല്ലാ അംഗങ്ങളുടെയും സര്‍വ വിഷയങ്ങളിലും ഇടപെട്ട് തീര്‍പ്പ് കല്പിക്കുന്ന ഒരു കാരണവര്‍. അതുമല്ലെങ്കില്‍ കൊച്ചുമക്കളോടൊപ്പം കളിക്കയും നാട്ടിലെ പൊതുവിഷയങ്ങളില്‍ താല്പര്യത്തോടെ ഭാഗഭാക്കാകുന്ന വയോധികര്‍.
ഇളം മുറക്കാര്‍ ഒക്കെയും അല്പം ഭയം കലര്‍ന്ന ബഹുമാനത്തോടെ സംസാരിക്കയും പ്രവൃത്തിക്കയും ചെയ്യുന്ന വലിയപ്പച്ചന്മാര്‍, അപ്പൂപ്പന്മാര്‍, മുത്തച്ഛന്മാര്‍. അവരുടെ കൂടെ നാല്പതും അമ്പതും അറുപതും വര്‍ഷം ജീവിതം പങ്കിട്ട, പല്ലുകൊഴിഞ്ഞ, അമ്മിഞ്ഞകള്‍ മടിവരെയെത്തുന്ന അമ്മൂമ്മമാര്‍. അവരുടെ വിറയാര്‍ന്ന സ്നേഹാന്വേഷണങ്ങള്‍. കൊച്ചുമക്കള്‍ക്ക് മധുരമൂറുന്ന കഥകളും, ബാല്യക്കാര്‍ക്ക് നേര്‍വഴികളും, യുവാക്കള്‍ക്ക് സ്വയനിയന്ത്രണത്തിന്റെ പാഠങ്ങളും ഒക്കെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന പുണ്യജന്മങ്ങള്‍.
അതിനിടയ്ക്ക് തന്നെ ഇത്തിരി കുശുമ്പും കുന്നായ്മയുമൊക്കെ പ്രക്ഷേപണം ചെയ്യുന്ന ചില കൊസ്രാക്കൊള്ളി കാരണവന്മാരും കാര്‍ന്നോത്തികളും. എന്നാലും പൊതുവേ നോക്കിയാല്‍ അവരാരും വലിയ ശത്രുതയ്ക്ക് വിത്ത് പാകുന്നവരായിരുന്നില്ല. 
ശൈശവവും ബാല്യവും കൌമാരവും യൌവനവും ചെലവിട്ട എന്റെ ഗ്രാമത്തിലെ ഓരോ ഭവനത്തിലും ഇങ്ങിനെ ഒന്നോ രണ്ടോ വയസ്സന്മാരും വയസ്സികളും ഇല്ലാത്ത വീടുകള്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം. (ഓരോരുത്തര്‍ക്കും ഞങ്ങള്‍ ഓരോ ഇരട്ടപ്പേരുകള്‍ കനിഞ്ഞ് നല്‍കിയിട്ടുമുണ്ടായിരുന്നു) ഇന്ന് തിരിഞ്ഞു ചിന്തിക്കുമ്പോള്‍ അവരെയെല്ലാവരെയും നന്ദിയോടെയല്ലാതെ ഓര്‍ക്കുക സാദ്ധ്യമല്ല. തീര്‍ച്ചയായും ഒരു നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കതയും നന്മയും നിറഞ്ഞിരുന്ന പ്രിയമനുഷ്യര്‍.
അവര്‍ നല്ല തികവോടെ ജീവിച്ച്, ആയുസ്സിന്റെ അങ്ങേയറ്റത്തെത്തി ഈ ലോകത്തില്‍നിന്നും മാറ്റപ്പെട്ടു. ഭൂരിപക്ഷം പേരുടെയും അന്ത്യം ഇങ്ങിനെയായിരുന്നു. അസുഖം കൂടിയെന്ന ഒരു വാര്‍ത്ത കേള്‍ക്കും, ദൂരെ മലബാറിലേയ്ക്കൊക്കെ വാര്‍ത്തയുമായി ബന്ധുക്കളാരെങ്കിലും പോകും, പിറ്റെദിവസം തന്നെ ദൂരെയുള്ള ബന്ധുക്കളും അകലെ കെട്ടിച്ചുവിട്ട പെണ്മക്കളുമൊക്കെയെത്തും. രണ്ടോ മൂന്നോ ദിവസം, അതിനുള്ളില്‍ അദ്ദേഹം ഇഹലോകവാസം വെടിയും. പിന്നെ അതിന്റെ അടിയന്തിരം തങ്ങളാല്‍ കഴിയുന്നതുപോലെ വീട്ടുകാര്‍ നടത്തും.
ദീര്‍ഘകാലം രോഗിയായി കിടന്നും ദുരിതമനുഭവിച്ചും എല്ലാവരുടെയും ശാപവും കുത്തുവാക്കുകളുമൊക്കെ കേട്ട മനം നൊന്ത് മരിക്കുന്നവരും ഇല്ലയെന്നല്ല, പക്ഷെ അത് വളരെ അപൂര്‍വമായിരുന്നു. 
എന്നാല്‍ ഭൂരിപക്ഷം വലിയപ്പച്ചന്മാരും മുത്തശ്ശിമാരും എല്ലാവരുടെയും സ്നേഹവും ശുശ്രൂഷയുമൊക്കെ അനുഭവിച്ച് മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയുമൊക്കെ കണ്ട്  നാട്ടുകാരുടെ പോലും സ്വാന്തനങ്ങള്‍ കേട്ടാണ് ജീവകാലത്തിന്റെ അവസാന അങ്കം തീര്‍ത്ത് രംഗം ഒഴിഞ്ഞിരുന്നത്.
അത് ഒരു തലമുറയുടെ ഭാഗ്യമായിരുന്നു. ഒരു ദേശത്തിന്റെ സാഫല്യമായിരുന്നു. ഇന്നും അത്തരം വയോവൃദ്ധരുടെ  മുഖങ്ങളും അവരുടെ ജീവിതഗാഥകളുമൊക്കെ ഓര്‍മ്മയിലുള്ള ഒരു മനുഷ്യനാണ് ഞാനും.
ഈ കാലത്ത് കേള്‍ക്കുന്ന വാര്‍ത്തകളൊന്നും മുമ്പ് കേട്ടിട്ടില്ല. ദൃശ്യങ്ങള്‍ കണ്ടിട്ടുമില്ല. വയോജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നു. എഴുപതും എണ്‍പതും അതിലേറെയും വര്‍ഷങ്ങള്‍ ഈ ലോകത്തോടും ഇതിന്റെ എല്ലാവിധ പോരാട്ടങ്ങളോടും ജയത്തോടെ എതിര്‍ത്തുനിന്ന, അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള ചിലര്‍ പോലും ആത്മഹത്യയില്‍ അഭയം തേടുന്നു. അതില്‍ ദരിദ്രരുണ്ട്, സമ്പന്നരുണ്ട്, വിദ്യാഹീനരുണ്ട്, പണ്ഡിതരുണ്ട്.
പല ദിവസങ്ങളിലെ പത്രചരമക്കോളങ്ങള്‍ ശ്രദ്ധിച്ചാലറിയാം അനേക വൃദ്ധര്‍ ഒരു മുഴം കയറിലോ ഒരു തുടം വിഷത്തിലോ ജീവിതം അവസാനിപ്പിക്കുന്നു. ഇത്രയൊക്കെ തുഴഞ്ഞ് ഈ ജീവിതസാഗരം കടന്ന് ഇവിടെവരെയെത്തിയവര്‍ ഇനി വയ്യ എന്ന് സമ്മതിച്ച് കീഴടങ്ങുന്നതെന്തുകൊണ്ട്? 
ഒരു തുള്ളി സ്നേഹം തക്കസമയത്ത് പകര്‍ന്നുകൊടുക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ മനുഷ്യര്‍ മരണത്തെ സ്വയം വരിക്കുമായിരുന്നുവോ?
അനിവാര്യസാഹചര്യങ്ങളില്‍ ഭക്ഷണത്തിന്റെയും മരുന്നിന്റെയും ട്യൂബ് ഊരിമാറ്റി ദയയോടെ കൊന്നുകൊള്ളാന്‍ സുപ്രീം കോര്‍ട്ട് അനുവദിച്ചിട്ടുണ്ടല്ലോ. നമ്മള്‍ ഈ പാവങ്ങള്‍ക്ക് സ്നേഹം പകര്‍ന്ന് കൊടുക്കുന്ന ട്യൂബുകള്‍ ഊരി മാറ്റുകയാണ്. അതുകൊണ്ടാണ് ഇവര്‍ സര്‍വായുധങ്ങളും വച്ച് കീഴടങ്ങുന്നത്. 
കമ്പോഡിയയില്‍ പോള്‍പോട്ട് എന്നയാള്‍ അധികാരത്തിലിരുന്ന സമയത്ത് കലാകാരന്മാരും സര്‍ഗശേഷിയുള്ളവരുമൊന്നും നാടിനാവശ്യമില്ലയെന്ന് പറഞ്ഞ് കൂട്ടക്കുരുതി നടത്തിയിരുന്നു, അതോടൊപ്പം തന്നെ വയസ്സായവരെക്കൊണ്ട് ഒരു പ്രയോജനവുമില്ല, പ്രൊഡക്റ്റീവ അല്ല, ചെലവു മാത്രമേ വരൂ എന്ന് പറഞ്ഞ വൃദ്ധരെയെല്ലാം വകവരുത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ഇന്നത്തെ മലയാളി സമൂഹവും തങ്ങളുടെ ധൃതിയേറിയ ഓട്ടത്തിനിടയില്‍ മുന്‍ നാളുകളില്‍ തങ്ങള്‍ക്ക് ആശയും ആശ്രയവും പ്രകാശവും പകര്‍ന്ന് തന്നിരുന്ന ഒരു തലമുറയെ അപ്രയോജനജന്മങ്ങള്‍ എന്ന് മുദ്രകുത്തി ദയാവധം വിധിക്കുകയാണ്. നിങ്ങള്‍ ഇതിന് പകരം അനുഭവിച്ചേ മതിയാവൂ. നിങ്ങള്‍ വിതച്ചത് നിങ്ങള്‍ കൊയ്യുക തന്നെ ചെയ്യും. 
“വാഴയ്ക്ക് നനയ്ക്കുമ്പോള്‍ ചേനയ്ക്കും ചെല്ലും” എന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്. എന്റെ പ്രിയ വായനക്കാരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ആര്‍ദ്രമാണ്. നിങ്ങളില്‍ നന്മയുണ്ട്. നിങ്ങളുടെ ഓരോ പോസ്റ്റുകളും വായിക്കുമ്പോള്‍ മാനുഷികതയുടെയും ചിലപ്പോള്‍ ദൈവികതയുടെയും മാനങ്ങള്‍ ഞാന്‍ കാണുന്നു. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കള്‍ ഭാഗ്യമുള്ളവര്‍. അവര്‍ക്ക് നിങ്ങളുടെ സ്നേഹവും കരുതലും ലഭിക്കുന്നു. എന്നാല്‍ അത്രത്തോളം ഭാഗ്യമില്ലാത്ത ചില ജന്മങ്ങള്‍, സ്നേഹദാരിദ്യമനുഭവിക്കുന്നവര്‍ നിങ്ങളുറ്റെ ചുറ്റിലും കണ്ടേക്കാം. ഒരല്പം സ്നേഹം, ഒരിറ്റ് കരുണ അതു മതിയാവും ആ മനസ്സുകളില്‍ ഒരു പുതിയ ബലം തളിര്‍ക്കുവാന്‍. ഒരു പുഞ്ചിരി പോലും ചാരിറ്റി ആയിത്തീരുന്ന സമയങ്ങളുണ്ട്. അതുകൊണ്ട് നിര്‍ലോപം സ്നേഹം പകരുക. ചിലപ്പോള്‍ ഒരുമുഴം കയര്‍ ഒരുക്കി വച്ചിരിക്കുന്ന ഒരു മുത്തച്ഛനെയാവും നാം വാക്കും ശബ്ദവുമില്ലാതെ പിടിച്ചിറക്കുന്നത്.



ഇനിയും ഏറെ പറയുവാനുണ്ടെങ്കിലും
ഒരു ചിന്തയ്ക്ക് വിത്തിട്ട്  ഞാന്‍
വിട ചോദിക്കുന്നു

അടുത്ത പോസ്റ്റില്‍ കാണുംവരെ
സ്വന്തം അജിത്ത്.

Thursday, March 17, 2011

പൂര്‍ണ്ണിമ- ഫോളോ അപ് പോസ്റ്റ് - 3



പൂര്‍ണ്ണിമ എന്ന കുട്ടിയുടെ  നിര്‍ഭാഗ്യാനുഭവത്തെപ്പറ്റി മുമ്പ് രണ്ട് പോസ്റ്റുകളിലൂടെ പ്രിയ കൂട്ടുകാര്‍ വായിച്ചറിഞ്ഞിരുന്നുവല്ലോ. ഇനി പ്രത്യക്ഷമായ എന്തെങ്കിലും ഒരു മാറ്റം വരുന്നുവെങ്കില്‍ മാത്രം ഫോളോ അപ് പോസ്റ്റ് ചെയ്യാമെന്ന് ഓര്‍ത്തിരിക്കയായിരുന്നു. അപ്പോഴാണ്  നിസാമോള്‍ക്ക് വേണ്ടി സാബു കൊട്ടോട്ടി ചെയ്യുന്ന എളിയ ശ്രമങ്ങളെപ്പറ്റി വായിക്കുന്നത്. നന്മയുടെ ഉറവ വറ്റാത്ത മനുഷ്യര്‍ ലോകത്തെമ്പാടുമുണ്ടെന്ന്  ഒരു ചെറു തെളിവുമായി ഈ പത്രക്കട്ടിംഗ്  പബ്ലിഷ്  ചെയ്യുന്നത് ഉചിതമെന്ന് തോന്നിയതിനാല്‍ എല്ലാവര്‍ക്കും ഒരു പ്രചോദനത്തിനായി....

സ്നേഹത്തോടെ

സ്വന്തം

അജിത്ത്.

Thursday, March 10, 2011

ന ശ്രുയതേ ന ദൃശ്യതേ...


ഓഫീസിന്റെ പുറകില്‍ സ്കാഫോള്‍ഡിങ് മെറ്റീരിയല്‍ സൂക്ഷിക്കാന്‍ ഒരു ചുറ്റുമതില്‍ പണിയുന്നത് അല്പനേരം നോക്കിനിന്നു. പലപ്രാവശ്യം ഈവക പണികള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മേസ്തിരിജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരന്‍ ഓരോ ഇഷ്ടികയെടുത്ത് വയ്ക്കുമ്പോഴും തന്റെ തൂക്കുകട്ട വച്ച് അതിന്റെ ലെവല്‍ നോക്കിയാണ് ഉറപ്പിക്കുന്നത്. ഒരു ഇഷ്ടിക എടുത്ത് വയ്ക്കും, തൂക്കുകട്ട പിടിക്കും, ഒരു തട്ട്, ഒരു മുട്ട്, തൃപ്തി ആയാല്‍ മാത്രം അടുത്ത ഇഷ്ടിക.
         തനിയാവര്‍ത്തനം പോലെ ഈ പ്രക്രിയ തുടരുന്നു. മനുഷ്യരുടെ സാധാരണ കുറുക്കുവഴിപോലെ രണ്ടുമൂന്ന് കട്ട വച്ചിട്ട് ലെവല്‍ നോക്കിയാല്‍ പോരേ എന്ന് ഞാന്‍ ആലോചിച്ചു.  വലിയൊരു പാഠം ഇവിടെ പഠിക്കുവാനുണ്ട്. നമ്മുടെ ജീവിതവും ഒരു നിര്‍മ്മാണപ്രക്രിയ ആണ്. ഓരോ ദിവസവും നാം പണിയുകയാണ്. തൂക്കുകട്ടകൊണ്ട് ശോധനചെയ്ത് വക്രതയും കോട്ടവും തീര്‍ത്ത് പണിയുന്നെങ്കില്‍ നമ്മുടെ നിര്‍മ്മാണം നേരെ നില്‍ക്കും. ചരിഞ്ഞിരിക്കുന്ന ഒരു ഭിത്തിയുടെ ചുവട്ടില്‍ ആരും നില്‍ക്കുമാറില്ല. അതിന്റെ മേല്‍ ആരും ഒരു മേല്‍ക്കൂര ഉറപ്പിക്കയുമില്ല. കേവലം ഒരു ചുവരിന്റെ കാര്യത്തില്‍ ഇത്ര ശ്രദ്ധയുള്ള മനുഷ്യര്‍ സ്വജീവിതത്തിന്റെ കാര്യത്തില്‍ എത്രമേല്‍ ശ്രദ്ധയുള്ളവരായിരിക്കണം? പക്ഷെ നേര്‍വിപരീതമാണ്  കണ്ടുവരുന്നത്. ഇത്തിരി വളഞ്ഞാലും കുഴപ്പമില്ല എന്നൊരു ചിന്ത സമൂഹത്തില്‍ വേരോടിയിട്ടുണ്ട്. അതില്‍ അല്പം മനസ്സാക്ഷിക്കുത്തുള്ളവര്‍ പോലും “പിന്നെ ശരിയാക്കാം” എന്ന് ഒഴിവുകഴിവ് പറയുകയും ചെയ്യും. എന്നാല്‍ പിന്നെ ശരിയാക്കല്‍ നടക്കുന്ന കാര്യമല്ല. നാളെ ചെയ്യാനുള്ളത് ഇന്നേ ചെയ്യുക, ഇന്ന് ചെയ്യാനുള്ളത് ഇപ്പോഴേ ചെയ്യുക എന്നത് സ്വജീവിതത്തിന്റെ സംശുദ്ധി വര്‍ദ്ധിപ്പിക്കുന്ന വിഷയത്തില്‍ ഒരു നടമുറക്രമമാക്കുകയാണെങ്കില്‍ അവനവന്റെയും അവനോട് സംസര്‍ഗം ചെയ്യുന്നവന്റെയും ജീവിതം ഉത്കൃഷ്ടമാകുമല്ലോ.
           മനുഷ്യര്‍ സ്വസ്നേഹികളായിത്തീരുന്നതാണ് ഒരു സമൂഹത്തെ ബാധിക്കവുന്ന ഏറ്റവും വലിയ ജീര്‍ണ്ണത എന്ന് തോന്നുന്നു. മറ്റ് ദുഃസ്വഭാവങ്ങളൊക്കെ സ്വാര്‍ത്ഥതയെന്ന ചീഞ്ഞ തായ് വേരില്‍ നിന്ന് ഭൂമിയുടെ പുറത്തേയ്ക്ക് കാണപ്പെടുന്ന ഫലങ്ങളാണ്. പല സമയങ്ങളിലും നാം ദുഷ്ഫലത്തെയാണ് കാണുന്നതും വിമര്‍ശിക്കുന്നതുമെല്ലാം. എന്നാല്‍ തായ്‌വേരിനല്ലേ കോടാലി വയ്കേണ്ടത്?
          മുപ്പത് വര്‍ഷമായി ഞാന്‍ കേരളത്തിലെ സ്ഥിരതാമസം വിട്ടിട്ട്. ഇപ്പോള്‍ ആകെയുള്ള ബന്ധം ദൈനംദിനമുള്ള പത്രവായനയും മറ്റു വാര്‍ത്തകളും വര്‍ഷത്തിലെ ഒരു മാസ അവധിയില്‍ കാണുന്ന കാഴ്ച്ചകളുമാണ്. എന്നാല്‍ ഇന്ന് കേള്‍ക്കുന്ന പല സംഭവങ്ങളും മുമ്പ് കേട്ടിട്ടില്ല, ഇന്ന് കാണുന്ന പല കാഴ്ച്ചകളും മുമ്പ് കണ്ടിട്ടില്ല.
          ഒരു പരിഷ്കൃതസമൂഹത്തില്‍ ഒരിക്കലും കാണരുതാത്ത, കേള്‍ക്കരുതാത്ത ദുഷ് ചെയ്തികളാണ് ദൈനംദിനം പത്രങ്ങളില്‍ അടിച്ച് വരുന്നത്. വായിച്ചാല്‍ ഹൃദയം നുറുങ്ങുന്ന ദുഃഖവാര്‍ത്തകള്‍. രക്തം തിളയ്ക്കുന്ന അധര്‍മ്മവാര്‍ത്തകള്‍, രോഷം തോന്നുന്ന  കുറ്റകൃത്യങ്ങള്‍, നൂറ് രൂപ മുതല്‍ അനേകകോടി വരെയെത്തുന്ന അഴിമതിക്കഥകള്‍.
           ഈയിടെ പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത കണ്ട് കുറെ സമയത്തേയ്ക്ക് തരിച്ചിരുന്നുപോയി. അല്പമെങ്കിലും കരളലിവുള്ളവര്‍ ഈ വാര്‍ത്ത വായിച്ചാല്‍ അവരുടെ എല്ലാവരുടെയും അനുഭവം ഇതുതന്നെയായിരിക്കും എന്നത് നിശ്ചയം. പലവിധതിരക്കുകള്‍ക്കിടയില്‍ വാര്‍ത്ത ശ്രദ്ധിക്കാതെ പോയവര്‍ ഇതൊന്ന് വായിച്ചു നോക്കുക.
         പ്രാണവേദനയോടെ ഒരിറ്റ് വെള്ളം ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ആരുമില്ലാതെ പോയത്രെ. ഒരു നാടകം കാണുന്ന ലാഘവത്തോടെ എല്ലാവരും നോക്കിനിന്നു. ഇത് കേരളത്തിലാണോ നടക്കുന്നത്? എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഒരു കാക്കയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ മറ്റ് കാക്കകളൊക്കെ കരഞ്ഞുകൊണ്ട് കൂട്ടം കൂടുന്നത് നാം കാണുന്നുണ്ട്. ഒരു വിശേഷബുദ്ധിയുമില്ലാത്ത ഉറുമ്പുകള്‍ പോലും ഒന്നിന് അപകടം പറ്റിയാല്‍ മറ്റുറുമ്പുകളൊക്കെ ഒരു നിമിഷം മൌനത്തോടെ പ്രാര്‍ത്ഥിക്കുന്നത് കാണാം. ആ അല്‍പ്പപ്രാണികള്‍ക്കുള്ള മനസ്സലിവ് പോലും മനുഷ്യര്‍ക്കില്ലാതെ പോകുന്നത് കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ തൂക്കുകട്ട നോക്കി കോട്ടവും വളവും വക്രതയും തീര്‍ക്കാത്തതുകൊണ്ടല്ലേ?  ഇപ്പോള്‍ ഇങ്ങനെ ഈ ദയാരാഹിത്യം കാണിക്കുന്നവരൊക്കെ ഒരു കാലത്ത് ശിശുവായും ബാലനായും യുവാവായും മദ്ധ്യവയസ്കനായും ആണിവിടെ വരെയെത്തിയത്. കതിരിന്മേല്‍ ഇനി വളം വച്ചിട്ട് കാര്യമില്ല. ഇനിയും വളര്‍ന്ന് വരുന്നുണ്ടല്ലോ നമ്മുടെ കുട്ടികള്‍. അവരെ നമുക്ക് കാരുണ്യത്തിന്റെയും ദയയുടെയും പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് വളര്‍ത്താം. അല്ലെങ്കില്‍ ഇനി വരുന്ന കാലങ്ങള്‍ ഇത്ര പോലും നന്മയുള്ളതായിരിക്കില്ല. ഓരോ നിലവിളിയും നമ്മോട് പറയുന്നത്  ഇതു തന്നെയാണ്.

Saturday, February 26, 2011

ദൂരെ നിന്ന് അനേകകരങ്ങള്‍

പൂര്‍ണിമ  എന്ന നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടിയുടെ  അനുഭവം വായിച്ച് പല പ്രിയപ്പെട്ടവരും മെയില്‍ അയക്കയും അനേകതരത്തിലുള്ള സഹായവാഗ്ദാനങ്ങള്‍ അറിയിക്കയും ചെയ്തു. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി. ഇന്നലെ ശ്രീ.ഷാഹുദീന്‍ മാസ്റ്ററുമായി ടെലിഫോണില്‍ ആ കുട്ടിയുടെ ഇപ്പോഴത്തെ നില എന്തെന്ന് അന്വേഷിച്ചു. കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ ആണ്. പേസ് മേക്കര്‍ വാങ്ങിയിട്ടില്ല ഇതുവരെ. കഴുത്തിനു താഴേയ്ക്ക് ഒരുവിധ ചലനങ്ങളുമില്ലാതെ ശേഷജീവിതകാലം - ഒരു മിറക്കിള്‍ സംഭവിച്ചില്ലെങ്കില്‍ - അങ്ങിനെയാണ്  മാസ്റ്റര്‍ പറഞ്ഞത്. സംസാരിച്ച് ഫോണ്‍ വച്ച ഉടനെ എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് “ഒരു നുറുങ്ങ്  ഹാരൂണ്‍ സാഹിബി”ന്റെ മുഖമാണ്.  പ്രത്യാശയും സമാധാനവും പകരുന്ന സംഭാഷണത്തിലൂടെ പലരെയും ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരുവാന്‍ തക്കവണ്ണം തന്റെ മനസ്സും സ്നേഹവും അര്‍പ്പിച്ച പ്രിയസുഹൃത്ത്.  പക്ഷെ അദ്ദേഹം ഹൃദയസംബന്ധമായ ഒരു ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണല്ലൊ. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി പിന്നെ പറയുന്നതാണ് ഉചിതമെന്ന് തോന്നുന്നു.
ഷാഹുദീന്‍ മാസ്റ്റര്‍ പറഞ്ഞ ഒരു കാര്യം എന്നെ വളരെ ചിന്തിപ്പിച്ചു. “നമുക്കൊക്കെ എന്തു ചെയ്യാനാവും? ഇങ്ങിനെ ചില സഹായങ്ങള്‍ ചെയ്കയെന്നതല്ലാതെ?” ഇനി ആ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ തന്റെ ഉപജീവനമാര്‍ഗം ഉപേക്ഷിച്ച് ആ കുട്ടിയുടെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ ഇരിക്കേണം. നമുക്ക് ചിന്തിക്കാവുന്നതേയുള്ളു കാര്യങ്ങളൊക്കെ. ഫണ്ട് വലിയ പ്രയാസമില്ലാതെ വരുന്നു എന്നും ആയിരത്തിലധികം ഫോണ്‍ കോളുകള്‍ സാറിനു വന്നുവെന്നും അറിയിച്ചു. അതില്‍ പ്രത്യേകം ഓര്‍ത്തിരിക്കുന്ന ഒരു പേര്‍ സാര്‍ പറയുകയുണ്ടായി. നമുക്ക് പലര്‍ക്കുമറിയാം അദ്ദേഹത്തെ. വി.പി. ഗംഗാധരന്‍, സിഡ് നി 
കാണാമറയത്തുനിന്ന് കരുണയുടെയും സഹാനുഭൂതിയുടെയും രണ്ടായിരം കരങ്ങള്‍. ആരു പറഞ്ഞു മനുഷ്യത്വം മരിച്ചുപോയെന്ന്? ആരു പറഞ്ഞു ലോകം സ്വാര്‍ത്ഥരുടേത് മാത്രമാണെന്ന്? ആരാണ് പറയുന്നത് ഈ ലോകത്ത് നല്ലവരില്ലയെന്ന്? 


എല്ലാവര്‍ക്കും നന്മ ആശംസിച്ചുകൊണ്ട്.....
ഷാഹുദീന്‍ മാസ്റ്റര്‍ പറഞ്ഞതുപോലെ മിറക്കിളുകള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്.....
ഒത്തിരിയൊത്തിരി സ്നേഹത്തോടെ.....

സ്വന്തം,
അജിത്ത്.

Thursday, February 17, 2011

ടൈം ഈസ് മണി

ടൈം ഈസ് മണി
എന്നും അയാളുടെ ആപ്തവാക്യം അതായിരുന്നു
നഗരത്തിലെ ഏറ്റവും വിജയിയായ ബിസിനസ് കാരനായത് വെറുതെയല്ലല്ലോ
വളരെ കൃത്യതയോടെയും കണിശത്തോടെയും ആയിരുന്നു അയാളുടെ ഓരോ നീക്കവും
അണുവിട തെറ്റാതെ എല്ലാം നടക്കണമെന്നത് ദുഃശ്ശാഠ്യം കലര്‍ന്ന ഒരു തരം വാശിയായിരുന്നു അയാള്‍ക്ക്  

കുടുംബത്തിന് പോലും അയാള്‍ ക്ലിപ്തമായ സമയം ഒതുക്കി 

ഭാര്യയുടെ പരിദേവനങ്ങളും പരിഭവങ്ങളുമൊന്നും അയാളെ തെല്ലും ഏശിയില്ല 

ഒരേയൊരു മകളുടെ കൊഞ്ചിച്ചിണുങ്ങലിനും അയാളുടെ സമയനിഷ്ഠയില്‍ മാറ്റമൊന്നും വരുത്താന്‍ കഴിഞ്ഞില്ല 

എങ്ങനെ സമയം ലാഭിക്കാമെന്നതായിരുന്നു അയാളുടെ ഏറ്റവും പ്രിയപ്പെട്ട ഗവേഷണവിഷയം മിനിട്ടുകളേയും സെക്കന്റുകളേയും മിച്ചം പിടിച്ച് പണമാക്കിമാറ്റുക 

അയാളുടെ ഓഫീസ് നാലാം നിലയിലായിരുന്നു 

ലിഫ്റ്റില്ലാത്ത ആ ഓഫീസില്‍ പടികള്‍ കയറിയും ഇറങ്ങിയും എത്ര സമയമാണ് നഷ്ടം 

വളരെ തിരഞ്ഞതിനു ശേഷം വീടിനടുത്തുതന്നെ ലിഫ്റ്റുള്ള ഒരു ഓഫീസ് അയാള്‍ക്ക് ലഭിച്ചു 

സെക്കന്റുകള്‍ക്കുള്ളില്‍ ഓഫീസില്‍ വരാനും പോകാനും കഴിയുന്നതോര്‍ത്ത് ഒരു വിജീഗിഷുവിനെപ്പോലെ അയാള്‍ ചിരിച്ചു 

എന്നാല്‍ അതിന്റെ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല 

ലിഫ്റ്റിനു പോലും ചിലപ്പോള്‍ നിമിഷങ്ങള്‍ താമസം അയാള്‍ തലപുകഞ്ഞാലോചിച്ചു 


അത്യാവശമായി ഒരു കക്ഷിയെ കാണാന്‍ അയാള്‍ ധൃതിയില്‍ എഴുന്നേറ്റ് ഓഫീസിനു പുറത്തിറങ്ങി 

“നാശം പിടിച്ച ലിഫ്റ്റ്” 

അയാള്‍ കോപത്തോടെ മുരണ്ടു 

“ഒരത്യാവശ്യം വന്നാല്‍ കാണുകയില്ല” 

അയാള്‍ അക്ഷമയോടെ ചുവടുകള്‍ വച്ചു ജനലഴികളില്‍ പിടിച്ചുകൊണ്ട് താഴേയ്ക്ക് നോക്കി 

പെട്ടെന്ന് അയാളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി 

താഴെ പാര്‍ക്കിംഗ് ലോട്ടില്‍ തന്റെ പ്രിയപ്പെട്ട കാര്‍ ഉച്ചവെയിലേറ്റ് ആലസ്യത്തോടെ മയങ്ങുന്നു 

വലയ്ക്കുന്ന ഒരു പ്രശ്നത്തിനു ശാശ്വതപരിഹാരം കണ്ടതുപോലെ പിന്നെയുള്ള അയാളുടെ ചലനങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു 

അയാള്‍ ബാല്‍ക്കണിയുടെ കൈവരിയിലേയ്ക്ക് കയറി 

നാലുനിലകള്‍ക്ക് താഴെ തന്റെ കാര്‍ എത്രയും വേഗം വേണ്ടിടത്ത് തന്നെയെത്തിക്കുന്ന തന്റെ പ്രിയവാഹനം കാത്തുകിടക്കുന്നു 

എത്രയും വേഗം
എത്രയും വേഗം 
അയാള്‍ കൈകള്‍ വിരിച്ച് താഴേയ്ക്ക് കുതിച്ചു